1945-1995 പുരോഗതിയുടെ 50 വർഷങ്ങളോ?
കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മയിൽ എന്തെങ്കിലും പുരോഗതികൾ കണ്ടിട്ടുണ്ടോ?a മരുന്നിന്റെ കാര്യമെടുക്കാം. ബ്രിട്ടൻ, കാനഡ, ക്യൂബാ, സ്വീഡൻ എന്നിങ്ങനെയുള്ള ചില രാജ്യങ്ങളിൽ നടപ്പിൽ വരുത്തിയ ദേശീയ ക്ഷേമ പദ്ധതി—അതിൽ സാമൂഹിക ചികിത്സാ സമ്പ്രദായവും അടങ്ങിയിരുന്നു—രോഗികളുടെ സാമ്പത്തിക സ്ഥിതി എന്തുതന്നെയായിരുന്നാലും എല്ലാവർക്കും ഡോക്ടർമാരും ആശുപത്രികളും ലഭ്യമായിരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
ചില വികസ്വര രാജ്യങ്ങൾക്കുപോലും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യനിലവാരങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. “ചില മൂന്നാം ലോക രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ തങ്ങളുടെ രാജ്യങ്ങൾക്കു വഹിക്കാവുന്ന നിലയിൽ, എല്ലാവർക്കും പ്രാഥമിക ആരോഗ്യ സംരക്ഷണം നല്കുന്നതിൽ വിജയിച്ചിട്ടുണ്ട്. . . . ചൈനയിലും കോസ്റ്റാറിക്കായിലും ശ്രീലങ്കയിലും ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലും ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്കു കുറയ്ക്കുന്നതിൽ വമ്പിച്ച പുരോഗതി ഉണ്ടായിട്ടുണ്ട്” എന്നു ജാമാ (അമേരിക്കൻ ചികിത്സാ സംഘടനയുടെ പത്രിക) സമ്മതിച്ചു.
സാമ്പത്തിക പുരോഗതികൾ
1945-ലെ സാമ്പത്തിക സ്ഥിതി വെച്ചുനോക്കിയാൽ 1995-ൽ അനേകമാളുകൾ വളരെ വളരെ ഭേദപ്പെട്ട അവസ്ഥയിലാണ്. 50 വർഷങ്ങൾക്കു മുമ്പ് ആഡംബരവസ്തുക്കൾ വാങ്ങാൻ കഴിയാഞ്ഞ അനേകർക്കും ഇന്നു കാറും ടിവി-യും വിസിആറും സിഡി പ്ലെയറും ഫ്രിഡ്ജും സെല്ലുലാർ ഫോണും ആധുനിക ജീവിതത്തിന്റെ മറ്റനേകം ഉത്പന്നങ്ങളും സ്വന്തമായുണ്ട്. ഒരുപക്ഷേ, അങ്ങനെയുള്ള ലക്ഷങ്ങളിൽപ്പെട്ട ഒരുവനായിരിക്കാം നിങ്ങൾ.
രഹസ്യജീവിതത്തിന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തക പരമ്പരയുടെ എഴുത്തുകാർ പറയുന്നതുപോലെ, “രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുപ്പതു വർഷത്തേക്കു ഫ്രാൻസിന് [ഒപ്പം മറ്റു പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾക്കും] സ്ഥിരമായ സാമ്പത്തിക വളർച്ചയുണ്ടായി. അതു സാമൂഹിക സാമ്പത്തിക തരംതിരിവുകളെ ഇല്ലാതാക്കിയില്ലെങ്കിലും സമൂഹത്തിലെ എല്ലാ തരക്കാർക്കും പുതിയ അഭിവൃദ്ധികൾ കൈവരുത്തി. ‘കൊള്ളാവുന്ന’ ഒരു വീടും ‘ഭേദപ്പെട്ട’ ഒരു വാഹനവും ഒരു ടെലിവിഷൻ സെറ്റും, ഇതിനെല്ലാം പുറമേ ദേശീയ ക്ഷേമപദ്ധതിയുടെയും ആധുനിക ചികിത്സയുടെയും അനുഗ്രഹങ്ങളും കൂടിയായപ്പോൾ സകലർക്കും, ഭൂമിയിൽ ഒരു പറുദീസയല്ലെങ്കിലും, കുറഞ്ഞത് ഭേദപ്പെട്ട ഒരു ജീവിതമെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞു.”
എന്നിരുന്നാലും ചോദ്യമിതാണ്: ഏറെ സാമ്പത്തിക സംഗതികളെന്നാൽ ആളുകൾ എല്ലാ അർഥത്തിലും അഭിവൃദ്ധി പ്രാപിച്ചു എന്നാണോ? സാമ്പത്തിക നേട്ടങ്ങൾ കുന്നുകൂട്ടിയാൽ ജീവിതം തനിയെ മെച്ചപ്പെട്ടുകൊള്ളുമെന്നോ സുരക്ഷിതമായിക്കൊള്ളുമെന്നോ ആണോ അതിന്റെയർഥം? ചിലർക്കു സമ്പത്തു വർധിക്കുമ്പോൾത്തന്നെ അനേകം പാവങ്ങൾ ജീവിതത്തിലെ അത്യാവശ്യ സംഗതികൾ പോലുമില്ലാതെ കഴിയേണ്ടിവരുന്നു. ഇതു മോഷണത്തിനും കൊള്ളയ്ക്കും വഞ്ചനയ്ക്കും ഏറെ അക്രമാസക്തമായ മറ്റു കുറ്റകൃത്യങ്ങൾക്കുമുള്ള പ്രലോഭനങ്ങൾ വർധിപ്പിക്കുന്നു. ഒന്നുമില്ലാത്ത ചിലർ ഏതുവിധേനയും എല്ലാമുള്ളവരാകാൻ കച്ചകെട്ടിയിറങ്ങുകയാണ്. ഉദാഹരണത്തിന്, ന്യൂയോർക്കു നഗരത്തിൽ വർഷംതോറും 1,00,000-ത്തിലധികം കാറുകളാണു മോഷണം പോകുന്നത്. സാമ്പത്തിക നേട്ടങ്ങൾ ഏറെ സുരക്ഷിതമായ ഒരു ജീവിതത്തിന് ഉറപ്പുതരുന്നില്ല.
ചിലരൊക്കെ ആഗ്രഹിച്ചിടത്തോളമില്ലെങ്കിലും മറ്റു രംഗങ്ങളിലും പുരോഗതികൾ ഉണ്ടായിട്ടുണ്ട്.
സ്ത്രീകൾ—അന്നും ഇന്നും
രണ്ടാം ലോകമഹായുദ്ധം ചില സ്ത്രീകൾക്ക് ഒരു പുതിയ റോൾ സ്വീകരിക്കാനുള്ള പ്രേരണ നൽകി. ഭർത്താക്കൻമാർ കുടുംബത്തിനുവേണ്ടി സമ്പാദിച്ചുകൊണ്ടുവരുമ്പോൾ തങ്ങൾ അമ്മമാരും ഗൃഹനായികമാരുമായിരിക്കുക എന്നതായിരുന്നു അനേകം സ്ത്രീകളുടെയും അവസ്ഥ. രണ്ടാം ലോകമഹായുദ്ധം അതെല്ലാം മാറ്റിമറിച്ചു. പുരുഷൻമാരെ യുദ്ധത്തിനു വിളിച്ചുകൊണ്ടുപോയപ്പോൾ അവരുടെ ഭാര്യമാർ പൊടുന്നനെ ആയുധനിർമാണശാലകളിൽ പണിയെടുക്കേണ്ടിവന്നു, അല്ലെങ്കിൽ പുരുഷൻമാർ വിട്ടിട്ടുപോയ മറ്റു ജോലികൾ ചെയ്യേണ്ടിവന്നു. അടുത്ത കാലങ്ങളിൽ ചിലർ സായുധ സേനകളിൽ ചേരുകയും കൊല്ലാൻ പഠിക്കുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനു സ്ത്രീകൾ ശമ്പളക്കാരായിത്തീരുകയും സാമ്പത്തിക സ്വയംപര്യാപ്തതയോടുകൂടിയ ഒരു വ്യത്യസ്ത ജീവിതരീതി ഒരു നോക്കു കാണുകയും ചെയ്തു. അത് ഇന്നത്തെ “സ്ത്രീ വിമോചന”ത്തിനു ക്രമേണ വഴിതുറന്ന ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. സമത്വത്തിനുള്ള തങ്ങളുടെ പോരാട്ടത്തിൽ ചില രാജ്യങ്ങളിൽ തങ്ങൾ ഇനിയും ബഹുദൂരം പോകേണ്ടിയിരിക്കുന്നു എന്നാണ് ചില സ്ത്രീകൾ പറയുന്നത്. അനേകം ജോലികളിലും തങ്ങളുടെ മേൽപ്പോട്ടുള്ള ഗതിക്കു തടസ്സം നിൽക്കുന്ന “ഒരു സ്ഫടികത്തട്ട്” ഉണ്ടെന്നാണ് അവർ പറയുന്നത്.
കൂട്ടത്തോടെയുള്ള കുടിയേറ്റങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
കഴിഞ്ഞ 50 വർഷങ്ങളിലുണ്ടായ മറ്റൊരു വലിയ മാറ്റം ഗ്രാമീണജീവിതവും കൃഷിയും ഉപേക്ഷിച്ച് നഗരത്തിൽപ്പോയി മെച്ചപ്പെട്ട ഒരു ജീവിതം കണ്ടെത്താനുള്ള ശ്രമമാണ്. ചിലരുടെ കാര്യത്തിൽ ഈ സ്വപ്നം പൂവണിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റനേകരുടെ കാര്യത്തിൽ സ്ഥിതിയെന്താണ്?
ഇപ്പോൾത്തന്നെ അമിത ജനവാസമുള്ളതും അപര്യാപ്തവും ചെലവേറിയതുമായ പാർപ്പിടങ്ങൾ ഉള്ളതുമായ നഗരങ്ങളിലേക്കു വർഷംതോറും ലക്ഷങ്ങളാണു കുടിയേറിപ്പാർക്കുന്നത്. അതിന്റെ ഒരു ഫലമോ? രോഗം, കുറ്റകൃത്യം, രാഷ്ട്രീയ അസ്ഥിരത എന്നിവയുടെ വിളനിലമായിത്തീരുന്ന ചേരിപ്രദേശങ്ങൾ. ഉപേക്ഷിക്കപ്പെട്ട കാർഡ്ബോർഡു കഷണങ്ങൾ, തടി, തകരം എന്നിവകൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ഈ കിടപ്പാടങ്ങളാണ് (സ്പാനീഷ് ഭാഷയിൽ ബാരാക്കാസ് അല്ലെങ്കിൽ ചാബോളാസ്) ലോകത്തിലെ കഷ്ടപ്പെടുന്ന, ദരിദ്രരായ താഴെക്കിടയിലുള്ളവരെ പാർപ്പിക്കുന്ന കുടിലുകൾ. ഈ ചേരിപ്രദേശങ്ങൾ—പോർച്ചുഗീസിൽ ഫാവെലാ, ടർക്കീഷിൽ ജെസികൊൻടൂ (“ഒരു രാത്രികൊണ്ടു പണിതത്” എന്നർഥം)—ആഫ്രിക്കയിലോ, ഇന്ത്യയിലോ, തെക്കേ അമേരിക്കയിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ ആയിക്കൊള്ളട്ടെ, അവഗണിക്കാനാവാത്ത ജീവിതയാഥാർഥ്യങ്ങളാണ്.
ചില ആഫ്രിക്കൻ രാജ്യങ്ങളുടെ വർത്തമാനകാലവും ഭാവികാലവും
ആഫ്രിക്കയെ സംബന്ധിച്ചെന്ത്? ജാമായിൽ രണ്ടു ഡോക്ടർമാർ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടിങ്ങനെയായിരുന്നു: “ആഫ്രിക്ക ആപത്ഘട്ടത്തിൽ—അശുഭകരമെങ്കിലും പ്രതീക്ഷ ആശയറ്റതല്ലാത്ത ഭാവി.” ആഫ്രിക്കയുടെ മിക്ക ഭാഗത്തെയും രാഷ്ട്രീയ, സാമൂഹിക സ്ഥിതികൾ സ്ഫോടനാത്മകമായ അവസ്ഥാവിശേഷം സൃഷ്ടിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ഇങ്ങനെ എഴുതി: “സഹാറയ്ക്കു തെക്കുള്ള [45 രാജ്യങ്ങൾക്കു] കഴിഞ്ഞ 20 വർഷങ്ങൾ വിനാശകരമായിരുന്നു. ആ പ്രദേശം ഭക്ഷ്യക്ഷാമങ്ങൾ, വരൾച്ച, ആഭ്യന്തര യുദ്ധങ്ങൾ, രാഷ്ട്രീയ അഴിമതി, എയ്ഡ്സ്, അതിശീഘ്രം വർധിക്കുന്ന ജനസംഖ്യ, ഭക്ഷ്യോൽപ്പാദനക്കുറവ്, പരിസ്ഥിതി മലിനീകരണം . . . എന്നിവയ്ക്കു കീഴിൽ കിടന്നു ഞെളിപിരിക്കൊള്ളുകയാണ്. കൂടുതലായ സാമ്പത്തികത്തകർച്ചയിൽനിന്നും ദാരിദ്ര്യത്തിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും കുറേക്കാലത്തേക്കെങ്കിലും രക്ഷപ്പെടാനാവില്ലെന്നാണു വിദഗ്ധർ ഒരുപോലെ പ്രവചിക്കുന്നത്.” ലോകത്തിലെ ഏറ്റവും ദരിദ്രമായ 40 രാജ്യങ്ങളിൽ 32 എണ്ണവും സഹാറയ്ക്കു തെക്കാണുള്ളതെന്ന് അതേ ലേഖനം റിപ്പോർട്ടു ചെയ്യുന്നു.
ഇനി, ലോകത്തിലെ ഇന്നത്തെ ധാർമിക നിലവാരം സംബന്ധിച്ചെന്ത്? ഇക്കാര്യത്തിലുള്ള ലോകത്തിന്റെ “പുരോഗതി”യെക്കുറിച്ച് അടുത്ത ലേഖനം ചുരുക്കമായി ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a സ്ഥലപരിമിതി മൂലം ഞങ്ങളുടെ ലേഖനത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തുണ്ടായ പുരോഗതിയുടെയോ മാറ്റത്തിന്റെയോ എല്ലാ വശങ്ങളും ഉൾപ്പെടുത്തിയിട്ടില്ല.
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
USAF photo
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo