ഷിങ്കൽസ്—വേദനയെ തരണം ചെയ്യൽ
“കണ്ണിന്റെ പുറകിലത്തെ ശക്തമായ വേദന എന്നെ ഭയപ്പെടുത്തിക്കളഞ്ഞു. ബ്രെയിൻ ട്യൂമർ വളരുകയാണെന്നോർത്തു ഞാൻ വിഷമിച്ചു,” ആൻ അനുസ്മരിക്കുന്നു.
“എഴുന്നേററപ്പോൾ പാർശ്വഭാഗത്ത് പതിവില്ലാതെ വല്ലാത്ത അസ്വാസ്ഥ്യം തോന്നിയപ്പോൾ അത് അപ്പെൻറിസൈററിസ് ആണെന്നാണു ഞാൻ വിചാരിച്ചത്,” ജീൻ ഓർമിക്കുന്നു.
“മുമ്പ് എനിക്ക് ത്വക്ക് വ്രണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ത്വക്കിനടിയിൽ ഇത്ര വിഷമം ഉളവാക്കുന്നത് എന്തുകൊണ്ടെന്ന് ഞാൻ അത്ഭുതപ്പെട്ടു,” ദിലിപ് വിവരിക്കുന്നു.
ഷിങ്കൽസ് കൃത്യമായി എന്താണ്? ഈ രോഗത്തെ സാധാരണജനങ്ങൾ വിളിക്കുന്ന ഈ പേര് (“ഒരു അരക്കെട്ട്” അഥവാ “ഒരു ബെൽറ്റ്” എന്നർഥമുള്ള) പഴയപദമായ സെങ്കൽസിൽനിന്നു വരുന്നതാണ്. ഇത് “അരപ്പട്ട” എന്നർഥമുള്ള ലാററിൻ പദമായ കിങ്കുലത്തിൽനിന്ന് ഉരുത്തിരിയുന്നതാണ്. അതുകൊണ്ട്, ഈ പദത്തിന് മേൽക്കൂരകളിൽ ഉപയോഗിക്കുന്ന ഓടുമായി ഒരു ബന്ധവുമില്ല.
വൈദ്യശാസ്ത്രപരമായി അത് അറിയപ്പെടുന്നത് ഹെർപ്പസ് സോസ്ററർ (“ഇഴയുക” എന്നർഥമുള്ള ഹെർപ്പോയിൽനിന്നു വന്നിട്ടുള്ള ഹെർപ്പസ് എന്നും “അരപ്പട്ട” എന്നർഥമുള്ള സോസ്ററർ എന്നും ഉള്ള ഗ്രീക്കുപദങ്ങളിൽനിന്നു വന്നത്) എന്നാണ്. ഷിങ്കൽസ് ഉണ്ടാക്കുന്ന ഹെർപ്പസ് വൈറസ് ഇന്ദ്രിയബോധവാഹക നാഡികളിലൂടെ (sensory nerve) രഹസ്യമായി ഇഴഞ്ഞുനീങ്ങുന്നു, അതിന്റെ പേരിനു ചേർച്ചയിൽത്തന്നെ. അത് ഉടലിനെ കൂടെക്കൂടെ അതിന്റെ വേദനാകരമായ പരുക്കളാൽ പാമ്പാകൃതിയിൽ വലയം ചെയ്യുന്നു. വീർത്തിരിക്കുന്ന നാഡിക്കു പലപ്പോഴുമുണ്ടാകുന്ന വിങ്ങുന്നവേദന തീവ്രമായിരിക്കാൻ കഴിയും. അതുകൊണ്ടാണ് “കഠിന വേദന” എന്ന പദം ചില ഡോക്ടർമാർ ഉപയോഗിക്കുന്നത്.
പനി, വിറയൽ, സാധാരണയുണ്ടാകുന്ന അസ്വാസ്ഥ്യം എന്നിങ്ങനെ ഷിങ്കൽസിന്റെ ആദ്യ ലക്ഷണങ്ങൾ ഇൻഫ്ളൂവൻസായുടേത് (flu) പോലെതന്നെയാണ്, എന്നാൽ ഹൃദയാഘാതമോ ബ്രെയിൻ ട്യൂമറോ ഗുരുതരമായ മറേറതെങ്കിലും അവസ്ഥയോ ആണെന്നും തെററിദ്ധരിച്ചേക്കാം. മരവിപ്പ്, തൊലിപ്പുറമേ തോന്നുന്ന തരിപ്പ്, ഒടുവിൽ തീക്ഷ്ണവും അതികഠിനവുമായ വേദനയായിമാറുന്ന ശക്തമായ പൊള്ളൽ അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടൽ ഇവയാണ് ഷിങ്കൽസ് രോഗികളുടെ ഏററവും സാധാരണമായ പരാതികൾ.
ലക്ഷണങ്ങൾ പ്രകടമായി ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളിൽ, വൈറസ് ആക്രമണമുണ്ടായ ഇന്ദ്രിയബോധവാഹക നാഡികളിലുടനീളം ചൊറിച്ചിലോടുകൂടി ഒരു നിര ചുവന്ന കുരുക്കൾ പ്രത്യക്ഷമാകുന്നു. സാധാരണമായി അരക്കെട്ടിനു മുകളിൽ ശരീരത്തിന്റെ ഒരു വശത്തു മാത്രമായാണ് ഇവ ഉണ്ടാകാറ്. രോഗംബാധിച്ച നാഡീകന്ദങ്ങൾ (ganglia) ഏതാണെന്നതനുസരിച്ച് വാരിക്കൂട്, മുതുകിന്റെ താഴ്ഭാഗം, നെഞ്ച്, കഴുത്ത്, നെററി അല്ലെങ്കിൽ കണ്ണുകൾ എന്നിവിടങ്ങളിലാണു കുരുക്കൾ സാധാരണമായി ഉണ്ടാകുന്നത്. ഈ ത്വക്കുസ്ഫോടങ്ങൾ പെട്ടെന്നുതന്നെ ചെറുകുമിളകളുടെ അഥവാ വെള്ളംനിറഞ്ഞ കുരുക്കളുടെ കൂട്ടങ്ങളായി വികാസം പ്രാപിക്കുന്നു. അതുകണ്ടാൽ വിഷവള്ളിച്ചെടി (poison ivy) കാണുന്നതുപോലെ തോന്നിക്കും. ഏതാണ്ട് പത്തു ദിവസംകൊണ്ട് ഇവയിൽ പൊററവന്ന് പൊഴിഞ്ഞുതുടങ്ങുന്നു. പല കേസുകളിലും ഷിങ്കൽസ് ആക്രമിച്ചതിന്റെ ഓർമകളായി പാടുകളും വിട്ടുമാറാത്ത വേദനയും പിന്നെയും നിൽക്കുന്നു.
കാരണങ്ങൾ, കാലാവധി, രോഗപൂർവനിരൂപണം
ഷിങ്കൽസ് പിടിപെടുന്നത് എങ്ങനെയാണ്? രോഗിക്ക് സ്വയം രോഗാണുബാധയുണ്ടാകാനാണു സാധ്യത. ഷിങ്കൽസിന് ഇടയാക്കുന്ന ഹെർപ്പസ് വൈറസ് (വാരിസെല്ല സോസ്ററർ) ചിക്കൻ പോക്സുണ്ടാക്കുന്ന ഉയർന്ന സാംക്രമികതയുള്ള വൈറസ് തന്നെയാണെന്ന് മെഡിക്കൽ ഗവേഷകർ എല്ലാ പ്രകാരേണയും സ്ഥിരീകരിച്ചിരിക്കുന്നു. ഷിങ്കൽസുള്ള ഒരാളിൽനിന്നു മറെറാരാൾക്ക് (സാധാരണമായി ഒരു കുട്ടിക്ക്) ചിക്കൻ പോക്സ് ഉണ്ടാകാൻ കഴിയുന്നതിന്റെ കാരണം ഇതു വിശദമാക്കുന്നു. പക്ഷേ, ഷിങ്കൽസ് ഉണ്ടാകണമെങ്കിൽ ഒരാൾക്ക് ആദ്യംതന്നെ ചിക്കൻ പോക്സ് വന്നിരിക്കണം.
ചിക്കൻ പോക്സ് വന്നു കഴിഞ്ഞാൽ, സാധാരണമായി ബാല്യാരംഭത്തിൽ, വന്നു കഴിഞ്ഞാൽ വാരിസെല്ല-സോസ്ററർ വൈറസിനെ പ്രതിരോധവ്യവസ്ഥ ശരീരത്തിൽനിന്നു പൂർണമായും പുറന്തള്ളുന്നില്ല. അത് വളരെ അകലെയുള്ള ഒരു നാഡീകേന്ദ്രത്തിലേക്കു (ഇത് സുഷുമ്നായുടെയോ തലയോട്ടിയുടെയോ ഭാഗമായിരിക്കണമെന്നു ഗവേഷകർ വിചാരിക്കുന്നു) യാത്രചെയ്യുന്നു. വീണ്ടും ആക്രമിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ കണ്ടെത്തുംവരെ അത് അവിടെ സമാധി അവസ്ഥയിൽ ആയിരിക്കുന്നു. ഈ ആക്രമണം പലപ്പോഴും വർഷങ്ങൾക്കുശേഷം പ്രതിരോധവ്യവസ്ഥ ദുർബലമായിത്തുടങ്ങുമ്പോഴായിരിക്കും.
പൊതുവേ ജനങ്ങളുടെ 10 മുതൽ 20 വരെ ശതമാനത്തിന് തങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത് ഷിങ്കൽസ് പിടിപെടുമെന്നിരിക്കെ രോഗം ബാധിക്കാൻ ഏററവും സാധ്യതയുള്ളവർ 50 വയസ്സിനുമേൽ പ്രായമുള്ളവരാണ്. 85-നോടടുക്കുന്നവരിൽ ഏതാണ്ട് പകുതിക്ക് ഈ രോഗം ഉണ്ടായിട്ടുണ്ടെന്നു ഗവേഷകർ കണക്കാക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ബാധിക്കപ്പെടുന്നു. രോഗം ആവർത്തിച്ചു വരാവുന്നതാണ്, എന്നാൽ ഏതാണ്ട് വെറും 2 മുതൽ 4 വരെ ശതമാനത്തിനുമാത്രമേ രോഗം വീണ്ടും ഉണ്ടാകാറുള്ളൂ എന്നറിയുന്നത് കുറച്ച് ആശ്വാസമാണ്.
ഗുരുതരമായ രോഗം, അസാധാരണ സമ്മർദം, ദീർഘനാളത്തെ ക്ഷീണം അല്ലെങ്കിൽ ജീവിതത്തിലെ മറെറന്തെങ്കിലും കുഴപ്പങ്ങൾ എന്നിവയുടെ ഒരു ഘട്ടം കഴിയുമ്പോഴാണ് മിക്കപ്പോഴും ഷിങ്കൽസിന്റെ കൊണ്ടുപിടിച്ച ആക്രമണം ഉണ്ടാകുന്നത്. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സ അല്ലെങ്കിൽ പ്രതിരോധ വ്യവസ്ഥയെ അപകടത്തിലാക്കുന്നതോ തളർത്തുന്നതോ ആയ മററു നടപടികൾ എന്നിവയ്ക്കു ശേഷമായിരിക്കാം ഇതു വരുന്നത്. ചിക്കൻ പോക്സ് വൈറസ് രണ്ടാമത് ആക്രമിക്കുമ്പോൾ ഉണ്ടാകുന്നത് വീണ്ടും ചിക്കൻ പോക്സല്ല. പിന്നെയോ ചിക്കൻ പോക്സിന്റെ പൊതുവായ ചില സ്വഭാവങ്ങളുള്ള ഷിങ്കൽസാണ്. ഈ സ്വഭാവങ്ങളിൽ പല ഘട്ടങ്ങളിലായി ഉണ്ടാകുന്ന ത്വക്സ്ഫോടങ്ങളും ചെറുകുമിളകളും പൊററകളും ഉൾപ്പെടുന്നു. എങ്കിലും ഷിങ്കൽസ് ഒരു വ്യത്യസ്ത രോഗമാണ്.
ഷിങ്കൽസ് എത്ര ഗുരുതരമാണ്, ഒരു ആക്രമണം എത്രനാൾ നിൽക്കും? ഷിങ്കൽസ് വളരെ വേദനാകരമാണെങ്കിലും രോഗം ജീവന് അപൂർവമായേ ഭീഷണിയുയർത്തുന്നുള്ളൂ. എന്നാൽ രോഗം ഉണ്ടായിക്കഴിഞ്ഞാൽപ്പിന്നെ, വൈറസ്ബാധയുടെ ഈ പൊട്ടിത്തെറിക്കലിനെ കൈകാര്യം ചെയ്യുന്നതിനു ശരീരം പ്രതിരോധശക്തി വളർത്തിയെടുക്കവേ ആഴ്ചകളോളം തുടർച്ചയായ വേദന സഹിക്കാൻ തയ്യാറെടുത്തുകൊള്ളുക. രോഗത്തിന്റെ കാലാവധി മിക്കകേസുകളിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും പരുക്കൾ ഭേദമാകാൻ നാല് ആഴ്ചകൾവരെ എടുത്തേക്കാം. ചെറുകുമിളകൾ അപ്രത്യക്ഷമായതിനുശേഷം ഷിങ്കൽസ് രോഗികൾക്ക് ഹെർപ്പസാനന്തര നാഡീവേദന എന്നറിയപ്പെടുന്ന നാഡീവേദന പല ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം പോലും അനുഭവപ്പെടുന്നത് അസാധാരണമല്ല.
അണുബാധ കണ്ണിലേക്കു വ്യാപിക്കുന്നെങ്കിൽ അത് കാഴ്ചശക്തിയെ ഗുരുതരമായി ബാധിച്ചേക്കാം, അന്ധതയ്ക്കും ഇടയാകാം. അതുകൊണ്ട് രോഗം ബാധിച്ചിരിക്കുന്നതു മുഖത്താണെങ്കിൽ ഉടൻതന്നെ ഒരു നേത്രരോഗചികിത്സാ വിദഗ്ധനെ കാണുന്നതാണു ബുദ്ധി. നേരത്തെ ചികിത്സിച്ചാൽ നേത്രസംബന്ധമായ പല ഗുരുതര കുഴപ്പങ്ങളും പലപ്പോഴും തടയാനാവും.
ചികിത്സ
ഷിങ്കൽസിനെ ഫലപ്രദമായി ചികിത്സിക്കാൻ എന്തുചെയ്യണം? പുരാതനനാളുകൾമുതൽ ഇന്നുവരെ പല പ്രതിവിധികളും പരീക്ഷിച്ചുനോക്കിയിട്ടുണ്ടെങ്കിലും സത്യസന്ധമായി പറഞ്ഞാൽ, രോഗത്തിന്റെ ഫലങ്ങൾ അല്പമൊന്നു കുറയ്ക്കുകയും രോഗത്തിന്റെ കാലയളവു കഴിയുന്നതുവരെ വേദന നിയന്ത്രിക്കുകയും ചെയ്യുന്നതിലധികം ചെയ്യുന്ന ഒരു ചികിത്സ വൈദ്യശാസ്ത്രത്തിന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പലതരത്തിലുള്ള ഹെർപ്പസ് രോഗബാധകളെ ചികിത്സിക്കുന്നതിൽ വൈറസ് വിരുദ്ധ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് അടുത്തകാലത്തു നടത്തിയ സൂക്ഷ്മാന്വേഷണങ്ങൾ ഷിങ്കൽസിന്റെ ചികിത്സയിൽ ആശാവഹമായ ചില ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, അസൈക്ലോവിർ ഒരു പ്രതിവിധിയല്ലെന്നു സമ്മതിക്കുന്നെങ്കിലും അത് വൈറസ് പെരുകുന്ന വേഗത കുറയ്ക്കുകയും ചില രോഗികളിൽ വേദനയും രോഗത്തിന്റെ കാലാവധിയും കുറയ്ക്കുകയും ചെയ്യുന്നു. ഏററവും നല്ല ഫലങ്ങൾ ലഭിക്കുന്നതിനു ചികിത്സ നേരത്തെതന്നെ ആരംഭിക്കേണ്ടതാണെന്നു ഗവേഷകർ പറയുന്നു.
800 മില്ലിഗ്രാം അസൈക്ലോവിർ ഒരു ദിവസം അഞ്ചു പ്രാവശ്യംവെച്ച് പത്തു ദിവസം വായിലൂടെ അകത്താക്കിയ ഷിങ്കൽസ് രോഗികൾക്ക് പോലിമരുന്നു (placebos) കഴിച്ചവരെക്കാൾ വ്രണങ്ങളും പൊററയും വേദനയും കാര്യമായി കുറവാണ് ഉണ്ടായത് എന്ന് യൂണിവേഴ്സിററി ഓഫ് കൊളൊറാഡോ സ്കൂൾ ഓഫ് മെഡിസിനിലെ ഒരു പഠനം തെളിയിച്ചു. അസൈക്ലോവിർ ഹെർപ്പസാനന്തര നാഡീവേദനയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് ഗവേഷകർ ഭിന്നാഭിപ്രായക്കാരാണ്. മറെറാരു വൈറസ് വിരുദ്ധ മരുന്നായ വൈഡരബിന് ഷിങ്കൽസ് ചികിത്സയിൽ കുറച്ചു വിജയമുണ്ടായിരുന്നിട്ടുണ്ട്. ഒരു വാക്സിനെ സംബന്ധിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ്, എന്നാൽ ഇത് ഇപ്പോഴും പരീക്ഷണ ഘട്ടങ്ങളിലാണ്.
വേദന തുടർച്ചയായി നിൽക്കുന്നതല്ലെങ്കിൽ അതു കുറച്ചൊക്കെ സഹിക്കാമായിരുന്നു എന്ന് ഷിങ്കൽസ് വന്നിട്ടുള്ള പലരും പറയുന്നു. എന്നാൽ വേദന രാപകൽ തുടരുന്നതിനാൽ അതു രോഗിയെ മാനസികമായും ശാരീരികമായും തളർത്തിക്കളയുന്നു.
രോഗിക്കു വല്ലാത്ത വേദന അനുഭവപ്പെടുന്ന ദിവസങ്ങളിൽ കൂടുതൽ ശക്തിയുള്ള വേദനാ സംഹാരികൾ കുറച്ചുദിവസത്തേക്കു കൊടുക്കുന്നതിനെക്കുറിച്ച് ഡോക്ടർമാർ ചിന്തിച്ചേക്കാം, അവയുടെ അനഭിലഷണീയമായ പാർശ്വഫലങ്ങൾ ഗണ്യമാക്കാതെതന്നെ. രോഗിക്കു സഹിക്കാവുന്നതാണെങ്കിൽ നനവുള്ള തണുത്ത കിഴിക്കുത്തുകൾ ശമനം നൽകിയേക്കാം. 1 ശതമാനം സിൽവർ സൾഫഡയസിൻ ചേർത്ത ക്രീം ത്വക്കിനുപുറമേ ഒരു ദിവസം പലതവണ പുരട്ടുന്നത് ചിലർക്കു സഹായകമായിരുന്നിട്ടുണ്ട്. പരുക്കളിൽ തൊടാതിരിക്കുക. അവ ചൊറിയുകയോ ബാൻഡേജുകൊണ്ട് പൊതിയുകയോ ചെയ്യാതിരിക്കുക.
വ്രണങ്ങൾ സാവധാനം ഉണങ്ങിക്കൊള്ളും. എന്നാൽ ഷിങ്കൽസ് രണ്ടാമത് ആക്രമിക്കുമ്പോൾ പല രോഗികൾക്കും ഇടതടവില്ലാത്ത വേദന അനുഭവപ്പെടുന്നു. ഹെർപ്പസാനന്തര നാഡീവേദന ആരംഭിക്കുമ്പോൾ അത് പ്രായമായവരും സ്വാഭാവിക പ്രതിരോധ പ്രക്രിയകൾക്കു തടസ്സം സംഭവിച്ചവരുമായ രോഗികളെ സംബന്ധിച്ചിടത്തോളം വിശേഷാൽ ക്ഷീണിപ്പിക്കുന്നതാണ്. ശക്തവും കുത്തിക്കുത്തിയുള്ളതുമായ ഈ വേദന സഹിക്കുക എന്നു പറയുന്നതു പ്രയാസകരമായ സംഗതിയാണ്. കോർട്ടിക്കോസ്ററീരോയിഡുകൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാൽ ശക്തമായ ഈ മരുന്നുകളുടെ ഫലപ്രദത്വവും സുരക്ഷിതത്വവും സംബന്ധിച്ച് മെഡിക്കൽ ഡേററ ഇതുവരെയും ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ല. സ്ഥായിയായ വേദനയുള്ളപ്പോൾ ഡോക്ടർമാർ ചിലപ്പോൾ വിഷാദമുക്തി വരുത്തി വേദനയകററുന്ന അമിട്രിറൈറലിൻ നിർദേശിക്കുന്നു. എന്നാൽ ഇതും കുഴപ്പമുണ്ടാക്കുന്നതാണ്, വിശേഷിച്ച് ദീർഘനാൾ ഉപയോഗിച്ചാൽ.
വിചിത്രമെന്നു പറയട്ടെ, മുളകുപൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചുവന്ന മുളകിൽനിന്നെടുക്കുന്ന കപ്സെയ്സിൻ അടങ്ങിയ ഒരു ലേപനം വേദനയുടെ നിയന്ത്രണത്തിൽ സാമാന്യം നല്ല ഫലങ്ങൾ കൈവരുത്തിയിട്ടുണ്ട്. എന്നാൽ പൊട്ടിയ പരുക്കൾ ഭേദമാകാതെ ഇതു പുരട്ടാനാവില്ല. ഷിങ്കൽസിന്റെ ഗുരുതരമായ ഒരു കേസുമായി മല്ലിടവേ ആമുഖത്തിൽ പരാമർശിക്കപ്പെട്ട ജീനിന് ആശ്വാസം ലഭിച്ചത് ഒരു റെറൻസ് (ത്വക്കിലൂടെ കടത്തുന്ന വൈദ്യുത നാഡീ ഉത്തേജനം) യൂണിററ് പല ആഴ്ചകളോളം രാത്രിയിലും പകലും ധരിച്ചപ്പോഴാണ്. ചെറിയ ഈ വൈദ്യുത ആവേഗങ്ങൾ കഠിനമായ ആന്തരിക വേദനയെ മറയ്ക്കുകയും അവൾക്ക് ചലിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
ഗൃഹ പ്രതിവിധികളുടെ ലിസ്ററ് നീണ്ടതാണ്. അവയിൽ മിക്കതിലും (ആർജിനിൻ കുറവുള്ള) സമീകൃതാഹാരവും അതോടൊപ്പം ബി, സി തുടങ്ങിയ വിററാമിനുകളും എൽ-ലൈസിനും കഴിക്കുന്നതും ഉൾപ്പെടുന്നു. ആപ്പിൾനീര് പുളിപ്പിച്ചുണ്ടാക്കിയ വിന്നാഗിരി തൊലിപ്പുറമേ പുരട്ടുന്നത് പ്രയോജനകരമാണെന്നു ചിലർ അവകാശപ്പെടുന്നു; മററുചിലർ ത്വക്കിലെ പരുക്കൾ സുഖപ്പെടുത്തുന്നതിന് വിററാമിൻ ഇ ഉപയോഗിക്കുന്നു.
നിങ്ങൾക്ക് ഷിങ്കൽസ് പിടിപെട്ടാൽ ഒരുപക്ഷേ ഉടനേ അടുത്തും അകലെയുമുള്ള നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾ ചോദിക്കാതെതന്നെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഗൃഹ പ്രതിവിധികൾ അയച്ചുതരാനുള്ള സാധ്യതയുണ്ട്. ചില നിർദേശങ്ങൾ സഹായകരമായിരുന്നേക്കാം, എന്നാൽ പലതും അങ്ങനെയായിരിക്കില്ല. ഒരുപക്ഷേ അവരുടെ നിർദേശങ്ങൾ വേദനയ്ക്കിടയിൽ നിങ്ങളുടെ മുഖത്ത് ഒരു ചിരി വിടർത്തിയേക്കാം. സുഹൃത്തുക്കൾ നിങ്ങൾക്കുവേണ്ടി കരുതിയിരിക്കുന്നു എന്നറിയുന്നതുതന്നെ പ്രതിവിധികളെക്കാളധികം പ്രയോജനകരമായിരുന്നേക്കാം.
അങ്ങനെ ഷിങ്കൽസിനെ തരണം ചെയ്യവേ, ആക്രമണത്തിന്റെ ഗുരുതരാവസ്ഥയും വേദനയും കുറയ്ക്കുന്നതിന് രോഗിക്കും ഡോക്ടർക്കും ചിലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നു. എന്നാൽ “നിങ്ങൾക്ക് ഷിങ്കൽസ് അതികലശലായിരിക്കുന്നതുപോലെയുണ്ട്” എന്ന് നിങ്ങളുടെ ഡോക്ടർ പറയുന്നെങ്കിൽ, നമ്മുടെ സ്രഷ്ടാവ് ശരീരത്തിൽ ഇണക്കിയിരിക്കുന്ന പ്രതിരോധപ്രക്രിയകൾ രോഗത്തെ നിയന്ത്രണവിധേയമാക്കുന്നതുവരെ ക്ഷമയും സഹിഷ്ണുതയും പാലിക്കുന്നതാണ് ഏററവും നല്ലത് എന്നായിരിക്കും അദ്ദേഹം പറഞ്ഞുവരുന്നത്.