“പാഷണ്ഡി”യുടെ വിചാരണയും വധനിർവഹണവും
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ഭീതിദമായ കോടതിമുറി. ഒരു വശത്ത് ഗംഭീരമായ ഉന്നത ന്യായപീഠം. മധ്യത്തിലുള്ള അധ്യക്ഷന്റെ ഇരിപ്പിടം തുണികൊണ്ടുള്ള ഇരുണ്ട മേലാപ്പുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. മീതെ മുഴു കോടതിമുറിയിലും അധീശത്വം പുലർത്തുന്ന വലിയൊരു മരക്കുരിശ്. അധ്യക്ഷന്റെ ഇരിപ്പിടത്തിനു മുമ്പാകെ പ്രതിക്കൂട്.
രൗദ്രമായ കത്തോലിക്കാ മതവിചാരണ കോടതികൾ മിക്കപ്പോഴും ഇപ്രകാരമാണു വർണിക്കപ്പെട്ടിട്ടുള്ളത്. ഹതഭാഗ്യരായ പ്രതികൾക്കെതിരായുള്ള ഭീതിദ കുറ്റാരോപണമോ, “പാഷണ്ഡത.” സ്തംഭത്തിൽ ചുട്ടെരിച്ചുള്ള പീഡനത്തിന്റെയും വധനിർവഹണത്തിന്റെയും ചിത്രങ്ങളെ മനസ്സിലേക്ക് ആനയിക്കുന്ന ഒരു പദമാണത്. പാഷണ്ഡതയെ, അതായത് യാഥാസ്ഥിതിക റോമൻ കത്തോലിക്കാ ഉപദേശത്തിനു നിരക്കാത്ത ആശയങ്ങളെ അല്ലെങ്കിൽ ഉപദേശങ്ങളെ, ഇല്ലായ്മ ചെയ്യാൻ സ്ഥാപിച്ച ഒരു സവിശേഷ സഭാകോടതിയായിരുന്നു മതവിചാരണ (“ചുഴിഞ്ഞന്വേഷിക്കുക” എന്നർഥമുള്ള ഇൻക്വയറോ എന്ന ലത്തീൻ പദത്തിൽനിന്നു വന്നത്).
ഘട്ടംഘട്ടമായാണ് അത് ഏർപ്പെടുത്തിയതെന്നു കത്തോലിക്കാ ഉറവിടങ്ങൾ പ്രസ്താവിക്കുന്നു. 1184-ൽ വെറോനാ കൗൺസിലിൽവെച്ച് ലൂഷിയസ് മൂന്നാമൻ പാപ്പായാണു മതവിചാരണ ഏർപ്പെടുത്തിയത്. അതിന്റെ ഘടനയുടെയും നടപടിക്രമങ്ങളുടെയും ശുദ്ധീകരണം—ഭീതിജനകമായ ആ പ്രസ്ഥാനത്തെ വർണിക്കാൻ അത്തരമൊരു വാക്ക് ഉപയോഗിക്കാൻ കഴിയുമെങ്കിൽ—മറ്റു പാപ്പാമാർ നിർവഹിച്ചു. 13-ാം നൂറ്റാണ്ടിൽ ഗ്രിഗറി ഒൻപതാമൻ പാപ്പാ യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ മതവിചാരണ കോടതികൾ സ്ഥാപിച്ചു.
ഭരണ പരമാധികാരികളായ ഫെർഡിനാൻഡിന്റെയും ഇസ്സബെല്ലയുടെയും അഭ്യർഥനയനുസരിച്ച് സിക്സ്റ്റസ് നാലാമൻ പാപ്പാ പുറപ്പെടുവിച്ച കൽപ്പനപ്രകാരം 1478-ൽ കുപ്രസിദ്ധ സ്പാനിഷ് മതവിചാരണ ഏർപ്പെടുത്തി. മറാനോകൾ അഥവാ പീഡനത്തിൽനിന്നു രക്ഷപ്പെടാൻവേണ്ടി കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്തവരായി നടിച്ച യഹൂദൻമാർ, അതേ കാരണത്താൽ കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം ചെയ്ത മാറിസ്കോകൾ എന്നറിപ്പെടുന്ന മുസ്ലീങ്ങൾ, സ്പെയിനിലെ പാഷണ്ഡികൾ എന്നിവരെ നേരിടാനാണ് അത് ഏർപ്പെടുത്തിയത്. സ്പെയിനിലെ ആദ്യത്തെ മുഖ്യ മതവിചാരണക്കാരനായ റ്റോമാസ് ഡെ റ്റോർക്കമാഡയുടെ ഭ്രാന്തമായ തീക്ഷ്ണത നിമിത്തം അദ്ദേഹം മതവിചാരണയുടെ ഏറ്റവും നിന്ദ്യമായ പ്രത്യേകതകളുടെ പ്രതീകമായിത്തീർന്നു.
1542-ൽ പോൾ മൂന്നാമൻ പാപ്പാ റോമൻ മതവിചാരണ ഏർപ്പെടുത്തി. അതിനു മുഴു കത്തോലിക്കാ ലോകത്തിൻമേലും അധികാരമുണ്ടായിരുന്നു. വിശുദ്ധ റോമൻ-സാർവദേശീയ മതവിചാരണയുടെ സഭ എന്ന് വിളിക്കപ്പെടുന്ന, ആറ് കർദിനാൾമാരുടെ ഒരു കേന്ദ്ര കോടതി അദ്ദേഹം സ്ഥാപിച്ചു. “മുഴു റോമിനെയും ഭയംകൊണ്ടുനിറച്ച ഒരു ഭീതിദ ഭരണകൂട”മായിത്തീർന്നു ആ സഭാ സംഘം. (ഡിറ്റ്സിയോനാരിയോ എൻചിക്ലോപീഡികോ ഇറ്റാലിയാനോ) കത്തോലിക്കാ വൈദികഭരണത്തിനു പരമാധികാരമുണ്ടായിരുന്ന രാജ്യങ്ങളിൽ പാഷണ്ഡികളുടെ വധനിർവഹണം ഭീതി വിതച്ചു.
വിചാരണയും ഓട്ടോഡഫെയും
പാഷണ്ഡത ആരോപിക്കപ്പെട്ടവരെ കുറ്റസമ്മതം നടത്തിക്കാനായി മതവിചാരണക്കാർ പീഡിപ്പിച്ചുവെന്നു ചരിത്രം സ്ഥിരീകരിക്കുന്നു. മതവിചാരണക്കാരുടെ അപരാധം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, മതേതര കോടതികളിലും ആ കാലത്ത് പീഡനം സർവസാധാരണമായിരുന്നതായി കത്തോലിക്കാ വ്യാഖ്യാതാക്കൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. എന്നാൽ ക്രിസ്തുവിന്റെ പ്രതിനിധികളെന്ന് അവകാശപ്പെട്ട ശുശ്രൂഷകന്മാരുടെ അത്തരം പ്രവർത്തനങ്ങളെ അതു ന്യായീകരിക്കുന്നുവോ? ക്രിസ്തു തന്റെ ശത്രുക്കളോടു കാണിച്ച അനുകമ്പ അവർ പ്രകടമാക്കേണ്ടതല്ലായിരുന്നോ? ഇതിനെ വസ്തുനിഷ്ഠമായി വീക്ഷിക്കുന്നതിന് ലളിതമായൊരു ചോദ്യം നമുക്കു പരിചിന്തിക്കാവുന്നതാണ്: തന്റെ പഠിപ്പിക്കലുകളോടു വിയോജിച്ചവരെ ക്രിസ്തുയേശു പീഡിപ്പിക്കുമായിരുന്നോ? യേശു പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വിൻ.”—ലൂക്കൊസ് 6:27.
ആരോപണ വിധേയനായവനു മതവിചാരണ യാതൊരു നീതിയും ഉറപ്പുനൽകിയില്ല. മതവിചാരണക്കാരനു ഫലത്തിൽ അപരിമിതമായ അധികാരങ്ങൾ ഉണ്ടായിരുന്നു. “മതവിചാരണക്കാരന് ഒരു വ്യക്തിയെ തന്റെ മുമ്പാകെ വിളിച്ചുവരുത്തുന്നതിന് സംശയമോ, ആരോപണങ്ങളോ, കേട്ടുകേഴ്വിപോലുമോ മതിയായിരുന്നു.” (എൻചൈക്ലോപീഡിയാ കാറ്റോലിക്കാ) റോമാക്കാർ ഏർപ്പെടുത്തിയ പുരാതന ആരോപണ നീതിസമ്പ്രദായം ഉപേക്ഷിച്ച് അന്വേഷണ നീതിസമ്പ്രദായം ആരംഭിക്കുകയും സ്വീകരിക്കുകയും ചെയ്തതു കത്തോലിക്കാ വൈദികഭരണംതന്നെ ആയിരുന്നുവെന്നു നിയമ ചരിത്രകാരനായ ഇറ്റാലോ മിറോയി സ്ഥിരീകരിക്കുന്നു. ആരോപകൻ തന്റെ ആരോപണങ്ങൾ തെളിയിക്കണമെന്നു റോമൻ നിയമം ആവശ്യപ്പെട്ടു. കുറ്റം സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ, നിരപരാധിയായിരുന്ന ഒരുവനെ കുറ്റംവിധിക്കുന്നതിന്റെ അപകടം ക്ഷണിച്ചുവരുത്തുന്നതിനെക്കാൾ മെച്ചം അയാളെ വെറുതെവിടുന്നതായിരുന്നു. കത്തോലിക്കാ വൈദികഭരണം ഈ മൗലിക തത്ത്വത്തിന്റെ സ്ഥാനത്ത് സംശയത്താൽ മുൻനിർണയിക്കപ്പെട്ട കുറ്റം എന്ന ആശയം സ്ഥാപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ടതു പ്രതിയായിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളുടെ (ഒറ്റിക്കൊടുക്കുന്നവരുടെ) പേരുകൾ രഹസ്യമായി സൂക്ഷിച്ചിരുന്നു. പ്രതിഭാഗത്ത് ഒരു വക്കീൽ ഉള്ളപ്പോൾ, പാഷണ്ഡിയെന്നു കരുതപ്പെടുന്നവൻ കുറ്റക്കാരനല്ലെന്നു വക്കീൽ വിജയപ്രദമായി സ്ഥാപിച്ചാൽ അയാൾക്കു ദുഷ്കീർത്തിയും സ്ഥാനനഷ്ടവും ഉണ്ടാകാമായിരുന്നു. തത്ഫലമായി, “ആരോപണവിധേയർ വാസ്തവത്തിൽ പ്രതിരോധരഹിതരായിരുന്നു. കുറ്റമാരോപിക്കപ്പെട്ടവനെ കുറ്റസമ്മതം നടത്താൻ ഉപദേശിക്കാൻ മാത്രമേ വക്കീലിനു കഴിഞ്ഞിരുന്നുള്ളൂ” എന്ന് എൻചൈക്ലോപീഡിയാ കാറ്റോലിക്കാ സമ്മതിക്കുന്നു!
“വിശ്വാസ പ്രവൃത്തി” എന്നർഥമുള്ള ഒരു പോർച്ചുഗീസ് പദപ്രയോഗത്തിൽനിന്നുവന്ന ഓട്ടോഡഫെയിൽ വിചാരണ പര്യവസാനിച്ചിരുന്നു. അതെന്തായിരുന്നു? ആ കാലത്തെ ചിത്രരചനകൾ, പാഷണ്ഡത ആരോപിക്കപ്പെട്ട പ്രതികൾ ഭീതിദമായ ഒരു പരിഹാസ പ്രദർശനത്തിനു വിധേയരായതു കാണിക്കുന്നു. തങ്ങളുടെ കുറ്റവിധി വായിച്ച ശേഷം, “കുറ്റം വിധിക്കപ്പെടുകയും പശ്ചാത്തപിക്കുകയും ചെയ്ത പാഷണ്ഡികൾ നടത്തുന്ന പരസ്യമായ അനുരഞ്ജന പ്രവർത്തനം” എന്ന് ഓട്ടോഡഫെയെ ഡിറ്റ്സിയോനാരിയോ എക്ലെസിയാസ്റ്റികോ നിർവചിക്കുന്നു.
വർഷത്തിൽ രണ്ടോ അതിലധികമോ തവണ നടത്തിയിരുന്ന ഭയവിഹ്വലമായ പരസ്യപ്രദർശനങ്ങൾക്ക് പാഷണ്ഡികളായി കുറ്റംവിധിക്കപ്പെട്ട ഒട്ടേറെപ്പേരെ ഒന്നിച്ചു പങ്കെടുപ്പിക്കാനായി അവരുടെ കുറ്റംവിധിക്കലും വധനിർവഹണവും മാറ്റിവെച്ചിരുന്നു. ഭീതിയുടേതും ക്രൂരമായ ആനന്ദത്തിന്റേതുമായ സമ്മിശ്രവികാരങ്ങളോടെ നിരീക്ഷകരായി പങ്കെടുത്തിരുന്നവരുടെ മുമ്പാകെ പാഷണ്ഡികളുടെ ദീർഘമായ ഘോഷയാത്ര നടത്തിയിരുന്നു. കുറ്റംവിധിക്കപ്പെട്ടവരെ നഗരമുക്കിലെ മൈതാനത്തുള്ള പ്ലാറ്റ്ഫാറത്തിൽ കയറ്റിയിട്ട് അവരുടെ ന്യായവിധി ഉറക്കെ വായിച്ചിരുന്നു. പ്രത്യാഖ്യാനം ചെയ്തവരെ, അതായത് പാഷണ്ഡ ഉപദേശങ്ങൾ ഉപേക്ഷിച്ചവരെ മതഭ്രഷ്ടിന്റെ ഭവിഷ്യത്തിൽനിന്നു സ്വതന്ത്രരാക്കിയിട്ട് അവർക്കു ജീവപര്യന്തമുള്ള തടവ് ഉൾപ്പെടെ വ്യത്യസ്ത ശിക്ഷകൾ വിധിച്ചിരുന്നു. പ്രത്യാഖ്യാനം ചെയ്യാത്തവരെ, എന്നാൽ അവസാന നിമിഷം ഒരു പുരോഹിതനോടു കുറ്റം ഏറ്റുപറഞ്ഞവരെ കഴുത്തുഞെരിച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ശിരച്ഛേദം നടത്തുകയോ ചെയ്ത് ചുട്ടെരിക്കാൻവേണ്ടി സിവിലധികാരികളെ ഏൽപ്പിച്ചിരുന്നു. പശ്ചാത്തപിക്കാത്തവരെ ജീവനോടെ ചുട്ടെരിക്കുമായിരുന്നു. കുറെക്കഴിഞ്ഞ്, മറ്റൊരു പൊതുപ്രദർശനത്തിനു ശേഷമേ വധനിർവഹണം നടത്തിയിരുന്നുള്ളൂ.
റോമൻ മതവിചാരണ പ്രവർത്തനങ്ങൾ അങ്ങേയറ്റം രഹസ്യമായിരുന്നു. അതിന്റെ റിക്കാർഡുകൾ പരിശോധിക്കാൻ പണ്ഡിതന്മാർക്ക് ഇന്നുപോലും അനുവാദമില്ല. എന്നാൽ ക്ഷമാപൂർവകമായ ഗവേഷണം റോമൻ കോടതി വിചാരണയുടെ നിരവധി രേഖകൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. അവയെന്താണു വെളിപ്പെടുത്തുന്നത്?
ഒരു ബിഷപ്പിന്റെ വിചാരണ
16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഫ്ളോറെൻസിൽ ജനിച്ച പിയെട്രോ കാർനെസെക്കി, ക്ലമെൻറ് ഏഴാമൻ പാപ്പായുടെ അരമനയിലെ വൈദികവൃത്തിയിൽ സത്വര പുരോഗതിനേടി. പാപ്പാ അദ്ദേഹത്തെ തന്റെ സെക്രട്ടറിയായി നിയമിച്ചു. എന്നാൽ പാപ്പാ മരിച്ചപ്പോൾ കാർനെസെക്കിയുടെ പ്രവർത്തനഗതി പെട്ടെന്നു നിലച്ചു. പിന്നീട്, തന്നെപ്പോലെ പ്രൊട്ടസ്റ്റൻറ് മതനവീകരണത്തിന്റെ ചില ഉപദേശങ്ങൾ സ്വീകരിച്ച പ്രഭുക്കൻമാരും വൈദികരുമായി അദ്ദേഹം പരിചയത്തിലായി. തത്ഫലമായി, അദ്ദേഹത്തെ മൂന്നുതവണ വിചാരണചെയ്തു. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട അദ്ദേഹത്തെ ശിരച്ഛേദം ചെയ്ത് ശരീരം ചുട്ടെരിച്ചു.
കാർനെസെക്കിയുടെ ജയിൽവാസത്തെ വ്യാഖ്യാതാക്കൾ വിരക്തജീവിതം എന്നു വർണിച്ചു. അദ്ദേഹത്തിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിക്കേണ്ടതിന് അദ്ദേഹത്തെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. 1567 സെപ്റ്റംബർ 21-ന് റോമിലെ മിക്കവാറുമെല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ഓട്ടോഡഫെ അനുഷ്ഠാനം നടത്തി. ജനക്കൂട്ടത്തിന്റെ മുമ്പാകെ പ്ലാറ്റ്ഫാറത്തിൽവെച്ച് കാർനെസെക്കിയുടെ ശിക്ഷാവിധി അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചു. ആചാര വചനങ്ങളോടെയും, ആ പാഷണ്ഡിയെ ഏൽപ്പിച്ചുകൊടുക്കാനിരുന്ന സിവിൽ കോടതിയംഗങ്ങളോട്, ‘അദ്ദേഹത്തിൻമേൽ മയത്തോടെ ശിക്ഷാവിധി നടപ്പാക്കണമെന്നും അദ്ദേഹത്തെ വധിക്കുകയോ അമിതമായി രക്തം ചിന്തുകയോ ചെയ്യരുതെന്നും’ ഉള്ള അപേക്ഷയോടെയും അത് അവസാനിച്ചു. അതു തികഞ്ഞ കാപട്യമല്ലായിരുന്നോ? പാഷണ്ഡികളെ ഉന്മൂലനംചെയ്യാൻ മതപരിവർത്തകർ ആഗ്രഹിച്ചു. അതേസമയംതന്നെ കരുണ കാണിക്കാൻ ലൗകിക അധികാരികളോട് ആവശ്യപ്പെടുന്നതായി അവർ ഭാവിച്ചു. അങ്ങനെ അവർ മുഖം രക്ഷിക്കുകയും രക്തപാതകക്കുറ്റം ലൗകിക അധികാരികളുടെമേൽ കെട്ടിവെക്കുകയും ചെയ്തു. കാർനെസെക്കിയുടെ ശിക്ഷാവിധി വായിച്ച ശേഷം അദ്ദേഹത്തെ ഒരു സൻബെനിറ്റോ—പശ്ചാത്തപിച്ചവർക്കായി, ചുവന്ന കുരിശടയാളമുള്ള മഞ്ഞ ചണവസ്ത്രം, അല്ലെങ്കിൽ പശ്ചാത്തപിക്കാത്തവർക്കായി, തീജ്വാലകളെയും പിശാചുക്കളെയും വരച്ച കറുത്ത ചണവസ്ത്രം—ധരിപ്പിച്ചു. പത്തു ദിവസം കഴിഞ്ഞാണു ശിക്ഷാവിധി നടപ്പാക്കിയത്.
ഈ മുൻ പാപ്പാ-സെക്രട്ടറിയെ പാഷണ്ഡിയെന്ന് ആരോപിച്ചത് എന്തുകൊണ്ടായിരുന്നു? അദ്ദേഹം വെല്ലുവിളിച്ച ഉപദേശങ്ങളോടുള്ള ബന്ധത്തിൽ 34 ആരോപണങ്ങളിൽ അദ്ദേഹം കുറ്റക്കാരനായിരുന്നെന്ന്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ കണ്ടുപിടിച്ച അദ്ദേഹത്തിന്റെ വിചാരണ സംബന്ധിച്ച രേഖകൾ വെളിപ്പെടുത്തുന്നു. ശുദ്ധീകരണസ്ഥലം, പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിത്തീരൽ, സ്ഥൈര്യലേപനം, കുമ്പസാരം, ആഹാരത്തിനു വിലക്കു കൽപ്പിക്കൽ, ദണ്ഡവിമോചനം, ‘പുണ്യവാളന്മാരോടുള്ള’ പ്രാർഥന എന്നിവ സംബന്ധിച്ച പഠിപ്പിക്കലുകൾ അതിൽ ഉൾപ്പെട്ടിരുന്നു. എട്ടാമത്തെ കുറ്റാരോപണം വിശേഷാൽ രസാവഹമായിരുന്നു. (21-ാം പേജിലെ ചതുരം കാണുക.) “വിശുദ്ധ തിരുവെഴുത്തുകളിൽ കാണുന്ന ദൈവത്തിന്റെ വചന”ത്തെ വിശ്വാസത്തിന്റെ ഏക അടിസ്ഥാനമായി സ്വീകരിച്ചവരെ മരണശിക്ഷയ്ക്കു വിധിച്ചുകൊണ്ട് വിശുദ്ധ ബൈബിളിനെ ഏക നിശ്വസ്ത ഉറവായി കത്തോലിക്കാ സഭ പരിഗണിക്കുന്നില്ലെന്നു മതവിചാരണ വ്യക്തമായി പ്രകടമാക്കി. അതുകൊണ്ട് സഭയുടെ ഒട്ടുമിക്ക ഉപദേശങ്ങളും തിരുവെഴുത്തുകളിലല്ല മറിച്ച് സഭാ പാരമ്പര്യത്തിൽ അധിഷ്ഠിതമായിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.
ഒരു യുവവിദ്യാർഥിയുടെ വധനിർവഹണം
1531-ൽ നേപ്പിൾസിനടുത്തു ജനിച്ച പൊമ്പാനിയോ ആൾജെരിയുടെ ഹ്രസ്വവും ഹൃദയഭേദകവുമായ ജീവിതകഥ വ്യാപകമായി അറിയപ്പെടുന്നില്ല. എന്നാൽ കുറെ പണ്ഡിതന്മാരുടെ ഉത്സാഹപൂർവകമായ ചരിത്രാന്വേഷണങ്ങളുടെ ഫലമായി അത് അജ്ഞാത ഗതകാലത്തിൽനിന്നു വെളിച്ചത്തുവന്നിരിക്കുന്നു. പഡുവാ സർവകലാശാലയിൽ പഠിക്കുമ്പോൾ, യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള അധ്യാപകരും വിദ്യാർഥികളുമായി ആൾജെരി സമ്പർക്കം പുലർത്തിയിരുന്നതു നിമിത്തം പാഷണ്ഡികൾ എന്നു വിളിക്കപ്പെടുന്നവരുമായും പ്രൊട്ടസ്ററൻറ് മതനവീകരണ ഉപദേശങ്ങളുമായും അദ്ദേഹം പരിചയത്തിലായി. തിരുവെഴുത്തുകളിൽ അദ്ദേഹത്തിനു താത്പര്യം വർധിച്ചു.
ബൈബിൾ മാത്രമാണു നിശ്വസ്തമായിരിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കാൻ തുടങ്ങി. തത്ഫലമായി കുമ്പസാരം, സ്ഥൈര്യലേപനം, ശുദ്ധീകരണസ്ഥലം, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിത്തീരൽ, “പുണ്യവാളന്മാ”രുടെ മധ്യസ്ഥത, പാപ്പാ ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നുള്ള പഠിപ്പിക്കൽ തുടങ്ങി നിരവധി കത്തോലിക്കാ ഉപദേശങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
പഡുവായിലെ മതവിചാരണ ആൾജെരിയെ അറസ്റ്റുചെയ്തു വിസ്തരിച്ചു. മതവിചാരണക്കാരോട് അദ്ദേഹം പറഞ്ഞു: “ഞാൻ മനസ്സോടെ ജയിലിലേക്കു തിരിച്ചുപോകുന്നു, ദൈവനിശ്ചയമെങ്കിൽ ഒരുപക്ഷേ മരിക്കുംവരെപോലും. തന്റെ മാഹാത്മ്യത്താൽ ദൈവം ഓരോരുത്തരെയും ആത്മീയമായി അധികമധികം പ്രബുദ്ധരാക്കും. ഏതു പീഡനവും ഞാൻ സന്തോഷത്തോടെ സഹിക്കും. കാരണം എന്റെ പ്രകാശനവും യഥാർഥ വെളിച്ചവുമായ, പീഡിത ദേഹികളുടെ പൂർണ ആശ്വാസകനായ ക്രിസ്തു എല്ലാ ആത്മീയ അന്ധകാരവും നീക്കംചെയ്യാൻ പ്രാപ്തനാണ്.” കാലക്രമത്തിൽ റോമൻ മതവിചാരണയ്ക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കുകയും അവർ അദ്ദേഹത്തിനു മരണശിക്ഷ വിധിക്കുകയും ചെയ്തു.
മരിച്ചപ്പോൾ ആൾജെരിക്ക് 25 വയസ്സുണ്ടായിരുന്നു. റോമിൽ അദ്ദേഹത്തെ വധിച്ച ദിവസം, കുമ്പസാരിക്കാനോ കുർബാന കൈക്കൊള്ളാനോ അദ്ദേഹം വിസമ്മതിച്ചു. അദ്ദേഹത്തിന്റെ വധനിർവഹണത്തിന് ഉപയോഗിച്ച മാർഗം സാധാരണയിലധികം ക്രൂരമായിരുന്നു. വിറകുകെട്ടുകൾ വെച്ചല്ല അദ്ദേഹത്തെ ചുട്ടെരിച്ചത്. പകരം, പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കൾ—എണ്ണയും ടാറും റെസിനും—നിറഞ്ഞ ഒരു വലിയ കുട്ടകം ജനക്കൂട്ടത്തിനു വ്യക്തമായി കാണാവുന്ന വിധം പ്ലാറ്റ്ഫാറത്തിൽ വെച്ചിരുന്നു. ആ യുവാവിനെ ബന്ധിച്ച് കുട്ടകത്തിലേക്കു താഴ്ത്തിയിട്ട് അതിലെ പദാർഥങ്ങൾക്കു തീകൊടുത്തു. അദ്ദേഹം ഇഞ്ചിഞ്ചായി വെന്തുമരിച്ചു.
കടുത്ത കുറ്റത്തിന്റെ മറ്റൊരു കാരണം
കാർനെസെക്കിക്കും ആൾജെരിക്കും മതവിചാരണയാൽ വധിക്കപ്പെട്ട മറ്റുള്ളവർക്കും തിരുവെഴുത്തുകളെക്കുറിച്ചു പൂർണമായ ഗ്രാഹ്യമുണ്ടായിരുന്നില്ല. ‘വർധിച്ച’ പരിജ്ഞാനം ഈ വ്യവസ്ഥിതിയുടെ ‘അന്ത്യകാലത്തു’ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, തങ്ങൾക്കു ദൈവവചനത്തിൽനിന്നു നേടാൻ കഴിഞ്ഞ പരിമിതമായ അളവിലുള്ള “യഥാർഥ പരിജ്ഞാന”ത്തെപ്രതി മരിക്കാൻ അവർ മനസ്സൊരുക്കമുള്ളവരായിരുന്നു.—ദാനീയേൽ 12:4, NW.
ചില മതനവീകരണക്കാർ ഉൾപ്പെടെയുള്ള പ്രൊട്ടസ്റ്റൻറുകാരും വിമതരെ സ്തംഭത്തിൽ ചുട്ടെരിക്കുകയോ കത്തോലിക്കരെ ലൗകിക അധികാരികളുടെ സഹായത്താൽ കൊല്ലുകയോ ചെയ്തു. ദൃഷ്ടാന്തത്തിന്, ശിരച്ഛേദമാണ് കാൽവിൻ ശുപാർശചെയ്തിരുന്നതെങ്കിലും അദ്ദേഹം മൈക്കിൾ സെർവെറ്റെസിനെ ത്രിത്വവിരുദ്ധ പാഷണ്ഡിയെന്നനിലയിൽ ജീവനോടെ ചുട്ടെരിച്ചു.
പാഷണ്ഡികളുടെ പീഡനവും വധനിർവഹണവും കത്തോലിക്കർക്കും പ്രൊട്ടസ്റ്റൻറുകാർക്കുമിടയിൽ സാധാരണമായിരുന്നുവെന്ന വസ്തുത യാതൊരു പ്രകാരത്തിലും അത്തരം നടപടികളെ ന്യായീകരിക്കുന്നില്ല. മാത്രമല്ല, മതവൈദികഭരണം കടുത്ത ഉത്തരവാദിത്വം പേറേണ്ടതുണ്ട്—കാരണം, കൊലപാതകങ്ങൾക്കു തിരുവെഴുത്തുപരമായ നീതീകരണം അവകാശപ്പെട്ടുകൊണ്ട്, ദൈവംതന്നെ അത്തരം നടപടികൾക്കു കൽപ്പന നൽകിയിട്ടുണ്ടെന്ന് അവർ നടിക്കുന്നു. ഇത് ദൈവനാമത്തിന്മേൽ നിന്ദ കുന്നുകൂട്ടുന്നില്ലേ? “മതപരമായ” ബലപ്രയോഗം എന്ന തത്ത്വത്തെ, അതായത്, പാഷണ്ഡതയെ നേരിടുന്നതിനു ബലം പ്രയോഗിക്കുന്നതിനെ ആദ്യമായി പിന്താങ്ങിയതു വിഖ്യാത കത്തോലിക്കാ “സഭാ പിതാവാ”യ അഗസ്ത്യാനോസാണെന്ന് അനേകം പണ്ഡിതൻമാർ സ്ഥിരീകരിക്കുന്നു. പ്രസ്തുത നടപടിയെ ന്യായീകരിക്കുന്നതിനുള്ള ഒരു ശ്രമത്തിൽ, ലൂക്കൊസ് 14:16-24-ൽ കൊടുത്തിരിക്കുന്ന യേശുവിന്റെ ഉപമയിലെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു: “[അവരെ] അകത്തു വരുവാൻ നിർബ്ബന്ധിക്ക.” അഗസ്ത്യാനോസ് വളച്ചൊടിച്ച ഈ വാക്കുകൾ വ്യക്തമായും ഉദാരമായ ആതിഥ്യത്തെ സൂചിപ്പിച്ചു, ക്രൂരമായ ബലപ്രയോഗത്തെയല്ല.
മതവിചാരണ സജീവമായിരുന്നപ്പോൾപോലും മതസഹിഷ്ണുതയെ പിന്താങ്ങിയവർ ഗോതമ്പിന്റെയും കളയുടെയും ഉപമ ഉദ്ധരിച്ചുകൊണ്ട് പാഷണ്ഡികളെ പീഡിപ്പിക്കുന്നതിനെതിരെ വാദിച്ചുവെന്നതു ശ്രദ്ധേയമാണ്. (മത്തായി 13:24-30, 36-43) റോട്ടെർഡാമിലെ ഡെസിഡെറ്യൂസ് ഇറാസ്മുസ് ആണ് അവരിലൊരാൾ. വയലിന്റെ ഉടമയായ ദൈവം, കളകളായ പാഷണ്ഡികളോടു സഹിഷ്ണുത കാട്ടാൻ ആഗ്രഹിച്ചതായി അദ്ദേഹം പറഞ്ഞു. നേരേമറിച്ച്, മാർട്ടിൻ ലൂഥർ കർഷകരായ വിമതർക്കെതിരെ അക്രമത്തിനു പ്രേരിപ്പിക്കുകയും ഏകദേശം 1,00,000 പേർ കൊല്ലപ്പെടുകയും ചെയ്തു.
പാഷണ്ഡികൾ എന്നു വിളിക്കപ്പെടുന്നവരെ പീഡിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച ക്രൈസ്തവമണ്ഡലത്തിലെ മതങ്ങളുടെ കടുത്ത ബാധ്യത തിരിച്ചറിയുമ്പോൾ നാം എന്തുചെയ്യാൻ പ്രേരിപ്പിക്കപ്പെടണം? ദൈവവചനത്തിലെ യഥാർഥ പരിജ്ഞാനം അന്വേഷിക്കാൻ നാം ആഗ്രഹിക്കണം. യഥാർഥ ക്രിസ്ത്യാനിയുടെ അടയാളം ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹമാണെന്ന് യേശു പറഞ്ഞു—അക്രമത്തിനു വ്യക്തമായും യാതൊരിടവും നൽകാത്ത സ്നേഹംതന്നെ.—മത്തായി 22:37-40; യോഹന്നാൻ 13:34, 35; 17:3.
[21-ാം പേജിലെ ചതുരം]
കാർനെസെക്കി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ചില ആരോപണങ്ങൾ
8. “വിശുദ്ധ തിരുവെഴുത്തുകളിൽ കാണുന്ന ദൈവവചനമല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്ന് [താങ്കൾ തറപ്പിച്ചു പറയുന്നു].”
12. “കുമ്പസാര കൂദാശ ക്രിസ്തുവിനാൽ സ്ഥാപിതമോ തിരുവെഴുത്തുകളാൽ തെളിയിക്കപ്പെട്ടിട്ടുള്ളതോ അല്ലാത്തതിനാലും ദൈവത്തോടല്ലാതെ മറ്റാരോടും ഒരുതരത്തിലുമുള്ള ഏറ്റുപറച്ചിലിന്റെ ആവശ്യമില്ലാത്തതിനാലും കുമ്പസാര കൂദാശ ദെ ജൂർ ഡിവിനോ [ദിവ്യ നിയമത്തിനു ചേർച്ചയിൽ] അല്ലെന്നു [താങ്കൾ വിശ്വസിച്ചിരിക്കുന്നു].”
15. “ശുദ്ധീകരണസ്ഥലം സംബന്ധിച്ചു താങ്കൾ സംശയം വിതച്ചിരിക്കുന്നു.”
16. “മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകളെപ്പറ്റി പ്രതിപാദിക്കുന്ന മക്കബായറുടെ പുസ്തകത്തെ താങ്കൾ ഉത്തര കാനോനിക ഗ്രന്ഥമായി പരിഗണിച്ചിരിക്കുന്നു.”
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck