കാനഡയിലെ സുപ്രീംകോടതി മാതാപിതാക്കളുടെ അവകാശങ്ങളെ സുദൃഢമാക്കുന്നു
കാനഡയിലെ ഉണരുക! ലേഖകൻ
നിങ്ങളുടെ കുട്ടി ചികിത്സാസംബന്ധമായി ഗുരുതരമായ പ്രശ്നങ്ങളെ നേരിടുമ്പോൾ സ്നേഹസമ്പന്നരായ മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്കു മനോവ്യഥയും ഉത്കണ്ഠയും അനുഭവപ്പെടുക സ്വാഭാവികമാണ്. ഉത്തരവാദിത്വബോധവും അനുകമ്പയുമുള്ള ഡോക്ടർമാർ ചികിത്സാപരമായ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ആദരിക്കുമ്പോൾ അതു നിങ്ങൾക്ക് എത്ര ആശ്വാസപ്രദവും ധൈര്യം പകരുന്നതുമായിരിക്കും! എന്നിരുന്നാലും, അതിരുകടന്ന നടപടി കൈക്കൊള്ളുകയും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉയർന്നുവരാറുണ്ട്. പലപ്പോഴും സംഘർഷപൂരിതമായ അനുഭവത്തിലേക്ക് അതു നയിക്കുന്നു.
കുട്ടികളുടെമേൽ നിയന്ത്രണം പ്രയോഗിക്കാൻ കാനഡയിലെ ശിശുക്ഷേമ നിയമങ്ങൾ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്ക് അധികാരം നൽകുന്നു. നീതിന്യായവിചാരണ കൂടാതെ മാതാപിതാക്കളുടെ തിരഞ്ഞെടുപ്പുകളെ മറികടക്കാൻ നാലു പ്രവിശ്യകൾ ഗവൺമെൻറിന് അധികാരം നൽകുന്നു. ഇത് എല്ലാ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രധാനമായ പ്രശ്നങ്ങൾ വരുത്തിവെക്കുന്നു. തീരുമാനമെടുക്കുന്നതിൽ എന്തു പങ്കാണു മാതാപിതാക്കൾക്കുള്ളത്? ഗവൺമെൻറ് മാതാപിതാക്കളുടെ തീരുമാനത്തിൽ കൈകടത്തുന്നുവെങ്കിൽ, മാതാപിതാക്കൾക്കും കുട്ടികൾക്കും മൗലിക നീതി ലഭ്യമാക്കാൻ എന്തു നടപടികളാണു കൈക്കൊള്ളേണ്ടത്? ഭരണഘടന മാതാപിതാക്കൾ ചെയ്യുന്ന തീരുമാനത്തെ സംരക്ഷിക്കുന്നുവോ?
1983-ൽ അകാലജാതയായ ഒരു പെൺകുഞ്ഞ് ഉൾപ്പെടുന്ന കേസിനോടു ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ സംക്ഷിപ്തരൂപത്തിൽ വ്യക്തമാക്കിയ ഒരു ലേഖനം 1995 മാർച്ച് 3-ലെ ദ ടൊറന്റോ സ്റ്റാറിൽ വരികയുണ്ടായി. അവളുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായിരുന്നു. “[അവർക്ക്] മിക്ക ചികിത്സകളും സ്വീകാര്യമായിരുന്നു, എന്നാൽ രക്തപ്പകർച്ചയെ എതിർക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ഒരു കോടതിവിധി ആവശ്യപ്പെട്ടു. ജഡ്ജി കുട്ടിയുടെമേലുള്ള നിയന്ത്രണം ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി എന്ന സംഘടനയ്ക്കു നൽകി. മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ കുട്ടിക്കു രക്തം കൊടുത്തു. ഐശ്ചിക നേത്രപരിശോധനയ്ക്കും ഒരുപക്ഷേ നടക്കുമായിരുന്ന നേത്രശസ്ത്രക്രിയയ്ക്കും വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു അങ്ങനെ ചെയ്തത്. അതിനെ എതിർത്ത മാതാപിതാക്കൾ കേസ് നടത്തി സുപ്രീംകോടതിവരെ പോയി.”
1995 ജനുവരി 27-ന് വിധി പ്രഖ്യാപിക്കുകയുണ്ടായി. 1983-ൽ ചെയ്ത സംഗതിയെ സുപ്രീംകോടതി മറികടന്നില്ലെങ്കിലും ഒമ്പതു ജഡ്ജിമാരിൽ അഞ്ചു പേർ കുട്ടികളുടെമേലുള്ള ഗവൺമെൻറ് അധികാരത്തിന്റെ ദുർവിനിയോഗത്തെ തടയാൻ നിർദേശങ്ങൾ പ്രദാനം ചെയ്തു. കോടതിയുടെ തീരുമാനം, തങ്ങളുടെ കുട്ടികൾക്കു വേണ്ടി വൈദ്യശാസ്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള മാതാപിതാക്കളുടെ അവകാശങ്ങളെ സുദൃഢമാക്കുന്നു.
പ്രത്യേകിച്ചും, മാതാപിതാക്കൾ തീരുമാനമെടുക്കുന്നതിനെ കോടതി പരിഗണിച്ചത് അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും കനേഡിയൻ ചാർട്ടർ ഉറപ്പുനൽകിയ മതസ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലാണ്. ഭൂരിപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് ജെറാർഡ് ലാ ഫോറെസ്റ്റ് എന്ന ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചു: “വൈദ്യശാസ്ത്രപരവും മറ്റുതരത്തിലുള്ളതുമായ ചികിത്സകൾ തിരഞ്ഞെടുക്കുന്നതുൾപ്പെടെ, തങ്ങളുടെ മതവിശ്വാസങ്ങൾ അനുസരിച്ചു കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള മാതാപിതാക്കളുടെ അവകാശം മതസ്വാതന്ത്ര്യത്തിന്റെ തുല്യമായ ഒരു മൗലികവശമാണ്.”
ചാർട്ടറിലെ മതസ്വാതന്ത്ര്യത്തിൽ കുട്ടികൾക്കു വേണ്ടി വൈദ്യചികിത്സ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്കുള്ള അധികാരം ഉൾപ്പെടുന്നതായി കാനഡയിലെ പരമോന്നത കോടതി വിധിക്കുന്നത് ഇതാദ്യമാണ്. പിൻവരുന്നപ്രകാരം പ്രസ്താവിച്ചുകൊണ്ടു ജഡ്ജി ലാ ഫോറെസ്റ്റ് ഈ തത്ത്വത്തെ ഇങ്ങനെ നിർവചിച്ചു: “കുട്ടിയുടെ ധാർമികസ്വാതന്ത്ര്യത്തെയോ ആരോഗ്യത്തെയോ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു കരുതുമ്പോൾ ഗവൺമെൻറിനു കൈകടത്താനാവില്ല എന്നല്ല ഇതിന്റെ അർഥം. എന്നാൽ അത്തരം കൈകടത്തൽ ന്യായമായിരിക്കണം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഗവൺമെൻറിന്റെ കൈകടത്തലിനെ കോടതികൾ മൂലം ഉചിതമായി നിയന്ത്രിക്കുന്നതിന്, മാതാപിതാക്കളുടെ തീരുമാനങ്ങൾക്കു ചാർട്ടറിന്റെ സംരക്ഷണം ഉണ്ടായിരിക്കണം. ഗവൺമെൻറിന്റെ കൈകടത്തലിനു ചാർട്ടറിലെ അടിസ്ഥാന മൂല്യങ്ങളുടെ പിൻബലം ഉള്ളപ്പോൾ മാത്രമേ അത് അനുവദിക്കാവൂ.”
തന്റെ രണ്ടു സഹജഡ്ജിമാരുടെ അഭിപ്രായങ്ങൾക്കു മറുപടി നൽകവേ മാതാപിതാക്കളുടെ തീരുമാനത്തിൽ കൈകടത്തുന്നതിൽ ന്യായമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തിനു ജഡ്ജി ലാ ഫോറെസ്റ്റ് അടിവരയിട്ടു: “അവരുടെ അഭിപ്രായങ്ങളിൽ ചിലത്, ഒരു ചികിത്സാവിദഗ്ധനു കേവലം ആവശ്യമെന്നു തോന്നുന്നപക്ഷം മാതാപിതാക്കളുടെ അവകാശങ്ങളെ തകിടംമറിക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി മനസ്സിലാക്കേണ്ടതുണ്ട്. ആ ആവശ്യം വ്യക്തമാക്കാതെ മാതാപിതാക്കളുടെ വീക്ഷണങ്ങളെ മറികടക്കാൻ ഒരു ചികിത്സാവിദഗ്ധനു സാധിക്കുന്നുവെങ്കിൽ അത് എന്നിൽ വളരെ മനോവ്യഥ ഉളവാക്കുകതന്നെ ചെയ്യും.”
ചികിത്സ സംബന്ധിച്ചു മാതാപിതാക്കൾ തീരുമാനമെടുക്കുന്നത് അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും കനേഡിയൻ ചാർട്ടറിന്റെ കീഴിലുള്ള ഭരണഘടനാപരമായ അവകാശമായി തിരിച്ചറിയിക്കപ്പെട്ടു. അങ്ങനെ ശിശുപരിപാലന ഉദ്യോഗസ്ഥന്മാർക്കും ജഡ്ജിമാർക്കും ശക്തമായ ഒരു സന്ദേശം നൽകപ്പെടുകയുണ്ടായി. അവർ ശ്രദ്ധയോടും മാതാപിതാക്കളുടെ അവകാശങ്ങളോടുള്ള ആദരവോടും കൂടെ പ്രവർത്തിക്കേണ്ടതുണ്ട്. ഉത്തരവാദിത്വബോധമുള്ള ഡോക്ടർമാർ ഈ മാർഗനിർദേശങ്ങളെ സ്വാഗതം ചെയ്യും. അതായത്, കുട്ടികൾക്കു വേണ്ടി രക്തരഹിത പകരചികിത്സ ഉൾപ്പെടെ ന്യായമായ പകരചികിത്സോപാധികൾ സംബന്ധിച്ചുള്ള മാതാപിതാക്കളുടെ തിരഞ്ഞെടുപ്പിനെ അവർ പിന്താങ്ങും.
രക്തപ്പകർച്ചകളും എയ്ഡ്സ് ഉൾപ്പെടെ അവകൊണ്ടുണ്ടാകുന്നതായി അറിവായിട്ടുള്ള അപകടങ്ങളും സംബന്ധിച്ചു നിലവിലുള്ള സംവാദത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജി ലാ ഫോറെസ്റ്റിന്റെ അഭിപ്രായത്തെ ഒരുവനു വിലമതിക്കാൻ കഴിയും. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ചികിത്സാപരമായ പ്രയോജനങ്ങൾ അങ്ങേയറ്റം ചോദ്യം ചെയ്യപ്പെടാവുന്നതാകുമ്പോൾ അത്തരമൊരു ചികിത്സ തുടരുന്നതിലെ ഔചിത്യം സംബന്ധിച്ച ഒരു പൊതുവായ പ്രശ്നമാണ് ഇപ്പോഴത്തെ ഹർജിയിൽ ഹർജിക്കാർ കാണിച്ച ഉത്കണ്ഠയിലൂടെ ഉന്നയിക്കപ്പെടുന്നത് . . . എന്നിരുന്നാലും, പിന്തിരിഞ്ഞുനോക്കുമ്പോൾ രക്തപ്പകർച്ച നടത്തേണ്ടതിന്റെ ആവശ്യത്തെ ചോദ്യം ചെയ്യാൻ ചിലർക്കു പ്രലോഭനം തോന്നിയേക്കാമെങ്കിലും 1983-ൽ അവതരിപ്പിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ . . . നമ്മെ അതിന് അനുവദിക്കുന്നില്ല. എന്നുവരികിലും, മാതാപിതാക്കളുടെ നിരസനത്തെ മറികടക്കുമ്പോൾ സൂക്ഷ്മതയോടെ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് ഈ ഹർജി നമ്മെ ഓർമിപ്പിക്കുന്നത്.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
മുകളിൽ പരാമർശിച്ച ടൊറന്റോ സ്റ്റാറിലെ ലേഖനം ഇങ്ങനെ ഉപസംഹരിച്ചു: “സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ എന്താണു നേടാൻ കഴിഞ്ഞത്? ഒന്നാമതായി, മാതാപിതാക്കളും ഡോക്ടർമാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ ഡോക്ടർമാർക്കും മാതാപിതാക്കൾക്കും സാമൂഹികപ്രവർത്തകർക്കും ജഡ്ജിമാർക്കും ഇനിയിപ്പോൾ മാർഗനിർദേശങ്ങൾ ഉണ്ട്. രണ്ടാമതായി, കൂടുതൽ കൂടുതൽ രക്തരഹിത ചികിത്സോപാധികൾ വികസിപ്പിക്കപ്പെടുകയും ലഭ്യമാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് പകരചികിത്സാരീതികൾക്ക് ഊന്നൽ കൊടുക്കുകവഴി പകർച്ചാമരുന്നുകളോടു ബന്ധപ്പെട്ട പ്രശ്നത്തിൽ അയവു വരുത്തേണ്ടതാണ്. മൂന്നാമതായി, മാതാപിതാക്കളുടെ തീരുമാനത്തെ മറികടക്കാനുള്ള തീരുമാനം കൈക്കൊള്ളുമ്പോൾ കോടതിയിൽ മുഖപക്ഷമില്ലാത്ത ഒരു വിചാരണ ഉണ്ടായിരിക്കണം, കൂടാതെ നിർദേശിച്ചിരിക്കുന്ന കൈകടത്തലിന്റെ ആവശ്യം തെളിയിക്കാൻ ഗവൺമെൻറിന്റെയും ഡോക്ടർമാരുടെയും ഭാഗത്തു ധാരാളം തെളിവുകൾ ഉണ്ടായിരിക്കുകയും വേണം.”
മറ്റു ദേശങ്ങളിലുള്ള ചികിത്സകരും ജഡ്ജിമാരും മാതാപിതാക്കളും, കാനഡയിലെ സുപ്രീംകോടതിയുടെ തീരുമാനത്തിൽ ഭൂരിഭാഗം കൈക്കൊണ്ട നിർദേശങ്ങൾ സഹായകരമെന്നു കണ്ടെത്തുമെന്നുള്ളതിൽ സംശയമില്ല. കുട്ടികളുടെയും മാതാപിതാക്കളുടെയും അവകാശങ്ങളെ പരിഗണിച്ചുകൊണ്ട് എല്ലായിടത്തുമുള്ള വൈദ്യചികിത്സകർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നതും അനുകമ്പ കലർന്നതുമായ ഒരു വിധത്തിൽ തുടർന്നും വൈദ്യശുശ്രൂഷ നൽകുമെന്നു പ്രത്യാശിക്കാം.