ലോകത്തെ വീക്ഷിക്കൽ
സഭയെയല്ല, വ്യക്തികളെയാണു കുറ്റപ്പെടുത്തേണ്ടതെന്നു പാപ്പാ പറയുന്നു
റുവാണ്ടയിലെ മതനേതാക്കളെയും സിവിൽ അധികാരികളെയും ജനസമൂഹത്തെയും അഭിസംബോധന ചെയ്ത ഒരു കത്തിൽ, 1994-ൽ അവിടെ നടന്ന വംശഹത്യയുടെ ഉത്തരവാദിത്വത്തിൽനിന്നു റോമൻ കത്തോലിക്കാ സഭയെ വിമുക്തമാക്കാൻ ജോൺ പോൾ 2-ാമൻ പാപ്പാ ശ്രമിച്ചു. “സുവിശേഷ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ച സഭാംഗങ്ങളുടെ കുറ്റകൃത്യത്തിനു സഭയെ ഉത്തരവാദിയാക്കാവുന്നതല്ല” എന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ പാപ്പാ ഇങ്ങനെയും പറഞ്ഞു: “വംശഹത്യയുടെ സമയത്തു പാപം ചെയ്ത എല്ലാ സഭാംഗങ്ങൾക്കും തങ്ങൾ ചെയ്ത കുറ്റകൃത്യങ്ങളുടെ പരിണതഫലങ്ങൾ അനുഭവിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കണം.” 5,00,000 ആളുകളുടെ ജീവൻ അപഹരിച്ച കൂട്ടക്കൊലയിൽ, റുവാണ്ടയിലെ പുരോഹിതൻമാർ പങ്കെടുക്കുകയും അതിനെ ഊർജസ്വലമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും അതു തടയാൻ കത്തോലിക്കാ സഭാഭരണാധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമുള്ള ആരോപണത്തെക്കുറിച്ചു പാപ്പാ പരസ്യമായി സംസാരിക്കുന്നതു പ്രത്യക്ഷത്തിൽ ഇതാദ്യമായാണ്. കത്തോലിക്കർ നീതിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കരുതെന്നുള്ള പോപ്പിന്റെ പ്രസ്താവന “മർമ സ്ഥാനത്തെയാണു സ്പർശിക്കുന്നത്,” കാരണം “വംശഹത്യയ്ക്കു കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവരിൽ, വിദേശത്ത് അഭയം പ്രാപിച്ചിരിക്കുന്ന പുരോഹിതൻമാരും ഉൾപ്പെടുന്നു” എന്ന് ഇറ്റാലിയൻ പത്രമായ കൊറീറാ ഡെല്ലാ സെറായിൽ എഴുതികൊണ്ട് വത്തിക്കാൻ ഭാഷ്യകാരനായ ലൂയിജി അക്കടോളി പറഞ്ഞു. റുവാണ്ടയിലെ ജനങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കരാണ്.
“കുടുംബങ്ങൾ പരിവർത്തനത്തിൽ”
“കുട്ടികളുള്ള വിവാഹിത ദമ്പതികൾ മൊത്തം കുടുംബങ്ങളുടെ വെറും 44.5 ശതമാനം മാത്രമായിരിക്കുന്നത്ര നാടകീയമായ പരിവർത്തനം സാധാരണ കനേഡിയൻ കുടുംബങ്ങളുടെ ഘടനയ്ക്കു സംഭവിച്ചിരിക്കുന്നു”വെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. വിപരീത താരതമ്യത്തിൽ, “1961-ൽ, മൊത്തം കനേഡിയൻ കുടുംബങ്ങളിൽ ഏതാണ്ട് 65 ശതമാനം കുട്ടികളുള്ള വിവാഹിത ദമ്പതികളുടേതായിരുന്നു.” ഭീതിപ്പെടുത്തുന്ന മറ്റൊരു സംഖ്യ കാര്യമായ നിയമസാധുതയില്ലാത്ത വിവാഹങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവാണ്. അത് ഏറെക്കുറെ മൂന്നുമടങ്ങായി, 1981-ൽ 3,55,000 ആയിരുന്നത് 1995-ൽ 9,97,000 ആയി, വർധിച്ചിരിക്കുന്നു. “വിവാഹമോചനം, പുനർവിവാഹം, കാര്യമായ നിയമസാധുതയില്ലാത്ത വിവാഹം എന്നിവ വർധിച്ചതോതിൽ തുടരുന്നെങ്കിൽ, കുടുംബ ഘടനയിൽ കൂടുതൽ വിപ്ലവം പ്രതീക്ഷിക്കാവുന്നതാണ്” എന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ നടത്തിയ ആ സർവേ പ്രസ്താവിച്ചു.
ഗൂഢവിദ്യയോടുള്ള ഫ്രാൻസിന്റെ മോഹം
“ദാർശനികർക്കും ആത്മമധ്യവർത്തികൾക്കുമൊപ്പം ഫ്രഞ്ചുകാർ ഈയിടെ വളരെയേറെ സമയം ചെലവഴിക്കുന്നതെന്തുകൊണ്ട്?” എന്ന് ദ ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. “മുമ്പെന്നത്തേതിലും അധികമായി, ഫ്രഞ്ചുകാർ അതീന്ദ്രിയജ്ഞാനികളോടും ഗണിതവിദ്യക്കാരോടും ആലോചന ചോദിക്കുന്നു. . . . മന്ത്രവാദം അഭിവൃദ്ധി പ്രാപിക്കുകയാണെന്നുള്ളതിനു ഗവൺമെൻറിനു തെളിവുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 50,000 നികുതിദായകർ ജ്യോതിഷക്കാർ, സൗഖ്യമാക്കലുകാർ, ആത്മമധ്യവർത്തികൾ എന്നീ തൊഴിലുകളിലും സമാനമായ തൊഴിലുകളിലുംനിന്നുള്ള വരുമാനം പ്രഖ്യാപിച്ചു. എന്നത്തേതിലും ഉയർന്ന ഒരു സംഖ്യയായിരുന്നു അത്. അതിനോടുള്ള താരതമ്യത്തിൽ, ആ രാജ്യത്ത് 36,000-ത്തിൽ താഴെ റോമൻ കത്തോലിക്കാ പുരോഹിതൻമാരും ഏതാണ്ട് 6,000 മനശ്ശാസ്ത്രജ്ഞൻമാരുമേ ഉണ്ടായിരുന്നുള്ളൂ.” ഈ സഹസ്രാബ്ദത്തിന്റെ സമാപ്തിയിൽ എന്തു സംഭവിച്ചേക്കാം എന്നതിനെക്കുറിച്ചുള്ള ഭയത്തെയാണു പ്രസ്തുത പ്രവർത്തനം സൂചിപ്പിക്കുന്നതെന്നു ചിലർ വിചാരിക്കുന്നു. മറ്റുള്ളവർ അതിനെ, മതം പോലെയുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അധഃപതനത്തിന്റെ അനന്തരഫലമായി വീക്ഷിക്കുന്നു. അടുത്തയിടയായി തങ്ങളുടെ പതിവുകാർ വളരെയേറെ മാറിപ്പോയിരിക്കുന്നുവെന്ന് ഈ കൗശലവിദ്യക്കാർ പറയുന്നു. കഴിഞ്ഞ കാലത്ത്, മിക്ക പതിവുകാരും സ്ത്രീകളായിരുന്നു. ഇപ്പോൾ ഇരു ലിംഗവർഗത്തിൽപ്പെട്ടവരുടെയും എണ്ണം ഏതാണ്ട് തുല്യമാണ്. രോഗങ്ങളെയും പ്രേമാഭ്യർഥനകളെയും കുറിച്ച് ചോദിക്കുന്നതിനു പകരം, ആളുകൾ ഇപ്പോൾ തൊഴിലുകളെക്കുറിച്ചാണു ചോദിക്കുന്നത്.
ജപ്പാനിലെ വിൽപ്പന യന്ത്രങ്ങൾ
“വിൽപ്പന യന്ത്രത്തിൽ ലഭിക്കാത്തതായി ജപ്പാനിൽ ഒന്നുംതന്നെയില്ല” എന്ന് ദ വാഷിങ്ടൺ പോസ്റ്റ് പറയുന്നു. സമ്മാനപ്പൊതികൾ, സിഡി-കൾ, ബിയർ, ബോക്സർ നിക്കറുകൾ, മുട്ട, മുത്തുകൾ, ആനബൊമ്മകൾ, കാലുറകളോടുകൂടിയ അടിവസ്ത്രം, ഒരിക്കൽ മാത്രം ഉപയോഗിക്കാനുള്ള കാമറകൾ തുടങ്ങി നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്ന എന്തും വിൽപ്പന യന്ത്രങ്ങൾ നൽകുന്നു. “പ്രവർത്തിപ്പിക്കുന്നതിനു കുനിയേണ്ടതില്ലാത്ത,” സാധനങ്ങൾ നെഞ്ചിന്റെ ഉയരത്തിൽ നൽകുന്ന യന്ത്രങ്ങളും കാഴ്ചയെ തടസ്സപ്പെടുത്താത്ത വലുപ്പം കുറഞ്ഞ യന്ത്രങ്ങളുമുണ്ട്. പുഷ്പങ്ങൾക്കൊണ്ടും മറ്റ് അലങ്കാരവസ്തുക്കൾക്കൊണ്ടും മോടിപിടിപ്പിച്ച യന്ത്രങ്ങൾ പോലുമുണ്ട്. “ജപ്പാന് ഏതാണ്ട് മോൺടാനയുടെ വലുപ്പമേയുള്ളൂ, എന്നാൽ മുഴു ഐക്യനാടുകളിലുമുള്ള അത്രയുംതന്നെ വിൽപ്പന യന്ത്രങ്ങൾ അവിടെയുണ്ട്” എന്ന് ആ ലേഖനം കൂട്ടിച്ചേർക്കുന്നു. “മിക്ക ജാപ്പനീസ് വിൽപ്പന യന്ത്രങ്ങളും വെളിയിലാണു വെച്ചിരിക്കുന്നത്; മഞ്ഞുമൂടികിടക്കുന്ന ഫ്യുജി കൊടുമുടിയിൽ പോലുമുണ്ട് ഒരെണ്ണം.” ജപ്പാനിൽ നശീകരണ നിരക്കു കുറവായതിനാൽ വിലപിടിപ്പുള്ള വസ്തുക്കൾ വെളിയിൽ വെക്കാൻ കഴിയും. സ്ഥലം വിലപിടിപ്പുള്ളതാണ്, അതുകൊണ്ട് കടയുടമകൾ വിൽപ്പന യന്ത്രങ്ങളും അലമാരകളായി ഉപയോഗിക്കുന്നു. ടോക്കിയോയിലെ മിക്കവാറും എല്ലാ തെരുക്കോണുകളിലും അവ കാണാവുന്നതാണ്. പക്ഷേ, ഏതാനും നാണയങ്ങൾ ഉള്ളിൽ നിക്ഷേപിക്കാൻ കഴിയുന്ന ഏതു കുട്ടിക്കും മദ്യവും ബിയറും സിഗരറ്റുകളും ലഭിക്കുമെന്നതിനാൽ ചില വിഭാഗങ്ങൾ ആകുലചിത്തരാണ്.
ആഗതമാകുന്ന കൗമാര “കുറ്റകൃത്യ പ്രതിസന്ധി”
“അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ‘പൊട്ടിത്തെറിക്കാൻ പോകുന്ന ടൈം ബോംബ്’ ആണ് ഐക്യനാടുകളിലെ അക്രമാസക്തമായ കുററകൃത്യം” എന്ന് പ്രോസിക്യൂട്ടർമാരുടെയും നിയമനടത്തിപ്പു വിദഗ്ധരുടെയും ഒരു സംഘടനയായ, അമേരിക്കയിലെ കുറ്റകൃത്യം സംബന്ധിച്ചുള്ള കൗൺസിലിൽ തയ്യാറാക്കിയ ഒരു റിപ്പോർട്ടിനെപ്പറ്റി ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “മുതിർന്നവർ അക്രമാസക്ത കുറ്റകൃത്യങ്ങൾ കുറച്ചുമാത്രം ചെയ്യുമ്പോൾ, കൗമാരപ്രായക്കാരുടെ ഇടയിലെ അക്രമാസക്ത കുറ്റകൃത്യത്തിന്റെ നിരക്ക് കഴിഞ്ഞ ദശകംകൊണ്ടു കുതിച്ചുയർന്നിരിക്കുന്നു. . . . 1950 മുതലുള്ള കൗമാരപ്രായക്കാരുടെ ഓരോ തലമുറയും അതിനു മുമ്പുള്ളതിനെക്കാൾ കൂടുതൽ അക്രമാസക്തമായിരുന്നിട്ടുണ്ട്.” 2005-ാം ആണ്ടോടെ 14 മുതൽ 17 വരെ വയസ്സുള്ള ആൺകുട്ടികളുടെ എണ്ണം 23 ശതമാനം വർധിക്കും, ഈ കുതിച്ചുകയറ്റമാണ് വിദഗ്ധരെ ഉത്കണ്ഠാകുലരാക്കുന്നത്. ഏറ്റവും കടുത്ത കുറ്റവാളികൾ ഇളം പ്രായത്തിൽതന്നെ കുറ്റകൃത്യ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയവരാണെന്നുള്ളതിൽ ആകുലചിത്തനായ, പ്രിൻസ്റ്റൻ സർവകലാശാലയിലെ രാഷ്ട്രതന്ത്ര-പൊതുകാര്യ പ്രൊഫസറായ ജോൺ ജെ. ഡിയുലിയോ ജൂനിയർ പറഞ്ഞു: “കുറ്റകൃത്യ പ്രതിസന്ധിക്കു മുമ്പുള്ള താത്കാലിക പ്രശാന്തതയുടെ കാലത്താണു നാം.” അറസ്റ്റു ചെയ്യപ്പെട്ട, എന്നാൽ പരോളിൽ ഇറങ്ങുകയോ പരീക്ഷണാർഥം സ്വതന്ത്രനാക്കപ്പെടുകയോ വിചാരണയ്ക്കു മുമ്പ് താത്കാലികമായി വിട്ടയയ്ക്കപ്പെടുകയോ ചെയ്തവരാണ് അക്രമാസക്ത കുറ്റകൃത്യങ്ങളുടെ മൂന്നിലൊന്നു ചെയ്യുന്നതെന്ന് അമേരിക്കയിലെ കുറ്റകൃത്യത്തെ സംബന്ധിച്ചുള്ള കൗൺസിലിനുവേണ്ടി സമാഹരിച്ച അദ്ദേഹത്തിന്റെ റിപ്പോർട്ടു ചൂണ്ടിക്കാണിച്ചു. ഗവൺമെൻറിന് അതിന്റെ പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്, എന്നാൽ അപ്രകാരം ചെയ്യുന്നതിൽ പരാജയപ്പെടുന്നുവെന്ന് ആ റിപ്പോർട്ടു പറഞ്ഞു.
രക്തരഹിത ശസ്ത്രക്രിയ പ്രാധാന്യം കൈവരിക്കുന്നു
യു.എസ്.എ. കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിലുള്ള ഒരു ആശുപത്രി 1996 അവസാനം “യഹോവയുടെ സാക്ഷികൾക്കുവേണ്ടി രക്തരഹിത കേന്ദ്രങ്ങൾ” ഉള്ള, രാജ്യത്താകമാനമുള്ള മറ്റ് 56 ആശുപത്രികളോടു ചേർന്നുവെന്ന് ദ ഹാർട്ട്ഫോർഡ് കുറൻറ് റിപ്പോർട്ടു ചെയ്തു. “യഹോവയുടെ സാക്ഷികളുടെ ആഗ്രഹങ്ങൾ മറ്റു ഭൂരിഭാഗം രോഗികളുടേതിൽനിന്നും മേലാൽ അത്ര വ്യത്യസ്തമല്ലെന്നു പ്രസ്തുത വിഷയത്തെക്കുറിച്ചു പഠിച്ചതിനെതുടർന്ന് ആശുപത്രി അധികൃതർ മനസ്സിലാക്കി.” ഔഷധങ്ങളുടെയും പുരോഗമിച്ച ശസ്ത്രക്രിയാ വിദ്യകളുടെയും സഹായത്താൽ ഡോക്ടർമാർ അവയവം മാറ്റിവെക്കൽ, സന്ധി പകരംവെക്കൽ, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, കാൻസർ ശസ്ത്രക്രിയ, മറ്റു ശസ്ത്രക്രിയകൾ തുടങ്ങിയവയെല്ലാം ചെയ്യുന്നു—എല്ലാം രക്തം ഉപയോഗിക്കാതെതന്നെ. അതിനു പുറമേ, രക്തപ്പകർച്ച സ്വീകരിക്കുന്നതിന്റെ അപകടങ്ങൾ അനേകം ആരോഗ്യപരിപാലന വിദഗ്ധർ ഇപ്പോൾ തുറന്നു സമ്മതിക്കുന്നു. ഹാർട്ട്ഫോർഡ് ആശുപത്രിയിലെ ശസ്ത്രക്രിയാ മേധാവിയായ ഡോക്ടർ ഡേവിഡ് ക്രോംമ്പി ജൂനിയർ തുറന്നു സമ്മതിക്കുന്നു: “രക്തം ഒരു ടോണിക് ആണെന്നു കരുതപ്പെട്ടിരുന്ന കാലത്താണ് ഞാൻ വൈദ്യശാസ്ത്രം പഠിച്ചത്. ഇപ്പോൾ അതൊരു വിഷമാണെന്നു കരുതപ്പെടുന്നു.” ശരീരത്തിലേക്കു രക്തം കടത്തിവിടുന്നതിനെ ബൈബിൾ ആദ്യന്തം വിലക്കുന്നു.—ഉല്പത്തി 9:4; ലേവ്യപുസ്തകം 17:14; പ്രവൃത്തികൾ 15:28, 29; 21:25.
നിങ്ങൾ സാങ്കേതികത്വ സമ്മർദത്തിലാണോ?
സെല്ലുലാർ ഫോണുകൾ, പേജറുകൾ, ഫാക്സ് യന്ത്രങ്ങൾ, ഭവന കമ്പ്യൂട്ടറുകൾ, മോഡമുകൾ തുടങ്ങിയവ ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. എന്നാൽ, സമ്മർദം കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക താത്പര്യമുള്ള ഡോക്ടർ സജ്ജയ് ശർമ, ഈ പുതിയ സാങ്കേതികവിദ്യ ജനങ്ങളുടെ സ്വകാര്യതയിലും വിശ്രമ സമയത്തും കടന്നുകയറ്റം നടത്തിയിരിക്കുന്നതായി വിചാരിക്കുന്നു. സാങ്കേതികത്വ സമ്മർദമാണ് ഫലം. ദ ടൊറന്റോ സ്റ്റാറിൽ റിപ്പോർട്ടു ചെയ്തിരിക്കുന്ന പ്രകാരം, “രോഗം, ഉത്പാദനക്ഷമതാ നഷ്ടം, അകാല മരണം എന്നിവയുടെ ഒരു പ്രധാന കാരണമാണ് സമ്മർദം.” ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, മാനസികാവസ്ഥയിൽ കൂടെക്കൂടെയുണ്ടാകുന്ന മാറ്റം, തലവേദന, പേശീ പിരിമുറുക്കം, ഉറക്കമില്ലായ്മ, വിഷാദം, ദുർബല പ്രതിരോധ വ്യവസ്ഥ എന്നിവയാണ് അനന്തരഫലങ്ങൾ. സാങ്കേതികത്വ സമ്മർദത്തിലായിരിക്കുന്നതു നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാനാവും? തീർച്ചയായും നിങ്ങളുടെ ഡോക്ടറോട് ആലോചിക്കുന്നത് എല്ലായ്പോഴും ജ്ഞാനപൂർവകമായിരിക്കും. അതിനു പുറമേ, ക്രമമായ വ്യായാമം, വാരാന്ത്യത്തിൽ അവധിയെടുക്കൽ, “വിഷാദത്തോടും സമ്മർദത്തോടും പോരാടുന്ന ഹോർമോണുകൾ പുറപ്പെടുവിക്കാൻ ഇടയാക്കുന്ന” ദിവസേനയുള്ള വെയിൽകായൽ എന്നിവ പ്രസ്തുത റിപ്പോർട്ടു ശുപാർശചെയ്യുന്നു. അവസാനമായി, “ഫോണിന്റെയും ഫാക്സ് യന്ത്രത്തിന്റെയും മണിനാദം പുറപ്പെടുവിക്കുന്ന സംവിധാനം ഓഫ് ചെയ്യുക. ടെലഫോൺ വിളികൾ റെക്കോർഡു ചെയ്യുന്ന യന്ത്രം ഫോൺ സ്വീകരിക്കട്ടെ.”
കാർ അലാറം കേൾപ്പിക്കുന്ന കരിങ്കിളി
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയർ പട്ടണമായ ഗിസ്ബോറായിൽ കരിങ്കിളികൾ ഒരു അസാധാരണ പ്രശ്നം ഉളവാക്കുന്നു—കാർ അലാറങ്ങളെ അനുകരിച്ചുകൊണ്ട് അവ പ്രഭാത മയക്കത്തിൽനിന്ന് ആളുകൾ ഞെട്ടിയുണരാൻ ഇടയാക്കുന്നു. “കള്ളൻമാരെ നേരിടാനായി ഉടമകൾ പുറത്തേക്കു പാഞ്ഞുവരുമ്പോൾ അവർ മിക്കപ്പോഴും കാണുന്നത് പാട്ടു പാടിക്കൊണ്ടിരിക്കുന്ന ഒരു കരിങ്കിളിയെയാണ്” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “കാർ അലാറങ്ങളുടേതുപോലുള്ള കൃത്യമായ സ്വരവും സ്ഥായിയും അതിനുണ്ട്” എന്ന് ഒരു തദ്ദേശവാസി അഭിപ്രായപ്പെട്ടു. “നമുക്കെല്ലാം ഭ്രാന്തുപിടിച്ചതുതന്നെ.” അതിന് കാര്യമായ താമസമൊട്ടുണ്ടാകുകയുമില്ല. ഒരു പക്ഷി മറ്റൊന്നിന് ഒരു പുതിയ പാട്ടു കൈമാറുമ്പോൾ, ആ ശബ്ദം വളരെ കൂടുതൽ പരിചിതമായിത്തീരാവുന്നതാണ്. വാസ്തവത്തിൽ, ബ്രിട്ടനിലെ ഏകദേശം 30 ഇനം പക്ഷികൾ മറ്റു ശബ്ദങ്ങൾ അനുകരിക്കാൻ കഴിവുള്ളവയാണ്. അവയിലെല്ലാംവെച്ച് ഏറ്റവും വൈദഗ്ധ്യം ഉള്ളത് സാധാരണ സ്റ്റാർലിങ്ങിനാണ്. അവയ്ക്ക് മറ്റു പക്ഷികളുടെ ചിലയ്ക്കൽ അനായാസം അനുകരിക്കാനാവും. ഒരെണ്ണം ടെലഫോണിന്റെ മണിയടി അനുകരിക്കുന്നതായി അറിയപ്പെടുന്നു, യഥാർഥ മണിയടിയിൽനിന്നു വേർതിരിച്ചറിയാൻ കഴിയാത്ത വിധം അത്ര ബോധ്യംവരുത്തുന്ന തരത്തിലുള്ളതാണ് ആ അനുകരണം.
പുറജാതീയ ഉത്സവം ഇപ്പോഴും ജനരഞ്ജകം
വിശുദ്ധ സ്നാപക യോഹന്നാന്റെ ദിനത്തിന് “ആ കത്തോലിക്കാ പുണ്യവാളനുമായി ഒരുവൻ സങ്കൽപ്പിച്ചേക്കാവുന്നതിനെക്കാൾ കുറഞ്ഞ ബന്ധമേയുള്ളൂ” എന്ന് ബ്രസീലിലെ ഫോൾയാ ഡേ സൺ പൗലോ റിപ്പോർട്ടു ചെയ്യുന്നു. ആ ഉത്സവം “പ്രസ്തുത പുണ്യവാളൻ ജനിച്ചുവെന്ന് പറയപ്പെടുന്ന ദിവസവുമായി യാദൃശ്ചികമായി ഒത്തുവരുന്നുവെങ്കിലും, . . . യഥാർഥ ആഘോഷം കാർഷികവും പുറജാതീയ കഥാപാത്രത്തോടു ബന്ധപ്പെട്ടതുമാണ്.” “ഊഷരത, ധാന്യരോഗങ്ങൾ, വരൾച്ച എന്നിവയുടെ ഭൂതങ്ങളെ തിരിച്ചോടിക്കാൻ ജർമൻകാരുടെയും കെൽറ്റുകളുടെയും സൂര്യ പൂജാസംഘങ്ങൾ” കൊയ്ത്തുകാലത്ത് പ്രസ്തുത ഉത്സവം ആഘോഷിച്ചിരുന്നുവെന്ന് നരവംശശാസ്ത്രജ്ഞനായ കാമറാ കാസ്കുഡൂവിന്റെ കണ്ടെത്തലുകളെ സംഗ്രഹിച്ചുകൊണ്ട് ആ പത്രം പറയുന്നു. വർഷങ്ങൾക്കു ശേഷം, പോർച്ചുഗീസുകാർ ആ ഉത്സവം ബ്രസീലിലേക്കു കൊണ്ടുവന്നു. വിശുദ്ധ യോഹന്നാന്റെ അഗ്നികുണ്ഡം കത്തിക്കുന്നത് ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന പ്രസ്തുത ഉത്സവത്തിന്റെ ഒരു സവിശേഷതയാണ്. ഈ ആചാരം എവിടെയാണ് ആരംഭിച്ചത്? “സൂര്യദേവൻ ഭൂമിയിൽനിന്നു വളരെയേറെ അകന്നുപോയിട്ട് കടുത്ത ശൈത്യം ഉണ്ടാകുന്നത് ഒഴിവാക്കാൻ നടത്തിയിരുന്ന, സൂര്യദേവന്റെ ആരാധനയുമായി . . . ആ ആചാരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് പ്രസ്തുത പത്രം പറയുന്നു.