കന്യകാത്വം—എന്തുകൊണ്ട്?
“കന്യകാത്വ പ്രസ്ഥാനം”—ലൈംഗികപ്രവൃത്തി പ്രായമാകുന്നതുവരെ നീട്ടിവെക്കാൻ കൗമാരപ്രായക്കാർക്കിടയിൽ വളർന്നുവരുന്നതായി കാണപ്പെടുന്ന പ്രവണതയെ കൊളംബിയ സർവകലാശാലയുടെ കീഴിലുള്ള ബെർണാഡ് കോളേജിലെ, മതത്തിന്റെ സഹപ്രൊഫസറായ റാൻഡെൽ ബാൽമെർ വിളിക്കുന്നത് അങ്ങനെയാണ്.
ലൈംഗിക വർജനത്തിനുള്ള പ്രോത്സാഹനം അധികവും വരുന്നതു മതസംഘടനകളിൽനിന്നാണെന്നതിൽ അത്ഭുതപ്പെടാനില്ല. “എന്നാൽ കന്യകാത്വ പ്രസ്ഥാനത്തിനു പിന്നിലുള്ള പ്രേരകശക്തി മതേതരമാണ്, മതപരമല്ല,” ഡോ. ബാൽമെർ ചൂണ്ടിക്കാട്ടുന്നു. “ഒരു കന്യകയായി തുടരാനുള്ള പ്രേരണ നൽകുന്നതു യഥാർഥത്തിൽ ഭയമാണ്—ദിവ്യന്യായവിധിയെക്കുറിച്ചുള്ള ഭയമല്ല, പിന്നെയോ മാരകരോഗത്തെക്കുറിച്ചുള്ള ഭയമാണ്.” അങ്ങനെ, ലൈംഗിക വർജനം ഒരു മതപരമായ ആദർശമായി ചിത്രീകരിച്ചിരുന്ന “കന്യാമറിയ ഭക്തിപ്രസ്ഥാന”ത്തെ, ലൈംഗിക വർജനം കൂടുതലും ഒരു ആരോഗ്യപ്രശ്നമായി അവതരിപ്പിക്കുന്ന ആധുനിക “കന്യകാത്വ പ്രസ്ഥാന”വുമായി അദ്ദേഹം വിപരീത താരതമ്യം ചെയ്യുന്നു.
“രോഗഭീതി ധാർമികതയെ ഭരിക്കുന്നു എന്നത് 1990-കളിലെ മതത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ദുഃഖകരമായ ഒരു ഭാഷ്യമാണ്,” ഡോ. ബാൽമെർ തുടരുന്നു. “ആരെയും പിണക്കാതിരിക്കാൻ ഉത്സുകരായ മതനേതാക്കന്മാർ ഒരു ദുർബല ധാർമികത—അല്ലെങ്കിൽ ധാർമികത തീർത്തും ഇല്ലാത്ത അവസ്ഥ—അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തങ്ങളുടെ ലൈംഗിക ജീവിതം എപ്രകാരം നയിക്കണമെന്നുള്ളതു സംബന്ധിച്ച ഉപദേശം നൽകുന്നതു ശാസ്ത്രജ്ഞന്മാർക്കും പൊതുജനാരോഗ്യപാലകർക്കും വിട്ടുകൊടുത്തിരിക്കുന്നു.”
എന്നാൽ യഥാർഥ ക്രിസ്ത്യാനികളുടെ കാര്യം അങ്ങനെയല്ല. യഹോവയുടെ ഒരു സാക്ഷിയായി വളർത്തിക്കൊണ്ടുവരുന്ന കൗമാരപ്രായക്കാരനായ ചാഡിന്റെ കാര്യമെടുക്കുക. ഒരു പെൺകുട്ടി ചാഡിനെ സമീപിച്ചു സംഭാഷണം ആരംഭിച്ചു. എന്നാൽ, അവളുടെ ഉദ്ദേശ്യം വെറും സംസാരിക്കുക എന്നതിൽ കവിഞ്ഞതായിരുന്നുവെന്നു താമസിയാതെ വെളിവായി. “അപ്പോൾ, ഞാൻ യഹോവയെ ദുഃഖിപ്പിക്കാൻ പാടില്ലെന്ന ചിന്ത പെട്ടെന്ന് എന്റെ മനസ്സിലേക്കോടിയെത്തി. എപ്പോഴും യഹോവയെ സന്തോഷിപ്പിക്കണമെന്ന ചിന്ത മനസ്സിലുള്ളതുകൊണ്ടു ഞാൻ പോകുകയാണെന്ന് അവളോടു പറഞ്ഞു,” ചാഡ് പറയുന്നു.
ചാഡിനെപ്പോലെ യഹോവയുടെ സാക്ഷികൾക്കിടയിലെ അനേകം ചെറുപ്പക്കാർ ധാർമികനിയമങ്ങൾ കാത്തുസൂക്ഷിക്കുന്നു, നല്ല ആരോഗ്യത്തിനുവേണ്ടിമാത്രമല്ല, പിന്നെയോ മുഖ്യമായും അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി. രോഗഭീതിയല്ല അവരുടെ ധാർമികതയെ ഭരിക്കുന്നത്. മറിച്ച്, അത്തരം യുവാക്കൾ സഭാപ്രസംഗി 12:1-ലെ ഈ ബുദ്ധ്യുപദേശം പിന്തുടരുന്നു: നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”