ആഫ്രിക്കയിലെ എയ്ഡ്സ്—ക്രൈസ്തവലോകം എത്രത്തോളം ഉത്തരവാദിയാണ്?
ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നതുപോലെ, “ക്രൈസ്തവലോകം” എന്ന പദപ്രയോഗം ബൈബിളിലെ ക്രിസ്ത്യാനിത്വത്തിനു വിരുദ്ധമായ നാമമാത്ര ക്രിസ്ത്യാനിത്വത്തെയാണു പരാമർശിക്കുന്നത്.
ക്രൈസ്തവലോകം
“നിവാസികളിൽ മിക്കവരും ക്രിസ്തീയ വിശ്വാസം പുലർത്തുന്നുവെന്ന് അവകാശപ്പെടുന്ന ലോകഭാഗങ്ങൾ.”—വെബ്സ്റ്റേഴ്സ് ന്യൂ വേൾഡ് ഡിക്ഷണറി.
എയ്ഡ്സ്
“രോഗപ്രതിരോധവ്യവസ്ഥയിലെ കോശങ്ങൾക്ക് ഒരു റിട്രോവൈറസിനാൽ ഉണ്ടാകുന്ന രോഗബാധയോടു ബന്ധപ്പെട്ട് ആർജിത രോഗപ്രതിരോധശേഷി ക്ഷയിച്ചുവരുന്ന ഒരവസ്ഥ.”—വെബ്സ്റ്റേഴ്സ് നയൻത് ന്യൂ കൊളീജിയേറ്റ് ഡിക്ഷണറി.
എയ്ഡ്സ് ഒരു ആഗോള പകർച്ചവ്യാധിയാണ്. കണക്കാക്കപ്പെടുന്നതനുസരിച്ച്, എയ്ഡ്സിനു കാരണമായ വൈറസ്, എച്ച്ഐവി, ഇപ്പോൾതന്നെ 1 കോടി 70 ലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ട്. അതു സത്വരം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്.
ഈ പകർച്ചവ്യാധിയോടു ബന്ധപ്പെട്ട ചികിത്സാപരവും രാഷ്ട്രീയവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് വളരെയധികം ശ്രദ്ധ കൊടുക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ ഉൾപ്പെട്ടിരിക്കുന്ന മതപരമായ പ്രശ്നങ്ങളെക്കുറിച്ച് അധികമൊന്നും പറയാറില്ല. മതം എയ്ഡ്സിന്റെ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം ചില വായനക്കാർക്കിപ്പോൾ വിചിത്രമായി തോന്നിയേക്കാം. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രൂപംകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം പരിശോധിക്കുമ്പോൾ അതു വിഡ്ഢിത്തമല്ല.
എയ്ഡ്സ് ആഫ്രിക്കയെ വിശേഷിച്ചും രൂക്ഷമായി ബാധിച്ചിരിക്കുന്നു.a ലോകത്തിലെ എയ്ഡ്സ് ബാധിതരിൽ 67 ശതമാനവും ഉള്ളത് ആ ഭൂഖണ്ഡത്തിലാണെന്നു ചിലർ പറയുന്നു. ഛാഡിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന എയ്ഡ്സ് രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 100 ഇരട്ടിയായി വർധിച്ചിരിക്കുന്നു. എന്നാൽ, അത്തരത്തിലുള്ള മൊത്തം രോഗബാധയിൽ മൂന്നിലൊന്നു മാത്രമേ റിപ്പോർട്ടു ചെയ്യപ്പെടുന്നുള്ളൂവെന്നു കണക്കാക്കപ്പെടുന്നു. ആഫ്രിക്കയിലെ പല നഗരപ്രദേശങ്ങളിലും മുതിർന്നവരുടെ ഇടയിലെ മരണത്തിന്റെ ഏറ്റവും സാധാരണമായ കാരണം എയ്ഡ്സ് ആയിത്തീർന്നിരിക്കുന്നുവെന്നു ലോകബാങ്കിന്റെ ഒരു റിപ്പോർട്ടു പറയുന്നു.
മതം—അതൊരു പങ്കു വഹിച്ചോ?
തീർച്ചയായും, ആ വിപത്തിന് ഉത്തരവാദിത്വം വഹിക്കുന്നത്, യേശുക്രിസ്തു പഠിപ്പിച്ച മതമായ ക്രിസ്ത്യാനിത്വമല്ല. എന്നിരുന്നാലും, താഴെ കാണിച്ചിരിക്കുന്നതുപോലെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന ആളുകളുള്ള നാടുകൾ “ക്രൈസ്തവലോക”ത്തിൽ ഉൾപ്പെടുന്നു. ക്രൈസ്തവലോകം അതിൽ വ്യക്തമായും ഉൾപ്പെട്ടിരിക്കുന്നു. സഭകൾ എയ്ഡ്സ് വൈറസ് ഉണ്ടാക്കിയെന്നോ അതു നേരിട്ടു പരത്തിയെന്നോ അല്ല. എന്നാൽ ആഫ്രിക്കയിൽ എയ്ഡ്സ് പടർന്നത് പ്രമുഖമായും കുത്തഴിഞ്ഞ ഉഭയഭോഗത്തിലൂടെയായിരുന്നു.b അതുകൊണ്ട്, എയ്ഡ്സിനെ ഒരു ധാർമിക പ്രശ്നം എന്നു വിളിക്കാൻ സാധിക്കും. മാത്രമല്ല, അതു കുഴപ്പിക്കുന്ന മതപരമായ ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. എന്തൊക്കെയാണെങ്കിലും, ആഫ്രിക്കൻ “ക്രിസ്ത്യാനിത്വം” പാശ്ചാത്യ നാടുകളിൽനിന്നു നേരിട്ടുള്ള ഒരു പറിച്ചുനടീലായിരുന്നു. തങ്ങളുടെ മതവിഭാഗം, പരമ്പരാഗതമായ ആഫ്രിക്കൻ രീതികളെക്കാൾ ശ്രേഷ്ഠമായ ഒരു ജീവിതരീതി പ്രദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ആഫ്രിക്കക്കാരെ മതപരിവർത്തനം നടത്താനുള്ള ശ്രമം സഭാനേതാക്കന്മാർ ഏറ്റെടുത്തു. അതിന്റെ പുതിയ അനുവർത്തികളുടെ ധാർമികത യഥാർഥത്തിൽ മെച്ചപ്പെടുത്താൻ ക്രൈസ്തവലോകത്തിന്റെ സ്വാധീനത്തിനു കഴിഞ്ഞോ? കൃത്യമായും, കടകവിരുദ്ധമാണു സംഭവിച്ചതെന്ന് എയ്ഡ്സ് പ്രതിസന്ധി വ്യക്തമായി എടുത്തുകാണിക്കുന്നു.
ഉദാഹരണമായി, ഛാഡ് എന്ന രാജ്യത്തിന്റെ കാര്യമെടുക്കുക. ഇതിലെ പ്രമുഖമായ നാലു നഗരങ്ങളിൽ, മൂന്നെണ്ണത്തിലും “ക്രിസ്തീയ” ജനതതിയാണ് അധികവും. പിന്നെ പ്രമുഖമായിട്ടുള്ളത് മുസ്ലീങ്ങളും. എന്നാൽ, ഈ മൂന്നു “ക്രിസ്തീയ” നഗരങ്ങളിലാണു വൈറസ് ഇപ്പോൾ കടുത്ത ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്! ആ ഭൂഖണ്ഡത്തിലുടനീളം അതേ മാതൃക ആവർത്തിക്കപ്പെടുന്നു. പേരുകൊണ്ട് ക്രിസ്തീയമായിരിക്കുന്ന മധ്യ ആഫ്രിക്കയിലും തെക്കൻ ആഫ്രിക്കയിലും, മുസ്ലീങ്ങൾ കൂടുതലുള്ള വടക്കൻ ആഫ്രിക്കയെക്കാൾ വളരെയധികം കൂടുതലാണു രോഗബാധയുടെ നിരക്ക്.
ആഫ്രിക്ക “ക്രിസ്തീയ”മായിത്തീർന്ന വിധം
ക്രിസ്തുവിന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന ആളുകളുടെ ഇടയിൽ ഈ വൈറസ് ഇത്രവേഗം പടർന്നത് എന്തുകൊണ്ടാണ്? വാസ്തവത്തിൽ, പല ആഫ്രിക്കക്കാരും സ്വയം ക്രിസ്ത്യാനികളെന്നു വിളിക്കുന്നുണ്ടെങ്കിലും, ബൈബിളിൽ നൽകിയിരിക്കുന്ന ക്രിസ്ത്യാനിത്വത്തിന്റെ ധാർമിക നിലവാരങ്ങളനുസരിച്ചു ജീവിക്കുന്നവർ സത്യത്തിൽ താരതമ്യേന ചുരുക്കമാണ്. ഇത്, ക്രൈസ്തവലോകത്തിലെ മിഷനറിമാർ ആഫ്രിക്കക്കാരെ “മതപരിവർത്തനം” ചെയ്ത രീതിയുടെ നേരിട്ടുള്ള ഒരു ഫലമാണെന്നു തോന്നുന്നു.
18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തിന്റെ പരമ്പരാഗത വിശ്വാസങ്ങൾ ആക്രമിക്കപ്പെട്ടു. വളരെ സാധാരണമായിത്തീർന്ന അമിതകൃത്തിപ്പ്, പലരുടെയും ദൃഷ്ടിയിൽ ബൈബിളിനെ പുരാതന സാഹിത്യത്തിലെ കേവലമൊരു കൃതിയാക്കി ചുരുക്കിക്കളഞ്ഞു. പരിണാമസിദ്ധാന്തവും സ്വീകാര്യത നേടിത്തുടങ്ങി, പുരോഹിതന്മാരുടെ ഇടയിൽ പോലും. സംശയത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു. വിശുദ്ധ തിരുവെഴുത്തുകളിലുള്ള വിശ്വാസം ചോദ്യം ചെയ്യപ്പെട്ടു. ഈ അന്തരീക്ഷത്തിൽ ആഫ്രിക്കക്കാരെ “മതപരിവർത്തനം” ചെയ്യാനുള്ള ക്രൈസ്തവലോകത്തിന്റെ ശ്രമങ്ങൾ നിർണായകമായി ഒരു മതേതര സ്വഭാവം കൈവരിച്ചതിൽ അതിശയിക്കാനില്ല. ധാർമികത സംബന്ധിച്ച ബൈബിൾ നിലവാരങ്ങളുമായി പൊരുത്തപ്പെടാൻ മതപരിവർത്തകരെ സഹായിക്കുന്നതിനെക്കാൾ മനുഷ്യത്വപരമായ പ്രവൃത്തികൾ ചെയ്യുന്നതിനു വളരെയധികം ഊന്നൽ കൊടുത്തുകൊണ്ടു സഭാമിഷനറിമാർ സാമൂഹിക സുവിശേഷം ഘോഷിക്കുകയാണുണ്ടായത്. ഒരുപക്ഷേ അറിയാതെതന്നെ, നിലവിലിരുന്ന ധാർമിക ചട്ടക്കൂടിനു തുരങ്കം വെക്കാനാണു വാസ്തവത്തിൽ മിഷനറിമാർ സഹായിച്ചത്.
ഉദാഹരണത്തിന്, പല ആഫ്രിക്കൻ സംസ്കാരങ്ങളിലും ബഹുഭാര്യത്വം ദീർഘകാലം ഒരാചാരമായിരുന്നു. എങ്കിലും, വ്യഭിചാരം സംബന്ധിച്ചു മിക്ക വർഗക്കാർക്കും കർശനമായ നിയമങ്ങൾ ഉണ്ടായിരുന്നതിനാൽ കുത്തഴിഞ്ഞ ലൈംഗികത വിരളമായിരുന്നു. ഛാഡിൽ നന്നായി അറിയപ്പെടുന്ന, ജോലിയിൽനിന്നു വിരമിച്ച, ഒരു സ്കൂളധ്യാപകനായ ജോസഫ് ഡാർനാസ് ഉണരുക!യോടു പറഞ്ഞത്, സഭാമിഷനറിമാർ വരുന്നതിനുമുമ്പ് “വ്യഭിചാരം ദൗർഭാഗ്യം കൈവരുത്തുമെന്നാണു വിചാരിച്ചിരുന്നത്” എന്നാണ്. “ജനസമൂഹത്തെ അപകടത്തിലാക്കുമെന്നതിനാൽ തെറ്റു ചെയ്ത വ്യക്തി കഠിനമായി ശിക്ഷിക്കപ്പെട്ടിരുന്നു—പലപ്പോഴും മരണമായിരുന്നു ശിക്ഷ.” അന്ധവിശ്വാസമോ? അതേ, എന്നാൽ അത്തരം വിശ്വാസങ്ങൾ അനുവാദാത്മകത കുറയ്ക്കുകതന്നെ ചെയ്തു.
പിന്നീട് ക്രൈസ്തവലോകത്തിലെ മിഷനറിമാരെത്തി. അവർ ബഹുഭാര്യത്വത്തിനെതിരെ പ്രസംഗിച്ചെങ്കിലും ധാർമികത സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ ശക്തിപ്പെടുത്താൻ ഒന്നുംതന്നെ ചെയ്തില്ല. അനുതാപമില്ലാത്ത പരസംഗക്കാരെയും വ്യഭിചാരികളെയും ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കണമെന്നു ബൈബിൾ പറയുന്നുണ്ടെങ്കിലും, അത്തരം തെറ്റുകാർക്കെതിരെ ക്രൈസ്തവലോകത്തിലെ സഭകൾ ശിക്ഷണനടപടി കൈക്കൊള്ളാറില്ല. (1 കൊരിന്ത്യർ 5:11-13) ഇന്നുവരെ, ആഫ്രിക്കയിലെ പ്രമുഖരായ പല രാഷ്ട്രീയക്കാരും അധാർമിക കാര്യങ്ങൾക്കു കുപ്രസിദ്ധിയുള്ളവരാണ്, എന്നിട്ടും അവർ നല്ല നിലയിലുള്ള സഭാംഗങ്ങളായി തുടരുന്നു. ആഫ്രിക്കയിലെ നാമമാത്ര ക്രിസ്ത്യാനികളുടെ ഇടയിൽ ദാമ്പത്യ വിശ്വസ്തത വിരളമാണ്.
കൂടാതെ, വൈദികരുടെ മോശമായ മാതൃകയുമുണ്ട്. കുടുംബോന്മുഖമായ ഈ സംസ്കാരത്തിൽ വിവാഹം കഴിച്ചു ധാരാളം കുട്ടികളുണ്ടായിരിക്കുന്നതു സാധാരണമാണ്. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം നിർമലതയും ബ്രഹ്മചര്യവും സംബന്ധിച്ച തങ്ങളുടെ പ്രതിജ്ഞകൾ ചവിട്ടിമെതിക്കുന്നതിൽ ഞെട്ടിക്കുന്ന എണ്ണം കത്തോലിക്കാ പുരോഹിതന്മാർക്കു ന്യായീകരണം തോന്നുന്നത്. 1980 മേയ് 3-ലെ ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഗ്രാമപ്രദേശത്തിന്റെ പല ഭാഗങ്ങളിലും, . . . പുരോഹിതന്മാരും ബിഷപ്പുമാരും ബഹുഭാര്യരാണ്.”
സ്വാഭാവികമായി, അത്തരം വിവാഹങ്ങൾ നിയമപരമാക്കപ്പെടുന്നില്ല, ആ “ഭാര്യമാർ” വാസ്തവത്തിൽ കേവലം വെപ്പാട്ടികൾ മാത്രമാണ്. അത്തരം ദുഷ്പെരുമാറ്റം അപ്രധാനമാണെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. ടൈംസ് പറയുന്നതനുസരിച്ച്, “ആഫ്രിക്കൻ പുരോഹിതൻ ക്രിസ്തുവിന്റെ ഒരു ദാസനായിരിക്കുന്നതിനു പകരം, അധികാരത്തിന്റെ പ്രതീകവും ശക്തിയുടെ സ്വരൂപവുമാണെന്ന് ഒരു പ്രമുഖ കത്തോലിക്കാ വൈദികൻ” സമ്മതിക്കുന്നു. ഈ “അധികാര സ്വരൂപങ്ങ”ളിൽനിന്നുള്ള സന്ദേശം “ഞാൻ ചെയ്യുന്നതുപോലെയല്ല, പിന്നെയോ പറയുന്നതുപോലെയാണു ചെയ്യേണ്ടത്” എന്നതാണെന്നു തോന്നുന്നു.
പാശ്ചാത്യ വിനോദത്തിന്റെ ആക്രമണം
സമീപ വർഷങ്ങളിൽ ആഫ്രിക്കയിലേക്ക് ഒഴുകിയെത്തിയിരിക്കുന്ന ലൈംഗികമായി അധാർമികമായ വിനോദത്തിന്റെ പ്രളയവും അവഗണിക്കാവുന്നതല്ല. അത്തരം വിനോദം പകരുന്ന, മേൽനോട്ടമില്ലാത്ത, പൊതു വീഡിയോ പാർലറുകൾ ഛാഡിൽ എവിടെയും—സ്വകാര്യ ഭവനങ്ങളിലും ഗരാജുകളിലും, മിക്കപ്പോഴും ഇരുട്ടിയതിനുശേഷം മുറ്റങ്ങളിലും—പൊന്തിവന്നിട്ടുണ്ട്. ഇവ കാണുന്നതിനു ചെലവു കുറവാണ്, 25 ഫ്രാങ്കോളമേ (5 യു.എസ്. സെൻറുകൾ) ചെലവാകുന്നുള്ളൂ. കൊച്ചുകുട്ടികൾ അതു കാണുന്നു. ഇതെല്ലാം എവിടെനിന്നാണു വരുന്നത്? അതിലധികവും വരുന്നത് പ്രധാനമായും ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രമായ ഐക്യനാടുകളിൽനിന്നാണ്!
എന്നാൽ പാശ്ചാത്യ സംസ്കാരത്തിന്റെ ആക്രമണത്തിനു കാഴ്ചക്കാരിൽ എന്തെങ്കിലും ഫലം ഉളവാക്കാൻ കഴിഞ്ഞിട്ടുണ്ടോ? മധ്യ ആഫ്രിക്കയിൽ 14 വർഷത്തെ അനുഭവജ്ഞാനമുള്ള യഹോവയുടെ സാക്ഷികളുടെ ഒരു മിഷനറി ഇങ്ങനെ പറയുന്നു: “പ്രാദേശിക ആളുകൾക്ക് അവർ വീഡിയോ കാസറ്റുകളിൽ കാണുന്നതിനെക്കാൾ പാശ്ചാത്യ ലോകവുമായി വളരെ കുറച്ചു ബന്ധമേ ഉള്ളൂ. ഈ സിനിമകളിൽ കാണുന്ന പാശ്ചാത്യരെപ്പോലെയായിരിക്കാൻ അവരാഗ്രഹിക്കുന്നു. ഇതു തെളിയിക്കാൻ പിൻബലമേകുന്ന രേഖകളൊന്നും ഞാൻ കണ്ടുപിടിച്ചിട്ടില്ല, എന്നാൽ അത്തരം വിനോദം ലൈംഗിക അധാർമികത പ്രോത്സാഹിപ്പിക്കുകതന്നെ ചെയ്യുന്നുവെന്ന് ഇവിടെയുള്ള മിക്കവർക്കും സ്പഷ്ടമായി തോന്നുന്നു.”
ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥർ മാരകമായ ഒരു രതിജരോഗത്തിന്റെ മുന്നേറ്റം തടയാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ക്രിസ്തീയ രാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നവ അധാർമികമായ, ഉയർന്ന അപകടസാധ്യതയുള്ള, പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചരണം അഴിച്ചുവിടുന്നത് എത്രയോ വിരോധാഭാസമാണ്! സ്വദേശത്തും വിദേശത്തും ഈ പ്രവണതയെ ഇല്ലാതാക്കാൻ സഭകൾ യാതൊന്നും ചെയ്യാതിരിക്കെ, ഛാഡ്, കാമറൂൺ എന്നിവ പോലുള്ള ചില ആഫ്രിക്കൻ ഗവൺമെൻറുകൾ അശ്ലീല വസ്തുക്കൾ തങ്ങളുടെ രാജ്യത്തേക്കു കടത്തുന്നതു നിരോധിക്കുകയോ ചുരുങ്ങിയപക്ഷം നിയന്ത്രിക്കുകയോ ചെയ്തിരിക്കുന്നു. എന്നാൽ അവരുടെ ശ്രമങ്ങൾ ആവർത്തിച്ചാവർത്തിച്ചു പരാജയമാണെന്നു തെളിഞ്ഞിരിക്കുന്നു.
ഇതിന്റെയെല്ലാം അന്തിമഫലം ആഫ്രിക്കൻ “ക്രിസ്ത്യാനിക”ളുടെ ഇടയിലുള്ള വ്യാപകമായ ധാർമിക അപക്ഷയമാണ്. മോശമായ സാമ്പത്തികാവസ്ഥകളും കുടിലമായ ഒരു ഫലം ചെലുത്തിയിട്ടുണ്ട്. തൊഴിൽ ക്ഷാമമുള്ളതുകൊണ്ട്, തൊഴിൽ കണ്ടെത്താൻ പുരുഷന്മാർ മാസങ്ങളോളം തങ്ങളുടെ കുടുംബങ്ങളിൽനിന്നു വിട്ടുനിൽക്കാൻ നിർബന്ധിതരാകുന്നു. അത്തരം പുരുഷന്മാർ സാധാരണ പ്രാദേശിക വേശ്യമാരുടെ ലക്ഷ്യങ്ങളാണ്. വേശ്യമാരാണെങ്കിലോ മിക്കപ്പോഴും ദാരിദ്ര്യത്തിന്റെ ഇരകളും. മാതാപിതാക്കൾ കനത്ത വധുവില ആവശ്യപ്പെടുന്നതും ഒരു ഘടകമാണ്. വധുവില കൊടുക്കാനുള്ള പണം സ്വരൂപിക്കാൻ കഴിയാത്തതുകൊണ്ടു പല പുരുഷന്മാരും വിവാഹം കഴിക്കുന്നില്ല. അതുകൊണ്ട്, ചിലർ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നതിൽ കലാശിക്കുന്നു. അത്തരം ധാർമികവും സാമ്പത്തികവുമായ അവസ്ഥകളിൽ, എയ്ഡ്സ് സത്വരം വ്യാപിച്ചിരിക്കുന്നു.
പ്രതിസന്ധിക്കുള്ള പരിഹാരം
ആഫ്രിക്കയിലെ എയ്ഡ്സ് പ്രതിസന്ധിയുടെ മുഴു കുറ്റവും വഹിക്കുന്നത് ക്രൈസ്തവലോകമല്ലെന്നതു വ്യക്തം. എന്നാൽ, അതിലധികവും അതു വഹിക്കുന്നു എന്നതു വേദനാകരമായി വ്യക്തമാണ്. “സത്യാരാധകർ” എന്നു യേശു വിളിച്ചവരുടെ കൂട്ടത്തിൽ ആയിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇതിനു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്.—യോഹന്നാൻ 4:23.
കുറ്റം ഉണ്ടായിരിക്കെത്തന്നെ എയ്ഡ്സ് പകർച്ചവ്യാധി തടയാൻ എന്തു ചെയ്യാൻ കഴിയും? ഗർഭനിരോധന ഉറകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഫ്രിക്കൻ ഗവമെൻറുകൾ എയ്ഡ്സ് പ്രതിരോധ പ്രചാരണ പരിപാടികൾ നടത്തിയിട്ടുണ്ട്. എന്നാൽ നൈജീരിയയ്ക്കു വേണ്ടിയുള്ള, ലോകാരോഗ്യസംഘടനയുടെ പ്രതിനിധിയായ ഡോ. സാമുവേൽ ബ്രൂ-ഗ്രേവ്സ് ഇങ്ങനെ തുറന്നു പറഞ്ഞു: “കുടുംബം . . . കുത്തഴിഞ്ഞ ലൈംഗികത ഒഴിവാക്കേണ്ടതുള്ളപ്പോൾതന്നെ . . . വ്യക്തി ആരോഗ്യാവഹമായ ഒരു ജീവിതരീതി സ്വീകരിക്കണം.”
എയ്ഡ്സ് ഒരു സാധാരണ പദമായിത്തീരുന്നതിനു ദീർഘനാൾ മുമ്പേ ബൈബിൾ കുത്തഴിഞ്ഞ ലൈംഗികതയെ കുറ്റംവിധിക്കുകയും ലൈംഗികശുദ്ധിയും ആത്മനിയന്ത്രണവും ദാമ്പത്യവിശ്വസ്തതയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (സദൃശവാക്യങ്ങൾ 5:18-20; 1 കൊരിന്ത്യർ 6:18) ഈ തത്ത്വങ്ങൾ പിൻപറ്റിയാൽ എയ്ഡ്സിൽനിന്നും മറ്റു രതിജരോഗങ്ങളിൽനിന്നും ഗണ്യമായ അളവിൽ സംരക്ഷണം ലഭിക്കുമെന്നുള്ളതിന് ആഫ്രിക്കയിലെ ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾക്കു നേരിട്ടുള്ള തെളിവു നൽകാൻ സാധിക്കും. ബൈബിൾ നിലവാരങ്ങളോടുള്ള അവരുടെ പറ്റിനിൽപ്പ് ക്രൈസ്തവലോകത്തെ യഥാർഥത്തിൽ കുറ്റംവിധിക്കുന്നു. ഈ യഥാർഥ ക്രിസ്ത്യാനികൾ “നീതി വസിക്കാനിരിക്കുന്ന” വരാൻപോകുന്ന പുതിയ ലോകത്തിൽ തങ്ങളുടെ പ്രത്യാശ വെക്കുകയും ചെയ്യുന്നു. (2 പത്രൊസ് 3:13) വിശ്വാസമുള്ള മനുഷ്യർക്ക് എയ്ഡ്സ് പ്രതിസന്ധിയിൽനിന്നുള്ള അന്തിമമായ പരിഹാരമാണ് അത്.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ 1992 ആഗസ്റ്റ് 8 ലക്കത്തിൽ (ഇംഗ്ലീഷ്) വന്ന “ആഫ്രിക്കയിലെ എയ്ഡ്സ്—അതെങ്ങനെ അവസാനിക്കും?” എന്ന പരമ്പര കാണുക.
b രക്തപ്പകർച്ചയിലൂടെയും ഞരമ്പിലൂടെ മയക്കുമരുന്നുകൾ കുത്തിവെക്കാൻ ഉപയോഗിച്ച സൂചികൾ പങ്കുവെക്കുന്നതിലൂടെയും ഈ രോഗം പകരാവുന്നതാണ്. ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയോ മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ ചെയ്ത ഇണകളിൽനിന്നും ഈ രോഗം നിഷ്കളങ്കരായ ചില ക്രിസ്ത്യാനികൾക്കു പിടിപെട്ടിട്ടുണ്ട്.
[20-ാം പേജിലെ ആകർഷകവാക്യം]
“ഗ്രാമപ്രദേശത്തിന്റെ പല ഭാഗങ്ങളിലും, . . . പുരോഹിതന്മാരും ബിഷപ്പുമാരും ബഹുഭാര്യരാണ്.”—ദ ന്യൂയോർക്ക് ടൈംസ്
[20-ാം പേജിലെ ചിത്രം]
ആഫ്രിക്കയിൽ ക്രൈസ്തവലോകത്തിലെ പുരോഹിതന്മാരുടെ മോശമായ മാതൃക കുത്തഴിഞ്ഞ ലൈംഗികതയെന്ന പകർച്ചവ്യാധിക്കു പ്രോത്സാഹനമേകിയിരിക്കുന്നു
[21-ാം പേജിലെ ചിത്രം]
“ക്രിസ്തീയ” രാഷ്ട്രങ്ങൾ കയറ്റുമതി ചെയ്യുന്ന അധാർമിക വിനോദങ്ങൾക്കു വിധേയരാണ് കുട്ടികൾ