ദൈവത്തിന്റെ പേരിൽ അരുംകൊല
ഫ്രാൻസിലെ ഉണരുക! ലേഖകൻ
“ദൈവത്തിന്റെ പേരിൽ ഞങ്ങൾ കൊല്ലും, കൊന്നുകൊണ്ടേയിരിക്കും”
മേൽപ്പറഞ്ഞ തലക്കെട്ടിൻ കീഴിൽ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇടയ്ക്കിടയ്ക്ക് കാണാറുള്ള ശുഭാപ്തിവിശ്വാസികൾ, ഏതൊരു മുൻ നൂറ്റാണ്ടിനെയും പോലെതന്നെ ഈ നൂറ്റാണ്ടിനെയും പ്രബുദ്ധമെന്നു കരുതാൻ ഇഷ്ടപ്പെടുന്നു. എങ്കിലും, ദൈവത്തിന്റെ പേരിൽ അന്യോന്യം കൊന്നൊടുക്കാനുള്ള മമനുഷ്യന്റെ മാരകമായ പ്രവണത ഈ നൂറ്റാണ്ടിനു കളങ്കം ചാർത്തിയിരിക്കുന്നു.”
ആദിമ നൂറ്റാണ്ടുകളിലെ മതകൂട്ടക്കൊലകളുടെ ഉദാഹരണങ്ങൾ ആ എഴുത്തുകാരൻ പരാമർശിക്കുകയുണ്ടായി. എന്നിട്ട്, 20-ാം നൂറ്റാണ്ടിലെ കൂട്ടക്കൊലകളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “നാം കാണുന്നത് കഴിഞ്ഞുപോയ യുഗങ്ങളിലെ കിരാതമായ അസഹിഷ്ണുതയുടെ ഭീതിദമായ തുടർച്ചയാണ്. രാഷ്ട്രീയ അക്രമത്തിനും പ്രദേശങ്ങൾ വെട്ടിപ്പിടിക്കുന്നതിനുമുള്ള ന്യായീകരണമായി നിലകൊള്ളുന്നു ആരാധന.”
പുരാതന ഇസ്രായേല്യർ കനാന്യരെ കൊന്നതു ദൈവം അംഗീകരിച്ചുവെന്നു പറഞ്ഞുകൊണ്ട് ഇന്നത്തെ മതയുദ്ധങ്ങളെ ന്യായീകരിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർക്ക് ഇന്നു യുദ്ധം ചെയ്യാനുള്ള ന്യായീകരണമല്ലത്. എന്തുകൊണ്ട്? കടുത്ത അധാർമികതയും ശിശുബലിയും ആരാധനയുടെ ഭാഗമാക്കിയിരുന്ന, ഭൂതാരാധന നടത്തിയിരുന്ന, ആളുകൾക്കെതിരെ തന്റെ നീതിയുള്ള ന്യായവിധികൾ നടപ്പാക്കുന്നവരെന്ന നിലയിൽ പ്രവർത്തിക്കാൻ ദൈവം ഇസ്രായേല്യർക്കു നേരിട്ടു നിർദേശം നൽകിയിരുന്നു.—ആവർത്തനപുസ്തകം 7:1-5; 2 ദിനവൃത്താന്തം 28:3.
ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകിയ അത്ഭുതകരമായ വിജയങ്ങൾ, ആ പുരാതന ജനത നടത്തിയ യുദ്ധങ്ങൾ സാധാരണ പോരാട്ടങ്ങളായിരുന്നില്ല എന്നതിന്റെ ഒരു തെളിവാണ്. ഉദാഹരണത്തിന്, ഒരുപ്രകാരത്തിലും സാധാരണഗതിയിലുള്ള യുദ്ധോപകരണങ്ങളല്ലാതിരുന്ന കാഹളങ്ങൾ, കുടങ്ങൾ, പന്തങ്ങൾ എന്നിവ ഉപയോഗിക്കാൻ പുരാതന ഇസ്രായേല്യരോടു നിർദേശിച്ചിരുന്നു! മറ്റൊരവസരത്തിൽ, അനേക രാഷ്ട്രങ്ങളിൽനിന്നുള്ള ആക്രമണകാരികളായ സൈനികരടങ്ങുന്ന ഒരു വമ്പിച്ച സേനയെ അഭിമുഖീകരിച്ച ഇസ്രായേല്യ സൈന്യത്തിന്റെ മുമ്പിൽ നിലയുറപ്പിച്ചിരുന്നതു ഗായകരായിരുന്നു.—ന്യായാധിപന്മാർ 7:17-22; 2 ദിനവൃത്താന്തം 20:10-26.
തന്നെയുമല്ല, ദൈവം ആവശ്യപ്പെടാത്ത യുദ്ധങ്ങളിൽ ഇസ്രായേല്യർ ചിലപ്പോഴൊക്കെ ഏർപ്പെട്ടപ്പോൾ അവരുടെമേൽ അവന്റെ അനുഗ്രഹമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, അവർ പരാജയപ്പെടുകയും ചെയ്തു. (ആവർത്തനപുസ്തകം 28:15, 25; ന്യായാധിപന്മാർ 2:11-14; 1 ശമൂവേൽ 4:1-3, 10, 11) അതുകൊണ്ട്, ക്രൈസ്തവലോകത്തിൽ നടക്കുന്ന യുദ്ധങ്ങളെ ന്യായീകരിക്കാനുള്ള അടിസ്ഥാനമായി ഇസ്രായേല്യരുടെ യുദ്ധങ്ങളെ ഉപയോഗിക്കാൻ പാടില്ല.
മതത്തിന്റെ പേരിൽ, ഹിന്ദുക്കൾ മുസ്ലീങ്ങൾക്കും സിക്കുകാർക്കുമെതിരെ പോരാടിയിട്ടുണ്ട്; ഷിയാ മുസ്ലീങ്ങൾ സുന്നി മുസ്ലീങ്ങൾക്കെതിരെ പോരാടിയിട്ടുണ്ട്; ശ്രീലങ്കയിൽ ബുദ്ധമതക്കാരും ഹിന്ദുക്കളും പരസ്പരം കശാപ്പു ചെയ്തിട്ടുണ്ട്.
ദൈവത്തിന്റെ പേരിൽ അരുംകൊലയിലേർപ്പെട്ടതിന്റെ തനതായ ഉദാഹരണങ്ങളായിരുന്നു 16-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ അരങ്ങേറിയ യുദ്ധങ്ങൾ. യൂറോപ്പിലെ റോമൻ കത്തോലിക്കാ മതത്തിന്റെയും പ്രൊട്ടസ്റ്റൻറ് മതത്തിന്റെയും ചരിത്രത്തിലെ ഏറ്റവുമധികം രക്തപങ്കിലമായ പേജുകളിലാണ് ഈ യുദ്ധങ്ങളുടെ കഥ ഉറങ്ങുന്നത്. ഈ യുദ്ധങ്ങളെ നമുക്കൊന്നു പരിശോധിച്ച് അവയിൽനിന്ന് എന്തു പഠിക്കാൻ കഴിയുമെന്നു കാണാം.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Army photo