നക്ഷത്രങ്ങളിൽ നിങ്ങൾക്കായി എന്താണുള്ളത്?
ബ്രസ്സീലിലെ ഉണരുക! ലേഖകൻ
“അടുത്ത ജൂലൈയിൽ നമ്മുടെ ഗ്രഹം ബുധനുമായി കൂട്ടിയിടിക്കാൻ പോകുന്നു എന്ന ജ്യോതിഷപ്രവചനം നിങ്ങൾ കേട്ടോ?” കോൾ പോർട്ടെറിന്റെ ഉല്ലാസഗീതത്തിലെ ഈ വാക്കുകൾ, മമനുഷ്യന്റെ ഭാവി ഏതോ വിധത്തിൽ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രാചീനവും സർവസാധാരണവുമായിരിക്കുന്ന വിശ്വാസത്തെ പ്രകടമാക്കുന്നു.a എന്നാൽ ജ്യോതിർഗോളങ്ങളും ഭൂമിയിലെ മനുഷ്യജീവിതവുമായി എന്തെങ്കിലും യഥാർഥ ബന്ധമുണ്ടോ? ഉണ്ടെങ്കിൽ അതു മനുഷ്യവർഗത്തെ എങ്ങനെയാണു ബാധിക്കുന്നത്? ഇല്ലെങ്കിൽ നക്ഷത്രങ്ങൾ എന്ത് ഉദ്ദേശ്യത്തിനു വേണ്ടിയുള്ളതാണ്?
ബെർലിൻ മതിലിന്റെ പതനം, മുൻ സോവിയററ് യൂണിയന്റെ ദ്രുതഗതിയിലുള്ള വിഘടനം, രാഷ്ട്രീയ നേതാക്കൻമാരിലുള്ള വിശ്വാസമില്ലായ്മ, ആഫ്രിക്കയിലും യൂറോപ്പിലും തലപൊക്കുന്ന വംശീയ വിദ്വേഷം, ഇന്ത്യയിലെയും അയർലൻഡിലെയും മതവൈരം, ഒട്ടനവധി രാജ്യങ്ങളെ ഞെരുക്കത്തിലാഴ്ത്തിക്കൊണ്ടു കുതിച്ചുപായുന്ന നാണയപ്പെരുപ്പം, യുവാക്കളുടെ മത്സരമനോഭാവം എന്നിങ്ങനെയുള്ള അടുത്ത കാലത്തെ ചില നാടകീയ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ ഭാവിയെക്കുറിച്ചറിയാൻ ഒട്ടനവധിയാളുകൾ താത്പര്യം കാണിക്കുന്നതിൽ അതിശയിക്കാനില്ല. ഹാംബർഗ് സർവകലാശാലയിൽനിന്നുള്ള ഒരു റിപ്പോർട്ടനുസരിച്ച്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏററവുമധികം പോരാട്ടങ്ങൾ നടന്ന വർഷം 1992 ആയിരുന്നു. ആ വർഷം വ്യത്യസ്ത രാജ്യങ്ങളിലായി 52 സായുധ പോരാട്ടങ്ങൾ അരങ്ങേറി. സമാധാനപ്രിയരായ ആളുകൾ സ്വാഭാവികമായി ഇങ്ങനെ ചോദിച്ചുപോകുന്നു: ‘സ്ഥിരതയ്ക്കും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നമുക്ക് എവിടേക്കാണു നോക്കാൻ കഴിയുക?’
ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ പല രൂപങ്ങളിലുള്ള ഭാവിപറച്ചിലിനു വൻ പ്രചാരം കിട്ടാൻ കാരണമായിട്ടുണ്ട്. ജ്യോതിഷമാണു മിക്കവാറും അവയിൽ ഏററവുമധികം അറിയപ്പെടുന്നത്. ജ്യോതിഷം ജ്യോതിശ്ശാസ്ത്രത്തിൽനിന്നു വ്യത്യസ്തമാണ്. “നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും മാനുഷ കാര്യാദികളുടെയും ഭൂമിയിലെ സംഭവങ്ങളുടെയും മേൽ ഉണ്ടെന്നു കരുതപ്പെടുന്ന സ്വാധീനഫലങ്ങളെ അവയുടെ ഗ്രഹനില നോക്കി പ്രവചിക്കുന്ന വിദ്യ”യാണ് ജ്യോതിഷം. ഇന്നു ലക്ഷോപലക്ഷം ആളുകൾക്കു തങ്ങളുടെ ഭാവിയെക്കുറിച്ചറിയുന്നതിനു ജാതകം നോക്കാതിരിക്കാൻ കഴിയുന്നില്ല.b
ഭാവി മുൻകൂട്ടിപ്പറയാമെന്നു ജ്യോത്സ്യൻമാർ അവകാശപ്പെടുന്ന മററു മണ്ഡലങ്ങളുമുണ്ട്. അവയിൽ, വൈവാഹിക പ്രശ്നങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും പരിണതഫലം, രാഷ്ട്രീയ നേതാക്കൻമാരുടെ ഉയർച്ചയും പതനവും, പുതിയ ഒരു ബിസിനസ്സ് തുടങ്ങാൻ പററിയ ഏററവും നല്ല തീയതി, ഭാഗ്യക്കുറിയിൽ ജയിക്കാനുള്ള നമ്പരുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
തന്റെ ഭർത്താവ് എപ്പോൾ പ്രസംഗങ്ങൾ നടത്തണം, അദ്ദേഹത്തിന്റെ വിമാനം എപ്പോൾ പറന്നുയരണം, അത് എപ്പോൾ നിലത്തിറങ്ങണം എന്നീ കാര്യങ്ങൾ അറിയുന്നതിന് ഐക്യനാടുകളുടെ മുൻ പ്രസിഡൻറ് റെയ്ഗന്റെ ഭാര്യ നാൻസി റെയ്ഗൻ, ജോൺ ക്വിഗ്ളി എന്ന ജ്യോതിഷക്കാരിയെ പതിവായി ചെന്നു കണ്ടിരുന്നുവെന്ന് ഒരു റോയ്റേറഴ്സ് വാർത്ത റിപ്പോർട്ടു ചെയ്തു. “തന്റെ കിരീടധാരണത്തിന്റെ ദിവസം നിശ്ചയിക്കാൻ ജൂലിയസ് രണ്ടാമൻ പാപ്പായും [1503-13] കർദിനാൾസഭ കൂടുന്നതിനു പററിയ സമയം ഏതെന്നു തീരുമാനിക്കാൻ പോൾ മൂന്നാമൻ പാപ്പായും [1534-49] ജ്യോതിഷം ഉപയോഗപ്പെടുത്തിയിരുന്നു” എന്ന് ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ വെളിപ്പെടുത്തി. നിക്ഷേപകർക്കു സ്റേറാക്ക് എക്സ്ചേഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ജ്യോതിഷത്തെ ഉപയോഗിക്കുന്ന ഒരു സ്വിസ്സ് വാണിജ്യസ്ഥാപനത്തിന്റെ ഡയറക്ടറായ ആൽഫ്രെററ് ഹൂഗ് ഉത്തമ ഫലങ്ങൾക്ക് ഉറപ്പു നൽകുന്നു. “അതു നക്ഷത്രങ്ങളിലാണ് എഴുതിയിരിക്കുന്നത്,” അദ്ദേഹം തറപ്പിച്ചു പറയുന്നു.
മനുഷ്യരുടെ ജീവിതത്തെ നക്ഷത്രങ്ങൾ സ്വാധീനിക്കുകതന്നെ ചെയ്യുന്നുവെന്ന് ഒട്ടേറെ പേർ കരുതുന്നുണ്ടെന്നതു സ്പഷ്ടമാണ്. എങ്ങനെയാണ് ജ്യോതിഷം ആരംഭിച്ചത്? ജ്യോതിഷത്തെയും ജ്യോത്സ്യൻമാരെയും സംബന്ധിച്ച് പുരാതന പുസ്തകമായ ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ?
[അടിക്കുറിപ്പുകൾ]
a “പുരാതന ചൈനയിൽ, . . . ആകാശത്തിലെ അടയാളങ്ങളും അതുപോലെ പ്രകൃതി വിപത്തുകളും ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും ചെയ്തികളെയും ദുഷ്ചെയ്തികളെയും പ്രതിഫലിപ്പിക്കുന്നതായി കരുതിപ്പോന്നിരുന്നു.”—ദി ഇൻറർനാഷണൽ എൻസൈക്ലോപീഡിയ ഓഫ് അസ്ട്രോണമി.
b “ഒരു പ്രത്യേക സമയത്തെ (ഒരാളുടെ ജനനത്തിങ്കലേതുപോലുള്ള സമയത്തെ) ഗ്രഹങ്ങളുടെ ആപേക്ഷിക സ്ഥാനങ്ങളും രാശിചക്രത്തിലെ അടയാളങ്ങളും കാണിക്കുന്ന ഒരു രേഖാചിത്ര”മാണ് ജാതകം. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാവി സംഭവങ്ങൾ മുൻകൂട്ടിപ്പറയാൻ ജ്യോത്സ്യൻമാർ ഇത് ഉപയോഗിക്കുന്നു.