ആർത്തവപൂർവരോഗം—മിഥ്യയോ സത്യമോ?
അവളുടെ പെരുമാറ്റം താളംതെറ്റിയതും മുൻകൂട്ടിപ്പറയാനാവാത്തതുമാണ്. ഒരു നിമിഷത്തിൽ അവൾ യോജിക്കുന്നവളും അടുത്ത നിമിഷത്തിൽ വാദോന്മുഖയുമാണ്. അവൾ നിരാശയുടേതായ വാക്കുകൾ ഉരുവിടുന്നു. നിങ്ങൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും, അവൾ നിങ്ങൾ പറയുന്നതിനോടും ചെയ്യുന്നതിനോടും അമിതമായി പ്രതികരിക്കുന്നു. ഒരു ചെറിയ പ്രശ്നം ഊതിവീർപ്പിക്കുകയും ഒരു ചൂടുപിടിച്ച വാദപ്രതിവാദത്തിനു വഴിമരുന്നിടുകയും ചെയ്തേക്കാം. കുറച്ചു ദിവസങ്ങളോ ഒരാഴ്ചയോ മറ്റോ കഴിയുമ്പോൾ, ഈ “അന്യസ്ത്രീ” അപ്രത്യക്ഷയാകുന്നു, അവൾ ഒരിക്കൽക്കൂടി അവൾ തന്നെയാകുന്നു . . . കുറച്ചുനാളത്തേക്ക്.
എല്ലാ സ്ത്രീകളും അത്തരം നാടകീയ ഭാവമാറ്റങ്ങൾക്കു വിധേയരാകുന്നില്ലെന്നതു ശരിതന്നെ. എങ്കിലും ചില സ്ത്രീകൾ ആർത്തവാരംഭത്തിനു മുമ്പ് ഇത്തരത്തിലുള്ള മാറ്റങ്ങൾ തങ്ങളിൽത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. അത്തരം ഭാവമാറ്റങ്ങൾക്കു കാരണമെന്താണ്? അത്തരം പെരുമാറ്റം വാസ്തവത്തിൽ ആർത്തവ പരിവൃത്തിക്കിടയിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണോ?
എന്താണു പി എം എസ്?
അമേരിക്കൻ ജേണൽ ഓഫ് സൈക്കിയാട്രി പറയുന്നതനുസരിച്ച്, “ജീവിതത്തിന്റെ ചില മേഖലകളിൽ കൈകടത്താനാവുന്നത്ര കടുത്തതും” സ്ഥിരമായി ആർത്തവത്തിനു തൊട്ടു മുമ്പു പ്രത്യക്ഷപ്പെടുന്നതുമായ “ചാക്രിക ലക്ഷണങ്ങൾ” അനുഭവപ്പെടുന്ന സ്ത്രീകൾ പി എം എസ് (ആർത്തവപൂർവരോഗം)-നാൽ വലയുകയായിരിക്കാം. പി എം എസ് നിർണയിക്കാൻ കഴിയുന്ന ലബോറട്ടറി പരിശോധനകൾ ഒന്നും തന്നെയില്ലെങ്കിലും പി എം എസ് ഉള്ള സ്ത്രീകൾക്ക് ഓരോ പരിവൃത്തിക്കാലത്തും ഒന്നോ രണ്ടോ ആഴ്ചകളുടെ ഒരു ലക്ഷണരഹിതഘട്ടമുണ്ട്. ഈ നിർവചനത്താൽ സ്ത്രീകളിൽ 10 ശതമാനം മാത്രമേ പി എം എസ്-നാൽ ദുരിതമനുഭവിക്കുന്നുള്ളുവെന്നു ഡോക്ടർമാർ കണക്കുകൂട്ടുന്നു.
മറ്റു ചികിത്സകന്മാർക്കു പി എം എസ്-നെക്കുറിച്ചു വ്യത്യസ്തമായ വീക്ഷണമാണുള്ളത്. ഒരു നല്ല ശതമാനം, അതായത് 40 ശതമാനത്തിനും 90 ശതമാനത്തിനുമിടയ്ക്കു സ്ത്രീകൾക്കു പി എം എസ് ഉണ്ടെന്ന് അവർ വാദിക്കുന്നു. തൂക്കംവർധിക്കൽ, തളർച്ച, സന്ധിവേദന, ഉദരവേദന, ചെന്നിക്കുത്ത്, ശുണ്ഠി, സ്തനങ്ങളുടെ മാർദവം, കരച്ചിൽ, ഭക്ഷണത്തോടുള്ള ആസക്തി, ഭാവവ്യത്യാസങ്ങൾ എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നതുൾപ്പെടുന്ന ഒരു പദമായി അവർ അതിനെ നിർവചിക്കുന്നു. പി എം എസ്-നോടനുബന്ധിച്ച് 150-ലധികം ലക്ഷണങ്ങളുണ്ട്. ഇനിമേലാൽ ഋതുവാകുകയേയില്ലാത്തവർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ഇവയിൽ ചില ലക്ഷണങ്ങളോ പല ലക്ഷണങ്ങളോ അനുഭവപ്പെട്ടേക്കാം. എന്തായാലും സാധാരണമായി ഒരു സ്ത്രീക്കു തന്റെ മുപ്പതുകളിലാണ് പി എം എസ് അനുഭവപ്പെടുന്നത്. ഭൂരിഭാഗം സ്ത്രീകൾക്കും പി എം എസ്-ന്റെ ലക്ഷണങ്ങൾ വേദനാകരമാണെങ്കിലും, നിയന്ത്രിക്കാവുന്നവയാണ്. അത്ര കടുത്തതല്ലാത്ത പി എം എസ്-നാൽ വിഷമിക്കുന്ന ഇവരിലാണ് ഈ ലേഖനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഐക്യനാടുകളിൽ പി എം എസ് ഒരു “പൊതുവായ ആരോഗ്യപ്രശ്ന”മായി കാണപ്പെടുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗണിലെ ഒരു ഗവേഷകയായ നാൻസി റിം റിപ്പോർട്ടു ചെയ്തു. എന്നാൽ മറ്റു രാജ്യങ്ങളിൽ ലക്ഷണങ്ങളുടെ തരത്തിലും കാഠിന്യത്തിലും പല വ്യത്യാസങ്ങളുമുണ്ട്. “ചിലർ എടുത്തുപറയത്തക്ക വളരെയധികം ശാരീരിക ലക്ഷണങ്ങളെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നു, മറ്റു ചില സംസ്കാരങ്ങൾ കൂടുതൽ വൈകാരിക ലക്ഷണങ്ങളെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നു,” എന്ന് അവർ പറഞ്ഞു. ചൈനയിൽ ഗവേഷണം നടത്തിയ റിം ചൈനാക്കാരെ ഒരു ഉദാഹരണമായി എടുത്തുപറയുന്നു. “ചൈനാക്കാരുടെ സംസ്കാരത്തിൽ വൈകാരിക ലക്ഷണങ്ങൾ ഉണ്ടായിരിക്കുക എന്നത് ഒരു നല്ല കാര്യമല്ല.” അതിന്റെ ഫലമായി, ആർത്തവപ്രശ്നങ്ങളെക്കുറിച്ചു ചോദിക്കുമ്പോൾ, സ്ത്രീകൾ കടുത്ത ഉദരവേദനയിലേക്കു വിരൽചൂണ്ടുന്നുവെന്ന് അവർ കുറിക്കൊണ്ടു.
പി എം എസ്-ന്റെ ആദ്യകാലങ്ങൾ
1931-ൽ “ആർത്തവപൂർവ സമ്മർദത്തിന്റെ ഹോർമോൺ സംബന്ധമായ കാരണങ്ങൾ” എന്ന തന്റെ ലേഖനത്തിൽ ന്യൂയോർക്കിലെ ഡോ. റോബർട്ട് റ്റി. ഫ്രാങ്ക് ആണ് പി എം എസ്-നെക്കുറിച്ച് ആദ്യമായി ചർച്ചചെയ്തത്. ആർത്തവത്തിനു മുൻപ് തളർച്ച, ഏകാഗ്രതക്കുറവ്, വൈകാരിക സമ്മർദം എന്നിവ അനുഭവിച്ച സ്ത്രീകളെ അദ്ദേഹം നിരീക്ഷിച്ചു.
പിന്നീട്, 22 വർഷങ്ങൾക്കുശേഷമാണ് ഇംഗ്ലീഷുകാരായ കാതറീന ഡാൽട്ടൻ എന്ന ഭിഷഗ്വരയും റെയ്മണ്ട് ഗ്രീൻ എന്ന ഭിഷഗ്വരനും ചേർന്ന് ഒരു ആനുകാലിക വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ഉപന്യാസത്തിൽ, “ആർത്തവപൂർവരോഗം” എന്നതിന്റെ ഇംഗ്ലീഷ് പദം അവതരിപ്പിച്ചത്. ഡോക്ടർ ഡാൽട്ടൺ പി എം എസ്-നെ “ലോകത്തിലെ ഏറ്റവും സാധാരണമായതും പ്രായേണ ഏറ്റവും പഴക്കമേറിയതുമായ രോഗം” എന്നു പരാമർശിച്ചു. പി എം എസ്-ന് ഒരു സ്ത്രീയുടെ പെരുമാറ്റത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഫലത്തെക്കുറിച്ചുള്ള അവരുടെ ഗവേഷണഫലങ്ങൾ 1980-ലാണു വെളിച്ചം കണ്ടത്. അവരും മറ്റു ഡോക്ടർമാരും കൊലപാതകക്കുറ്റമാരോപിക്കപ്പെട്ട രണ്ടു ബ്രിട്ടീഷ് സ്ത്രീകളെ പരിശോധിക്കുന്നതിനു ക്ഷണിക്കപ്പെട്ടു. തന്റെ ആർത്തവപരിവൃത്തിക്കിടയിലെ ഹോർമോൺ വ്യതിയാനങ്ങൾ ഒരു സ്ത്രീയുടെ പെരുമാറ്റത്തെ സ്വാധീനിച്ചേക്കാമെന്ന് അവർ സിദ്ധാന്തീകരിച്ചു. പി എം എസ്-നെ സംബന്ധിച്ച അവരുടെ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഇരുകേസുകളിലും കൊലപാതകത്തിനുള്ള ശിക്ഷ ഇളവു ചെയ്യപ്പെട്ടു. ഒരു വിധിയിൽ “കുറഞ്ഞ ബാധ്യത”യുടെ അടിസ്ഥാനത്തിൽ നരഹത്യ നടത്തിയതിന് ഒരു കുറഞ്ഞ ശിക്ഷയേ പ്രതിക്കു കിട്ടിയുള്ളു.
സ്ത്രീകളുടെ നാശകരമായ പെരുമാറ്റങ്ങൾ ഉൾപ്പെടുന്ന മേൽപ്പറഞ്ഞതുപോലെയുള്ള സംഭവങ്ങൾ ഒറ്റപ്പെട്ട കേസുകളാണെന്നു തോന്നുന്നു. ആർത്തവസമയത്തോടടുത്തു ഭൂരിഭാഗം സ്ത്രീകൾക്കുമുള്ള ഇത്തരം പെരുമാറ്റങ്ങളുടെയും വേദനാകരമായ നിസ്സാര ലക്ഷണങ്ങളുടെയും കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രപരവും അല്ലാത്തതുമായ ആനുകാലികങ്ങളിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടേയിരിക്കുകയാണ്.
വാസ്തവത്തിൽ അത്തരം പെരുമാറ്റം ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന ചാക്രിക ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമാണോ? അതോ, ഇളകിമറിയുന്ന ഹോർമോണുകളും വഴങ്ങാത്ത സ്ത്രീശരീരവും എന്ന ആശയം വെറുമൊരു മിഥ്യയാണോ? ഹോർമോൺ വ്യതിയാനങ്ങൾക്ക് സ്ത്രീശരീരത്തിൽ എന്തെങ്കിലും സ്വാധീനമുണ്ടെങ്കിൽ അതെന്താണെന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ആർത്തവപരിവൃത്തിയുടെ സമയത്ത് മസ്തിഷ്കഹോർമോണുകളും അണ്ഡാശയഹോർമോണുകളും തമ്മിൽ നടക്കുന്ന പ്രതിപ്രവർത്തനങ്ങളെ സംബന്ധിച്ച ഒരു മികച്ച അറിവു സ്ത്രീകൾ പി എം എസ്-നാൽ ബുദ്ധിമുട്ടനുഭവിക്കുന്നത് എന്തുകൊണ്ടാണെന്നറിയുന്നതിനുള്ള ഒരു മാർഗദർശകമായിരിക്കുമെന്ന് അനേകം ഗവേഷകരും ഡോക്ടർമാരും സമ്മതിക്കുന്നു.
ആർത്തവപരിവൃത്തി
ഏതാണ്ട് നാലാഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഒരു സ്ത്രീയുടെ ശരീരം ഹോർമോൺ വ്യതിയാനങ്ങളുടെ ഒരു അതിസങ്കീർണ പരിവൃത്തിയിലേക്കു കടക്കുന്നു. അനേകരും “ശാപം” എന്നു പരാമർശിക്കുന്ന “ആർത്തവം” എന്നതിന്റെ ആംഗലപദം “മാസം” എന്നർഥമുള്ള മെൻസിസ് എന്ന ലാറ്റിൻപദത്തിൽനിന്നാണു വരുന്നത്.
പരിവൃത്തി ആരംഭിക്കുന്നതിന് മസ്തിഷ്കത്തിലെ ഹൈപ്പോത്തലാമസ്, പിറ്റ്യുറ്ററി ഗ്രന്ഥിയിലേക്ക് ഒരു സന്ദേശമയയ്ക്കുന്നു. സന്ദേശം കിട്ടിക്കഴിയുമ്പോൾ പിറ്റ്യുറ്ററി ഗ്രന്ഥി എഫ് എസ് എച്ച് (ഫോളിക്കിൾ-ഉത്തേജക ഹോർമോൺ) സ്രവിപ്പിക്കാൻ തുടങ്ങുന്നു. എഫ് എസ് എച്ച് രക്തത്തിലൂടെ അണ്ഡാശയത്തിലേക്കു സഞ്ചരിക്കുകയും ഈസ്ട്രജന്റെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈസ്ട്രജൻ കൂടുന്നതനുസരിച്ച്, എൽ എച്ച് (ലൂട്ടിനൈസിങ് ഹോർമോൺ) അയച്ചുകൊണ്ട് പിറ്റ്യുറ്ററി ഗ്രന്ഥി പ്രതിപ്രവർത്തിക്കുന്നു. എൽ എച്ച്, എഫ് എസ് എച്ചിന്റെ സ്രാവത്തെ മന്ദമാക്കുന്നു. ഒരു അണ്ഡകോശം പൂർണവളർച്ച പ്രാപിച്ചു ഗർഭാശയത്തിലേക്കു സഞ്ചരിക്കുന്നു. അണ്ഡകോശം സ്വതന്ത്രമാക്കപ്പെട്ടുകഴിയുമ്പോൾ, പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ സ്രവിപ്പിക്കപ്പെടുന്നു. ബീജസങ്കലനം നടന്നില്ലെങ്കിൽ പ്രൊജസ്റ്ററോൺ നിലയും ഈസ്ട്രജൻ നിലയും വേഗത്തിൽ താഴാൻ തുടങ്ങുന്നു.
ഹോർമോണുകളുടെ സഹായമില്ലാത്തതുകൊണ്ടു ഗർഭാശയഭിത്തിയുടെ ഉൾപ്പാളികൾ വിലയിക്കുന്നു. തത്ഫലമായി രക്തം, ദ്രാവകം, ചില കലകൾ എന്നിവ യോനീനാളിയിൽക്കൂടി പുറംതള്ളപ്പെടുന്നു. ഒരു ആർത്തവപരിവൃത്തി അവസാനിപ്പിച്ചുകൊണ്ട് ഒരു സ്ത്രീയുടെ ഗർഭാശയം ഈ പാളികൾ പൂർണമായി പൊഴിച്ചുകളയാൻ 3 മുതൽ 7 വരെ ദിവസങ്ങളെടുക്കും. ഒരു പരിവൃത്തി അവസാനിക്കുമ്പോൾ ഒരു പുതിയ പരിവൃത്തിയുടെ തുടക്കത്തെ അടയാളപ്പെടുത്തിക്കൊണ്ടു മസ്തിഷ്കം വീണ്ടും ഹോർമോണുകൾ ഉത്പാദിപ്പിച്ചുതുടങ്ങുന്നു.
ഒരു ഹോർമോൺ സംഘട്ടനമോ?
ഈസ്ട്രജന്റെയും, പ്രൊജസ്റ്ററോണിന്റെയും ഒരു അസന്തുലനമാണ് ഒരു സ്ത്രീയിൽ ആർത്തവപൂർവ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതെന്നു ചിലർ വാദിക്കുന്നു. ഒരു സമ്പൂർണ സന്തുലിതാവസ്ഥ കൈവരിക്കാൻ വേണ്ടി സാധാരണമായി ഹോർമോണുകൾ ഒന്നിച്ചു പ്രവർത്തിക്കുന്നു. ഏതെങ്കിലും ഒന്ന് മറ്റേതിനെക്കാൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഒരു സംഘട്ടനം ഉണ്ടാവുകയും, ഇരകൾ സ്ത്രീശരീരത്തിൽ പിന്തള്ളപ്പെടുകയും ചെയ്യുന്നു.
ഉയർന്ന ഈസ്ട്രജൻ നില ചില സ്ത്രീകളെ ശുണ്ഠിയുള്ളവരാക്കിത്തീർത്തേക്കാം. മറ്റു ചിലരുടെ കാര്യത്തിൽ അവർക്കു തളർച്ചയും, വിഷാദവും തോന്നിച്ചുകൊണ്ട് പ്രൊജസ്റ്ററോൺ വിജയംവരിക്കുന്നു.
ഹോർമോൺപരമായ അസന്തുലിതാവസ്ഥ പി എം എസ്-നു കാരണമാകുന്നു എന്ന സിദ്ധാന്തത്തോടു മറ്റു ഗവേഷകർ വിയോജിക്കുന്നു. ചില സ്ത്രീകളിൽ ആർത്തവപൂർവ ലക്ഷണങ്ങൾ ഉണ്ടാകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതു മാനസികവും സാമൂഹികവുമായ ഘടകങ്ങളാണെന്ന് അവർ വാദിക്കുന്നു. “കടുത്ത പി എം എസ് ഉള്ളവരോ ഇല്ലാത്തവരോ ആയ സ്ത്രീകളിൽ അണ്ഡാശയസംബന്ധികളായ ഹോർമോണുകളുടെ ഘടനയിലോ അനുപാതത്തിലോ അളവിലോ സമയക്രമത്തിലോ വ്യക്തമായ ഒരു വ്യത്യാസവും കാണാൻ കഴിഞ്ഞിട്ടി”ല്ലെന്ന് പി എം എസ്-ന്റെ കാരണങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് പേഷ്യൻറ് കെയർ പ്രസ്താവിക്കുന്നു.
ഉദാഹരണത്തിന്, ആയാസത്തിന് പി എം എസ്-ന്റെ ലക്ഷണങ്ങളെ ത്വരിതപ്പെടുത്തുകയോ താമസിപ്പിക്കുകയോ തീവ്രമാക്കുകയോ ചെയ്യാൻ കഴിയും. പി എം എസ്—ആർത്തവപൂർവ ലക്ഷണങ്ങളും നിങ്ങളും: അടുത്ത മാസം വ്യത്യസ്തമായിരിക്കാൻ കഴിയും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആയാസം ഹോർമോണുകളുടെ സ്രാവത്തെ തടയുന്നു; അങ്ങനെ അപര്യാപ്തമായ ഒരു ഹോർമോൺ വിതരണത്തിന് പി എം എസ്-ന്റെ ലക്ഷണങ്ങളെ മോശമാക്കുന്ന വിധത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കു നയിക്കാൻ കഴിയും.” ആർത്തവത്തിനുമുൻപ് ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ കൂടുതൽ തീവ്രവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായി തോന്നിയേക്കാം.
അപമാനഭയം
ഒരു സ്ത്രീ ആർത്തവത്തോടു ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രകടമാക്കുകയാണെങ്കിൽ അവളെ മാതൃകായോഗ്യയല്ലാത്ത ജോലിക്കാരിയോ, വിധികർത്താവോ ആയി വീക്ഷിക്കാമെന്ന് ചില ഗവേഷകർ തറപ്പിച്ചു പറയുന്നു. ഒരു മനഃശാസ്ത്രജ്ഞയായ ബാർബറാ സോമർ ഇങ്ങനെ വാദിക്കുന്നു: “സമൂഹം സ്ത്രീകളെ അവരുടെ നിലയ്ക്കു നിർത്തുന്ന ഒരു വിധമാണത്. മാസത്തിൽ ഒരിക്കൽ നിങ്ങൾ അബലയാണെങ്കിൽ അതിന്റെ അർഥം ഗൗരവതരവും, ശക്തവും, സ്വാധീനശക്തിയുള്ളതുമായ ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ട് അപ്പോൾ നിങ്ങൾ പുറത്തായിരിക്കാൻ പാടില്ല എന്നാണ്.”
സാഹചര്യങ്ങളെ തങ്ങളുടെ പെരുമാറ്റത്തിന് ഒരു ഒഴികഴിവായി ഉപയോഗിക്കാമെന്നതുകൊണ്ടാണ് സ്ത്രീകൾ പി എം എസ് സ്വീകരിച്ചിരിക്കുന്നതെന്ന് മറ്റു ചില ഗവേഷകൻമാർ പറയുന്നു. ദ മിസ്മെഷർ ഓഫ് വുമൺ രചിച്ച ഡോക്ടർ കാരൽ താവ്രിസ് റെഡ്ബുക്ക് എന്ന മാസികയിൽ അവരുമായുള്ള ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. “‘എന്നെ വലയ്ക്കുന്ന എന്തു കുഴപ്പമാണ് എന്റെ ജീവിതത്തിലുള്ളത്?’ എന്നു ചോദിക്കുന്നതിനുപകരം, ‘എനിക്കു വൈദ്യശാസ്ത്രപരമായി എന്താണാവോ കുഴപ്പം?’ എന്നു പി എം എസ്-നെ പഴിചാരിക്കൊണ്ടു സ്ത്രീകൾക്കു പറയാൻ കഴിയും.”
1985-ൽ എ പി എ (അമേരിക്കൻ സൈക്കിയാട്രിക് അസോസിയേഷൻ)-യിലെ വനിതകൾക്കായുള്ള കമ്മിറ്റിയിലെ വനിതാ മനോരോഗവിദഗ്ധർ എ പി എ-യുടെ രോഗനിർണയ സ്ഥിതിവിവരപ്പട്ടികയിൽ പി എം എസ് ഉൾപ്പെടുത്തുന്നതിനെതിരെ പൊരുതി. നിലവിലുള്ള പട്ടികയുടെ അനുബന്ധത്തിൽ (1987) അതിനെ “പൂർവതന ലൂട്ടിയൽദശാതുര ക്രമക്കേടുകൾ” (late luteal phase dysphoric disorder) എന്നു പരാമർശിക്കുന്നുണ്ടെങ്കിലും അതിന്റെ അടുത്ത പതിപ്പിന്റെ മൂലഗ്രന്ഥത്തിൽ “പൂർവ ആർത്തവാതുര ക്രമക്കേടുകൾ” (PMDD-premenstrual dysphoric disorder) എന്നു ചേർക്കുവാൻ എ പി എ-യുടെ ഒരു ദൗത്യസംഘം നിർദേശിച്ചു. ആ പട്ടികയിൽ ചേർക്കുന്നത് അതിനെ ഒരു അംഗീകൃത മാനസിക ക്രമക്കേടാക്കിത്തീർക്കും.
“ഒരു മാനസിക ക്രമക്കേടല്ലാത്തതുകൊണ്ട് അത് പുസ്തകത്തിലൊരിടത്തും ഉള്ളതേയല്ല” എന്ന് ദൗത്യസംഘത്തിന്റെ ഒരു മുൻ ഉപദേശകയായ പോള കപ്ലാൻ പറയുന്നു. “അടുത്ത പ്രാവശ്യം ഒരു സ്ത്രീ അറ്റോർണി ജനറലായി നാമനിർദേശം ചെയ്യപ്പെടുമ്പോൾ അവരോട് ‘നിങ്ങൾക്ക് പി എം ഡി ഡി ഉണ്ടായിരുന്നോ?’ എന്നു ചോദിച്ചേക്കും” എന്നുകൂടി അവർ പറഞ്ഞു.
ആശ്വാസത്തിനായുള്ള അന്വേഷണം
വൈദ്യശാസ്ത്രരംഗം പി എം എസ് എന്ന പ്രശ്നത്തെ കുറിച്ചു വാദപ്രതിവാദം നടത്തിക്കൊണ്ടേയിരിക്കുന്നു. പി എം എസ്-ന്റെ യഥാർഥ കാരണത്തെയും ചികിത്സയെയും കുറിച്ച് അനേകം സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. വിവിധ ലക്ഷണങ്ങൾ ഉളവാക്കുന്ന 18 തരം പി എം എസ് ഉണ്ടായിരിക്കാമെന്ന് ചില ഡോക്ടർമാർ വിചാരിക്കുന്നു. പി എം എസ്-ന്റെ ലക്ഷണങ്ങളെ ഉദ്ദീപിപ്പിക്കുന്നതിൽ നാകം (zinc) ഒരു പങ്കു വഹിച്ചേക്കാമെന്ന് ഒരു ആധുനിക പഠനം റിപ്പോർട്ടു ചെയ്യുന്നു. ചിലരിൽ നേരിയ വിഷാദം ഉളവാക്കിക്കൊണ്ട് വൈറ്റമിൻ B6-ന്റെ കുറവ് ഒരു മൂലകാരണമായേക്കാമെന്നു മറ്റൊരു പഠനം സൂചിപ്പിക്കുന്നു.
പ്രകാശ ചികിത്സ, പ്രേരിതനിദ്ര, സമ്പൂർണ വിശ്രമപ്രക്രിയ, വിഷാദശമനൗഷധങ്ങൾ പ്രൊജസ്റ്ററോൺ പ്ലഗ്ഗുകൾ എന്നിങ്ങനെയുള്ള ചികിത്സാരീതികൾ ആവർത്തിച്ചുണ്ടാകുന്ന പി എം എസ്-ന്റെ ലക്ഷണങ്ങളിൽനിന്ന് ആശ്വാസം തേടുന്ന സ്ത്രീകൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഇതുവരെ, സ്ഥിരമായി ഫലപ്രദമായിരിക്കുന്ന ഒരു ചികിത്സ കണ്ടുപിടിച്ചിട്ടില്ല.
ആർത്തവത്തിനു മുൻപ് അസഹ്യമായ ലക്ഷണങ്ങൾ ഉണ്ടാകുന്ന സ്ത്രീകൾ ഡോക്ടറെ സമീപിക്കേണ്ടതാണ്. പി എം എസ്-ന്റെ ഓരോ കേസും ഒറ്റപ്പെട്ടതാണ്, ഓരോ സ്ത്രീയും വിദഗ്ധ വൈദ്യോപദേശവും ശരിയായ സംരക്ഷണവും അർഹിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന രോഗബാധ, കർണവീക്കം, വിഷാദം എന്നിവപോലുള്ള ഗുരുതരമായ അവസ്ഥകളെ പി എം എസ്-ന് അനുകരിക്കാൻ കഴിയും എന്നതുകൊണ്ട് ഒരു ശരീരപരിശോധന പ്രധാനമാണ്.
ഒരു സ്ത്രീ ആദ്യ തവണ ഡോക്ടറെ സന്ദർശിക്കുന്നതിനു മുൻപ് ആർത്തവത്തിനു മുൻപു തനിക്കനുഭവപ്പെടുന്ന ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങളുടെ വിശദമായ ഒരു ഡയറിയോ കലണ്ടറോ സൂക്ഷിക്കുന്നതു നന്നായിരിക്കും. താൻ ഭാവപ്പകർച്ചകൾക്കോ, ശുണ്ഠിക്കോ, വിഷാദത്തിനോ വിധേയയായേക്കാവുന്ന ദിവസങ്ങൾ അറിയുന്നത്, അതനുസരിച്ച് തന്റെ പട്ടിക ക്രമീകരിക്കാൻ അവളെ സഹായിച്ചേക്കാം. തനിക്കു പി എം എസ് എന്നു നിർണയിക്കാൻ അവളെ സഹായിക്കാനും അതിനു കഴിയും.
ജീവിതത്തിൽ സമ്മർദത്തിനു കാരണമാകുന്ന ഘടകങ്ങളെ കുറയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചേക്കാം. സമീകൃതമായ ആഹാരക്രമം, ക്രമമായ വ്യായാമം എന്നിവക്കും പി എം എസ്-നോട് എതിരിടാൻ കഴിയും. കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയതും മാംസ്യം കുറഞ്ഞതുമായ ഒരു ആഹാരക്രമം ആർത്തവത്തിനു മുമ്പ് വിഷാദഗ്രസ്തരായ ചില സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു സർവകലാശാലാപഠന റിപ്പോർട്ടു പറഞ്ഞു. പകൽസമയങ്ങളിലുള്ള ക്രമമായ ഒരു വ്യായാമപരിശീലനം, അല്ലെങ്കിൽ ചുറുചുറുക്കോടെയുള്ള ഒരു നടത്തം എന്നിവയും തളർച്ചക്കും ഉന്മേഷക്കുറവിനും എതിരെ പൊരുതാൻ സഹായിച്ചേക്കാം.
കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ചും ഭർത്താവിന് നിശ്ചയമായും സഹായിക്കാൻ കഴിയും. ഒരു സ്ത്രീയുടെ മാസമുറ അവൾക്കു പ്രശ്നങ്ങളുണ്ടാക്കുമ്പോൾ അവർ കൂടുതൽ ദയയും, പരിഗണനയും, തിരിച്ചറിവും ഉള്ളവരായിരിക്കാൻ കഠിനമായി ശ്രമിക്കണം.
വാദപ്രതിവാദം തുടരുന്നു
ഒരു സ്ത്രീ തന്റെ ആർത്തവചക്രത്തിനിടയിൽ അനുഭവിക്കുന്ന വൈകാരികവും, ശാരീരികവുമായ സാധാരണ മാറ്റങ്ങളെ “രോഗം” എന്നു മുദ്രയടിക്കുന്നതു തെറ്റാണെന്നു ചിലർ അവകാശപ്പെടുന്നു. അത് സ്ത്രീകളെ അവമാനിക്കുന്നുവെന്നവകാശപ്പെട്ടുകൊണ്ടു മറ്റു ചിലർ പി എം എസ്-നെ ആക്ഷേപിക്കുന്നു.
എന്തായാലും, ഒരു നല്ല കൂട്ടം സ്ത്രീകൾക്കും പി എം എസ് വാസ്തവമാണ്. ഒരു കുടുംബവുമായും, ജോലിയുമായും ഒത്തുപോകുക എന്നതു വിഷമകരമാക്കുന്ന ലക്ഷണങ്ങൾ ഓരോ മാസവും അനുഭവപ്പെടുന്നു. വൈദ്യശാസ്ത്രരംഗത്തുള്ളവരും അല്ലാത്തവരുമായ അനേകർ പി എം എസ്-ന്റെ യാഥാർഥ്യത്തെക്കുറിച്ചു വാദപ്രതിവാദം നടത്തിക്കൊണ്ടേയിരിക്കുന്നതുകൊണ്ട് ആശ്വാസത്തിനും ഗ്രാഹ്യത്തിനും വേണ്ടിയുള്ള ഒരന്വേഷണം നിരാശാജനകമായിത്തീർന്നേക്കാം.
[15-ാം പേജിലെ ചിത്രം]
പ്രത്യേകിച്ചു ദയയും പരിഗണനയും ഉള്ളവരായിരുന്നുകൊണ്ട് കുടുംബാംഗങ്ങൾക്കു സഹായിക്കാൻ കഴിയും