ദൈവത്തെ സേവിക്കുന്നതിൽ ഞാൻ സംതൃപ്തി കണ്ടെത്തി
ജോഷ്വാ റേറാംഗാനാ പറഞ്ഞത്
പണ്ട് 1942-ൽ ഞാൻ വളരെ കുഴഞ്ഞുപോയിരുന്നു. ശാബതുകാർ പ്രസിദ്ധപ്പെടുത്തുന്ന സാഹിത്യങ്ങളും വാച്ച് ടവർ സൊസൈററി പ്രസിദ്ധപ്പെടുത്തുന്ന സാഹിത്യങ്ങളും ഞാൻ പഠിക്കുന്നുണ്ടായിരുന്നു. പുരാതനകാലത്തെ ഇസ്രയേല്യരെപ്പോലെ ഞാൻ “രണ്ടു വ്യത്യസ്ത അഭിപ്രായങ്ങൾ മാറിമാറി പുലർത്തുകയായിരുന്നു.”—1 രാജാക്കൻമാർ 18:21.
ശാബതുകാർ “വോയിസ് ഓഫ് പ്രോഫസി” എന്നു വിളിക്കപ്പെടുന്ന അച്ചടിച്ച പ്രസംഗങ്ങൾ എനിക്ക് അയച്ചുകൊണ്ടിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നത് എനിക്ക് രസമായിരുന്നു. പരീക്ഷകളിലെല്ലാം ജയിക്കുകയാണെങ്കിൽ മനോഹരമായ ഒരു സർട്ടിഫിക്കററ് എനിക്കു തരാമെന്ന് അവർ വാഗ്ദാനംചെയ്തു. എന്നാൽ “വോയ്സ് ഓഫ് പ്രോഫസി”യും വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളും കേപ്ടൗൺ എന്ന ദക്ഷിണാഫ്രിക്കൻ നഗരത്തിൽനിന്നാണു തപാലിലയയ്ക്കുന്നതെന്നു ഞാൻ കണ്ടെത്തി. ‘ഈ സംഘടനകൾക്കു പരസ്പരം അറിയാമോ? അവരുടെ ഉപദേശങ്ങളിൽ യോജിപ്പുണ്ടോ? ഇല്ലെങ്കിൽ ആർ പഠിപ്പിക്കുന്നതാണ് ശരി?’ എന്നറിയാൻ ഞാൻ ആഗ്രഹിച്ചു.
കാര്യത്തിനു തീരുമാനമുണ്ടാക്കാൻ, ഞാൻ ഒരേ തരത്തിലുള്ള എഴുത്തുകൾ രണ്ടു സ്ഥാപനങ്ങൾക്കും അയച്ചു. ദൃഷ്ടാന്തത്തിന്, “‘വോയ്സ് ഓഫ് പ്രോഫസി’യോടു ബന്ധപ്പെട്ട ആളുകളെ നിങ്ങൾക്കറിയാമോ? അറിയാമെങ്കിൽ അവരുടെ ഉപദേശങ്ങളെക്കുറിച്ചു നിങ്ങൾ എന്തു പറയുന്നു?” എന്നു ഞാൻ വാച്ച് ടവർ സൊസൈററിക്ക് എഴുതി. കാലക്രമത്തിൽ എനിക്കു രണ്ടു സമൂഹങ്ങളിൽനിന്നും ഉത്തരം കിട്ടി. തങ്ങൾക്കു “വോയ്സ് ഓഫ് പ്രോഫസി”യെ അറിയാമെന്നു വാച്ച് ടവർ സൊസൈററിയിൽനിന്നുള്ള എഴുത്തിൽ പറഞ്ഞിരുന്നു, എന്നാൽ ത്രിത്വവും ജഡത്തിൽ ക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവും പോലെയുള്ള ഉപദേശങ്ങൾ തിരുവെഴുത്തുവിരുദ്ധമാണെന്നു വിശദീകരിച്ചു. അവരുടെ എഴുത്തിൽ ഈ ഉപദേശങ്ങളെ ഖണ്ഡിക്കുന്ന തിരുവെഴുത്തുകൾ അടങ്ങിയിരുന്നു.—യോഹന്നാൻ 14:19, 28.
“വോയ്സ് ഓഫ് പ്രോഫസി”യിൽനിന്നുള്ള ഉത്തരം കേവലം “വാച്ച് ടവറിന്റെ ആളുകളെ” തങ്ങൾക്കറിയാമെന്നും എന്നാൽ അവരുടെ ഉപദേശങ്ങളോടു തങ്ങൾക്കു യോജിപ്പില്ലെന്നും മാത്രം പറഞ്ഞു. കാരണങ്ങൾ പറഞ്ഞില്ല. അതുകൊണ്ടു ഞാൻ വാച്ച് ടവർ സൊസൈററിക്ക് അനുകൂലമായി തീരുമാനിച്ചു, അതു യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമപരമായ ഒരു ഏജൻസിയാണ്. ഇന്നു സാക്ഷികളുമായുള്ള 50 വർഷത്തെ സഹവാസത്തിനുശേഷം ഞാൻ ശരിയായ തീരുമാനംചെയ്തതിൽ എത്ര സന്തുഷ്ടനാണ്!
മതപരമായ പശ്ചാത്തലം
പീറേറഴ്സ്ബർഗ്ഗ് എന്ന സൗത്താഫ്രിക്കൻ നഗരത്തിനു കിഴക്കു മാക്കാൻയ എന്നു വിളിക്കപ്പെടുന്ന ഒരു ഗ്രാമപ്രദേശത്തു 1912-ൽ ഞാൻ ജനിച്ചു. മാക്കാൻയ അന്ന് ആംഗ്ലിക്കൻ ചർച്ചിന്റെ മതപരമായ നിയന്ത്രണത്തിലായിരുന്നു. തന്നിമിത്തം ഞാൻ ആ സഭയുടെ ഒരു അംഗമായി. എനിക്കു പത്തു വയസ്സായിരുന്നപ്പോൾ ലൂഥറൻ ബർലിൻ മിഷൻ ചർച്ചിന്റെ ഭരണത്തിലുള്ള ഒരു സ്ഥലത്തേക്കു ഞങ്ങളുടെ കുടുംബം മാറിപ്പാർത്തു. എന്റെ മാതാപിതാക്കൾ ആ സഭയിൽ ചേർന്നു. പെട്ടെന്നു ഞാൻ സംസർഗ്ഗശുശ്രൂഷയിൽ പങ്കെടുക്കാനും ഒരു അപ്പക്കഷണവും ഒരു കവിൾ വീഞ്ഞും സ്വീകരിക്കാനും യോഗ്യത പ്രാപിച്ചു. എന്നാൽ അത് എന്റെ ആത്മീയാവശ്യങ്ങളെ തൃപ്തിപ്പെടുത്തിയില്ല.
എട്ടു വർഷത്തെ സ്കൂൾ പഠനം പൂർത്തിയാക്കിയശേഷം, എന്റെ പിതാവ് എന്നെ കീൽനെർട്ടൻ പരിശീലനസ്ഥാപനത്തിലേക്ക് അയച്ചു, 1935-ൽ എനിക്ക് ഒരു മൂന്നാം വർഷ ടീച്ചേഴ്സ് സർട്ടിഫിക്കററ് കിട്ടി. എന്റെ കൂട്ടത്തിൽ ജോലിചെയ്തിരുന്ന അദ്ധ്യാപകരിലൊരാൾ കാരലിൻ എന്നുപേരുണ്ടായിരുന്ന ഒരു യുവതിയായിരുന്നു. ഞങ്ങൾ വിവാഹിതരായി, പിന്നീട് കാരലിൻ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു, അവൾക്കു ഞങ്ങൾ ദമരിസ് എന്നു പേരിട്ടു. ഏതാനും വർഷം കഴിഞ്ഞു ഞാൻ മാമാററ്ച എന്ന ഗ്രാമത്തിലുണ്ടായിരുന്ന സെത്ലാല സ്കൂളിലെ ഹെഡ്മാസ്റററായി. സ്കൂൾ നടത്തിയിരുന്നതു ഡച്ച് റിഫോംഡ് ചർച്ച് ആയിരുന്നതുകൊണ്ടു ഞങ്ങൾ ആ സഭയിൽ ചേരുകയും അതിന്റെ ശുശ്രൂഷകളിൽ ക്രമമായി സംബന്ധിക്കുകയും ചെയ്തു. ചെയ്യാവുന്ന പരിഷ്കൃത സംഗതി അതായിരുന്നതുകൊണ്ടാണു ഞങ്ങൾ അതു ചെയ്തത്, എന്നാൽ അത് എനിക്കു സംതൃപ്തി കൈവരുത്തിയില്ല.
ഒരു വഴിത്തിരിവ്
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിരണ്ടിൽ ഒരു ദിവസം ഞങ്ങൾ പള്ളിയിൽ പാട്ടുപഠിച്ചുകൊണ്ടിരുന്നപ്പോൾ, യുവാവായ ഒരു വെള്ളക്കാരൻ വാച്ച് ടവർ സൊസൈററി പ്രസിദ്ധപ്പെടുത്തിയ സൃഷ്ടി, സംസ്ഥാപനം, ഒരുക്കം, (ഇംഗ്ലീഷ്) എന്നിങ്ങനെ മൂന്നു പുസ്തകങ്ങളുമായി വാതിൽക്കൽ വന്നു. എന്റെ ലൈബ്രറി ഷെൽഫിൽ പുസ്തകങ്ങൾ നല്ല ഭംഗിയായി ഇരുന്നുകൊള്ളുമെന്നു ഞാൻ ചിന്തിച്ചു. തന്നിമിത്തം മൂന്നു ഷില്ലിംഗ് കൊടുത്തു ഞാൻ അവ വാങ്ങി. പിന്നീടു ററീനീ ബെസേഡനോട്ട് എന്നു പേരുള്ള ആ മനുഷ്യൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്നു ഞാൻ മനസ്സിലാക്കി, ആ പ്രദേശത്തെ ഏക സാക്ഷി. ററീനീയുടെ അടുത്ത സന്ദർശനത്തിൽ അദ്ദേഹം ഒരു ഗ്രാമഫോൺ കൊണ്ടുവരികയും റതർഫോർഡ് ജഡ്ജിയുടെ ചില പ്രസംഗങ്ങൾ കേൾപ്പിക്കുകയും ചെയ്തു. “വഞ്ചനയും ഉപായവും” എന്നറിയപ്പെട്ട പ്രസംഗം എനിക്കു നന്നായി ഇഷ്ടപ്പെട്ടു. എന്നാൽ കാരലിനും എന്നോടുകൂടെ താമസിച്ചിരുന്ന എന്റെ സഹോദരിയായ പ്രിസ്കില്ലക്കും ഇഷ്ടപ്പെട്ടില്ല. ററീനീയുടെ മൂന്നാമത്തെ സന്ദർശനത്തിൽ സുഹൃത്തുക്കൾക്കുവേണ്ടി വെച്ചുകേൾപ്പിക്കാൻ അദ്ദേഹം എനിക്ക് ആ ഫോണോഗ്രാഫ് തന്നു.
ഒരു ദിവസം ഞാൻ സൃഷ്ടി എന്ന പുസ്തകത്തിന്റെ പേജുകളിലൂടെ ഓടിച്ചുനോക്കി, “മരിച്ചവർ എവിടെ?” എന്ന അദ്ധ്യായം കണ്ടു. സ്വർഗ്ഗത്തിലെ പരേതാത്മാക്കളുടെ സന്തോഷം മനസ്സിലാക്കാമെന്ന പ്രത്യാശയിൽ ഞാൻ വായന തുടങ്ങി. എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി, മരിച്ചവർ ശവക്കുഴികളിലാണെന്നും അവർക്ക് ഒന്നും അറിയാൻപാടില്ലെന്നും പുസ്തകം പ്രസ്താവിച്ചു. സഭാപ്രസംഗി 9:5, 10 എന്നിങ്ങനെ ബൈബിളിൽനിന്നുള്ള വാക്യങ്ങൾ തെളിവിലേക്ക് ഉദ്ധരിച്ചിരുന്നു. മറെറാരു അദ്ധ്യായത്തിന്റെ ശീർഷകം “മരിച്ചവരെ ഉണർത്തൽ” എന്നായിരുന്നു. മരിച്ചവർക്കു ബോധമില്ലെന്നും അവർ പുനരുത്ഥാനത്തിനായി കാത്തിരിക്കുകയാണെന്നുമുള്ളതിന്റെ തെളിവിലേക്കു യോഹന്നാൻ 5:28, 29 ഉദ്ധരിച്ചിരുന്നു. ഇതു യുക്തിപൂർവകമായിരുന്നു. അതു സംതൃപ്തികരമായിരുന്നു.
ആ സമയത്തായിരുന്നു, 1942-ൽ, ഞാൻ “വോയ്സ് ഓഫ് പ്രോഫസി”യുമായുള്ള എന്റെ ബന്ധങ്ങൾ വേർപെടുത്തി വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽനിന്നു ഞാൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ മററുള്ളവരോടു പറഞ്ഞുതുടങ്ങിയത്. ആദ്യം പ്രതികരിച്ചവരിൽ ഒരാൾ ജൂഡാ ലെസ്വാളോ എന്നു പേരുള്ള ഒരു സുഹൃത്തായിരുന്നു, അദ്ദേഹം കീൽനെർട്ടൻ പരിശീലന സ്ഥാപനത്തിലെ എന്റെ സഹപാഠികളിലൊരാളായിരുന്നു.
ആഫ്രിക്കൻസാക്ഷികളുടെ പീറേറഴ്സ്ബർഗ്ഗിലെ ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നതിനു ജൂഡായും ഞാനും 51 കിലോമീററർ സൈക്കിളിൽ സവാരിചെയ്തു. പിന്നീട് പീറേറഴ്സ്ബർഗ്ഗിൽനിന്നുള്ള സുഹൃത്തുക്കൾ എന്റെ അയൽക്കാർക്കു രാജ്യസന്ദേശം സമർപ്പിക്കുന്നതിന് എന്നെ സഹായിക്കാൻ മാമാററ്ചയിലേക്കുള്ള മുഴുദൂരവും താണ്ടി വന്നു. ഒടുവിൽ 1944 ഡിസംബറിൽ പീറേറഴ്സ്ബർഗ്ഗിൽ നടന്ന മറെറാരു സമ്മേളനത്തിൽ യഹോവക്കായുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേററു.
എന്റെ കുടുംബവും മററുള്ളവരും ചെവികൊടുക്കുന്നു
കാരലിനും പ്രിസ്കില്ലയും എന്റെ മകൾ ദമരിസും ഡച്ച് റിഫോംഡ് ചർച്ചിൽ തുടർന്നു പൊയ്ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ അനർത്ഥം നേരിട്ടു. കാരലിൻ ഞങ്ങളുടെ രണ്ടാമത്തെ പുത്രനെ പ്രസവിച്ചു—കാഴ്ചയിൽ ആരോഗ്യമുള്ള ഒരു കുട്ടി. ഞങ്ങൾ അവനു സാമുവെൽ എന്നു പേരിട്ടു. എന്നാൽ പെട്ടെന്ന് അവൻ രോഗം ബാധിച്ചു മരിച്ചു. കാരലിന്റെ പള്ളിയിലെ സുഹൃത്തുക്കൾ, സ്വർഗ്ഗത്തിൽ ദൈവത്തോടു കൂടെയിരിക്കാൻ ഞങ്ങളുടെ മകനെ ദൈവത്തിനു വേണമായിരുന്നു എന്നു പറഞ്ഞതിനാൽ ആശ്വാസം പകർന്നില്ല. ദുഃഖത്തോടെ “ദൈവം ഞങ്ങളുടെ മകനെ എന്തുകൊണ്ട് എടുത്തു?” എന്നു കാരലിൻ ചോദിച്ചുകൊണ്ടിരുന്നു.
ഞങ്ങളുടെ അനർത്ഥത്തെക്കുറിച്ചുള്ള വാർത്ത പീറേറഴ്സ്ബർഗ്ഗിലെ സാക്ഷികളിലെത്തിയപ്പോൾ അവർ വന്നു ദൈവവചനത്തിലധിഷ്ഠിതമായ യഥാർത്ഥ ആശ്വാസം നൽകി. കാരലിൻ പിന്നീടു പറഞ്ഞു: “മരണത്തിന്റെ കാരണത്തെക്കുറിച്ചും മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും പുനരുത്ഥാനപ്രത്യാശയെക്കുറിച്ചും ബൈബിൾ പറഞ്ഞതു യുക്തിയുക്തമായിരുന്നു, എനിക്കു വലിയ ആശ്വാസം ലഭിച്ചു. പുതിയ ലോകത്തിലായിരിക്കാനും എന്റെ മകനെ ശവക്കുഴിയിൽനിന്നു തിരികെ സ്വീകരിക്കാനും ഞാൻ ആഗ്രഹിച്ചു.”
കാരലിൻ പള്ളിയിൽപോക്കു നിർത്തി, 1946-ൽ അവളും പ്രിസ്കില്ലയും ജൂഡായും സ്നാപനമേററു. തന്റെ സ്നാപനം കഴിഞ്ഞയുടനെ ജൂഡാ മാമാത്ലോലാ എന്ന ഒരു ഗ്രാമപ്രദേശത്തു പ്രസംഗവേല ആരംഭിക്കാൻ പോയി. ഇന്നുവരെയും അയാൾ ഒരു മുഴുസമയ പയനിയർശുശ്രൂഷകനായി സേവിക്കുകയാണ്.
ജൂഡാ പോയപ്പോൾ ബോയ്നീ എന്നു പേരിട്ടിരുന്ന ഞങ്ങളുടെ സഭയുടെ ചുമതല വഹിക്കാൻ ഏക പുരുഷനായി ഉണ്ടായിരുന്നതു ഞാനായിരുന്നു. പിന്നീടു ഗ്രേസ്ലി മാത്ലാററി ഞങ്ങളുടെ പ്രദേശത്തേക്കു വന്നു, കാലക്രമത്തിൽ അയാൾ പ്രിസ്കില്ലയെ വിവാഹംചെയ്തു. ഓരോ വാരത്തിലും ഗ്രേസ്ലിയും ഞാനും മാറിമാറി പ്രാദേശിക ആഫ്രിക്കൻ ഭാഷയായ സെപ്പടിയിൽ പരസ്യപ്രസംഗം നടത്തുമായിരുന്നു. ആളുകൾക്കു ബൈബിൾ സാഹിത്യം ലഭ്യമാക്കുന്നതിന്, സെപ്പടിയിലേക്കു സാഹിത്യങ്ങൾ ഭാഷാന്തരം ചെയ്യാൻ സൊസൈററി എന്നോട് ആവശ്യപ്പെട്ടു. ഈ സാഹിത്യങ്ങളിൽനിന്ന് ആളുകൾക്കു പ്രയോജനംകിട്ടിയതു കണ്ടത് എനിക്കു വലിയ സന്തോഷം കൈവരുത്തി.
ഞങ്ങളുടെ പരസ്യയോഗപ്രസ്ഥാനത്തെ വികസിപ്പിക്കുന്നതിന്, ഞങ്ങൾ ഞങ്ങളുടെ പ്രദേശത്തുടനീളം ബൈബിൾ പ്രസംഗങ്ങൾ വെച്ചുകേൾപ്പിക്കുന്നതിനു വലിയ ഉച്ചഭാഷിണിയോടുകൂടിയ ഒരു ഫോണോഗ്രാഫ് വാങ്ങി. ഭാരമുണ്ടായിരുന്ന ഈ ഉപകരണം ഓരോ സ്ഥലത്തേക്കും കൊണ്ടുപോകുന്നതിനു ഞങ്ങൾ ഒരു കഴുതവണ്ടി വാടകക്കെടുത്തു. തത്ഫലമായി ഞങ്ങളുടെ അയൽക്കാർ ഞങ്ങളെ “കഴുതസഭക്കാർ” എന്നു പരിഹസിച്ചുവിളിച്ചു.
ഇതിനിടയിൽ ഞങ്ങളുടെ ചെറിയ സഭ തുടർന്നു വളർന്നു. ഒടുവിൽ, എന്റെ മൂത്ത രണ്ടു സഹോദരിമാരും അവരുടെ ഭർത്താക്കൻമാരും സാക്ഷികളായിത്തീരുകയും അവരുടെ മരണംവരെ വിശ്വസ്തരായി നിലനിൽക്കുകയും ചെയ്തു. കൂടാതെ, ബോയ്നീ സഭയിൽ (ഇപ്പോൾ മ്പോക്കോഡീബ എന്നു വിളിക്കപ്പെടുന്നു) നിന്നുള്ള അനേകർ മുഴുസമയ സുവിശേഷിക്കൽവേല ഏറെറടുത്തു, പലരും ഇപ്പോഴും ആ സേവനത്തിൽത്തന്നെയാണ്. ഇപ്പോൾ, ചിതറിക്കിടക്കുന്ന ഉൾഗ്രാമങ്ങളുടെ വിസ്തൃതമായ ഈ പ്രദേശത്തു രണ്ടു സഭകളുണ്ട്, മൊത്തം 70-ൽപരം പ്രസാധകർ പ്രസംഗവേലയിൽ സജീവമായി ഏർപ്പെടുന്നു.
ഒരു പുതിയ ജീവിതവൃത്തി
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിയൊൻപതിൽ ഞാൻ സ്കൂളിലെ അദ്ധ്യാപനജോലി നിർത്തി ഒരു നിരന്തരപയനിയർശുശ്രൂഷകനായിത്തീർന്നു. എന്റെ ആദ്യത്തെ നിയമനം ട്രാൻസ്വാളിലെ വാൽവാട്ടറിലെല്ലാം വെള്ളക്കാർക്കുണ്ടായിരുന്ന കൃഷിയിടങ്ങളിൽ പാർത്തിരുന്ന കറുത്ത കർഷകത്തൊഴിലാളികളെ സന്ദർശിക്കാനായിരുന്നു. ചില കർഷകർ, അടുത്ത കാലത്തു സ്വീകരിച്ച വർണ്ണവിവേചനനയത്തിനുവേണ്ടി വാദിക്കുകയും കറുത്തവർ വെള്ളക്കാരെ അപേക്ഷിച്ച് അവരുടെ അധമനില സമ്മതിക്കുകയും വെള്ളക്കാരായ അവരുടെ യജമാനൻമാരെ സേവിക്കുകയും ചെയ്യണമെന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു. അതുകൊണ്ടു ഞാൻ കറുത്ത തൊഴിലാളികളോടു പ്രസംഗിച്ചപ്പോൾ ചില വെള്ളക്കാർ ഞാൻ കീഴ്പ്പെടൽരാഹിത്യം പ്രസംഗിക്കുന്ന ഒരാളാണെന്നു തെററിദ്ധരിച്ചു. ഞാൻ ഒരു കമ്മ്യൂണിസ്ററ് ആണെന്നുപോലും ചിലർ കുററപ്പെടുത്തുകയും എന്നെ വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞാൻ വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ചാഫീസിൽ ഈ സാഹചര്യം അറിയിച്ചു. പെട്ടെന്നു ഡേവൽസ്ക്ലൂഫ് എന്ന മറെറാരു ഗ്രാമപ്രദേശത്തേക്ക് എന്നെ മാററി. ഏതാണ്ട് ഈ സമയത്ത് എന്റെ ഭാര്യയും അദ്ധ്യാപനജോലി നിർത്തുകയും പയനിയർസേവനത്തിൽ എന്നോടു ചേരുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തിഅമ്പതിൽ ഒരു ദിവസം ഉച്ചതിരിഞ്ഞ്, ഞങ്ങൾ വയൽസേവനം കഴിഞ്ഞു മടങ്ങിവന്നപ്പോൾ സൊസൈററിയിൽനിന്ന് ഒരു വലിയ കവർ വന്നിരിക്കുന്നതു കണ്ടു. ഞാൻ അതിശയിച്ചുപോകുമാറ്, ഒരു സഞ്ചാരമേൽവിചാരകനായി പരിശീലനം സ്വീകരിക്കുന്നതിനുള്ള ഒരു ക്ഷണമാണ് അതിൽ ഉണ്ടായിരുന്നത്. മൂന്നു വർഷം ഞങ്ങൾ സൗത്താഫ്രിക്കയിൽ സഭകളെ സന്ദർശിച്ചു. പിന്നീട് 1953-ൽ ഞങ്ങൾ സൗത്താഫ്രിക്കയുടെ കേന്ദ്രത്തിൽ, ചുററും കരമാത്രമുള്ള ഒരു രാജ്യമായ ലെസോതോയിൽ നിയമിക്കപ്പെട്ടു.
ലെസോതോയിലെയും ബൊട്സ്വാനയിലെയും ശുശ്രൂഷ
ഞങ്ങൾ ലെസോതോയിൽ സേവിച്ചുതുടങ്ങിയപ്പോൾ, മിക്കപ്പോഴും അപരിചിതർ കർമ്മാനുഷ്ഠാനങ്ങൾക്കായുള്ള കൊലപാതകത്തിന്റെ ലക്ഷ്യമാണെന്നുള്ള കിംവദന്തികൾ ധാരാളമുണ്ടായിരുന്നു. എന്റെ ഭാര്യക്കും എനിക്കും ഉത്ക്കണ്ഠ ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ സോതോ സഹോദരങ്ങളുടെ സ്നേഹവും അവരുടെ അതിഥിപ്രിയവും അങ്ങനെയുള്ള ഭയങ്ങൾ മറക്കുന്നതിനു ഞങ്ങളെ പെട്ടെന്നു സഹായിച്ചു.
ലെസോതോയിലെ മാലൂട്ടി മലകളിലുള്ള സഭകൾ സന്ദർശിക്കുന്നതിനു ഞാൻ ഒരു വിമാനം ഉപയോഗിക്കുക പതിവായിരുന്നു. ഭാര്യയെ അടിവാരങ്ങളിൽ വിട്ടിരുന്നു, അവിടെ അവൾ ഞാൻ മടങ്ങിവരുന്നതുവരെ പയനിയർസേവനം തുടർന്നു. സൃഹൃത്തുക്കൾ ഞാൻ പർവതങ്ങളിൽ വഴിതെററിപ്പോകാതിരിക്കാൻ ദയാപൂർവം ഒരു സഭയിൽനിന്നു മറെറാന്നിലേക്ക് എന്നെ അനുഗമിച്ചു.
ഒരിക്കൽ അടുത്ത സഭയിലെത്താൻ ഞങ്ങൾ കുതിരപ്പുറത്ത് ഓറഞ്ച് നദി കടക്കേണ്ടിവരുമെന്ന് എന്നോടു പറയപ്പെട്ടു. എന്റെ കുതിര ശാന്തതയുള്ളതാണെന്ന് എനിക്ക് ഉറപ്പുനൽകി, എന്നാൽ വെള്ളം വളരെ ഊററമാകുമ്പോൾ കുതിരകൾ മിക്കപ്പോഴും അവയുടെ ഭാരംഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന് എനിക്ക് മുന്നറിയിപ്പുനൽകി. ഞാൻ ഒരു നല്ല സവാരിക്കാരനോ നീന്തൽവിദഗ്ദ്ധനോ അല്ലാഞ്ഞതുകൊണ്ടു ഞാൻ ഉത്ക്കണ്ഠാകുലനായി. പെട്ടെന്നു ഞങ്ങൾ നദിയിലേക്കിറങ്ങി, വെള്ളം ജീനിവരെ ഉയർന്നു. വളരെ ഭയപ്പെട്ടുപോയതുകൊണ്ടു ഞാൻ കടിഞ്ഞാണിൽനിന്നു പിടിവിട്ടു കുതിരയുടെ കുഞ്ചിരോമത്തിൽ പിടിച്ചിരുന്നു. ഞങ്ങൾ സുരക്ഷിതമായി മറുകരയിൽ എത്തിയപ്പോൾ എന്തൊരാശ്വാസമായിരുന്നു!
കുതിരപ്പുറത്തു സഞ്ചരിച്ച് എന്റെ ശരീരത്തിനു വളരെ ക്ഷതം തട്ടിയതിനാൽ അന്നു രാത്രി എനിക്ക് അശേഷം ഉറങ്ങാൻകഴിഞ്ഞില്ല. എന്നാൽ അതു സകല അസുഖങ്ങളും സഹിക്കുന്നതിനു തക്ക പ്രയോജനമുള്ളതായിരുന്നു, എന്തുകൊണ്ടെന്നാൽ സുഹൃത്തുക്കൾ സന്ദർശനത്തെ അതിയായി വിലമതിച്ചു. ഞാൻ ലെസോതോയിൽ സർക്കിട്ട് വേല തുടങ്ങുമ്പോൾ 113 പ്രസാധകരുടെ ഒരു അത്യുച്ചമാണുണ്ടായിരുന്നത്. ഇന്ന് ആ സംഖ്യ 1,649 ആയി ഉയർന്നിരിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിഅമ്പത്തിയാറിൽ ഞങ്ങളുടെ പ്രസംഗനിയമനം, ഇപ്പോൾ ബൊട്സ്വാനാ എന്നു വിളിക്കപ്പെടുന്ന ബക്വാനാലാൻഡ്, പ്രത്യേക സംരക്ഷിതപ്രദേശത്തേക്കു മാററി. ബൊട്സ്വാനാ വളരെ വലിപ്പമേറിയ ഒരു രാജ്യമാണ്. എല്ലാ പ്രസാധകരെയും സമീപിക്കുന്നതിനു വളരെ ദീർഘദൂരങ്ങൾ സഞ്ചരിക്കണമായിരുന്നു. ഞങ്ങൾ ഒന്നുകിൽ ഒരു തീവണ്ടിയിലോ അല്ലെങ്കിൽ ഒരു തുറന്ന ട്രക്കിലോ സഞ്ചരിച്ചു. ഇരിപ്പിടങ്ങളില്ലായിരുന്നതുകൊണ്ടു ഞങ്ങൾ ലഗ്ഗേജിനോടൊപ്പം തറയിൽ ഇരിക്കണമായിരുന്നു. മിക്കപ്പോഴും വല്ലാതെ പൊടിപിടിച്ചും ക്ഷീണിതരായുമാണ് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിയത്. നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ എല്ലായ്പ്പോഴും ഞങ്ങളെ സ്വാഗതം ചെയ്തു, അവരുടെ സന്തുഷ്ട മുഖങ്ങൾ ഞങ്ങൾക്കു നവോൻമേഷമേകി.
ആ കാലത്തു ബൊട്സ്വാനായിൽ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ നിരോധിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടു ഞങ്ങളുടെ വീടുതോറുമുള്ള പ്രസംഗം സൊസൈററിയുടെ സാഹിത്യങ്ങൾ ഉപയോഗിക്കാതെ ജാഗ്രതയോടെയാണ് നടത്തിയിരുന്നത്. ഒരിക്കൽ ഞങ്ങൾ മാപാശലാല ഗ്രാമത്തിനു സമീപം പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങളെ പിടികൂടുകയും അറസ്ററ്ചെയ്യുകയും ചെയ്തു. ഞങ്ങളുടെ പ്രതിരോധത്തിനു ഞങ്ങൾ ബൈബിളിൽനിന്നു വായിക്കുകയും മത്തായി 28:19, 20-ൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ നിയോഗത്തെ പരാമർശിക്കുകയും ചെയ്തു. ചില ഉപദേശകർക്കു ബോധ്യമായെങ്കിലും പ്രമാണി സ്ഥലത്തെ സാക്ഷികളെ അടിക്കാൻ ആജ്ഞാപിച്ചു. അപ്പോൾ ഞങ്ങൾ അതിശയിച്ചുപോകുമാറ്, ദാക്ഷിണ്യംകാട്ടാനും ഞങ്ങളോടു ക്ഷമിക്കാനും വൈദികൻ പ്രമാണിയോട് അഭ്യർത്ഥിച്ചു. പ്രമാണി അനുസരിച്ചു, ഞങ്ങളെ മോചിപ്പിച്ചു.
പീഡനവും നമ്മുടെ സാഹിത്യത്തിൻമേലുള്ള നിരോധനവും ഉണ്ടായിരുന്നിട്ടും, രാജ്യവേല തുടർന്നു പുരോഗമിച്ചു. ഞാൻ ബൊട്സ്വാനയിൽ വന്നപ്പോൾ 154 പ്രസാധകരുടെ അത്യുച്ചമാണുണ്ടായിരുന്നത്. മൂന്നുവർഷം കഴിഞ്ഞു നിരോധനം നീക്കിയപ്പോൾ, ആ സംഖ്യ 192 ആയി ഉയർന്നിരുന്നു. ഇന്ന് ആ രാജ്യത്തു പ്രസംഗിക്കുന്ന 777 യഹോവയുടെ സാക്ഷികളുണ്ട്.
പഠിപ്പിക്കലും ഭാഷാന്തരവും
കാലക്രമത്തിൽ, എന്നെ ക്രിസ്തീയമൂപ്പൻമാർക്കായുള്ള രാജ്യശുശ്രൂഷാസ്കൂൾ അദ്ധ്യാപകനായി ഉപയോഗിച്ചു. പിന്നീടു ഞാൻ പയനിയർസേവനസ്കൂൾ അദ്ധ്യാപകനായിരിക്കുന്ന പദവി ആസ്വദിച്ചു. എന്റെ ഭാര്യയും ഞാനും സൗത്താഫ്രിക്കാ ബ്രാഞ്ചിലും കാലാകാലങ്ങളിൽ സേവിച്ചു. അങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ ഭാഷാന്തരത്തിനു സഹായിച്ചു, കാരലിൻ അടുക്കളയിൽ ജോലിചെയ്തു.
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തൊൻപതിൽ ഒരു ദിവസം ബ്രാഞ്ച് മേൽവിചാരകനായ ഫ്രാൻസ് മെലർ എന്നെ സമീപിച്ചുപറഞ്ഞു: “റേറാംഗാനാ സഹോദരാ, താങ്കളും താങ്കളുടെ ഭാര്യയും എന്റെ ഓഫീസിൽ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ലണ്ടനിൽ 1969-ൽ നടന്ന “ഭൂമിയിൽ സമാധാന” കൺവെൻഷനു പോകാൻ തെരഞ്ഞെടുത്തിരിക്കുന്ന പ്രതിനിധികളിൽ ഞങ്ങൾ ഉൾപ്പെടുന്നുവെന്ന് അവിടെവച്ച് അദ്ദേഹം വിശദീകരിച്ചു. ഞങ്ങൾ ഇംഗ്ലണ്ടിലെയും സ്കോട്ട്ലണ്ടിലെയും സഹോദരങ്ങളുടെ സ്നേഹപൂർവകമായ ആതിഥ്യം ആസ്വദിച്ചു. അതു ലോകവ്യാപക സഹോദരവർഗ്ഗത്തോടുള്ള ഞങ്ങളുടെ വിലമതിപ്പ് അതിയായി വർദ്ധിപ്പിച്ചു.
കഴിഞ്ഞ നാലു ദശാബ്ദങ്ങളിൽ കാരലിൻ, മുഴുസമയ സുവിശേഷകരെന്ന നിലയിലുള്ള ഞങ്ങളുടെ ജീവിതവൃത്തിയിൽ ഒരു വിശ്വസ്ത കൂട്ടാളിയായിട്ടാണിരുന്നിട്ടുള്ളത്. ഞങ്ങൾ ഒരുമിച്ച് അനേകം സന്തോഷങ്ങളും കുറെ സങ്കടങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ മക്കളിൽ രണ്ടുപേരെ മരണത്തിൽ നഷ്ടപ്പെട്ടെങ്കിലും ഞങ്ങളുടെ പുത്രിയായ ദമരിസ് ഒരു നല്ല സാക്ഷിയായി വളരുകയും സൗത്താഫ്രിക്കാ ബ്രാഞ്ചിൽ ഭാഷാന്തരവേലയിൽ പങ്കുവഹിക്കുകയും ചെയ്തു.
ഞങ്ങളുടെ ആരോഗ്യം സഞ്ചാരവേലയിൽ പങ്കുപററാൻ മേലാൽ ഞങ്ങളെ അനുവദിക്കുന്നില്ല. അതുകൊണ്ടു കഴിഞ്ഞ ചുരുക്കംചില വർഷങ്ങളിൽ, ഞങ്ങൾ പീറേറഴ്സ്ബർഗ്ഗിലുള്ള ഒരു ചെറിയ ആഫ്രിക്കൻപട്ടണമായ സെഷെകോയിലെ ഒരു സഭയിൽ പ്രത്യേകപയനിയർമാരാണ്. ഞാൻ അദ്ധ്യക്ഷമേൽവിചാരകനായി സേവിക്കുന്നു. “നിന്റെ [യഹോവയുടെ] സന്നിധിയിൽ സന്തോഷപരിപൂർണ്ണത . . . ഉണ്ട്” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. തീർച്ചയായും തെക്കൻ ആഫ്രിക്കയിൽ ദൈവത്തെ സേവിച്ചുകൊണ്ടു ഞാൻ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയിരിക്കുന്നു.—സങ്കീർത്തനം 16:11.
[26-ാം പേജിലെ ചിത്രം]
സൗത്താഫ്രിക്കയിലെ സെഷെകോ പട്ടണത്തിൽ സാക്ഷീകരിക്കുന്നു