ഹിമമനുഷ്യന്റെ രഹസ്യം സംബന്ധിച്ച സൂചനകൾ
നൂറ്റാണ്ടുകളോളം ഓട്സി ഒരു നല്ല വിശ്രമസ്ഥാനത്തായിരുന്നു. അയാൾ സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്ററിലധികം ഉയരത്തിൽ ഇടുങ്ങിയ മഞ്ഞുനിറഞ്ഞ ഒരു മലയിടുക്കിലെ ഒരു ഗർത്തത്തിൽ കിടന്നിരുന്നു. അത് അയാളെ അടുത്തുള്ള മഞ്ഞുകട്ടകളുടെ ചലനങ്ങളിൽനിന്നു സംരക്ഷിച്ചു. അയാളുടെ ശരീരം മഞ്ഞുകട്ടയ്ക്കുള്ളിൽ ഉറഞ്ഞുകിടക്കുകയായിരുന്നെങ്കിൽ, അതു കഷണം കഷണമായി ഒഴുകിപ്പോകുമായിരുന്നു. അയാളുടെ അഭയസ്ഥാനം അയാളെ കേടുപറ്റാതെ സംരക്ഷിച്ചിരിക്കാൻ വളരെ സാധ്യതയുണ്ട്.
ശരീരത്തിൽനിന്ന് ഏതാനും മീറ്റർ അകലെ, പ്രത്യക്ഷത്തിൽ അയാളുടെ അനുദിനജീവിതത്തിന്റെ ഭാഗമായിരുന്ന വസ്തുവകകൾ ഉണ്ടായിരുന്നു: യൂ മരംകൊണ്ടുള്ള കെട്ടഴിച്ച ഒരു വില്ല്, 14 അമ്പുകൾ (2 എണ്ണം ഉപയോഗിക്കാൻ സജ്ജവും മറ്റുള്ളവ പണിതീരാത്തതും) നിറച്ച മാൻതോലുകൊണ്ടുള്ള ഒരു അമ്പുറ, തീക്കല്ലുകൊണ്ടുള്ള മൂർച്ചയുള്ള ഒരു കഠാര, ഒരു മഴു, പ്രാകൃതമായ ഒരു ഭാണ്ഡത്തിന്റെ ചട്ടക്കൂടായി കരുതപ്പെടുന്ന ഒരു വസ്തു, ഒരു തുകൽസഞ്ചി, മരപ്പട്ടകൊണ്ടുള്ള ഒരു പാത്രം, തുണിക്കഷണങ്ങൾ എന്നിവയും മറ്റ് ഉപകരണങ്ങളും വസ്തുവകകളും.
അയാളെ കണ്ടെത്തിയപ്പോൾ, സീമീലോൻ മനുഷ്യൻ (അയാളുടെ മറ്റൊരു പേര്) തന്റെ വസ്ത്രത്തിൽ കുറെ ധരിച്ചിരുന്നു. തണുപ്പിൽനിന്നുള്ള സംരക്ഷണത്തിനു വേണ്ടി കച്ചി നിറച്ച തുകൽ ചെരിപ്പും ധരിച്ചിരുന്നു. അയാളുടെ തലയ്ക്കരുകിൽ പുല്ലുകൊണ്ടു നെയ്തെടുത്ത ഒരു “പായ്” കിടന്നിരുന്നു. ക്ഷീണിച്ചവശനായി തണുപ്പുള്ള ഒരു സായാഹ്നത്തിൽ ഹിമമനുഷ്യൻ ശാന്തമായി നിദ്രയിലാണ്ടതുപോലെ തോന്നി, ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം മാത്രം പകൽവെളിച്ചം “കാണാൻ.” കണ്ടെത്തൽ “ഒരു കാലഘട്ടത്തിന്റെ, ഒരു സമുദായത്തിന്റെ, ഒരു ജീവശാസ്ത്രജനതതിയുടെ ക്ഷണികചിത്രം” ആയിരുന്നു എന്ന് പുരാവസ്തുശാസ്ത്രജ്ഞനായ ഫ്രാഞ്ചെസ്കൊ പെഡെലെ പറയുന്നു. അദ്ദേഹം സീമീലോൻ മനുഷ്യനെ “ഒരു ചരിത്രപേടകം” എന്നു നിർവചിച്ചു.
അയാൾ സംരക്ഷിക്കപ്പെട്ടതെങ്ങനെ?
ഓട്സി ആ അവസ്ഥകളിൽ അത്ര ദീർഘകാലം കേടുവരാതെ സംരക്ഷിക്കപ്പെട്ട വിധം സംബന്ധിച്ച് എല്ലാവരും യോജിക്കുന്നില്ല. “അയാളെ കണ്ടെത്തിയ ഗർത്തം നൽകിയതായി അവകാശപ്പെടുന്ന സംരക്ഷണത്തിന് അർഹമായ പരിഗണന നൽകുമ്പോൾ പോലും അയാളുടെ സംരക്ഷണം മിക്കവാറും അത്ഭുതമായിരുന്നു” എന്ന് നേച്ചർ പറയുന്നു. ഏറ്റവും സാധ്യതയുള്ളതായി ഇപ്പോൾ കരുതപ്പെടുന്ന സിദ്ധാന്തം പിൻവരുന്ന “സംശയകരമായ മൂന്നു കാര്യങ്ങളുടെ” സംയോജനം നിമിത്തം സംരക്ഷണമുണ്ടായി എന്നതാണ്: (1) സ്വാഭാവിക മൃതശരീരസംരക്ഷണത്തിന്റെ (നിർജലീകരണം) ഒരു ത്വരിത പ്രക്രിയ, തണുപ്പിന്റെയും സൂര്യന്റെയും ഫോനിന്റെയും (വരണ്ട ഒരു ചൂടുകാറ്റ്) സംയുക്തഫലം; (2) മഞ്ഞുകൊണ്ട് പെട്ടെന്നുള്ള ആവരണം, അതു ശരീരത്തെ ശവംതീനികളിൽനിന്നു മറച്ചു; (3) നീങ്ങിപ്പോകുന്ന മഞ്ഞുകട്ടകളിൽനിന്ന് ഗർത്തം നൽകിയ സംരക്ഷണം. എങ്കിലും, ഈ വിശദീകരണം പോലും ബോധ്യം വരുത്തുന്നതായി, സ്ഥിരീകരിക്കത്തക്കതായി ചിലർ കണ്ടെത്തുന്നില്ല. ചൂടുകാറ്റ് ആൽപ്സിന്റെ ഈ ഭാഗത്ത് അത്രമാത്രം ഉയരത്തിൽ എത്തുന്നില്ല എന്നതാണു കാരണം.
എങ്കിലും, ഹിമമനുഷ്യനെ സംബന്ധിച്ച ചില കാര്യങ്ങൾ സുനിശ്ചിതമാണ്. അയാൾ 25-നും 40-നും ഇടയ്ക്കു വയസ്സുള്ളവനായിരുന്നെന്നും ഏകദേശം 160 സെൻറിമീറ്റർ ഉയരമുള്ളവനായിരുന്നെന്നും ഏതാണ്ട് 50 കിലോഗ്രാം തൂക്കമുള്ളവനായിരുന്നെന്നും നിശ്ചയപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അയാൾ കൃശഗാത്രനും പേശീബലം ഉള്ളവനുമായിരുന്നു, അയാളുടെ തവിട്ടുനിറമുള്ള തലമുടി നന്നായി പരിരക്ഷിക്കപ്പെട്ടിരുന്നു, ഒരുപക്ഷേ ക്രമമായി കത്രിക്കുകയും ചെയ്തിരുന്നു. അയാൾ ഇക്കാലത്തെ മധ്യ-ഉത്തര യൂറോപ്യൻ നിവാസികളുടെ അതേ ജനിതക വർഗത്തിൽ പെട്ടവനാണെന്ന് ഈയിടെ ശരീരകലകളിൽ നടത്തിയ ഡിഎൻഎ പഠനങ്ങൾ സ്ഥാപിക്കുകയുണ്ടായി. തേയ്മാനം വന്ന അയാളുടെ പല്ലുകൾ അപ്പം ഭക്ഷിച്ചിരുന്നതായി വെളിപ്പെടുത്തുന്നു, അയാളുടെ വസ്ത്രത്തിൽ കണ്ടെത്തിയ ഗോതമ്പുമണികൾ തെളിയിക്കുന്നതുപോലെ, അയാൾ ഒരു കർഷകസമുദായത്തിൽ പെട്ടവനായിരുന്നിരിക്കാമെന്ന് അതു സൂചിപ്പിക്കുന്നു. അയാൾ വേനൽക്കാലത്തിന്റെ ഒടുവിലോ ശരത്ക്കാലത്തിന്റെ തുടക്കത്തിലോ മരിച്ചുവെന്നു നിശ്ചയിക്കാൻ കഴിയുന്നതു താത്പര്യമുളവാക്കുന്നു. എങ്ങനെ? അയാളുടെ സഞ്ചിയിൽ ഒരുതരം കാട്ടുപഴത്തിന്റെ ബാക്കി കണ്ടെത്തി, അവ വേനൽക്കാലത്തിന്റെ ഒടുവിൽ പഴുക്കുന്നതാണ്; ഒരുപക്ഷേ, അവ അയാളുടെ ശേഖരത്തിന്റെ അവസാനഭാഗമായിരുന്നു.
‘മധ്യകാലഘട്ടത്തിലെ ഒരു പ്രഭു തോക്കു കൊണ്ടുനടക്കുന്നു’
എന്നാൽ ഓട്സി എന്തു വെളിപ്പെടുത്തുന്നു? ഇറ്റാലിയൻ ആനുകാലികപ്രസിദ്ധീകരണമായ ആർക്കേവൊ, കണ്ടുപിടിത്തം ഉന്നയിച്ച നിരവധി ചോദ്യങ്ങളെ ഈ വിധത്തിൽ ക്രോഡീകരിച്ചു: “അയാൾ ഒരു യോദ്ധാവായിരുന്നോ, അതോ ഒരു വേട്ടക്കാരനോ? അയാൾ ഒറ്റപ്പെട്ട ഒരു വ്യക്തിയായിരുന്നോ, തന്റെ സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നോ, അതോ, നേരേമറിച്ച് തന്റെ സംഘത്തിലെ തിരഞ്ഞെടുത്ത ഒരു ചെറിയ ഭാഗത്തോടൊപ്പം ആ പർവതങ്ങളിലൂടെ കടന്നുപോവുകയായിരുന്നോ? . . . ആ മഞ്ഞു പുതച്ച് അയാൾ ഒറ്റയ്ക്കായിരുന്നോ, അതോ നമുക്കു മറ്റു സാന്നിധ്യങ്ങൾ പ്രതീക്ഷിക്കാമോ?” സീമീലോൻ പർവതത്തിൽ കണ്ടെത്തിയ സാധനസാമഗ്രികൾ പരിശോധിച്ചുകൊണ്ടും അവയുടെ അർഥം വ്യാഖ്യാനിക്കാൻ ശ്രമിച്ചുകൊണ്ടും പണ്ഡിതൻമാർ ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരിക്കുന്നു. ഓട്സി 3,200-ലധികം മീറ്റർ ഉയരത്തിൽ സഞ്ചരിച്ചിരുന്നതെന്തുകൊണ്ട് എന്ന സംഗതിയിൽ വിവിധ സിദ്ധാന്തങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഓരോന്നിനെയും മറ്റ് ഏതെങ്കിലും വിശദാംശം ഖണ്ഡിക്കുന്നു. നമുക്ക് ഏതാനും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം.
ഒരിക്കലും വലിച്ചുകെട്ടിയിട്ടില്ലാത്ത വില്ലും അമ്പുകളും അയാൾ ഒരു വേട്ടക്കാരനായിരുന്നുവെന്ന് ഉടൻ സൂചന നൽകും. എന്നാൽ അതു പ്രശ്നം പരിഹരിക്കുന്നുവോ? ഒരുപക്ഷേ, 1.8 മീറ്ററോളം നീളമുള്ള വില്ല് “അയാളുടെ ശരീരവലിപ്പത്തിലുള്ള ഒരാൾക്ക് വളരെ വലുതായിരുന്നു,” എന്നു പുരാവസ്തുശാസ്ത്രജ്ഞനായ ക്രിസ്റ്റൊഫർ ബർഗ്മാൻ പറയുന്നു, “സ്വാഭാവിക ആൽപൈൻ മൃഗങ്ങളെ വേട്ടയാടുന്നതിനു തീർച്ചയായും വലിപ്പം കൂടിയതുമാണ്.” അയാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു വില്ല് കൈവശം ഉണ്ടായിരുന്നത് എന്തുകൊണ്ട്? കൂടാതെ, പർവതങ്ങളിൽ യാത്ര ചെയ്യുന്ന ഒരുവൻ അധികഭാരം ഒഴിവാക്കേണ്ടതുണ്ട്, “ആ മനുഷ്യന്റെ വില്ലും 14 അമ്പുകളിൽ 12 എണ്ണവും പണിതീരാത്തതായിരുന്നുവെന്നതും അയാളുടെ മറ്റ് ആയുധങ്ങൾ (കഠാരയും മഴുവും) ദീർഘകാലത്തെ ഉപയോഗത്താൽ തേയ്മാനം വന്നതായിരുന്നു എന്നതും പ്രത്യേകാൽ കുഴക്കുന്നതാണ്” എന്ന് നേച്ചർ നിരീക്ഷിക്കുന്നു.
ഏതാനും മീറ്റർ അകലെ കണ്ടെത്തിയ മഴുവിനെ സംബന്ധിച്ചെന്ത്? അതു വെള്ളോടാണെന്ന് ആദ്യം കരുതിയിരുന്നു, എന്നാൽ യഥാർഥത്തിൽ അതു ചെമ്പുകൊണ്ട് നിർമിച്ചതാണെന്നു പരിശോധനകൾ വെളിപ്പെടുത്തി. ഇതും മറ്റു കാരണങ്ങളും നിമിത്തം ഓട്സി, താമ്രയുഗം എന്നു വിളിക്കപ്പെടുന്നതിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതായി കാലനിർണയം നടത്താൻ പല പുരാവസ്തുശാസ്ത്രജ്ഞരും ചായ്വു കാണിക്കുന്നു, അതായതു പൊ.യു.മു. നാലാമത്തെയും മൂന്നാമത്തെയും സഹസ്രാബ്ദത്തിൽ. മുമ്പ് “4,800 വർഷത്തിനും 5,500 വർഷത്തിനും ഇടയ്ക്കായിരുന്നു അയാൾ ജീവിച്ചിരുന്നതെന്നു കാർബൺ 14 പരീക്ഷണങ്ങൾ . . . സ്ഥിരീകരിച്ചു” എന്ന് ഓഡുബോൻ മാഗസിൻ പ്രസ്താവിച്ചു.a എന്നിരുന്നാലും, മറ്റു വസ്തുക്കൾ ഹിമമനുഷ്യനെ അൽപ്പംകൂടെ പൂർവകാലഘട്ടത്തിലേതായി കണക്കാക്കാൻ ചില വിദഗ്ധരെ സ്വാധീനിക്കുന്നു. പ്രത്യക്ഷത്തിൽ, സീമീലോൻ മനുഷ്യനെ പുരാതനമായ ഏതെങ്കിലും പ്രത്യേക സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കാൻ കഴിയില്ല. ചെമ്പുമഴുവിനെ പരാമർശിച്ചുകൊണ്ട് ഓട്സി “അയാൾ ജീവിച്ചിരുന്ന യുഗത്തിൽ ഇല്ലാഞ്ഞ സങ്കേതികമായി വളരെ ഉയർന്ന നിലവാരത്തിലുള്ള ഒരു ആയുധം കൈവശം വെച്ചി”രുന്നതായി ഒരു പുരാവസ്തുശാസ്ത്രജ്ഞൻ കരുതുന്നു. “അതു മധ്യകാലഘട്ടത്തിലെ ഒരു പ്രഭു തോക്കു കൊണ്ടുനടക്കുന്നതായി കണ്ടെത്തുന്നതുപോലെയാണ്. വാസ്തവത്തിൽ, ആ യുഗത്തിൽ ചെമ്പ് പൗരസ്ത്യ സംസ്കാരങ്ങളിൽ മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ.”
കൂടാതെ, നാം കണ്ടുകഴിഞ്ഞതുപോലെ, മഴു ഹിമമനുഷ്യന്റെ സമകാലികരുടെ ഇടയിൽ വളരെ വിലപിടിപ്പുള്ള ഒരു വസ്തു ആയിരുന്നിരിക്കാം. അയാളുടെ കഠാരയുടെ ഉറപോലെ മറ്റു സാമഗ്രികളും വളരെയധികം സ്ഫുടം ചെയ്തതായിരുന്നു, അവ തെളിവനുസരിച്ച് “അന്തസ്സിന്റെ പ്രതീകങ്ങൾ” ആയിരുന്നു. എന്നാൽ, ഓട്സി ഒരു ഉന്നതസ്ഥാനീയൻ, ഒരു പ്രമാണി ആയിരുന്നെങ്കിൽ മരണസമയത്ത് അയാൾ ഒറ്റയ്ക്കായിരുന്നതെന്തുകൊണ്ട്?
പോപ്പുലർ സയൻസ് മാഗസിൻ പറയുന്നതനുസരിച്ച്, ഇൻസ്ബ്രക് സർവകലാശാലയിലെ കോൺറാഡ് ഷ്പിൻഡ്ലർ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഗൂഢമായ പച്ചകുത്തായി ആദ്യം കരുതിയിരുന്നത് കാൽമുട്ടിലെയും കണങ്കാലിലെയും തേയ്മാനം വന്ന സന്ധികൾക്കും അയാളുടെ നട്ടെല്ലിലെ കെട്ടുപോകുന്ന കശേരുകകൾക്കും കൃത്യമായി യോജിക്കുന്നു. ഹിമമനുഷ്യന്റെ വൈദ്യൻ വേദനയുള്ള ഭാഗത്തെ തൊലി പൊളിച്ചശേഷം മുറിവിൽ പച്ചമരുന്നിന്റെ ഭസ്മം പുരട്ടി ചികിത്സിച്ചിരിക്കാം.”
ഈയിടെ ചിക്കാഗോയിൽ നടന്ന ഫൊറൻസിക് ചികിത്സാവിദഗ്ധരുടെ ഒരു യോഗത്തിൽ, ഓട്സി അടികൊണ്ട്, രക്തം വാർന്നൊഴുകി, മറ്റുള്ളവർ തന്നെ വേട്ടയാടിയപ്പോൾ ഒളിച്ചിരിക്കെ മരിച്ചുപോയ ഒരു നാടോടി ആയിരുന്നിരിക്കാമെന്ന ആശയം പരിചിന്തനത്തിനു സമർപ്പിക്കപ്പെട്ടു. അയാൾക്കു പലതായി ഒടിഞ്ഞ വാരിയെല്ലും തകർന്ന താടിയെല്ലും ഉണ്ടായിരുന്നതായി നിർണയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അയാൾക്ക് ഈ ഒടിവുകൾ ഉണ്ടായത് എപ്പോഴെന്ന്—മരണത്തിനു മുമ്പോ പിമ്പോയെന്ന്—തീർത്തുപറയാൻ സാധ്യമല്ല. എങ്കിലും, അയാൾ അക്രമത്തിന്റെ ഇര ആയിരുന്നെങ്കിൽ ചെമ്പു മഴു പോലുള്ള “അയാളുടെ സാമഗ്രികളെല്ലാം, ‘വിലപിടിപ്പുള്ളതു’പോലും അപ്പോഴും അയാളുടെ കൈവശം ഉണ്ടായിരുന്നത് എന്തുകൊണ്ട്?” എന്ന് ആർക്കേവൊ ചോദിക്കുന്നു.
ലഭ്യമായ വിവരങ്ങൾ ചിത്രം പൂർത്തിയാക്കാൻ മതിയായതല്ലെന്ന് അന്വേഷകർ കരുതുന്നു, പല ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുന്നു. എന്നാൽ ഓട്സി ഉൾപ്പെട്ടിരുന്ന സംസ്കാരം വളരെ സംഘടിതവും സങ്കീർണവും ആയിരുന്നുവെന്നതു വ്യക്തമാണ്.
ഓട്സിയും അയാളുടെ ലോകവും
സീമീലോൻ മനുഷ്യന്റെ ലോകത്തെ വിശദീകരിക്കുകയിൽ, പണ്ഡിതൻമാർ അയാളുടെ സമകാലികർ വസിച്ചിരുന്നതായി കരുതപ്പെടുന്ന ആൽപൈൻ സ്ഥാനങ്ങളിൽനിന്നു കണ്ടെത്തിയിട്ടുള്ള കാര്യങ്ങളിൽ തങ്ങളുടെ ആശയഗതികൾ അടിസ്ഥാനപ്പെടുത്തുന്നു. എന്നുവരികിലും, ചില പ്രദേശങ്ങൾ മറ്റുള്ളവയെക്കാൾ കൂടുതൽ വികസിതമായിരുന്നുവെന്നും ചെമ്പുപണിപോലെ മിക്ക സാങ്കേതിക കണ്ടുപിടിത്തങ്ങളും മധ്യപൂർവദേശത്ത് ഉത്ഭവിച്ചുവെന്നും പുരാവസ്തുശാസ്ത്രജ്ഞർ നമ്മോടു പറയുന്നു.
ഒരു അഴിച്ചുപണിയനുസരിച്ച്, അഡേജാ നദീതടത്തിലുള്ള കർഷകഗ്രാമങ്ങളിലൊന്നിൽ ഓട്സി ജീവിച്ചിരിക്കാം. ഈ നദി ഇറ്റലി ഉപദ്വീപും മധ്യ യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യാപാര മാർഗമായിരുന്നു. നിരവധി വാസസ്ഥാനങ്ങൾ ആൽപ്സിന്റെ ആ ഭാഗത്ത് വിവിധ സ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്, ഏതാണ്ട് 2,000 മീറ്റർ ഉയരത്തിൽപോലും. അക്കാലത്തെ കർഷകഗ്രാമങ്ങൾ വിശേഷിച്ചും മൂന്നോ നാലോ ഭവനങ്ങൾ ചേർന്നതായിരുന്നു, ഒരുപക്ഷേ ഏറിയാൽ ഏതാനും ഡസൻ. ഏതു തരത്തിലുള്ള വീടുകൾ? മണ്ണു കുഴച്ച് അടിച്ചൊതുക്കിയ തറകൾ മാത്രം ഗവേഷണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. വസതികൾക്ക് ഒറ്റ മുറിയേ ഉണ്ടായിരുന്നുള്ളൂ, സാധാരണഗതിയിൽ മധ്യഭാഗത്തു തീ കത്തിക്കാനുള്ള ഒരു സ്ഥാനവും ചിലപ്പോൾ ഒരു അടുപ്പും. മേൽക്കൂര ത്രികോണാകൃതിയിലായിരിക്കാം, പല ആൽപൈൻ തടാകങ്ങളുടെയും അടുത്ത് കണ്ടെത്തിയിട്ടുള്ള തൂണുകളിൽ പണിത സമകാലീന വസതികൾക്കു സമാനമായതുതന്നെ. ഒറ്റ മുറിയുള്ള ഓരോ കുടിലിലും ഒരു കുടുംബം പാർത്തിരുന്നു.
ആടുമാടുകളെ വളർത്തുന്നവരുടെയും കൃഷിക്കാരുടെയും സമുദായങ്ങൾ തമ്മിൽ ഏതുതരം സമ്പർക്കങ്ങൾ നിലവിലിരുന്നു? തീർച്ചയായും വ്യാപാരം നടന്നിരുന്നു. ഉദാഹരണത്തിന്, സീമീലോൻ പർവതത്തിൽ കണ്ടെത്തിയ മഴു വളരെ തെക്കു ഗാർഡാ തടാകത്തിന്റെ തീരങ്ങളിൽ നിർമിച്ചിരുന്നവയോടു സാമ്യമുള്ളതായിരുന്നു. അതു വ്യാപാരസംബന്ധമായ ക്രയവിക്രയത്തിനുള്ള ഒരു വസ്തുവുമായിരുന്നിരിക്കാം. കൂടാതെ, ഓട്സിയുടെ സാമഗ്രികളിൽ ഏതാനും തീക്കല്ലും ഉണ്ടായിരുന്നു, അഡേജാ താഴ്വരയിലൂടെയുള്ള പാതയിൽ വ്യാപാരമൂല്യമുള്ള വസ്തുക്കളായിരുന്നു അവ. മൊത്തത്തിലുള്ള ഒരു കൂടുമാറ്റം ആവശ്യമാക്കിത്തീർത്ത പ്രവർത്തനങ്ങളിലൊന്ന് ഋതുക്കൾക്കനുസരിച്ചുള്ള ആടുമാടുകളുടെ ദേശാടനമായിരുന്നു. റ്റിറോളിൽ ഇന്നും ആളുകൾ ചെയ്യുന്നതുപോലെ, ഇടയൻമാർ പുതിയ മേച്ചിൽസ്ഥലങ്ങൾ തേടി തങ്ങളുടെ ആട്ടിൻകൂട്ടത്തെ ആൽപൈൻ മലയിടുക്കുകളിലേക്കു നയിച്ചിരുന്നു. ഹിമമനുഷ്യന്റെ ഉത്ഭവം സംബന്ധിച്ചു മറ്റെന്തു നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്?
[അടിക്കുറിപ്പുകൾ]
a കാർബൺ-14 പരീക്ഷണത്തിന്റെ അവിശ്വാസ്യത സംബന്ധിച്ച കൂടുതൽ വിവരത്തിന് 1986 സെപ്റ്റംബർ 22-ലെ ഉണരുക! (ഇംഗ്ലീഷ്) 21-6 പേജുകളും വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു?—പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്നതിന്റെ 96-ാം പേജും കാണുക.
[5-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സീമീലോൻ മഞ്ഞുപാളിയിൽ ഇറ്റലിയുടെ അതിർത്തിക്കുള്ളിലായി ഹിമമനുഷ്യൻ കണ്ടെത്തപ്പെട്ടു
ജർമനി
ഓസ്ട്രിയ
ഇൻസ്ബ്രക്ക്
സ്വിറ്റ്സർലൻഡ്
സ്ലോവീനിയ
ഇറ്റലി
ബോൾസാനോ
സീമീലോൻ മഞ്ഞുമല
ആഡ്രിയാറ്റിക് സമുദ്രം
[7-ാം പേജിലെ ചിത്രങ്ങൾ]
X ഓട്സിയെ കണ്ടെത്തിയ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നു. ഇൻസെറ്റിലുള്ളത്: 1. ചെമ്പുമഴു, 2. തീക്കല്ലുകഠാര, 3. സാധ്യതയനുസരിച്ച് ഒരു ഏലസ്, 4. മരപ്പിടിയിൽ മാൻകൊമ്പ് പിടിപ്പിച്ച ഭാഗം
[കടപ്പാട്]
Foto: Prof. Dr. Gernot Patzelt/Innsbruck
Fotos 1-4: Archiv Österreichischer Alpenverein/Innsbruck, S.N.S. Pressebild GmbH