സ്വീകാര്യമായ പരിഹാരങ്ങൾ തേടി
മോട്ടോർവാഹനങ്ങൾ മാത്രമല്ല മലിനീകരണം ഉണ്ടാക്കുന്നത്. സ്വകാര്യ വീട്ടുകാരും വ്യവസായ പ്ലാന്റുകളും പവർ സ്റ്റേഷനുകളും ഉത്തരവാദിത്വം പങ്കിടേണ്ടതുണ്ട്. എങ്കിലും, മോട്ടോർവാഹനങ്ങൾ ആഗോള മലിനീകരണമുണ്ടാക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്.
വാസ്തവത്തിൽ, ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ എന്ന പുസ്തകം ഇങ്ങനെ പറയാൻ മുതിരുന്നു: “ഈ നാശനഷ്ടങ്ങളൊക്കെ—പ്രത്യേകിച്ച് കാർബൺ ഡയോക്സൈഡിന്റെ ഉത്സർജനം മൂലം നമ്മുടെ കാലാവസ്ഥയ്ക്കുണ്ടാകുന്ന നാശം—കണക്കിലെടുക്കേണ്ടിവന്നാൽ കാറുകൾ ഒരുപക്ഷേ ഒരിക്കലും നിർമിച്ചില്ലെന്നു വരാം.” എന്നാൽ അതിപ്രകാരം സമ്മതിച്ചുപറയുന്നു: “എന്നാൽ കാർ നിർമാതാക്കളോ റോഡു വ്യവസായമോ ഗവൺമെൻറ് ഏജൻസികളോ വാസ്തവത്തിൽ സ്വകാര്യ ഗതാഗതത്തെ കൂടുതൽക്കൂടുതൽ ആശ്രയിച്ചുവരുന്ന പൊതുജനമോ പരിചിന്തിക്കാൻ തയ്യാറല്ലാത്ത ഒരു പരിഹാരമാർഗമാണ്.”
മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാങ്കേതികവിദ്യക്കു മലിനീകരണരഹിതമായ ഒരു കാർ ഉണ്ടാക്കാൻ കഴിയേണ്ടതല്ലേ? ചെയ്യുന്നത് ഒരിക്കലും പറയുന്നതിന്റെ അത്രയും എളുപ്പമല്ല. അതുകൊണ്ടു മലിനീകരണരഹിതമായ ഒരു കാർ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതുവരെ സ്വീകാര്യമായ മറ്റു പരിഹാരങ്ങൾക്കുള്ള തിരച്ചിൽ തുടരുന്നു.
മാലിന്യകാരികളുടെ അളവു കുറയ്ക്കൽ
മാലിന്യകാരികളുടെ ഉത്സർജനം കുറയ്ക്കുന്നതിനു മോട്ടോർവാഹനങ്ങളിൽ നിയന്ത്രണങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമം 1960-കളിൽ ഐക്യനാടുകൾ പാസ്സാക്കി. മറ്റു രാജ്യങ്ങളും ഗവൺമെന്റുകളും പിന്നീട് അതുതന്നെ ചെയ്തു.
ഉപദ്രവകാരികളായ മാലിന്യകാരികളെ അരിച്ചുമാറ്റുന്നതിനുവേണ്ടി ഉൽപ്രേരക പരിവർത്തനികൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതിന് ഈയമടങ്ങിയിട്ടില്ലാത്ത പെട്രോൾ ആവശ്യമുണ്ട്. മോട്ടോർയാത്രികരിൽ വളരെയധികം പേർ ഈയമടങ്ങിയിട്ടില്ലാത്ത വാതകം ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷമുള്ള 1976-നും 1980-നും ഇടയ്ക്കുള്ള കാലയളവിൽ അമേരിക്കക്കാരുടെ രക്തത്തിലെ ഈയത്തിന്റെ അളവ് മൂന്നിലൊന്നായി താഴ്ന്നു. അതു നല്ലൊരു സംഗതിയാണ്, കാരണം ഈയം അമിതമായാൽ അത് നാഡീവ്യവസ്ഥയെ ബാധിക്കുകയും പഠനപ്രാപ്തിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ദുഃഖകരമെന്നു പറയട്ടെ, വികസിത ലോകത്തെ പല രാജ്യങ്ങളിലും ഈയത്തിന്റെ അളവു കുറഞ്ഞെങ്കിലും അൽപ്പ വികസിത രാജ്യങ്ങളുടെ കാര്യത്തിൽ അതുതന്നെ പറയാൻ കഴിയില്ല.
ഉൽപ്രേരക പരിവർത്തനികളുടെ പ്രവർത്തനം തൃപ്തികരമാണ്. എന്നാൽ അവയുടെ ഉപയോഗം സംബന്ധിച്ച് ഇപ്പോഴും വിവാദമുണ്ട്. ഈയം ചേർക്കാഞ്ഞതുകൊണ്ടു പ്രവർത്തനശേഷി കുറഞ്ഞതു നിമിത്തം പെട്രോളിന്റെ ഹൈഡ്രോകാർബൺ ഘടന മാറ്റി. ഇതിന്റെ ഫലമായി ബെൻസീൻ, ടൊളുവിൻ തുടങ്ങിയ അർബുദവളർച്ചയ്ക്കു പ്രേരകമായ വസ്തുക്കളുടെ ഉത്സർജനം വർധിച്ചു. ഉൽപ്രേരക പരിവർത്തനികൾ ഇവയുടെ ഉത്സർജനത്തിന്റെ അളവു കുറയ്ക്കുന്നില്ല.
കൂടാതെ, ഉൽപ്രേരക പരിവർത്തനികൾ പ്ലാറ്റിനത്തിന്റെ ഉപയോഗം ആവശ്യമാക്കിത്തീർക്കുന്നു. പാതയരികിലെ പൊടിയിൽ പ്ലാറ്റിനം കൂടിയ അളവിൽ നിക്ഷേപിക്കപ്പെടുന്നത് അവയുടെ പാർശ്വഫലങ്ങളിൽ ഒന്നാണെന്ന് ബ്രിട്ടനിലെ ഇംപീരിയൽ കോളെജിലെ പ്രൊഫെസർ ഇയൻ തോൺടൺ പറയുന്നു. “പ്ലാറ്റിനത്തിന്റെ ലായക രൂപങ്ങൾ ഭക്ഷ്യശൃംഖലയിൽ കടക്കുന്നതിനുള്ള” സാധ്യതയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി.
“ഉൽപ്രേരക പരിവർത്തനികൾ, ജപ്പാനിലും ദക്ഷിണ കൊറിയയിലും വടക്കേ അമേരിക്കയിലും അനേകം യൂറോപ്യൻ രാജ്യങ്ങളിലും” ഏതുതരത്തിലുള്ള വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും “കാറുകളുടെ എണ്ണത്തിൽ ലോകമെമ്പാടുമുണ്ടായ വമ്പിച്ച വർധനവ് വായുവിന്റെ ഗുണമേൻമയുടെ പ്രയോജനങ്ങളെ തീർത്തും ഇല്ലാതാക്കിയിരിക്കുന്നു” എന്ന് ഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ എന്ന പുസ്തകം യാഥാർഥ്യബോധത്തോടെ സമ്മതിച്ചുപറയുന്നു.
വേഗം കുറയ്ക്കൽ
കാറിൽനിന്നുള്ള ഉത്സർജനങ്ങളുടെ അളവു കുറയ്ക്കാനുള്ള മറ്റൊരു മാർഗം വേഗം കുറച്ച് ഓടിക്കുന്നതാണ്. എന്നാൽ അടുത്തകാലത്ത് ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങൾ വേഗപരിധി കൂട്ടിയിട്ടുണ്ട്. ജർമനിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ജനസമ്മതിയില്ല. മണിക്കൂറിൽ 150 കിലോമീറ്ററിലേറെ സ്ഥിരമായ വേഗം അനായാസം സാധ്യമാക്കുന്ന ശക്തിമത്തായ യന്ത്രങ്ങൾ നിർമിക്കാനുള്ള പ്രാപ്തിയുടെ അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്ന കാർ നിർമാതാക്കളും അനേകം ഡ്രൈവർമാരും ഇതിനോടു സ്വാഭാവികമായും എതിരാണ്. എന്നിരുന്നാലും, പരിസ്ഥിതി കാരണങ്ങളാൽ മാത്രമായിരിക്കാതെ സുരക്ഷിതത്വത്തിനുവേണ്ടിയും ഇപ്പോൾ അധികമധികം ജർമൻകാർ വേഗപരിധികൾ സ്വീകരിക്കാൻ മനസ്സൊരുക്കം കാണിക്കുന്നതായി കാണുന്നു.
മലിനീകരണം അസ്വീകാര്യമായ അളവിൽ എത്തിച്ചേരുമ്പോൾ വേഗം കുറയ്ക്കാൻ അല്ലെങ്കിൽ ഒരുപക്ഷേ ഡ്രൈവിങ് തന്നെ നിർത്താൻ ചില രാജ്യങ്ങൾ ഡ്രൈവർമാരോട് ആവശ്യപ്പെടുന്നു. ഓസോണിന്റെ അളവുകൾ വളരെ ഉയരുന്നപക്ഷം, വേഗപരിധികൾ പ്രയോഗത്തിൽ വരുത്തുന്നതിനോട് 80 ശതമാനം ജർമൻകാർ യോജിക്കുമെന്ന് 1995-ലെ ഒരു അഭിപ്രായ വോട്ടെടുപ്പു വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളിൽ ഡ്രൈവിങ് നിരോധിക്കാനുള്ള നടപടികൾ, ഏഥൻസും റോമും ഉൾപ്പെടെ ലോകമെമ്പാടുമുള്ള അനേകം നഗരങ്ങൾ ഇപ്പോൾത്തന്നെ സ്വീകരിച്ചിട്ടുണ്ട്. മറ്റുചില നഗരങ്ങൾ അതുതന്നെ ചെയ്യുന്നതിനെക്കുറിച്ചു പരിചിന്തിക്കുന്നു.
സൈക്കിളുകൾ ഉപയോഗിക്കൽ
ഗതാഗതം കുറയ്ക്കുന്നതിനുവേണ്ടി ചില നഗരങ്ങൾ ബസ് യാത്രയ്ക്ക് പ്രത്യേക നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നു. മറ്റുചില നഗരങ്ങൾ, ലഭ്യമായ സ്ഥലങ്ങളിൽ തങ്ങളുടെ കാറുകൾ പാർക്കുചെയ്യുന്നതിന് ഒരു ചെറിയ ഫീസു നൽകുന്ന ഡ്രൈവർമാർക്ക് സൗജന്യ ബസ്യാത്ര അനുവദിക്കുന്നു. വേറെചില നഗരങ്ങൾ ബസുകളുടെയും ടാക്സികളുടെയും വേഗം വർധിപ്പിക്കുന്നതിനായി ഈ വാഹനങ്ങൾക്കു മാത്രമായി നിരത്തുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഈ പ്രശ്നത്തോടു പോരാടുന്നതിനുള്ള ഒരു നൂതന മാർഗത്തെക്കുറിച്ച് ദി യൂറോപ്യൻ അടുത്തകാലത്ത് എഴുതുകയുണ്ടായി: “1960-കളുടെ ഒടുവിൽ നെതർലൻഡ്സിൽ നടന്ന ഒരു പ്രചരണ പരിപാടിയാൽ പ്രചോദിതരായ, പ്രഗത്ഭരായ ഡെൻമാർക്കുകാർ ചതുർചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ആളുകളെ പ്രേരിപ്പിച്ചുകൊണ്ടു വായു മലിനീകരണവും ഗതാഗത ബാഹുല്യവും കുറയ്ക്കാനുള്ള ഒരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നു.” കോപ്പെൻഹേഗൻ തെരുവുകളിലെമ്പാടും വ്യത്യസ്ത സ്ഥാനങ്ങളിൽ സൈക്കിളുകൾ വെച്ചിരിക്കുന്നു. ഒരു ഉപകരണത്തിലേക്ക് ഒരു നാണയത്തുട്ട് ഇട്ടാൽ ഒരു സൈക്കിൾ ലഭിക്കും. പിന്നീട് സൈക്കിൾ സൗകര്യമുള്ള ഒരു സ്ഥാനത്തേക്കു തിരികെവയ്ക്കുമ്പോൾ നിക്ഷേപിച്ച പണം തിരിച്ചെടുക്കാവുന്നതാണ്. ഈ പദ്ധതി പ്രായോഗികമെന്നു തെളിയുകയും ജനപ്രീതിയർഹിക്കുകയും ചെയ്യുമോയെന്നു കാലം തെളിയിക്കും.
കാറുകൾക്കു പകരം സൈക്കിളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വൺ-വേ തെരുവുകളിൽ വാഹനങ്ങൾ പോകുന്നതിന്റെ എതിർദിശയിൽ സൈക്കിളോടിക്കാൻ ചില ജർമൻ നഗരങ്ങൾ സവാരിക്കാർക്ക് അനുമതി നൽകുന്നു! നഗരത്തിലെ മൊത്തം യാത്രകളുടെ ഏതാണ്ടു മൂന്നിലൊന്നും ഗ്രാമപ്രദേശങ്ങളിലേതിന്റെ മൂന്നിലൊന്നിലധികവും മൂന്നു കിലോമീറ്ററിൽ കുറവായതിനാൽ പൗരൻമാരിൽ പലർക്കും കാൽനടയായോ സൈക്കിളിലോ മിക്കപ്പോഴും ലക്ഷ്യസ്ഥാനത്തു സുഗമമായി എത്തിച്ചേരാവുന്നതാണ്. ഇതു മലിനീകരണം കുറയ്ക്കാൻ സഹായിക്കും; അതേസമയം സവാരിക്കാർക്ക് ആവശ്യത്തിനുള്ള വ്യായാമവും ലഭിക്കും.
പുനഃരൂപകൽപ്പന ചെയ്യൽ
മലിനീകരണരഹിതമായ മോട്ടോർവാഹനങ്ങളുടെ രൂപകൽപ്പനചെയ്യൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികൊണ്ട് ഓടുന്ന വൈദ്യുത കാറുകൾ ഉണ്ടാക്കിയെടുത്തിരിക്കുന്നു, എന്നാൽ അവയുടെ വേഗവും പ്രവർത്തന സമയവും പരിമിതമാണ്. സൗരോർജംകൊണ്ട് ഓടുന്ന കാറുകളുടെ കാര്യവും ഇതുതന്നെ.
അന്വേഷിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സാധ്യത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുക എന്നതാണ്. ഹൈഡ്രജൻ കത്തുമ്പോൾ മിക്കവാറുംതന്നെ മാലിന്യകാരികളെ പുറത്തുവിടുന്നില്ല. എന്നാൽ അതിന്റെ വില ഭയങ്കരമാണ്.
ഭാവിയിലേക്കുവേണ്ടി കാർ രൂപകൽപ്പന ചെയ്യുന്നതിൽ ഗവൺമെന്റും യു.എസ്. മോട്ടോർവാഹന വ്യവസായവും സഹകരിക്കുമെന്ന് മോട്ടോർവാഹനം വീണ്ടും കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് യു.എസ്. പ്രസിഡൻറ് ക്ലിന്റൺ 1993-ൽ പ്രഖ്യാപിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നമ്മുടെ രാജ്യം ഉദ്യമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും ഗംഭീരമായ സാങ്കേതിക സാഹസം ആരംഭിക്കുന്നതിനു നാം ശ്രമിക്കാൻ പോകുകയാണ്.” അദ്ദേഹം പറഞ്ഞതുപോലെയുള്ള, “21-ാം നൂറ്റാണ്ടിനായുള്ള പൂർണമായി ഫലപ്രദവും പരിസ്ഥിതിക്ക് അനുകൂലവുമായ ഒരു വാഹനം നിർമിക്കാൻ” കഴിയുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു ദശകത്തിനുള്ളിൽ അതിന്റെ ഒരു പൂർവമാതൃക ഉണ്ടാക്കിയെടുക്കാൻ ഉദ്ദേശിക്കുന്നു—എന്നാൽ ചെലവു ഭാരിച്ചതാണ്.
ചില കാർ നിർമാതാക്കൾ പെട്രോളും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിക്കുന്ന മാതൃകകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. വൈദ്യുത സ്പോർട്സ് കാർ ജർമനിയിൽ ഇപ്പോൾത്തന്നെ—ഉയർന്നവിലയ്ക്കു—ലഭ്യമാണ്. ഒമ്പതു സെക്കന്റുകൊണ്ട്, നിന്ന നിൽപ്പിൽനിന്നു മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത്തിലാകാനും അവിടെനിന്നു ക്രമാനുഗതമായി ഏറ്റവും ഉയർന്ന വേഗമായ 180-ൽ എത്താനും അവയ്ക്കു കഴിയും. എന്നാൽ 200 കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോൾ അതു നിന്നുപോകുന്നു. വീണ്ടും ഓടണമെങ്കിൽ ബാറ്ററികൾ കുറഞ്ഞതു മൂന്നു മണിക്കൂർ നേരത്തേക്കെങ്കിലും വീണ്ടും ചാർജു ചെയ്യണം. ഗവേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്, കൂടുതലായ പുരോഗതി പ്രതീക്ഷിക്കുന്നു.
പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രം
വിഷപ്പുകകളിൽനിന്ന് എങ്ങനെ ഒഴിവാകണമെന്നതു പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. തിരക്കേറിയ ഒരു റോഡിന്റെ സമീപത്തു പാർക്കുന്ന ആർക്കും അറിയാവുന്നതുപോലെ കാറുകൾ ശബ്ദ മലിനീകരണവും ഉണ്ടാക്കുന്നു. തുടർച്ചയായ ഗതാഗത കോലാഹലം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇതും പരിഹാരം ആവശ്യമായിരിക്കുന്ന പ്രശ്നത്തിന്റെ ഒരു പ്രഥമ ഭാഗമാണ്.
മൈലുകണക്കിനുള്ള വൃത്തികെട്ട പ്രധാനനിരത്തുകളും അവയുടെ അരികുതോറുമുള്ള കാണാൻ കൊള്ളാത്ത ബിസിനസ് സ്ഥലങ്ങളും പരസ്യപ്പലകകളും സ്വതവേ ഭംഗിയുള്ള നാട്ടിൻപുറങ്ങളുടെ ഭംഗി നശിപ്പിക്കുന്നുവെന്നു പ്രകൃതി സ്നേഹികൾ ചൂണ്ടിക്കാണിക്കും. എന്നാൽ കാറുകളുടെ എണ്ണം വർധിക്കുന്നതോടെ കൂടുതൽ റോഡുകൾക്കായുള്ള ആവശ്യവും വർധിക്കുന്നു.
ചില മോട്ടോർവാഹനങ്ങൾ, ഉടമസ്ഥർ ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ വർഷങ്ങളോളം മലിനീകരണം നടത്തിയതു കൂടാതെ “കാലഹരണപ്പെട്ടതിനുശേഷ”വും മലിനീകരണം തുടരുന്നു. കണ്ണിന് അരോചകമായ, ഉപേക്ഷിക്കപ്പെട്ട കാറുകൾ നാട്ടിൻപുറത്ത് അമിതമായി കുന്നുകൂടുന്നത് ഒഴിവാക്കാനായി ചില സ്ഥലങ്ങളിൽ നിയമം പാസ്സാക്കേണ്ടി വരത്തക്കവണ്ണം അവ അത്ര വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു. പുനരുപയോഗിക്കാൻ എളുപ്പമുള്ള പദാർഥങ്ങൾക്കൊണ്ടുള്ള ഒരു മാതൃകാ മോട്ടോർവാഹനം എന്നെങ്കിലും നിർമിക്കാൻ കഴിയുമോ? അത്തരമൊരു വാഹനം ദൃഷ്ടിപഥത്തിലെങ്ങുമില്ല.
“ജർമൻകാരിൽ മിക്കവരും പരിസ്ഥിതിയെക്കുറിച്ചു വളരെയധികം ചിന്തയുള്ളവരാണ്” എന്ന് അടുത്തകാലത്തെ ഒരു പത്രം സൂചിപ്പിക്കുന്നു. “എന്നാൽ അതനുസരിച്ചു പ്രവർത്തിക്കുന്നവർ ചുരുക്കമേയുള്ളൂ” എന്ന് അതു കൂട്ടിച്ചേർക്കുന്നു. ഒരു ഗവൺമെൻറ് അധികാരി ഇപ്രകാരം പറയുന്നതായി ഉദ്ധരിക്കപ്പെടുന്നു: “ആരും താൻ കുറ്റക്കാരനാണെന്നു വിചാരിക്കുന്നില്ല, ഉത്തരവാദിത്വമേൽക്കാനും ആരും ഇഷ്ടപ്പെടുന്നില്ല.” അതേ, “സ്വസ്നേഹികളും. . .യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും” ആയ ആളുകൾ സവിശേഷതയായിരിക്കുന്ന ഒരു ലോകത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുക ബുദ്ധിമുട്ടാണ്.—2 തിമോത്തി 3:1-3, NW.
എന്നിട്ടും, സ്വീകാര്യമായ പരിഹാരങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മലിനീകരണത്തിനും മോട്ടോർവാഹനത്തിനുമുള്ള ഒരു ഉത്തമ പരിഹാരം എന്നെങ്കിലും കണ്ടെത്താൻ കഴിയുമോ?
[7-ാം പേജിലെ ചിത്രം]
പൊതു വാഹനങ്ങളിൽ യാത്രചെയ്തുകൊണ്ടോ കാർ കൂട്ടുചേർന്ന് ഉപയോഗിച്ചുകൊണ്ടോ സൈക്കിളിൽ യാത്രചെയ്തുകൊണ്ടോ നമുക്കു മലിനീകരണം കുറയ്ക്കാൻ കഴിയുമോ?