വാങ്ങുന്നവരേ, ജാഗ്രത! അനുകരണനിർമാണത്തിനു ജീവനെ നഷ്ടപ്പെടുത്താൻ കഴിയും
പരിശീലിപ്പിക്കപ്പെടാത്ത സംശയരഹിതനായ ഒരു ഇര കബളിപ്പിക്കപ്പെട്ടേക്കാം. തീരെ താണ വിലക്ക് ഒരു തെരുവു വിൽപ്പനക്കാരൻ നൽകുന്ന, വിലപിടിപ്പുള്ളതായി തോന്നുന്ന വാച്ച്—അതു യഥാർഥമാണോ വ്യാജമാണോ? നിങ്ങൾ അതു വാങ്ങുമോ? വഴിവക്കിൽ ഒരു വാഹനത്തിലിരുന്നു വിൽപ്പന നടത്തുന്ന ഒരാൾ ഒരു ആഡംബര കമ്പിളിയുടുപ്പു നിങ്ങൾക്കു വെച്ചുനീട്ടി അതൊരു ആഡംബര കമ്പിളിയാണെന്നു തറപ്പിച്ചു പറയുന്നു. അതിന്റെ ആകർഷണീയതയും താഴ്ന്ന വിലയും വിവേകം പ്രകടമാക്കുന്നതിൽനിന്നു നിങ്ങളെ തടയുമോ? ഇപ്പോൾ പണവും പാർപ്പിടവും ഇല്ലാത്ത, അടുത്തകാലത്തു വിവാഹമോചിതയായ, ന്യൂയോർക്കിലെ ഒരു ഭൂഗർഭ സ്റ്റേഷനിൽ ട്രെയിനുവേണ്ടി കാത്തുനിൽക്കുന്ന, സ്ത്രീയുടെ കൈയിലെ രത്നമോതിരം—തുച്ഛമായ വിലക്കു നിങ്ങൾക്കതു വാങ്ങാൻ കഴിയും. വിലപേശാതെ വിട്ടുകളയുന്നതുകൊണ്ട് എന്താണു മെച്ചമെന്നു നിങ്ങൾ ചിന്തിക്കുമോ? പ്രസ്തുത ചോദ്യങ്ങൾ അനുകരണനിർമാണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ലേഖനത്തിൽ ചോദിക്കപ്പെട്ടിരിക്കുന്നതിനാലും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങൾ നിമിത്തവും സാധ്യതയനുസരിച്ച് “ഒരിക്കലുമില്ല” എന്നായിരിക്കും നിങ്ങളുടെ ഉത്തരം.
ഹാ, നമുക്കു സ്ഥലങ്ങളും സാഹചര്യങ്ങളും മാറ്റാം, എന്നിട്ട് എന്തായിരിക്കും നിങ്ങളുടെ ഉത്തരം എന്നു കാണാം. ഒരു കൺസ്യൂമർ സ്റ്റോറിൽ ആകർഷകമായ വിലക്കിഴിവിൽ വിൽപ്പനയ്ക്കുള്ള ജനസമ്മതിയാർജിച്ച ഡിസൈനർ ഹാൻഡ്ബാഗിനെ കുറിച്ചെന്ത്? ഒരു തെരുവുകോണിലെ മദ്യക്കടയിൽ വിൽക്കപ്പെടുന്ന പ്രശസ്തമായ വിസ്ക്കിയോ? ഇവിടെ പ്രശ്നമൊന്നും ഉണ്ടായിരിക്കില്ല. ഒരു മരുന്നുകടയിലോ ക്യാമറാ ഷോപ്പിലോ കുറഞ്ഞ വിലയ്ക്കു വിൽക്കപ്പെടുന്ന തിരിച്ചറിയാവുന്ന ലേബലോടുകൂടിയ ഫിലിമും പരിഗണിക്കുക. ആയിരക്കണക്കിനു ഡോളർ വിലപിടിപ്പുള്ള വാച്ച് ഇപ്രാവശ്യം നിങ്ങൾക്കു നൽകുന്നത് ഒരു തെരുവുകച്ചവടക്കാരനല്ല മറിച്ച് പ്രശസ്തമായൊരു കടയാണ്. വില അവിശ്വസനീയമാംവിധം വെട്ടിക്കുറച്ചിരിക്കുന്നു. അത്തരമൊരു വിലപിടിച്ച ടൈംപീസ് വാങ്ങാനാണു നിങ്ങൾ മാർക്കറ്റിൽ വന്നതെങ്കിൽ, നിങ്ങൾ അതു വാങ്ങിക്കുമായിരുന്നോ? സുഹൃത്തുക്കൾ നിങ്ങൾക്കു കാണിച്ചുതന്ന ഒരു കടയിൽ പ്രശസ്തമായ കമ്പനികളുടെ പാദരക്ഷകൾ ഗണ്യമായ ലാഭത്തിൽ കിട്ടും. അവ കേവലം തരംതാഴ്ന്ന അനുകരണങ്ങൾ അല്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?
കലാവസ്തുക്കളുടെ ലോകത്ത്, മോടിയുള്ള ചിത്രശാലകളിൽ, വിലപിടിപ്പുള്ള ചിത്രങ്ങൾ ശേഖരിക്കുന്നവർക്കുവേണ്ടി വമ്പിച്ച ലേലവിൽപ്പനയുണ്ട്. “ജാഗ്രത പാലിക്കുക, വർഷങ്ങൾ അനുഭവപരിചയമുള്ള വിദഗ്ധൻമാർ കബളിപ്പിക്കപ്പെടുന്നു. കച്ചവടക്കാർക്കും അതുതന്നെ സംഭവിക്കുന്നു. മ്യൂസിയം പരിപാലകർക്കും അങ്ങനെതന്നെ” എന്ന് ഒരു കലാവിദഗ്ധൻ മുന്നറിയിപ്പു നൽകി. അതുകൊണ്ട് സാധ്യമായ അനുകരണ നിർമാതാക്കളുടെ കപടോപായത്തെ തിരിച്ചറിയാൻതക്ക പരിചയമുണ്ടോ നിങ്ങൾക്ക്? ജാഗ്രത! പ്രസ്താവിച്ചിരിക്കുന്ന എല്ലാ ഇനങ്ങളും അനുകരണനിർമിതികൾ ആയിരിക്കാൻ കഴിയും. മിക്കപ്പോഴും അത് അങ്ങനെയാണ്. ഓർമിക്കുക, ഒരു വസ്തു വിരളവും മൂല്യമുള്ളതുമാണെങ്കിൽ എവിടെയെങ്കിലും ആരെങ്കിലും അതിനെ അനുകരിക്കാൻ ശ്രമിക്കുന്നു.
അനുകരണനിർമിതവസ്തുക്കളുടെ വിൽപ്പന 20,000 കോടി ഡോളറിന്റെ ഒരു ലോകവ്യാപക സംരംഭമാണെന്നും “അവ ഇരകളാക്കുന്ന വ്യവസായങ്ങൾ മിക്കവയെയുംകാൾ വേഗത്തിൽ അവ വളരുക”യും ചെയ്യുന്നുവെന്നു ഫോർബസ് മാഗസിൻ എഴുതി. വാഹനങ്ങളുടെ വ്യാജ പാർട്ട്സ് അമേരിക്കയിലെ വാഹനനിർമാതാക്കൾക്കും വിതരണക്കാർക്കും ലോകവ്യാപകമായ ആദായവരുമാനത്തിൽ ഒരു വർഷം 1,200 കോടി ഡോളർ നഷ്ടമുണ്ടാക്കുന്നു. “വ്യാജ പാർട്ട്സ് വിതരണക്കാരുടെ വ്യാപാരം തടയാൻ കഴിഞ്ഞാൽ യു.എസ്. വാഹന വ്യവസായം 2,10,000 പേർക്കുകൂടി ജോലിനൽകുമെന്ന് അതു പറയുന്നു”വെന്നു പ്രസ്തുത പത്രം റിപ്പോർട്ടു ചെയ്തു. അനുകരണനിർമാണം നടത്തുന്ന ഫാക്ടറികളിൽ ഏതാണ്ടു പകുതിയും ഐക്യനാടുകൾക്കു വെളിയിലാണെന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു, അവ മിക്കവാറും എല്ലായിടത്തുമുണ്ട്.
കൊല്ലാൻ കഴിയുന്ന അനുകരണനിർമാണങ്ങൾ
ചിലതരം അനുകരണനിർമിത ഉത്പന്നങ്ങൾ നിരുപദ്രവങ്ങളാണ്. ഇറക്കുമതി ചെയ്ത നട്ടുകളും ബോൾട്ടുകളും സ്ക്രൂകളും യു.എസ്. കമ്പോളത്തിലെ 600 കോടി ഡോളറിന്റെ 87 ശതമാനം വരും. എന്നാൽ, ഈ നട്ട്-ബോൾട്ട് ഇനങ്ങളുടെയെല്ലാം 62 ശതമാനത്തിനു വ്യാജമായി ചമച്ച ബ്രാൻഡ് പേരുകളും നിയമരഹിത ഗ്രേഡ് സ്റ്റാമ്പുകളും ഉണ്ടെന്ന് ഇന്നുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നു. ജനറൽ അക്കൗണ്ടിങ് ഓഫീസിന്റെ (ജിഇഒ) 1990 റിപ്പോർട്ട് കണ്ടെത്തിയതനുസരിച്ച്, ഏറ്റവും കുറഞ്ഞത് 72 അമേരിക്കൻ “അണുനിലയങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നട്ട്-ബോൾട്ട് ഇനങ്ങൾ താഴ്ന്ന നിലവാരമുള്ളവയാണെന്നാണ്. അവയിൽ ചിലതു സ്ഥാപിച്ചിരിക്കുന്നതു ന്യൂക്ലിയർ അപകടം സംഭവിച്ചാൽ അണുശക്തി നിലയം അടക്കുന്നതിനുള്ള വ്യൂഹത്തിലാണ്. പ്രശ്നം കൂടുതൽ വഷളായിത്തീരുകയാണെന്ന് ജിഇഒ പറയുന്നു. . . . , പ്രശ്നത്തിന്റെ വ്യാപ്തി നികുതിദായകർക്കുള്ള നഷ്ടത്തിന്റെ അല്ലെങ്കിൽ അത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് ഉളവാകുന്ന സാധ്യമായ അപകടങ്ങൾ, എന്നിവ അജ്ഞാതമാണ്” എന്നു ഫോർബെസ് റിപ്പോർട്ടു ചെയ്തു.
ഉപയോഗിക്കപ്പെടുന്ന ഉദ്ദേശ്യത്തിനു പര്യാപ്തമായ ശക്തിയില്ലാത്ത ഉരുക്കു ബോൾട്ടുകൾ തത്ത്വഹീനരായ ഇടപാടുകാർ വ്യാജമായി നിർമിച്ച് ഐക്യനാടുകളിലേക്കു കള്ളക്കടത്തു നടത്തിയിരിക്കുന്നതാണ്. അമേരിക്കൻ വേ പറയുന്നതനുസരിച്ച്, “അവയ്ക്ക് ഓഫീസ് കെട്ടിടങ്ങളുടെയും അണുനിലയങ്ങളുടെയും പാലങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും സുരക്ഷിതത്വത്തിനു ഭീഷണിയാവാൻ കഴിയും.”
കുറേ വർഷങ്ങൾക്കു മുമ്പ് 15 ആളുകളുടെ മരണത്തിനിടയാക്കിയ കാനഡയിലെ ബസ് അപകടത്തിനു കാരണം അനുകരണ ബ്രേക്ക് ലൈനിങ്ങുകൾ ആയിരുന്നുവെന്ന് ആരോപിക്കപ്പെട്ടു. യു.എസ്. സ്പേസ് ഷട്ടിൽ, സൈനിക ഹെലികോപ്ടറുകൾ തുടങ്ങിയവ കാണപ്പെടാനിടയില്ലാത്ത സ്ഥലങ്ങളിൽ വ്യാജ പാർട്ട്സ് കണ്ടെത്തിയതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. “നിങ്ങൾ വ്യാജമായ കാർട്ടിയർ വാച്ചിനെയോ റോളെക്സ് വാച്ചിനെയോ കുറിച്ചു സംസാരിക്കുമ്പോൾ സാമാന്യ ഉപഭോക്താവ് അത്ര താത്പര്യമുള്ളവനല്ല. എന്നാൽ നിങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും അപകടത്തിലായിരിക്കുമ്പോൾ, അതു പ്രസ്തുത സാഹചര്യത്തെ മാറ്റുന്നു” എന്ന് ഒരു പ്രമുഖ അനുകരണനിർമാണ അന്വേഷകൻ പറഞ്ഞു.
266 യു.എസ്. ആശുപത്രികൾക്കു വിറ്റ ഹാർട്ട് പേസ്മേക്കറുകൾ, അമേരിക്കൻ കമ്പോളത്തിൽ 1984-ൽ എത്തിച്ചേർന്ന അനുകരണ ജനനനിയന്ത്രണ ഗുളികൾ, 1979-ൽ കെനിയയുടെ കാപ്പി വിള നശിപ്പിച്ച, പ്രധാനമായും ശീമച്ചുണ്ണാമ്പുകൊണ്ടു നിർമിച്ച കുമിൾനാശിനി തുടങ്ങിയവ അപകടമുണ്ടാക്കാൻ പ്രാപ്തമായ അനുകരണനിർമിതികളുടെ പട്ടികയിൽപ്പെടുന്നു. ഉപഭോക്താക്കളുടെ ജീവൻ അപകടപെടുത്താൻ കഴിയുന്ന വ്യാജ ഔഷധങ്ങൾ വിപുലവ്യാപകമാണ്. ലോകവ്യാപകമായുള്ള അനുകരണ ഔഷധങ്ങളുടെ ഫലമായുള്ള മരണങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരിക്കാം.
അനുകരണനിർമിതമായ ചെറിയ ഭവന വൈദ്യുത സാമഗ്രികളെക്കുറിച്ച് ഏറിയ ഉത്കണ്ഠയുണ്ട്. “ഈ ഉത്പന്നങ്ങളിൽ ചിലവ വ്യാജമായ വ്യാപാര നാമങ്ങളോ അണ്ടർറൈറ്റേഴ്സ് ലബോറട്ടറി ലിസ്ററിങ് പോലുള്ള അധികാരപ്പെടുത്തലുകളോ വഹിക്കുന്നു” എന്ന് അമേരിക്കൻ വേ റിപ്പോർട്ടു ചെയ്തു. ഒരു സുരക്ഷിതത്വ എഞ്ചിനീയർ ഇപ്രകാരം പറഞ്ഞു: “എന്നാൽ അവ അതേ സുരക്ഷാ നിലവാരത്തോടെ നിർമിക്കപ്പെട്ടവയല്ല, അതുകൊണ്ട് അവ പൊട്ടിത്തെറിക്കും, വീടു തീപിടിക്കാനിടയാക്കും, സ്ഥാപിക്കപ്പെട്ടിരിക്കുന്ന മുഴു സാമഗ്രികളെയും സുരക്ഷിതത്വരഹിതമാക്കുകയും ചെയ്യും.”
ഐക്യനാടുകളിലും യൂറോപ്പിലും വ്യോമഗതാഗത സംഘങ്ങൾക്കും തത്തുല്യമായ ആപത്സൂചന നൽകപ്പെടുന്നു. ഉദാഹരണത്തിന്, ജർമനിയിലെ എയർലൈൻസ് തങ്ങളുടെ വസ്തുവിവരപട്ടികയിൽ വ്യാജ എൻജിനുകളും ബ്രേക്ക് പാർട്ട്സും കണ്ടെത്തി. “അനംഗീകൃത പാർട്ട്സ് (പിൻഭാഗത്തെ കറങ്ങുന്ന ദണ്ഡ് നട്ടുകൾ) ഉൾപ്പെട്ട അടുത്തകാലത്തെ ഒരു മാരകമായ ഹെലികോപ്റ്റർ തകർച്ചയെക്കുറിച്ചു യൂറോപ്പിലും കാനഡയിലും ബ്രിട്ടനിലും” അന്വേഷണം “നടന്നു വരികയാണെന്നു” ഗതാഗത ഉദ്യോഗസ്ഥൻമാർ പറഞ്ഞു. “വിമാനയാത്രയുടെ സുരക്ഷയ്ക്ക് ആപത്ക്കരമായ, അസംഖ്യം വ്യാജ വിമാന എഞ്ചിൻ പാർട്സ്, ബ്രേക്ക് സംവിധാനങ്ങൾ, നിലവാരം കുറഞ്ഞ ബോൾട്ടുകളും ഫാസ്റ്റ്നെറുകളും, ഇന്ധന സംവിധാനത്തിന്റെയും പറക്കൽ സംവിധാനത്തിന്റെയും ന്യൂനതയുള്ള പാർട്ട്സ്, അനംഗീകൃത കോക്പിറ്റ് ഉപകരണങ്ങൾ, വിമാന കമ്പ്യൂട്ടർ ഘടകങ്ങൾ തുടങ്ങിയവ ഏജൻറുമാർ പിടിച്ചെടുത്തു” എന്നു ഫ്ളൈറ്റ് സേഫ്റ്റി ഡൈജസ്റ്റ് റിപ്പോർട്ടു ചെയ്തു.
1989-ൽ നോർവേയിൽനിന്നു ജർമനിയിലേക്കുള്ള വഴിയിൽ 6,600 മീറ്റർ ഉയരത്തിൽ അതിവേഗതയിൽ പറന്നിരുന്ന ഒരു വാടക വിമാനം പെട്ടെന്നു തലകുത്തി താഴേക്കു പോന്നു. വാൽഭാഗം പിളർന്നുപോയി. തത്ഫലമായി വിമാനം ഉഗ്രമായി നിലംപതിക്കുകയും ചിറകുകൾ രണ്ടും തകർന്നു പോവുകയും ചെയ്തു. അതിനുള്ളിലുണ്ടായിരുന്ന 55 പേരും കൊല്ലപ്പെട്ടു. വാൽഭാഗംമുതൽ യാത്രക്കാരിരിക്കുന്ന ഭാഗംവരെയുള്ള ലോക്കിങ് പിന്നുകൾ എന്നറിയപ്പെടുന്ന ന്യൂനതയുള്ള ബോൾട്ടുകളായിരുന്നു തകർച്ചയ്ക്ക് ഇടയാക്കിയതെന്നു മൂന്നു വർഷത്തെ അന്വേഷണങ്ങൾക്കുശേഷം നോർവീജിയൻ വ്യോമയാന വിദഗ്ധർ കണ്ടുപിടിച്ചു. വിമാനം പറക്കുമ്പോഴത്തെ ആഘാത ശക്തിയെ ചെറുത്തുനിൽക്കാൻ കഴിയാത്ത ലോഹങ്ങൾകൊണ്ടാണു ബോൾട്ടുകൾ നിർമിച്ചിരുന്നതെന്നു സമ്മർദ പരിശോധനകൾ പ്രകടമാക്കി. ആ ലോക്കിങ് പിന്നുകൾ അനുകരണനിർമിതികളായിരുന്നു. അനുകരണനിർമാണം വിമാന ജോലിക്കാരുടെയും യാത്രക്കാരുടെയും ജീവനെ അപകടപ്പെടുത്തുന്ന, വർധിച്ചു വരുന്ന പ്രശ്നമായതിനാൽ വ്യോമ സുരക്ഷിതത്വ വിദഗ്ധൻമാർക്ക് ആ പദം സുപരിചിതമാണ്.
ദേശീയ ടെലിവിഷൻ ഐക്യനാടുകളിലെ ഗതാഗത വിഭാഗം ഇൻസ്പെക്ടർ ജനറലിനെ ഇൻറർവ്യൂ ചെയ്തപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: “എല്ലാ എയർലൈനുകളും വ്യാജ പാർട്ട്സ് സ്വീകരിച്ചിട്ടുണ്ട്. അവരെല്ലാവരുടെയും പക്കൽ അവയുണ്ട്. അവർക്കെല്ലാം പ്രശ്നങ്ങളുമുണ്ട്.” “അവർക്ക് ഇരുന്നൂറോ മുന്നൂറോ കോടി ഡോളർ വിലവരുന്ന ഉപയോഗപ്രദമല്ലാത്ത വസ്തുക്കളുള്ളതായാണു കണക്ക്” എന്നു വ്യോമയാന വ്യവസായം സമ്മതിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
അതേ ഇൻറർവ്യൂവിൽ, അനുകരണനിർമിത പാർട്ട്സ് ഒരു യഥാർഥ അപകടത്തെ പ്രതിനിധീകരിക്കുന്നുവെന്നു വ്യാജ പാർട്ട്സ് ഉൾപ്പെടുന്ന ധാരാളം രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് എഫ്ബിഐ-യ്ക്ക് അറിവുകൊടുത്തിട്ടുള്ള ഒരു വ്യോമയാന സുരക്ഷാ ഉപദേശകൻ മുന്നറിയിപ്പു നൽകി. “തത്ഫലമായി സമീപ ഭാവിയിൽ എന്നെങ്കിലും നമുക്ക് ഒരു വലിയ വിമാന ദുരന്തം നിശ്ചയമായും പ്രതീക്ഷിക്കാൻ കഴിയുമെന്നു ഞാൻ വിചാരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സ്വാർഥ താത്പര്യങ്ങളെ മറ്റുള്ളവരുടെ ജീവനെക്കാൾ മുന്നിൽ വെക്കാൻ അത്യാഗ്രഹത്തെ അനുവദിക്കുന്നവർക്ക് എതിരെയുള്ള കണക്കുതീർപ്പിൻ ദിവസം സമീപമാണ്. അത്യാഗ്രഹികൾ ദൈവരാജ്യം അവകാശമാക്കുകയില്ലെന്നു ദൈവത്തിന്റെ നിശ്വസ്ത വചനം പ്രസ്താവിക്കുന്നു.—1 കൊരിന്ത്യർ 6:9-10.
[9-ാം പേജിലെ ചിത്രങ്ങൾ]
തുണിത്തരങ്ങൾ, ചിത്രരചനകൾ, ആഭരണങ്ങൾ, ഔഷധങ്ങൾ, വിമാനപാർട്സുകൾ തുടങ്ങി—വിലപിടിപ്പുള്ള എന്തും അനുകരണനിർമാതാവിന്റെ മില്ലിൽ പൊടിക്കുന്ന ധാന്യങ്ങളാണ്
[10-ാം പേജിലെ ചിത്രം]
കൃത്രിമ എഞ്ചിൻ പാർട്സുകൾ, കേടുപാടുള്ള ബോൾട്ടുകൾ, കോക്പിറ്റ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ പാർട്സുകൾ എന്നിവയും സമാനമായ മറ്റ് അനുകരണനിർമിത പാർട്സുകളും മൂലമുണ്ടായ അപകടങ്ങളിൽ അനേകം ജീവൻ നഷ്ടമായിട്ടുണ്ട്