ഞങ്ങൾ പിരിയാനാകാത്ത കൂട്ടുകാർ
ട്രേസി എന്റെ വഴികാട്ടിപ്പട്ടിയാണ്, ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു പത്തുവയസ്സുകാരി. എനിക്കു സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നത് അവളുള്ളതുകൊണ്ടാണ്. അവൾ ഒരു സുഹൃത്തെന്നപോലെ എന്റെ കൂടെയുള്ളത് എനിക്ക് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഞാനവളെ വളരെയേറെ സ്നേഹിക്കുന്നതിലും ഞങ്ങൾ പിരിയാനാകാത്ത കൂട്ടുകാരായതിലും യാതൊരു അത്ഭുതവുമില്ല.
മനുഷ്യർക്കു ചിലപ്പോൾ അറിയാതെ പിഴവുപറ്റുന്ന സാഹചര്യങ്ങളിൽപ്പോലും ട്രേസിക്കു തെറ്റു പറ്റാറില്ല. ഉദാഹരണത്തിന്, ഒരു ദിവസം ഞാൻ ട്രേസിയെ വീട്ടിൽ വിട്ടിട്ട് ഒരു സുഹൃത്തിന്റെ കൂടെ നടക്കുകയായിരുന്നു. ഞങ്ങൾ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരിക്കവെ പെട്ടെന്നു ഞാൻ താഴെവീണു. എന്റെ സുഹൃത്ത് ഞാൻ അന്ധയാണെന്ന കാര്യം മറന്നുപോയി. അവൾ എനിക്കു മുന്നറിയിപ്പു തരാഞ്ഞതിനാൽ ഞാൻ റോഡിന്റെ അരികിലെ അഴുക്കുചാൽതിട്ടയിൽ തട്ടി വീഴുകയും ചെയ്തു. ട്രേസി എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ അതു സംഭവിക്കുമായിരുന്നില്ല.
ഒരിക്കൽ ട്രേസി എന്റെ ജീവൻ രക്ഷിക്കുകപോലും ചെയ്തിട്ടുണ്ട്. ഞാൻ നിരത്തിലൂടെ പൊയ്ക്കൊണ്ടിരിക്കെ പെട്ടെന്ന് ഒരു ട്രക്ക് നിയന്ത്രണം വിട്ട് എന്റെ നേരേ പാഞ്ഞുവന്നു. ഞാനതിന്റെ ശബ്ദം കേട്ടെങ്കിലും അതെങ്ങോട്ടാണു വരുന്നതെന്ന് എനിക്കു മനസ്സിലായില്ല. ട്രേസി അപകടം കണ്ടു മനസ്സിലാക്കി പെട്ടെന്നെന്നെ സുരക്ഷിതസ്ഥാനത്തേക്കു വലിച്ചുമാറ്റി.
അന്ധയെങ്കിലും കാണുന്നു
1944-ൽ ദക്ഷിണ സ്വീഡനിൽ ജനിച്ച ഞാൻ ജന്മനാ അന്ധയായിരുന്നു. എന്നെ അന്ധർക്കുവേണ്ടിയുള്ള ഒരു ബോർഡിങ് സ്കൂളിലയച്ചു, അവിടുന്നു ഞാൻ ബ്രെയ്ലിയിൽ എഴുത്തും വായനയും പഠിച്ചു. സംഗീതം എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീർന്നു, പ്രത്യേകിച്ച് പിയാനോ വായന. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഞാൻ യട്ടെബോറീ സർവകലാശാലയിൽ ഭാഷാപഠനവും സംഗീതപഠനവും തുടർന്നു.
എന്നിരുന്നാലും, രണ്ടു യഹോവയുടെ സാക്ഷികൾ എന്റെ കോളെജ് കാമ്പസിലെ വീട്ടിൽ നടത്തിയ സന്ദർശനം എന്റെ ജീവിതത്തിന് എന്നേക്കുമുള്ള ഒരു വഴിത്തിരിവായി. അധികം താമസിയാതെ ഞാൻ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാനും പഠിച്ചുകൊണ്ടിരുന്ന സംഗതികൾ മറ്റുള്ളവരുമായി പങ്കുവെക്കാനും തുടങ്ങി. 1977-ൽ ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണം സ്നാപനത്താൽ പ്രതീകപ്പെടുത്തി. ശാരീരികമായി അന്ധയാണെങ്കിലും, ദൈവവചനത്തിന്റെ പഠനത്തിലൂടെ എനിക്ക് അമൂല്യമായ മറ്റൊന്നു ലഭിച്ചു—ആത്മീയ കാഴ്ച.
ശാരീരികമായി കാഴ്ചയുണ്ടായിട്ടും ആത്മീയമായി അന്ധരായ ആളുകളെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ഇന്നെനിക്കുള്ളതെന്നു ഞാൻ കരുതുന്നു. (യോഹന്നാൻ 9:39-41 താരതമ്യം ചെയ്യുക.) ദൈവത്തിന്റെ വാഗ്ദത്തപ്രകാരം അന്ധർക്കു കാഴ്ച ലഭിക്കുന്ന—അതേ, എല്ലാത്തരത്തിലുമുള്ള ശാരീരിക വൈകല്യങ്ങൾ സൗഖ്യമാക്കപ്പെടുകയും മരിച്ചവർ ഉയിർപ്പിക്കപ്പെടുകപോലും ചെയ്യുന്ന അവന്റെ പുതിയ ലോകത്തെക്കുറിച്ച് ഒരു സുവ്യക്തമായ ചിത്രം മനസ്സിലുള്ളതിൽ ഞാൻ ആഹ്ലാദിക്കുന്നു!—സങ്കീർത്തനം 146:8; യെശയ്യാവു 35:5, 6; പ്രവൃത്തികൾ 24:15.
ഞാൻ അവിവാഹിതയും ശാരീരികമായി അന്ധയുമാണെങ്കിലും, എന്റെ വിശ്വസ്ത സഹചാരിയായ ട്രേസിയോടൊത്തായിരിക്കുമ്പോൾ എനിക്കു ജീവിതം വലിയ ബുദ്ധിമുട്ടൊന്നുമല്ല. എന്റെ ലൗകിക ജോലിയും യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയും മുന്നോട്ടു കൊണ്ടുപോകാൻ അവളെന്നെ എങ്ങനെ സഹായിക്കുന്നുവെന്നു ഞാൻ വിശദീകരിക്കട്ടെ. (മത്തായി 24:14; പ്രവൃത്തികൾ 20:20; എബ്രായർ 10:25) പക്ഷേ ആദ്യം ട്രേസിയെക്കുറിച്ചുതന്നെ കുറച്ചു വിവരങ്ങൾകൂടി.
പ്രത്യേക പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നു
ട്രേസിക്ക് എട്ടു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ഒരു വഴികാട്ടിപ്പട്ടിയാകാനുള്ള യോഗ്യത നേടുമോ എന്നറിയാൻ അവളെ പരിശോധനയ്ക്കു വിധേയമാക്കി. അവൾക്കു ശാന്തതയും എളുപ്പം പഠിച്ചെടുക്കാനുള്ള കഴിവും പെട്ടെന്നൊരു വലിയ ശബ്ദംകേട്ടു വിരണ്ടുപോകുകയില്ലാത്ത പ്രകൃതവുമുണ്ടെന്നു തെളിഞ്ഞു. അതുകൊണ്ട്, ഉടനെതന്നെ അവളെ ഒരു സാധാരണ കുടുംബജീവിതം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനായി കുറച്ചുനാളത്തേക്ക് ഒരു കുടുംബത്തോടൊത്തു വിട്ടു. പിന്നീടു വേണ്ടത്ര മുതിർന്നു കഴിഞ്ഞപ്പോൾ അവളെ വഴികാട്ടിപ്പട്ടികൾക്കുള്ള ഒരു പരിശീലന സ്കൂളിൽ അയച്ചു.
ഈ സ്കൂളിൽനിന്നും ട്രേസി ഒരു വഴികാട്ടിപ്പട്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഠിച്ചു, പ്രത്യേകിച്ച് അവളുടെ ഭാവി യജമാനനെ വാതിലുകളും പടികളും ഗേറ്റുകളും ഇടവഴികളുമൊക്കെ കണ്ടുപിടിക്കാൻ സഹായിക്കുന്നതിന്. തിരക്കുപിടിച്ച റോഡുവക്കിലെ നടപ്പാതകളിലൂടെ നടക്കുന്നതെങ്ങനെയെന്നും റോഡു മുറിച്ചു കടക്കുന്നതെങ്ങനെയെന്നും അവൾ പഠിച്ചു. റോഡുവക്കിലെ അഴുക്കുചാൽതിട്ടയുടെ അടുത്തെത്തുമ്പോൾ നിൽക്കാനും ട്രാഫിക് സിഗ്നലുകളനുസരിക്കാനും അപകടം പിടിച്ച പ്രതിബന്ധങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും അവളെ പഠിപ്പിച്ചു. ഏകദേശം അഞ്ചു മാസത്തെ പരിശീലനത്തിനുശേഷം അവൾ ജോലിക്കു സജ്ജയായി. അപ്പോഴാണ് ട്രേസിയെ എനിക്കു പരിചയപ്പെടുത്തിയത്.
ട്രേസി എനിക്കുവേണ്ടി ചെയ്യുന്നത്
എന്നും രാവിലെ ട്രേസി എന്നെ കിടക്കയിൽനിന്നു വിളിച്ചുണർത്തി അവൾക്കു തീറ്റ കൊടുക്കാൻ കൊണ്ടുപോകുന്നു. പിന്നെ ഞങ്ങൾ ജോലിക്കു പോകാൻ തയ്യാറെടുക്കുന്നു. എന്റെ ഓഫീസിലെത്താൻ ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് ഏകദേശം 20 മിനിറ്റ് നടക്കേണ്ടതുണ്ട്. വഴിയൊക്കെ എനിക്കറിയാം, എങ്കിലും വാഹനങ്ങളെയോ ആളുകളെയോ വിളക്കുകാലുകളെയോ മറ്റു സാധനങ്ങളെയോ തട്ടാതെ എന്നെ അവിടെയെത്താൻ സഹായിക്കുക എന്നതു ട്രേസിയുടെ ജോലിയാണ്. അവിടെ എത്തിക്കഴിഞ്ഞാൽ ട്രേസി എന്റെ മേശയ്ക്കടിയിൽ കിടന്നുകൊള്ളും. പിന്നെ, ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ഞങ്ങൾ സാധാരണ ഒന്നു നടക്കാൻ പോകാറുണ്ട്.
വൈകിട്ട്, ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ശേഷമാണു ഞങ്ങളുടെ ദിവസത്തിന്റെ ഏറ്റവും നല്ല ഭാഗം ആരംഭിക്കുന്നത്. ട്രേസി എന്നെ വീടുതോറുമുള്ള പ്രസംഗവേലയ്ക്കും ഞാൻ ബൈബിളധ്യയനം നടത്തുന്ന ഭവനങ്ങളിലേക്കും നയിക്കുന്ന സമയമാണിത്. അനേകരും അവളെ ഓമനിച്ചും പുറത്തുതട്ടിയും ചിലപ്പോൾ അവൾക്കു തിന്നാനെന്തെങ്കിലും നല്ല സാധനം എന്റെ കയ്യിൽ തന്നും അവളോടു സൗഹൃദഭാവം കാട്ടുന്നു. ഞങ്ങൾ എല്ലാ ആഴ്ചയിലും ക്രിസ്തീയ യോഗങ്ങൾക്കും ഹാജരാകുന്നു. അതു കഴിഞ്ഞാൽ കുട്ടികൾ ട്രേസിയോടു കുശലം പറയുകയും അവളെ താലോലിക്കുകയും ചെയ്യും. അതവൾക്കു വലിയ ഇഷ്ടമാണ്.
ട്രേസി വെറുമൊരു പട്ടിയാണെന്നും അവളെന്നെങ്കിലും ചത്തുപോകുമെന്നും എനിക്കറിയാം. അതായത് കുറെക്കഴിഞ്ഞ് ഞാൻ വേറൊരു വഴികാട്ടിപ്പട്ടിയെ വാങ്ങേണ്ടിവരും. എങ്കിലും, ഞങ്ങൾ ഇപ്പോൾ ഒരു ടീമാണ്, ഞങ്ങൾക്ക് അന്യോന്യം ആവശ്യവുമുണ്ട്. ട്രേസി അടുത്തില്ലാത്തപ്പോൾ, എനിക്ക് ആകെയൊരു അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. എന്നെ വഴികാട്ടാൻ സാധിക്കാത്തപ്പോൾ അവളും വല്ലാതെ പരിഭ്രാന്തയും അസ്വസ്ഥയുമാകുന്നു.
മനസ്സിലാക്കേണ്ടതിന്റെ ആവശ്യം
ആളുകൾ ചിലപ്പോൾ ഞങ്ങളെ വേർപിരിക്കാൻ ശ്രമിക്കുന്നതിൽ എനിക്ക് അമ്പരപ്പു തോന്നാറുണ്ട്. അവർ ട്രേസിയെ വെറുമൊരു സാധാരണ പട്ടിയോ ഓമനമൃഗമോ മാത്രമായി കണക്കാക്കുന്നു, ഞങ്ങളുടെ ആഴമായ ബന്ധം മനസ്സിലാക്കുന്നുമില്ല. തളർന്നുപോയ ഒരാൾക്ക് വീൽച്ചെയർ എത്ര പ്രധാനമാണോ അത്ര പ്രധാനമാണ് എന്നെ സംബന്ധിച്ച് ട്രേസി എന്ന് ഈ ആളുകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഞങ്ങളെ വേർപിരിക്കുന്നത് എന്റെ കണ്ണുകൾ എടുത്തുകളയുന്നതുപോലെയാണ്.
ഞാനും ട്രേസിയും തമ്മിലുള്ള ബന്ധം മറ്റുള്ളവർ എത്ര നന്നായി മനസ്സിലാക്കുന്നോ പ്രശ്നങ്ങളും അത്ര കുറഞ്ഞിരിക്കും. ഉദാഹരണമായി, ഒരു വീൽച്ചെയറിന്റെ ആവശ്യം ആളുകൾ പെട്ടെന്ന് അംഗീകരിക്കും. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ഒരു വഴികാട്ടിപ്പട്ടിയുടെ ആവശ്യം ആളുകൾ മിക്കപ്പോഴും അംഗീകരിക്കുന്നില്ല. ചില ആളുകൾക്കു പട്ടിയെ പേടിയാണ്, അല്ലെങ്കിൽ അവർക്ക് അതിനെ ഇഷ്ടമല്ല.
അന്ധർക്കു വേണ്ടിയുള്ള ഒരു സ്വീഡിഷ് സംഘടന പ്രസിദ്ധീകരിച്ച വഴികാട്ടിപ്പട്ടികളെക്കുറിച്ചുള്ള ഒരു പത്രികയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വളരെ സഹായകമാണ്. അതിങ്ങനെ പറയുന്നു: “വഴികാട്ടിപ്പട്ടി അന്ധനായ വ്യക്തിക്കുള്ള ഒരു ചലിക്കുന്ന സഹായമാണ്. അതേ, വാസ്തവത്തിൽ അതിലുമധികം. അതൊരു ജീവനുള്ള സഹായമാണ്. . . . അതു നിങ്ങളെ ഒരിക്കലും നിരാശരാക്കുകയില്ലാത്ത ഒരു സുഹൃത്താണ്.”
തീർച്ചയായും, ട്രേസി എനിക്ക് ഇരുട്ടിൽ കണ്ണുകളായി വർത്തിക്കുന്നു. സാധ്യമാകുന്നിടത്തോളം ഒരു സാധാരണ ജീവിതം നയിക്കാനും അവളെന്നെ സഹായിക്കുന്നു. എങ്കിലും, വളരെപ്പെട്ടെന്നുതന്നെ ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകത്തിൽ, സൃഷ്ടിയിലെ ഗാംഭീര്യമേറിയ എല്ലാ അത്ഭുതങ്ങളും കാണാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട്, എന്റെ ആത്മീയ വീക്ഷണം നിലനിർത്താൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു.
അതിനാൽ, ട്രേസിയുടെ തല എന്റെ മടിയിൽ വെച്ചുകൊണ്ട്, ഞങ്ങൾ ഏറ്റവും പുതിയ ലക്കം വീക്ഷാഗോപുരം മാസികയുടെ ശബ്ദരേഖ ശ്രദ്ധിക്കാൻ പോകുകയാണ്.—ആൻ മരീ ഏവാൾഡ്സൊൻ പറഞ്ഞപ്രകാരം.