മുഖംമൂടിക്കു പിന്നിലെ അർഥം
ആ തടിവെട്ടുകാരൻ കയ്യിൽ ഒരു മഴുവുമേന്തി മധ്യ ആഫ്രിക്കൻ വനത്തിലെ ഒരു മരത്തിന്റെ സമീപത്തേക്കു പോകുന്നു. അയാൾക്കു മതപരമായ ഒരു ദൗത്യമാണുള്ളത്. സഹസ്രാബ്ദങ്ങളിലുടനീളം അസംഖ്യം പ്രാവശ്യം അത് ആഫ്രിക്കയിൽ അനുഷ്ഠിച്ചുപോന്നിട്ടുണ്ട്.
ആഴമായ ആദരവ് അർഹിക്കുന്ന ഒരു ആത്മാവു മരത്തിനുള്ളിൽ ആവസിക്കുന്നുണ്ടെന്ന് ആ മരംവെട്ടുകാരൻ വിശ്വസിക്കുന്നു. ആ ആത്മാവിന്റെ കോപത്തിൽനിന്നു സ്വയം രക്ഷിക്കാനായി, വനത്തിലേക്കു പോകുന്നതിനു മുമ്പ് ആ മരംവെട്ടുകാരൻ ഭാവി പ്രവചിക്കുന്ന ഒരുവന്റെ അടുക്കൽ പോയിരുന്നു. എന്നിട്ട് അയാൾ ഒരു ശുദ്ധീകരണ ചടങ്ങിനു വിധേയമാവുകയും മരത്തിലെ ആത്മാവിനു ബലിയർപ്പിക്കുകയും ചെയ്തു.
കോടാലികൊണ്ട് അയാൾ മരത്തിലൊന്നു വെട്ടുന്നു. എന്നിട്ട്, ആ വെട്ടിയ ഭാഗത്തു ചുണ്ടുകൾ ചേർത്തുവച്ച്, ആ മരവുമായി ഒരു ബന്ധം സ്ഥാപിക്കാൻ വേണ്ടി അതിന്റെ കുറച്ചു പാലു വലിച്ചുകുടിക്കുന്നു. ആ മരം വെട്ടിയിട്ടശേഷം, കുറെ ദിവസത്തേക്ക് അയാൾ അതു നിലത്തുതന്നെ ഇട്ടേക്കുന്നു. ആത്മാവിനു മറ്റെവിടെയെങ്കിലും ഒരു സ്ഥലം കണ്ടുപിടിക്കാൻ വേണ്ടിയാണിത്. ആത്മാവു വിട്ടുപോയാൽത്തന്നെയും മരത്തിനു സ്വയമായ ഒരു ശക്തിയുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു. ആ മരത്തിന്റെ തടി കൈകാര്യം ചെയ്യുന്നവർ തങ്ങളുടെ സംരക്ഷണത്തിനായി നിർദിഷ്ട പരമ്പരാഗത ആചാരരീതികൾ അവധാനപൂർവം പിൻപറ്റത്തക്കവണ്ണം മരത്തിന്റെ ശക്തി അത്ര തീവ്രമാണ്.
വിദഗ്ധമായി കൊത്തിയുണ്ടാക്കുന്ന ഒരുവന്റെ കൈകളിൽ കിട്ടുമ്പോൾ ആ മരം ഒരു മുഖംമൂടിയായിമാറുന്നു. മുഖംമൂടിക്ക് ആകൃതി ലഭിക്കുമ്പോൾ, തടിക്കു വർധിച്ചുവരുന്ന ശക്തി ലഭിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. കൊത്തിയുണ്ടാക്കുന്ന ആൾക്ക് തന്റെ ഇഷ്ടപ്രകാരം ഏതു രൂപവും ഉണ്ടാക്കാൻ സാധ്യമല്ല; തന്റെ വംശീയ സംഘത്തിന്റെ പരമ്പരാഗതമായ സങ്കൽപ്പത്തോട് അയാൾ അത് അനുരൂപപ്പെടുത്തണം. അങ്ങനെ ചെയ്തില്ലെങ്കിൽ, അയാൾക്കു തന്റെ സമുദായത്തിന്റെ നിന്ദയും മുഖംമൂടിയുടെ ആത്മശക്തിയുടെ കോപവും ഏൽക്കേണ്ടിവരും.
മുഖംമൂടി പൂർത്തിയായിക്കഴിയുമ്പോൾ, മന്ത്രവാദി പൂജ നടത്തുന്നു. ആ സമയത്ത് മുഖംമൂടിയിൽ അയാൾ മാന്ത്രിക സാധനങ്ങൾ പൂശുന്നു. അതിനുശേഷം, മുഖംമൂടി പ്രകൃത്യാതീത ശക്തിയുള്ളതായി കരുതപ്പെടുന്നുവെന്നു മാത്രമല്ല, അത് ഏത് ആത്മാവിനു സമർപ്പിക്കപ്പെട്ടിരിക്കുന്നുവോ ആ ആത്മാവിന്റെ ആവാസസ്ഥാനം കൂടിയായിത്തീരുന്നു. മതപരമായ ചടങ്ങുകളിൽ ഉപയോഗിക്കാൻ സജ്ജമാണ് ആ മുഖംമൂടി അപ്പോൾ.
ആഫ്രിക്കയിൽ മുഖംമൂടിയുടെ അർഥം
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളിലും ആരാധനയിൽ മുഖംമൂടികൾ ഉപയോഗിച്ചുവരുന്നു. മുഖംമൂടികൾ—അവയുടെ അർഥവും ധർമവും (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “മുഖംമൂടിക്ക് രണ്ട് ഉപയോഗങ്ങൾ ഉണ്ടായിരിക്കാൻ കഴിയും: ചെറിയ മുഖംമൂടിയുടെ കാര്യത്തിലേതുപോലെ, ഒരു മന്ത്രത്തകിടായി അത് ഉപയോഗിക്കുന്നു; അല്ലെങ്കിൽ അതു ധരിക്കാൻ കഴിയും. ആ സന്ദർഭത്തിൽ അതിന്റെ ധർമം പൂർവികരെയോ ആത്മാക്കളെയോ മറ്റു പ്രകൃത്യാതീത ജീവികളെയോ വരുത്തുകയെന്നതാണ്.”
കൂടുതൽ വിസ്തരിച്ചുള്ള ഒരു വിശദീകരണം നൽകിക്കൊണ്ട്, പണ്ഡിതനായ പരിൻഡർ ആഫ്രിക്കയിലെ മതം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “[മരംകൊണ്ടുള്ള ആഫ്രിക്കൻ മുഖംമൂടികൾ] യഥാർഥ സ്വഭാവമുള്ളതോ ബാഹ്യരൂപപ്രധാനമോ അമൂർത്തമോ ആയാലും മതപരമായ സ്വഭാവമുള്ളവയാണ്. അവ മരിച്ചവരെയോ അവരുടെ കർമങ്ങളിൽ സേവ ചെയ്യുന്ന ആത്മാക്കളെയോ മരിച്ചവരുമായി ബന്ധപ്പെട്ടതോ മന്ത്രവാദത്തെ അടിച്ചമർത്താൻ ഉതകുന്നതോ ആയ ‘രഹസ്യ സമൂഹങ്ങ’ളെയോ പ്രതിനിധാനം ചെയ്യുന്നു. വികാരമറ്റതോ ഭീതിപ്പെടുത്തുന്നതോ ആയാലും വികലമോ അമൂർത്തമോ ആയാലും ഈ മുഖംമൂടികൾ മരിച്ചവർക്കു ജനിപ്പിക്കാൻ കഴിയുന്ന ഭീതിയെയും അതുപോലെതന്നെ മരണം അന്ത്യമല്ല എന്ന വിശ്വാസത്തെയും ശക്തമായി പ്രകടമാക്കുന്നതാണ്. മരിച്ചവരുടെ വ്യക്തിത്വഭാവങ്ങളെടുക്കുന്നവർക്കു ധരിക്കാൻ വേണ്ടിയാണ് അവ ഉണ്ടാക്കുന്നത്. മുഖംമൂടിക്ക് അടിയിൽ അവരുടെ ശരീരങ്ങളിൽ സാധാരണമായി അങ്കികൾ ധരിച്ചിട്ടുണ്ടാവും. അവരെക്കുറിച്ചു പറയുമ്പോൾ മനുഷ്യരെന്നല്ല, പിന്നെയോ ആത്മാക്കളെന്നു വേണം പറയാൻ.”
ശവസംസ്കാര ചടങ്ങുകളിലും മന്ത്രവാദത്തിനെതിരെയുള്ള സംരക്ഷണത്തിലും അവ ഉപയോഗിക്കുന്നതു കൂടാതെ, എന്തിന്റെയെങ്കിലും പ്രാരംഭചടങ്ങുകളിലും ഉത്സവങ്ങളിലും നീതിന്യായപരമായ കാര്യങ്ങളിലും ഫലോത്പാദക ചടങ്ങുകളിലും “മരിച്ചവരുമായുള്ള ആശയവിനിമയ”ത്തിലും ഒരു മുഖ്യ പങ്കു വഹിക്കുന്നവയാണു മുഖംമൂടികൾ. ചിലപ്പോൾ മുഖംമൂടികൾ ഉത്സവങ്ങളിലും ക്രൈസ്തവലോകത്തിന്റെ ചടങ്ങുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഉദാഹരണത്തിന്, സീയെറ ലിയോണിൽ വിവാഹങ്ങളിൽ മുഖംമൂടി ധരിച്ച “പിശാചുക്കൾ” തങ്ങളുടെ ആദരവു കാണിക്കാൻ വേണ്ടി പള്ളിയുടെ മുറ്റത്തു നൃത്തം ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ഉപയോഗങ്ങളിലെല്ലാം മുഖംമൂടികൾക്ക് ഒരേ അടിസ്ഥാന അർഥമാണുള്ളത്. “അവയുടെ ധർമം ഗൗരവതരമോ കളിമട്ടിൽ വിനോദം പകരുന്നതോ ആയിരുന്നാലും ദിവ്യശക്തിയുടെ പാത്രങ്ങളാണ്” അവ എന്ന് ആഫ്രിക്കൻ മുഖംമൂടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ആഫ്രിക്കയിലുള്ള 1,000-ത്തിലധികം വംശീയ വിഭാഗങ്ങളിൽ ഏതാണ്ട് 100 എണ്ണം മുഖംമൂടികൾ ഉണ്ടാക്കുന്നുണ്ട്. വിഭാഗങ്ങൾ മാറുന്നതനുസരിച്ചു മുഖംമൂടികളും വ്യത്യസ്തമായിരിക്കും. ഉദ്ദേശ്യമനുസരിച്ചും അവ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ, ഇത്രയൊക്കെ വ്യത്യാസമുണ്ടെങ്കിൽപോലും, ആഫ്രിക്കയുടെ വിശാലമായ പ്രദേശങ്ങളിലുടനീളമുള്ള ആളുകൾ മനസ്സിലാക്കുന്ന സ്ഥാപിത മാതൃകകൾ ഉണ്ട്. ഉദാഹരണത്തിന്, പൂർവികരുടെ ആത്മാക്കളെ ചിത്രീകരിക്കുന്ന മുഖംമൂടികൾക്കു സാധാരണമായി ശാന്തമായ ഒരു ഭാവമാണുള്ളത്. എന്നാൽ മനുഷ്യന്റേതല്ലാത്ത ആത്മാക്കളെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടികൾക്കു വിചിത്രമായ ഭാവവും. ഒരു ഉയർന്ന മകുടമുള്ള നെറ്റിത്തടം സൂചിപ്പിക്കുന്നതു ജ്ഞാനത്തെയും ആഴമായ ആത്മീയതയെയുമാണ്. തുറിച്ചുനിൽക്കുന്ന കണ്ണുകളോ ചേതനയറ്റ ഒരു മുഖഭാവമോ സൂചിപ്പിക്കുന്നത് ആത്മാവു ബാധിച്ച അവസ്ഥയെയാണ്. വെളുപ്പുനിറം ചാർത്തിയിരിക്കുന്നത് മരിച്ചവരുടെ ആത്മാക്കളെയും ‘അഭൗമ’മായ ഗുണത്തെയും സൂചിപ്പിക്കുന്നു. കൊമ്പുള്ള മൃഗങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കൻ കാട്ടുപോത്തിനെയും മാനിനെയും, ചിത്രീകരിക്കുന്ന മുഖംമൂടികൾ ഭൂതങ്ങളെ പുറത്താക്കൽ, ഭൂതങ്ങളുടെ കൂടുമാറ്റം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.
കർമനിരതമായ മുഖംമൂടി
ആഫ്രിക്കയിൽ മുഖംമൂടികൾ കേവലം ഭിത്തിയിൽ തൂക്കിയിടുകയല്ല ചെയ്യുന്നത്; അവ ആചാരങ്ങളിലും നൃത്തങ്ങളിലും ഉപയോഗിക്കുന്നു. അവ ധരിക്കുന്നയാളുടെ മുഖത്തെയോ മുഴുവൻ തലയെയോ മറച്ചേക്കാം. ആ വ്യക്തിയുടെ ശേഷിക്കുന്ന ശരീരഭാഗം നീളമുള്ള അങ്കികൾകൊണ്ടോ റാഫിയാ പനയുടെ നാടകൾകൊണ്ടോ മരത്തിന്റെ നാരുകൾകൊണ്ടോ അലങ്കരിച്ചേക്കാം.
അതു ധരിക്കുന്ന വ്യക്തി മുഖംമൂടിയുടെ ആത്മശക്തിയുമായി നേരിട്ടു ബന്ധമുള്ളവനായി കരുതപ്പെടുന്നു. എന്തു സംഭവിക്കുന്നുവെന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ വിശദീകരിക്കുന്നു: “മുഖംമൂടി ധരിച്ചുകഴിയുമ്പോൾ, ധരിക്കുന്ന വ്യക്തി ചിലപ്പോൾ മാനസികമായ മാറ്റത്തിനു വിധേയമാകുകയും ഒരു മായാലോകത്തിലായിരിക്കുന്നതുപോലെ മുഖംമൂടി ചിത്രീകരിക്കുന്ന വ്യക്തിയുടെ ആത്മസ്വഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. എന്നിരുന്നാലും, സാധാരണമായി ധരിക്കുന്ന വ്യക്തി താൻ ആരുടെ വ്യക്തിത്വഭാവം കൈക്കൊള്ളുന്നുവോ വിദഗ്ധമായി ആ വ്യക്തിയുടെ ‘പങ്കാളി’ ആയിത്തീരുന്നു . . . എന്നാൽ മുഖംമൂടിധാരി, താൻ സൃഷ്ടിക്കാൻ ഉദ്യമിക്കുന്ന വ്യക്തിയോടു മിക്കപ്പോഴും മനശ്ശാസ്ത്രപരമായി പൂർണമായും ബന്ധപ്പെട്ടിരിക്കുന്നതുപോലെ തോന്നും. സ്വന്തം ഇച്ഛാശക്തി ഇല്ലാത്ത അയാൾ തന്റെതന്നെ വ്യക്തിത്വം നഷ്ടപ്പെട്ട് ഒരു യന്ത്രം കണക്കേ ആയിത്തീരുന്നു. അദ്ദേഹത്തിന്റെ ഇച്ഛാശക്തി മുഖംമൂടിയുടെ വ്യക്തിയുടേതിനോടു കീഴ്പെടുന്നു.”
അംഗീകൃത കാഴ്ചക്കാരെ—ഒട്ടുമിക്കപ്പോഴും പുരുഷന്മാർ മാത്രം—സംബന്ധിച്ചിടത്തോളം ആ മുഖംമൂടി കേവലം ഒരു പ്രകൃത്യാതീത വ്യക്തിയെ പ്രതിനിധാനം ചെയ്യുകയല്ല ചെയ്യുന്നത്. ജീവനുള്ള ഒരു പ്രകൃത്യാതീത വ്യക്തി മുഖംമൂടിക്കുള്ളിൽ കുടികൊള്ളുന്നുവെന്ന് അവർ വിശ്വസിക്കുന്നു. അപ്രകാരം, ആ മുഖംമൂടിതന്നെ പവിത്രമാണ്. ഈ നിയമങ്ങൾ ആരു ലംഘിച്ചാലും സമൂഹത്തിന്റെ കർശനമായ ശിക്ഷയുണ്ടാകും, ചിലപ്പോൾ മരണം പോലും. മരംവെട്ടുകാരനെയും കൊത്തുപണിക്കാരനെയും പോലെതന്നെ ഇതു ധരിക്കുന്ന വ്യക്തിയും തന്റെ സംരക്ഷണത്തിനു വേണ്ടി അംഗീകൃത നടപടികൾ പിൻപറ്റേണ്ടതുണ്ട്.
ശേഖരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം മുഖംമൂടിയുടെ അർഥം
പ്രത്യേകിച്ച് കഴിഞ്ഞ 100 വർഷമായി, ആളുകൾ ലോകത്തുടനീളം ആഫ്രിക്കൻ മുഖംമൂടികൾ ഉത്സാഹപൂർവം ശേഖരിച്ചിട്ടുണ്ട്. ശേഖരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, മുഖംമൂടിക്ക് ആഫ്രിക്കയിലെ പരമ്പരാഗത മതം അനുഷ്ഠിക്കുന്നവർക്കുള്ള അർഥത്തിൽനിന്നും വളരെ വ്യത്യസ്തമായ അർഥമാണുള്ളത്.
അതിനെ പവിത്രമായി, മതപരമായ ഒരു വസ്തുവായി വീക്ഷിക്കുന്നതിനു പകരം, ശേഖരിക്കുന്നവർ അതിനെ വീക്ഷിക്കുന്നത് ആഫ്രിക്കൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാമൂല്യമുള്ള ഒന്നായിട്ടാണ്. മുഖംമൂടിക്കു സമൂഹത്തിലുള്ള അതിന്റെ ധർമമനുസരിച്ച് അതിന്റെ മൂല്യം കണക്കാക്കുന്നതിനുപകരം, മുഖംമൂടിയുടെ ലാളിത്യം, പ്രാധാന്യം, വൈകാരിക ആഴം എന്നിവ സംബന്ധിച്ചാണ് അവർ മുഖംമൂടിയെ വിലയിരുത്തുന്നത്. ശേഖരിക്കുന്നവർ ഇങ്ങനെ ചോദിക്കാറുണ്ട്: കൊത്തിയുണ്ടാക്കുന്നവനു തടിയോടുതന്നെയും അതിന്റെ അടുക്കിനോടും ഘടനാരീതിയോടും എത്രത്തോളം ഒരു വികാരാനുഭൂതി ഉണ്ട്? കൊത്തുപണിക്കാരനു സൃഷ്ടിപരതയും പാടവവും വിദഗ്ധമായി ഉപയോഗിക്കാനും എന്നിട്ടും സാംസ്കാരിക പാരമ്പര്യം അടിച്ചേൽപ്പിക്കുന്ന മാതൃകയോടു പറ്റിനിൽക്കാനും എങ്ങനെ കഴിയും?
തീർച്ചയായും, ശേഖരിക്കുന്ന വ്യക്തി നിർമിതവസ്തുവിന്റെ ഗുണത്തിൽ മതത്തിനുള്ള പങ്ക് അവഗണിക്കുന്നില്ല. സാധാരണമായി, കൊത്തുപണിക്കാരന്റെ പ്രചോദനത്തിലെ ഭിന്നതകൾ നിമിത്തം, ആരാധനയിൽ ഉപയോഗിക്കുന്ന മുഖംമൂടികളും വിനോദസഞ്ചാരവ്യവസായത്തിനു വേണ്ടി കൊത്തിയുണ്ടാക്കുന്ന മാതൃകകളും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ട്. കറുത്ത ആഫ്രിക്കയിലെ മുഖംമൂടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കൊത്തുപണിക്കാരന് . . . പ്രചോദനാത്മകമായ ഘടകങ്ങൾ ലഭിച്ചിട്ടുള്ളതു തന്റെ ആഴമായ ബോധ്യത്തിൽനിന്നും സർവശക്തിയുള്ള ഒരു ആത്മീയ വ്യക്തിക്കു രൂപം കൊടുക്കാനും അങ്ങനെ ആ സ്ഥാനത്തു തന്റെ പ്രത്യേക സാമൂഹിക ഉത്തരവാദിത്വം നിവർത്തിക്കാനുമുള്ള തന്റെ ദൗത്യത്തോടുള്ള ഭക്ത്യാദരവിൽനിന്നുമാണ്. തന്റെ മതവിശ്വാസം ക്ഷയിച്ചയുടനെതന്നെ അദ്ദേഹത്തിന്റെ കരവേല ഓജസ്സുറ്റതും കലാമൂല്യം കുറഞ്ഞതുമായിത്തീർന്നു.”
സാധാരണമായി മ്യൂസിയങ്ങൾക്കു വേണ്ടി മുഖംമൂടികൾ ശേഖരിക്കുന്നവർ കലാമേന്മ നിമിത്തം അവ ശേഖരിക്കുന്നവരെക്കാൾ, അവ ഏതു സമുദായത്തിൽനിന്നു വന്നുവോ അതിൽ ഒരു മുഖംമൂടി വഹിച്ച പങ്കിനെ കൂടുതൽ അടുത്തു കാണുന്നവരാണ്. എന്നിരുന്നാലും, മിക്ക മുഖംമൂടികളും വർഷങ്ങളിലൂടെ ശേഖരിക്കപ്പെട്ട വിധം നിമിത്തം അത്തരം പ്രത്യേക വിവരങ്ങൾ മിക്കപ്പോഴും ഇല്ലാതെ പോകുന്നു. സ്മരണികകളായാണു ചിലതു ശേഖരിക്കപ്പെട്ടത്, മറ്റു ചിലവ സൈനിക ദൗത്യങ്ങളിൽനിന്നു ലഭിച്ച കൊള്ളയുടെ ഭാഗമായിരുന്നു. ഇനിയും മറ്റു ചിലവ വാണിജ്യ കമ്പോളത്തിൽ വലിയ അളവിൽ ശേഖരിച്ചവയായിരുന്നു. തത്ഫലമായി, ഓരോ മുഖംമൂടിയുടെയും മൂല അർഥവും ഉപയോഗവും പലപ്പോഴും അറിയപ്പെടാതെ പോകുന്നു.
ക്രിസ്ത്യാനികൾക്കു മുഖംമൂടിയുടെ അർഥം
അങ്ങനെ, പരമ്പരാഗത മതം അനുഷ്ഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം മുഖംമൂടികൾക്ക് ഒരർഥവും കലാപരമോ സാംസ്കാരികമോ ആയ മൂല്യമുള്ള സൃഷ്ടികളായി അവ ശേഖരിക്കുന്നവരെ സംബന്ധിച്ചു മറ്റൊരു അർഥവുമാണുള്ളത്. ക്രിസ്ത്യാനികളെ സംബന്ധിച്ച് അവ മറ്റൊന്നാണ് അർഥമാക്കുന്നത്.
മുഖംമൂടിയിലോ അത് എടുക്കുന്ന മരത്തിലോ കുടികൊള്ളുന്ന പ്രകൃത്യാതീത ശക്തിയൊന്നുമില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. ആഹാരം പാകം ചെയ്യാനും ചൂടു കായാനും ഒരു മരത്തിൽനിന്നുള്ള ഒരു തടിക്കഷണം ഉപയോഗിക്കുകയും എന്നിട്ട് ആ മരത്തിന്റെ ശേഷിക്കുന്ന ഭാഗംകൊണ്ട് ഒരു ദൈവത്തെ ഉണ്ടാക്കി സഹായമഭ്യർഥിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ഭോഷത്വത്തെ പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നുണ്ട്. (യെശയ്യാവു 44:9-20) അതേ തത്ത്വം മതപരമായ മുഖംമൂടികൾക്കും ബാധകമാണ്.
എന്നിരുന്നാലും, ‘സ്വർല്ലോകങ്ങളിൽ ദുഷ്ടാത്മസേനകൾ’ ഉള്ളതായി ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. (എഫെസ്യർ 6:12) സാത്താന്റെ ശക്തിയിൻ കീഴിൽ, വ്യാജമതത്തെ ഉപയോഗിച്ചുകൊണ്ട് അവ ആളുകളെ വഴിതെറ്റിക്കുകയാണ്.—വെളിപ്പാടു 12:9.
മനുഷ്യരുമായി ആശയവിനിയമം നടത്താൻ ഭൂതങ്ങൾ ഭൗതിക വസ്തുക്കൾ ഉപയോഗിക്കുന്നതായും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. അതുകൊണ്ട്, ഏലസ്സോ രക്ഷാവസ്തുവോ മാന്ത്രികമോതിരമോ മുഖംമൂടിയോ എന്തുതന്നെയായാലും, ആത്മവിദ്യാപരമായ മതത്തോടു ബന്ധമുള്ള യാതൊന്നും ദൈവദാസൻമാർ സൂക്ഷിച്ചുവെക്കുന്നില്ല. ഇക്കാര്യത്തിൽ അവർ എഫേസോസിലെ ആദിമ ക്രിസ്ത്യാനികളുടെ ദൃഷ്ടാന്തം പിൻപറ്റുന്നു. അവരെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.”—പ്രവൃത്തികൾ 19:19.
യഹോവയെ സേവിക്കാനാഗ്രഹിക്കുന്നവർ മുഖംമൂടികളോ വ്യാജാരാധനയുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ല. നൈജീരിയയിലെ ഒരു ക്രിസ്തീയ മൂപ്പനായ പയസിന്റെ അഭിപ്രായം അതിനൊരുദാഹരണമാണ്: “മുഖംമൂടികൾ, അവ ഉപയോഗിക്കുന്നവരുടെ മതപരമായ ചിന്തയെ പ്രതിഫലിപ്പിക്കുന്നു. മുഖംമൂടികൾക്കു പേരുകളുണ്ട്. മാത്രമല്ല, അവ ഏതു ദൈവത്തെ പ്രതിനിധാനം ചെയ്യുന്നുവോ അതനുസരിച്ചു പൂജിക്കപ്പെടുന്നു അല്ലെങ്കിൽ അവയെ ഭയക്കുന്നു. ഞാൻ ഒരു മുഖംമൂടി ഒരിക്കലും എന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയില്ല, കാരണം അത് യഹോവയെ അപ്രീതിപ്പെടുത്തും. മാത്രമല്ല അതു പ്രതിനിധാനം ചെയ്യുന്ന മതപരമായ വിശ്വാസങ്ങളോടു ഞാൻ യോജിക്കുന്നുവെന്നു സന്ദർശകർ കരുതുകയും ചെയ്യും.”
വളരെ വ്യക്തമായി പ്രസ്താവിക്കപ്പെട്ടതും ദൈവം ഇസ്രായേലിനു നൽകിയതുമായ നിയമം സത്യക്രിസ്ത്യാനികൾക്കറിയാം, ആ നിയമം ഇതാണ്: “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.”—പുറപ്പാടു 20:4, 5.
[23-ാം പേജിലെ ചതുരം]
അനേകം സംസ്കാരങ്ങളിലെ മുഖംമൂടികൾ
നിങ്ങളെ സംബന്ധിച്ചിടത്തോളം “മുഖംമൂടി” എന്ന പദത്തിന് എന്തർഥമാണുള്ളത്? ചില സംസ്കാരങ്ങളിൽ എന്തെങ്കിലുമൊന്നിന്റെ വേഷം കെട്ടുന്നതിനെ കുറിക്കാനുള്ള ഒരു അലങ്കാരമാണത്. നിങ്ങൾക്കു സ്പോർട്സിൽ താത്പര്യമുണ്ടെങ്കിൽ, ബേസ്ബോളിലും പയറ്റിലും ഉള്ളതുപോലെ മുറിവേൽക്കുന്നതിൽനിന്നു മുഖം രക്ഷിക്കാനുള്ള ഒന്നായി മുഖംമൂടിയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചേക്കാം. വിഷവാതകത്തിൽനിന്നുള്ള സംരക്ഷണത്തിനായി തലയിൽ ധരിക്കുന്ന ആവരണത്തെയോ ശസ്ത്രക്രിയാസമയത്ത് ഉപയോഗിക്കുന്ന മുഖംമൂടിയെയോ കൂടിവരവുകളുടെ സമയത്ത് അണിയുന്ന മുഖംമൂടികളെയോ കുറിച്ച് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം.
എന്നാൽ, പല ആളുകളെയും സംബന്ധിച്ചിടത്തോളം മുഖംമൂടികൾ മതത്തെ അർഥമാക്കുന്നു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “മതപരമായ നൃത്തങ്ങളിൽ ഗുണവും ദോഷവും വരുത്തിവെക്കുന്ന പവിത്രമോ വിശുദ്ധമോ ആയ ശക്തികളെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടികൾ—പ്രത്യേകിച്ചും നേപ്പാളിലെയും ടിബെറ്റിലെയും ജപ്പാനിലെയും ബുദ്ധമത മഠങ്ങളിലും മിക്ക പ്രാകൃത സമുദായങ്ങളിലും—മറ്റു സംഗതികളെ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധ വസ്തുക്കളുടെ [ഒരു] വിഭാഗത്തിൽ പെടുന്നു. സാധാരണ അവ ആരാധിക്കപ്പെടുന്നതു പ്രതിമകൾ ആരാധിക്കപ്പെടുന്നതുപോലെയാണ്.”
മതപരമായ മുഖംമൂടികൾ എല്ലാ സംസ്കാരങ്ങളിലും കണ്ടെത്താൻ കഴിയും, അവ വളരെ പ്രാചീന കാലംമുതലുള്ളവയാണുതാനും. നമ്മുടെ പൂർവികൻമാരെ സംബന്ധിച്ചിടത്തോളം മതപരവും സാമൂഹികവുമായ ജീവിതത്തിൽ അവ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചു. മുഖംമൂടികൾ—അവയുടെ അർഥവും ധർമവും (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ആരംഭത്തിൽ, ഓരോ മുഖംമൂടിയിലും പ്രാധാന്യമുണ്ടായിരുന്നു, മുഖംമൂടി തന്നെയോ അതു ധരിക്കുന്ന വ്യക്തിതന്നെയോ ഏതോ ശക്തിയെ അല്ലെങ്കിൽ ആത്മാവിനെ നിഗൂഢമായി പ്രതിനിധാനം ചെയ്തിരുന്നു.”