അഭയാർഥികളുടെ വർധനവ്
മാനവ ചരിത്രത്തിന്റെ ഏറിയപങ്കും യുദ്ധം, ക്ഷാമം, പീഡനം തുടങ്ങിയവയാൽ കളങ്കിതമായിരിക്കുന്നു. തത്ഫലമായി, അഭയസ്ഥാനം ആവശ്യമായിരുന്ന ആളുകൾ എപ്പോഴുമുണ്ടായിരുന്നിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ രാഷ്ട്രങ്ങളും ആളുകളും, അഭയം ആവശ്യമായിരുന്നവർക്ക് അതു നൽകിയിട്ടുണ്ട്.
പുരാതനകാലത്തെ ആസറ്റെക്കുകാർ, അസീറിയക്കാർ, ഗ്രീക്കുകാർ, എബ്രായർ, മുസ്ലീംകൾ തുടങ്ങിയവരും മറ്റുള്ളവരും അഭയം നൽകുന്നതിനുള്ള നിയമങ്ങളെ മാനിച്ചിരുന്നു. 23 നൂറ്റാണ്ടുകൾക്കു മുമ്പ് ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ എഴുതി: “തന്റെ രാജ്യക്കാരിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ഒറ്റപ്പെട്ട വിദേശി, മനുഷ്യരുടെയും ദൈവങ്ങളുടെയും ഭാഗത്തുനിന്നുള്ള കൂടുതലായ സ്നേഹത്തിനു പാത്രമായിരിക്കണം. അതുകൊണ്ട്, വിദേശികൾ യാതൊരു വിധത്തിലും ദ്രോഹിക്കപ്പെടാതിരിക്കാൻവേണ്ട എല്ലാ മുൻകരുതലുകളും കൈക്കൊള്ളണം.”
20-ാം നൂറ്റാണ്ടിൽ അഭയാർഥികളുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി അവശേഷിച്ച 15 ലക്ഷം അഭയാർഥികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ, 1951-ൽ അഭയാർഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) സ്ഥാപിതമായി. അതിനു മൂന്നു വർഷത്തെ ആയുസ്സുണ്ടായിരിക്കുമെന്നേ കരുതിയുള്ളൂ. നിലവിലുള്ള അഭയാർഥികൾ, താമസിയാതെ തങ്ങൾ അഭയം കണ്ടെത്തിയ സമൂഹങ്ങളുടെ ഭാഗമായിത്തീരുമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അതിനുശേഷം സംഘടന പിരിച്ചുവിടാൻ കഴിയുമെന്നാണു കരുതിയിരുന്നത്.
എന്നാൽ ദശകങ്ങൾകൊണ്ട് അഭയാർഥികളുടെ എണ്ണം വല്ലാതെ ഉയർന്നു. 1975-ഓടെ അവരുടെ എണ്ണം 24 ലക്ഷമായിത്തീർന്നിരുന്നു. 1985-ൽ അവരുടെ സംഖ്യ ഒരു കോടി അഞ്ചു ലക്ഷമായിരുന്നു. 1995-ഓടെ യുഎൻഎച്ച്സിആർ-ൽനിന്നു സംരക്ഷണവും സഹായവും ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം രണ്ടു കോടി എഴുപത്തിനാലു ലക്ഷമായി കുതിച്ചുയർന്നു!
ശീതയുദ്ധാനന്തര കാലഘട്ടം, ആഗോളവ്യാപകമായ അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിനുള്ള വഴി തുറക്കുമെന്നു പലരും വിചാരിച്ചു; എന്നാൽ അതുണ്ടായില്ല. അതിനുപകരം, ഏറ്റുമുട്ടലിൽ കലാശിക്കത്തക്കവിധം ചരിത്രത്തെയോ വർഗത്തെയോ ആധാരമാക്കി രാഷ്ട്രങ്ങൾ പിളർന്നിരിക്കുന്നു. യുദ്ധങ്ങൾ രൂക്ഷമായപ്പോൾ ഗവൺമെൻറുകൾക്കു തങ്ങളെ രക്ഷിക്കാനാവില്ലെന്ന്, അല്ലെങ്കിൽ അവർ തങ്ങളെ രക്ഷിക്കില്ലെന്നു മനസ്സിലാക്കിക്കൊണ്ട് ആളുകൾ പലായനംചെയ്തു. ദൃഷ്ടാന്തത്തിന്, 1991-ൽ 20 ലക്ഷത്തോളം ഇറാക്കികൾ അയൽരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പലായനംചെയ്തു. അതിൽപ്പിന്നെ, 7,35,000 അഭയാർഥികൾ മുൻ യുഗോസ്ലാവിയയിൽനിന്നു പലായനംചെയ്തതായി കണക്കാക്കപ്പെടുന്നു. പിന്നീട് 1994-ൽ റുവാണ്ടയിലെ ആഭ്യന്തരകലഹം നിമിത്തം 73 ലക്ഷം ജനങ്ങളുള്ള ആ രാജ്യത്തിലെ പകുതിയിലേറെ ജനങ്ങൾ തങ്ങളുടെ ഭവനങ്ങൾ വിട്ടു പലായനംചെയ്യാൻ നിർബന്ധിതരായി. ഏതാണ്ട് 21 ലക്ഷം റുവാണ്ടക്കാർ അടുത്തുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ അഭയം തേടി.
പ്രശ്നം വഷളായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?
അഭയാർഥികളുടെ എണ്ണം വർധിച്ചുവരാൻ ഇടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അഫ്ഗാനിസ്ഥാനും സൊമാലിയയും പോലുള്ള ചില സ്ഥലങ്ങളിൽ ദേശീയ ഗവൺമെൻറുകൾ നിലംപരിചായിരിക്കുന്നു. ഇത്, കാര്യങ്ങൾ സായുധ സന്നദ്ധസേനയുടെ കൈയിൽ വിട്ടുകൊടുത്തിരിക്കുന്നു. പരിഭ്രാന്തിക്കും പലായനത്തിനും കാരണം നൽകിക്കൊണ്ടു നിർവിഘ്നം അവർ നാട്ടുമ്പുറം കൊള്ളയടിക്കുന്നു.
മറ്റിടങ്ങളിൽ, സങ്കീർണമായ വംശീയ അല്ലെങ്കിൽ മതാത്മക ഭിന്നതകളെപ്രതിയാണ് ഏറ്റുമുട്ടലുകൾ നടക്കുന്നത്. പടവെട്ടുന്ന കക്ഷികളുടെ മുഖ്യ ഉദ്ദേശ്യം സിവിലിയൻ ജനതയെ നിർമൂലനംചെയ്യുക എന്നതാണ്. 1995-ന്റെ മധ്യകാലത്തിൽ, മുൻ യുഗോസ്ലാവിയയിലെ യുദ്ധത്തെ സംബന്ധിച്ച് ഒരു യുഎൻ പ്രതിനിധി വിലപിച്ചു: “അനേകം ആളുകളെ സംബന്ധിച്ചിടത്തോളം ഈ യുദ്ധത്തിനുള്ള കാരണങ്ങൾ, യുദ്ധം ചെയ്യുന്നത് ആരെന്നോ യുദ്ധം ചെയ്യുന്നതിനുള്ള കാരണം എന്തെന്നോ, മനസ്സിലാക്കുന്നതു തികച്ചും ബുദ്ധിമുട്ടാണ്. ഒരു ഭാഗത്തുനിന്ന് ഒരു കൂട്ടനിർഗമനം ഉണ്ടാകുന്നു, മൂന്നാഴ്ച കഴിഞ്ഞ് മറുഭാഗത്തു നിന്ന് ഒരു കൂട്ടനിർഗമനം ഉണ്ടാകുന്നു. അതു മനസ്സിലാക്കാൻ ബാധ്യസ്ഥരായ ആളുകൾക്കുപോലും മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.”
അത്യന്തം വിനാശകരമായ ആധുനിക ആയുധങ്ങൾ—തുടരെത്തുടരെ വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകൾ, മിസൈലുകൾ, പീരങ്കികൾ തുടങ്ങിയവയും സമാനമായ മറ്റുള്ളവയും—കൂട്ടക്കുരുതിയുടെ വർധനവിനു കാരണമാകുന്നു. മാത്രമല്ല, ഏറ്റുമുട്ടലിന്റെ മണ്ഡലത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഫലമോ: എന്നത്തേതിലും കൂടുതൽ അഭയാർഥികൾ. സമീപകാലങ്ങളിൽ ലോകത്തിലെ 80 ശതമാനം അഭയാർഥികൾ വികസ്വര രാജ്യങ്ങളിൽനിന്ന് അയൽ രാജ്യങ്ങളിലേക്ക്—അഭയം തേടുന്നവരെ സഹായിക്കാൻവേണ്ട സജ്ജീകരണങ്ങളില്ലാത്ത വികസ്വര രാജ്യങ്ങളിലേക്ക്—പലായനം ചെയ്തിട്ടുണ്ട്.
ഒട്ടേറെ സംഘട്ടനങ്ങളിൽ, ഭക്ഷണത്തിന്റെ അഭാവം പ്രശ്നത്തിനിടയാക്കുന്നു. ആളുകൾ വിശന്നുപൊരിയുമ്പോൾ—ഒരുപക്ഷേ ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയപ്പെടുന്നതിന്റെ ഫലമായിട്ടായിരിക്കാം—അവർ സ്ഥലം മാറാൻ നിർബന്ധിതരാകുന്നു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നു: “ആഫ്രിക്കയുടെ ഏറ്റവും കിഴക്കുള്ള ഇടങ്ങളിൽ, വരൾച്ചയും യുദ്ധവും കൂടിച്ചേർന്ന് ഇനിമേൽ ഒരു ഉപജീവനമാർഗം പ്രദാനം ചെയ്യാനാകാത്തവിധം പ്രദേശത്തെ കാർന്നുതിന്നിരിക്കുന്നു. രാജ്യം വിട്ടുപോകുന്ന ലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലമാണോ യുദ്ധം മൂലമാണോ പലായനംചെയ്യുന്നത് എന്ന ചോദ്യം പ്രസക്തമല്ല.”
ആർക്കും വേണ്ടാത്ത ജനകോടികൾ
അഭയം നൽകുകയെന്ന ആശയം തത്ത്വത്തിൽ ആദരിക്കപ്പെടുന്നുവെങ്കിലും അഭയാർഥികളുടെ വൻസംഖ്യ രാഷ്ട്രങ്ങളെ സംഭ്രമിപ്പിക്കുന്നു. സമാനമായ ഒരു സാഹചര്യം പുരാതന ഈജിപ്തിലുണ്ടായിരുന്നു. ഏഴു വർഷം നീണ്ടുനിന്ന ക്ഷാമത്തിന്റെ കൊടുംവിപത്തിൽനിന്നു രക്ഷനേടാൻ യാക്കോബും അവന്റെ കുടുംബവും ഈജിപ്തിൽ അഭയം തേടിയപ്പോൾ അവർ സ്വാഗതം ചെയ്യപ്പെട്ടു. അവർക്കു താമസിക്കുവാൻ ഫറവോൻ ‘ദേശത്തിലേക്കും നല്ല ഭാഗം’ നൽകി.—ഉല്പത്തി 47:1-6.
എന്നിരുന്നാലും, കാലം കടന്നുപോയപ്പോൾ ഇസ്രായേല്യർ അത്യന്തം വർധിച്ചു, “ദേശം അവരെക്കൊണ്ടു നിറഞ്ഞു.” ഇപ്പോൾ ഈജിപ്തുകാർ പരുഷമായി പെരുമാറി. എങ്കിലും “[ഈജിപ്തുകാർ] പീഡിപ്പിക്കുന്തോറും [ഇസ്രായേല്യർ] പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.”—പുറപ്പാടു 1:7, 12.
സമാനമായി, അഭയാർഥികളുടെ എണ്ണം വർധിക്കുന്തോറും രാഷ്ട്രങ്ങൾക്ക് ഇന്നു “പേടി” തോന്നുന്നു. അവരുടെ ഉത്കണ്ഠയ്ക്കുള്ള ഒരു മുഖ്യ കാരണം സാമ്പത്തികമാണ്. കോടിക്കണക്കിന് അഭയാർഥികൾക്കു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നൽകാൻ വളരെയധികം പണം വേണ്ടിവരും. 1984-നും 1993-നും ഇടയ്ക്ക് യുഎൻഎച്ച്സിആർ-ന്റെ പ്രതിവർഷ ചെലവ് 44.4 കോടി ഡോളറിൽനിന്ന് 130 കോടി ഡോളറായി ഉയർന്നു. പണമധികവും സാമ്പത്തികഭദ്രത കൂടുതലുള്ള രാഷ്ട്രങ്ങളാണു സംഭാവന ചെയ്യുന്നത്. ഇവയിൽ ചിലതു സ്വയം സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഞെരുങ്ങുന്നു. സംഭാവന ചെയ്യുന്ന രാഷ്ട്രങ്ങൾ ചിലപ്പോൾ ഇങ്ങനെ പരാതിപ്പെടുന്നു: ‘ഞങ്ങളുടെ സ്വന്തം തെരുവുകളിലുള്ള ഭവനരഹിതരെ സഹായിക്കാൻ ഞങ്ങൾ ക്ലേശിക്കുകയാണ്. മുഴു ഗ്രഹത്തിലെയും ഭവനരഹിതരുടെ ഉത്തരവാദിത്വം ഞങ്ങൾക്ക് എങ്ങനെ ഏറ്റെടുക്കാനാവും, അതും പ്രശ്നം കുറഞ്ഞുവരുന്നതിനുപകരം വർധിക്കാൻ സാധ്യതയുള്ളപ്പോൾ?
കാര്യങ്ങളെ സങ്കീർണമാക്കുന്നതെന്ത്?
ഒരു സമ്പന്ന രാഷ്ട്രത്തിലെത്തിച്ചേരുന്ന അഭയാർഥികൾ, സാമ്പത്തിക കാരണങ്ങൾ നിമിത്തം അതേ രാജ്യത്തു കുടിയേറിപ്പാർത്തിരിക്കുന്ന അനേകായിരം ആളുകൾ തങ്ങളുടെ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കിത്തീർക്കുന്നതായി മിക്കപ്പോഴും കണ്ടെത്തുന്നു. ഈ സാമ്പത്തിക കുടിയേറ്റക്കാർ യുദ്ധമോ പീഡനമോ ക്ഷാമമോ മൂലം പലായനംചെയ്ത അഭയാർഥികളല്ല. മറിച്ച്, അവർ മെച്ചപ്പെട്ട ഒരു ജീവിതം—ദാരിദ്ര്യത്തിൽനിന്നു വിമുക്തമായ ഒരു ജീവിതം—തേടി വന്നവരാണ്. അഭയം നൽകുന്ന സ്ഥാപനങ്ങളെ വ്യാജ അവകാശവാദങ്ങളുമായി ബുദ്ധിമുട്ടിച്ച് ഇവർ മിക്കപ്പോഴും അഭയാർഥികളായി നടിക്കുന്നതുകൊണ്ട്, യഥാർഥ അഭയാർഥികൾക്ക് മെച്ചപ്പെട്ട ശ്രദ്ധ ലഭിക്കുന്നത് ഇവർ പ്രയാസകരമാക്കിത്തീർക്കുന്നു.a
അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രവാഹത്തെ, വർഷങ്ങളായി സമ്പന്ന രാഷ്ട്രങ്ങളിലേക്ക് ഒപ്പത്തിനൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, വർധിച്ചുവരുന്ന കർക്കശമായ കുടിയേറ്റ നിയമങ്ങൾ സാമ്പത്തിക കുടിയേറ്റക്കാരുടെ പ്രവാഹത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, അവർ അഭയാർഥി പ്രവാഹത്തിന്റെ ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. ഈ പ്രവാഹം കവിഞ്ഞൊഴുകി ഒരു പ്രളയംതന്നെ സൃഷ്ടിച്ചിരിക്കുന്നു.
അഭയം തേടിക്കൊണ്ടുള്ള തങ്ങളുടെ അപേക്ഷ പരിശോധിക്കാൻ നിരവധി വർഷങ്ങളെടുത്തേക്കാമെന്ന് അറിയാവുന്നതുകൊണ്ട്, തങ്ങൾ മെച്ചപ്പെട്ട ഒരു സാഹചര്യത്തിലാണെന്നു സാമ്പത്തിക കുടിയേറ്റക്കാർ വാദിക്കുന്നു. അഭയം തേടിക്കൊണ്ടുള്ള തങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാൽ കൂടുതൽ മെച്ചമായ ഒരു സാമ്പത്തിക ചുറ്റുപാടിൽ തുടർന്നുകഴിയാമെന്നതുകൊണ്ട് അവർ വിജയിക്കുന്നു. അവരുടെ അപേക്ഷ നിരാകരിക്കപ്പെട്ടാലോ, അപ്പോഴും അവർ വിജയിക്കും. കാരണം, അവർ അൽപ്പസ്വൽപ്പം പണം സമ്പാദിച്ചിരിക്കുകയും സ്വന്തരാജ്യത്തേക്കു പോകുമ്പോൾ കൂടെ കൊണ്ടുപോകാൻ ചില കഴിവുകൾ പഠിക്കുകയും ചെയ്തിരിക്കും.
വർധിച്ച തോതിൽ അഭയാർഥികളും ഒപ്പം വ്യാജ അഭയാർഥികളും മറ്റു രാജ്യങ്ങളിലേക്കു പ്രവഹിക്കുന്നതുകൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളും മേലാൽ അഭയാർഥികളെ സ്വീകരിക്കുന്നില്ല. ചിലവ തങ്ങളുടെ അതിർത്തികൾ പലായനം ചെയ്യുന്നവർക്കുമുമ്പിൽ കൊട്ടിയടച്ചിരിക്കുന്നു. മറ്റു രാജ്യങ്ങൾ അത്രതന്നെ ഫലപ്രദമായ, അഭയാർഥികളുടെ പ്രവേശനം നിഷേധിക്കുന്നതരത്തിലുള്ള നിയമങ്ങളും നടപടികളും ആവിഷ്കരിച്ചിരിക്കുന്നു. ഇനിയും ചില രാജ്യങ്ങളാകട്ടെ, അഭയാർഥികളെ അവരുടെ സ്വദേശങ്ങളിലേക്കു നിർബന്ധപൂർവം തിരിച്ചയച്ചിരിക്കുന്നു. ഒരു യുഎൻഎച്ച്സിആർ പ്രസിദ്ധീകരണം ഇപ്രകാരം പറയുന്നു: “3,500 വർഷം പഴക്കമുള്ള അഭയമരുളുകയെന്ന പാരമ്പര്യത്തെ തകർച്ചയുടെ വക്കിലെത്തിക്കത്തക്കവിധം യഥാർഥ അഭയാർഥികളുടെയും സാമ്പത്തിക കുടിയേറ്റക്കാരുടെയും നിരന്തര വർധനവ് അതിന്മേൽ ഗുരുതരമായ പിരിമുറുക്കം അടിച്ചേൽപ്പിച്ചിരിക്കുന്നു.”
വിദ്വേഷവും ഭയവും
സെനോഫോബിയ—വിദേശികളോടുള്ള ഭയവും വിദ്വേഷവും—എന്ന ഭൂതം അഭയാർഥികളുടെ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു. പല രാജ്യങ്ങളിലെയും ആളുകൾ, പുറമേനിന്നുള്ളവർ തങ്ങളുടെ ദേശീയ താദാത്മ്യത്തിനും സംസ്കാരത്തിനും തൊഴിലിനും ഭീഷണിയാണെന്നു വിശ്വസിക്കുന്നു. അത്തരത്തിലുള്ള ഭയം ചിലപ്പോൾ അക്രമത്തിന്റെ രൂപം കൈക്കൊള്ളുന്നു. അഭയാർഥികൾ മാസിക (ഇംഗ്ലീഷ്) പറയുന്നു: “യൂറോപ്യൻ ഭൂഖണ്ഡം ഓരോ മൂന്നു മിനിറ്റിലും ഒരു വർഗീയ ആക്രമണം കാണുന്നു—അഭയം തേടുന്നവർക്കുവേണ്ടിയുള്ള സ്വീകരണ കേന്ദ്രങ്ങളാണ് മിക്കപ്പോഴും അക്രമത്തിന്റെ ലക്ഷ്യസ്ഥാനം.”
മധ്യ യൂറോപ്പിലെ ഒരു പോസ്റ്റർ കടുത്ത വിദ്വേഷം പ്രകടിപ്പിക്കുന്നു, ഭൂമിയിലെ പല പ്രദേശങ്ങളിലും വർധിച്ച തോതിൽ പ്രതിധ്വനിക്കുന്ന വിദ്വേഷമാണത്. വിദ്വേഷം നിറഞ്ഞ അതിന്റെ സന്ദേശം വിദേശിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്: “നമ്മുടെ രാഷ്ട്രമെന്ന ശരീരത്തിലെ വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരു വ്രണമാണവർ. സാംസ്കാരികമോ ധാർമികമോ മതപരമോ ആയ ആദർശങ്ങളൊന്നും ഇല്ലാത്ത ഒരു വർഗം, കൊള്ളയടിക്കുകയും മോഷ്ടിക്കുകയും മാത്രം ചെയ്യുന്ന അലഞ്ഞുനടക്കുന്ന ഒരു കൂട്ടം. വൃത്തികെട്ട, പേൻ നിറഞ്ഞ അവർ തെരുവുകളും റെയിൽവേസ്റ്റേഷനുകളും കയ്യടക്കുന്നു. പഴന്തുണികളും പെറുക്കിക്കെട്ടി അവർ എന്നെന്നേക്കുമായി സ്ഥലം വിടട്ടെ!”
മിക്ക അഭയാർഥികളും തീർച്ചയായും “എന്നെന്നേക്കുമായി സ്ഥലം വിടു”ന്നതിലും അധികമായി ഒന്നും ആഗ്രഹിക്കുകയില്ല. അവർ വീട്ടിലേക്കു പോകാൻ ഉത്കടമായി ആശിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സമാധാനപൂർണമായ ഒരു സാധാരണ ജീവിതം നയിക്കാൻ അവരുടെ ഹൃദയം വെമ്പുന്നു. പക്ഷേ അവർക്കു പോകാൻ വീടുകളില്ല.
[അടിക്കുറിപ്പ്]
a 1993-ൽ അഭയം തേടിവരുന്നവർക്കുവേണ്ട നടപടികളെടുക്കാൻ പശ്ചിമ യൂറോപ്പിൽ മാത്രമായി ഗവൺമെൻറുകൾ 1,160 കോടി ഡോളർ ചെലവഴിച്ചു.
[6-ാം പേജിലെ ചതുരം/ചിത്രം]
അഭയാർഥികളുടെ ദുരവസ്ഥ
“അഭയാർഥികളായ ലക്ഷക്കണക്കിനു കുട്ടികൾ ഓരോ രാത്രിയും വിശന്നവയറോടെയാണ് ഉറങ്ങാൻപോകുന്നതെന്ന്, അല്ലെങ്കിൽ അഭയാർഥികളായ ഓരോ എട്ടു കുട്ടികളിലും ഒരാൾ മാത്രമാണ് എപ്പോഴെങ്കിലും സ്കൂളിൽ പോകുന്നതെന്നു നിങ്ങൾ അറിഞ്ഞിരുന്നോ? ഇവരിൽ മിക്ക കുട്ടികളും ഒരിക്കലും സിനിമയ്ക്കോ പാർക്കിലോ പോയിട്ടില്ല. അപ്പോൾപിന്നെ കാഴ്ചബംഗ്ലാവിൽ പോകുന്ന കാര്യമൊട്ടു പറയുകയും വേണ്ട. പലരും കമ്പിവേലിക്കു പുറകിൽ അല്ലെങ്കിൽ ഒറ്റപ്പെട്ട ക്യാമ്പുകളിലാണു വളർന്നുവരുന്നത്. അവർ ഒരിക്കലും ഒരു പശുവിനെയോ പട്ടിയെയോ കണ്ടിട്ടില്ല. പച്ചപ്പുല്ല് ഓടിക്കളിക്കാനുള്ള ഒന്നായിട്ടല്ല മറിച്ച്, തിന്നാനുള്ള എന്തോ ആണെന്നാണ് അഭയാർഥികളായ നിരവധി കുട്ടികൾ കരുതുന്നത്. എന്റെ തൊഴിലിന്റെ ഏറ്റവും ദുഃഖപൂർണമായ ഭാഗം അഭയാർഥികളായ കുട്ടികളാണ്.”—സാദാക്കോ ഓഗാട്ടാ, അഭയാർഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ.
[കടപ്പാട്]
U.S. Navy photo
[8-ാം പേജിലെ ചതുരം/ചിത്രം]
യേശു ഒരു അഭയാർഥിയായിരുന്നു
യോസേഫും മറിയയും അവരുടെ പുത്രനായ യേശുവിനോടൊപ്പം ബേത്ലഹേമിലാണു താമസിച്ചിരുന്നത്. പൊന്ന്, കുന്തുരുക്കം, മൂര് തുടങ്ങിയ സമ്മാനങ്ങളുമായി ജ്യോത്സ്യർ കിഴക്കുനിന്നും വന്നു. അവർ വിടകൊണ്ടശേഷം ഒരു ദൂതൻ ഇപ്രകാരം പറഞ്ഞുകൊണ്ടു യോസേഫിനു പ്രത്യക്ഷ്യനായി: “നീ എഴുന്നേററു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു.”—മത്തായി 2:13.
താമസിയാതെതന്നെ അവർ മൂവരും ഒരു വിദേശ രാജ്യത്ത് അഭയം പ്രാപിച്ചു—അവർ അഭയാർഥികളായി. യഹൂദന്മാരുടെ രാജാവായിത്തീരുമെന്നു മുൻകൂട്ടി പറയപ്പെട്ടവൻ എവിടെയുണ്ടെന്നത് ജ്യോത്സ്യർ തന്നെ വിവരമറിയിക്കാഞ്ഞതിന്റെ പേരിൽ ഹെരോദാവ് രോഷാകുലനായി. യേശുവിനെ കൊല്ലാനുള്ള നിഷ്ഫലമായ ശ്രമത്തിൽ ബേത്ലഹേമിലും ചുറ്റുവട്ടത്തുമുള്ള ചെറിയ ആൺകുട്ടികളെയെല്ലാം കൊല്ലാൻ അവൻ തന്റെ ആളുകൾക്കു കൽപ്പന നൽകി.
ദൈവത്തിന്റെ ദൂതൻ യോസേഫിനു വീണ്ടും സ്വപ്നത്തിൽ പ്രത്യക്ഷമാകുന്നതുവരെ യോസേഫും കുടുംബവും ഈജിപ്തിൽ തങ്ങി. ദൂതൻ പറഞ്ഞു: “ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക.”—മത്തായി 2:20.
പ്രസ്പഷ്ടമായി, തങ്ങൾ ഈജിപ്തിലേക്കു പലായനം ചെയ്യുന്നതിനുമുമ്പ് താമസിച്ചിരുന്ന സ്ഥലമായ യഹൂദ്യയിൽ വാസമുറപ്പിക്കാൻ യോസേഫ് ഉദ്ദേശിച്ചു. എന്നാൽ അപ്രകാരം ചെയ്യുന്നത് അപകടകരമായിരിക്കുമെന്ന് ഒരു സ്വപ്നത്തിൽ അവനു മുന്നറിയിപ്പു ലഭിക്കുന്നു. അങ്ങനെ അക്രമഭീഷണി ഒരിക്കൽകൂടി അവരുടെ ജീവിതത്തെ ബാധിച്ചു. യോസേഫും മറിയയും യേശുവും വടക്കോട്ടു യാത്രചെയ്ത് ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽ താമസമുറപ്പിച്ചു.
[7-ാം പേജിലെ ചിത്രങ്ങൾ]
സമീപവർഷങ്ങളിൽ കോടിക്കണക്കിന് അഭയാർഥികൾ തങ്ങളുടെ ജീവനുംകൊണ്ട് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തിട്ടുണ്ട്
[കടപ്പാട്]
Top left: Albert Facelly/Sipa Press
Top right: Charlie Brown/Sipa Press
Bottom: Farnood/Sipa Press
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Boy on left: UN PHOTO 159243/J. Isaac