വററാത്തധൈര്യത്തിന്റെ ഉറവിടം
“ഒരു ചീററൽ. ഞങ്ങൾ ഉടൻ നിന്നു. ഇടതുവശത്തായി മരച്ചില്ലയിൽനിന്ന് അതാ രണ്ടു കിളികൾ ചിറകും വിടർത്തി ഞങ്ങളുടെ നേർക്കു പാഞ്ഞടുക്കുന്നു. ഞങ്ങൾക്കു മുമ്പിലായി താഴെ നിലത്തു ചെറിയൊരു കുഴിയിൽ രണ്ടു മുട്ടകളുണ്ടായിരുന്നു. ഞങ്ങൾ അവരുടെ കൂടിനുമീതെ അബദ്ധവശാൽ ചവുട്ടിപ്പോകുന്നതിൽനിന്ന് ആ പക്ഷികൾ ഞങ്ങളെ തടഞ്ഞു. അടുത്തു ചെന്ന് തവിട്ടുനിറത്തിൽ പുള്ളിക്കുത്തുള്ള ഹൃദയഹാരിയായ ആ മുട്ടകളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ഓരോ സമയത്തും ആ പക്ഷികൾ തങ്ങളുടെ ഭീഷണിപ്പറക്കൽ ആവർത്തിച്ചു. ‘ഇവയ്ക്ക് എന്തൊരു ധൈര്യം’ എന്നു ഞങ്ങൾ ചിന്തിച്ചുപോയി.”
പുള്ളിക്കുത്തുള്ള ഡിക്കോപ്പ് പക്ഷിയുടെ കൂടിനടുത്തു ചെന്ന നാലു പേരുടെ അനുഭവമായിരുന്നു അത്. അതിനെക്കാൾ ചെറിയൊരു പക്ഷിയാണു ബ്ലാക്ക്സ്മിത്ത് പ്ലോവർ. എവ്രിവൺസ് ഗൈഡ് ടു സൗത്ത് ആഫ്രിക്കൻ ബേർഡ്സ് എന്ന പുസ്തകത്തിൽ സിങ്ക്ളെയർ, മെൻഡൽസൺ എന്നീ പക്ഷിവിജ്ഞാനികൾ ഇങ്ങനെ വിശദമാക്കുന്നുണ്ട്: “അടയിരിക്കുന്ന ഇണകൾ തങ്ങളുടെ കൂടിനെയും കുഞ്ഞുങ്ങളെയും ഊർജസ്വലതയോടെ കാക്കുന്നു. അതിക്രമിച്ചു കടക്കുന്നവർ സമീപിക്കുമ്പോൾ അവ വളരെ അക്രമാസക്തരായിത്തീരുന്നു. അതിക്രമിച്ചു കടന്നുവരുന്നവരുടെ വലിപ്പത്തിലൊന്നും അവർക്കൊരു പേടിയുമില്ല. ഒച്ചവെച്ച് ഉയരത്തിലേക്കു പറന്ന് മനുഷ്യരുടെ നേരെപോലും അവ ഒരു ഭയവും കൂടാതെ കുത്തനെ താഴേക്കു പറന്നുവരുന്നു. അങ്ങനെയാണ് അവ അവരെ തടയാൻ ശ്രമിക്കുന്നത്.”
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആനകൾ ചിലപ്പോൾ അറിയാതെയാവാം ബ്ലാക്ക്സ്മിത്ത് പ്ലോവറിന്റെ കൂടിനടുത്തെത്തുന്നത്. അതോടെ തുടങ്ങുകയായി കിളികളുടെ പ്രകടനം. പിന്നെ മുന്നോട്ടുപോകൽ മതിയാക്കി ആനകൾ തിരിഞ്ഞു നടക്കുന്നതു കാണാം.
പക്ഷികൾക്ക് എവിടെനിന്നാണ് ഇത്ര ധൈര്യം ലഭിക്കുന്നത്? അവയെ സൃഷ്ടിച്ചവനിൽനിന്ന്. വലിയ മൃഗങ്ങൾ ഇവയുടെ കൂടുകൾക്കും കുഞ്ഞുങ്ങൾക്കും ഉപദ്രവം ചെയ്യുന്നതു തടയുന്നതിനുവേണ്ടി സഹജമായ യാന്ത്രികസംവിധാനത്തോടെ ഈ ചെറുജീവികളിൽ യഹോവയാം ദൈവം അതു പ്രോഗ്രാം ചെയ്തുവെച്ചിരിക്കുകയാണ്.
ക്രിസ്ത്യാനികൾക്ക് ഒരു പാഠം
കേവലം സഹജമായ ധൈര്യത്തിനപ്പുറം പോകാൻ ആഗ്രഹിക്കുന്നവരാണെങ്കിൽപ്പോലും ക്രിസ്ത്യാനികൾക്ക് ഇതിൽനിന്ന് ഒരു പാഠം പഠിക്കാനാവും. ദൈവത്തിന്റെ കൽപ്പനകൾ സധൈര്യം അനുസരിച്ച, തങ്ങളുടെ യജമാനനായ യേശുക്രിസ്തുവിനെ അനുകരിക്കാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. (എബ്രായർ 12:1-3) ദൈവത്തെ സേവിക്കുന്നതിൽനിന്നു പിൻമാറുന്ന ഭീരുക്കളെ ബൈബിൾ കുററംവിധിക്കുന്നു. (എബ്രായർ 10:39; വെളിപ്പാടു 21:8) അതേസമയം, യഹോവ നമ്മുടെ അപൂർണ ഘടന മനസ്സിലാക്കുകയും ചിലപ്പോഴൊക്കെ തെററു ചെയ്തേക്കാമെന്നോ അവന്റെ ഇഷ്ടം പൂർണമായി നിവർത്തിക്കാൻ ആവശ്യമായ ധൈര്യമില്ലാതെ വന്നേക്കാമെന്നോ അറിയുകയും ചെയ്യുന്നു. (സങ്കീർത്തനം 103:12-14) ഭയം നിമിത്തം ശരിയായതു ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുന്ന ഒരു വ്യക്തിക്ക് എന്തു ചെയ്യാനാവും?
പരിശോധനകളെ അഭിമുഖീകരിക്കുന്നതിനുള്ള ശക്തിക്കുവേണ്ടി ഒരു ക്രിസ്ത്യാനി പ്രാർഥനാപൂർവം ദൈവത്തിലേക്കു തിരിയുകയും ദിവ്യഹിതം ചെയ്തുകൊണ്ടിരിക്കുകയും വേണം. യഹോവയുടെ സഹായത്തെക്കുറിച്ചുള്ള ആശ്വാസകരമായ ഈ വാഗ്ദാനം ബൈബിളിലുണ്ട്: “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകൻമാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശയ്യാവു 40:29-31) ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞിട്ടുള്ള അപൂർണരായ അനേകം മനുഷ്യരുണ്ട്. അവർ “ബലഹീനതയിൽ ശക്തി പ്രാപിച്ചു.” (എബ്രായർ 11:34) ഇക്കാര്യത്തിൽ ഒരു നല്ല ദൃഷ്ടാന്തമായ ക്രിസ്തീയ അപ്പോസ്തലൻ പൗലോസ് എഴുതി: “കർത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു.”—2 തിമൊഥെയൊസ് 4:17.
യേശുക്രിസ്തുവിന്റെ അനുഗാമികളാകാൻ ആഗ്രഹിക്കുന്ന താത്പര്യക്കാരായ പുതിയ വ്യക്തികൾക്കുപോലും കരുത്തേകുന്ന അത്തരം സഹായം അനുഭവിച്ചറിയാനാകും. ഹെൻട്രി എന്നു പേരായ ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ കാര്യം പരിചിന്തിക്കാം. പള്ളിയുടെ ഖജാൻജിയായിരുന്ന അദ്ദേഹം തന്റെ പാസ്റററുടെ അയൽക്കാരനായിരുന്നു. ഹെൻട്രി ഒരു സത്യാന്വേഷകനായിരുന്നു. പള്ളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും ഒരു ദിവസം അദ്ദേഹം യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാനുള്ള ക്ഷണം സ്വീകരിച്ചു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, ഒരു സാക്ഷിയായിത്തീരാൻ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം ആ ലക്ഷ്യത്തിലെത്താൻ താൻ എന്തു നടപടികൾ സ്വീകരിക്കണമെന്ന് അന്വേഷിച്ചു. ആദ്യംതന്നെ പള്ളിയിൽനിന്നു രാജിവെയ്ക്കണമെന്ന് അദ്ദേഹത്തോടു പറഞ്ഞു. (വെളിപ്പാടു 18:4) പാസ്ററർ അദ്ദേഹത്തിന്റെ അയൽക്കാരനും സുഹൃത്തുമായിരുന്നു. അതുകൊണ്ട്, രാജിക്കത്ത് എഴുതേണ്ട, പകരം നേരിട്ടു ചെന്ന് കാര്യം വിശദമാക്കാമെന്നു ഹെൻട്രി വിചാരിച്ചു. ഇത് അദ്ദേഹം ധൈര്യപൂർവം ചെയ്തു.
പാസ്ററർക്ക് അതു ഞെട്ടലുളവാക്കി. അദ്ദേഹം പള്ളിസമിതി ചെയർമാനും മററു പള്ളിയംഗങ്ങളുമൊരുമിച്ച് ഹെൻട്രിയെ സന്ദർശിക്കാനെത്തി. അവർ പറയുന്ന പ്രകാരം പരിശുദ്ധാത്മാവില്ലാത്ത ഒരു മതത്തിന്റെ അംഗമായിത്തീരാൻ തങ്ങളുടെ പള്ളിയിൽനിന്ന് അദ്ദേഹം വിട്ടുപോയതിന്റെ കാരണം അറിയാൻ അവർക്ക് ആഗ്രഹമായി. ഹെൻട്രി വിശദീകരിക്കുന്നു: “തുടക്കത്തിൽ, മറുപടി പറയാൻ എനിക്കു പേടിയായിരുന്നു. കാരണം അവർക്ക് എന്റെമേൽ എല്ലായ്പോഴും വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ ഞാൻ സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. ഇങ്ങനെയൊരു പ്രതിവാദം നടത്താൻ അവൻ എന്നെ പ്രാപ്തനാക്കി: ‘സാർവദേശീയ മതങ്ങളിൽവെച്ച് യഹോവ എന്ന ദൈവനാമം ഉപയോഗിക്കുന്ന ഒരേ ഒരു മതം ഏതാണ്? അതു യഹോവയുടെ സാക്ഷികളല്ലേ? ദൈവം തന്റെ നാമം വഹിക്കാൻ അവരെ അനുവദിക്കുകയും എന്നാൽ അവർക്കു തന്റെ പരിശുദ്ധാത്മാവിനെ കൊടുക്കാതിരിക്കുകയും ചെയ്യുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’ അത്തരം ന്യായവാദത്തെ ഖണ്ഡിക്കാൻ പള്ളി അധികാരികൾക്കു കഴിഞ്ഞില്ല. ദൈവം പ്രദാനം ചെയ്യുന്ന പരിജ്ഞാനവും ശക്തിയും നിമിത്തം ഹെൻട്രി ഇപ്പോൾ യഹോവയുടെ സാക്ഷികളോടുകൂടെ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കുപററുകയാണ്.
അതേ, സത്യ ക്രിസ്ത്യാനിയായിരിക്കുന്നതിനു ധൈര്യം ആവശ്യമാണ്. ഈ ലോകത്തിന്റെ അന്ത്യം അടുത്തുവരുന്തോറും വിശ്വാസത്തിന്റെ പരിശോധന വർധിക്കും. യഹോവയോടുള്ള നിർമലതയെ തകർക്കാൻ ശ്രമിച്ചുകൊണ്ട് ദൈവത്തിന്റെ ദാസൻമാരിൽനിന്നു നിത്യജീവന്റെ മഹത്തായ പ്രത്യാശ തട്ടിത്തെറിപ്പിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. (താരതമ്യം ചെയ്യുക: വെളിപ്പാടു 2:10.) എന്നാൽ നാം ഒരിക്കലും വിട്ടുകൊടുക്കാൻ പാടില്ല. ഭയം നിമിത്തം താത്കാലിക പരാജയങ്ങൾ അനുഭവിച്ചാലും പൂർവസ്ഥിതി പ്രാപിക്കാൻ യഹോവക്കു നമ്മെ സഹായിക്കാനാവും. അവന്റെ ഇഷ്ടം ചെയ്തുകൊണ്ടിരിക്കാനുള്ള ശക്തിക്കുവേണ്ടി അവനിലേക്കുതന്നെ നോക്കിക്കൊണ്ടിരിക്കുക. ഭയമില്ലാത്ത പക്ഷികളെ സൃഷ്ടിച്ചവനാണു വററാത്ത ധൈര്യത്തിന്റെ ഉറവിടം എന്ന് ഓർക്കുക. നിശ്ചയമായും, ക്രിസ്ത്യാനികൾ “നല്ല ധൈര്യമുള്ളവരായി പറയണം: ‘യഹോവയാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?’”—എബ്രായർ 13:6, NW.