അടിമത്തത്തിലേക്കു വിൽക്കപ്പെട്ടവർ
ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഇന്നു പൂർവനൈജീരിയ എന്നറിയപ്പെടുന്ന സ്ഥലത്താണ് 1745-ൽ ഓലൗഡാ ഇക്വിയാനോ പിറന്നത്. അദ്ദേഹത്തിന്റെ ഗ്രാമത്തിലേത് അക്കാലത്തെ സാധാരണ ജീവിതമായിരുന്നു. ചോളവും പരുത്തിയും ചേനയും ബീൻസും കൃഷി ചെയ്യാൻ കുടുംബങ്ങൾ ഒത്തൊരുമിച്ചു പണിയെടുത്തു. പുരുഷൻമാർ ആടുമാടുകളെ മേയിച്ചു. സ്ത്രീകൾ പരുത്തികൊണ്ട് നൂൽനൂൽക്കുകയും തുണി നെയ്യുകയും ചെയ്തു.
ഇക്വിയാനോയുടെ പിതാവു പേരുകേട്ട ഒരു ഗോത്രമൂപ്പനും ആ സമുദായത്തിലെ ഒരു ന്യായാധിപനുമായിരുന്നു. ഒരുനാൾ ഇക്വിയാനോ അവകാശമാക്കേണ്ടിയിരുന്ന സ്ഥാനമായിരുന്നു അത്. എന്നാൽ അത് ഒരിക്കലും ഉണ്ടായില്ല. ഒരു ബാലനായിരിക്കെ ഇക്വിയാനോയെ ആരോ തട്ടിക്കൊണ്ടുപോയി അടിമത്തത്തിലേക്കു വിറ്റു.
കച്ചവടക്കാരിൽനിന്നു കച്ചവടക്കാരിലേക്കു മാറിമാറി വിൽക്കപ്പെട്ട അവൻ കടൽത്തീരത്ത് എത്തുന്നതുവരെ യൂറോപ്യൻമാരുമായി കണ്ടുമുട്ടിയില്ല. വർഷങ്ങൾക്കുശേഷം അവൻ തന്റെ ഓർമകൾ വിവരിച്ചു: “ഞാൻ തീരത്തെത്തിയപ്പോൾ എന്റെ കണ്ണുകളെ ആദ്യമായി സ്വാഗതം ചെയ്തത് സമുദ്രവും ചരക്കുകൾ പ്രതീക്ഷിച്ചുകൊണ്ട് നങ്കൂരമടിച്ചുകിടന്നിരുന്ന ഒരു അടിമക്കപ്പലുമായിരുന്നു. അവ എന്നിലാകെ വിസ്മയമുളവാക്കി, താമസിയാതെ കപ്പൽത്തട്ടിലേക്ക് എന്നെ കൊണ്ടുപോയപ്പോൾ ആ വിസ്മയം ഭീതിക്കു വഴിമാറി. ഞാൻ ആരോഗ്യവാനാണോ എന്നറിയാൻ കപ്പൽ ജോലിക്കാരിൽ ചിലർ എന്നെ ഉടനെതന്നെ പിടിച്ചു പരിശോധിച്ചു നോക്കുകയും മുകളിലേക്കു പൊക്കിയിടുകയും ചെയ്തു. ദുരാത്മാക്കളുടെ ഒരു ലോകത്ത് ഞാൻ എത്തിയിരിക്കുന്നുവെന്നും അവ എന്നെ കൊല്ലാൻ പോകുകയാണെന്നും അപ്പോൾ എന്നെ പറഞ്ഞു ധരിപ്പിച്ചു.”
ചുറ്റും നോക്കിയപ്പോൾ ഇക്വിയാനോ കണ്ടത് “ഒന്നിച്ചു ചങ്ങലയിട്ടിരുന്ന, എല്ലാ തരത്തിലുമുള്ള ഒരു കൂട്ടം കറുത്ത വർഗക്കാരെയാണ്. അവരുടെ ഓരോരുത്തരുടെയും മുഖത്ത് മാനസിക തളർച്ചയും ദുഃഖവും പ്രകടമായിരുന്നു.” ഇതു കണ്ട് അവൻ കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്ന ആഫ്രിക്കക്കാർ അവനെ സുബോധാവസ്ഥയിലേക്കു തിരികെ കൊണ്ടുവരികയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇക്വിയാനോ ഇങ്ങനെ പറയുന്നു: “നമ്മൾ ആ വെള്ളക്കാർക്കു തിന്നാൻ വേണ്ടിയല്ലേ എന്നു ഞാൻ അവരോടു ചോദിച്ചു.”
ഇക്വിയാനോയെ കപ്പലിൽ ബാർബഡോസിലേക്കു കൊണ്ടുപോയി, അവിടെനിന്ന് വെർജീനിയയിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും. ഒരു കപ്പിത്താനാൽ വിലയ്ക്കു വാങ്ങപ്പെട്ട അദ്ദേഹം വ്യാപകമായി സഞ്ചരിച്ചു. എഴുതാനും വായിക്കാനും പഠിച്ച അദ്ദേഹം ഒടുവിൽ തന്റെ സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങി. ബ്രിട്ടനിലെ അടിമത്തം നിർത്തലാക്കാനുള്ള ഒരു പ്രസ്ഥാനത്തിൽ അദ്ദേഹം മുഖ്യ സ്ഥാനം വഹിക്കുകയും ചെയ്തു. 1789-ൽ അദ്ദേഹം തന്റെ ജീവിതകഥ പ്രസിദ്ധപ്പെടുത്തി, അടിമക്കച്ചവടത്തിന് ഇരയായിട്ടുള്ള ആഫ്രിക്കക്കാർ എഴുതിയ ചുരുക്കം ചില വിവരണങ്ങളിൽ ഒന്നാണത് (സാധ്യതയനുസരിച്ച് ഏറ്റവും നല്ലതും).
ദശലക്ഷക്കണക്കിനു വരുന്ന മറ്റ് ആഫ്രിക്കക്കാർ അത്രത്തോളം ഭാഗ്യവാൻമാരായിരുന്നില്ല. തങ്ങളുടെ വീടുകളിൽനിന്നും കുടുംബങ്ങളിൽനിന്നും പറിച്ചെടുക്കപ്പെട്ട അവരെ വളരെ നിഷ്ഠുരമായ അവസ്ഥകളിലാണ് അറ്റ്ലാൻറിക്കിനു കുറുകെ കടത്തിയത്. അവരും അവർക്കു ജനിച്ച കുട്ടികളും കന്നുകാലികളെപ്പോലെ വിലയ്ക്കു വാങ്ങപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തു, തങ്ങൾക്ക് അപരിചിതരായവരുടെ സമ്പത്തു വർധിപ്പിക്കാൻ കൂലി കിട്ടാതെ കഠിന വേല ചെയ്യാൻ അവർ നിർബന്ധിതരാക്കപ്പെട്ടു. മിക്കവർക്കും യാതൊരു അവകാശങ്ങളുമില്ലായിരുന്നു, യജമാനൻമാർക്കു തോന്നിയ പോലെ അവരെ ശിക്ഷിക്കുകയോ ദുരുപയോഗം ചെയ്യുകയോ കൊല്ലുകപോലുമോ ചെയ്യുമായിരുന്നു. ആ മർദിതരിൽ മിക്കവരെയും സംബന്ധിച്ചിടത്തോളം, അടിമത്തത്തിൽനിന്നുള്ള ഒരേ ഒരു മോചനം മരണമായിരുന്നു.