“ഒരു സാമ്പത്തിക കൂട്ടക്കൊല”
നൈജീരിയയിലെ ഉണരുക! ലേഖകൻ
ഒരു യുനിസെഫ് (ഐക്യരാഷ്ട്ര ശിശുക്ഷേമനിധി) റിപ്പോർട്ടു പറയുന്നതനുസരിച്ചു സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ പ്രദേശത്തെ “ഒരു സാമ്പത്തിക കൂട്ടക്കൊല” ബാധിച്ചിരിക്കുകയാണ്. അവിടത്തെ ജനങ്ങളിൽ പകുതിയും—ഏതാണ്ട് 22 കോടി ആളുകൾ—ജീവിക്കുന്നതു മുഴുപ്പട്ടിണിയിലാണ്, തങ്ങളുടെ ഏററവും അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേററാൻ അവർക്കു കഴിവില്ല. ഒരു ശരാശരി പൗരൻ ഒരു ദശകം മുമ്പത്തെക്കാൾ 20 ശതമാനം കൂടുതൽ ദരിദ്രനാണ്.
“വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ 1980-കളെ നഷ്ടപ്പെട്ട ദശകം എന്നു മാത്രമേ വർണിക്കാൻ കഴിയൂ” എന്ന് ആ റിപ്പോർട്ടു പറയുന്നു. ഓരോ വിദ്യാർഥിക്കും വേണ്ടി ചെലവാക്കുന്നതു മൂന്നിലൊന്നായി കുറഞ്ഞു, പ്രൈമറി സ്കൂളിലെ പ്രവേശനം 79 ശതമാനത്തിൽനിന്ന് 67 ശതമാനമായി താണു. പല ആഫ്രിക്കൻ രാജ്യങ്ങളിലും ആരോഗ്യ ശുശ്രൂഷാസേവനങ്ങൾ കുറഞ്ഞുവരികയാണ്, സ്ററാഫുകളുടെയും മരുന്നിന്റെയും അഭാവം നിമിത്തം പല ക്ലിനിക്കുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.
ആ ഭൂഖണ്ഡത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളായി ആ റിപ്പോർട്ട് അനേകം കാര്യങ്ങളാണു പട്ടികപ്പെടുത്തുന്നത്, സൈനിക ചെലവ്, കുറഞ്ഞുവരുന്ന വ്യാപാരം, ഒരിക്കലും കൊടുത്തുതീർക്കാൻ കഴിയില്ലെന്നു വിദഗ്ധർ പറയുന്ന ഭീമമായ ഋണബാധ്യത എന്നിവയെല്ലാം അതിൽ പെടുന്നു. “വലിയ അളവിലുള്ള ഒരു അന്തർദേശീയ ശ്രമം കൂടാതെ ആഫ്രിക്കയ്ക്കു സുഖം പ്രാപിക്കാനാവില്ല, എന്നാൽ അതിനെക്കുറിച്ച് ഇതുവരെയും ചിന്തിച്ചിട്ടുപോലുമില്ല” എന്നു യുനിസെഫ് പറയുന്നു.
അതു സംഭവിക്കാൻ ഇടയുണ്ടോ? വാസ്തവികതയോടെ ബൈബിൾ പറയുന്നു: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” (സങ്കീർത്തനം 146:3) ആഫ്രിക്കയുടെ അഗാധസ്ഥിതമായ പ്രശ്നങ്ങളുടെ പരിഹാരം മാനുഷ ഗവൺമെൻറുകളുടെ പക്കലല്ല. ശാശ്വതമായ ആശ്വാസം കൈവരുത്തുന്നതു ദൈവരാജ്യമാണ്—ആഫ്രിക്കയ്ക്കു മാത്രമല്ല, മുഴു ലോകത്തിനുംതന്നെ.—മത്തായി 6:10.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO/OXFAM