അതിന്റെ രഹസ്യങ്ങളുടെ മറനീക്കുന്നു
സ്ത്രീകൾക്കു പ്രായമാകുമ്പോൾ അവരുടെ ജീവിതത്തിലെ ഒരു സംഭവമാണ് ആർത്തവവിരാമം. എന്നാൽ അത് വളരെയധികം തെററിദ്ധരിക്കപ്പെട്ടിരിക്കുന്നു. ആർത്തവവിരാമം “സ്ത്രീ നാഡീ വ്യവസ്ഥയുടെ ബന്ധങ്ങൾ അഴിക്കുകയും സ്ത്രീകൾക്കു സ്വതേയുള്ള കാന്തി ഇല്ലാതാക്കുകയും ചെയ്യുന്നു”വെന്ന് 19-ാം നൂററാണ്ടിലെ സൂതികർമിണികൾ വിശ്വസിച്ചിരുന്നതായി നിശബ്ദമായ പരിവർത്തനം—ആർത്തവവിരാമം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
അത്തരം തെററിദ്ധാരണകൾ ഇപ്പോഴും നിലകൊള്ളുന്നു. തത്ഫലമായി, ആർത്തവവിരാമത്തിന്റെ സംഭവ സാധ്യതയെക്കുറിച്ച് പല സ്ത്രീകളും ഭയാകുലരും ആശങ്കയുള്ളവരുമാണ്. അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ തരണം ചെയ്യുന്നത് “ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏററവും ദുഷ്കരമായ ജോലികളിലൊന്നായി” സ്വാഭാവിക ആർത്തവവിരാമം—ഒരു സ്ത്രീയുടെ ഏററവും കൂടുതൽ തെററിദ്ധരിക്കപ്പെടുന്ന പരിവർത്തനത്തിനുള്ള പൂർണ സഹായി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
യുവത്വത്തിനും യുവ ആകാരത്തിനും ഊന്നൽ കൊടുക്കുന്ന സമൂഹങ്ങളിൽ ആർത്തവവിരാമ ലക്ഷണങ്ങളുടെ സമാരംഭം ഒരു തെററിദ്ധാരണയെ വിളിച്ചറിയിച്ചേക്കാം: യുവത്വത്തിന്റെ പൊടുന്നനെയുള്ള സമാപ്തിയും വാർധക്യത്തിന്റെ സമാരംഭവും. അങ്ങനെ ആർത്തവവിരാമം ജീവിതത്തിലെ പുതിയതും അത്ര അഭികാമ്യമല്ലാത്തതുമായ ഒരു കാലഘട്ടത്തിന്റെ തുടക്കത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു തോന്നുന്നതുകൊണ്ട് ചില സ്ത്രീകൾ അതിനെക്കുറിച്ച് ഭയമുള്ളവരായിത്തീർന്നിട്ടുണ്ട്. “ഭാഗികമായ മരണ”മായിപ്പോലും ചിലർ അതിനെ വീക്ഷിച്ചിരിക്കുന്നു.
ജീവിതത്തിലെ ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ആധുനിക സ്ത്രീകൾക്ക് അജ്ഞതയിൽ നട്ടംതിരിയേണ്ടതില്ല. ആർത്തവവിരാമം സംബന്ധിച്ച രഹസ്യങ്ങളുടെ മറനീക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പരിവർത്തനം എളുപ്പമാക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയും ചികിത്സകൾ വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ഒരിക്കൽ ചോദിക്കാൻ ചിലർക്കു ലജ്ജ തോന്നിയിരുന്ന ചോദ്യങ്ങൾക്ക് വിശദീകരണങ്ങൾ പ്രദാനം ചെയ്തുകൊണ്ട് മാഗസിനുകളും പത്രങ്ങളും പുസ്തകങ്ങളും ആ വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. സ്ത്രീകൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് വൈദ്യരംഗത്തിനും കൂടുതൽ അറിവു ലഭിച്ചിരിക്കുന്നു.
ഈ വിഷയത്തിന് ഇത്രയധികം ശ്രദ്ധയെന്തിന്? എന്തുകൊണ്ടെന്നാൽ ആർത്തവവിരാമം സംബന്ധിച്ച മെച്ചമായ ഒരു ഗ്രാഹ്യത്തിന് മിക്കസ്ത്രീകൾക്കുമുള്ള ഭയങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരാശകളെയും നീക്കംചെയ്യാനാവും. പല രാജ്യങ്ങളിലെയും സ്ത്രീകൾ ഏറെനാൾ ജീവിച്ചിരിക്കുന്നു. ഈ വിഷയം സംബന്ധിച്ച് മനഃപൂർവം മറച്ചുവെച്ചിരുന്ന വിവരങ്ങൾ പുറത്തുചാടിക്കാനും അങ്ങനെ അറിവുള്ളവരായിത്തീരാനും അവർ ആഗ്രഹിക്കുന്നു. ലളിതമായ നേരിട്ടുള്ള ഉത്തരങ്ങളാണ് അവർക്കാവശ്യം. ആർത്തവവിരാമത്തിനുശേഷം അവരിൽ പലർക്കും ജീവിതത്തിന്റെ മൂന്നിലൊന്നിലധികം പിന്നെയും ജീവിക്കാൻ കിടക്കുന്നതുകൊണ്ട് ആ ആവശ്യം ഉചിതമാണ്.
ആർത്തവവിരാമ പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം അടുത്ത ദശകത്തിൽ 50 ശതമാനം വർധിക്കുമെന്ന് ഐക്യനാടുകളിലെ ജനസംഖ്യാ മാതൃകകൾ പ്രവചിക്കുന്നു. ഈ സ്ത്രീകൾ ആരോഗ്യ വിപത്തുകൾ, പുകച്ചിൽ അനുഭവപ്പെടൽ (hot flashes) (ഹോട്ട് ഫഷ്ളുകൾ എന്നും അറിയപ്പെടുന്നു), പെട്ടെന്നുള്ള ഭാവമാററങ്ങൾ, അസ്വാസ്ഥ്യങ്ങൾ, ശാരീരികവും വൈകാരികവുമായ മാററങ്ങൾ എന്നിവയെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്? ഒരു സ്ത്രീയുടെ ഫലകരമായ ജീവിതം ആർത്തവവിരാമത്തിങ്കൽ അവസാനിക്കുന്നുവോ? ആർത്തവവിരാമം ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന് മാററം വരുത്തുന്നുവോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിശോധിക്കുന്നതായിരിക്കും.