സ്ത്രീകൾ—ഏറെക്കാലം ജീവിക്കുന്നെങ്കിലും അവരുടെ ജീവിതം അവശ്യം മെച്ചമല്ല
ലോകമെമ്പാടുമുള്ള സ്ത്രീകൾ താമസിച്ചു വിവാഹിതരാകുന്നു, കുട്ടികളുടെ എണ്ണം കുറയുന്നു, കൂടുതൽ കാലം ജീവിക്കുകയും ചെയ്യുന്നു. “സ്ത്രീകളുടെ ജീവിതരീതികളിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നു” എന്ന് യുനെസ്കോ സോഴ്സസ് എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. 1970-നും 1990-നും ഇടയിൽ, സ്ത്രീകൾക്ക് ജനനസമയത്ത് പ്രതീക്ഷിച്ചിരുന്ന ആയുർദൈർഘ്യം വികസിത ലോകത്ത് നാലു വർഷവും വികസ്വര രാജ്യങ്ങളിൽ ഏതാണ്ട് ഒമ്പതു വർഷവുംകണ്ടു വർധിച്ചു. “ഇതിന്റെ അർഥം വികസിത പ്രദേശങ്ങളിൽ ഇന്ന് സ്ത്രീകൾ പുരുഷന്മാരെക്കാൾ ശരാശരി 6.5 വർഷം കൂടുതൽ ജീവിക്കുന്നുവെന്നാണ്. വികസ്വര രാജ്യങ്ങളിലെ വ്യത്യാസം, ലാറ്റിനമേരിക്കയിലും കരീബിയനിലും അഞ്ചു വർഷവും ആഫ്രിക്കയിൽ 3.5 വർഷവും ഏഷ്യയിലും പസഫിക്കിലും മൂന്നു വർഷവുമാണ്.”
എന്നുവരികിലും, അനേകം സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ആയുസ്സു മെച്ചപ്പെട്ടുവെന്നതിനു ജീവിതം മെച്ചപ്പെട്ടു എന്നർഥമില്ല. ഐക്യരാഷ്ട്ര സംഘടനയുടെ നമ്മുടെ ഗ്രഹം (ഇംഗ്ലീഷ്) എന്ന മാസിക, ലോകത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഇപ്പോഴും “തങ്ങളൊരിക്കലും രുചിച്ചു നോക്കിയിട്ടില്ലാത്ത കേക്കിനു മുകളിലെ ഐസിങ്ങാണ്. ഇപ്പോഴും അവർ അലങ്കാരമില്ലാത്ത സാധാരണ അപ്പവും വെള്ളവും സമ്പാദിക്കാൻ ആഗ്രഹിക്കുന്നു.” എന്നിട്ടും, ലോകത്തിലെ നിരക്ഷരരും അഭയാർഥികളും ദരിദ്രരുമായ ആളുകളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാൽ, കോടികൾക്കു തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾപോലും പിടിയിലൊതുങ്ങുന്നതല്ല എന്നു യുഎൻ പറയുന്നു. യുനെസ്കോ സോഴ്സസ് ഇങ്ങനെ ഉപസംഹരിച്ചു, ഏതാനും ചില പുരോഗതികളൊഴിച്ചാൽ, “സ്ത്രീകളുടെ ആകമാന ഭാവിപ്രതീക്ഷ . . . ഇരുളടഞ്ഞതായി കാണപ്പെടുന്നു.”