ഞങ്ങളുടെ വായനക്കാരിൽനിന്ന്
പിഎംഎസ് “ആർത്തവപൂർവരോഗം—മിഥ്യയോ സത്യമോ?” (ആഗസ്റ്റ് 8,1995) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു ഞാൻ ആത്മാർഥമായ നന്ദി പ്രകടിപ്പിച്ചേപറ്റൂ. ഓരോ മാസവും അത്തരം ദുരിതപൂർണമായ വികാരങ്ങളെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലാകാഞ്ഞപ്പോൾ അത്തരമൊരു ലേഖനത്തിനുവേണ്ടി ഞാൻ പ്രാർഥിച്ചിട്ടുണ്ട്. ലേഖനം വായിച്ച ഞാൻ, ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു. എന്റെ പ്രശ്നം ആത്മീയ ബലഹീനത നിമിത്തമല്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.
വൈ. ഇ., ജമെയ്ക്ക
എനിക്ക് ഓർമിക്കാൻ കഴിയുന്നടത്തോളം ഞാൻ പിഎംഎസ് ഹേതുവായി യാതന അനുഭവിച്ചിട്ടുണ്ട്; എന്നാൽ അനുഭവിക്കാതെ മറ്റു നിർവാഹമില്ലാത്ത ഒരു സംഗതി എന്ന മട്ടിൽ എല്ലായ്പോഴും ഞാൻ അതിനെ തള്ളിക്കളഞ്ഞിരുന്നു. ചർച്ചക്ക് അർഹമായതെന്നു കരുതാവുന്ന ഒരു യഥാർഥ പ്രശ്നമാണു പിഎംഎസ് എന്നു തിരിച്ചറിയാൻ ഈ ലേഖനം എന്നെ സഹായിച്ചു.
വൈ. എം., ഇംഗ്ലണ്ട്
ഏതാണ്ട് 12 വർഷക്കാലമായി, എനിക്കുണ്ടായിരുന്ന പിഎംഎസ് എന്റെ കുട്ടിക്കും ഭർത്താവിനും വല്ലാത്ത കഷ്ടപ്പാടിനു കാരണമായിരുന്നു. ഈ ലേഖനം എന്റെ അതേ ലക്ഷണങ്ങൾ തന്നെയാണു വിശദീകരിച്ചത്! സാധാരണ ഉണരുക!യെ വളരെ വിമർശിക്കുന്ന സാക്ഷിയല്ലാത്ത എന്റെ ഭർത്താവിന്റെ പ്രതികരണമാണ് എന്നെ ഏറെ സന്തുഷ്ടയാക്കിയത്. അദ്ദേഹം ലേഖനത്തിൽ അത്യന്തം താത്പര്യം കാണിക്കുകയും ‘നമുക്ക് ഈ ലേഖനം ലഭിച്ചതിൽ എനിക്കു സന്തോഷമുണ്ട്’ എന്നു പറയുകയും ചെയ്തു.
കെ. ഒ., ജപ്പാൻ
വ്യഭിചാരം “ബൈബിളിന്റെ വീക്ഷണം: വ്യഭിചാരം—ക്ഷമിക്കണമോ വേണ്ടയോ?” (ആഗസ്റ്റ് 8, 1995) എന്ന ലേഖനത്തിനു വളരെ നന്ദി. വർഷങ്ങളായി ദുഷ്പെരുമാറ്റം സഹിച്ച ഞാൻ എന്റെ ഭർത്താവിൽനിന്നു തിരുവെഴുത്തുപരമായി വിവാഹമോചനം നേടി. പക്ഷേ, ഞാൻ അങ്ങനെ ചെയ്തതിൽ കുറ്റക്കാരിയാണെന്നു തോന്നാൻ ചിലർ ഇടയാക്കി. ഈ തോന്നലിനോട് എനിക്ക് അനേകവർഷങ്ങൾ പൊരുതേണ്ടിവന്നു. യഹോവ എന്നെ ഉപേക്ഷിച്ചുവെന്നുപോലും ഞാൻ വിചാരിച്ചു. എന്നിരുന്നാലും, ഈ ലേഖനം എന്റെ വികാരങ്ങൾ പലതുമാണു പ്രകടിപ്പിച്ചത്; കൂടാതെ ഇത് എന്നെ അത്യധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.
എ. കെ., ചെക്ക് റിപ്പബ്ലിക്ക്
ആഫ്രിക്കൻ മുഖംമൂടികൾ “മുഖംമൂടിക്കു പിന്നിലെ അർഥം” (ആഗസ്റ്റ് 8, 1995) എന്ന നിങ്ങളുടെ ലേഖനം അങ്ങേയറ്റം ഉൾക്കാഴ്ച പകരുന്നതായിരുന്നു. സത്യക്രിസ്ത്യാനികൾ അത്തരം മുഖംമൂടികൾ സൂക്ഷിക്കുമായിരുന്നില്ലെന്നു നിങ്ങളതിൽ പ്രസ്താവിച്ചിരുന്നു. എന്നാൽ കേവലം സ്മാരകവസ്തുവായി നിർമിക്കപ്പെടുന്ന മുഖംമൂടികളെയോ മതപരമായ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലാത്തവയെയോ സംബന്ധിച്ചെന്ത്?
ജെ. എ., ഐക്യനാടുകൾ
വ്യാജമത ഉദ്ദേശ്യങ്ങൾക്കായി ഉണ്ടാക്കുന്ന മുഖംമൂടികളെ പ്രത്യേകം സ്പർശിക്കുന്നതായിരുന്നു ഞങ്ങളുടെ ലേഖനം. “ആരാധനയിൽ ഉപയോഗിക്കുന്ന മുഖംമൂടികളും വിനോദസഞ്ചാര വ്യവസായത്തിനായി കൊത്തിയുണ്ടാക്കുന്ന തനിപ്പകർപ്പുകളും തമ്മിൽ ഒരു വലിയ അന്തരമുണ്ടെന്നു” ഞങ്ങൾ സമ്മതിച്ചിരുന്നു. പാശ്ചാത്യ ദേശങ്ങളിൽ, വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന അത്തരം മുഖംമൂടികൾക്കു മതപരമായ ബന്ധമൊന്നും ഇല്ലായിരുന്നേക്കാം, എന്നാൽ അവയെ സാധാരണമായി അലങ്കാര വസ്തുവായി വീക്ഷിച്ചേക്കാം. അതുകൊണ്ട്, അത്തരം മുഖംമൂടികൾ പ്രദർശിപ്പിക്കണമോ എന്നതു സംബന്ധിച്ച് ഓരോ ക്രിസ്ത്യാനിയും വ്യക്തിപരമായ തീരുമാനമെടുക്കേണ്ടതുണ്ടാവും. മറ്റുള്ളവരുടെ മനസ്സാക്ഷിയുടെമേലുളവാക്കുന്ന ഫലത്തെ മനസ്സിൽ പിടിച്ചുകൊണ്ടായിരിക്കണം അപ്രകാരം ചെയ്യുന്നത്. (1 കൊരിന്ത്യർ 10:29)—പത്രാധിപർ
കാണ്ടാമൃഗം അത്ര അവശ്യമല്ലാത്ത ഒരു വിഷയത്തെ ഇമ്പകരമായി—ഉല്ലാസത്തിനായി വായിക്കാറില്ലാത്ത എന്നെപ്പോലുള്ള ചിലർക്കായിപ്പോലും—അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെപ്രതിയുള്ള എന്റെ വിലമതിപ്പും ആദരവും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ആ വിലയേറിയ കൊമ്പുകൾക്കു കീഴിലെ മൃഗം” (ആഗസ്റ്റ് 8, 1995) എന്നതു ഞാൻ വായിച്ചുതീർന്നതേയുള്ളൂ. ഒരു കർത്തവ്യബോധത്തിൽനിന്നാണ് ലേഖനങ്ങൾ ഞാൻ സാധാരണമായി വായിക്കാനാരംഭിക്കുന്നത്. പക്ഷേ, ഒടുവിൽ ഇവയെല്ലാം വായിക്കാൻ എത്ര ആസ്വാദ്യമാണെന്നു ഞാൻ എല്ലായ്പോഴും അത്ഭുതപ്പെടുന്നു!
ജെ. എം., ഐക്യനാടുകൾ
സെലെസ്റ്റ് ജോൺസിന്റെ കഥ 17 വർഷമായി ഞാൻ നിങ്ങളുടെ മാസികകൾ വായിച്ചുകൊണ്ടാണിരിക്കുന്നത്. “ദൈവത്തിന്റെ പരിപാലനത്തിൽനിന്ന് ഞാൻ പ്രയോജനമനുഭവിച്ച വിധം” (ജൂൺ 22, 1995) എന്ന ലേഖനത്തിലെ സെലെസ്റ്റ് ജോൺസിന്റെ അനുഭവം വായിച്ചതിനുശേഷം, എന്റെ വിലമതിപ്പ് എഴുതി അറിയിക്കാതെ വയ്യ.
എം. എം., കൊളംബിയ
1995 ഒക്ടോബർ 27-ന് സെലെസ്റ്റ് ജോൺസ് മരിച്ചു. അവളുടെ മരണത്തിനു മുമ്പ്, തന്റെ അനുഭവം പങ്കുവെച്ചതിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള അനേകം കത്തുകൾ ലോകത്തിനു ചുറ്റുമുള്ള വായനക്കാരിൽനിന്ന് അവൾക്കു ലഭിച്ചു.—പത്രാധിപർ