ഒരു മതം അവശേഷിക്കും
ഭൂമിയിലുള്ള എല്ലാ ആളുകളും ഒറ്റ മതത്തിൽ, ഏക സത്യദൈവത്തിന്റെ നിർമലാരാധനയിൽ ഏകീകരിച്ചാൽ എങ്ങനെയിരിക്കുമെന്ന് ഒന്നു സങ്കൽപ്പിച്ചുനോക്കുക. അത് ഐക്യത്തിന്റെ എന്തൊരു ഉറവായിരിക്കും! മതശണ്ഠയോ വിദ്വേഷമോ യുദ്ധമോ ഒന്നും കാണുകയില്ല. അത് ഒരു സ്വപ്നം മാത്രമാണോ? അല്ല. വേശ്യയുടെ, വ്യാജമതലോകസാമ്രാജ്യത്തിന്റെ, നാശത്തെക്കുറിച്ചുള്ള അപ്പോസ്തലനായ യോഹന്നാന്റെ ദർശനം ഒരു ആരാധനാരീതി അവളുടെ നാശത്തിനു ശേഷം അവശേഷിക്കുമെന്നു സൂചിപ്പിക്കുന്നു. അത് ഏതായിരിക്കും?
സ്വർഗത്തിൽനിന്നു യോഹന്നാൻ കേട്ട ശബ്ദം നമുക്ക് ഒരു സൂചന നൽകുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.” (വെളിപ്പാടു 18:4) ഇവിടെ ദൈവംതന്നെ തന്റെ ജനത്തോടു സംസാരിക്കുകയാണെന്നുള്ളതു സ്പഷ്ടമാണ്. മാന്യമായ ഒരു ജീവിതവുമായി പൊരുത്തപ്പെടാൻ അവളെ സഹായിച്ചുകൊണ്ട് അവളെ രക്ഷിക്കാനുള്ള സഭൈക്യ ശ്രമത്തിൽ ആ വേശ്യയോടൊപ്പം ചേരാൻ തന്റെ ജനത്തോട് അവൻ കൽപ്പിക്കുന്നില്ല എന്നതു ശ്രദ്ധിക്കുക. ഇല്ല, അവൾക്കു യാതൊരു പരിഹാരമാർഗവുമില്ല. അതുകൊണ്ട്, അവളുടെ കടുത്ത പാപപൂർണമായ അവസ്ഥയാൽ മലിനമാകാതിരിക്കാനും അവളോടൊപ്പം ഒടുവിൽ ന്യായം വിധിക്കപ്പെട്ട് നശിക്കാതിരിക്കാനും അവളിൽനിന്നു പുറത്തു കടന്ന് അകന്നുനിൽക്കാൻ അവൻ കൽപ്പിക്കുന്നു.
“അവളിൽനിന്നു പുറത്തുപോരുവിൻ” എന്ന സ്വർഗത്തിൽനിന്നുള്ള ശബ്ദം, ദൈവജനത്തെ തിരിച്ചറിയാൻ സത്യാന്വേഷികളെ സഹായിക്കുകയും ചെയ്യുന്നു. അവർ തങ്ങളോടുതന്നെ ഇങ്ങനെ ചോദിച്ചേക്കാം, ‘“മഹതിയാം ബാബിലോ”നുമായി ബന്ധമുള്ള എല്ലാ മതത്തിൽനിന്നും സ്ഥാപനത്തിൽനിന്നും ആരാധകഗണത്തിൽനിന്നും രാജി വെച്ചുകൊണ്ട് ഇന്ന് ഈ കൽപ്പനയ്ക്കു ചെവി കൊടുത്തിരിക്കുന്ന ജനം ഏതാണ്? (വെളിപ്പാടു 18:2) എല്ലാത്തരം ബാബിലോന്യ ഉപദേശങ്ങളിൽനിന്നും വിശ്വാസങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും പാരമ്പര്യങ്ങളിൽനിന്നും തങ്ങളെത്തന്നെ വിമോചിപ്പിച്ചിരിക്കുന്ന ഏതു ജനമാണ് ഇന്നു ഭൂമിയിലുള്ളത്?’ അവർ യഹോവയുടെ സാക്ഷികളല്ലാതെ മറ്റാരായിരിക്കാൻ കഴിയും? 230-ലധികം രാജ്യങ്ങളിൽ ജനനത്തിങ്കലോ മതപരിവർത്തനത്താലോ ഏതെങ്കിലും തരത്തിൽപ്പെട്ട ബാബിലോന്യ മതത്തോടു ബന്ധപ്പെട്ടിരുന്ന 52 ലക്ഷത്തിലധികം വരുന്ന സാക്ഷികൾ അതിൽനിന്നു രാജി വെച്ചിരിക്കുന്നു. ചിലപ്പോൾ കുടുംബാംഗങ്ങളിൽനിന്നും സ്നേഹിതരിൽനിന്നും മതനേതാക്കന്മാരിൽനിന്നുമുള്ള എതിർപ്പിൻ മധ്യേ ആയിരുന്നിട്ടുണ്ട് ഇത്.
ദക്ഷിണാഫ്രിക്കക്കാരനായ ഹെൻട്രി ആണ് ഒരു ഉദാഹരണം. അദ്ദേഹം പള്ളിയിലെ ഖജാൻജിയായിരുന്നു. പള്ളിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും അദ്ദേഹം സത്യം അന്വേഷിക്കുകയായിരുന്നു. ഒരു നാൾ അദ്ദേഹം യഹോവയുടെ സാക്ഷികളുമൊത്തുള്ള ഒരു സൗജന്യ ഭവനബൈബിളധ്യയനം സ്വീകരിച്ചു. ഒടുവിൽ, ഒരു സാക്ഷിയായിത്തീരാൻ തീരുമാനിച്ചപ്പോൾ തന്റെ അടുത്ത അയൽക്കാരനായ പാസ്റ്ററോട് താൻ സഭയിൽനിന്നു രാജിവെക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.
അമ്പരന്നുപോയ പാസ്റ്റർ, സഭാധ്യക്ഷനും മറ്റു ചില സഭാംഗങ്ങളുമൊപ്പം ഹെൻട്രിയെ സന്ദർശിച്ചു. അവരുടെ അഭിപ്രായമനുസരിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവില്ലാത്ത ഒരു മതത്തിലെ അംഗമായിത്തീരാൻ എന്തുകൊണ്ടാണു സഭ ഉപേക്ഷിച്ചതെന്ന് അവർ ചോദിച്ചു. “ആദ്യം, അവരോട് ഉത്തരം പറയാൻ എനിക്കു ഭയമായിരുന്നു. കാരണം, അവർക്ക് എല്ലായ്പോഴും എന്റെമേൽ വലിയ സ്വാധീനമുണ്ടായിരുന്നു. സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു, പ്രതിവാദം നടത്താൻ അവൻ എന്നെ പ്രാപ്തനാക്കി: ‘സാർവദേശീയ മതങ്ങളിൽ ഏതു മതം മാത്രമാണു യഹോവ എന്ന ദൈവനാമം പതിവായി ഉപയോഗിക്കുന്നത്? അതു യഹോവയുടെ സാക്ഷികളല്ലേ? തന്റെ നാമം വഹിക്കാൻ ദൈവം അവരെ അനുവദിച്ചിട്ട് തന്റെ പരിശുദ്ധാത്മാവിനെ അവർക്കു കൊടുക്കുകയില്ലെന്നു നിങ്ങൾ കരുതുന്നുണ്ടോ?’” ഈ ന്യായവാദത്തെ ഖണ്ഡിക്കാൻ സഭയിലെ കാര്യസ്ഥർക്കു കഴിഞ്ഞില്ല. ഹെൻട്രി ഇപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരുവനാണ്.
“അവളിൽനിന്നു പുറത്തുപോരുവിൻ” എന്നു സ്വർഗത്തിൽനിന്നുള്ള ശബ്ദം കൽപ്പിക്കുമ്പോൾ, പോകാൻ ഒരിടമുണ്ട്. (വെളിപ്പാടു 18:4) നിങ്ങൾക്ക് ഓടിപ്പോകാൻ കഴിയുന്ന ആളുകൾ, സത്യദൈവമായ യഹോവയുടെ ആരാധകർ ഇന്നുണ്ട്. ലക്ഷങ്ങൾ ഓടിപ്പോയിരിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്ന അവർ ഒരു അന്താരാഷ്ട്ര ക്രിസ്തീയ സഹോദരവർഗമാണ്. 78,600-ലധികം സഭകളിലായി സംഘടിതരായിരിക്കുന്ന അവർ ഇപ്പോൾ ചരിത്രത്തിൽ ഏറ്റവും വലിയ വർധനവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷങ്ങൾകൊണ്ട് അവർ 12,00,000-ത്തിലധികം പേരെ സ്നാപനപ്പെടുത്തിയിരിക്കുന്നു! സ്നാപനത്തിനു മുമ്പ്, അവരെല്ലാം ആത്മീയമായി പ്രോത്സാഹജനകമായ ബൈബിളധ്യയനം പൂർത്തിയാക്കി. അത് മറ്റേതെങ്കിലും മതവുമായുള്ള എല്ലാ മുൻബന്ധങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ വ്യക്തിപരവും നല്ല അടിസ്ഥാനമുള്ളതുമായ ഒരു തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കി.—സെഫന്യാവു 2:2, 3.
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ ഒരു യോഗത്തിൽ നിങ്ങൾ ഇതുവരെയും സംബന്ധിച്ചിട്ടില്ലെങ്കിൽ, ഈ വാരത്തിൽ അതു ചെയ്യരുതോ? നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ നിങ്ങളിൽ അനുകൂലമായ ഒരു മതിപ്പ് ഉളവാക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ബൈബിൾ മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലക്ഷക്കണക്കിനാളുകൾ ചെയ്തിരിക്കുന്നതുപോലെ, അതു നിങ്ങളോടൊപ്പം പഠിക്കാൻ ഒരു യഹോവയുടെ സാക്ഷിയോടു ചോദിക്കരുതോ? ദൈവവചനത്തെക്കുറിച്ചുള്ള യഥാർഥ ഗ്രാഹ്യത്തിനു വേണ്ടി, ഒപ്പംതന്നെ ആ വചനത്തിനു ചേർച്ചയിലുള്ള ജീവിതത്തിനു വേണ്ടി നിങ്ങൾ പ്രാർഥിക്കുന്നെങ്കിൽ, ആ പ്രാർഥനയ്ക്കുള്ള ഉത്തരം നിങ്ങൾ കണ്ടെത്തും.
[9-ാം പേജിലെ ചിത്രങ്ങൾ]
ലക്ഷക്കണക്കിനാളുകൾ യഹോവയാം ദൈവത്തിന്റെ ആരാധനയിലേക്കു തിരിയുന്നു