ബൈബിളിന്റെ വീക്ഷണം
നിങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തുമ്പോൾ ചെയ്യേണ്ടത്
എന്തോ കുഴപ്പമുണ്ട്. നിങ്ങൾക്ക് അത്രമാത്രം അറിയാം. നിങ്ങളുടെ ക്രിസ്തീയ സഹോദരൻ നിങ്ങളെ മനഃപൂർവം ഒഴിവാക്കുകയാണ്. തന്നെ വിഷമിപ്പിക്കുന്നതെന്താണെന്ന് അദ്ദേഹം നിങ്ങളോടു പറഞ്ഞിട്ടില്ല, എന്നാൽ നമസ്കാരം മാത്രം പറയുന്നു—അതും ആദ്യം നിങ്ങൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നെങ്കിൽ മാത്രം! പ്രശ്നമെന്താണെന്നു കണ്ടെത്താൻ നിങ്ങൾ അദ്ദേഹത്തെ സമീപിക്കണമോ?
‘അത് അദ്ദേഹത്തിന്റെ പ്രശ്നമാണ്. അദ്ദേഹത്തിന് എനിക്കു വിരോധമായി എന്തെങ്കിലുമുണ്ടെങ്കിൽ അദ്ദേഹം വന്ന് എന്നോട് അതേക്കുറിച്ചു സംസാരിക്കേണ്ടതാണ്,’ നിങ്ങൾ വിചാരിച്ചേക്കാം. തന്റെ സഹോദരനുമായി സമാധാനമുണ്ടാക്കുന്നതിൽ മുൻകൈയെടുക്കാൻ ബൈബിൾ വ്രണിതനായ ആളിനെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളതു വാസ്തവം തന്നെ. (മത്തായി 18:15-17 താരതമ്യം ചെയ്യുക.) എന്നാൽ വ്രണപ്പെടുത്തിയ ആളെക്കുറിച്ചെന്ത്? അയാൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽതന്നെ, അതെന്താണ്?
തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പിൻവരുന്ന പ്രകാരം പറഞ്ഞു: “ആകയാൽ നീ നിന്റെ വഴിപാട് യാഗപീഠത്തിലേക്കു കൊണ്ടുവരുമ്പോൾ അവിടെവെച്ച് നിന്റെ സഹോദരന് നിനക്കു വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമിച്ചാൽ നിന്റെ വഴിപാട് യാഗപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ആദ്യം നിന്റെ സഹോദരനുമായി സമാധാനത്തിലാവുക, പിന്നെ തിരിച്ചുവന്നിട്ട് നിന്റെ വഴിപാട് അർപ്പിക്കുക.” (മത്തായി 5:23, 24, NW) ഇവിടുത്തെ യേശുവിന്റെ വാക്കുകൾ വ്രണപ്പെടുത്തിയ ആളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നു ശ്രദ്ധിക്കുക. പ്രശ്നം പരിഹരിക്കുന്നതിന് എന്ത് ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്? അതിനുള്ള ഉത്തരം കണ്ടുപിടിക്കുന്നതിന്, യേശുവിന്റെ വാക്കുകൾ ഒന്നാം നൂറ്റാണ്ടിലെ അവന്റെ യഹൂദ ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം എന്ത് അർഥമാക്കിയെന്നു നമുക്കു പരിചിന്തിക്കാം.
“നിന്റെ വഴിപാട് യാഗപീഠത്തിലേക്കു കൊണ്ടുവരുമ്പോൾ”
യേശു ഇവിടെ സുവ്യക്തമായ ഒരു വിവരണം നൽകുന്നു: ഒരു യഹൂദ ആരാധകൻ വാർഷിക ഉത്സവങ്ങളിലൊന്നിനായി യെരുശലേമിൽ വന്നിരിക്കുന്നു. യഹോവയ്ക്ക് യാഗം അർപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ കയ്യിൽ ഒരു വഴിപാടുണ്ട്, അത് സാധ്യതയനുസരിച്ച് ഒരു മൃഗമാണ്.a യാഗാർപ്പണം തീർച്ചയായും നിരർഥകമായ ഒരു ചടങ്ങായിരുന്നില്ല. യഹൂദാമതം—ആചാരവും വിശ്വാസവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “കൊഴുത്തതും ഊനംതട്ടാത്തതുമായ ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുന്നത്, വിദഗ്ധർ അവയെ സൂക്ഷ്മപരിശോധന നടത്തുന്നതു കാണുന്നത്, തീ വമിക്കുന്ന യാഗപീഠത്തിന്റെ ഏതാനും വാരയ്ക്കുള്ളിലേക്ക് അവയോടൊപ്പം നടക്കുന്നത്, അവയെ കൈമാറുന്നത്, ശിരസ്സിൽ കൈകൾ വെക്കുന്നത്, അശുദ്ധിയോ കുറ്റമോ ഏറ്റുപറയുന്നത്, അല്ലെങ്കിൽ മൃഗത്തെ അർപ്പിക്കുന്നത്, അതിന്റെ കണ്ഠം പിളർക്കുന്നത്, അല്ലെങ്കിൽ അതിനെ വെറുതെ പിടിച്ചുകൊണ്ടുനിൽക്കുന്നത്—ഇവയെല്ലാം ആ നിമിഷത്തിന്റെ സാർഥകതയെയും ഭയാദരവിനെയും ഉറപ്പുവരുത്തി. . . . ആ മുഴു ശുശ്രൂഷയും ദൈവം കൽപ്പിച്ചതാണെന്നു വിശ്വസിച്ചിരുന്ന ഏതൊരാൾക്കും . . . അതിൽ വൈകാരികമായി ഉൾപ്പെടാതിരിക്കാനാവില്ലായിരുന്നു.”
അങ്ങനെ, ഒരു യഹൂദ ആരാധകനെ സംബന്ധിച്ചിടത്തോളം അർഥവും ഭയാദരവും നിറഞ്ഞതായിരുന്ന ഒരു നിമിഷത്തിലേക്ക് മത്തായി 5:23, 24-ലെ യേശുവിന്റെ വാക്കുകൾ അവന്റെ ശ്രോതാക്കളെ ആനയിക്കുന്നു. ഒരു ബൈബിൾ പണ്ഡിതൻ ആ രംഗം ഈ രീതിയിൽ വർണിക്കുന്നു: “ആരാധകൻ ആലയത്തിലേക്കു പ്രവേശിക്കുന്നു; വിജാതീയരുടെ കോടതി, സ്ത്രീകളുടെ കോടതി, പുരുഷൻമാരുടെ കോടതി എന്നിങ്ങനെ പല കോടതികളിലൂടെ അദ്ദേഹം കടന്നുപോകുന്നു. അതിനപ്പുറത്തായി സാധാരണക്കാർക്കു പ്രവേശിക്കാൻ കഴിയാഞ്ഞ പുരോഹിത കോടതിയുമുണ്ട്. തന്റെ ബലിമൃഗത്തെ പുരോഹിതനു കൈമാറാൻ തയ്യാറായി ആരാധകൻ പ്രാകാരത്തിങ്കൽ നിൽക്കുന്നു; കുറ്റം ഏറ്റുപറയുന്നതിനായി അദ്ദേഹത്തിന്റെ കരങ്ങൾ [മൃഗത്തിന്റെ ശിരസ്സിൽ] ഇരിക്കുന്നു.”
എന്നാൽ തന്റെ സഹോദരന് തനിക്കു വിരോധമായി എന്തോ പ്രശ്നമുണ്ടെന്നുള്ള കാര്യം ആ നിർണായക നിമിഷത്തിൽ ആ ആരാധകൻ ഓർമിക്കുന്നു. വ്രണപ്പെടുത്തിയെന്ന സംഗതി ഒരുപക്ഷേ സ്വന്തം മനസ്സാക്ഷി അദ്ദേഹത്തോടു പറയുന്നതായിരിക്കാം, അല്ലെങ്കിൽ തന്റെ സഹോദരന്റെ മനോഭാവത്തിൽനിന്ന് അദ്ദേഹം അതു മണത്തറിഞ്ഞതാവാം. അദ്ദേഹം എന്തു ചെയ്യണം?
“നിന്റെ വഴിപാട് . . . വച്ചിട്ടു പോ”കുക
“നിന്റെ വഴിപാട യാഗപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോ”കുക എന്ന് യേശു വിശദീകരിക്കുന്നു. എന്തുകൊണ്ട്? യഹോവയ്ക്കു യാഗമർപ്പിക്കുന്നതിനെക്കാൾ പ്രധാനമായി ആ നിമിഷത്തിൽ മറ്റെന്തുണ്ടായിരിക്കാൻ കഴിയും? “ആദ്യം നിന്റെ സഹോദരനുമായി സമാധാനത്തിലാവുക, പിന്നെ തിരിച്ചു വന്നിട്ട് നിന്റെ വഴിപാട് അർപ്പിക്കുക” എന്ന് യേശു കൂടുതലായി വിശദീകരിക്കുന്നു. അതുകൊണ്ട് ആരാധകൻ തന്റെ വഴിപാട് ജീവനോടെ ദഹനയാഗപീഠത്തിൽ വെച്ചിട്ട് വ്രണിതനായ സഹോദരനെ തിരഞ്ഞു പോകുന്നു.
അതൊരു പെരുന്നാളായതിനാൽ വ്രണിതനായ ആ സഹോദരൻ, യെരുശലേമിൽ തടിച്ചുകൂടിയിരിക്കുന്ന തീർഥാടകരുടെ കൂട്ടത്തിലുണ്ടെന്നുള്ളതിനു സംശയമില്ല. ഇടുങ്ങിയ തെരുവുകളും തൊട്ടുതൊട്ടു വീടുകളുമുള്ള യെരുശലേമിന്റെ ജനസംഖ്യ സാമാന്യം വലുതാണ്. എന്നാൽ അതൊരു പെരുന്നാളുകൂടിയായതിനാൽ നഗരം സന്ദർശകരെക്കൊണ്ടു തിങ്ങിയിരിക്കുകയാണ്.b
ഒരേ പട്ടണത്തിൽനിന്നുള്ളവർ ഒരുമിച്ചു യാത്രചെയ്യുകയും തമ്പടിക്കുകയും ചെയ്താൽ പോലും ആൾതിങ്ങിയ നഗരത്തിലൂടെ നടന്നുചെന്ന് ആരെയെങ്കിലും കണ്ടുപിടിക്കുന്നതിനു കുറേ ശ്രമം ആവശ്യമായിരുന്നു. ഉദാഹരണത്തിന്, കൂടാരപ്പെരുന്നാളിന്റെ സമയത്തു സന്ദർശകർ നഗരത്തിലെല്ലാടവും വഴികളിലും യെരുശലേമിൽ ചുറ്റുമുള്ള പൂന്തോട്ടങ്ങളിലും കൂടാരങ്ങൾ അടിക്കുന്നു. (ലേവ്യപുസ്തകം 23:34, 42, 43) എങ്കിലും, യഹൂദ ആരാധകൻ തന്റെ വ്രണിതനായ സഹോദരനെ കണ്ടെത്തുന്നതുവരെ തിരയേണ്ടിയിരുന്നു. എന്നിട്ടോ?
“നിന്റെ സഹോദരനുമായി സമാധാനത്തിലാവുക” എന്ന് യേശു പറയുന്നു. “സമാധാനത്തിലാവുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദപ്രയോഗം “‘കൈമാറ്റം നടത്തുന്നതിനായി ഒരു വ്യതിയാനം വരുത്തുക,’ ആയതിനാൽ ‘അനുരഞ്ജനപ്പെടുക’” എന്നർഥമുള്ള ഒരു ക്രിയയിൽനിന്നാണു (ഡയൽലസ്സോ) വരുന്നത്. ഗണ്യമായ ശ്രമം ചെലുത്തി തന്റെ വ്രണിതനായ സഹോദരനെ കണ്ടെത്തിയശേഷം യഹൂദ ആരാധകൻ അദ്ദേഹവുമായി സമാധാനത്തിലാകാൻ ശ്രമിക്കുന്നു. പിന്നെ അവന് ആലയത്തിലേക്കു തിരിച്ചുവന്നിട്ട് വഴിപാട് അർപ്പിക്കാവുന്നതാണെന്ന് യേശു പറയുന്നു, എന്തുകൊണ്ടെന്നാൽ ഇപ്പോൾ ദൈവം അതു സ്വീകരിക്കും.
അങ്ങനെ, മത്തായി 5:23, 24-ലെ യേശുവിന്റെ വാക്കുകൾ നിർണായകമായ ഒരു പാഠം പഠിപ്പിക്കുന്നു: അനുരഞ്ജനം, അല്ലെങ്കിൽ സമാധാനം യാഗത്തിനു മുമ്പു വരുന്നു. നാം നമ്മുടെ സഹ ആരാധകരോടു പെരുമാറുന്ന വിധത്തിന് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നേരിട്ടുള്ള ഒരു സ്വാധീനമുണ്ട്.—1 യോഹന്നാൻ 4:20.
നിങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തുന്നെങ്കിൽ ചെയ്യേണ്ടത്
അപ്പോൾപ്പിന്നെ, ഈ ലേഖനത്തിന്റെ തുടക്കത്തിൽ വർണിച്ച സാഹചര്യത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെത്തുന്നെങ്കിലെന്ത്, അതായത് ഒരു സഹ ആരാധകനെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്നു നിങ്ങൾക്കു ബോധ്യപ്പെടുന്നെങ്കിലെന്ത്? നിങ്ങൾ എന്തു ചെയ്യണം?
യേശുവിന്റെ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ട് നിങ്ങളുടെ സഹോദരനെ സമീപിക്കാൻ മുൻകൈയെടുക്കുക. എന്തു ലക്ഷ്യത്തോടെ? അദ്ദേഹത്തിനു വ്രണപ്പെട്ടതായി തോന്നാൻ ഒരു കാരണവുമില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണോ? തീർച്ചയായും അല്ല! പ്രശ്നം കേവലം ഒരു തെറ്റിദ്ധാരണയെക്കാളും വലുതായിരിക്കാം. “സമാധാനത്തിലാവുക” എന്ന് യേശു പറഞ്ഞു. സാധ്യമെങ്കിൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നു ദ്രോഹബുദ്ധി നീക്കിക്കളയുക. (റോമർ 14:19) അതുചെയ്യുന്നതിന്, അദ്ദേഹത്തിന്റെ വ്രണിത വികാരങ്ങളെ നിഷേധിക്കുന്നതിനുപകരം നിങ്ങൾ അവ സമ്മതിച്ചുകൊടുക്കേണ്ടതുണ്ടായിരിക്കാം. നിങ്ങൾ ഇങ്ങനെയും ചോദിക്കേണ്ടതുണ്ടായിരിക്കാം, ‘തെറ്റു തിരുത്തുന്നതിന് എനിക്ക് എന്തു ചെയ്യാനാവും?’ മിക്കപ്പോഴും ആത്മാർഥമായ ഒരു ക്ഷമാപണമായിരിക്കാം ആകെക്കൂടി ആവശ്യമുള്ളത്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ വ്രണിതനായ വ്യക്തിക്കു തന്റെ വികാരങ്ങൾ നീക്കുന്നതിനു കുറച്ചു സമയം ആവശ്യമായിരിക്കാം.
എന്നാൽ ആവർത്തിച്ചുള്ള ശ്രമങ്ങൾക്കു ശേഷവും നിങ്ങൾക്ക് അനുരഞ്ജനത്തിലെത്താൻ കഴിയുന്നില്ലെങ്കിലോ? റോമർ 12:18 ഇപ്രകാരം പറയുന്നു: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അങ്ങനെ, സമാധാനത്തിലാവുന്നതിന് ഒരിക്കൽ നിങ്ങളെത്തന്നെ ലഭ്യമാക്കിക്കഴിഞ്ഞാൽപ്പിന്നെ, യഹോവ നിങ്ങളുടെ ആരാധന സ്വീകരിക്കുന്നതിൽ പ്രീതിയുള്ളവനായിരിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a പെസഹാ, പെന്തക്കോസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ കാലാകാലങ്ങളിൽ നടത്തിയിരുന്ന മൂന്നു പെരുന്നാളുകളുടെ സമയത്തായിരുന്നു സാധാരണമായി യാഗത്തിനുള്ള വഴിപാടുകൾ കൊണ്ടുവന്നിരുന്നത്.—ആവർത്തനപുസ്തകം 16:16, 17.
b പെരുന്നാളുകൾക്കുവേണ്ടി പുരാതന യെരുശലേമിൽ തടിച്ചുകൂടിയിരുന്ന തീർഥാടകരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വ്യത്യാസപ്പെടുന്നു. പെസഹായ്ക്കുവേണ്ടി ഏതാണ്ട് 30 ലക്ഷം യഹൂദൻമാർ ഹാജരായിരുന്നുവെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദാ ചരിത്രകാരനായ ജോസീഫസ് കണക്കാക്കുന്നു.—ദ ജൂയീഷ് വാർ, II, 280 (xiv, 3); VI, 425 (ix, 3).