കള്ളനോട്ടടിക്കൽ ഒരു ലോകവ്യാപക പ്രശ്നം
പ്രസ്തുത കുറ്റത്തിനു 18-ാം നൂറ്റാണ്ടിന്റെ അവസാന നാളുകൾവരെ ഫ്രാൻസിൽ ആളുകളെ ജീവനോടെ പുഴുങ്ങിയിരുന്നു. 1697 മുതൽ 1832 വരെ ഇംഗ്ലണ്ടിൽ അതു വധശിക്ഷാർഹമായ ഒരു കുറ്റകൃത്യമായിരുന്നു, ആ പ്രവൃത്തി രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്നു. അതിനെപ്രതി, 300-ലധികം ഇംഗ്ലീഷുകാർ തൂക്കിലേറ്റപ്പെട്ടു. അതേസമയം എണ്ണമറ്റ ആളുകൾ ശിക്ഷയെന്നനിലയിൽ കഠിന വേലയ്ക്കായി ഓസ്ടേലിയയിലെ ശിക്ഷാകോളനിയിലേക്കു നാടുകടത്തപ്പെട്ടു.
നൂറ്റിമുപ്പതിലധികം വർഷക്കാലം, യു.എസ്. ഗവൺമെൻറ് പ്രസ്തുത സംഗതിക്കു കുറ്റക്കാരായവരെ 15 വർഷംവരെ ഫെഡറൽ ജയിലുകളിലാക്കിയിരുന്നു. കൂടാതെ പിഴയായി ആയിരക്കണക്കിനു ഡോളറുകൾ ശിക്ഷയോടു കൂട്ടപ്പെട്ടു. റഷ്യയിലും ചൈനയിലും അത് ഇപ്പോൾപോലും വധശിക്ഷാർഹമാണ്.
അനേക രാഷ്ട്രങ്ങൾ അതിനു കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടും ആ കുറ്റകൃത്യം തുടരുന്നു. ആവശ്യമായ സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ പെട്ടെന്നു ധനികരാകാനുള്ള പദ്ധതികളെ തടുക്കുന്നതിനു മരണഭീതിക്കുപോലും സാധിക്കുന്നില്ല. ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർക്ക് ഇതൊരു കുഴഞ്ഞപ്രശ്നമാണ്. അവർ ഇപ്രകാരം പറയുന്നു: “നൂറ്റാണ്ടുകളോളം സംഭവിച്ചതുപോലെതന്നെ, ഒരു നല്ല നിരോധനമാർഗം കണ്ടെത്തുക പ്രയാസമായിരിക്കും.”
കള്ളനോട്ടടി! ചരിത്രത്തിലെ ഏറ്റവും പുരാതനമായ കുറ്റകൃത്യങ്ങളിൽ ഒന്ന്. ഈ 20-ാം നൂറ്റാണ്ടിന്റെ അന്തിമഭാഗത്ത് അതൊരു ലോകവ്യാപക പ്രശ്നമായി തീർന്നിരിക്കുന്നു, അതു സർവവ്യാപകമായിത്തീരുന്നതിൽ തുടരുകയും ചെയ്യുന്നു. യു.എസ്. സുപ്രീംകോടതിയിലെ സഹജഡ്ജിയായ റോബർട്ട് എച്ച്. ജാക്സൺ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവിചാരിതമായോ അജ്ഞതയാലോ വികാരത്തള്ളലിനാലോ കഠിനമായ ദാരിദ്ര്യത്താലോ ഒരിക്കലും ചെയ്യപ്പെടുന്ന ഒരു കുറ്റകൃത്യമല്ല കള്ളനോട്ടടി. സാങ്കേതിക വൈദഗ്ധ്യവും ഉപകരണങ്ങൾക്കായി കാര്യമായി പണമിറക്കാൻ കഴിവുമുള്ള ഒരുവൻ സമർഥമായി രൂപകൽപ്പന ചെയ്യുന്ന കുറ്റകൃത്യമാണിത്.”
ദൃഷ്ടാന്തത്തിന്, മുമ്പെന്നത്തെക്കാളും വർധിച്ച അളവിൽ അമേരിക്കൻ കറൻസി ലോകവ്യാപകമായി നിയമവിരുദ്ധമായി പുനർനിർമിക്കപ്പെടുന്നു. “യു.എസ്. കറൻസി ലോകത്ത് ഏറ്റവും പ്രിയമുള്ള കറൻസി മാത്രമല്ല, ഏറ്റവും എളുപ്പത്തിൽ വ്യാജമായി നിർമിക്കപ്പെടുന്നതുമാണ്” എന്നു ഖജനാവു വിഭാഗത്തിന്റെ ഒരു വക്താവു പറഞ്ഞു. കടലാസു നോട്ടുകളിൽ ഭൂരിഭാഗവും ഐക്യനാടുകൾക്കു വെളിയിൽ നിർമിക്കപ്പെടുന്നു എന്നതാണ് അമേരിക്കൻ ഗവൺമെൻറിനെ അന്ധാളിപ്പിക്കുന്നത്.
ഇതു പരിഗണിക്കുക: 1992-ൽ 3 കോടി ഡോളറിന്റെ മൂല്യമുള്ള വ്യാജ ഡോളറുകൾ വിദേശത്തുവെച്ചു പിടിക്കപ്പെട്ടെന്നു ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തു. “കഴിഞ്ഞ വർഷം ആകെത്തുക 12 കോടി ഡോളറായിരുന്നു. 1994-ൽ ആ റെക്കോർഡു തകരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ആ തുകയുടെ അനേകം മടങ്ങു കണ്ടുപിടിക്കപ്പെടാതെ വിതരണം ചെയ്യുന്നു” എന്നു ആ മാഗസിൻ റിപ്പോർട്ടു ചെയ്തു. ഈ സംഖ്യകൾ കഥയുടെ ഒരു ഭാഗം മാത്രമേ പറയുന്നുള്ളു. ഐക്യനാടുകൾക്കു വെളിയിൽ വിതരണം ചെയ്യപ്പെടുന്ന വ്യാജ കടലാസുപണത്തിന്റെ യഥാർഥ തുക 1,000 കോടി ഡോളർ വരെ ആയിരിക്കാമെന്നു കള്ളനോട്ടടി പ്രശ്നത്തിൽ വിദഗ്ധരായവർ വിശ്വസിക്കുന്നു.
അനേകം രാജ്യങ്ങൾക്ക് അമേരിക്കൻ കറൻസി ആവശ്യമായിരിക്കുന്നതിനാലും, സ്വന്തം കറൻസിയെക്കാൾ അത് ഇഷ്ടപ്പെടുന്നതിനാലും വ്യാജമായി നിർമിക്കാൻ പാകത്തിൽ സങ്കീർണമല്ലാത്തതിനാലും ഏറെ രാജ്യങ്ങളും അധോലോക ഘടകങ്ങളും അമേരിക്കൻ കറൻസി വ്യാജമായി നിർമിക്കുന്നു. തങ്ങളുടെ നിയമവിരുദ്ധ വരുമാനം വർധിപ്പിക്കുന്നതിനു തെക്കേ അമേരിക്കയിലെ കൊളമ്പിയൻ മയക്കുമരുന്നു വ്യാപാര സ്ഥാപനങ്ങൾ വർഷങ്ങളായി അമേരിക്കൻ കറൻസി വ്യാജമായി നിർമിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള കള്ളനോട്ടടി ബിസിനസിൽ ചില മധ്യപൂർവ രാജ്യങ്ങൾ ഇപ്പോൾ പ്രമുഖ പങ്കാളികളായിത്തീരുന്നതായി യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. “ആ രാജ്യങ്ങളിൽ ഒന്ന്, യു.എസ്. ഖജനാവു വിഭാഗം ഉപയോഗിക്കുന്ന അതേ രൂപത്തിലുള്ള സങ്കീർണ അച്ചടി സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു”വെന്ന് ആ മാസിക റിപ്പോർട്ടു ചെയ്തു. “തത്ഫലമായി, മിക്കവാറും കണ്ടുപിടിക്കാൻ കഴിയാത്ത, ‘സൂപ്പർ ബിൽസ്’ എന്നറിയപ്പെടുന്ന 100 ഡോളറിന്റെ കള്ളനോട്ടുകൾ നിർമിക്കുവാൻ ആ രാജ്യത്തിനു കഴിയും.”
റഷ്യയിലെയും ചൈനയിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും ആളുകളും കള്ളനോട്ടിന്റെ, കൂടുതലായും യു.എസ്. കറൻസിയുടെ, നിർമാണത്തിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു. മോസ്ക്കോയിൽ ഇപ്പോൾ വിതരണം ചെയ്യപ്പെടുന്ന യു.എസ്. കറൻസിയുടെ 50 ശതമാനവും കള്ളനോട്ടാണെന്നു സംശയിക്കപ്പെടുന്നു.
ഗൾഫ് യുദ്ധാനന്തരം 1991-ൽ കോടിക്കണക്കിനു യു.എസ്. ഡോളർ വിതരണം ചെയ്തപ്പോൾ, “100 ഡോളർ നോട്ടുകളിൽ ഏതാണ്ടു 40 ശതമാനവും കള്ളനോട്ടുകളായിരുന്നുവെന്നു കണ്ടെത്തിയതു സാർവദേശീയ ബാങ്കുടമകളെ ഞെട്ടിപ്പിച്ചു” എന്നു റീഡേഴ്സ് ഡൈജസ്റ്റ് പറഞ്ഞു.
മറ്റനേകം യൂറോപ്യൻ രാഷ്ട്രങ്ങളുടെ കാര്യത്തിലെന്നപോലെ കള്ളനോട്ടു പ്രശ്നം ഫ്രാൻസിനുമുണ്ട്. ഗോളത്തിനു ചുറ്റുമുള്ള രാഷ്ട്രങ്ങൾക്കു സാക്ഷ്യപ്പെടുത്താൻ കഴിയുന്നതുപോലെ, പണത്തിന്റെ വ്യാജ അനുകരണനിർമാണം അമേരിക്കയുടെ മാത്രം പ്രശ്നമല്ല.
കള്ളനോട്ടടി എളുപ്പമാകുന്നു
കുറെ വർഷങ്ങൾക്കു മുമ്പുവരെ, ഏതു രാജ്യത്തിന്റെയും കറൻസി പകർത്തുന്നതിനു കലാകാരൻമാരുടെയും വിദഗ്ധ കൊത്തുപണിക്കാരുടെയും ശിൽപ്പികളുടെയും ചായംപൂശുന്നവരുടെയും മണിക്കൂറുകൾ നീണ്ട ക്ലേശകരമായ രഹസ്യമായി നടത്തുന്ന കരകൗശലം ആവശ്യമായിരുന്നു, ഏറ്റവും മെച്ചമായതുപോലും യഥാർഥ പണത്തിന്റെ മോശമായൊരു പ്രതിരൂപത്തിലെ കലാശിച്ചിരുന്നുള്ളൂ! എന്നിരുന്നാലും ഇന്ന്, സാങ്കേതികമായി ഉയർന്ന ബഹുവർണ പകർപ്പെടുക്കൽ യന്ത്രങ്ങളും ഇരുവശത്തും അച്ചടിക്കാവുന്ന ലേസർ അച്ചടിയന്ത്രങ്ങളും സ്കാനിങ് ഉപാധികളും ഓഫീസുകളിലും ഭവനങ്ങളിലും ലഭ്യമായതോടെ ഏതൊരുവനും തനിക്ക് ഇഷ്ടപ്പെട്ട കറൻസിയുടെ പകർപ്പെടുക്കുന്നതു സാങ്കേതികമായി സാധ്യമാണ്.
ഇവിടെയിതാ മേശപ്പുറത്തെ കള്ളനോട്ടടിക്കലിന്റെ യുഗം! ഒരിക്കൽ പ്രൊഫഷണൽ കൊത്തുപണിക്കാരുടെയും അച്ചടിക്കാരുടെയും വൈദഗ്ധ്യം ആവശ്യമായിരുന്നതു, ഇപ്പോൾ ഓഫീസ് ജോലിക്കാരുടെയും വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവരുടെയും എത്തുപാടിലാണ്. 5,000 ഡോളറിൽ താഴെ മാത്രം വിലവരുന്ന വ്യക്തിപരമായ കമ്പ്യൂട്ടറും അതിന്റെ അച്ചടിയന്ത്രവും ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട വിദഗ്ധർക്കു പോലും കണ്ടുപിടിക്കാൻ പ്രയാസകരമായിരുന്നേക്കാവുന്ന വ്യാജ കറൻസി ഉത്പാദിപ്പിക്കാൻ ഇപ്പോൾ കഴിയും. തന്റെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള, സ്വന്തം കറൻസി അച്ചടിച്ചുകൊണ്ടു പണത്തിന്റെ ആവശ്യമുള്ള ഒരുവൻ ഏറ്റവും സമീപത്തുള്ള ഓട്ടോമാറ്റിക് റ്റെല്ലർ മെഷീന്റെ അടുത്തേക്കുള്ള യാത്ര ഒഴിവാക്കുന്നതിനെ ഇത് അർഥമാക്കുന്നു. ഇപ്പോൾത്തന്നെ ഇന്നത്തെ കള്ളനോട്ടടിക്കാരുടെ കരങ്ങളിലെ ശക്തമായ ഉപകരണങ്ങളാണ് ഈ സമ്പ്രദായങ്ങൾ. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഇപ്രകാരം എഴുതി: “പ്രസ്തുത പ്രക്രിയയിൽ, ഈ നിപുണരായ കുറ്റവാളികൾ നിയമപാലന അധികാരികളുടെമേൽ ആവർത്തിച്ചു വിജയം കൈവരിക്കുന്നു. ലോകത്തെ പ്രമുഖ കറൻസികൾക്കു ഭാവിയിൽ ഒരു ഭീഷണിയായിരിക്കാൻ ഇതിനു കഴിയും.”
ദൃഷ്ടാന്തത്തിനു ഫ്രാൻസിൽ, 1992-ൽ പിടിച്ചെടുത്ത 3 കോടി വ്യാജഫ്രാങ്കിൽ (50 ലക്ഷം യു.എസ്. ഡോളർ) 18 ശതമാനവും ഓഫീസ് യന്ത്രങ്ങളിൽ നിർമിച്ചവയായിരുന്നു. സാമ്പത്തിക വ്യവസ്ഥക്കു മാത്രമല്ല, പൊതുജന വിശ്വാസത്തിനുംകൂടിയുള്ള ഭീഷണിയായി ഇതിനെ ബാങ്ക് ഡി ഫ്രാൻസിലെ ഒരു ഉദ്യോഗസ്ഥൻ വീക്ഷിക്കുന്നു. “ജനങ്ങളിൽ അനേകർക്കും ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നല്ല ബാങ്ക് നോട്ടിനെ അനുകരിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കുമ്പോൾ വിശ്വാസം നഷ്ടപ്പെടാൻ കഴിയും” എന്ന് അദ്ദേഹം വിലപിച്ചു.
വ്യാജ കറൻസിയുടെ പ്രളയം തടയുവാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ബാങ്ക് നോട്ടുകളുടെ പുതിയ ഡിസൈനുകൾ വികസനഘട്ടത്തിലാണ്. ചില രാജ്യങ്ങളിൽ പുതിയ നോട്ടുകൾ ഇപ്പോൾത്തന്നെ വിതരണത്തിലാണ്. ഉദാഹരണത്തിന് അമേരിക്കൻ കറൻസിയിൽ, 100 ഡോളർ നോട്ടിലെ ബഞ്ചമിൻ ഫ്രാങ്കിളിന്റെ ചിത്രം പകുതി വലിപ്പംകണ്ട് വർധിപ്പിക്കുകയും മുക്കാലിഞ്ച് ഇടത്തേക്കു മാറ്റുകയും ചെയ്യും. “ചിത്രവേലയിലും രഹസ്യ സുരക്ഷാ സവിശേഷതകളിലുമായി 14 ഭേദഗതികൾകൂടി നടപ്പിലാക്കപ്പെടു”മെന്നു റീഡേഴ്സ് ഡൈജസറ്റ് റിപ്പോർട്ടു ചെയ്തു. വാർപ്പുമുദ്രയും വ്യത്യസ്ത കോണുകളിൽനിന്നു നോക്കുമ്പോൾ നിറം മാറുന്ന മഷികളും പോലുള്ള അനവധി മാറ്റങ്ങൾ പരിഗണനയിലുണ്ട്.
കുറേ കാലമായി ഫ്രാൻസ് അതിന്റെ ബാങ്ക് നോട്ടുകളുടെ ഡിസൈനിൽ കള്ളനോട്ടടിക്കാരെ ഒരു പരിധിവരെ തടയുമെന്നു പ്രത്യാശിക്കുന്ന പുതിയ പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു. എന്നിരുന്നാലും, “കള്ളനോട്ടടിക്കാൻ സാധ്യതയുള്ളവരെ തടയുന്നതിനു സാങ്കേതികമായി കുറ്റമറ്റ സംവിധാനങ്ങൾ ഒന്നും ഇപ്പോഴുമില്ല” എന്നു ബാങ്ക് ഡി ഫ്രാൻസിന്റെ ഒരു വക്താവു സമ്മതിക്കുന്നു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്നാൽ അതൊരു [പ്രയാസമുള്ള] ജോലിയാക്കുന്ന, വളരെയധികം ചെലവുള്ളതാക്കുന്ന അനേകം തടസ്സങ്ങളെ ബാങ്ക് നോട്ടിൽത്തന്നെ സംയോജിപ്പിക്കുവാൻ ഞങ്ങൾ ഇപ്പോൾ പ്രാപ്തരാണ്.” ഈ തടസ്സങ്ങളെ “കള്ളനോട്ടടിക്ക് എതിരെയുള്ള പ്രധാന പ്രതിരോധം” എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
തങ്ങളുടെ കറൻസിയുടെ പകർപ്പുണ്ടാക്കുന്നതു കൂടുതൽ ക്ലേശകരമാക്കിത്തീർക്കുന്ന സുരക്ഷാ ചരടുകൾ കൂട്ടിച്ചേർത്തുകൊണ്ട്, ഇപ്പോൾ കുറെക്കാലമായി ജർമനിയും ഗ്രേറ്റ് ബ്രിട്ടനും കറൻസിയിൽ സുരക്ഷാ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കാനഡയുടെ 20 ഡോളർ നോട്ടിനു ദൃശ്യ സുരക്ഷാ ഉപാധി എന്നു വിളിക്കപ്പെടുന്ന, പകർപ്പെടുക്കൽ യന്ത്രങ്ങളിൽ പകർത്താൻ കഴിയാത്ത ഒരു ചെറിയ തിളങ്ങുന്ന സമചതുരം ഉണ്ട്. കടലാസിൽ സാധ്യമല്ലാത്ത സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളിക്കാൻ വേണ്ടി ഓസ്ട്രേലിയാ 1988-ൽ പ്ലാസ്റ്റിക്ക് ബാങ്കു നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി. കടലാസു കറൻസിയിൽ ഫിൻലൻഡും ഓസ്ട്രിയയും ഡിഫ്രാക്ഷൻ ഫോയിൽ ഉപയോഗിക്കുന്നു. ഇവ ഒരു ഹോളോഗ്രാം പോലെ മിന്നുകയും നിറഭേദം വരുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, തങ്ങളുടെ കുറ്റകൃത്യ പ്രവർത്തനങ്ങൾ തുടരുന്നതിന് ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിനു കള്ളനോട്ടടിക്കാർ അധികകാലം എടുക്കുകയില്ലെന്നും തിരുത്തൽ നടപടികൾ എന്തുതന്നെ എടുത്താലും കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഗവൺമെൻറിന്റെ നൂതന ശ്രമങ്ങൾ അന്തിമമായി ഫലപ്രദമല്ലെന്നു തെളിയുമെന്നും ഗവൺമെൻറ് അധികാരികൾ ഭയപ്പെടുന്നു. “‘നിങ്ങൾ ഒരു 8 അടി മതിൽ പണിയുന്നു, ചീത്തയാളുകൾ ഒരു 10 അടി കോവണി പണിയുന്നു’ എന്ന പഴമൊഴി പോലെയാണ് ഇത്” എന്നു ഖജനാവു വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്ത ലേഖനം പ്രകടമാക്കും പോലെ, വ്യാജപണം അച്ചടിക്കുന്നതു കള്ളനോട്ടടിക്കാരുടെ സാമർഥ്യത്തിന്റെ ഒരു വശം മാത്രമാണ്.
[4-ാം പേജിലെ ആകർഷകവാക്യം]
5,000 ഡോളറിൽ താഴെ മാത്രം വിലവരുന്ന വ്യക്തിഗത കമ്പ്യൂട്ടറും അതിന്റെ അച്ചടിയന്ത്രവും ഉപയോഗിച്ചു പരിശീലിപ്പിക്കപ്പെട്ട വിദഗ്ധർക്കുപോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള വ്യാജ കറൻസി നിർമിക്കാൻ കഴിയും