പരിഹാരം എന്ത്?
അഭയാർഥികളുടെ സാഹചര്യം പാടേ ആശയറ്റ ഒന്നല്ല. യുദ്ധവും മറ്റു പ്രശ്നങ്ങളും നിമിത്തം ചിതറിപ്പോയവരെ സഹായിക്കാൻ ലോകമെമ്പാടും മാനവക്ഷേമ സംഘടനകൾ കഠിനശ്രമം ചെയ്യുന്നു. ഇതിൽ മുഖ്യമായ ഒരു വിധം തങ്ങളുടെ സ്വന്തരാജ്യത്തേക്കു മടങ്ങിപ്പോകാൻ അഭയാർഥികളെ സഹായിക്കുന്നതാണ്.
വധിക്കപ്പെടുമെന്നോ പീഡിപ്പിക്കപ്പെടുമെന്നോ ബലാൽസംഗം ചെയ്യപ്പെടുമെന്നോ തടവിലാക്കപ്പെടുമെന്നോ അടിമകളാക്കപ്പെടുമെന്നോ കൊള്ളയടിക്കപ്പെടുമെന്നോ അല്ലെങ്കിൽ തങ്ങൾ പട്ടിണികിടക്കേണ്ടി വരുമെന്നോ ഉള്ള ഭയംകൊണ്ടാണ് അഭയാർഥികൾ തങ്ങളുടെ വീടും സമുദായവും രാജ്യവും ഉപേക്ഷിച്ചു പോകുന്നത്. അതുകൊണ്ട് അഭയാർഥികൾക്കു സുരക്ഷിതരായി സ്വദേശത്തേക്കു മടങ്ങാൻ കഴിയുന്നതിനുമുമ്പ് അവർ പലായനംചെയ്യാൻ ഇടയാക്കിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. സായുധ എറ്റുമുട്ടലുകൾ അവസാനിച്ചാൽതന്നെയും ക്രമസമാധാനവ്യവസ്ഥയുടെ അഭാവം, സ്വദേശത്തേക്കു തിരിച്ചുപോകുന്നതിൽനിന്ന് ആളുകളെ മിക്കപ്പോഴും നിരുത്സാഹപ്പെടുത്തുന്നു. ഒരു റുവാണ്ടൻ അഭയാർഥിയും ആറ് മക്കളുടെ അമ്മയുമായ ആഗ്നസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ റുവാണ്ടയിലേക്കു [തിരികെ] കൊണ്ടുപോകുന്നത് ശവക്കുഴിയിലേക്കു കൊണ്ടുപോകുന്നതുപോലിരിക്കും.”
എന്നിരുന്നാലും, 1989 മുതൽ, 90 ലക്ഷത്തിലേറെ അഭയാർഥികൾ സ്വദേശത്തേക്കു മടങ്ങിയിട്ടുണ്ട്. ഇവരിൽ ഏതാണ്ട് 36 ലക്ഷം ഇറാനിൽനിന്നും പാകിസ്ഥാനിൽനിന്നും അഫ്ഘാനിസ്ഥാനിലേക്കു മടങ്ങി. ആറു രാജ്യങ്ങളിലെ മറ്റു 16 ലക്ഷം അഭയാർഥികൾ മൊസാമ്പിക്കിലേക്കു മടങ്ങി. 16 വർഷത്തെ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി ശിഥിലമായ ഒരു രാഷ്ട്രമാണത്.
മടങ്ങിപ്പോകുന്നത് എളുപ്പമല്ല. മിക്കപ്പോഴും അഭയാർഥികൾ മടങ്ങിച്ചെല്ലുന്ന രാജ്യങ്ങൾ നശിച്ച അവസ്ഥയിലായിരിക്കും—ഗ്രാമങ്ങൾ തകർന്നടിഞ്ഞ നിലയിലും പാലങ്ങൾ നശിപ്പിക്കപ്പെട്ട നിലയിലും റോഡുകളും വയലുകളും മൈൻ വിതറിയ നിലയിലും ആയിരിക്കും. അങ്ങനെ, തിരിച്ചെത്തുന്ന അഭയാർഥികൾ ആദ്യംമുതൽ തങ്ങളുടെ ജീവിതം മാത്രമല്ല, ഭവനങ്ങളും സ്കൂളുകളും ചികിത്സാലയങ്ങളും എന്നുവേണ്ട എല്ലാംതന്നെ കെട്ടിപ്പടുക്കേണ്ടതുണ്ട്.
മാത്രമല്ല, അഭയാർഥികളെ തിരികെച്ചെല്ലാൻ അനുവദിക്കത്തക്കവിധം ഒരിടത്ത് ഏറ്റുമുട്ടലുകളുടെ തീനാളങ്ങൾ അണയുമ്പോൾ അതു മറ്റെവിടെയെങ്കിലും കത്തിത്തുടങ്ങുന്നു, ഇത് പുതിയ അഭയാർഥി പ്രവാഹങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട്, അഭയാർഥി പ്രതിസന്ധി പരിഹരിക്കുന്നത്, ആളുകളെ ജീവനുംകൊണ്ടോടാൻ ഇടയാക്കുന്ന യുദ്ധം, അടിച്ചമർത്തൽ, വിദ്വേഷം, പീഡനം, എന്നിവയും മറ്റു ഘടകങ്ങളും പോലുള്ള ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ അർഥമാക്കുന്നു.
ലോകത്തിലെ അഭയാർഥികളുടെ അവസ്ഥ 1995 (ഇംഗ്ലീഷ്) സമ്മതിക്കുന്നു: “[അഭയാർഥി പ്രതിസന്ധിക്കുള്ള] പരിഹാരം ആത്യന്തികമായി രാഷ്ട്രീയ-സൈനിക-സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു . . . എന്നതാണ് നഗ്നസത്യം. ഏതൊരു മാനവക്ഷേമ സംഘടനയുടെയും നിയന്ത്രണത്തിനുമപ്പുറത്താണത്.” ബൈബിൾ പറയുന്നതനുസരിച്ച്, പരിഹാരമാർഗങ്ങൾ ഏതൊരു ഭൗമിക സ്ഥാപനങ്ങൾക്കും—മാനവക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതോ അല്ലാത്തതോ ആയിക്കൊള്ളട്ടെ—എത്താപ്പുറത്താണ്.
അഭയാർഥികളില്ലാത്ത ഒരു ലോകം
എങ്കിലും, ഒരു പരിഹാരമുണ്ട്. തങ്ങളുടെ ഭവനങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും പറിച്ചെറിയപ്പെട്ടവരെ യഹോവ കരുതുന്നതായി ബൈബിൾ പറയുന്നു. ഭൗമിക ഗവൺമെൻറുകളിൽനിന്നു വ്യത്യസ്തമായി മനുഷ്യവർഗം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ശക്തിയും ജ്ഞാനവും അവനുണ്ട്. തന്റെ രാജ്യം—താമസിയാതെ ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന സ്വർഗീയ ഗവൺമെൻറ്—മുഖാന്തരം അവൻ അതു ചെയ്യും.
ദൈവരാജ്യം എല്ലാ മാനുഷ ഗവൺമെൻറുകളെയും നീക്കി അവയുടെ സ്ഥാനത്തു വരും. ഇന്നത്തെപ്പോലെ ഭൂമിയിൽ പല ഗവൺമെൻറുകളുണ്ടായിരിക്കുകയില്ല, പകരം മുഴു ഗ്രഹത്തെയും ഭരിക്കുന്ന ഒരൊറ്റ ഗവൺമെന്റേ ഉണ്ടായിരിക്കുകയുള്ളൂ. ബൈബിൾ മുൻകൂട്ടി പറയുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
ബൈബിളിൽ കാണപ്പെടുന്ന മത്തായി 6:9-13-ലുള്ള പ്രാർഥന നിങ്ങൾക്കു സുപരിചിതമായിരിക്കാം. ആ പ്രാർഥനയുടെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” ആ പ്രാർഥനയോടു ചേർച്ചയിൽ, ഭൂമിയെസംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റുന്നതിനായി ദൈവരാജ്യം താമസിയാതെ ‘വരും.’
ദൈവരാജ്യത്തിന്റെ സ്നേഹപൂർണമായ ഭരണാധിപത്യത്തിൻകീഴിൽ സാർവത്രിക സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കും. ഭൂമിയിലെ ആളുകളുടെയും രാഷ്ട്രങ്ങളുടെയും ഇടയിൽ വിദ്വേഷമോ പോരാട്ടമോ ഇനിയൊരിക്കലും ഉണ്ടായിരിക്കുകയില്ല. (സങ്കീർത്തനം 46:9) ദശലക്ഷക്കണക്കിനുവരുന്ന അഭയാർഥികൾ ഇനിയൊരിക്കലും തങ്ങളുടെ ജീവനുവേണ്ടി പലായനം ചെയ്യുകയോ ക്യാമ്പുകളിൽ മനമുരുകി കഴിയുകയോ ചെയ്യേണ്ടിവരില്ല.
ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തു, ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കും’ എന്നു ദൈവവചനം വാഗ്ദത്തം ചെയ്യുന്നു. “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:12-14.
[10-ാം പേജിലെ ചിത്രം]
താമസിയാതെ, എല്ലാവരും യഥാർഥ സഹോദരീസഹോദരന്മാരെന്നപോലെ അന്യോന്യം പെരുമാറും