ആർത്തവവിരാമത്തെ തരണം ചെയ്യൽ
ആർത്തവവിരാമം “ഒരു അനന്യസാധാരണമായ വ്യക്തിപരമായ അനുഭവ”മാണെന്നും “ജീവിതത്തിലെ പുതിയതും സ്വതന്ത്രമാക്കുന്നതുമായ ഒരു അധ്യായത്തിന്റെ തുടക്ക”മാണെന്നും സ്വാഭാവിക ആർത്തവവിരാമം—ഒരു സ്ത്രീയുടെ ഏററവും കൂടുതൽ തെററിദ്ധരിക്കപ്പെടുന്ന പരിവർത്തനത്തിനുള്ള പൂർണ സഹായി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ രചയിതാക്കൾ പറയുന്നു. നിങ്ങളെക്കുറിച്ചുതന്നെയും നിങ്ങളുടെ ജീവിതത്തെക്കുറിച്ചും നിങ്ങൾക്ക് എത്ര മെച്ചമായി തോന്നുന്നുവോ—നിങ്ങളുടെതന്നെ സ്വാഭിമാനത്തെയും തൻമയത്വത്തെയും പററി—പരിവർത്തനവും അത്രകണ്ട് എളുപ്പമായിരിക്കുമെന്ന് ഗവേഷണം പ്രകടമാക്കുന്നു.
ജീവിതത്തിലെ ഈ സമയത്ത് ചില സ്ത്രീകൾക്കു മററുള്ളവരെക്കാൾ കൂടുതൽ പ്രയാസം നേരിടുന്നു എന്നുള്ളതു സത്യമാണ്. നിങ്ങൾക്കു പ്രയാസങ്ങളുണ്ടെങ്കിൽ അതിന് നിങ്ങൾക്കു സ്വാഭിമാന പ്രശ്നങ്ങൾ ഉണ്ടെന്നോ ഭ്രാന്തു പിടിക്കുകയാണെന്നോ നിങ്ങളുടെ സ്ത്രീത്വവും ബുദ്ധിയും ലൈംഗികതാത്പര്യവും ഒക്കെ നഷ്ടമാകുന്നുവെന്നോ അർഥമില്ല. പകരം, പ്രശ്നം പൊതുവേ ജീവശാസ്ത്രപരമാണ്.
“ആർത്തവവിരാമത്തിന്റെ സമയത്തു ഭയങ്കരമായ രോഗലക്ഷണങ്ങൾ അനുഭവിച്ചിട്ടുള്ള സ്ത്രീകൾപോലും പറയുന്നത് അതു കഴിഞ്ഞപ്പോൾ അവർക്ക് ഉദ്ദേശ്യത്തിന്റെയും ഓജസ്സിന്റെയും ഒരു നവബോധം അനുഭവവേദ്യമായി എന്നാണ്,” ന്യൂസ്വീക്ക് റിപ്പോർട്ടു ചെയ്യുന്നു. ഒരു 42 വയസ്സുകാരി പറയുന്നത് ഇങ്ങനെയാണ്: “ഞാൻ ആ പ്രശാന്തതയിലേക്കു നോക്കിപ്പാർത്തിരിക്കുകയാണ്, എന്റെ ശരീരം എന്നെ കുരങ്ങു കളിപ്പിക്കുന്നതു നിർത്തുന്ന ആ സമയത്തേക്ക്.”
സ്ത്രീകൾ മെച്ചമായി തരണം ചെയ്യുമ്പോൾ
പ്രായമേറിയ സ്ത്രീകൾ എങ്ങനെ കണക്കാക്കപ്പെടുന്നു എന്നത് അവർ ആർത്തവവിരാമത്തെ എത്ര നന്നായി തരണം ചെയ്യും എന്നതിലെ ഒരു സുപ്രധാന ഘടകമാണ്. അവരുടെ പക്വതയ്ക്കും ജ്ഞാനത്തിനും അനുഭവപരിചയത്തിനും വിലകൽപ്പിക്കുന്ന സ്ഥലങ്ങളിൽ ആർത്തവവിരാമ സമയത്തു ശാരീരികവും വൈകാരികവുമായ രോഗങ്ങൾ വളരെ കുറവായിരിക്കും.
ഉദാഹരണത്തിന്, “ആർത്തവവിരാമത്തെ ജീവിതത്തിലെ ഒരു സ്വാഗതാർഹമായ പരിവർത്തനമായി ആശ്ലേഷിക്കുകയും ആർത്തവവിരാമം സംഭവിച്ച സ്ത്രീകളെ അവരുടെ അനുഭവപരിചയത്തിന്റെയും ജ്ഞാനത്തിന്റെയും പേരിൽ ആദരിക്കുകയും ചെയ്യുന്ന” ആഫ്രിക്കൻ വംശങ്ങളിൽ “സ്ത്രീകൾ ആർത്തവവിരാമ ലക്ഷണങ്ങളെപ്പററി അപൂർവമായേ പരാതിപ്പെടുന്നുള്ളൂ” എന്ന് ആരോഗ്യവും ശാരീരിക സുഖപ്പെടലും സംബന്ധിച്ച സ്ത്രീയുടെ എൻസൈക്ലോപീഡിയ (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. സമാനമായി, നിശബ്ദമായ പരിവർത്തനം—ആർത്തവവിരാമം (ഇംഗ്ലീഷ്) ഇപ്രകാരം പറയുന്നു: “രാജ്പുട്ട് ജാതിയിലുള്ള ഇന്ത്യൻ സ്ത്രീകൾ” ആർത്തവവിരാമ സമയത്തുണ്ടാകുന്ന “വിഷാദത്തെക്കുറിച്ചും മാനസിക ലക്ഷണങ്ങളെക്കുറിച്ചും പരാതിപറയുന്നില്ല.”
പ്രായംചെന്ന സ്ത്രീകളോട് ഉയർന്ന ആദരവു കാട്ടുന്ന ജപ്പാനിലും ആർത്തവവിരാമത്തിനുള്ള ഹോർമോൺ ചികിത്സ വാസ്തവത്തിൽ അജ്ഞാതമാണ്. കൂടാതെ, ഏഷ്യൻ സ്ത്രീകളുടെ ആർത്തവവിരാമ ലക്ഷണങ്ങൾ പാശ്ചാത്യ സംസ്കാരത്തിലുള്ള സ്ത്രീകളുടേതിനെക്കാൾ കുറവും കാഠിന്യം കുറഞ്ഞതുമായി കാണപ്പെടുന്നു. അവരുടെ ഭക്ഷണക്രമം ഇതിനു സംഭാവനചെയ്യുന്ന ഒരു ഘടകമായി കാണപ്പെടുന്നു.
ഒരു നരവംശശാസ്ത്രജ്ഞൻ നടത്തിയ പഠനങ്ങളനുസരിച്ച് മേയ സ്ത്രീകൾ ആർത്തവവിരാമത്തിനായി വാസ്തവത്തിൽ നോക്കിപ്പാർത്തിരുന്നു. ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവവിരാമം തുടർച്ചയായ പ്രസവത്തിൽനിന്നുള്ള മോചനത്തെ അർഥമാക്കി. സംശയമെന്യേ, അത് ജീവിതത്തിലെ മററു താത്പര്യങ്ങൾ അനുധാവനം ചെയ്യാനുള്ള സ്വാതന്ത്ര്യവും കൈവരുത്തി.
അതേസമയം, ആർത്തവവിരാമത്തോടു ബന്ധപ്പെട്ട ഭയങ്ങൾ നിസ്സാരമായി തള്ളിക്കളയാനും പാടില്ല. യൗവനത്തിനും യൗവന കാന്തിക്കും ഊന്നൽകൊടുക്കുന്ന സംസ്കാരങ്ങളിൽ, ആർത്തവവിരാമം സംഭവിച്ചിട്ടില്ലാത്ത സ്ത്രീകൾ പലപ്പോഴും അതിനെ ഭയപ്പെടുന്നു. അത്തരം വ്യക്തികൾക്കു പരിവർത്തനത്തിന്റെ വൈഷമ്യങ്ങൾ ലഘൂകരിക്കാൻ എന്തു ചെയ്യാനാവും?
സ്ത്രീകൾക്ക് ആവശ്യമായിരിക്കുന്നത്
ആർത്തവവിരാമ വിദ്യാഭ്യാസത്തിന്റെ ഹേതുഭൂതനും മുന്നണി പ്രവർത്തകനുമായ ജനിൻ ഒലിയറി കോബ് ഇപ്രകാരം വിശദീകരിക്കുന്നു: “അനേക സ്ത്രീകൾക്കും ആവശ്യമായിരിക്കുന്നത് അവർക്ക് അനുഭവപ്പെടുന്ന രീതിയുടെ ഏതെങ്കിലും തരത്തിലുള്ള അംഗീകാരമാണ്—തങ്ങൾ ഒററയ്ക്കല്ലെന്നുള്ള ഒരു വിചാരം.”
ഗ്രാഹ്യവും അതുപോലെതന്നെ ആഹ്ലാദകരമായ ഒരു വീക്ഷണവും മർമപ്രധാനമാണ്. ആർത്തവവിരാമത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന 51 വയസ്സുള്ള ഒരു മാതാവ് ഇപ്രകാരം പറഞ്ഞു: “ആർത്തവവിരാമത്തിലൂടെ നിങ്ങൾ എങ്ങനെ കടന്നുപോകുന്നു എന്നത് ജീവിതം സംബന്ധിച്ച നിങ്ങളുടെ പൊതുവേയുള്ള വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്നു ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു. . . . പ്രായം ചെല്ലുമെന്ന് എനിക്കറിയാം. നാം അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതു സംഭവിക്കാൻ പോകുകയാണ്. . . . ഇത് [ആർത്തവവിരാമം] ഒരു രോഗമല്ലെന്ന് എനിക്കുറപ്പായി. ഇത് എന്റെ ജീവിതമാണ്.”
അതുകൊണ്ട് ആ പുതിയ അധ്യായത്തിലേക്കു നിങ്ങളുടെ ജീവിതത്താൾ മറിയാൻ തുടങ്ങവേ പുതിയതും വെല്ലുവിളിപരവുമായ കാര്യങ്ങളിൽ ചിന്തകൾ കേന്ദ്രീകരിക്കാൻ സമയം കണ്ടെത്തുക. ആർത്തവവിരാമം ഉണ്ടാക്കുന്ന ശാരീരിക ഫലങ്ങളെ അവഗണിച്ചുകൂടാ. പരിവർത്തനത്തിനുവേണ്ടി തയ്യാറാകവേ നല്ല ആരോഗ്യത്തിനുള്ള പൊതു തത്ത്വങ്ങൾ—സമ്പൂർണ ആഹാരം, മതിയായ വിശ്രമം, മിതമായ വ്യായാമം എന്നിവ—പിൻപററാൻ ഡോക്ടർമാരും മററ് അധികാരികളും ശുപാർശചെയ്യുന്നു.
ആഹാരക്രമവും വ്യായാമവും
ഒരു സ്ത്രീക്കു പ്രായം ചെല്ലുമ്പോൾ പോഷകങ്ങൾക്കുള്ള (മാംസ്യങ്ങൾ, അന്നജങ്ങൾ, കൊഴുപ്പുകൾ, വിററാമിനുകൾ, ധാതുക്കൾ) ആവശ്യം കുറയുന്നില്ല. എന്നാൽ കലോറിയുടെ ആവശ്യം കുറയുന്നു. അതുകൊണ്ട് പോഷകങ്ങൾ ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കഴിക്കേണ്ടതും “പോഷകമൂല്യമില്ലാത്ത കലോറികൾ” ആയ പഞ്ചസാരയും കൊഴുപ്പും ഉള്ള ആഹാരപദാർഥങ്ങൾ ഒഴിവാക്കേണ്ടതും പ്രധാനമാണ്.
ക്രമമായ വ്യായാമം സമ്മർദത്തെയും വിഷാദത്തെയും തരണം ചെയ്യാനുള്ള പ്രാപ്തി വർധിപ്പിക്കുന്നു. അത് ഊർജം വർധിപ്പിക്കുകയും തൂക്കം കൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉപാപചയ പ്രവർത്തനത്തിന്റെ അടിസ്ഥാന നിരക്ക് പ്രായമാകുന്നതോടെ ക്രമേണ കുറഞ്ഞുവരുന്നു. വ്യായാമം നടത്തി നിരക്കു വർധിപ്പിച്ചില്ലെങ്കിൽ ക്രമേണ തൂക്കം വർധിക്കാനാണു പ്രവണത.
വ്യായാമവും അതോടൊപ്പം കാൽസ്യം അകത്താക്കുന്നതും അസ്ഥിദ്രവീകരണത്തെ (osteoporosis) മന്ദീഭവിപ്പിക്കുന്നു. അസ്ഥികളിൽ ദ്വാരങ്ങളുണ്ടാകുകയും അവ ദുർബലമാകുകയും ചെയ്യുന്ന അവസ്ഥയാണ് അസ്ഥിദ്രവീകരണം. “മുറിക്കുള്ളിൽവെച്ച് ശരിയായി നടത്തുന്ന വ്യായാമങ്ങളും നടപ്പ്, ഓട്ടം, സൈക്കിൾ ചവിട്ടൽ എന്നിവയും മററു കായിക വ്യായാമങ്ങളും അതുപോലെതന്നെ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളും” വിശേഷാൽ നല്ലതെന്നു കരുതപ്പെടുന്നു എന്ന് പ്രായമാകുന്ന സ്ത്രീകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു. രസകരമെന്നു പറയട്ടെ, വാർധക്യംവരെ ആളുകൾ ശാരീരികമായി ക്രിയാത്മകരായിരിക്കുന്ന ഒററപ്പെട്ടുകിടക്കുന്ന ചില സമൂഹങ്ങളിൽ അസ്ഥിദ്രവീകരണം കണ്ടുവരുന്നില്ല. അത്തരം സ്ഥലങ്ങളിൽ സ്ത്രീകൾ 80-ഉം 90-ഉം വയസ്സുവരെ നല്ല ചിട്ടയോടെ ജീവിച്ചുപോരുന്നു. ഏതൊരു വ്യായാമ പദ്ധതിയും തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ ഡോക്ടറുമായി ആലോചിക്കുന്നതു ബുദ്ധിയായിരിക്കും.
പുകച്ചിലിനെ തരണം ചെയ്യൽ
മിക്ക സ്ത്രീകൾക്കും പുകച്ചിൽ അനുഭവപ്പെടുന്നത് ഒരു ശല്യമാണ്. ചിലർക്ക് ഇത് ഒരു വലിയ പ്രശ്നംതന്നെയാണ്. എന്തുകൊണ്ടെന്നാൽ ഒന്നുകിൽ അവ വളരെ കൂടെക്കൂടെ ഉണ്ടാകുന്നു, അല്ലെങ്കിൽ അവ ഉറക്കത്തെ സ്ഥിരം തടസ്സപ്പെടുത്തുന്നു. എന്തു ചെയ്യാൻ കഴിയും?
ഒന്നാമതായി, പരിഭ്രമിക്കാതിരിക്കുക. സാഹചര്യത്തോടൊപ്പം ഉത്കണ്ഠ കൂടെയാകുമ്പോൾ അത് മോശമായി തീരുകയേ ഉള്ളൂ. ഊർജസ്വലമായി നിരന്തരം വ്യായാമം ചെയ്യുന്നതു പ്രയോജനപ്രദമാണ്. എന്തുകൊണ്ടെന്നാൽ അത്യധികമായ ചൂടിനെ തരണം ചെയ്യാനും കൂടുതൽ വേഗം തണുക്കാനും പഠിക്കാൻ അതു ശരീരത്തെ സഹായിക്കുന്നു. കൂടാതെ ഒരു ഗ്ലാസ്സ് തണുത്ത വെള്ളം കുടിക്കുന്നതോ തണുത്ത വെള്ളത്തിൽ കൈകൾ മുക്കിവെക്കുന്നതോ പോലെയുള്ള ചെറിയ കാര്യങ്ങളും പരീക്ഷിച്ചുനോക്കുക.
കൂടാതെ, അയവുള്ള വസ്ത്രങ്ങൾ അടുക്കായി ധരിക്കുന്നത് ഒരു ശീലമാക്കുക. അവ എളുപ്പത്തിൽ ഊരാനോ ഇടാനോ കഴിയുമല്ലോ. കൃത്രിമ വസ്ത്രങ്ങളെക്കാളധികം പരുത്തിയും ലിനനും വിയർപ്പ് ആവിയായിപ്പോകാൻ കൂടുതൽ സഹായിക്കുന്നു. രാത്രിയിൽ അടുക്കു സമീപനം പരീക്ഷിക്കുക, അതായത്, ആവശ്യാനുസരണം വെവ്വേറെ ഇടുകയോ നീക്കംചെയ്യുകയോ ചെയ്യാൻ പററുന്നവിധത്തിൽ പല പുതപ്പുകൾ ഉപയോഗിക്കുക. ഉറങ്ങുമ്പോൾ ധരിക്കുന്ന മറെറാരു വസ്ത്രവും സമീപത്തു വയ്ക്കുക.
നിങ്ങൾക്കു പെട്ടെന്നു പുകച്ചിലുണ്ടാക്കുന്നത് എന്താണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുക. മദ്യം, കഫീൻ, പഞ്ചസാരകൾ, എരിവുള്ളതും മസാലചേർത്തതുമായ ആഹാരങ്ങൾ എന്നിവയുടെ ഉപഭോഗം പുകയിലപോലെതന്നെ ദോഷംചെയ്യും. പുകച്ചിൽ അനുഭവപ്പെടുന്നത് എപ്പോൾ എവിടെവെച്ചാണെന്നുള്ള വിവരത്തിന്റെ ഒരു ഡയറി സൂക്ഷിക്കുന്നത് അവയ്ക്കിടയാക്കുന്ന ആഹാരപദാർഥങ്ങളും പ്രവർത്തനങ്ങളും തിരിച്ചറിയാൻ നിങ്ങളെ സഹായിച്ചേക്കാം. എന്നിട്ട് ഈ കാര്യങ്ങൾ ഒഴിവാക്കുക.
പോഷകപ്രദമായ ഔഷധങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർ ശുപാർശ ചെയ്യുന്നതു പുകച്ചിൽ ലഘൂകരിക്കാനുള്ള വിവിധ പ്രതിവിധികളായി വിററാമിൻ ഇ, ഈവനിങ് പ്രിംറോസ് എണ്ണ എന്നിവയും ജിൻസെങ്, ഡോങ് ക്വെയ്, ബ്ലാക്ക് കൊഹൊഷ് തുടങ്ങിയ ഓഷധികളും ഉപയോഗിക്കാനാണ്. ചില ഡോക്ടർമാർ പറയുന്നതനുസരിച്ച്, നിർദേശിക്കപ്പെടുന്ന മരുന്നുകളായ ബില്ലെർഗലും ക്ലോണിഡിനും ആശ്വാസം നൽകുന്നു. എന്നാൽ ഈസ്ട്രജൻ ഗുളികകൾ അല്ലെങ്കിൽ ഈസ്ട്രജൻ പാച്ചുകൾ ഏററവും ഫലപ്രദമായിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു.a
പച്ചക്കറികളുടെയോ പഴങ്ങളുടെയോ എണ്ണ, വിററാമിൻ-ഇ എണ്ണ, മയപ്പെടുത്തുന്ന ജെല്ലികൾ ഇവ പുരട്ടിയാൽ യോനിയിലുണ്ടാകുന്ന വരൾച്ച മാററാൻ കഴിയും. ഇവ മതിയാകുന്നില്ലെങ്കിൽ യോനീ ഭിത്തി കട്ടിയും മയവുമുള്ളതാക്കിത്തീർക്കാൻ ഈസ്ട്രജൻ ക്രീം സഹായിക്കും. ഏതൊരു പദ്ധതിയും തുടങ്ങുന്നതിനുമുമ്പ് ആദ്യം ഒരു ഡോക്ടറുമായി ആലോചിക്കുന്നതു ബുദ്ധിയാണ്.
സമ്മർദം സംബന്ധിച്ചെന്ത്?
ഒരു സ്ത്രീക്ക് ആർത്തവവിരാമത്തോടൊപ്പം വരുന്ന ഹോർമോൺപരവും ശാരീരികവുമായ മാററങ്ങൾ കൈകാര്യം ചെയ്യേണ്ടപ്പോൾത്തന്നെ പലപ്പോഴും മററു സമ്മർദപൂർണമായ സംഭവങ്ങളെയും നേരിടേണ്ടിവരുന്നു. അവയിൽ കുറെയെണ്ണം മുൻ ലേഖനത്തിൽ പരാമർശിച്ചിരുന്നല്ലോ. അതേസമയം തന്നെ ഒരു പേരക്കിടാവിന്റെ ജനനമോ കുട്ടികൾ വീടുവിട്ടു പോയതിനുശേഷം പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ പോലുള്ള ക്രിയാത്മകമായ കാര്യങ്ങൾ പ്രതികൂലമായ സമ്മർദത്തെ നേരിടാൻ സഹായിക്കുന്നു.
സ്വാഭാവിക ആർത്തവവിരാമം എന്ന തങ്ങളുടെ പുസ്തകത്തിൽ സൂസൻ പെറിയും ഡോ. കാത്റൻ എ. ഒ’ഹൻലനും സമ്മർദത്തെ മെച്ചമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില പ്രായോഗിക നിർദേശങ്ങൾ നൽകുന്നു. സമ്മർദത്തിന്റെ സ്രോതസ്സുകൾ തിരിച്ചറിയേണ്ടതിന്റെയും ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾക്കു മാററംവരുത്തേണ്ടതിന്റെയും ആവശ്യം അവർ ചൂണ്ടിക്കാട്ടുന്നു. നിത്യരോഗിയായ ഒരു കുടുംബാംഗത്തിനുവേണ്ടി കരുതുന്നതിൽ സഹായം തേടുന്നതിനെ ഇത് അർഥമാക്കിയേക്കാം. “നിങ്ങൾതന്നെ കാര്യങ്ങൾ മിതമായി ക്രമീകരിക്കുക. ഒത്തിരി കാര്യങ്ങൾ പട്ടികയിലുൾപ്പെടുത്തുന്നത് ഒഴിവാക്കാൻ ശ്രമം ചെയ്യുക . . . നിങ്ങളുടെ ശരീരത്തിനു ശ്രദ്ധകൊടുക്കുക,” അവർ ഉദ്ബോധിപ്പിക്കുന്നു. അവർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മററുള്ളവർക്ക് ഒരു സേവനം ചെയ്യുന്നത് . . . സമ്മർദത്തെ ലഘൂകരിക്കുന്ന ഒരു വലിയ ഘടകമായിരിക്കാൻ കഴിയും. . . . നിത്യം വ്യായാമം ചെയ്യുക. . . . നിങ്ങളുടെ ജീവിതത്തിൽ സമ്മർദം അനിയന്ത്രിതമാകുന്നെങ്കിൽ വിദഗ്ധ സഹായം തേടുക.”
കുടുംബാംഗങ്ങൾക്കു സഹായിക്കാൻ കഴിയും
ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീക്കു വൈകാരിക ഗ്രാഹ്യവും പ്രായോഗിക പിന്തുണയും ആവശ്യമാണ്. ഉത്കണ്ഠയുടെ ഘട്ടങ്ങൾ അസഹ്യപ്പെടുത്തുമ്പോൾ എന്തു ചെയ്യുമെന്നു വിശദീകരിക്കവേ ഒരു ഭാര്യ ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ ഭർത്താവുമായി കാര്യങ്ങൾ ചർച്ചചെയ്യും. അദ്ദേഹം അനുകമ്പയോടെ കാര്യങ്ങൾ മനസ്സിലാക്കി കഴിയുമ്പോൾ എന്റെ ഉത്കണ്ഠാകുലമായ മാനസികാവസ്ഥ ആക്കിത്തീർത്തതുപോലെ പ്രശ്നങ്ങൾ അത്ര വലുതായിരുന്നില്ല എന്നു ഞാൻ മനസ്സിലാക്കും.”
ആർത്തവവിരാമത്തിലൂടെ കടന്നുപോകുമ്പോൾ ഭാര്യയ്ക്ക് എല്ലായ്പോഴും സാധാരണപോലെതന്നെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും സംവേദകത്വമുള്ള ഒരു ഭർത്താവ് തിരിച്ചറിയുന്നു. അതുകൊണ്ട് അദ്ദേഹം ഒരുപക്ഷേ വസ്ത്രങ്ങൾ കഴുകൽ, ആഹാരസാധനങ്ങൾ വാങ്ങാൻ കടയിൽപോകൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തുകൊണ്ട് കുടുംബ ഉത്തരവാദിത്വങ്ങളിൽ സഹായിക്കുന്നതിനു മുൻകൈ എടുക്കാൻ ജാഗരൂകനായിരിക്കും. ആർദ്രാനുകമ്പയോടെ, അദ്ദേഹം ഭാര്യയുടെ ആവശ്യങ്ങൾ തന്റെ സ്വന്തം ആവശ്യങ്ങൾക്കു മുമ്പിൽവെക്കും. (ഫിലിപ്പിയർ 2:4) ചിലപ്പോൾ ഒരു ഊണിനുവേണ്ടി പുറത്തുപോകാനോ അല്ലെങ്കിൽ മറേറതെങ്കിലും രീതിയിൽ ദിനചര്യയിൽ രസകരമായ ഒരു മാററംവരുത്താനോ അദ്ദേഹം നിർദേശിച്ചേക്കാം. അദ്ദേഹം കഴിയുന്നിടത്തോളം വിയോജിപ്പ് ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനുള്ള അവളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
എല്ലാററിലുമുപരിയായി, ഭർത്താവിന്റെ തുടർച്ചയായ സ്നേഹം നിരന്തരം ഉറപ്പുവരുത്തിക്കിട്ടാനുള്ള ഭാര്യയുടെ ആവശ്യം അദ്ദേഹം നിവർത്തിച്ചുകൊടുക്കും. വ്യക്തിപരമായ കാര്യങ്ങൾ സംബന്ധിച്ചു തന്റെ ഭാര്യയെ കളിയാക്കാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം വിവേചിക്കുകയും തിരിച്ചറിയുകയും വേണം. സ്നേഹപുരസ്സരമായ ഒരു രീതിയിൽ തന്റെ ഭാര്യയെ പരിചരിക്കുന്ന ഒരു ഭർത്താവ് ‘സ്ത്രീ എന്നോർത്ത് അവൾക്ക് ബഹുമാനം കൊടുത്തുകൊണ്ട് വിവേകത്തോടെ അവളോടുകൂടെ വസിക്കുക’ എന്ന തിരുവെഴുത്തുപരമായ താക്കീത് പിൻപററുന്നു.—1 പത്രൊസ് 3:7, NW.
അതുപോലെതന്നെ, കുട്ടികളും തങ്ങളുടെ മാതാവിന്റെ പെട്ടെന്നുള്ള വൈകാരിക മാററങ്ങളുടെ കാരണം മനസ്സിലാക്കാൻ ഒരു ആത്മാർഥ ശ്രമം നടത്തണം. സ്വകാര്യ സമയത്തിനുവേണ്ടിയുള്ള അവളുടെ ആവശ്യം അവർ തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ മാതാവിന്റെ ഭാവങ്ങളോടു സംവേദകത്വം പ്രകടിപ്പിക്കുന്നത് അവൾക്കുവേണ്ടി അവർ യഥാർഥത്തിൽ കരുതുന്നുവെന്ന് വീണ്ടും വീണ്ടും ഉറപ്പുനൽകുന്ന ഒരു സന്ദേശം നൽകും. അതേസമയം, അവളുടെ പ്രവചനാതീതമായ സ്വഭാവത്തെ തമാശയാക്കുന്നത് സാഹചര്യത്തെ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. എന്താണു സംഭവിക്കുന്നത് എന്നു മെച്ചമായി മനസ്സിലാക്കാൻ തക്കവണ്ണം ഉചിതമായ ചോദ്യങ്ങൾ ചോദിക്കുക. ആവശ്യപ്പെടാതെതന്നെ വീട്ടുജോലികളിൽ സഹായിക്കുക. ജീവിതത്തിലെ ഈ ഘട്ടത്തിൽ മാതാവിനെ സഹായിക്കുന്നതിനുള്ള ചില മാർഗങ്ങൾ മാത്രമാണ് ഇവ.
ആർത്തവവിരാമം കഴിഞ്ഞുള്ള ജീവിതം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഈ അധ്യായം അവസാനിക്കുമ്പോൾ പലപ്പോഴും അനേക വർഷങ്ങൾ പിന്നെയും മുന്നിൽ കിടപ്പുണ്ടാവും. അവൾ നേടിയിരിക്കുന്ന ജ്ഞാനവും അനുഭവപരിചയവും വിലതീരാത്തതാണ്. “അമ്പതുകളിലുള്ള സ്ത്രീകൾ, തങ്ങൾ ജീവിതത്തിൽ മുമ്പ് ഏതു ഘട്ടത്തിൽ അനുഭവിച്ചതിനെക്കാളും വലിയതോതിൽ ക്ഷേമം അനുഭവിക്കുന്നെന്നു സ്വയം റിപ്പോർട്ടു ചെയ്യുന്നതായി പ്രായപൂർത്തിയായ അറുപതിനായിരം അമേരിക്കക്കാരെ”ക്കുറിച്ച് എഴുത്തുകാരനായ ഗെയ്ൽ ഷീഹി നടത്തിയ പഠനങ്ങൾ “സ്ഥാപിച്ചു”.
അതേ, ഈ പരിവർത്തന വർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള പല സ്ത്രീകളും പുതുക്കം പ്രാപിച്ച ഒരു വീക്ഷണഗതി കണ്ടെത്തുന്നു. അവരുടെ നിർമാണാത്മകതയ്ക്കു പുതുജീവൻ ലഭിക്കുന്നു. ഉത്പാദനക്ഷമമായ പ്രവർത്തനത്തിൽ സ്വയം ഏർപ്പെട്ടുകൊണ്ട് അവർ ജീവിതം തുടരുന്നു. “ഞാൻ എന്റെ മനസ്സിനെ ക്രിയാത്മകമായി നിർത്തുന്നു. ഞാൻ പുതിയ കാര്യങ്ങൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു,” ആർത്തവവിരാമം പിന്നിട്ട ഒരു സ്ത്രീ പറഞ്ഞു. അവൾ ഇപ്രകാരം കൂട്ടിച്ചേർത്തു: “എനിക്ക് അൽപ്പം വേഗത കുറവായിരിക്കാം. എന്നാൽ ഇത് എന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ഞാൻ കൂടുതലായ അനേകം വർഷങ്ങളിലേക്കു നോക്കിപ്പാർത്തിരിക്കുകയാണ്.”
“ആർത്തവവിരാമാനന്തര അവസ്ഥയിൽ ഊർജസ്വലതയും സ്വാഭിമാനവും ആസ്വദിക്കുന്നവർ ബുദ്ധി, വിവേചന, നിർമാണാത്മകത, അല്ലെങ്കിൽ ഉറച്ച ആത്മീയത എന്നിവയ്ക്ക് ഒന്നാം സ്ഥാനംകൊടുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്ന്” സ്ത്രീകളെ അഭിമുഖം നടത്തവേ ഷീഹി കണ്ടെത്തിയത് അർഥവത്തായിരുന്നു. ബൈബിളിനെപ്പററിയുള്ള അറിവും ഗ്രാഹ്യവും വർധിപ്പിക്കാനും അതിന്റെ വിലയേറിയ മൂല്യങ്ങൾ മററുള്ളവർക്കു പഠിപ്പിച്ചു കൊടുക്കാനും സന്തോഷപൂർവം അർപ്പിതരായിരിക്കുന്ന അത്തരം സ്ത്രീകളുടെ ഒരു കൂട്ടമുണ്ട്.—സങ്കീർത്തനം 68:11.
ജീവിതത്തെ സംബന്ധിച്ചു ക്രിയാത്മകമായ ഒരു വീക്ഷണം പുലർത്തുകയും അർഥവത്തായ ജോലി ചെയ്യുകയും ചെയ്യുന്നതിനു പുറമേ, സ്നേഹവാനായ നമ്മുടെ സ്രഷ്ടാവ് നമ്മുടെ വികാരങ്ങൾ അറിയുകയും നമുക്കുവേണ്ടി യഥാർഥത്തിൽ കരുതുകയും ചെയ്യുന്നുവെന്ന് സ്വയം ഓർക്കുന്നത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സംബന്ധിച്ചും ജ്ഞാനമാണ്. (1 പത്രൊസ് 5:7) തീർച്ചയായും, മേലാൽ രോഗമോ കഷ്ടതയോ മരണം പോലുമോ ഇല്ലാത്ത നീതിയുള്ള ഒരു പുതിയ ലോകത്തിൽ നിത്യജീവിതം ആസ്വദിക്കാനായി തന്നെ സേവിക്കുന്ന എല്ലാവർക്കും വേണ്ടി യഹോവയാം ദൈവം കരുതൽ ചെയ്തിരിക്കുന്നു.—2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4.
അതുകൊണ്ട് ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന നിങ്ങൾ അത് ജീവിതത്തിലെ ഒരു ഘട്ടമാണെന്ന് ഓർമിക്കുക. നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിന്റെ സേവനത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കുന്നപക്ഷം സമൃദ്ധമായ പ്രതിഫലം കൈവരുത്തുന്ന വർഷങ്ങളിലെ ജീവിതം വിട്ടുതന്നുകൊണ്ട് അതു കടന്നുപൊയ്ക്കൊള്ളും.
[അടിക്കുറിപ്പുകൾ]
a ഉണരുക! ഏതെങ്കിലും പ്രത്യേക രൂപത്തിലുള്ള വൈദ്യ ചികിത്സ ശുപാർശ ചെയ്യുന്നില്ല
[8-ാം പേജിലെ ചതുരം]
ഈസ്ട്രജൻ പകര ചികിത്സ സംബന്ധിച്ചെന്ത്?
ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലെ രണ്ടു മുഖ്യ രോഗകാരണങ്ങളായ ഹൃദ്രോഗത്തിനും അസ്ഥിദ്രവീകരണത്തിനുമെതിരെ ഈസ്ട്രജൻ സംരക്ഷണം നൽകിയേക്കാം. ഈസ്ട്രജന്റെ അളവു കുറയുമ്പോൾ ഈ രോഗങ്ങൾ വികാസം പ്രാപിച്ചു തുടങ്ങുകയും അഞ്ചോ പത്തോ വർഷംകൊണ്ട് അവ പ്രകടമായിത്തീരുകയും ചെയ്യുന്നു. ഈ രോഗങ്ങളെ തടയുന്നതിന് ഈസ്ട്രജൻ പകര ചികിത്സ അഥവാ ഹോർമോൺ (ഈസ്ട്രജൻ ആൻഡ് പ്രോജസ്റററോൺ) പകര ചികിത്സ ശുപാർശചെയ്യപ്പെട്ടിരിക്കുന്നു.
ഈസ്ട്രജൻ പകരം നൽകുമ്പോൾ അത് അസ്ഥിയുടെ ദ്രവീകരണ നിരക്കു കുറയ്ക്കുകയും ഹൃദ്രോഗത്തിന്റെ സമാരംഭത്തെ അകററിനിർത്തുകയും ചെയ്യുന്നു. ഹോർമോൺ പകര വ്യവസ്ഥയിൽ പ്രോജസ്റററോൺ ചേർക്കുമ്പോൾ അത് സ്തനത്തിന്റെയും ഗർഭാശയത്തിന്റെയും കാൻസർ സാധ്യത കുറയ്ക്കുന്നു. എന്നാൽ ഹൃദ്രോഗത്തെ തടയുന്നതിനുള്ള ഈസ്ട്രജന്റെ ഫലത്തെ നിർവീര്യമാക്കുന്നു.
ഹോർമോൺ പകര ചികിത്സ ഉപയോഗിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം ഓരോ സ്ത്രീയുടെയും സാഹചര്യം, ആരോഗ്യം, കുടുംബ ചരിത്രം എന്നിവയുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.b
[അടിക്കുറിപ്പുകൾ]
b 1991 സെപ്ററംബർ 22 ഉണരുക!യിലെ (ഇംഗ്ലീഷ്) 14-16 പേജുകൾ കാണുക.
[9-ാം പേജിലെ ചതുരം]
ഏത് ആഹാരക്രമമാണ് ഏററവും നല്ലത്?
പിൻവരുന്ന നിർദേശങ്ങൾ സൂസൻ പെറിയും ഡോ. കാത്റിൻ എ. ഒ’ഹൻലനും എഴുതിയ സ്വാഭാവിക ആർത്തവവിരാമം—ഒരു സ്ത്രീയുടെ ഏററവും കൂടുതൽ തെററിദ്ധരിക്കപ്പെടുന്ന പരിവർത്തനത്തിനുള്ള പൂർണ സഹായി എന്ന പുസ്തകത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്.
മാംസ്യം
● നിങ്ങൾ കഴിക്കുന്ന മാംസ്യത്തിന്റെ അളവ് കഴിക്കുന്ന ആകെ കലോറിയുടെ 15 ശതമാനമാക്കി കുറയ്ക്കുക. അതിലൊട്ടും കുറയരുത്.
● നിങ്ങൾ കഴിക്കുന്ന മാംസ്യത്തിലധികവും പച്ചക്കറികളിൽനിന്നായിരിക്കട്ടെ. മൃഗങ്ങളിൽനിന്ന് കുറച്ചുമാത്രം എടുക്കുക.
അന്നജങ്ങൾ
● ഉമി കളയാത്ത ധാന്യങ്ങൾ, റൊട്ടി, പസ്ത, ബീൻസ്, പരിപ്പുകൾ, ചോറ്, പച്ചക്കറികൾ, പഴങ്ങൾ എന്നിങ്ങനെയുള്ള കൂടുതൽ കോംപ്ലക്സായ അന്നജങ്ങൾ കഴിക്കുക.
● പഞ്ചസാരയും പഞ്ചസാര വളരെയധികം അടങ്ങിയിട്ടുള്ള ആഹാരങ്ങളും കുറച്ചുമാത്രം കഴിക്കുക.
● നാരുകൾ സമൃദ്ധമായിട്ടുള്ള ആഹാരം കൂടുതൽ കഴിക്കുക.
കൊഴുപ്പുകൾ
● നിങ്ങൾ അകത്താക്കുന്ന കൊഴുപ്പിന്റെ ആകെയുള്ള അളവ് മൊത്തം കലോറിയുടെ 25 മുതൽ 30 ശതമാനമാക്കി കുറയ്ക്കുക.
● കൊഴുപ്പിന്റെ മൊത്തത്തിലുള്ള ഉപയോഗം കുറയ്ക്കുക. ‘ചീത്തക്കൊഴുപ്പി’നെക്കാൾ (സാച്ചുറേററഡ്) ‘നല്ലകൊഴുപ്പി’ന്റെ (പോളിഅൺസാച്ചുറേററഡ്) അനുപാതം വർധിപ്പിക്കുക.
ജലം
● എട്ട് ഔൺസ് ഗ്ലാസ്സിന് ആറുമുതൽ എട്ടുവരെ ഗ്ലാസ്സ് വെള്ളം ദിവസവും കുടിക്കുക.
വിററാമിനുകളും ധാതുക്കളും
● ദിവസവും വിവിധ ഇനങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക.
● പാലും പാലുത്പന്നങ്ങളും മുട്ടഗോസും പച്ചിലകളുള്ള പച്ചക്കറികളും കാൽസ്യത്തിന്റെ നല്ല ഉറവിടങ്ങളാണ്.
[10-ാം പേജിലെ ചിത്രങ്ങൾ]
സഹായിക്കാനായി കുടുംബാംഗങ്ങൾക്കു ചെയ്യാൻ കഴിയുന്നത്: സ്നേഹം കാണിക്കുക, വീട്ടുജോലികളിൽ സഹായിക്കുക, ശ്രദ്ധാലുവായ ഒരു ശ്രോതാവായിരിക്കുക, ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾക്കു മാററംവരുത്തുക