കാനഡയിലെ “മലിനരക്ത” അന്വേഷണം
കാനഡയിലെ ഉണരുക! ലേഖകൻ
കാനഡയിൽ മലിനരക്തത്തിന് ഇരയായി എയ്ഡ്സുമൂലം മരണമടഞ്ഞുകൊണ്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കയാണ്. എന്തുകൊണ്ടാണീ വർധനവ്? 1980-കളിൽ “മലിനരക്ത”ത്തിൽനിന്നും രക്തോത്പന്നങ്ങളിൽനിന്നും ആയിരത്തിലധികം കാനഡക്കാർക്ക് എയ്ഡ്സ് വൈറസ് ബാധിച്ചു. അസ്വസ്ഥമാക്കുന്ന ഈ വസ്തുതകൾ കാനഡയിലെ രക്തവിതരണ സംവിധാനത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു കമ്മീഷൻ സ്ഥാപിക്കാൻ ഫെഡറൽ ഗവൺമെൻറിനെ പ്രേരിപ്പിച്ചു. കാനഡയിലെ രക്തവിതരണ സംവിധാനത്തിന്റെ സുരക്ഷിതത്വം ഒരു പൊതു അന്വേഷണം നിർണയിക്കുന്നു.
രാജ്യത്തെ അത്യാദരണീയരായ മുതിർന്ന ജഡ്ജിമാരിൽ ഒരാളെയാണ് അന്വേഷണ കമ്മീഷണറായി നിയമിച്ചത്. ഈ കമ്മീഷൻ കാനഡയിലുടനീളം വിചാരണകൾ നടത്തുന്നു. 1994 ഫെബ്രുവരി 14-ന് ടൊറൊന്റോയിലാണ് വിചാരണകൾ ആരംഭിച്ചത്. ഒൺടേറിയോ അപ്പീൽ കോടതിയിലെ ബഹുമാന്യനായ ശ്രീമാൻ ജഡ്ജി ഹൊറസ് ക്രീവർ നിശ്ചിതസമയത്ത് തന്റെ കണ്ടുപിടിത്തങ്ങൾ റിപ്പോർട്ടു ചെയ്യാനും മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ശുപാർശ ചെയ്യാനുമായി നിയോഗിക്കപ്പെട്ടു.
മലിനരക്തത്തിൽനിന്നുള്ള എയ്ഡ്സു ബാധയാൽ പുത്രൻ മരണമടഞ്ഞ ഒരു ദുഃഖാർത്തയായ മാതാവ് ജഡ്ജിയോട് ഇപ്രകാരം അപേക്ഷിച്ചു: “അവർ എന്റെ മകനെ കൊന്നു. എനിക്കാകെ കിട്ടിയ നഷ്ടപരിഹാരം ഈ അന്വേഷണമാണ്. ദയവായി ഇതു കാര്യമായെടുക്കുക.” രക്തപ്പകർച്ചയോടു ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിന് അവശ്യ നടപടികൾ എടുക്കാൻ തക്കവണ്ണം ഒരു സമ്പൂർണ പരിശോധന നടന്നു കാണാൻ അവൾ ആകാംക്ഷയുള്ളവളായിരുന്നു. മലിനരക്തം നിമിത്തം മകൻ മരിച്ചുപോയ ഒരേ ഒരു മാതാവ് അവർ മാത്രമല്ലായിരുന്നു. അനേകം കാനഡക്കാരുടെ ജീവിതങ്ങളെ പിച്ചിച്ചീന്തിയ ഈ ദുരന്തത്തെ സംബന്ധിച്ചുള്ള ഹൃദയഭേദ്യമായ സാക്ഷ്യം കമ്മീഷൻ കേൾക്കുകയുണ്ടായി.
ടൊറൊന്റോയിലെ ഗ്ലോബ് ആൻഡ് മെയിലിന്റെ തലക്കെട്ടുകൾ ഇപ്രകാരം റിപ്പോർട്ടു ചെയ്യുകയുണ്ടായി: “രക്ത ഭീതിയെപ്പറ്റി അതിന്റെ ഇരകൾ സംസാരിക്കവേ കോപവും കണ്ണീരും”; “രക്ത അന്വേഷണ വിഭാഗം ഭീതിദമായ സാക്ഷ്യം കേൾക്കുന്നു”; “മെഡിക്കൽ ഡോക്ടർമാരുടെ അവഗണന സസൂക്ഷ്മം വിവരിക്കപ്പെടുന്നു”; “എയ്ഡ്സിനുള്ള സാധ്യത നിസ്സാരമാണെന്ന് അധികാരികൾ വിധിച്ചെന്ന് രക്ഷ പരിശോധനാ വിഭാഗം പറഞ്ഞു.”
അപകടസാധ്യതകളെക്കുറിച്ചു തങ്ങൾക്കു മുന്നറിയിപ്പു നൽകിയില്ലെന്ന് രക്തം വഴി എച്ച്ഐവി പിടിപെട്ടവർ പറഞ്ഞു. പല കേസുകളിലും തങ്ങളെ എയ്ഡ്സ് വൈറസ് ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കുന്നതുവരെ രക്തപ്പകർച്ചകൾ നടത്തിയകാര്യം അവർ അറിഞ്ഞിരുന്നില്ല.
മൂന്നു വയസ്സുള്ളപ്പോൾ നടത്തിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയുടെ സമയത്തെ ഒരു രക്തപ്പകർച്ചയിൽനിന്നാണ് എയ്ഡ്സു രോഗിയായ ഒരു കൗമാരപ്രായക്കാരനെ എച്ച്ഐവി ബാധിച്ചത്. ചെറിയ തോതിൽ ഹീമോഫീലിയ ഉണ്ടായിരുന്ന ഒരു എച്ച്ഐവി ബാധിതനായ മനുഷ്യൻ 1984-നു മുമ്പാണ് രക്തോത്പന്നങ്ങൾ ഉപയോഗിച്ചത്. അന്ന് അദ്ദേഹം ഹോക്കി കളിക്കാരനായിരുന്നു. അപകടസാധ്യതകൾ അറിയാമായിരുന്നെങ്കിൽ അദ്ദേഹം തന്റെ ജീവിതരീതിക്കു മാറ്റംവരുത്തുമായിരുന്നു. 1985-ൽ ഒരു മാതാവിന് എച്ച്ഐവി ബാധിത രക്തം നൽകപ്പെട്ടു. ഇപ്പോൾ അവളും ഭർത്താവും അവരുടെ നാലു വയസ്സുള്ള മകളും രോഗബാധിതരാണ്.
വെറും ഒന്നോ രണ്ടോ യൂണിറ്റ് രക്തത്തിൽനിന്നും രോഗബാധയുണ്ടായ ആളുകളുടെ ഹൃദയഭേദ്യമായ വിവരണങ്ങളുണ്ട്. “കവിളിലെ നിറം അൽപ്പം കൂട്ടാൻ വേണ്ടി മാത്രം” എന്ന് തന്റെ ഭർത്താവിന് എച്ച്ഐവി രോഗബാധയുണ്ടാക്കിയ രക്തപ്പകർച്ചയെക്കുറിച്ച് ഒരു സ്ത്രീ അമർഷത്തോടെ പറഞ്ഞു. ഇപ്പോൾ അവൾക്കുമുണ്ട് വൈറസ്.
കൂടുതൽ സാക്ഷികൾ സാക്ഷ്യപ്പെടുത്തിയതനുസരിച്ച്, ശ്രദ്ധ വലിയ അളവിലുള്ള മറ്റൊരു ദുരന്തത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്—രക്തത്തിൽനിന്നുള്ള ഹെപ്പറ്റൈറ്റിസ്. ഗ്ലോബ് ആൻഡ് മെയിൽ പറയുന്നതനുസരിച്ച് “ഹെപ്പറ്റൈറ്റിസ് സി മൂലം ഒരു വർഷം 1,000 കാനഡക്കാർ മരിക്കുന്നതായി” കണക്കാക്കപ്പെടുന്നു. “അവരിൽ പകുതിയോളം പേർക്ക് രോഗം പകർന്നതു രക്തപ്പകർച്ചകൾ വഴിയായിരിക്കാം” എന്ന് ആ പത്രം കൂട്ടിച്ചേർക്കുന്നു.
1961-ൽ മുതുകുശസ്ത്രക്രിയ നടത്തിയപ്പോൾ ഒരു രക്തപ്പകർച്ചയിൽനിന്നു തനിക്ക് ഹെപ്പറ്റൈറ്റിസ് സി പിടിപെട്ട വിധം ഒരു മനുഷ്യൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം ഒരു സ്ഥിര രക്തദാതാവായി. കരൾവീക്കം (cirrhosis) തന്നെ ബാധിച്ചിരിക്കുന്നതായി 1993-ൽ അദ്ദേഹം കണ്ടുപിടിച്ചു. “എനിക്ക് ഈ രോഗമുണ്ടെന്ന് അറിയാൻപാടില്ലാതിരുന്ന വർഷങ്ങളിലെല്ലാം ഞാൻ ദാനംചെയ്ത രക്തം സ്വീകരിച്ചവരെ സംബന്ധിച്ചെന്ത്?” അയാൾ അന്വേഷണ വിഭാഗത്തോടു ചോദിച്ചു.
മലിനരക്തത്തിൽനിന്നുണ്ടാകുന്ന എച്ച്ഐവിയാലും മറ്റു ദുരന്തങ്ങളാലും ജീവിതങ്ങൾ തകർക്കപ്പെട്ട നൂറിലധികം കാനഡക്കാർക്ക് ജഡ്ജി ക്രീവർ ശ്രദ്ധാപൂർവം ചെവികൊടുത്തു. രോഗസംക്രമണത്തിൽനിന്നും മറ്റ് അപകടങ്ങളിൽനിന്നും പൂർണമായും സുരക്ഷിതമായി രക്തവിതരണം നടത്തുക അസാധ്യമാണെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. രക്തവുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടസാധ്യതകളും അതിന്റെ ദുരുപയോഗവും അവർ സമ്മതിച്ചുപറഞ്ഞിരിക്കുന്നു. “രക്തപ്പകർച്ച നടത്തേണ്ടിവരുന്നെങ്കിൽ അതിന്റെ അർഥം നിങ്ങൾ ഒന്നുകിൽ രോഗനിർണയത്തിൽ അല്ലെങ്കിൽ ചികിത്സയിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ്” എന്ന് പ്രസംഗങ്ങളിൽ പറഞ്ഞുകൊണ്ട് താൻ പ്രശ്നത്തിലേക്കു ശ്രദ്ധതിരിക്കുന്നുവെന്ന് ഒരു പ്രവിശ്യാ രക്തപ്പകർച്ചാ സേവന വിഭാഗത്തിലെ മെഡിക്കൽ ഡയറക്ടറായ ഡോ. ജെ. ബ്രയൻ മക്ഷെഫ്രി സാക്ഷ്യപ്പെടുത്തി.
വർഷംതോറും 25 കോടി ഡോളർ ചെലവുവരുന്ന, കാനഡയിലെ രക്തവിതരണ വ്യവസ്ഥയിലെ “മുഖ്യ ഓഹരിക്കാർ” എന്ന് ഗവൺമെൻറ് കമ്മിറ്റി വിളിച്ചവരുടെ ഇടയിലെ രാഷ്ട്രീയത്തിനും മത്സരത്തിനും നേരെ കുറ്റാരോപണങ്ങളുണ്ടായിരുന്നിട്ടുണ്ട്. റെഡ്ക്രോസ്സും ഗവൺമെൻറ് ഏജൻസികളും ശക്തമായ വിമർശനത്തിനു വിധേയരായിരിക്കുന്നു. സങ്കീർണമായ ദേശീയ രക്തവിതരണ വ്യവസ്ഥയുടെ ഉത്തരവാദിത്വം വഹിക്കാൻ ആരുമില്ലാത്തതായി തോന്നുന്നു.
സന്തോഷകരമായ വൈപരീത്യം
നിരാശപ്പെടുത്തുന്ന തെളിവിനു വിപരീതമായി ഏറെ സന്തോഷകരമായ ഒരു വിവരണം 1994 മേയ് 25-ന് സസ്കാച്ചെവനിലെ റെജിനയിലുള്ള ജഡ്ജി ക്രീവറിന് സമർപ്പിക്കപ്പെട്ടു. ഗുരുതരമായി ഹീമോഫീലിയ ബാധിച്ച 75 വയസ്സുള്ള വില്ല്യം ജെ. ഹോൾ രക്തോത്പന്നങ്ങൾക്കു പകരമുള്ള ഇതര മാർഗങ്ങളുപയോഗിച്ച് അവസ്ഥ വിജയകരമായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു പറഞ്ഞു. അദ്ദേഹത്തിന് എയ്ഡ്സുമില്ല. യഹോവയുടെ സാക്ഷികളിൽ ഒരാളായ ശ്രീ. ഹോൾ തന്റെ മതപരമായ മനഃസാക്ഷി നിമിത്തം രക്തവും രക്ഷ ഘടകങ്ങളും ഒഴിവാക്കിയിരുന്നു.—22-ാം പേജിലെ ബോക്സ് കാണുക.
കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ഗവൺമെൻറ് അന്വേഷണത്തിനുള്ള സമയം 1995 അവസാനംവരെ നീട്ടിയിരിക്കുകയാണ്. മുതിർന്നവരും കുട്ടികളുമായ യഹോവയുടെ സാക്ഷികളുടെ ആയിരക്കണക്കിനു കേസുകളിൽ ഉപയോഗിച്ചുവരുന്ന ഫലപ്രദമായ രക്തരഹിത ചികിത്സയെക്കുറിച്ച് പരിശോധിക്കാൻ കമ്മീഷന് സമയം ലഭിക്കും. ഈ ഇതരമാർഗങ്ങൾ മറ്റു രോഗികൾക്കും ബാധകമാണ്.
അത്തരം ഇതര മാർഗങ്ങൾ ഉപയോഗിക്കുന്ന ഡോക്ടർമാർക്ക് കമ്മീഷനുമായി പങ്കുവെക്കാൻ വിദഗ്ധമായ തെളിവുകളുണ്ട്. മക്ജിൽ യൂണിവേഴ്സിറ്റിയിലെ ഡോ. മാർക്ക് ബോയ്ഡ് 1993-ൽ ദ മെഡിക്കൽ പോസ്റ്റിനോട് ഇപ്രകാരം പറഞ്ഞു: “യഥാർഥത്തിൽ നാം യഹോവയുടെ സാക്ഷികളോടു നന്ദിയുള്ളവരായിരിക്കേണ്ടതാണ്, എന്തുകൊണ്ടെന്നാൽ രക്തപ്പകർച്ചകൾ കൂടാതെ എത്ര നന്നായി വിജയിക്കാൻ കഴിയുമെന്ന് അവർ ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു.” ഐക്യനാടുകളുടെ ഒരു അധ്യക്ഷ കമ്മീഷൻ 1988-ൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “രക്തവിതരണത്തിന്റെ കാര്യത്തിൽ ഏറ്റവും സുനിശ്ചിതമായ പ്രതിരോധ നടപടി രോഗി മറ്റുള്ളവരുടെ രക്തവുമായി സമ്പർക്കത്തിൽ വരുന്നത് സാധ്യമാകുമ്പോഴൊക്കെ ഒഴിവാക്കുക എന്നതാണ്.” “രക്തം . . . വർജ്ജിച്ചിരിപ്പാ”നുള്ള ദൈവനിയമം അനുസരിക്കുന്നതു വഴി യഹോവയുടെ സാക്ഷികൾ മലിനരക്തത്തിനും രക്തപ്പകർച്ചകളുടെ മറ്റ് അപകടങ്ങൾക്കുമെതിരെയുള്ള “ഏറ്റവും സുനിശ്ചിതമായ പ്രതിരോധ നടപടി”യാൽ അനുഗൃഹീതരായിരിക്കുന്നു.—പ്രവൃത്തികൾ 15:20, 29.
അറിവു പകരേണ്ടതിന്റെ ആവശ്യം
ദുഃഖകരമെന്നു പറയട്ടെ, മലിനരക്തപ്പകർച്ചയുടെ മിക്ക ഇരകൾക്കും തങ്ങളുടെ ദുരന്തങ്ങളെ തടയുമായിരുന്ന ഇതര മാർഗങ്ങളെക്കുറിച്ച് ആരും അറിവുകൊടുത്തില്ല. വിവരമറിഞ്ഞുള്ള സമ്മതപ്രകാരം, രക്തത്തിന്റെ അപകടസാധ്യതകൾ ഏറ്റുവാങ്ങാനോ കൂടുതൽ സുരക്ഷിതമായ ഇതരമാർഗങ്ങൾ ഉപയോഗിക്കാനോ ഉള്ള അവസരം രോഗികൾക്കു ലഭിച്ചില്ല.
കമ്മീഷന്റെ മുമ്പിൽ നിരത്തപ്പെട്ട തെളിവുകൾ രക്തപ്പകർച്ചകൾ കൂടാതെയുള്ള ഇതരമാർഗങ്ങളെക്കുറിച്ച് ഡോക്ടർമാർക്കും പൊതുജനത്തിനും അറിവു പകരേണ്ടതിന്റെ ആവശ്യം വെളിപ്പെടുത്തുന്നു. ഉയർന്ന തലത്തിലുള്ള അത്തരം ഗവൺമെൻറ് അന്വേഷണത്തിന് കാനഡയിൽ വലിയ ഫലം ഉണ്ടായിരിക്കാൻ കഴിയും. രക്തപ്പകർച്ചാ നടപടികൾ സംബന്ധിച്ച് കാനഡയിലെ വൈദ്യശാസ്ത്രത്തിലെ മനോഭാവങ്ങളിലും വിദ്യാഭ്യാസരീതിയിലും വരുത്തേണ്ട മാറ്റങ്ങൾക്കു വഴിയൊരുക്കാൻ ജഡ്ജി ക്രീവറിന്റെ ശുപാർശകൾക്കു കഴിഞ്ഞേക്കാം. രക്തപ്പകർച്ചകളുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും അന്വേഷണ കമ്മീഷന്റെ കണ്ടുപിടിത്തങ്ങൾ താത്പര്യജനകമായിരിക്കും.
[22-ാം പേജിലെ ചതുരം]
രക്തമില്ലാതെ ഹീമോഫീലിയ നിയന്ത്രണവിധേയമാക്കുന്നു
നിപാവിൻ, സസ്കാച്ചെവനിലെ വില്ല്യം ജെ. ഹോൾ രക്തോത്പന്നങ്ങൾ കൂടാതെ തന്റെ ഗുരുതരമായ ഹീമോഫീലിയയെ നിയന്ത്രണവിധേയമാക്കുന്നതെങ്ങനെയെന്നും എന്തുകൊണ്ടെന്നും കമ്മീഷനോടു പറഞ്ഞു. അദ്ദേഹത്തിന്റെ സാക്ഷ്യപത്രത്തിന്റെ കോടതിപകർപ്പിൽനിന്നുള്ള ഉദ്ധരണികൾ ഇതാ:
◻ “ഒരിക്കൽ എന്റെ കാൽവിരൽമുതൽ ഇടുപ്പുവരെ നീരു വന്നപ്പോൾ എനിക്ക് ഹീമോഫീലിയ ആണെന്ന് എന്റെ മാതാപിതാക്കൾക്കു മനസ്സിലായി. അത് ഹീമോഫീലിയ ആണെന്ന് ഡോക്ടർമാരും രോഗനിർണയം നടത്തി. . . . അന്ന് എനിക്ക് ഏതാണ്ട് ഒരു വയസ്സു പ്രായമായിരുന്നു എന്ന് ഞാൻ ഊഹിക്കുന്നു.”
◻ “രക്തമോ ഏതെങ്കിലും തരത്തിലുള്ള രക്തോത്പന്നമോ ഞാൻ ഒരിക്കലും സ്വീകരിച്ചിട്ടില്ല. . . . രക്തം സ്വീകരിക്കുന്നത് എന്റെ മതപരമായ വിശ്വാസങ്ങൾക്ക് എതിരാണ്, എന്തുകൊണ്ടെന്നാൽ ഞാൻ അതിനെ പവിത്രമായി കരുതുന്നു.”
◻ ഹീമോഫീലിയ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരനെപ്പറ്റി: “എന്റെ അതേ വിശ്വാസം [മതം] അല്ല അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹം രക്തപ്പകർച്ച സ്വീകരിക്കുകയും ഹെപ്പറ്റൈറ്റിസ് മൂലം മരണമടയുകയും ചെയ്തു.”
◻ 1962-ൽ ഉണ്ടായ പക്വാശയ അൾസറിനെ സംബന്ധിച്ച്: “രക്തം സ്വീകരിക്കാത്ത പക്ഷം ഞാൻ മരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. . . . ആശുപത്രിയിൽ എന്നെ [രക്തം കൂടാതെ] നന്നായി ചികിത്സിച്ചു.” രക്തവാർച്ച നിയന്ത്രണവിധേയമാക്കപ്പെട്ടു.
◻ പൊട്ടിയ ഇടുപ്പ് തുന്നിച്ചേർക്കുന്നതിനായി 1971-ൽ നടത്തിയ ശസ്ത്രക്രിയയെ സംബന്ധിച്ച്: “അത് രക്തം കൂടാതെ നടത്തിയ ഒരു ശ്രദ്ധാപൂർവകമായ ശസ്ത്രക്രിയയായിരുന്നു. . . . ശസ്ത്രക്രിയ വിജയപ്രദമായിരുന്നു.” അദ്ദേഹത്തിന്റെ രക്തത്തിൽ ഘടകം VIII (കട്ടയാക്കുന്ന ഘടകം) ഇല്ലെന്ന് ആ സമയത്തു നടത്തിയ തുടർച്ചയായ രക്ഷ പരിശോധനകൾ വെളിപ്പെടുത്തിയിരുന്നു.
◻ അദ്ദേഹം നിയന്ത്രണവിധേയമാക്കുന്ന വിധം: “ജീവിതരീതി . . . ശ്രദ്ധാപൂർവം ജീവിച്ചുകൊണ്ട്.” ആഹാരക്രമം, വിശ്രമം, വ്യായാമം, പിന്നെ നീര്, ചതവ്, രക്തവാർച്ച എന്നിവയുടെ ശ്രദ്ധാപൂർവകമായ ചികിത്സയും അദ്ദേഹം ഉൾപ്പെടുത്തുന്നു.
◻ “വിശ്രമിക്കുന്നതും ദൈവം നമുക്കു പ്രദാനം ചെയ്തിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതും നമ്മുടെ ഉത്കണ്ഠകൾ മറക്കുന്നതും പ്രയോജനം ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇത് വളരെ സഹായകമായിരിക്കുന്നതായി തോന്നുന്നു.”
76 വയസ്സുള്ള വില്ല്യം ഹോൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്.
[20-ാം പേജിലെ ചിത്രം]
കമ്മീഷന്റെ തലവനായ ഹൊറസ് ക്രീവർ ജഡ്ജി
[കടപ്പാട്]
CANPRESS PHOTO SERVICE (RYAN REMIROZ)
[21-ാം പേജിലെ ചിത്രം]
370 കിലോമീറ്റർ വണ്ടിയോടിച്ചാണ് വില്ല്യം ഹോളും മാർഗരറ്റ് ഹോളും അന്വേഷണ കമ്മീഷന്റെ മുന്നിൽ എത്തിച്ചേർന്നത്