ഒതുക്കമുള്ള ഫുറോഷിക്കി
ജപ്പാനിലെ ഉണരുക! ലേഖകൻ
ഒരു ഫുറോഷിക്കി ഒരു ജാപ്പനീസ് പൊതിയൽത്തുണിയാണ്—വ്യത്യസ്തതയോടുകൂടിയ ഒരു പൊതിയൽത്തുണി. അതു മനോഹരമാണ്. തൊട്ടാൽ സുഖം തോന്നും. അതു മനോഹരമായി കെട്ടാം. ഒരു ഫുറോഷിക്കി തെരഞ്ഞെടുക്കുന്നതും കെട്ടുന്നതും ഒരു ആയിരത്തിൽ പരം വർഷമായി തലമുറതോറും കൈമാറിവന്ന ഒരു കലയായി ത്തീർന്നിരിക്കുന്നു.
എല്ലാ തുണിയും കൊള്ളുകയില്ല. നിറവും ഡിസൈനും വസ്തുവുമെല്ലാം പരിചിന്തിക്കപ്പെടണം. ഏതു ഫുറോഷിക്കി ഉപയോഗിക്കപ്പെടുമെന്നു നിശ്ചയിക്കുന്നത് ഏതവസരമാണെന്നുള്ളതുകൂടെയാണ്. ഉദാഹരണത്തിന്, ചെറിയോ പ്ലം പൂക്കളോ പോലെയുള്ള പരമ്പരാഗത അലങ്കാരവസ്തു പ്രിൻറുചെയ്തിരിക്കുന്ന ഒരു പട്ടുതുണികൊണ്ടുള്ള ഫുറോഷിക്കിയിൽ പൊതിഞ്ഞ് ഒരു സമ്മാനം കൊടുക്കാവുന്നതാണ്. ചിലപ്പോൾ സ്വീകർത്താവു സമ്മാനത്തിന്റെ ഭാഗമായി പൊതിച്ചൽകൂടെ സ്വീകരിക്കണമെന്നുപോലും ദാതാവു നിർബന്ധിച്ചേക്കാം.
തീർച്ചയായും, പൊതിയൽത്തുണികൾ വിവിധ വലിപ്പമുള്ളവയുണ്ട്, വിവിധ ഉദ്ദേശ്യങ്ങൾക്കു പററിയതും. ഉരുണ്ട തണ്ണിമത്തങ്ങ അവയിൽ പൊതിയാം, അല്ലെങ്കിൽ നെൽ-പാനീയത്തിൻറ ഉയരമുള്ള കുപ്പികൾപോലും. ചില ഫുറോഷിക്കികൾ വളരെ വലുതാകയാൽ മൂന്നോ നാലോ കിടക്കമെത്തകൾ അവയിൽ പൊതിയാം. വലിപ്പമുള്ള ഈ ഫുറോഷിക്കികൾ സാധാരണയായി പരുത്തിത്തുണി കൊണ്ടുള്ളതാണ്, കളിവസ്ത്രമായി അവയെ ഉപയോഗിക്കാനിഷ്ടപ്പെടുന്ന കൊച്ചുകുട്ടികൾക്ക് അവ പ്രത്യേക ആകർഷണവുമാണ്. നേരേമറിച്ച്, ചില കുട്ടികൾ ഫുറോഷിക്കിയുടെ വളരെ ചെറിയ ശീലകൾ ഉപയോഗിക്കുന്നു. യഥാർഥത്തിൽ, തോർത്തുകളും തൂവാലകളും മിനി ഫുറോഷിക്കിയെന്ന നിലയിൽ ഇരട്ട ഉപയോഗമുള്ളതാണെന്നു കുട്ടികളുടെ ഭക്ഷണപ്പാത്രങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം വെളിപ്പെടുത്തുന്നു. കുട്ടികൾ ഭക്ഷണം കഴിക്കുന്നതിന് ഈ മിനി ഫുറോഷിക്കി അഴിക്കുമ്പോൾ വൃത്തിയുള്ള തുണികൾ മേശവിരിയായി ഉപയോഗപ്പെടുന്നു. എന്നാൽ മിക്ക ഫുറോഷിക്കികളും ഒരു സമചതുര സ്കാർഫിന്റെ വലിപ്പമുള്ളതാണ്.
പൊതിയാനുള്ള വസ്തു തുണിയുടെ നടുക്ക് കോണോടുകോൺ വെച്ചു പൊതിയുന്നതാണു ജപ്പാനിൽ ഒരു ഫുറോഷിക്കി ഉപയോഗിക്കുന്ന സാധാരണ രീതി. പൊതി ദീർഘചതുരമാണെങ്കിൽ വശങ്ങളിൽ കൂടുതലായി കിടക്കുന്ന തുണി പൊതിയിൽ ഭംഗിയായി മടക്കിച്ചുററുന്നു, ആദ്യം ഒരു വശവും പിന്നീട് മറുവശവും—തന്നിമിത്തം ഓരോ വശവും വ്യത്യസ്തദിശയിൽ മടക്കപ്പെടുന്നു. ഇത് തുണിയുടെ രണ്ടു കോണുകൾ അററങ്ങളിൽ തള്ളിനിൽക്കാനിടയാക്കുന്നു. ഇനിയാണു പ്രയാസമുള്ള ഭാഗം. ഈ രണ്ടു കോണുകൾ ഭംഗിയായി പൊതിയുടെ മുകളിൽ കൊണ്ടുവന്നു രണ്ടു കെട്ടു കെട്ടുന്നു. നല്ല കലാബോധത്തോടെ ഈ കെട്ടു കെട്ടിയാൽ ഒടുവിലതു സുന്ദരിയായ ചിത്രശലഭത്തെപ്പോലെ തോന്നിക്കത്തക്കവണ്ണം ഒരു ചെറിയ കെട്ടായിരിക്കും. എന്നിരുന്നാലും പൊതിയുടെ വലിപ്പമനുസരിച്ചു ചിത്രശലഭത്തിന്റെ “ചിറകുകൾ” ഏറെയും ഒരു മുയലിന്റെ വീണുകിടക്കുന്ന ചെവികൾപോലെയും കാണപ്പെട്ടേക്കാം. എന്നാൽ നിരാശപ്പെടേണ്ട! ഏതാനും നിമിഷങ്ങൾകൊണ്ട് ഇവയെ മനോഹരമായ ഒരു ചുരുക്കിക്കെട്ടാക്കാം.
ഒരു സമചതുര പൊതിയിൽ ഫുറോഷിക്കിയുടെ എതിർമൂലകൾ പൊതിയുടെ മുകളിൽ ഒരു കെട്ടിനു മുകളിൽ മറെറാന്നുംകൂടെയായി കെട്ടുന്നു, തന്നിമിത്തം ഒന്നേ കാണുന്നുള്ളു. ജപ്പാൻകാർക്കു തുണിമുഴുവൻ വലിച്ചുമുറുക്കി മുകളിൽ ആകർഷകമായി കൂടിയിരിക്കത്തക്കവണ്ണം ക്രമീകരിക്കാൻ കഴിയുന്നു. വ്യക്തമായ ആകൃതി ഭംഗിയുള്ളതാണ്. ഭാണ്ഡം കെട്ടിൽ തൂക്കിപ്പിടിച്ചു കൊണ്ടുപോകാവുന്നതാണെങ്കിലും ഒരു സമ്മാനമാകുമ്പോൾ അതിന്റെ ആകൃതി ഉടയാതിരിക്കാൻ സാധാരണമായി അടിയിൽ താങ്ങിപ്പിടിച്ചാണു കൊണ്ടുപോകുന്നത്.
ഫുറോഷിക്കി എന്ന പദത്തിന്റെ അക്ഷരാർഥം “സ്നാനവിരി” എന്നാണ്, 17-ാം നൂററാണ്ടിൽ പ്രചാരത്തിലായ ഒരു പേരാണത്. ആ കാലത്ത് അഗ്നിഭയം പിടിപെട്ടു തങ്ങളുടെ ഭവനങ്ങളിൽ കുളിക്കാനുള്ള വെള്ളത്തിനുവേണ്ടി തീ കത്തിക്കുന്നത് ഒഴിവാക്കാൻ ആളുകൾ ശ്രമിച്ചു. ഇത് ആളുകൾക്കു പൊതു സ്നാനസ്ഥലങ്ങളിൽ പോകുകയല്ലാതെ ഗത്യന്തരമില്ലാതാക്കി. അവിടെ അവർ തങ്ങളുടെ ചതുരത്തുണി വിരിക്കുകയും കുളിക്കുന്ന സമയത്തു വസ്ത്രമഴിച്ചു പൊതിഞ്ഞുവെക്കാൻ ഉപയോഗിക്കുകയും ചെയ്തു. പൊതു സ്നാനസ്ഥലങ്ങൾ മിക്കവാറും നാമാവശേഷമായി, എന്നാൽ ഫുറോഷിക്കി, “സ്നാനവിരി” എന്ന പേർ നിലനിന്നിരിക്കുന്നു.
പാരമ്പര്യങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിൽ ഫുറോഷിക്കി അതിജീവിക്കുകയാണ്. മിക്ക കുടുംബങ്ങളും തങ്ങൾക്ക് ഏതാണ്ട് എട്ടു ഫുറോഷിക്കികൾ വീതമുണ്ടെന്നു റിപ്പോർട്ടുചെയ്യുന്നു. ജപ്പാനിലെ ഹൈസ്പീഡ് ബുള്ളററ് ട്രെയിനുകളുടെ ലഗ്ഗേജ് തട്ടുകൾ അവരുടെ അവകാശവാദങ്ങളെ പിന്താങ്ങുന്നതായി തോന്നുന്നു. പാശ്ചാത്യ വസ്ത്രധാരികളായ യാത്രക്കാർ സൗകര്യപ്രദമായി പഴയതിനെ പുതിയതുമായി, പാരമ്പര്യത്തെ ആധുനികതയുമായി, കൂട്ടിക്കലർത്തുന്നു.
കടകൾ തങ്ങളുടെ പതിവുകാർക്കു പ്ലാസ്ററിക് ബാഗുകളും വലിയ കടലാസ് സഞ്ചികളും കൊടുത്തു തുടങ്ങിയപ്പോൾ കുറേക്കാലത്തേക്ക് ഇതിന്റെ വില്പന കുറഞ്ഞു. എന്നിരുന്നാലും, സാഹചര്യം നേരേ തിരിഞ്ഞിരിക്കുന്നു. ഡിസൈനർ ലേബലുകളും ആധുനിക ഡിസൈനുകളും ജപ്പാനിലെ പരിഷ്കാരികളായ ചെറുപ്പക്കാരികൾക്കു ഫുറോഷിക്കികളെ അത്യന്തം ആകർഷകമാക്കിയിരിക്കുകയാണ്. തുകൽബാഗിന് ഒരിക്കലും കഴിയാത്ത ഒരു വിധത്തിൽ ഫുറോഷിക്കി ഒരു കിമോണായ്ക്കു യോജിക്കുന്നു. അതുകൊണ്ടു പ്രത്യേക അവസരങ്ങളിലേക്ക് ഉപയോഗിക്കുമ്പോൾ വലിയ പൊതിക്കെട്ടുകൾക്കു ഫുറോഷിക്കിയും ഉപയോഗിക്കുന്നു.
തീർച്ചയായും, പൊതിയൽത്തുണികളെ സംബന്ധിച്ചു വളരെയധികം പ്രശംസിച്ചു പറയാനുണ്ട്. സ്വാഭാവിക നാരുകൾകൊണ്ടു നിർമിക്കുന്ന ഫുറോഷിക്കി പരിസ്ഥിതിക്കു ദോഷം ചെയ്യുന്നില്ല. അവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയും. അവ ചെറുതാണ്. അവ കനം കുറഞ്ഞതാണ്. അവ കൊണ്ടുനടക്കാൻ എളുപ്പമാണ്. അവ ക്ഷണത്തിൽ ഏത് ആകൃതിയിലും അല്ലെങ്കിൽ വലിപ്പത്തിലുമുള്ള സഞ്ചികളായിത്തീരുന്നു. ഫുറോഷിക്കി എന്താണെന്നറിവില്ലാത്ത ആദരവുതോന്നുന്ന വിദേശ വിനോദസഞ്ചാരികളുടെ കൈകളിൽ അവ മനോഹരമായ സ്കാർഫുകളും മേശയുടെ മദ്ധ്യവിരികളും ആയിത്തീരുന്നു. അടുത്ത കാലത്തു ജപ്പാൻകാർ വിദേശികളെ പകർത്താനും, ഫുറോഷിക്കി അതേ രീതിയിലും മേശത്തുണിയായും കണ്ടം വെക്കുന്നതിനും ക്വിൽററുകളായും മുന്നാരത്തുണികളായും ഭിത്തിയിൽ അലങ്കാരത്തുണികളായും ചിന്തനീയമായ മറെറന്തുമായും ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു. യഥാർഥത്തിൽ, ഒരു ഫുറോഷിക്കി എത്ര ഉപയുക്തമാണെന്ന് ആളുകൾ കണ്ടുപിടിച്ചുവരികയാണ്.