ആൻഡ്രുവിൽ നിന്നു ഞങ്ങൾ പഠിച്ചത്
ഞാൻ ജോലിസ്ഥലത്തേക്കു വാഹനമോടിച്ചുപോയപ്പോൾ, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചോർത്തു വളരെ ആഹ്ലാദിച്ചു. ഞാൻ ഒരു മകന്റെ പിതാവായിത്തീർന്നതേയുണ്ടായിരുന്നുള്ളൂ. അവൻ എന്റെ രണ്ടാമത്തെ കുട്ടിയാണ്. എന്റെ ഭാര്യ ബെറ്റി ജെയ്നും ഞങ്ങളുടെ കുഞ്ഞ് ആൻഡ്രുവും ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോരുന്ന ദിവസമാണിന്ന്.
എന്നാൽ, അവർ ആശുപത്രിയിൽനിന്നു പോരേണ്ടിയിരുന്ന സമയത്തിനു തൊട്ടുമുമ്പ് ഭാര്യ എനിക്കു ഫോൺ ചെയ്തു. അവളുടെ ശബ്ദത്തിൽ ഉത്കണ്ഠയുടെ നിഴലാട്ടമുണ്ടായിരുന്നു. ഞാൻ തിടുക്കത്തിൽ ആശുപത്രിയിലേക്കു ചെന്നു. “എന്തോ കുഴപ്പമുണ്ട്!” എന്നതായിരുന്നു അവളുടെ ആദ്യവാക്കുതന്നെ. ഡോക്ടർ ശിശുരോഗവിദഗ്ധയോടൊപ്പം വരുന്നതു പ്രതീക്ഷിച്ച് ഞങ്ങൾ ഒരുമിച്ചിരുന്നു.
ശിശുരോഗവിദഗ്ധയുടെ ആദ്യവാക്കുതന്നെ ഞെട്ടിക്കുന്നതായിരുന്നു. അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മകനെ ഡൗൺസ് സിൻഡ്രോം ബാധിച്ചിരിക്കുന്നതായി ഞങ്ങൾക്കു വ്യക്തമായ ഉറപ്പുണ്ട്.” ഞങ്ങളുടെ കുട്ടിക്കു മാനസികമായി വളർച്ച മുരടിച്ചുപോകാൻ സാധ്യതയുണ്ടെന്ന് അവർ വിശദീകരിച്ചു. അവരുടെ കൂടുതലായ വിശദീകരണങ്ങളൊന്നും ഫലത്തിൽ എന്റെ തലയിൽ കയറിയില്ല. എന്റെ മരവിച്ചുപോയ മസ്തിഷ്കം എല്ലാത്തരം ശബ്ദസംജ്ഞകളുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ദൃശ്യരൂപങ്ങൾ തലച്ചോറിൽ രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
അവർ ആൻഡ്രുവിനെ പൊക്കിപ്പിടിച്ചിട്ട്, എന്തോ കുഴപ്പമുണ്ടെന്ന വസ്തുത സംബന്ധിച്ചു തനിക്കു മുന്നറിയിപ്പു നൽകിയ കാര്യങ്ങളിലൊന്നിലേക്ക് അവർ ഞങ്ങളുടെ ശ്രദ്ധ തിരിച്ചു. കുട്ടിയുടെ ശിരസ്സ് ഒരു മാംസക്കഷണംപോലെ തൂങ്ങിക്കിടന്നിരുന്നു. ഈ പേശീബലക്കുറവ്, ഡൗൺസ് സിൻഡ്രോമുള്ള നവജാതരായ കുട്ടികളുടെ പ്രത്യേകതയായിരുന്നു. തുടർന്ന് ഡോക്ടറുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, ഗ്രഹിക്കാനുള്ള ഞങ്ങളുടെ പ്രാപ്തി സാവധാനം മടങ്ങിവരവേ, ഞങ്ങളുടെ മനസ്സിൽ വന്നുനിറഞ്ഞ അനേകം ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കുകയുണ്ടായി. അവൻ എത്രത്തോളം വൈകല്യം ബാധിച്ചവനായിരിക്കും? ഞങ്ങൾക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും? ഞങ്ങൾക്ക് അവനെ എന്തുമാത്രം പഠിപ്പിക്കാൻ കഴിയും. പഠിക്കാൻ അവൻ എത്രമാത്രം പ്രാപ്തിയുള്ളവനായിരിക്കും? ഞങ്ങളുടെ ചോദ്യങ്ങളിൽ മിക്കതിനുമുള്ള ഉത്തരങ്ങൾ അവൻ ജീവിക്കുന്ന ചുറ്റുപാടിനെയും അവന്റെ ജന്മനാലുള്ള പ്രാപ്തികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അവർ വിശദീകരിച്ചു.
ഇന്നിപ്പോൾ 20-ലധികം വർഷം പിന്നിട്ടിരിക്കുന്നു, ആൻഡ്രുവിന് അർഹിക്കുന്ന സ്നേഹവും വാത്സല്യവും കൊടുക്കാനും ഞങ്ങൾക്കു കഴിയുന്ന എല്ലാ കാര്യങ്ങളും പകർന്നുകൊടുക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പിന്തിരിഞ്ഞുനോക്കുമ്പോൾ, അതു തീർത്തും കൊടുക്കൽ പ്രക്രിയ മാത്രമായിരുന്നില്ല എന്നു ഞങ്ങൾ മനസ്സിലാക്കുന്നു.
നല്ല ബുദ്ധ്യുപദേശം
ആൻഡ്രുവിന്റെ സാന്നിധ്യവുമായി ഞങ്ങൾക്കു പൊരുത്തപ്പെടാൻ കഴിയുന്നതിനു മുമ്പുതന്നെ, സ്നേഹനിധികളായ സുഹൃത്തുക്കൾ സ്വന്തം പരിശോധനാനുഭവങ്ങളുടെ മധ്യേ സഹിച്ചുനിന്നതിൽനിന്ന് അവർക്കു ലഭിച്ച ബുദ്ധ്യുപദേശം ഞങ്ങൾക്കു നൽകുകയുണ്ടായി. അവർ പറഞ്ഞതൊക്കെ നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു. എന്നാൽ, എല്ലാ മാർഗനിർദേശവും ജ്ഞാനപൂർവകമോ വിജ്ഞാനപ്രദമോ ആയിരുന്നില്ല എന്നതു പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, വർഷങ്ങളോളം പരീക്ഷിച്ചുനോക്കിയശേഷം, അവരുടെ ബുദ്ധ്യുപദേശം വിലയേറിയ രണ്ടു ജ്ഞാനമുത്തുകളായി പരിണമിച്ചു.
ആൻഡ്രുവിനു വാസ്തവത്തിൽ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ല എന്നു പറഞ്ഞുകൊണ്ട് ഞങ്ങളെ സമാശ്വസിപ്പിക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ പ്രായംചെന്ന ഒരു സ്നേഹിതൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “അത് അംഗീകരിക്കാൻ വിസമ്മതിക്കരുത്! നിങ്ങൾ എത്ര നേരത്തേ അവന്റെ പരിമിതികളെ അംഗീകരിക്കുന്നുവോ, അത്ര നേരത്തെ നിങ്ങളുടെ പ്രതീക്ഷകൾ തിരുത്തി അവൻ ആയിരിക്കുന്ന വിധത്തിൽ നിങ്ങൾ അവനോട് ഇടപെടാൻ തുടങ്ങും.”
പ്രതികൂല സാഹചര്യം കൈകാര്യം ചെയ്തതിൽനിന്നു ഞങ്ങൾ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്നായിരുന്നു അത്. വസ്തുത അംഗീകരിക്കുന്നതുവരെ വൈകാരിക സങ്കടം മാറുകയില്ല. നിഷേധിക്കുക എന്നതു സഹജമാണെങ്കിലും, എത്ര കാലത്തോളം നിഷേധിക്കുന്നുവോ അത്ര കാലം അതുമായി പൊരുത്തപ്പെടാനും ‘എല്ലാ മനുഷ്യർക്കും സംഭവിക്കുന്ന മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങ’ളുടെ പരിമിതികൾക്കുള്ളിൽ പ്രവർത്തിക്കാനും നമുക്കു കഴിയാതെ പോകും.—സഭാപ്രസംഗി 9:11.
വർഷങ്ങളിലുടനീളം, സാധാരണ സ്കൂൾ പാഠ്യപദ്ധതിയുമായി ഇണങ്ങിപ്പോകാൻ കഴിയാതെവരികയോ ചികിത്സാപരമായ വിദ്യാഭ്യാസം നേടുകയോ ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളെ ഞങ്ങൾ കണ്ടുമുട്ടിയിട്ടുള്ളപ്പോൾ, എത്രമാത്രം കുട്ടികൾ വാസ്തവത്തിൽ വളർച്ച മുരടിച്ചവരോ മറ്റുപ്രകാരത്തിൽ വൈകല്യം ബാധിച്ചവരോ ആയിരിക്കുമെന്നു ഞങ്ങൾ അമ്പരന്നിട്ടുണ്ട്. അവരിൽ ചിലർ അദൃശ്യമായി അംഗവൈകല്യം സംഭവിച്ചവരിൽ, അതായത് പ്രത്യക്ഷത്തിൽ ശാരീരികമായി മറ്റു പ്രശ്നങ്ങൾ ഇല്ലാതിരിക്കുകയും സാധാരണ കുട്ടികളെപ്പോലെ കാണുകയും ചെയ്യുന്നവരിൽ പെടുമോ? ഡൗൺസ് സിൻഡ്രോം ഉള്ള കുട്ടികളെ പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. എന്നാൽ മറ്റു ചിലതരം വൈകല്യങ്ങൾക്കു പ്രത്യക്ഷമായ അടയാളങ്ങളൊന്നും കാണുകയില്ല. എല്ലാവർക്കും പ്രകോപനത്തിന് ഇട നൽകിക്കൊണ്ട് എത്രയോ മാതാപിതാക്കൾ അവാസ്തവികമായ പ്രതീക്ഷകളെ താലോലിക്കുകയും തങ്ങളുടെ കുട്ടിയുടെ പരിമിതികൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു?—കൊലൊസ്സ്യർ 3:21 താരതമ്യം ചെയ്യുക.
ഞങ്ങളുടെ അനുഭവം വ്യക്തമാക്കിത്തന്ന രണ്ടാമത്തെ ഉപദേശം ഇതാണ്: മറ്റുള്ളവർ നമ്മുടെ കുട്ടിയോട് ഇടപെടുന്നത് എങ്ങനെയെന്ന് അന്തിമമായി തീരുമാനിക്കുന്നതു നമ്മളാണ്. നമ്മൾ എങ്ങനെയൊക്കെ കുട്ടിയോട് ഇടപെടുന്നുവോ അങ്ങനെയൊക്കെയായിരിക്കും മിക്കവാറും മറ്റുള്ളവരും അവനോട് ഇടപെടുക.
ശാരീരികവും മാനസികവുമായി വൈകല്യം ബാധിച്ചവരോടുള്ള ആളുകളുടെ മനോഭാവങ്ങൾക്കു കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മാറ്റംവന്നിട്ടുണ്ട്. ഈ മാറ്റങ്ങളിൽ പലതിനും പ്രേരണയേകിയിട്ടുള്ളതു വൈകല്യം ബാധിച്ച വ്യക്തികൾതന്നെയും അവരുടെ ബന്ധുക്കളും സാധാരണക്കാരും വിദഗ്ധരുമാണ്. തങ്ങളുടെ കുട്ടികളെ ഒരു സ്ഥാപനത്തിന്റെ ഭാഗമാക്കിത്തീർക്കാനുള്ള ബുദ്ധ്യുപദേശത്തെ പല മാതാപിതാക്കളും നിരസിക്കുകയും, ഫലത്തിൽ, വ്യവസ്ഥാപിത അഭിപ്രായത്തെ തകിടംമറിക്കുകയുമാണു ചെയ്തിട്ടുള്ളത്. ഡൗൺസ് സിൻഡ്രോമിനെക്കുറിച്ചുള്ള അമ്പതു വർഷം മുമ്പത്തെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ സ്ഥാപനങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്നു പ്രതീക്ഷകൾക്കു സമൂല മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ കാരണം മാതാപിതാക്കളും മറ്റുള്ളവരും പുതിയ മാനങ്ങൾ തേടിപ്പോയിരിക്കുന്നു എന്നതാണ്.
കൂടുതൽ അനുകമ്പ പഠിക്കൽ
നമ്മൾ യഥാർഥത്തിൽ അനുകമ്പയുള്ളവരാണ് എന്നു ചിന്തിച്ചുകൊണ്ട് നമ്മെത്തന്നെ വഞ്ചിക്കാൻ എത്രയെളുപ്പം കഴിയുമെന്നുള്ളതു വിചിത്രമാണ്. എന്നാൽ നാം വ്യക്തിപരമായി ഉൾപ്പെടുന്നതുവരെ, പല പ്രശ്നങ്ങളും സംബന്ധിച്ചു നമുക്കുള്ള ഗ്രാഹ്യം ഉപരിപ്ലവം മാത്രമായിരിക്കാം.
വൈകല്യം ബാധിച്ച വ്യക്തികൾക്കു തങ്ങളുടെ സ്ഥിതിവിശേഷത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ലെന്നു മനസ്സിലാക്കാൻ ആൻഡ്രുവിന്റെ അവസ്ഥ ഞങ്ങളെ നിർബന്ധിതരാക്കിയിരിക്കുകയാണ്. ദുർബലരോടും കഴിവു കുറഞ്ഞവരോടും വൃദ്ധരോടുമുള്ള എന്റെ യഥാർഥ മനോഭാവം എന്താണ്? എന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ അതു വാസ്തവത്തിൽ ഞങ്ങളെ പ്രാപ്തരാക്കിയിരിക്കുന്നു.
പലപ്പോഴും ഞങ്ങൾ ആൻഡ്രുവിനെയും കൂട്ടി പൊതുസ്ഥലങ്ങളിൽ പോയിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങളുടെ കുടുംബത്തിലെ ഒരു മുതിർന്ന അംഗമെന്നനിലയിൽ, യാതൊരു ലജ്ജയുമില്ലാതെ, അവനെ ഞങ്ങൾ അംഗീകരിക്കുന്നതുകണ്ട് അപരിചിതർ ഞങ്ങളുടെ അടുക്കൽ വന്നു തങ്ങളുടെ സ്വകാര്യ ഭാരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾക്ക് അവരുടെ പ്രശ്നങ്ങളിൽ സമാനുഭാവം കാണിക്കാൻ കഴിയുമെന്ന് ആൻഡ്രുവിന്റെ സാന്നിധ്യം അവർക്ക് ഉറപ്പു കൊടുത്തതുപോലുണ്ട്.
സ്നേഹത്തിന്റെ ശക്തി
സ്നേഹം കേവലം ബുദ്ധിയുടെ ഒരു ധർമമല്ല എന്നതാണ് ആൻഡ്രു ഞങ്ങളെ പഠിപ്പിച്ച ഏറ്റവും വലിയ സംഗതി. ഞാൻ വിശദീകരിക്കാം. യഹോവയുടെ സാക്ഷികളെന്നനിലയിൽ നമ്മുടെ ആരാധനയുടെ ഒരു അടിസ്ഥാന ഘടകം യഥാർഥ ക്രിസ്ത്യാനിത്വം വർഗീയവും സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നതകൾക്കും മുൻവിധികൾക്കും മീതെ പോകുന്നു എന്നതാണ്. ഈ തത്ത്വത്തിൽ വിശ്വാസം പ്രകടമാക്കിയതിനാൽ, ഞങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർ ആൻഡ്രുവിനെ അംഗീകരിക്കുമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ആരാധനാവേളകളിൽ മുഴു സമയവും അവൻ ആദരവോടെ ഇരിക്കാൻ പ്രതീക്ഷിക്കുന്നത് അവാസ്തവികമാണെന്നു പറഞ്ഞ വിദഗ്ധരുടെ ഉപദേശത്തെ നിരാകരിച്ചുകൊണ്ട് ഞങ്ങൾ അവന്റെ ജനനംമുതൽ യോഗങ്ങൾക്കും വീടുതോറുമുള്ള ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തിലും അവനെ ഞങ്ങളോടൊപ്പം നിർബന്ധമായും കൊണ്ടുപോയി. പ്രതീക്ഷിച്ചതുപോലെതന്നെ, ദയയോടും അനുകമ്പയോടും കൂടെ സഭയിലുള്ളവർ അവനോടു പെരുമാറുന്നു.
എന്നാൽ അതിലും കവിഞ്ഞു പ്രവർത്തിക്കുന്നവരുണ്ട്. അവർക്ക് അവനോട് ഒരു പ്രത്യേക പ്രിയമുണ്ട്. ആൻഡ്രു തന്റെ മന്ദീഭവിച്ചുപോയ ബുദ്ധിയാൽ തീർത്തും അവികലമായ പ്രാപ്തിയോടെ ഇതു മനസ്സിലാക്കുന്നതുപോലെ തോന്നുന്നു. അത്തരം ആളുകളോടൊത്തായിരിക്കുമ്പോൾ അവൻ തന്റെ ലജ്ജ എളുപ്പം തരണം ചെയ്യുന്നു. യോഗങ്ങൾ അവസാനിക്കുന്നതേ അവൻ അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു. അവനോട് പ്രത്യേക പ്രിയമുള്ളവരെ തിരിച്ചറിയാനുള്ള അവന്റെ ഒരു ജന്മസിദ്ധമായ പ്രാപ്തി ഞങ്ങൾ കൂടെക്കൂടെ നിരീക്ഷിച്ചിട്ടുണ്ട്.
സ്നേഹപ്രകടനത്തിന്റെ കാര്യത്തിലും അതു ശരിയാണ്. ശിശുക്കളോടും പ്രായമുള്ളവരോടും ഓമനമൃഗങ്ങളോടും ആൻഡ്രു വളരെ ശാന്തമായ രീതിയിലാണു പെരുമാറുന്നത്. ചിലപ്പോൾ, അവൻ യാതൊരു മടിയും കൂടാതെ ഞങ്ങൾക്കറിയില്ലാത്ത ആരുടെയെങ്കിലും കുട്ടിയെ സമീപിക്കുമ്പോൾ, അവൻ ആ കുട്ടിയോടു പരുക്കനായി പെരുമാറുന്നപക്ഷം കുട്ടിയെ രക്ഷിക്കണമെന്നു കരുതി ഞങ്ങൾ അടുത്തുതന്നെ ഉണ്ടാകും. എന്നാൽ മുലയൂട്ടുന്ന ഒരമ്മ തന്റെ കുട്ടിയെ തൊടുന്നതുപോലെ വളരെ മാർദവമായി അവൻ അതിനെ തൊടുന്നതു കണ്ടപ്പോൾ ഞങ്ങളുടെ ഭയം സംബന്ധിച്ചു ഞങ്ങൾക്ക് എത്രമാത്രം നാണം തോന്നിയിട്ടുണ്ടെന്നോ!
ഞങ്ങൾ പഠിച്ച പാഠങ്ങൾ
ഡൗൺസ് സിൻഡ്രോമുള്ള കുട്ടികളെല്ലാം കാഴ്ചയ്ക്ക് ഒരുപോലിരിക്കുന്നതിനാൽ, അവർക്കെല്ലാവർക്കും ഒരുപോലുള്ള വ്യക്തിത്വമായിരിക്കും ഉണ്ടായിരിക്കുന്നത് എന്നാണു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ, അവർക്കു പരസ്പരമുള്ളതിനെക്കാൾ സാമ്യം അവരുടെ കുടുംബത്തോടാണെന്നു ഞങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഓരോരുത്തർക്കും തനതായ ഒരു വ്യക്തിത്വമാണുള്ളത്.
മറ്റു പല കുട്ടികളെയും പോലെ, ആൻഡ്രുവിനും കഠിനാധ്വാനം ഇഷ്ടമല്ല. എന്നാൽ ശീലമായിത്തീരുന്നതുവരെ ഒരു ജോലി വീണ്ടും വീണ്ടും ചെയ്യിച്ചു പരിചയിപ്പിക്കാനുള്ള ക്ഷമയും സഹിഷ്ണുതയും നമുക്കുണ്ടെങ്കിൽ, അവനെ സംബന്ധിച്ചിടത്തോളം അതൊരു ജോലിയായി തോന്നിയിരുന്നില്ല. വീട്ടിലുള്ള അവന്റെ ദിനചര്യകൾ ഒരു ശീലമായി മാറിയിരിക്കുകയാണ്, കൂടുതലുള്ളതു മാത്രമേ ജോലിയായി കണക്കാക്കുന്നുള്ളൂ.
ആൻഡ്രുവിന്റെ ജീവിതകാലത്തു ഞങ്ങൾ പഠിച്ച പാഠങ്ങളിലേക്ക് എത്തിനോക്കുമ്പോൾ, രസകരമായ ഒരു വിരോധാഭാസം ഉയർന്നുവരുന്നതായി കാണാം. ആൻഡ്രുവിനെ വളർത്തിക്കൊണ്ടുവരുന്നതിൽ ഞങ്ങൾ പഠിച്ച പാഠങ്ങളെല്ലാം തന്നെ ഫലത്തിൽ മറ്റു കുട്ടികളോടുള്ള ബന്ധങ്ങളിലും പൊതുവേ ആളുകളുമായുള്ള ബന്ധങ്ങളിലും ഒരുപോലെ ബാധകമാകുന്നു.
ഉദാഹരണത്തിന്, നമ്മിൽ ആരാണു യഥാർഥമായ സ്നേഹത്തോട് അനുകൂലമായി പ്രതികരിക്കാത്തത്? നിങ്ങളുടേതിൽനിന്നു വളരെ വിഭിന്നമായ പ്രാപ്തികളും അനുഭവങ്ങളുമുള്ള ആരെങ്കിലുമായി നിങ്ങളെ അനുചിതമായി താരതമ്യം ചെയ്യുകയാണെങ്കിൽ, അത് അനീതിപരവും നിരാശാജനകവുമാണെന്നു നിങ്ങൾക്കു തോന്നുകയില്ലേ? ആദ്യമൊക്കെ അസുഖകരമായിരുന്ന പല ജോലികളും നമുക്ക് അവയോടു പറ്റിനിൽക്കാനുള്ള ശിക്ഷണം ലഭിച്ചപ്പോൾ പിന്നീട് സഹിക്കാവുന്നതും സംതൃപ്തികരം പോലുമായിത്തീർന്നിട്ടുണ്ടെന്നുള്ളതു സത്യമല്ലേ?
ഞങ്ങളുടെ മാനുഷികമായ ഹ്രസ്വവീക്ഷണം ഹേതുവായി ആൻഡ്രുവിനെച്ചൊല്ലി ഞങ്ങൾ വളരെയധികം കണ്ണീരൊഴുക്കിയിട്ടുണ്ടെങ്കിലും, ഞങ്ങൾ വലുതും ചെറുതുമായ അനേകം സന്തോഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തീർത്തും ആൻഡ്രുവിനോടു ബന്ധപ്പെടാത്ത മണ്ഡലങ്ങളിൽ, ഞങ്ങൾ അവൻ നിമിത്തം വളർന്നുവന്നിട്ടുണ്ട്. എത്രമാത്രം പരിശോധനാകരമായിരുന്നാലും ജീവിതത്തിലെ ഏത് അനുഭവത്തിനും മോശമായ വ്യക്തികളായിരിക്കുന്നതിനു പകരം മെച്ചപ്പെട്ട വ്യക്തികളായി നമ്മെ രൂപപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ഞങ്ങൾക്കു വളരെ പ്രാധാന്യമുള്ള മറ്റൊരു സംഗതിയുണ്ട്. ഞങ്ങൾ ആൻഡ്രുവിന്റെ വൈകല്യം പരിഹരിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിൽനിന്നു വളരെ സന്തോഷം നേടുന്നു. ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ ഉടൻതന്നെ അന്ധർക്കും ബധിരർക്കും മുടന്തർക്കും ഊമർക്കും തങ്ങളുടെ ഊർജ്വസ്വലമായ ആരോഗ്യം പുനഃസ്ഥാപിക്കപ്പെടുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 35:5, 6; മത്തായി 15:30, 31) മനുഷ്യവർഗം തങ്ങളുടെ സമ്പൂർണ പ്രാപ്തിയിലേക്കു എത്തിച്ചേരവേ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന സൗഖ്യമാക്കൽ നേരിട്ടു കാണുന്നതിൽ ഉണ്ടായിരിക്കാൻ പോകുന്ന സന്തോഷത്തെക്കുറിച്ചു സങ്കൽപ്പിച്ചുനോക്കൂ! (സങ്കീർത്തനം 37:11, 29)—സംഭാവന ചെയ്യപ്പെട്ടത്.
[12-ാം പേജിലെ ചതുരം]
വൈകല്യത്തിന്റെ അളവുകൾ
ഡൗൺസ് സിൻഡ്രോം ഉള്ള വ്യക്തികളെ വിദഗ്ധർ മൂന്നു വിഭാഗത്തിൽ പെടുത്തുന്നു. (1) അഭ്യസിക്കപ്പെടാവുന്നവർ (വളരെ കുറഞ്ഞ വൈകല്യമുള്ളവർ): ഗണ്യമായ കലാലയ കഴിവുകൾ ആർജിക്കാൻ കഴിയുന്നവർ. ഈ വിഭാഗത്തിൽ പെടുന്ന ചിലർ നടന്മാരോ പ്രഭാഷകരോ ആയിത്തീർന്നിട്ടുണ്ട്. വളരെ കുറഞ്ഞ മേൽനോട്ടത്തിൻ കീഴിൽ സ്വതന്ത്രമായി ജീവിക്കുന്നതിൽ ചിലർ വിജയിച്ചിട്ടുണ്ട്. (2) പരിശീലിപ്പിക്കപ്പെടാവുന്നവർ (കുറേക്കൂടെ വൈകല്യമുള്ളവർ): പ്രായോഗികമായ ചില വൈദഗ്ധ്യങ്ങൾ പഠിക്കാൻ പ്രാപ്തിയുള്ളവർ. കുറച്ചൊക്കെ കാര്യങ്ങൾ തന്നെത്താൻ നിർവഹിക്കാൻ അവരെ പഠിപ്പിക്കാമെങ്കിലും, കൂടുതലായ മേൽനോട്ടം ആവശ്യമാണ്. (3) ആഴത്തിലുള്ളവർ (കടുത്ത വൈകല്യമുള്ളവർ): കാര്യക്ഷമത വളരെ കുറഞ്ഞ വിഭാഗക്കാർ, അത്തരക്കാർക്കു വളരെയധികം മേൽനോട്ടം ആവശ്യമാണ്.
ആൻഡ്രുവിന്റെ കാര്യമോ? അവൻ “പരിശീലിപ്പിക്കപ്പെടാവുന്നവ”രുടെ കൂട്ടത്തിൽ പെടുന്നുവെന്ന് ഇപ്പോൾ അറിയാറായി.