ഞാൻ ലക്ഷ്യമില്ലാത്തവനായിരുന്നു എന്നാൽ ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തി
ഒരു ദിവസം നന്നേ പ്രഭാതത്തിൽ, കിടക്കമുറിയിൽ തിരച്ചിൽ നടത്തുകയായിരുന്ന, ദൃഢഗാത്രരായ രണ്ടു പുരുഷൻമാർ എന്നെ അപ്രതീക്ഷിതമായി ഉണർത്തിയപ്പോൾ എനിക്കുണ്ടായ അന്ധാളിപ്പും സംഭ്രമവും ഒന്നു സങ്കൽപ്പിച്ചുനോക്കൂ. എന്റെ അമ്മ വിളറി വെളുത്ത് നിസ്സഹായയായി അവിടെ നോക്കിനിൽപ്പുണ്ടായിരുന്നു. അമ്മ സ്തംഭിച്ചുപോയിരുന്നു എന്നതു വ്യക്തമായിരുന്നു. ആ മനുഷ്യർ കുറ്റാന്വേഷകരായിരുന്നു.
അവർ എന്തിനുവേണ്ടിയാണു തിരച്ചിൽ നടത്തുന്നതെന്നു പെട്ടെന്നുതന്നെ എനിക്കു പിടികിട്ടി. ഞാൻ പുറമേ ധൈര്യവും തന്റേടവും നടിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിൽ എനിക്കു ഭയമായിരുന്നു. യു.എസ്.എ.-യിലെ ന്യൂജേഴ്സിയിലുള്ള ഞാനുൾപ്പെട്ട കുട്ടികളുടെ മോഷണ സംഘത്തിനുവേണ്ടി പൊലീസ് വല വിരിക്കുകയായിരുന്നുവെന്ന് എനിക്കു മനസ്സിലായി. വസ്ത്രംമാറിവരാൻ കുറ്റാന്വേഷകർ എന്നോടു പരുക്കമായി പറഞ്ഞു. പിന്നെ ചോദ്യംചെയ്യലിനായി അവരെന്നെ പൊലീസ് ആസ്ഥാനത്തേക്കു കെട്ടിയെടുത്തു.
ഈ ദാരുണമായ അവസ്ഥയിൽ ഞാൻ എങ്ങനെയാണു ചെന്നുപെട്ടത്? അത് ജീവിതത്തിൽ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കൗമാര മധ്യത്തിൽ ആയിരിക്കുമ്പോൾതന്നെ തഴമ്പിച്ച ഒരു കൊച്ചു കുറ്റവാളിയായി ഞാൻ എന്നെത്തന്നെ കരുതിയിരുന്നു. ഒരു കാരണവുമില്ലാതെ ഒരു മത്സരിയായിരിക്കുക എന്നതു “സ്വീകാര്യമായ” ഒരു സംഗതിയായി 1960-കളിൽ പല യുവാക്കളും വിചാരിച്ചിരുന്നു. ഞാൻ അതിനോടു പൂർണമായി യോജിക്കുകയും ചെയ്തു. അങ്ങനെ, 16 വയസ്സുള്ളപ്പോൾ, ഹൈസ്കൂളിൽനിന്നു പുറത്താക്കപ്പെട്ട ഞാൻ അയൽപക്കത്തുള്ള ബില്ല്യാർഡ്സ് കളിസ്ഥലത്തു ചുറ്റിപ്പറ്റി കഴിഞ്ഞു. അവിടെവെച്ച് കുത്തിക്കവർച്ചകൾ നടത്തിക്കൊണ്ടിരുന്ന ഒരു യുവ സംഘത്തിന്റെ കൂട്ടത്തിൽ ഞാൻ ചേർന്നു. താരതമ്യേന നിസ്സാരമായ ചില കൃത്യങ്ങളിൽ അവരോടു ചേർന്നു കഴിഞ്ഞപ്പോൾ ഞാൻ ആവേശവും ഉദ്വേഗവും ആസ്വദിച്ചു തുടങ്ങി. വാസ്തവത്തിൽ ഞാൻ ഓരോ അനുഭവവും തികച്ചും പുളകപ്രദമായി കണ്ടെത്തി.
കുത്തിക്കവർച്ചയുടെ ഒൻപതുമാസം നീണ്ടുനിന്ന ഉല്ലാസലഹരിയുടെ തുടക്കം അതായിരുന്നു. ഒരു സംഘമെന്നനിലയിൽ ഞങ്ങൾ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതു മിക്കപ്പോഴും വൻതുകകൾ സ്വരൂപിച്ചുവെക്കുന്ന ഉദ്യോഗസ്ഥ ഓഫീസുകളിലായിരുന്നു. പിടികൂടപ്പെടാതെ ഞങ്ങൾ എത്രയധികം കുത്തിക്കവർച്ചകൾ നടത്തിയോ അത്രയധികം ഞങ്ങൾ ധൈര്യമുള്ളവരായിത്തീർന്നു. ഒടുവിൽ, കൗണ്ടി ബാങ്കിന്റെ ഒരു ശാഖ കൊള്ളയടിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
സംഗതികൾ ആദ്യമായി വഴിപിഴയ്ക്കാൻ തുടങ്ങി. ഞങ്ങൾക്കു കുഴപ്പമൊന്നും കൂടാതെ ബാങ്കിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞെങ്കിലും ആ രാത്രി ഞങ്ങൾക്ക് അതിനുള്ളിൽ വൃഥാ ചെലവിടേണ്ടിവന്നു. എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് കാഷ്യറുടെ മേശവലിപ്പുകൾ മാത്രമേ കുത്തിത്തുറക്കാൻ കഴിഞ്ഞുള്ളൂ. ഞങ്ങൾ നടത്തിയ ബാങ്കു കവർച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (എഫ്ബിഐ) കേസിലേക്ക് ആനയിച്ചു എന്നതായിരുന്നു ഏറെ ഗുരുതരമായ ഒരു പ്രശ്നം. എഫ്ബിഐ അന്വേഷണം ആരംഭിച്ച് ഏറെ താമസിയാതെ ഞങ്ങളെല്ലാം അറസ്റ്റിലായി.
തിൻമപ്രവൃത്തിയുടെ ദുഃഖകരമായ പ്രത്യാഘാതങ്ങൾ
78 കുത്തിക്കവർച്ചകൾക്ക് വ്യക്തിപരമായി എന്നെ കുറ്റം ചുമത്തി. ഓരോന്നിന്റെയും വിശദാംശങ്ങൾ കോടതിസമക്ഷം ഉച്ചത്തിൽ വായിച്ചുകേൾപ്പിച്ചതിന്റെ നാണക്കേടും ഞാൻ അനുഭവിച്ചു. ഇതിനെല്ലാം പുറമേ, ഞങ്ങളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു പ്രാദേശിക പത്രത്തിൽ വന്ന പരസ്യവും കൂടെയായപ്പോൾ അതിന് എന്റെ മാതാപിതാക്കളുടെമേൽ ഒരു നാശകരമായ പ്രത്യാഘാതമുണ്ടായി. എങ്കിലും ഞാൻ കാരണം അവർക്കുണ്ടായ അപമാനവും ലജ്ജയും അന്ന് എന്നെ വളരെയധികമൊന്നും ചിന്തിപ്പിച്ചില്ല. സ്റ്റേറ്റിലെ ഒരു ദുർഗുണപരിഹാരപാഠശാലയിൽ അനിശ്ചിത കാലത്തേക്ക് എനിക്കു ശിക്ഷവിധിക്കപ്പെട്ടു. 21 വയസ്സാകുന്നതുവരെ ഞാൻ കസ്റ്റഡിയിൽ ആയിരിക്കണമെന്ന് അത് അർഥമാക്കുമായിരുന്നു. എങ്കിലും മുഖ്യമായും ഒരു വിദഗ്ധ വക്കീലിന്റെ ശ്രമഫലമായി എന്നെ ഒരു പ്രത്യേക ദുർഗുണപരിഹാര സ്കൂളിലേക്കു മാറ്റി.
തടവുജീവിതം എനിക്ക് ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും സമുദായത്തിൽനിന്നും എന്റെ എല്ലാ മുൻ സുഹൃത്തുക്കളിൽനിന്നും എന്നെ മാറ്റിനിർത്തണമെന്നതായിരുന്നു ഒരു വ്യവസ്ഥ. ഈ ഉദ്ദേശ്യത്തിൽ, എന്നെപ്പോലെയുള്ള പ്രശ്നക്കാരായ കുട്ടികളിൽ ശ്രദ്ധ പതിപ്പിക്കുന്ന നിവാർക്കിലെ ഒരു സ്വകാര്യ സ്കൂളിൽ എന്നെ ചേർത്തു. കൂടാതെ, ഔദ്യോഗിക സഹായം ലഭിക്കുന്നതിനായി ഒരു മനഃശാസ്ത്രജ്ഞനുമായി ആഴ്ചതോറും ചർച്ചകൾ നടത്താൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഈ ക്രമീകരണങ്ങൾക്കെല്ലാമുള്ള ചെലവു വഹിച്ചത് എന്റെ മാതാപിതാക്കളാണ്. തങ്ങൾക്കുതന്നെ വമ്പിച്ച സാമ്പത്തിക ത്യാഗം വരുത്തിവെച്ചുകൊണ്ടാണ് അവർ അതു ചെയ്തത്.
നേർവഴിക്കുകൊണ്ടുവരാനുള്ള ശ്രമങ്ങൾ
സംശയലേശമെന്യേ, ഞങ്ങളുടെ വിചാരണയെക്കുറിച്ചു നന്നായി പരസ്യപ്പെടുത്തിയതിന്റെ ഫലമായി ഞങ്ങളുടെ സ്വദേശത്തെ പത്രത്തിൽ “വടി ഉപയോഗിക്കാതിരിക്കൽ” എന്ന തലക്കെട്ടിൽ ഒരു മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ സംഘത്തോടുള്ള മയത്തിലുള്ള ഇടപെടലിനെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു ഈ ലേഖനം. ഈ മുഖപ്രസംഗത്തിലെ അഭിപ്രായങ്ങൾ ആദ്യമായി എന്റെ മനഃസാക്ഷിയെ സ്പർശിച്ചു. അതുകൊണ്ട് ഞാൻ പത്രത്തിൽനിന്ന് അതു വെട്ടിയെടുക്കുകയും ഞാൻ എന്റെ മാതാപിതാക്കൾക്കുണ്ടാക്കിയ എല്ലാ കഷ്ടപ്പാടിനും ലജ്ജയ്ക്കും ചെലവിനും എന്നെങ്കിലും, ഏതെങ്കിലും വിധത്തിൽ നഷ്ടപരിഹാരം നൽകുമെന്നു സ്വയം പ്രതിജ്ഞയെടുക്കുകയും ചെയ്തു.
എനിക്കു മാറ്റംവരുത്താൻ കഴിയുമെന്നു മാതാപിതാക്കൾക്കു തെളിയിച്ചുകൊടുക്കാനുള്ള ഒരു മാർഗമായി ഞാൻ കരുതിയത് എന്റെ ആദ്യ സഹപാഠികളോടൊപ്പം ഹൈസ്കൂളിൽനിന്നു പാസ്സാകുക എന്നതാണ്. ജീവിതത്തിൽ മുമ്പൊരിക്കലും പഠിച്ചിട്ടില്ലാത്ത വിധത്തിൽ ഞാൻ പഠിക്കാൻ തുടങ്ങി. സ്കൂൾ വർഷാവസാനം ഞാൻ എന്റെ പ്രൊബേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ എനിക്കു ശിക്ഷ വിധിച്ച ജഡ്ജിയുടെ മുമ്പിൽ വീണ്ടും ഹാജരായി. ഞാൻ ഓരോ ടേമിലും ശരാശരി ബി-പ്ലസ് നേടിയിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന്റെ ഗൗരവം നിറഞ്ഞ മുഖത്തു പുഞ്ചിരി വിടർന്നു. അങ്ങനെ എന്റെ പഴയ ഹൈസ്കൂളിലേക്കു തിരിച്ചുചെല്ലാനുള്ള വഴി എനിക്കു തുറന്നുകിട്ടി. ഞാൻ പിറ്റേ വർഷം പാസ്സാകുകയും ചെയ്തു.
എന്റെ ലക്ഷ്യമില്ലായ്മ തുടരുന്നു
അപ്പോഴേക്കും 1966 ആയിരുന്നു. എന്റെ സഹപാഠികളിൽ പലരും വിയറ്റ്നാമിലെ യുദ്ധത്തിനു പോയപ്പോൾ ഞാൻ വെസ്റ്റ് വെർജിനിയയിലെ കോൺകോർഡ് കോളെജിൽ ചേർന്നു. കോളെജിൽവെച്ച് മയക്കുമരുന്നുകൾ, സമാധാന റാലികൾ, ആകെ പുത്തൻ ഒരു സംസ്കാരം എന്നിങ്ങനെ പാരമ്പര്യ മൂല്യങ്ങളെ ചോദ്യം ചെയ്യാൻ എന്നെ പ്രേരിപ്പിച്ച കാര്യങ്ങളിൽ ഞാൻ ഏർപ്പെട്ടു. ഞാൻ എന്തോ ഒന്നിനുവേണ്ടി തിരയുകയായിരുന്നു. എന്നാൽ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. താങ്ക്സ്ഗിവിങ് അവധി വന്നപ്പോൾ വീട്ടിൽ പോകുന്നതിനുപകരം ഞാൻ ബ്ലൂ റിഡ്ജ് പർവതങ്ങളിലൂടെ തെക്കോട്ട് അലഞ്ഞുതിരിഞ്ഞ് അവസാനം ഫ്ളോറിഡയിലേക്കു പോയി.
ഞാൻ അതിനു മുമ്പ് ഒരിക്കലും വളരെയധികമൊന്നും യാത്രചെയ്തിരുന്നില്ല. പുതിയതും വ്യത്യസ്തവുമായ വളരെയധികം സ്ഥലങ്ങൾ കണ്ടുകണ്ട് ഞാൻ ആ യാത്ര അത്ഭുതകരമായി ആസ്വദിച്ചു. എന്നാൽ താങ്ക്സ്ഗിവിങ് ദിവസം എന്റെ ആ യാത്ര അവസാനിച്ചത് ഡേറ്റോണാ ബീച്ച് ജയിലിലായിരുന്നു, അലഞ്ഞുനടക്കുന്നു എന്ന കുറ്റത്തിന്. എന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാൻ എനിക്കു വല്ലാത്ത ലജ്ജയായിരുന്നു. എന്നാൽ ജയിലധികാരികൾ അവരുമായി ബന്ധപ്പെട്ടു. ഞാൻ തടവു ശിക്ഷ അനുഭവിക്കാൻ ഇടയാക്കുന്നതിനു പകരം കടുത്ത പിഴ അടയ്ക്കുന്നതിന് എന്റെ പിതാവ് ഒരിക്കൽക്കൂടി ക്രമീകരണങ്ങൾ ചെയ്തു.
അതിൽപ്പിന്നെ ഞാൻ കോളെജിൽ നിന്നില്ല. പകരം, ഒരു സ്യൂട്ട്കേസും യാത്രചെയ്യാനുള്ള ഒരു പുത്തൻ അഭിലാഷവുമായി ഞാൻ വീണ്ടും തെരുവിലിറങ്ങി. ഐക്യനാടുകളുടെ കിഴക്കൻ കടലോരത്തൂടെ യാതൊരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിഞ്ഞും കിട്ടുന്ന പണികൾ ചെയ്ത് ഉപജീവനം കഴിച്ചും പോന്നു. ഞാൻ എന്റെ മാതാപിതാക്കളെ ഇടയ്ക്കിടയ്ക്കു സന്ദർശിച്ചിരുന്നെങ്കിലും ഞാൻ എവിടെയാണെന്ന് അവർക്ക് അറിയാൻ പാടില്ലായിരുന്നു. എന്നെ കാണുന്നതിൽ അവർ എല്ലായ്പോഴും സന്തോഷമുള്ളവരായി കാണപ്പെട്ടത് എന്നെ അതിശയിപ്പിച്ചു. എന്നാൽ എനിക്ക് അവിടെ താമസമുറപ്പിക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ ഞാൻ കോളെജിൽ അല്ലാതിരുന്നതിനാൽ സൈനിക സേവനത്തിന്റെ നീട്ടിവെപ്പ് അനുവദിച്ചിരുന്ന വിദ്യാർഥി എന്ന യോഗ്യത എനിക്കു നഷ്ടമായി. നിർബന്ധിതമായി എന്നെ സൈന്യത്തിൽ ചേർക്കുന്നതിനുള്ള 1-എ നിലവാരം എനിക്കിപ്പോൾ ഉണ്ടായിരുന്നു. സൈന്യത്തിലേക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാമായിരുന്നു. പട്ടാളച്ചിട്ടയുടെ കാര്യവും എന്റെ പുതിയ സ്വാതന്ത്ര്യം നഷ്ടമാകുന്നതും എനിക്ക് ഓർക്കാൻ പോലും വയ്യായിരുന്നു. അതുകൊണ്ട് കപ്പൽമാർഗം രാജ്യം വിട്ടുപോകാൻ ഞാൻ തീരുമാനിച്ചു. അത്തരുണത്തിൽ എനിക്ക് ഒരു പുതിയ തൊഴിലവസരം തുറന്നു കിട്ടി. ഒടുവിൽ ഇതായിരിക്കുമോ എന്റെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം?
ഒരു കൂലിപ്പടയാളിയായുള്ള എന്റെ കടൽ ജീവിതം
ഞങ്ങളുടെ ഒരു പഴയ കുടുംബ സുഹൃത്ത് ഐക്യനാടുകളിലെ വാണിജ്യക്കപ്പലുകളിലെ ഒരു നാവികനായിരുന്നു. മറൈൻ എഞ്ചിനിയർമാർക്കുവേണ്ടി ആയിടെ സ്ഥാപിച്ച ഒരു പരിശീലന പരിപാടിയെക്കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞു. രണ്ടു വർഷത്തെ ഒരു സമഗ്ര പദ്ധതിക്കായി എനിക്ക് ഒരു പ്രയാസവും കൂടാതെ അംഗീകാരം ലഭിച്ചു. സൈനിക സേവനത്തിന്റെ നീട്ടിവെപ്പ്, ഒരു മറൈൻ എഞ്ചിനിയറിങ് ഡിഗ്രിയുടെ പ്രതീക്ഷകൾ എന്നിങ്ങനെ അതിനു രണ്ടു പ്രയോജനങ്ങളുണ്ടായിരുന്നു. 1969-ൽ ഞാൻ ഡിപ്ലോമ സമ്പാദിക്കുകയും ഒരു മൂന്നാംകിട എഞ്ചിനിയറിങ് ഓഫീസർ എന്നനിലയിൽ സാൻഫ്രാൻസിസ്കോയിൽ എന്റെ ആദ്യത്തെ കപ്പലിൽ ജോലിക്കു കയറുകയും ചെയ്തു. യുദ്ധസാമഗ്രികളുടെ ഒരു ചരക്കുമായി ഉടൻതന്നെ ഞങ്ങൾ വിയറ്റ്നാമിലേക്കു കപ്പൽയാത്ര ചെയ്തു. യാത്ര സുഗമമായിരുന്നു. ഞങ്ങൾ സിംഗപ്പൂരിലെത്തിയപ്പോൾ ഞാൻ ആ കപ്പലിലെ ജോലി രാജിവച്ചു.
സിംഗപ്പൂരിൽവെച്ച് ഞാൻ ഒരു ‘റൺഎവേയ്’ പതാകക്കപ്പലിൽ ജോലിക്കു കയറി. ഡോക്കുകളിൽ ജോലിക്കായി കാത്തുകിടക്കുന്ന, തൊഴിലാളി യൂണിയനിൽ ഉൾപ്പെടാത്ത എല്ലാവർക്കും അത് ജോലി നൽകിയിരുന്നതുകൊണ്ടാണ് അത് അങ്ങനെ വിളിക്കപ്പെട്ടത്. വിയറ്റ്നാമിന്റെ തീരത്തുകൂടെയായിരുന്നു സാധാരണമായി ഈ കപ്പലിന്റെ യാത്ര. അതായത് തെക്കുള്ള കം റാൻഹ് കടലിടുക്കു തൊട്ട് വടക്ക് സൈന്യമില്ലാത്ത മേഖലയ്ക്കടുത്തുള്ള ഡ നാങ് വരെ. നിർദയമായ ബോംബിടീലിന്റെ മാറ്റൊലികൊള്ളുന്ന മുഴക്കം ഇവിടെ ഒരിക്കലും അവസാനിച്ചിരുന്നില്ല. എന്നിരുന്നാലും സാമ്പത്തികമായി ഈ വഴി പ്രയോജനപ്രദമായിരുന്നു. നേരിട്ടുള്ള വെടിവെപ്പുണ്ടാകുമ്പോഴുള്ള യുദ്ധ-ആപത്തിനും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ആക്രണത്തിനുമായി ബോണസുകൾ നൽകിയിരുന്നു. അങ്ങനെ കൂലിപ്പടയാളി എന്നനിലയിൽ ഞാൻ ഒരു വർഷം 35,000 ഡോളറിലധികം സമ്പാദിച്ചിരുന്നു. പുതുതായി കൈവന്ന ഈ ധനസമൃദ്ധിയുണ്ടായിരുന്നിട്ടും എനിക്കു ലക്ഷ്യമില്ലാത്തതായി തോന്നി. ജീവിതമെന്താണെന്നും ഞാൻ എങ്ങോട്ടാണു പോകുന്നതെന്നും അതിശയിക്കുകയും ചെയ്തു.
ജീവിതത്തിന്റെ അർഥം സംബന്ധിച്ച ഒരു ഒളിമിന്നൽ
ശത്രുവിൽനിന്നുള്ള പ്രത്യേകിച്ചും ഭീതിദമായ ഒരു വെടിവെപ്പാക്രമണത്തിനു ശേഷം ബൊയ്ലറിലെ എന്റെ സേവകനായ ആൽബർട്ട് ദൈവം ഭൂമിയിൽ പെട്ടെന്ന് ഒരു നാൾ സമാധാനം കൊണ്ടുവരാൻ പോകുന്നതെങ്ങനെയെന്ന് എന്നോടു പറയാൻ തുടങ്ങി. ഈ അസാധാരണമായ വിവരം ഞാൻ ചെവികൂർപ്പിച്ചു കേട്ടു. അടുത്തതായി, ഞങ്ങൾ സിംഗപ്പൂരിലേക്കു കപ്പലിൽ തിരിച്ചു പോകുമ്പോൾ താൻ യഹോവയുടെ സാക്ഷികളിലൊരാളായിരുന്നുവെന്നും എന്നാൽ മേലാൽ ക്രമമുള്ളവനല്ലെന്നും ആൽബർട്ട് എന്നോടു പറഞ്ഞു. അതുകൊണ്ട് സിംഗപ്പൂരിലെ പ്രാദേശിക സാക്ഷികളെ കണ്ടുപിടിക്കുന്നതിനായി ഞങ്ങൾ ഒരുമിച്ചു ശ്രമംനടത്തി. ആർക്കും ഞങ്ങളെ സഹായിക്കാൻ കഴിയാത്തതായി തോന്നി. എന്നാൽ ഞങ്ങൾ നാവികയാത്ര തുടങ്ങുന്നതിന്റെ തൊട്ടു തലേന്ന് ഒരു ഹോട്ടലിന്റെ പ്രവേശന മുറിയിൽ ആൽബർട്ട് ഒരു വീക്ഷാഗോപുര മാസിക കണ്ടെത്തി. അതിൽ ഒരു അഡ്രസ്സ് ഉണ്ടായിരുന്നു. എന്നിരുന്നാലും അത് അന്വേഷിച്ചു കണ്ടെത്താനുള്ള സമയം ഞങ്ങൾക്കുണ്ടായിരുന്നില്ല. കാരണം അടുത്ത പ്രഭാതത്തിൽ ഞങ്ങൾ ജപ്പാനിലെ സസെബൊയിലേക്കു കപ്പൽയാത്ര ചെയ്തു. അവിടെചെന്നിട്ട് കപ്പൽ രണ്ടാഴ്ചത്തേക്ക് ഡ്രൈ ഡോക്കിലേക്കു കൊണ്ടുപോകാൻ പരിപാടിയിട്ടിരുന്നു.
അവിടെവെച്ച് ഞങ്ങൾ കപ്പൽജോലിക്കാർക്കു ശമ്പളം കൊടുത്തു. ആൽബർട്ട് കപ്പലിൽനിന്നു വിരമിച്ചു. എന്നാൽ വെറും ഒരാഴ്ച കഴിഞ്ഞപ്പോൾ എന്നെ അതിശയിപ്പിച്ച ഒരു സംഗതി നടന്നു. തൊട്ടടുത്ത വാരാന്തത്തിൽ സസെബൊയിൽ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ ഉണ്ടെന്നും പറഞ്ഞ് ആൽബർട്ട് എനിക്കൊരു ടെലഗ്രാം അയച്ചു. ഈ കൺവെൻഷൻ എങ്ങനെയാണെന്നു പോയി കാണാൻ ഞാൻ തീരുമാനിച്ചു.
ആ ദിനം അതായത്, 1970 ആഗസ്റ്റ് 8 എന്റെ മനസ്സിൽ എല്ലായ്പോഴും തങ്ങിനിൽക്കും. കൺവെൻഷൻ സ്ഥലത്ത് ടാക്സിയിൽ എത്തിച്ചേർന്ന ഞാൻ വൃത്തിയായി വസ്ത്രമണിഞ്ഞ പരശ്ശതം ജപ്പാൻകാരുടെയിടയിലേക്കാണ് ഇറങ്ങിച്ചെന്നത്. അവരിൽ മിക്കവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും എനിക്ക് കൈ തരാൻ ആഗ്രഹിച്ചതായി തോന്നി. അതുപോലെ ഒന്ന് മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ല. ജാപ്പനീസിൽ നടന്ന പരിപാടിയുടെ ഒരു വാക്കുപോലും എനിക്കു മനസ്സിലായിരുന്നില്ലെങ്കിലും അതേ അഭിവാദനം തന്നെ ഇനിയും ലഭിക്കുമോയെന്നറിയുന്നതിനായി അടുത്തദിവസം വീണ്ടും പോകാൻ ഞാൻ തീരുമാനിച്ചു. അത് എനിക്കു ലഭിക്കുകതന്നെ ചെയ്തു!
ഞങ്ങൾ കപ്പൽജോലിക്കാരുടെ ഒരു പുതിയ സംഘത്തോടു ചേർന്നു. ഒരാഴ്ച കഴിഞ്ഞു ഞങ്ങൾ വീണ്ടും കടലിലിറങ്ങി. സിംഗപ്പൂരിലേക്കു യാത്രയാകുകയും ചെയ്തു. അവിടെ എത്തിക്കഴിഞ്ഞയുടൻ ഞാൻ ആദ്യം ചെയ്ത സംഗതി ഒരു ടാക്സിയെടുത്ത് വീക്ഷാഗോപുരം മാസികയിൽ പതിച്ചിരുന്ന അഡ്രസ്സുള്ള സ്ഥലത്തേക്കു പോയി എന്നതായിരുന്നു. സൗഹൃദമുള്ള ഒരു സ്ത്രീ വീടിനു വെളിയിലേക്കു വന്ന് എന്തു സഹായം വേണമെന്നു ചോദിച്ചു. ഞാൻ വീക്ഷാഗോപുരത്തിലെ അഡ്രസ്സ് അവരെ കാണിച്ചു. ഉടൻതന്നെ അവർ എന്നെ അകത്തേക്കു ക്ഷണിച്ചു. അപ്പോൾ ഞാൻ അവരുടെ ഭർത്താവിനെ കണ്ടുമുട്ടി. നൊർമൻ ബെലൊട്ടി എന്നും ഗ്ലാഡിസ് ബെലൊട്ടി എന്നും പേരുള്ള അവർ ഓസ്ട്രേലിയയിൽനിന്നുള്ള മിഷനറിമാരാണെന്ന് എനിക്കു മനസ്സിലായി. അവരുടെ അഡ്രസ്സ് എനിക്കു കിട്ടിയ വിധം ഞാൻ അവരോടു വിശദീകരിച്ചു. അവർ എനിക്ക് വമ്പിച്ച സ്വാഗതമരുളി. എന്റെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. കൂടാതെ, ഒരു ഷോപ്പിങ് ബാഗു നിറയെ എനിക്കു ബൈബിൾ സാഹിത്യങ്ങൾ തന്നുവിടുകയും ചെയ്തു. അടുത്ത ഏതാനും മാസക്കാലം വിയറ്റ്നാമിന്റെ തീരത്തുകൂടെ നാവികയാത്ര ചെയ്ത സമയത്ത് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകമുൾപ്പെടെ ആ പുസ്തകങ്ങളിൽ പലതും ഞാൻ വായിച്ചു.
ഇപ്പോൾ, ജീവിതത്തിൽ ആദ്യമായി, എനിക്ക് യഥാർഥ ഉദ്ദേശ്യത്തിന്റെയും മാർഗനിർദേശത്തിന്റെയും ഒരു ബോധം അനുഭവപ്പെട്ടു. സിംഗപ്പൂരിലേക്കുള്ള അടുത്ത മടക്കയാത്രയിൽ ഞാൻ കപ്പലിൽനിന്നും വിരമിച്ചു.
നിരാശപ്പെടുത്തുന്ന ഒരു ഭവനാഗമനം
വീട്ടിൽ പോകണമെന്നു വാസ്തവത്തിൽ തോന്നിയതും അതാദ്യമായിട്ടായിരുന്നു. അങ്ങനെ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള എല്ലാ സംഗതികളും എന്റെ മാതാപിതാക്കളോടു പറയാൻ ആഗ്രഹിച്ചുകൊണ്ട് ഏതാനും ആഴ്ചകൾക്കു ശേഷം ഞാൻ വളരെ ആവേശഭരിതനായി വീട്ടിൽ തിരിച്ചെത്തി. അവർ എന്റെ ഉത്സാഹം പങ്കുവെച്ചില്ല. ഇതു മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടെന്നാൽ എന്റെ സ്വഭാവം മോശമായിരുന്നു. ഞാൻ ഭവനത്തിൽ ഏതാനും ആഴ്ചകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനിടയ്ക്ക് കോപാവേശത്തിൽ ഞാൻ പ്രദേശത്തെ ഒരു നിശാ ക്ലബ്ബ് തകർത്തു നശിപ്പിച്ചു. എനിക്കു ബോധം തെളിഞ്ഞത് ഒരു ജയിലറയിൽ വെച്ചാണ്.
അപ്പോഴേക്കും, എന്റെ അക്രമാസക്തമായ കോപത്തിനു മാറ്റം വരുത്താനും അതിനെ നിയന്ത്രിക്കാനും കഴിയുമെന്നതു സംബന്ധിച്ച് ഇനി യഥാർഥമായ യാതൊരു പ്രതീക്ഷയുമില്ലെന്നു ഞാൻ വിശ്വസിക്കാൻ തുടങ്ങി. ഒരുപക്ഷേ ഞാൻ എല്ലായ്പോഴും കാരണമില്ലാതെ മത്സരിക്കുന്ന ഒരാളായിരിക്കും. ഇനിയും വീട്ടിൽ താമസിക്കാൻ പറ്റുകയില്ലെന്ന് എനിക്കു തോന്നി. എനിക്കവിടെനിന്നു പോകേണ്ടിയിരുന്നു. അതുകൊണ്ട്, ഇംഗ്ലണ്ടിലേക്കു പോകുന്ന ഒരു നോർവീജിയൻ ചരക്കു കപ്പലിൽ ഞാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ യാത്രാ ടിക്കറ്റ് ബുക്കു ചെയ്തു.
ഇംഗ്ലണ്ടും നാടക സ്കൂളും
ഇംഗ്ലണ്ടിലായിരുന്നതു ഞാനാസ്വദിച്ചു. എന്നാൽ പ്രശ്നം തൊഴിലായിരുന്നു. അതുകൊണ്ട് വ്യത്യസ്ത നാടക സ്കൂളുകൾക്കുള്ള പരിശോധനാ പ്രകടനം നടത്താൻ ഞാൻ തീരുമാനിച്ചു. ദ ലണ്ടൻ സ്കൂൾ ഓഫ് ഡ്രമാറ്റിക് ആർട്ടിൽ എനിക്കു പ്രവേശനം ലഭിച്ചത് എന്നെ അതിശയിപ്പിച്ചു. ലണ്ടനിലെ രണ്ടു വർഷക്കാലം ഞാൻ അമിതമായ മദ്യപാനവും കൂട്ടുകെട്ടും ആയി ചെലവഴിച്ചു. ഒരു സംശയവും വേണ്ട, എല്ലാ തരത്തിലുള്ള മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നു.
ഐക്യനാടുകളിലുള്ള എന്റെ കുടുംബത്തെ കാണാനായി മറ്റൊരു സന്ദർശനം നടത്താൻ ഞാൻ പെട്ടെന്നു തീരുമാനിച്ചു. എന്നാൽ എന്റെ നാടകീയ വേഷവിധാനം ഇത്തവണ അവരെ എങ്ങനെ നടുക്കിയിരിക്കുമെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? കഴുത്തിൽ ഒരു സ്വർണമാലകൊണ്ടു ബന്ധിപ്പിച്ചിരുന്ന രണ്ടു സ്വർണ സിംഹ ശിരസ്സുകളുള്ള കൈയില്ലാത്ത ഒരു കറുത്ത മേൽക്കുപ്പായവും ചുമന്ന വെൽവെറ്റ് വെയ്സ്റ്റ്കോട്ടും മുട്ടുവരെ പൊക്കമുള്ള ബൂട്ട്സിൽ തിരുകിവെച്ചിരിക്കുന്ന തുകൽ തൊങ്ങലുള്ള കറുത്ത വെൽവെറ്റ് പാൻറ്സുമാണു ഞാൻ ധരിച്ചിരുന്നത്. എന്റെ മാതാപിതാക്കൾക്ക് സ്പഷ്ടമായും മതിപ്പു തോന്നിയില്ലെന്നുള്ളതിലും അവരുടെ പരമ്പരാഗത ചുറ്റുപാടുകളിൽ എനിക്കു പൂർണമായും പൊരുത്തക്കേടു തോന്നിയെന്നുള്ളതിലും അതിശയമില്ല! അതുകൊണ്ട് ഞാൻ ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയി. അവിടെവെച്ച് 1972-ൽ ഞാൻ നാടക കലയിൽ ഒരു ഡിപ്ലോമ കരസ്ഥമാക്കി. ഇപ്പോൾ ഞാൻ മറ്റൊരു ലക്ഷ്യവും നേടിയെടുത്തിരുന്നു. എങ്കിലും, അവിടെനിന്നു ഞാൻ എങ്ങോട്ടു പോകും? എന്ന ചോദ്യം എന്നെ അലട്ടുകയും ആവർത്തിച്ചാവർത്തിച്ച് എന്റെ ഓർമയിൽ മിന്നിമറയുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതത്തിൽ ഒരു യഥാർഥ ഉദ്ദേശ്യമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം എനിക്കു പിന്നെയും അനുഭവപ്പെട്ടു.
ലക്ഷ്യമില്ലായ്മ ഒടുവിൽ അവസാനിക്കുന്നു
ഇതുകഴിഞ്ഞ് അധികം താമസിയാതെ ജീവിതത്തിൽ എനിക്ക് അവസാനമായി കുറച്ചു സ്ഥിരത തോന്നിത്തുടങ്ങി. എന്റെ അയൽവാസിയായിരുന്ന കാരളൈനുമായുള്ള സൗഹൃദത്തോടെയാണ് അത് ആരംഭിച്ചത്. അവൾ ഓസ്ട്രേലിയയിൽനിന്നുള്ള ഒരു സ്കൂൾ അധ്യാപികയായിരുന്നു. അവൾ ഒരു പഴമക്കാരിയും സ്ഥിരതയുള്ളവളുമായിരുന്നു—എന്റെ വ്യക്തിത്വത്തിനു നേരെ വിപരീതം. പ്രേമപരമായ അടുപ്പമൊന്നുമില്ലാതെ ഞങ്ങൾ രണ്ടു വർഷം സുഹൃത്തുക്കളായി കഴിഞ്ഞു. അങ്ങനെയിരിക്കെ കാരളൈൻ മൂന്നു മാസത്തേക്ക് അമേരിക്കക്കു പോയി. ഞങ്ങൾ തമ്മിലുള്ള നല്ല സൗഹൃദം നിമിത്തം പല ആഴ്ചകളോളം എന്റെ മാതാപിതാക്കളുടെ കൂടെ താമസിക്കാൻ ഞാൻ അവൾക്കു ക്രമീകരണം ചെയ്തു. എന്നെപ്പോലെയുള്ള ഒരു വിചിത്രജീവിയുമായി അവൾക്കെന്തു കാര്യം എന്ന് അവർ ഒരുപക്ഷേ അതിശയിച്ചിരിക്കണം.
കാരളൈൻ പോയ ഉടനെ, ഞാനും വീട്ടിൽ പോകുകയാണെന്ന് എന്റെ സുഹൃത്തുക്കളോടു പറഞ്ഞു. അവർ എനിക്കൊരു വലിയ യാത്രയയപ്പു നൽകി. എന്നാൽ അമേരിക്കയിലേക്കു തിരിച്ചു പോകുന്നതിനു പകരം ഞാൻ ലണ്ടനിലെ സൗത്ത് കെൻസിങ്റ്റൺ വരെയേ പോയുള്ളൂ. അവിടെ ഞാൻ ഒരു കെട്ടിടത്തിന്റെ ഏറ്റവും അടിയിലത്തെ ഫ്ളാറ്റ് വാടകയ്ക്കെടുക്കുകയും ലണ്ടനിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് ഫോൺ വിളിക്കുകയും ചെയ്തു. എന്റെ ജീവിതം ഏതു ഗതിയിലാണു പോകേണ്ടതെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. ആഹ്ലാദപൂർണരായ ഒരു വിവാഹിത ദമ്പതികൾ ഒരാഴ്ചക്കകം എന്നെ സന്ദർശിക്കുകയും ഞാനുമായി ഒരു നിരന്തര ബൈബിൾ പഠനത്തിന് ഉടനടി ക്രമീകരിക്കുകയും ചെയ്തു. ഞാൻ അതിനോടകം തന്നെ വായിച്ചു കഴിഞ്ഞിരുന്ന സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ നിമിത്തം ഞാൻ അപ്പോൾ തികച്ചും ആകാംക്ഷയുള്ളവനായിരുന്നു. തന്മൂലം ഞാൻ ഓരോ ആഴ്ചയിലും രണ്ട് അധ്യയനങ്ങൾക്ക് ആവശ്യപ്പെട്ടു. എന്റെ ഉത്സാഹം കണ്ടിട്ട് ബോബ് എന്നെ പെട്ടെന്നുതന്നെ രാജ്യഹാളിലേക്കു ക്ഷണിച്ചു. അധികം താമസിയാതെ ഞാൻ വാരത്തിലെ എല്ലാ യോഗങ്ങളിലും സംബന്ധിച്ചു തുടങ്ങി.
യഹോവയുടെ സാക്ഷികൾ പുകവലിക്കുന്നില്ലെന്നു കണ്ടപ്പോൾ ആ ശീലം ഉടൻതന്നെ നിർത്താൻ ഞാൻ തീരുമാനിച്ചു. എന്നാൽ എന്റെ ആകാരമോ? മേലാൽ വിചിത്രമായി കാണപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഒരു ഷർട്ടും ഒരു ടൈയും സ്യൂട്ടും ഞാൻ വാങ്ങി. പെട്ടെന്നുതന്നെ വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ഞാൻ നേടി—ആദ്യമൊക്കെ വളരെ വെപ്രാളമായിരുന്നെങ്കിലും പിന്നീട് ഞാൻ അത് ആസ്വദിക്കാൻ തുടങ്ങി.
കാരളൈൻ തിരിച്ചുവരുമ്പോൾ അവൾ വല്ലാതെ അതിശയിച്ചുപോകുമെന്നു ഞാൻ കരുതി. എന്നാൽ സംഗതി ആ ചിന്തയ്ക്കും വളരെയപ്പുറത്തായിരുന്നു! ചുരുങ്ങിയ സമയംകൊണ്ട് എന്നിൽ—എന്റെ ചമയത്തിലും ആകാരത്തിലും മറ്റനേകം കാര്യങ്ങളിലും—വന്ന മാറ്റം അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ ബൈബിൾ പഠനങ്ങൾ എങ്ങനെ എന്നെ സഹായിച്ചുവെന്നു ഞാൻ വിശദീകരിച്ചു. ബൈബിൾ പഠനത്തിന് ഞാൻ അവളെയും ക്ഷണിച്ചു. ആദ്യം പേടിയുണ്ടായിരുന്നെങ്കിലും എന്റെകൂടെ മാത്രമേ പഠിക്കുകയുള്ളൂവെന്ന നിബന്ധനയിൽ അവൾ അവസാനം സമ്മതിച്ചു. അവൾ വേഗം പ്രതികരിച്ചു കണ്ടത് എന്നെ ആഹ്ലാദിപ്പിച്ചു. താമസിയാതെ അവൾ ബൈബിൾ സത്യം മനസ്സിലാക്കാൻ തുടങ്ങി.
ഏതാനും മാസം കഴിഞ്ഞപ്പോൾ കാരളൈൻ ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകാൻ തീരുമാനിച്ചു. സിഡ്നിയിൽവെച്ച് അവൾ ബൈബിൾ പഠനം പുനരാരംഭിച്ചു. സ്നാപനമേൽക്കുന്നതുവരെ ഞാൻ ലണ്ടനിൽ തങ്ങി. ഏഴു മാസം കഴിഞ്ഞാണു ഞാൻ സ്നാപനമേറ്റത്. ഇപ്പോൾ ഐക്യനാടുകളിലുള്ള വീട്ടിൽ വീണ്ടും ചെന്ന് എന്റെ മുഴു കുടുംബത്തെയും കാണാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഇത്തവണ ഞാൻ എന്റെ ലക്ഷ്യം സാധിക്കാൻ തീരുമാനിച്ചിരുന്നു!
ഒരു മാറ്റത്തോടെയുള്ള ഭവനാഗമനം
ഇത്തവണ എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ സംഭ്രാന്തരായ എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചു—ഞാൻ വളരെ ആദരണീയനായി കാണപ്പെട്ടു! എന്നാൽ വീട്ടിലായിരിക്കുന്നു എന്ന യഥാർഥ തോന്നലുളവായത് അപ്പോൾ എന്നെ ആഹ്ലാദിപ്പിച്ചു. എന്റെ നാടകീയമായ മാറ്റത്തെക്കുറിച്ച് എന്റെ മാതാപിതാക്കൾ സ്വാഭാവികമായും അതിശയിച്ചിരുന്നെങ്കിലും അവർ നയമുള്ളവരായിരുന്നു. അതുകൊണ്ട് സാധാരണ പ്രകടമാക്കാറുള്ള ദയയോടും സഹിഷ്ണുതയോടുംകൂടിത്തന്നെ എന്നോടവർ പ്രതികരിച്ചു. തുടർന്നുവന്ന മാസങ്ങളിൽ അവരുമൊത്തു ബൈബിൾ പഠിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. ഞാൻ എന്റെ മുതിർന്ന രണ്ടു സഹോദരിമാരുമായി പഠനം ആരംഭിച്ചു. എന്റെ മാറ്റം വന്ന ജീവിതരീതി അവരെയും സ്വാധീനിച്ചിരുന്നു എന്നുള്ളതിനു സംശയമില്ല. അതേ, അത് വീട്ടിലേക്കുള്ള ഒരു യഥാർഥ വരവായിരുന്നു!
1973 ആഗസ്റ്റിൽ ഞാൻ ഓസ്ട്രേലിയയിൽ കാരളൈന്റെ അടുത്തേക്കു പോയി. അവിടെ യഹോവയുടെ സാക്ഷികളുടെ 1973-ലെ സാർവദേശീയ കൺവെൻഷനിൽ മറ്റ് 1,200 പേരോടൊപ്പം അവൾ സ്നാപനമേൽക്കുന്നതു കാണാൻ ഞാൻ ആഹ്ലാദചിത്തനായിരുന്നു. ഓസ്ട്രേലിയയുടെ ദേശീയ തലസ്ഥാനമായ കാൻബെറയിൽവെച്ച് ഞങ്ങൾ തുടർന്നുവന്ന വാരാന്തത്തിൽ വിവാഹിതരായി. ഞാൻ ഇവിടെ മുഴുസമയ പ്രസംഗവേലയിൽ കഴിഞ്ഞ 20 വർഷമായും പ്രാദേശിക സഭയിൽ മൂപ്പനായി 14 വർഷമായും സേവിച്ചുവരുകയാണ്.
എന്റെ ഭാര്യയുടെ സഹകരണത്താൽ ഞങ്ങൾ മൂന്നു കുട്ടികളെ വളർത്തിയിരിക്കുന്നു—റ്റോബി, ആംബെർ, ജോനാഥൻ. സാധാരണമായ കുടുംബപ്രശ്നങ്ങളെ ഞങ്ങൾ അഭിമുഖീകരിക്കുന്നുവെങ്കിലും ഒരു പയനിയർ എന്നനിലയിൽ മുഴുസമയ പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കാനും അതേ സമയം തന്നെ ഞങ്ങളുടെ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതാനും എനിക്ക് ഇപ്പോഴും കഴിയുന്നു.
ഐക്യനാടുകളിൽ, ഇന്ന് എന്റെ മാതാപിതാക്കൾ യഹോവയുടെ സമർപ്പിത ദാസരാണ്. രണ്ടുപേരും തങ്ങളുടെ 80-കളിലാണെങ്കിലും ഇപ്പോഴും അവർ രാജ്യത്തിന്റെ പരസ്യ ഘോഷണത്തിൽ പങ്കെടുക്കുന്നു. എന്റെ പിതാവ് പ്രാദേശിക സഭയിൽ ഒരു ശുശ്രൂഷാദാസനായി സേവനമനുഷ്ഠിക്കുന്നു. എന്റെ രണ്ടു മൂത്ത സഹോദരിമാർ യഹോവയുടെ സേവനത്തിൽ തീക്ഷ്ണതയുള്ളവരാണ്.
അനേകം വർഷങ്ങളിലെ ലക്ഷ്യമില്ലാതെയുള്ള എന്റെ അലഞ്ഞുതിരിയൽ പൊയ്പോയിരിക്കുന്നതിൽ ഞാൻ യഹോവയാം ദൈവത്തിന് എത്ര അഗാധമായി നന്ദി കൊടുക്കുന്നു! എന്റെ ജീവിതം ഉപയോഗിക്കാനുള്ള ഏറ്റവും മികച്ച മാർഗം പഠിക്കാൻ എന്നെ സഹായിക്കുക മാത്രമല്ല, പിന്നെയോ ഏകീകൃതവും കരുതലുള്ളതുമായ ഒരു കുടുംബത്തെ നൽകി അവൻ എന്നെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.—ഡേവിഡ് സുഗ് പാർട്രിക് പറഞ്ഞപ്രകാരം.
[23-ാം പേജിലെ ചിത്രം]
ഡേവിഡും ഭാര്യ കാരളൈനും