മഞ്ഞിൽനിന്നു കിട്ടിയ മൃതശരീരം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ആദ്യ നോട്ടത്തിൽ അത് ഒരു കുറ്റകൃത്യരംഗം പോലെ തോന്നിയിരിക്കാം. ഉണങ്ങിയ ഒരു മൃതശരീരം മുഖം കീഴോട്ടായി, പകുതി ഭാഗം മഞ്ഞിൽ കുരുങ്ങി കിടക്കുന്നു. ഒരു ആകസ്മിക മരണമോ? പ്രതികാരം തീർത്ത ഒരു കൊലപാതകമോ? അതോ പർവതാരോഹണത്തിന്റെ മറ്റൊരു ഇര മാത്രമോ? എന്തുതന്നെയായാലും, സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ റ്റിറോലിയൻ ആൽപ്സിന്റെ മൂകതയിൽ അയാൾ എന്തു ചെയ്യുകയായിരുന്നു? ആരായിരുന്നു അയാൾ? അയാൾ എങ്ങനെ മരിച്ചു?
“ഹിമമനുഷ്യൻ” എന്ന് ഉടൻ നാമകരണം ചെയ്യപ്പെട്ട അയാളെ, ഓസ്ട്രിയ-ഇറ്റലി അതിർത്തിയിലുള്ള (ഓട്സ്റ്റോളർ ആൽപ്സിലെ) സീമീലോൻ പർവതത്തിൽ ചുറ്റിനടന്നിരുന്ന ജർമൻ ദമ്പതികൾ 1991 സെപ്റ്റംബറിൽ യാദൃച്ഛികമായിട്ടാണ് കണ്ടെത്തിയത്. ശാസ്ത്രജ്ഞൻമാർ ഹോമോ റ്റിറോലെൻസിസ് എന്ന് അയാളെ വിളിക്കുന്നു. ആ വർഷത്തെ വിശേഷാൽ ചൂടുകൂടിയ വേനൽക്കാലം മഞ്ഞുകട്ടയിൽ അധികവും ഉരുക്കിക്കളഞ്ഞു, അല്ലാത്തപക്ഷം ഒളിഞ്ഞുകിടക്കുമായിരുന്ന—എത്ര കാലമെന്ന് ആർക്കറിയാം?—അവശിഷ്ടങ്ങൾ വെളിച്ചത്തുകൊണ്ടുവന്നുകൊണ്ടുതന്നെ. അന്വേഷകർ കണ്ടുപിടിത്തം സംബന്ധിച്ച പ്രാഥമിക അനിശ്ചിതത്വം കുറെ പരിഹരിച്ചശേഷം, ശരീരം അപരിഷ്കൃതമായി മഞ്ഞുകട്ടയിൽനിന്നു വെട്ടിമുറിച്ചു പുറത്തെടുത്തു. വലിച്ചെടുത്തപ്പോൾ കുറെ ഉടവുകളും സംഭവിച്ചു. എങ്കിലും, അത് ഒരു സാധാരണ ശവമല്ലെന്ന് പെട്ടെന്നുതന്നെ വ്യക്തമായി. അത്ര ഉയരങ്ങളിൽ പോകുന്ന ആധുനിക സഞ്ചാരികൾ സാധാരണ ഉപയോഗിക്കുന്നതിൽനിന്നു വളരെ വിഭിന്നമായ അനേകം സാധനങ്ങൾ ശരീരത്തിനു സമീപം കിടന്നിരുന്നു.
ശവം വളരെ പഴക്കമുള്ളതാണെന്നു ചിലർ തിരിച്ചറിഞ്ഞു. ആദ്യ പരിശോധനകൾക്കുശേഷം, ഓസ്ട്രിയയിലെ ഇൻസ്ബ്രക് സർവകലാശാലയിൽനിന്നുള്ള കോൺറാഡ് ഷ്പിൻഡ്ലർ അതിശയിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി—സീമീലോൻ പർവതത്തിൽ കണ്ടെത്തിയ ഉണങ്ങിയ ശരീരം ആയിരക്കണക്കിനു വർഷം പഴക്കമുള്ളതായിരുന്നു എന്നുതന്നെ! ആ സ്ഥാനത്തു നടത്തിയ കൂടുതലായ പരിശോധനയും ഗവേഷണവും, തങ്ങൾ പരിശോധിച്ചുകൊണ്ടിരുന്ന മൃതശരീരം “ഒട്ടും കേടുവരാതെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിലേക്കും ഏറ്റവും പുരാതന മനുഷ്യജീവി” ആയിരുന്നുവെന്ന നിഗമനത്തിലേക്കു പണ്ഡിതരെ നയിച്ചു. (ടൈം, 1992 ഒക്ടോബർ 26) ഓട്സി (തൊട്ടടുത്തുള്ള ഒരു താഴ്വരയുടെ ജർമൻ നാമമായ ഓട്സ്റ്റോളിൽനിന്നുത്ഭവിച്ചത്) എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഹിമമനുഷ്യൻ മരിച്ചത് പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) ഏതാണ്ട് 3000-ത്തിലാണെന്നു പുരാവസ്തു ശാസ്ത്രജ്ഞർ കരുതുന്നു.
കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയശേഷം പുരാവസ്തു ശാസ്ത്രജ്ഞർ നിരവധി തവണ സീമീലോൻ പർവതത്തിലേക്കു തിരിച്ചുപോയി. കഴിഞ്ഞുപോയ ആ നൂറ്റാണ്ടുകളിലെല്ലാം അയാൾക്ക് എന്തു സംഭവിച്ചു എന്നു ഗ്രഹിക്കുന്നതിന് ഉപയോഗപ്രദമായ മറ്റു വസ്തുക്കൾ തേടിയായിരുന്നു ആ യാത്രകൾ. അവർ എന്തു കണ്ടെത്തിയിരിക്കുന്നു? മഞ്ഞു പൊതിഞ്ഞുകിടന്ന ഒരു മൃതശരീരത്തിൽ ഇത്രയധികം താത്പര്യമുള്ളത് എന്തുകൊണ്ട്? അയാളെ ചുറ്റിപ്പറ്റിയുള്ള എന്തെങ്കിലും രഹസ്യം ചുരുളഴിക്കാൻ കഴിഞ്ഞിട്ടുണ്ടോ?
[3-ാം പേജിലെ ചിത്രം]
ഓട്സി, ഹിമമനുഷ്യൻ
[കടപ്പാട്]
Foto: Archiv Österreichischer Alpenverein/Innsbruck, S.N.S. Pressebild GmbH