അസാധാരണ രുചിയുള്ള ഒരു ഞണ്ട്
സോളമൻ ദ്വീപുകളിലെ ഉണരുക! ലേഖകൻ
തേങ്ങാ ഞണ്ട്—അത് വിദേശിയാണെന്നു തോന്നുന്നുവോ? ന്യൂ ജോർജിയ ദ്വീപുകളും സോളമൻ ദ്വീപുകളും ഉൾപ്പെടെ ഏതാനും സ്ഥലങ്ങളിൽ മാത്രം അതിനെ കാണുന്നു.
“തേങ്ങാ ഞണ്ടുകളോ? ഉണ്ട്, ഇവിടെയുണ്ട്,” എന്ന് പ്രദേശവാസികൾ വിശദീകരിക്കുന്നു. “എന്നാൽ നിങ്ങൾ രാത്രിയിൽ അന്വേഷിച്ചുപോകണം.” ഈ നിശാ ഞണ്ടുകൾ ഇടതൂർന്ന അടിക്കാടുകളിലെ ദ്രവിച്ച വൃക്ഷങ്ങളുടെ പൊത്തുകളുടെ ഉള്ളിൽ കയറി പകൽ സമയം ചെലവഴിക്കുന്നു. രാത്രിയിൽ പുറത്തുവന്ന് അവ തേങ്ങ തിന്നുന്നു. കൊടിൽപോലുള്ള അവയുടെ ശക്തമായ കാലുകൊണ്ട് തേങ്ങയുടെ ചകിരി പൊളിച്ചുമാറ്റുന്നു. എന്നാൽ അവ മൃദുലമായ വിവിധയിനം പച്ചസസ്യങ്ങളും തിന്നുന്നു. തന്ത്രശാലിയായ ഈ ജീവിയെ കാണുന്നതിന്, വീണുകിടക്കുന്ന വൃക്ഷങ്ങളുടെ ദ്രവിച്ച തായ്തടിയിലെ പൊത്തിന്റെ വായ്ക്കൽ ഉപേക്ഷിച്ചിരിക്കുന്ന ചകിരി നോക്കിപോകണം.
ജൂൺ, ജൂലൈ മാസങ്ങളിൽ ഞണ്ടുകൾ നിലത്തു കുഴികുഴിക്കുകയും അവിടെവെച്ച് അവയുടെ ബാഹ്യപടം പൊഴിച്ചശേഷം പുറത്തുവരുന്നതിനു മുമ്പായി വലുതും പുതിയതുമായ പുറംതോട് വളർത്തുകയും ചെയ്യുന്നു എന്ന് ദ്വീപുവാസികൾ വിശദീകരിക്കുന്നു. ചില തേങ്ങാ ഞണ്ടുകൾ 50 വർഷംവരെ ജീവിക്കുന്നതുകൊണ്ട് അവയ്ക്ക് എത്താൻ കഴിയുന്ന വലിപ്പം ഒരുവന് മതിക്കാൻ കഴിയും. ഞാൻ നോക്കിനിൽക്കെ ഒന്ന് കുഴിയിൽനിന്നു കയറിവന്നു, അതിന്റെ കാലുകൾ തമ്മിലുള്ള അകലം 50 സെൻറീമീറ്ററായിരുന്നു.
സങ്കടകരമെന്നു പറയട്ടെ, പടംപൊഴിക്കാനുള്ള പൊത്തിന്റെ സുരക്ഷിതഭാവം വേട്ടക്കാരനെതിരെ ഒരു പ്രതിരോധമേയല്ല, നിലത്തെ വൃത്താകാരമായ കുഴി പൊത്തിന്റെ തുടക്കസ്ഥാനമായി അയാൾ മനസ്സിലാക്കുന്നു. പ്രതിരോധമില്ലാത്ത ജീവിയെ പെട്ടെന്നുതന്നെ വലിച്ചു പുറത്തെടുക്കുന്നു, ശാപ്പാട്ടുവീരന്റെ മേശയിൽ എത്താൻവേണ്ടിത്തന്നെ. ഏഷ്യയിലെ റെസ്റ്ററന്റുകളിൽ ഈ ഞണ്ടിനു വലിയ വിലയാണ്, വിശേഷിച്ച് മൃദുലമായ, ഉരുണ്ട, പതമുള്ള പിൻകാലുകളിലെ മാംസം.
അതുകൊണ്ട് ഇവിടെ സോളമൻ ദ്വീപുകളിൽ തേങ്ങാ ഞണ്ടിന്റെ വംശനാശത്തിനുള്ള സാധ്യത ഒരു യഥാർഥ ഉത്ക്കണ്ഠയാണ്. ഫിഷറീസ് വകുപ്പ് കയറ്റി അയക്കാൻ കഴിയുന്ന മുട്ടയിടുന്ന പെൺഞണ്ടുകളുടെ എണ്ണം ഞണ്ടിന്റെ വലിപ്പം എന്നിവ സംബന്ധിച്ച് പരിധിവെക്കുന്നു. ഞണ്ടുകളെ അവയുടെ പ്രകൃതിദത്തമായ വാസസ്ഥാനങ്ങളിലേക്ക് അഴിച്ചുവിടാൻ കഴിയേണ്ടതിന് വളർത്തൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ചിലർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ അവയുടെ വംശോത്പാദന ശീലങ്ങൾ സംബന്ധിച്ചു വേണ്ടത്ര അറിവില്ലാത്തതിനാൽ കൂടുതൽ ഗവേഷണം ആവശ്യമായി വരും.
തേങ്ങാ ഞണ്ടിന്റെ എണ്ണം കുറഞ്ഞു വരുന്നുവെന്ന സംഗതി, സന്തുലിതമായ ഒരു പരിസ്ഥിതി സ്ഥാപിക്കുന്ന ഒരു ലോകവ്യവസ്ഥിതിയുടെ ആവശ്യത്തിനു കൂടുതലായി അടിവരയിടുന്നു. അതിൽ, സ്രഷ്ടാവിന്റെ ഭൗമിക സൃഷ്ടികളുടെ അമ്പരപ്പിക്കുന്ന സമൂഹത്തിൽ ഓരോന്നിനും സങ്കീർത്തനം 148:5-10-ലെ പ്രവചനത്തിന്റെ നിവൃത്തിയിൽ അതിന്റെ ഭാഗം നിർവഹിക്കാൻ കഴിയും: “അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. . . . ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ. . . . ഇഴജന്തുക്കളും പറവജാതികളും.”
[അടിക്കുറിപ്പുകൾ]
കള്ളൻ ഞണ്ട് എന്നും അറിയപ്പെടുന്നു. മുതിർന്ന തേങ്ങാ ഞണ്ടുകൾക്ക് തലമുതൽ വാലുവരെ ഏകദേശം ഒരു മീറ്റർ നീളംവരും, ഭാരം ഏതാണ്ട് 17 കിലോഗ്രാമും.