ഞങ്ങളുടെ വായനക്കാരിൽനിന്ന്
വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ ഞാൻ ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴാണ് ഒരാൾ എനിക്ക് “വിദ്യാലയങ്ങൾ പ്രതിസന്ധിയിൽ” എന്ന ലക്കം നൽകിയത്. (ഡിസംബർ 22, 1995) ആ വിഷയത്തെക്കുറിച്ചു ഞാൻ അടുത്തയിടെ വായിച്ച ഒരു മുഴു പുസ്തകത്തെക്കാളും പ്രയോജനപ്രദമായിരുന്നു അത്. ഉണരുക! ഒരു വരിസംഖ്യാടിസ്ഥാനത്തിൽ എന്റെ വീട്ടിലേക്ക് അയച്ചുതരാൻ കഴിയുമെങ്കിൽ ഞാൻ വളരെ നന്ദിയുള്ളവളായിരിക്കും.
വി. സി., ഐക്യനാടുകൾ
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനെക്കുറിച്ചുള്ള ഭാഗം ഞാൻ സ്കൂളിലായിരുന്നപ്പോഴത്തെ ഒരു സംഭവത്തെക്കുറിച്ച് എന്നെ ഓർമിപ്പിച്ചു. എനിക്കൊരു വാചിക റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു, എന്നാൽ അന്ന് എന്റെ ഇംഗ്ലീഷ് വളരെ പരിമിതമായിരുന്നു. അവതരണത്തിനുശേഷം, തനിക്കു വളരെ മതിപ്പുതോന്നിയെന്നും ശരിയായ ശരീരനിലയും സദസ്സിനോട് ദൃഷ്ടി സമ്പർക്കവും ഉണ്ടായിരുന്നത് എനിക്കു മാത്രമായിരുന്നുവെന്നും അവതരണത്തിനുശേഷം എന്റെ അധ്യാപകൻ പറഞ്ഞു. രാജ്യഹാളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നമുക്കു ലഭിക്കുന്ന വിശിഷ്ടമായ പരിശീലനം നിമിത്തമാണ് എനിക്ക് ഇതു ചെയ്യാൻ കഴിഞ്ഞത്.
ജി. എ., ഐക്യനാടുകൾ
ഈ ലേഖനങ്ങൾ എന്നിൽ ഇത്ര ശക്തമായ വൈകാരിക പ്രതികരണം ഉണർത്തുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. ഞാൻ സ്കൂളിലായിരുന്നപ്പോൾ എനിക്കു പിന്തുണനൽകാൻ കഴിയാത്തവിധം എന്റെ മാതാപിതാക്കൾ അവരുടെ സ്വന്തം പ്രശ്നങ്ങളിൽ ആമഗ്നരായിരുന്നു. അതിന്റെ ഫലമായി, സ്കൂളിലായിരുന്ന സമയത്ത് എനിക്കു വളരെ ഏകാന്തമായ ചില സമയങ്ങളുണ്ടായിരുന്നു. യഹോവ യുവജനങ്ങളെ സ്നേഹിക്കുന്നുവെന്നും ഈ ലോകത്തിൽ അവർക്ക് ഏകാന്തത തോന്നാൻ അവൻ ആഗ്രഹിക്കുന്നില്ലെന്നും ഇതുപോലുള്ള ലേഖനങ്ങൾ നിമിത്തം ഞാൻ മനസ്സിലാക്കുന്നു.
എം. എം., ഐക്യനാടുകൾ
മാലി “മാലിയിൽ ആദ്യത്തേത്” (ഡിസംബർ 22, 1995) എന്ന ലേഖനം ഗംഭീരമായിരുന്നു. ഞാൻ അതു മൂന്നു തവണ വായിച്ചു. ഒരു മിഷനറിയായിത്തീരാൻ എന്റെ ചുറ്റുപാടുകൾ എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്നു ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു! നാം ആസ്വദിക്കുന്ന സൗകര്യങ്ങൾ ഇല്ലെങ്കിലും സന്തുഷ്ടരായിരിക്കുന്ന അനേകം ആളുകളുണ്ടെന്നു മനസ്സിലാക്കാനും ലേഖനം എന്നെ സഹായിച്ചു. സമയോചിതമായ എന്തൊരു ഓർമിപ്പിക്കൽ!
ഡി. എൽ., ഐക്യനാടുകൾ
പറക്കും ശിലകൾ കൊള്ളിമീനും ഉൽക്കാശിലയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പ് ഞാൻ അത്ഭുതപ്പെട്ടിരുന്നു. അതേ സംഗതിയെക്കുറിച്ചുതന്നെ വിശദീകരിച്ച, “പറക്കും ശിലകൾ” (ഡിസംബർ 8, 1995) എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ എന്റെ അതിശയം ഒന്നു സങ്കൽപ്പിക്കൂ. യഹോവയുടെ സൃഷ്ടിയുമായി ഞങ്ങളെ സുപരിചിതരാക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിങ്ങൾക്കു നന്ദി.
ആർ. പി., സ്വിറ്റ്സർലൻഡ്
ആൻഡ്രുവിൽ നിന്നു പഠിക്കുന്നു “ആൻഡ്രുവിൽ നിന്നു ഞങ്ങൾ പഠിച്ചത്” എന്ന തലക്കെട്ടിലുള്ള, ഡൗൺസ് സിൻഡ്രോമുള്ള യുവാവിനെക്കുറിച്ചുള്ള ലേഖനം ഞാൻ വായിച്ചതേയുള്ളൂ. (ഡിസംബർ 8, 1995) മാനസിക വൈകല്യം ബാധിച്ച ഒരു കുട്ടി ഞങ്ങൾക്കുമുണ്ട്. ആൻഡ്രുവിന്റെ മാതാപിതാക്കളുടെ അഭിപ്രായങ്ങളിൽ പലതും ഞങ്ങളുടെ വിചാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. മാനസിക വൈകല്യമുള്ള ഒരു കുട്ടി ഉണ്ടായിരിക്കുന്നതുമൂലം ഉളവാകുന്ന പ്രത്യേക വൈഷമ്യങ്ങളും കുടുംബത്തിനേൽപ്പിക്കപ്പെടുന്ന വൈകാരിക സമ്മർദങ്ങളും മനസ്സിലാക്കാൻ നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾക്ക് പലപ്പോഴും പ്രയാസമാണ്. അതുകൊണ്ട് ലേഖനത്തിനു നന്ദി.
ജെ. ബി., ഇംഗ്ലണ്ട്
ഇത്, നിങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും സുന്ദരവും സൂക്ഷ്മവേദകത്വമുള്ളതുമായ ലേഖനങ്ങളിലൊന്നാണെന്ന് എനിക്കു തോന്നുന്നു. വൈകല്യങ്ങളുള്ളവരെ നാം വീക്ഷിക്കേണ്ട വിധം സംബന്ധിച്ച ഒരു മുഴു പ്രബന്ധം വെറും മൂന്നു പേജുകളിൽ അവതരിപ്പിക്കപ്പെട്ടു. മനുഷ്യ ബന്ധങ്ങൾ സംബന്ധിച്ച ഒരു ഗംഭീര പാഠം അതു പഠിപ്പിച്ചു.
എം. എൽ., സ്പെയിൻ
ഈ വർഷാരംഭത്തിൽ എന്റെ ഭാര്യ ഡൗൺസ് സിൻഡ്രോമുള്ള ഒരു ആൺകുട്ടിക്കു ജന്മം നൽകി. ആൻഡ്രുവിന്റെ മാതാപിതാക്കളെപ്പോലെ ഞങ്ങളും, തങ്ങളുടെ കുഞ്ഞ് വികലാംഗനാണെന്നു മനസ്സിലാക്കുമ്പോൾ പല മാതാപിതാക്കൾക്കും അനുഭവപ്പെടുന്ന സംഗതികൾ—തീവ്രദുഃഖം, വ്യസനം, ഇപ്പോഴത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ—അനുഭവിച്ചു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഞങ്ങളുടെ കുഞ്ഞിന്റെ വൈകല്യവുമായി ഞങ്ങൾ ഒരുതരത്തിൽ പൊരുത്തപ്പെട്ടിരിക്കുന്നു. അവന് ഉടൻതന്നെ ആറുമാസം തികയും. അവൻ നന്നായി പുരോഗമിക്കുന്നുണ്ട്. അവൻ ഉണ്ടായതിന്റെ പിറ്റേ ദിവസം ഞങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരൻമാരുടെ അനേകം സന്ദർശനങ്ങൾ എന്റെ ഭാര്യയെ അക്ഷരാർഥത്തിൽ വികാരതരളിതയാക്കി. ഒരു ആത്മീയ കുടുംബം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ എന്താണർഥമെന്ന് ഞങ്ങൾ വാസ്തവത്തിൽ അനുഭവിച്ചറിഞ്ഞു. നമ്മുടെ സഹോദരീസഹോദരൻമാരുടെ സ്നേഹം കൂടാതെ യഹോവയും നമ്മുടെ സഹായത്തിനുണ്ട്. ഈ ലേഖനത്തിനായി നിങ്ങൾക്കു നന്ദി.
ജി. സി., ഫ്രാൻസ്