ആരെയെങ്കിലും ആശ്രയിക്കാൻ കഴിയുമോ?
“കുടുംബത്തിനു പുറത്ത് എന്റെ മാതാപിതാക്കൾ പൂർണ ആശ്രയം അർപ്പിച്ച ഏതാനും പേരിൽ ഒരാളായിരുന്നു അദ്ദേഹം. . . . ഞങ്ങളെ യാതൊരു പ്രകാരത്തിലും ഉപദ്രവിക്കാത്ത ഒരു നല്ല, കരുതലുള്ള വ്യക്തിയായി അദ്ദേഹം സ്വയം ചിത്രീകരിച്ചു. . . . എന്റെ ജീവിതത്തിൽ ഞാൻ സമ്പൂർണ ആശ്രയം വെക്കാൻ ഇടയായ ഏതാനും പേരിൽ ഒരാളായിരുന്നു അദ്ദേഹം.”
തന്റെ കുടുംബ ഡോക്ടറിലുള്ള ആശ്രയത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരി വർണിച്ചത് അങ്ങനെയാണ്. സങ്കടകരമെന്നു പറയട്ടെ, അത് ഗുരുതരമായി അസ്ഥാനത്തുവെക്കപ്പെട്ട ഒരു ആശ്രയമായിരുന്നു. അവൾക്ക് 16 വയസ്സുള്ളപ്പോൾമുതൽ ആ ഡോക്ടർ അവളെ ലൈംഗികമായി ഉപദ്രവിച്ചു. “അദ്ദേഹം എന്നോടു കള്ളം പറയുകയും എന്നെ ചതിക്കുകയും ചെയ്തു,” അന്നു നീതി നടപ്പാക്കിയ കോടതി അധികാരികളോട് അവൾ പറഞ്ഞു.—ദ ടൊറന്റൊ സ്റ്റാർ.
ആശ്രയം എല്ലായിടത്തും നശിപ്പിക്കപ്പെടുന്നു
മനോഹരവും എന്നാൽ ലോലവുമായ ഒരു പുഷ്പത്തെപ്പോലെ ആശ്രയത്തെയും വേഗത്തിൽ പിഴുതെറിയാനും കാൽക്കീഴെ ചവുട്ടിമെതിക്കാനും കഴിയും. അത് എല്ലായിടത്തും ഞെരിക്കപ്പെടുകയാണ്! ഒരു കർദിനാളിന്റെയും ഒരു ആർച്ച്ബിഷപ്പിന്റെയും സെക്രട്ടറിയായിരുന്ന മൈക്കിൾ ഗേൻ ഇപ്രകാരം പറഞ്ഞു: “പുരോഹിതനിൽ എല്ലാവരും ആശ്രയം അർപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിച്ചിരുന്ന ഒരു കാലം തന്നെ. ഇന്നു ഞാനതു പ്രതീക്ഷിക്കുന്നില്ല. ആ ആശ്രയം നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.”—ദ ഗാർഡിയൻ വീക്കെൻഡ്.
ബിസിനസുകാർ പ്രതിയോഗികളെ ചതിക്കുന്നു. കൗശലബുദ്ധിക്കാരായ പരസ്യക്കാർ ഉപഭോക്താക്കളെ വഴിതെറ്റിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. കഠിനഹൃദയനായ ഒരു ഉദ്യോഗസ്ഥൻ തന്റെ സ്വന്തം കമ്പനികളുടെ പെൻഷൻ ഫണ്ടുകൾ കൊള്ളയടിച്ചു, അങ്ങനെ അയാൾ തന്റെ തൊഴിലാളികളുടെ ഭാവി വയറ്റിപ്പിഴപ്പു മുടക്കി. തൊഴിലാളികൾ സദാ തങ്ങളുടെ തൊഴിലുടമകളെ കവർച്ചചെയ്യുന്നു. ഉദാഹരണത്തിന്, “കാനഡയിലെ ബിസിനസുകൾക്ക് ആന്തരിക മോഷണങ്ങൾ വഴി ഒരു വർഷം 2,000 കോടി ഡോളർ നഷ്ടപ്പെടുന്നതായി കണക്കാക്കപ്പെടുന്നു”വെന്ന് ഒരു റിപ്പോർട്ടു സൂചിപ്പിച്ചു.—കനേഡിയൻ ബിസിനസ്.
എല്ലാ രാഷ്ട്രീയക്കാരും ആശ്രയയോഗ്യരല്ലെന്നല്ല. എന്നാൽ പിൻവരുന്നതുപോലുള്ള റിപ്പോർട്ടുകൾ ചുരുക്കം ചില ആളുകളെ മാത്രമേ അത്ഭുതപ്പെടുത്തൂ: “ഫ്രാൻസിലെ ഏറ്റവും വിവാദപൂർണരായ വനിതാ രാഷ്ട്രീയക്കാരിൽ ഒരാളുടെ വധത്തിനു രണ്ടാഴ്ചക്കുശേഷം, മെഡിറ്ററേനിയൻ തീരത്തെ ഗവൺമെൻറിന്റെ ബിസിനസ് രംഗത്തെ ദീർഘനാളായി മറച്ചിരുന്ന രാഷ്ട്രീയ വഞ്ചനയുടെയും കുറ്റകരമായ ഗൂഢാലോചനയുടെയും മൂടുപടങ്ങൾ പൊലീസ് പറിച്ചുകീറുകയാണ്.”—ലണ്ടനിലെ ദ സൺഡെ ടൈംസ്.
മിക്കപ്പോഴും, അടുത്ത ബന്ധങ്ങളിലും ആശ്രയം ഛിന്നഭിന്നമാകുന്നു. ഭാര്യമാരും ഭർത്താക്കൻമാരും തങ്ങളുടെ ഇണകളെ വഞ്ചിക്കുന്നു. കുട്ടികൾ മാതാപിതാക്കളുടെ ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്നു. മാതാപിതാക്കളെ കുട്ടികൾ വഞ്ചിക്കുന്നു. മുൻ പൂർവ ജർമനിയിലെ രഹസ്യ പൊലീസായ സ്റ്റാസിയുടെ റിക്കാർഡ് സൂക്ഷിപ്പു സ്ഥലങ്ങൾ തുറന്നപ്പോൾ, സുഹൃത്തുക്കൾ എന്നു കരുതിയിരുന്ന ആളുകളാലുള്ള “വഞ്ചനയുടെ വ്യാപകമായ ഒരു സ്ഥിതിവിശേഷം” വെളിച്ചത്തു വന്നു. വിശ്വാസവഞ്ചനയുടെ കണ്ണികൾ ബന്ധിപ്പിക്കവേ, “സ്കൂൾ മുറി, പള്ളിയിലെ പ്രസംഗപീഠം, കിടക്കറ, എന്തിന് കുമ്പസാരകൂടുവരെപ്പോലും സ്റ്റാസിയുടെ കരാള ഹസ്തങ്ങൾ നീളുകയുണ്ടായി.”—ടൈം.
അയർലണ്ടിലെ ഒരു പംക്തിയെഴുത്തുകാരൻ ഇങ്ങനെയെഴുതി: “നാം അധികാര സ്ഥാനങ്ങളിൽ ആക്കിവെച്ച ആളുകൾ നമ്മോട് കള്ളം പറഞ്ഞിരിക്കുന്നു, നമ്മെ വഴിതെറ്റിച്ചിരിക്കുന്നു, അവർ നമ്മെ ഉപയോഗിക്കുകയും ദ്രോഹിക്കുകയും നമ്മോട് അവജ്ഞാപൂർവം പെരുമാറുകയും ചെയ്തിരിക്കുന്നു.” (ദ കെറിമാൻ) കൂടെക്കൂടെ വഞ്ചിക്കപ്പെട്ടിരിക്കുന്നതിനാൽ അനേകം ആളുകളും ആരെയും ആശ്രയിക്കുന്നില്ല. നമ്മുടെ ആശ്രയം അസ്ഥാനത്തു വയ്ക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും? അടുത്ത രണ്ടു ലേഖനങ്ങൾ ഈ ചോദ്യം പരിചിന്തിക്കും.