ദശലക്ഷങ്ങൾ അടിമകളായിത്തീരുന്നു
ഓലൗഡാ ഇക്വിയാനോ ജനിച്ച സമയമായപ്പോഴേക്കും രണ്ടര നൂറ്റാണ്ടു കാലമായി യൂറോപ്പിൽനിന്നുള്ള കപ്പലുകൾ ആഫ്രിക്കൻ അടിമകളെ അറ്റ്ലാൻറിക് സമുദ്രത്തിനു കുറുകെ കടത്തിയിരുന്നു. എന്നാൽ അടിമത്തം അതിനെക്കാളും പഴക്കമുള്ളതായിരുന്നു. പുരാതന കാലം മുതൽ ലോകമെമ്പാടും മനുഷ്യരെ അടിമകളാക്കുന്ന സമ്പ്രദായമുണ്ടായിരുന്നു, സാധാരണമായി യുദ്ധത്തിന്റെ ഒരു അനന്തരഫലമായി.
യൂറോപ്പിൽനിന്നുള്ള കപ്പലുകൾ വന്നെത്തുന്നതിനു ദീർഘകാലം മുമ്പുതന്നെ ആഫ്രിക്കയിലും അടിമത്തം തഴച്ചുവളർന്നിരുന്നു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലുടനീളം, പ്രധാനമായും കറുത്തവർ അധിവസിച്ചിരുന്ന ആഫ്രിക്കയിൽ അടിമകളെ സ്വന്തമാക്കി വെച്ചിരുന്നു. . . . ഇസ്ലാമിന്റെ ആവിർഭാവത്തിനുമുമ്പ് പോലും അടിമത്തം നിലനിന്നിരുന്നു, ആഫ്രിക്കയിൽനിന്നു കയറ്റി അയയ്ക്കപ്പെട്ട കറുത്ത അടിമകളെ ഇസ്ലാമിക ലോകത്തുടനീളം കച്ചവടം ചെയ്തു.”
അറ്റ്ലാൻറിക് സമുദ്രത്തിനു കുറുകെയുണ്ടായിരുന്ന അടിമക്കച്ചവടത്തെ വ്യത്യസ്തമാക്കിനിർത്തിയത് അതിന്റെ അളവും വ്യാപ്തിയുമായിരുന്നു. ഏറ്റവും കൃത്യമായ കണക്കുകളനുസരിച്ച്, 16-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെ അറ്റ്ലാൻറിക് സമുദ്രത്തിനു കുറുകെ കടന്ന അടിമകളുടെ എണ്ണം 1 കോടിക്കും 1.2 കോടിക്കും ഇടയിലായിരുന്നു.
ത്രികോണ മാർഗം
1492-ലെ ക്രിസ്റ്റഫർ കൊളംബസിന്റെ സമുദ്രയാത്രയ്ക്കു ശേഷം ഉടനെതന്നെ, യൂറോപ്യൻ കോളനി സ്ഥാപകർ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഖനനപ്രവർത്തനങ്ങൾ സ്ഥാപിക്കുകയും കരിമ്പിൻ തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. അവിടെയുള്ള ആളുകളെ അടിമകളാക്കുന്നതിനു പുറമേ, യൂറോപ്യൻമാർ ആഫ്രിക്കയിൽനിന്ന് അടിമകളെ ഇറക്കുമതി ചെയ്യാനും തുടങ്ങി.a 1500-കളുടെ പകുതിയിൽ അറ്റ്ലാൻറിക് സമുദ്രത്തിനു കുറുകെ അടിമകളെ കപ്പലിൽ കയറ്റി അയയ്ക്കുന്നത് ഒരു നേർത്ത ജലധാരപോലെ ആയിരുന്നു, എന്നാൽ, 1700-കളുടെ പകുതിയിൽ, ഇക്വിയാനോയുടെ നാളായപ്പോഴേക്കും അത് ഒരു വലിയ ജലപ്രവാഹമായി മാറിയിരുന്നു—ഓരോ വർഷവും ഏതാണ്ട് 60,000 അടിമകളെ.
യൂറോപ്പിൽനിന്നുള്ള കപ്പലുകൾ സാധാരണമായി സ്വീകരിച്ചുപോന്നത് ഒരു ത്രികോണമാർഗമായിരുന്നു. ആദ്യം അവർ തെക്കോട്ട് യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്കു പോയി. എന്നിട്ട് മധ്യഭാഗത്തുള്ള അമേരിക്കകളിലേക്കു (ത്രികോണത്തിന്റെ മധ്യഭാഗത്തെ ബന്ധിപ്പിക്കുന്നിടത്തേക്കു) യാത്ര ചെയ്തു. ഒടുവിൽ അവർ യൂറോപ്പിലേക്കു തിരികെ യാത്രചെയ്തു.
ത്രികോണത്തിന്റെ ഓരോ പോയിൻറിലും കപ്പിത്താൻമാർ കച്ചവടം നടത്തും. ചരക്കുകൾ—തുണി, ഇരുമ്പ്, തോക്ക്, മദ്യം—വളരെയധികം നിറച്ച കപ്പലുകൾ യൂറോപ്യൻ തുറമുഖങ്ങളിൽനിന്നു പുറപ്പെടും. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് എത്തുമ്പോൾ ആഫ്രിക്കൻ കച്ചവടക്കാർ നൽകിയ അടിമകൾക്കു പകരം അവർ ഈ സാധനങ്ങൾ കൈമാറും. അടിമകളെ ആ കപ്പലുകളിലേക്കു തിക്കിനിറച്ചു, എന്നിട്ട് അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കു പ്രയാണമാരംഭിക്കും. അമേരിക്കകളിൽ ചെന്ന് കപ്പിത്താൻമാർ അടിമകളെ വിൽക്കും, എന്നിട്ട് അടിമപ്പണിയിലൂടെ ഉത്പാദിപ്പിച്ച സാധനങ്ങൾ—പഞ്ചസാര, റം, ശർക്കരപ്പാവ്, പുകയില, അരി കൂടാതെ 1780-കൾ മുതൽ പരുത്തി തുടങ്ങിയ സാധനങ്ങൾ—നിറയ്ക്കും. എന്നിട്ട്, കപ്പലുകൾ തിരികെ യൂറോപ്പിലേക്കു യാത്രയാകും, അതായിരുന്നു യാത്രയുടെ അന്തിമഘട്ടം.
യൂറോപ്പിലെയും ആഫ്രിക്കയിലെയും വ്യാപാരികളെയും അതുപോലെതന്നെ അമേരിക്കകളിലെ കോളനിസ്ഥാപകരെയും സംബന്ധിച്ചിടത്തോളം, അവർ ജീവനുള്ള ചരക്ക് എന്നു വിളിച്ചതിന്റെ അർഥം ബിസിനസ്സായിരുന്നു, പണമുണ്ടാക്കാനുള്ള ഒരു മാർഗം. അടിമകളാക്കപ്പെട്ടവരെ—ഭാര്യാഭർത്താക്കൻമാർ, മാതാപിതാക്കൾ, പുത്രീപുത്രൻമാർ തുടങ്ങിയവരെ—സംബന്ധിച്ചിടത്തോളം അതിന്റെ അർഥം മൃഗീയതയും ഭീതിയും ആയിരുന്നുതാനും.
ഈ അടിമകൾ എവിടെനിന്നാണു വന്നത്? ഓലൗഡാ ഇക്വിയാനോയുടെ കാര്യത്തിലെന്നപോലെ, ചിലർ തട്ടിക്കൊണ്ടുപോകപ്പെട്ടു. എന്നാൽ മിക്കവരും പിടിക്കപ്പെട്ടത് ആഫ്രിക്കൻ രാഷ്ട്രങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിലായിരുന്നു. അവരെ കൊടുത്തവരും ആഫ്രിക്കക്കാരായിരുന്നു. അടിമക്കച്ചവടം സംബന്ധിച്ച ഒരു സ്പെഷ്യലിസ്റ്റായ, ചരിത്രകാരനായ ഫിലിപ്പ് കർട്ടിൻ ഇങ്ങനെ എഴുതുന്നു: “നേരിട്ടുള്ള അടിമക്കച്ചവടം സാധ്യമാക്കുന്നതു തങ്ങളുടെ സ്വന്തം ആരോഗ്യത്തിനു വളരെ അപകടകരമായിരിക്കുമെന്നു യൂറോപ്യൻമാർ പെട്ടെന്നുതന്നെ മനസ്സിലാക്കി. അടിമകളെ ഉണ്ടാക്കുന്നത് ആഫ്രിക്കക്കാർ മാത്രം നടത്തുന്ന ഒരു നടപടിയായിത്തീർന്നു . . . ഈ ഘട്ടത്തിൽ അടിക്കച്ചവടത്തിലേക്കുണ്ടായിരുന്ന ആളുകളുടെ പ്രവാഹത്തിന്റെ ഉറവിടം മുഖ്യമായും തടവുകാരായിരുന്നു.”
മധ്യഭാഗം
അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കുള്ള യാത്ര ഞെട്ടിക്കുന്ന ഒരു അനുഭവമായിരുന്നു. കൂട്ടങ്ങളായി ചങ്ങലയിട്ട് തീരത്തേക്കു മാർച്ചു ചെയ്യപ്പെട്ട ആഫ്രിക്കക്കാർ കൽക്കോട്ടകളിലോ തടികൊണ്ട് വേലികെട്ടിയ സ്ഥലത്തോ മാസങ്ങളോളം തിക്ത വേദനയനുഭവിച്ചു കഴിഞ്ഞു. അമേരിക്കകളിലേക്കുള്ള ഒരു അടിമക്കപ്പൽ എത്തിച്ചേരുമ്പോഴേക്കും, തടവുകാർ മിക്കപ്പോഴും അതിനോടകം തന്നെ തങ്ങൾ നേരിട്ട ദുഷ്പെരുമാറ്റം നിമിത്തം ക്ഷയിച്ച ആരോഗ്യത്തിലായിരിക്കും. എന്നാൽ അതിലും മോശമായത് പിന്നെയും വരാനിരുന്നതേയുള്ളൂ.
കപ്പൽത്തട്ടിലൂടെ വലിച്ചിഴച്ച്, അവരുടെ തുണിയുരിഞ്ഞ് കപ്പലിലെ സർജനോ കപ്പിത്താനോ പരിശോധിച്ചശേഷം, പുരുഷൻമാരെ വിലങ്ങുവെച്ച് താഴത്തെ തട്ടിലേക്കു മാറ്റുമായിരുന്നു. തങ്ങളുടെ ലാഭം ഏറ്റവും കൂട്ടാൻ വേണ്ടി കപ്പലുടമകൾ കഴിയുന്നിടത്തോളം അടിമകളെ കപ്പൽ മുറികളിൽ തിക്കിനിറച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ ചലനസ്വാതന്ത്ര്യമുണ്ടായിരുന്നു, എന്നാൽ ഇത് കപ്പൽ ജോലിക്കാരിൽനിന്നുള്ള ലൈംഗിക ദ്രോഹത്തിന് അവരെ വിധേയരാക്കി.
കപ്പൽമുറിക്കുള്ളിലെ അന്തരീക്ഷം അഴുക്കു നിറഞ്ഞതും ദുർഗന്ധപൂരിതവുമായിരുന്നു. തന്റെ വിചാരങ്ങൾ ഇക്വിയാനോ വിവരിക്കുന്നു: “ഇടം അടച്ചുപൂട്ടിയതും കാലാവസ്ഥ ചൂടുള്ളതും കപ്പലിലുള്ളവരുടെ എണ്ണം ഭീമവും മുറികൾ ആളുകൾക്ക് നിന്നുതിരിയാൻ കഴിയാത്തവിധം തിങ്ങിനിറഞ്ഞതും ആയിരുന്നതിനാൽ അതു ഞങ്ങളെ മിക്കവാറും ശ്വാസംമുട്ടിച്ചുകളഞ്ഞു. ധാരാളമായി വിയർക്കുന്നതിന് ഇതു കാരണമായി. അതുകൊണ്ട് പലതരത്തിലുള്ള ദുർഗന്ധങ്ങൾ നിമിത്തം വായു ശ്വസിക്കാൻ കൊള്ളാത്തതായിത്തീർന്നു. അത് അടിമകളുടെ ഇടയിൽ രോഗം വരുത്തിവെച്ചു, അതിനാൽ പലരും മരിക്കുകയും ചെയ്തു . . . സ്ത്രീകളുടെ നിലവിളികളും മരിക്കുന്നവരുടെ ആർത്തനാദങ്ങളും ആ രംഗത്തെയാകെ ഗ്രഹിക്കാൻ കഴിയാത്തവിധമുള്ള ഭീതിയുടെ ഒരു കളമാക്കിമാറ്റി.” രണ്ടു മാസമോ അതിൽ കൂടുതലോ എടുത്ത് സമുദ്രം കുറുകെ കടന്ന സമയമൊട്ടുക്കും തടവുകാർക്ക് അത്തരം അവസ്ഥകൾ സഹിച്ചുനിൽക്കേണ്ടിവന്നു.
ഭയങ്കരമാംവിധം വൃത്തിഹീനമായ അവസ്ഥകളിൽ രോഗം പടർന്നുപിടിച്ചു. വയറിളക്കത്തിന്റെയും വസൂരിയുടെയും സംക്രമണം ആവർത്തിച്ചാവർത്തിച്ചുണ്ടായി. മരണനിരക്ക് ഉയർന്നതായിരുന്നു. 1750-കൾവരെ 5 ആഫ്രിക്കക്കാരിൽ 1 ആൾ വീതം കപ്പൽത്തട്ടിൽവെച്ച് മരണമടഞ്ഞതായി രേഖകൾ സൂചിപ്പിക്കുന്നു. മരിച്ചവരെ കപ്പൽത്തട്ടിൽനിന്നും വലിച്ചെറിയുകയാണു ചെയ്തത്.
അമേരിക്കകളിൽ എത്തുന്നു
അടിമക്കപ്പലുകൾ അമേരിക്കൻ ഭൂഖണ്ഡങ്ങളോടടുത്തപ്പോൾ കപ്പൽ ജോലിക്കാർ ആഫ്രിക്കക്കാരെ വിൽപ്പനയ്ക്കായി ഒരുക്കി. അവരെ ചങ്ങലകളിൽനിന്ന് അഴിച്ച് തീറ്റ കൊടുത്ത് കൊഴുപ്പിച്ച് ആരോഗ്യവാൻമാരാണെന്നു തോന്നാനും വ്രണങ്ങളും മുറിവുകളും തിരിച്ചറിയാതിരിക്കാനും അവരെ പാമോയിലിട്ടു തിരുമ്മി.
കപ്പിത്താൻമാർ സാധാരണമായി തങ്ങളുടെ തടവുകാരെ ലേലം വിളിച്ചാണു വിറ്റത്, എന്നാൽ, ചിലപ്പോൾ അവർ ഒരു “സ്ക്രാംബിൾ” സംഘടിപ്പിച്ചു, മുന്നമേതന്നെ ഒരു നിശ്ചിത തുക നൽകാൻ അതു വാങ്ങുന്നവരെ നിർബന്ധിതരാക്കി. ഇക്വിയാനോ എഴുതുന്നു: “സിഗ്നൽ (ചെണ്ടയുടെ ശബ്ദമോ മറ്റോ) കിട്ടിക്കഴിഞ്ഞാൽ, അടിമകളെ ബന്ധിച്ചിരിക്കുന്ന സ്ഥലത്തേക്കു വാങ്ങുന്നവർ താമസംവിനാ പായുകയായി, എന്നിട്ട് തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടത്തെ തിരഞ്ഞെടുക്കുന്നു. ഇതു നടക്കുമ്പോഴുള്ള ഒച്ചയും ബഹളവും, ഒപ്പം വാങ്ങുന്നവരുടെ മുഖങ്ങളിൽ ദൃശ്യമാകുന്ന ആകാംക്ഷയും പേടിച്ചരണ്ട ആഫ്രിക്കക്കാരുടെ ഭയപ്പാടുകൾ കുറച്ചൊന്നുമല്ല വർധിപ്പിക്കുന്നത്.”
ഇക്വിയാനോ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മനസ്സാക്ഷിയില്ലാത്ത ഈ രീതിയിൽ, ബന്ധുക്കളും സ്നേഹിതരും വിച്ഛേദിക്കപ്പെടുന്നു, അവരിൽ മിക്കവരും പിന്നീടൊരിക്കലും പരസ്പരം കണ്ടുമുട്ടുകയില്ല.” മുൻമാസങ്ങളിലെ പേടിപ്പെടുത്തുന്ന അനുഭവങ്ങളിലൂടെ ഒന്നിച്ചു കഴിഞ്ഞുപോന്ന കുടുംബങ്ങൾക്ക് ഇതു പ്രത്യേകിച്ചും ഒരു ആഘാതമായിരുന്നു.
ജോലിയും ചാട്ടവാറും
കാപ്പിയും നെല്ലും പുകയിലയും പരുത്തിയും വിശേഷിച്ച് പഞ്ചസാരയും ഉത്പാദിപ്പിക്കാൻ ആഫ്രിക്കൻ അടിമകൾ തോട്ടങ്ങളിൽ പണിയെടുത്തു. മറ്റുള്ളവർ ഖനനസ്ഥലങ്ങളിൽ അധ്വാനിച്ചു. ആശാരിമാർ, ലോഹപ്പണിക്കാർ, വാച്ചുനിർമാതാക്കൾ, തോക്കുണ്ടാക്കുന്നവർ, കപ്പൽ ജോലിക്കാർ എന്നീ നിലകളിലാണു ചിലർ പണിയെടുത്തത്. ഇനിയും വേറെ ചിലർ വീട്ടുപണിക്കാരായിത്തീർന്നു—വേലക്കാർ, ആയമാർ, വസ്ത്രം തുന്നുന്നവർ, പാചകക്കാർ എന്നിങ്ങനെ. അടിമകൾ കാടു വെട്ടിത്തെളിച്ചു, റോഡുകളും കെട്ടിടങ്ങളും നിർമിച്ചു, കനാലുകൾ കുഴിച്ചു.
എന്നാൽ, അവർ ഈ ജോലിയൊക്കെ ചെയ്തെങ്കിൽപോലും, അടിമകളെ ഒരു സ്വത്തായാണു കരുതിയിരുന്നത്. തന്റെ സ്വത്തിന്റെമേൽ പരിപൂർണ അധികാരം പുലർത്താൻ നിയമം യജമാനനെ അനുവദിച്ചിരുന്നു. എന്നിരുന്നാലും, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിരസിച്ചുകൊണ്ടു മാത്രമല്ല അടിമത്തം നിലനിർത്തിയത്, അതു ചാട്ടയാലുമായിരുന്നു. യജമാനൻമാരുടെയും അവരുടെ മേൽനോട്ടക്കാരുടെയും അധികാരം ആശ്രയിച്ചിരുന്നതു വേദനിപ്പിക്കാനുള്ള അവരുടെ പ്രാപ്തിയിലായിരുന്നു. അവർ വളരെയധികം വേദനിപ്പിക്കുകയും ചെയ്തിരുന്നു.
എതിർപ്പിനെ നിരുത്സാഹപ്പെടുത്താനും തങ്ങളുടെ അടിമകളെ നിയന്ത്രിക്കാനും ഉടമകൾ അധമമായ ശാരീരിക ശിക്ഷയാണു നിസ്സാര തെറ്റുകൾക്കുപോലും നൽകിയിരുന്നത്. ഇക്വിയാനോ എഴുതുന്നു: “യജമാനന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ അടിമയുടെമേൽ ചട്ടുകം പഴുപ്പിച്ച് എഴുതുന്നത് [വെസ്റ്റ് ഇൻഡീസിൽ] വളരെ സാധാരണമായിരുന്നു, ഭാരമേറിയ ഇരുമ്പു വളയങ്ങൾ അവരുടെ കഴുത്തിൽനിന്നു തൂക്കിയിട്ടിരുന്നു. തീർച്ചയായും ഏറ്റവും നിസ്സാരമായ സന്ദർഭങ്ങളിൽ ചങ്ങലയും പീഡിപ്പിക്കുന്നതിനുള്ള മറ്റ് ഉപകരണങ്ങളുംകൊണ്ട് അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഏറ്റവും നിസ്സാര കുറ്റങ്ങൾക്കുപോലും ഇരുമ്പുകൊണ്ടുള്ള മുഖക്കൊട്ടയും നഖത്തിൽ വേദന എടുപ്പിക്കാനുള്ള സ്ക്രൂവും പോലുള്ളവ . . . ചിലപ്പോൾ ഉപയോഗിച്ചിരുന്നു. ഒരു കലം തിളച്ചൊഴുകിയതുകൊണ്ട് എല്ല് ഒടിയുന്നതുവരെ ഒരു നീഗ്രോയെ തല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
ചിലപ്പോൾ അടിമകൾ എതിർത്തിരുന്നു. എന്നിരുന്നാലും, മിക്ക എതിർപ്പുകളും വിജയപ്രദമല്ലായിരുന്നു, അവയ്ക്കു നിർദയമായ ക്രൂരതയോടെയാണു ശിക്ഷ ലഭിച്ചിരുന്നത്.
[അടിക്കുറിപ്പുകൾ]
a അറ്റ്ലാൻറിക്കിനു കുറുകെയുള്ള ഈ കച്ചവടത്തിൽ നേരിട്ട് ഉൾപ്പെട്ട പ്രമുഖ യൂറോപ്യൻ രാഷ്ട്രങ്ങൾ ബ്രിട്ടൻ, ഡെൻമാർക്ക്, ഫ്രാൻസ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്പെയിൻ എന്നിവയായിരുന്നു.
[5-ാം പേജിലെ ചിത്രം]
മരിച്ചവരെ കപ്പൽത്തട്ടിൽനിന്നു വലിച്ചെറിഞ്ഞിരുന്നു
[കടപ്പാട്]
Culver Pictures
[5-ാം പേജിലെ ചിത്രം]
കഴിയുന്നിടത്തോളം അടിമകളെ കപ്പൽമുറിയിൽ നിറച്ചു
[കടപ്പാട്]
Schomburg Center for Research in Black Culture / The New York Public Library / Astor, Lenox and Tilden Foundations