ഭീകരമായ മത കോടതി വിചാരണ
അതു 13-ാം നൂറ്റാണ്ടായിരുന്നു. ദക്ഷിണ ഫ്രാൻസു മുഴുവൻ പാഷണ്ഡികളെക്കൊണ്ട് സ്വൈരം കെട്ടിരുന്നു എന്നു പറയപ്പെട്ടു. കത്തോലിക്കരുടെ മാത്രമായ ഒരു വയൽ എന്നു സങ്കൽപ്പിക്കപ്പെട്ടിരുന്ന തന്റെ ഡയോസിസിൽ വളർന്നുകൊണ്ടിരുന്ന ഈ കളകളെ ഉൻമൂലനം ചെയ്യുന്നതിനുള്ള തന്റെ ശ്രമത്തിൽ തദ്ദേശ ബിഷപ്പ് പരാജയപ്പെട്ടിരുന്നു. കൂടുതൽ കർക്കശമായ നടപടി ആവശ്യമായിരുന്നു എന്നു കരുതപ്പെട്ടു. “പാഷണ്ഡോപദേശ വിഷയം സംബന്ധിച്ച്” പോപ്പിന്റെ പ്രത്യേക പ്രതിനിധികൾ അങ്ങോട്ടു നീങ്ങി. പട്ടണത്തിൽ മതകോടതി വിചാരണ എത്തിക്കഴിഞ്ഞിരുന്നു.
മതകോടതി വിചാരണയുടെ വേരുകൾ 11-ഉം 12-ഉം നൂറ്റാണ്ടുകളിലേക്ക് പുറകോട്ട് പോകുന്നു. അന്നു കത്തോലിക്കാ യൂറോപ്പിൽ വിവിധ എതിർഗ്രൂപ്പുകൾ പൊട്ടിമുളക്കാൻ തുടങ്ങിയിരുന്നു. എന്നാൽ 1184-ൽ ഇറ്റലിയിലെ റൊറോണാ സുന്നഹദോസിൽ ലൂസിയസ് III പാപ്പായായിരുന്നു നിഷ്കൃഷ്ടമായ മതകോടതി വിചാരണ ഉൽഘാടനം ചെയ്തത്. വിശുദ്ധ റോമാ ചക്രവർത്തിയായിരുന്ന ഫ്രെഡറിക്കു I ബാർബറോസ്സായുമായി കൂട്ടുചേർന്നുകൊണ്ട്, കത്തോലിക്കാ വിശ്വാസത്തിനെതിരെ ആരെങ്കിലും സംസാരിക്കയോ ചിന്തിക്കപോലുമോ ചെയ്യുന്നവരെ സഭയിൽനിന്നു നിസ്സഹവസിപ്പിക്കയും ലൗകികാധികാരികളെക്കൊണ്ട് ഉചിതമായി ശിക്ഷിപ്പിക്കുകയും ചെയ്യുമെന്ന് അയാൾ പ്രഖ്യാപിച്ചു. പാഷണ്ഡികളെ അന്വേഷിക്കുന്നതിനു (ലാറ്റിൻ, ഇൻക്വറിറെ) ബിഷപ്പുമാരോട് ആജ്ഞാപിച്ചു. എപ്പിസ്കോപ്പൽ മതകോടതി വിചാരണ എന്നു വിളിക്കപ്പെട്ടിരുന്ന, അതായത് കത്തോലിക്കാ ബിഷപ്പുമാരുടെ അധികാരത്തിൻ കീഴിൽ വെച്ചിരുന്നതിന്റെ ആരംഭം ഇതായിരുന്നു.
കൂടുതൽ നിഷ്ഠൂരമായ നടപടികൾ
എന്നിരുന്നാലും, അതു നടപ്പിൽ വന്നപ്പോൾ റോമയുടെ ദൃഷ്ടിയിൽ എതിരാളികളെ തേടിപ്പിടിക്കുന്നതിൽ ബിഷപ്പൻമാർ പൂർണ്ണമായും തീഷ്ണതയുള്ളവരായിരുന്നില്ല. അതുകൊണ്ട് പിന്നീടുവന്ന പല പാപ്പാമാരും പേപ്പൽ പ്രതിപുരുഷൻമാരെ അയച്ചു. അവർ സിസ്റ്റേർഷ്യൻ സന്യാനിമാരുടെ സഹായത്തോടെ വ്യാജോപദേശം സംബന്ധിച്ച് തങ്ങളുടെ സ്വന്തം “അന്വേഷണങ്ങൾ” നടത്തുന്നതിനു അധികാരപ്പെടുത്തപ്പെട്ടു. അങ്ങനെ ഒരേ സമയം എപ്പിസ്ക്കോപ്പൽ വിചാരണ എന്നും പ്രതിപുരുഷ വിചാരണ എന്നും വിളിക്കപ്പെട്ടിരുന്ന രണ്ടു സമാന്തര മതകോടതി വിചാരണകൾ ഉണ്ടായിരുന്നു. അവയിൽ രണ്ടാമത്തേത് ആദ്യത്തേതിനെക്കാൾ കൂടുതൽ കഠിനമായിരുന്നു.
ഈ അതി നിഷ്ഠൂരമായ മതകോടതി വിചാരണകൾപോലും ഇന്നസൻറ് III-ാമൻ പാപ്പാക്കുമതിയായിരുന്നില്ല. 1209-ൽ അദ്ദേഹം ദക്ഷിണ ഫ്രാൻസിലെ വിപരീത വിശ്വാസികൾക്കെതിരെ ഒരു സൈനിക കുരിശുയുദ്ധം സമാരംഭിച്ചു. ഇവർ മുഖ്യമായും ക്രിസ്തീയ വിശ്വാസത്യാഗികളായ നോസ്റ്റിക്ക്a തത്വജ്ഞാനികളുടെയും മാനിക്കൻ വിഭാഗത്തിന്റെയും ഒരു സങ്കര കൂട്ടമായ കത്താറുകൾ ആയിരുന്നു. ആൽബി, കത്താറുകൾ പ്രത്യേകിച്ചു ധാരാളമുണ്ടായിരുന്ന പട്ടണങ്ങളിൽ ഒന്നായിരുന്നതിനാൽ അവർ ആൽബിജെൻസസ് എന്ന് അറിയാൻ ഇടയായി.
ആൽബിജെൻസസിനെതിരായുള്ള “വിശുദ്ധയുദ്ധം” 1229-ൽ അവസാനിച്ചെങ്കിലും ഭിന്നിച്ചു നിന്നവരെയെല്ലാം അടിച്ചമർത്തിയിരുന്നില്ല. അതുകൊണ്ട് ഗ്രിഗറി IX-ാമൻ പാപ്പാ ദക്ഷിണ ഫ്രാൻസിലെ തുളൗസിൽ അതേ വർഷം നടത്തിയ സുന്നഹദോസിൽ മതകോടതി വിചാരണക്കു ഒരു പുതിയ ഉത്തേജനം നൽകി. അദ്ദേഹം ഓരോ ഇടവകയിലും ഒരു പുരോഹിതൻ ഉൾപ്പെടുന്ന സ്ഥിരം ചോദ്യകർത്താക്കളെ ക്രമീകരിച്ചു. അദ്ദേഹം 1231-ൽ, അനുതപിക്കാത്ത പാഷണ്ഡികൾക്കു തീയാലുള്ള വധശിക്ഷ നൽകുന്നതിനും അനുതപിക്കുന്നവർക്ക് ജീവപര്യന്ത തടവുശിക്ഷ നൽകുന്നതിനും അനുശാസിക്കുന്ന ഒരു നിയമം കൊണ്ടുവന്നു.
രണ്ടു വർഷങ്ങൾക്കുശേഷം, 1233-ൽ ഗ്രിഗറി IX-ാമൻ, പാഷണ്ഡികളെ അന്വേഷിക്കുന്ന ചുമതലയിൽനിന്നു ബിഷപ്പൻമാരെ ഒഴിവാക്കി. അദ്ദേഹം സന്യാസ മതകോടതി വിചാരണ ഏർപ്പെടുത്തി. അദ്ദേഹം ഔദ്യോഗിക ചോദ്യകർത്താക്കളായി സന്യാസികളെ നിയമിച്ചതിനാൽ ആ പേർ വിളിക്കപ്പെട്ടു. ഇവർ മുഖ്യമായും പുതുതായി സ്ഥാപിച്ചിരുന്ന ഡൊമിനിക്കൻ സംഘടനയിലെ അംഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നു, എന്നാൽ ഫ്രാൻസിസ്ക്കൻമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മതകോടതി വിചാരണയുടെ നടപടിക്രമം
ചോദ്യകർത്താക്കളായ ഡൊമിനിക്കൻ അഥവാ ഫ്രാൻസിസ്ക്കൻ സന്യാസിമാർ സ്ഥലവാസികളെ പള്ളികളിൽ കൂട്ടിവരുത്തുന്നു. തങ്ങൾ വിപരീതോപദേശം സംബന്ധിച്ച് കുറ്റക്കാരാണെങ്കിൽ കുറ്റം ഏറ്റുപറയുന്നതിനും അല്ലെങ്കിൽ തങ്ങൾക്കു അറിയാവുന്ന ഏതെങ്കിലും പാഷണ്ഡികളെ പരസ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് അവിടെ അവരെ വിളിപ്പിച്ചിരുന്നത്. വിപരീതോപദേശം സംബന്ധിച്ച് ആരെങ്കിലും സംശയിക്കുന്നു എങ്കിൽ പോലും അവർ ആ വ്യക്തിയെ വെളിപ്പെടുത്തണമായിരുന്നു.
ആർക്കും—പുരുഷൻ, സ്ത്രീ, കുട്ടി അഥവാ അടിമ—കുറ്റം ചുമത്തപ്പെട്ടവനെയോ അപരനെയോ അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയമില്ലാതെ വിപരീതോപദേശകനായ ഒരുവന്റെ മേൽ, അയാളെ വെളിപ്പെടുത്തിയതാരാണെന്ന് അറിഞ്ഞാൻ തന്നെയും കുറ്റം ആരോപിക്കാം. കുറ്റം ചുമത്തപ്പെട്ടവനുവേണ്ടി വാദിക്കാൻ വളരെ ചുരുക്കമായി മാത്രമേ ആരെങ്കിലും ഉണ്ടാകൂ, എന്തുകൊണ്ടെന്നാൽ അയാൾക്കുവേണ്ടി വാദിക്കുന്ന ഏതെങ്കിലും സാക്ഷിയോ നിയമജ്ഞനോ തന്നെയും വിപരീതോപദേശകനെ സഹായിച്ചുവെന്നോ പ്രോത്സാഹിപ്പിച്ചു എന്നോ കുറ്റം ആരോപിക്കപ്പെട്ടേക്കാം. അതുകൊണ്ട് സാധാരണയായി കുറ്റം ചുമത്തപ്പെട്ടവൻ, ഒരേ സമയം നിയമ നടത്തിപ്പുകാരും ന്യായാധിപൻമാരും ആയിരുന്ന ചോദ്യകർത്താക്കളുടെ മുമ്പാകെ ഒറ്റക്കാണ് നിന്നിരുന്നത്.
കുറ്റം ചുമത്തപ്പെട്ടവന് ഏറ്റുപറയുന്നതിന് ഏറ്റവും കൂടിയാൽ ഒരു മാസം കൊടുത്തിരുന്നു. അവർ ഏറ്റു പറഞ്ഞാലും ഇല്ലെങ്കിലും “വിചാരണ” (ലാറ്റിൻ, ഇൻക്വസിറ്റൊ) ആരംഭിക്കും. കുറ്റം ചുമത്തപ്പെട്ടവൻ കസ്റ്റടിയിൽ, അധികപങ്കും കുറഞ്ഞ ഭക്ഷണത്തോടുകൂടെ ഏകാന്തതടവിൽ വെക്കപ്പെട്ടിരുന്നു. ബിഷപ്പിന്റെ ജയിൽ നിറഞ്ഞാൽ സിവിൽ ജയിൽ ഉപയോഗിച്ചിരുന്നു. അതും നിറഞ്ഞുകവിയുമ്പോൾ പഴയ കെട്ടിടങ്ങൾ ജയിലറകളായി മാറ്റിയിരുന്നു.
വിചാരണ തുടങ്ങുന്നതിനുമുമ്പേതന്നെ കുറ്റം ചുമത്തപ്പെട്ടവർ കുറ്റക്കാരാണെന്നു സങ്കൽപ്പിച്ചിരുന്നതിനാൽ വിപരീതോപദേശം സംബന്ധിച്ച തങ്ങളുടെ കുറ്റം ഏറ്റു പറയിക്കുന്നതിനു ചോദ്യകർത്താക്കൾ നാലു വിധങ്ങൾ ഉപയോഗിച്ചിരുന്നു. ദണ്ഡനസ്തംഭത്തിൽ വധിക്കുമെന്ന ഭീഷണി. രണ്ട്, ഒരു ഇരുണ്ട, ഈർപ്പമുള്ള ഇടുങ്ങിയ മുറിയിൽ വിലങ്ങോടുകൂടിയ ബന്ധനം. മൂന്ന്, ജയിൽ സന്ദർശകരുടെ മനഃശാസ്ത്രപരമായ സമ്മർദ്ദതന്ത്രം. ഒടുവിൽ, ദണ്ഡനമുറകൾ. റാക്ക് (ആളെ വലിച്ചു നീട്ടി ഏപ്പുകൾ വിടുവിപ്പിച്ച് പീഡിപ്പിക്കുന്ന യന്ത്രം), കപ്പി അഥവാ സ്ട്രാപ്പഡൊ (കയറിൽ മുകളിലേക്കു വലിച്ചുയർത്തി അറ്റത്തെത്തുമ്പോൾ ആൾ വീഴുന്നു) എന്നിവയും തീയിലിട്ടുള്ള ദണ്ഡനവും. ഏതെങ്കിലും കുറ്റസമ്മതം രേഖപ്പെടുത്താൻ സന്യാസിമാർ അരികെ നിന്നിരുന്നു. മോചിപ്പിക്കൽ ഫലത്തിൽ അസാദ്ധ്യമായിരുന്നു.
ശിക്തകൾ
ശിക്ഷാവിധികൾ ഞായറാഴ്ചകളിൽ പള്ളികളിലോ അഥവാ പൊതു സ്ഥലങ്ങളിലോ പുരോഹിതൻമാരുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ചിരുന്നു. ഒരു ലളിതമായ ശിക്ഷ പാപപൊറുപ്പു കുർബാനയായിരിക്കാൻ കഴിയുമായിരുന്നു. എന്നിരുന്നാലും തുണിയിൽ തുന്നിചേർത്ത ഒരു കുരിശ് അടയാളം നിർബന്ധിതമായി ധരിക്കുന്നതു ഉൾപ്പെട്ടിരുന്നു. അതുമൂലം അടുത്തെങ്ങും ജോലി ലഭിക്കുന്നതു അസാദ്ധ്യമാക്കിത്തീർക്കുമായിരുന്നു. അല്ലെങ്കിൽ ശിക്ഷ പരസ്യമായ പ്രഹരമോ ജയിൽവാസമോ തീയിൽ ഇട്ടു കൊല്ലുന്നതിനായി ലൗകിക അധികാരികളെ ഏൽപ്പിക്കലോ ആയിരിക്കാൻ കഴിയുമായിരുന്നു.
കഠിനമായ ശിക്ഷകളോടുകൂടി വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ വസ്തുവക കണ്ടുകെട്ടുകയും അതു സഭയ്ക്കും സംസ്ഥാനത്തിനുമായി പങ്കുവെക്കുന്നതും ഉൾപ്പെട്ടിരുന്നു. അപ്രകാരം പാഷണ്ഡികളുടെ അതിജീവിക്കുന്ന കുടുംബാംഗങ്ങൾ വളരെയധികം കഷ്ടതയനുഭവിച്ചിരുന്നു. പാഷണ്ഡികളുടെ വീടുകളും അവർക്കു അഭയം നൽകിയിരുന്നവരുടെ വീടുകളും പൊളിച്ചു കളഞ്ഞിരുന്നു.
പാഷണ്ഡികളെന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്ന മരിച്ചവരെയും മരണാനന്തര വിചാരണ നടത്തിയിരുന്നു. അവർ കുറ്റക്കാരാണെന്നു കണ്ടാൽ അവരുടെ ശവശരീരങ്ങൾ കുഴിച്ചെടുക്കുകയും കത്തിച്ചുകളയുകയും അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. വീണ്ടും, നിരപരാധികളായ അതിജീവിക്കുന്ന കുടുംബാംഗങ്ങൾക്കു ഇതു പറയപ്പെടാത്ത പ്രയാസങ്ങൾ കൈവരുത്തിയിരുന്നു.
മദ്ധ്യയുഗ മതകോടതി വിചാരണയുടെ പൊതുവായ ക്രമം ഇതായിരുന്നു, സമയത്തിനും സ്ഥലത്തിനും അനുസരിച്ചുള്ള വ്യത്യാസങ്ങളോടുകൂടെ.
പാപ്പായാൽ അംഗീകരിക്കപ്പെട്ടിരുന്ന ദണ്ഡനം
ഇന്നസൻറ് IV-ാമൻ പാപ്പാ 1252-ൽ വിചാരണ ചെയ്യുന്ന സഭാകോടതികളിൽ ദണ്ഡനമുറ ഉപയോഗിക്കുന്നതിനെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് തന്റെ എഡി എക്സ്റ്റർ. പാൻഡാ പ്രസിദ്ധീകരിച്ചു. ദണ്ഡനമുറ ഉപയോഗിക്കുന്നതിനുള്ള കൂടുതലായ നിബന്ധനകൾ അലക്സാണ്ടർ IV, അർസൻ IV, ക്ലെമൻറ് IV, എന്നീ പാപ്പാമാരാൽ പ്രഖ്യാപിക്കപ്പെട്ടു.
ആരംഭസമയത്ത്, ദണ്ഡനം ഏൽപ്പിക്കുന്ന സമയത്ത് സഭാചോദ്യകർത്താക്കൾ സന്നിഹിതരായിരിക്കുന്നതിനു അനുവദിച്ചിരുന്നില്ല. എന്നാൽ അലക്സാണ്ടർ IV-ഉം അർബൻ IV-ഉം പാപ്പാമാർ ഈ നിബന്ധനകൾ നീക്കം ചെയ്തു. ഇതു ദണ്ഡന മുറയിലും “ചോദ്യം ചെയ്യൽ” തുടരുന്നതിനു സാദ്ധ്യമാക്കിത്തീർത്തു. അതുപോലെ, ആരംഭത്തിൽ അധികാരപ്പെടുത്തിയിരുന്നതുപോലെ, ദണ്ഡനം ഒരിക്കൽ മാത്രം പ്രയോഗിച്ചാൽ മതിയായിരുന്നു, എന്നാൽ ദണ്ഡനത്തിന്റെ പുതുക്കിയ സെഷനുകൾ ആദ്യസെഷന്റെ വെറും “ഒരു തുടർച്ച”മാത്രമാണെന്നവകാശപ്പെട്ടുകൊണ്ട് പേപ്പൽ ചോദ്യകർത്താക്കൾ അതു നിരാകരിച്ചു.
പെട്ടെന്നു, സാക്ഷികൾക്ക് അറിവുള്ള എല്ലാ വിപരീതോപദേശകരെയും വെളിപ്പെടുത്തിയെന്നു നിശ്ചയപ്പെടുത്താൻ അവർപോലും ദണ്ഡിപ്പിക്കപ്പെട്ടു. ചിലപ്പോൾ വിപരീതോപദേശം സംബന്ധിച്ചു കുറ്റം ആരോപിക്കപ്പെട്ട ഒരുവൻ കുറ്റം ഏറ്റു പറഞ്ഞശേഷം പോലും ദണ്ഡിപ്പിക്കപ്പെട്ടിരുന്നു. കത്തോലിക്കാ സർവ്വവിജ്ഞാനകോശം വിശദീകരിക്കുന്നതനുസരിച്ച്, അത്, “തന്റെ സ്നേഹിതർക്കും സഹകുറ്റവാളികൾക്കുമെതിരെ സാക്ഷിപറയുന്നതിനു അയാളെ നിർബന്ധിതനാക്കുന്നതിനായിരുന്നു.”—വാല്യം VIII, പേ. 32.
ഭീകരതയുടെ ആറു നൂറ്റാണ്ടുകൾ
അപ്രകാരം മതകോടതി വിചാരണാ പ്രവർത്തനപദ്ധതി ക്രി. വ. 13-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ നിലവിലിരുന്നു. അതു കത്തോലിക്കാ സഭയുടേതിനു വ്യത്യസ്തമായി സംസാരിക്കയോ ചിന്തിക്കപോലുമോ ചെയ്തിരുന്ന ആരെയും തകർക്കാൻ നൂറ്റാണ്ടുകളോളം ഉപയോഗിക്കയും ചെയ്തു. ഈ ഭീകരത കത്തോലിക്കാ യൂറോപ്പിൽ മുഴുവൻ വ്യാപിച്ചിരുന്നു. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്രാസിലും മറ്റു പശ്ചിമ, മദ്ധ്യയൂറോപ്യൻ രാജ്യങ്ങളിലും മതകോടതി വിചാരണ തണുക്കാൻ തുടങ്ങിയപ്പോൾ സ്പെയിനിൽ അതു ആളിക്കത്തി.
ഡിക്സ്റ്റസ് IV-ാമൻ പാപ്പായാൽ അധികാരപ്പെടുത്തപ്പെട്ട സ്പാനിഷ് മതകോടതി വിചാരണ മാറനോഡ് അഥവാ സ്പാനിഷ് യഹൂദൻമാർക്കും മോറിസ്കോസ് അഥവാ സ്പാനിഷ് മുസ്ലീങ്ങൾക്കും എതിരേ ആയിരുന്നു തിരിച്ചു വിട്ടത്. ഭയം കൊണ്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഇവരിൽ അനേകരും തങ്ങളുടെ മൂല മതം രഹസ്യമായി ആചരിക്കുന്നുണ്ടെന്നു സംശയിക്കപ്പെട്ടു. എന്നിരുന്നാലും തക്കസമയത്ത്, വിചാരണ പ്രൊട്ടസ്റ്റൻറുകാർക്ക് ഭിന്നിച്ചുനിന്ന മറ്റുള്ളവർക്കും എതിരായ ഒരു ഭീകര ആയുധമായി ഉപയോഗിച്ചു.
സ്പെയിനിൽ നിന്നും പോർട്ടുഗലിൽ നിന്നും ഈ രണ്ടു കത്തോലിക്കാ ഏകാധിപതി രാഷ്ട്രങ്ങളുടെ മദ്ധ്യ, ദക്ഷിണ അമേരിക്കകളിലെയും മറ്റിടങ്ങളിലേയും കോളനികളിലേക്ക് ഈ മതകോടതിവിചാരണ വ്യാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നെപ്പോളിയൻ സ്പെയിൻ കീഴടക്കിയപ്പോൾ മാത്രമാണ് അത് അവസാനിച്ചത്. നെപ്പോളിയന്റെ പതനത്തിനുശേഷം അതു താല്ക്കാലികമായി പുനഃസ്ഥാപിതമായി. എന്നാൽ ഒന്നര നൂറ്റാണ്ടിനുമുമ്പ് 1834-ൽ മാത്രമാണ് അതു അന്തിമായി അമർത്തപ്പെട്ടത്. (g86 4/22)
[അടിക്കുറിപ്പുകൾ]
a കത്തോലിക്കാ ചരിത്രകാരൻമാർ മിക്കപ്പോഴും മദ്ധ്യയുഗ പാഷണ്ഡികളെ “മാനീഷ്യൻ വിഭാഗങ്ങൾ” എന്ന് വിവേചനാ രഹിതമായി മുദ്രകുത്തിയിരുന്നു. മാനി അഥവാ മാനിസ്, മൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ സൊറോസ്ട്രിയനിസവും ബുദ്ധിസവും വിശ്വാസത്യാഗം സംഭവിച്ച ക്രിസ്ത്യൻ നോസ്റ്റിസിസവും കൂട്ടിക്കലർത്തിയ ഒരു അവിയൽ മതത്തിന്റെ ഉപജ്ഞാതാവായിരുന്നു. കാത്താറുകൾ പോലുള്ള അത്തരം എതിർഗ്രൂപ്പുകൾ മാനിയുടെ ഉപദേശങ്ങളിൽ വേരിറങ്ങിയവയായിരുന്നേക്കാമെങ്കിലും വാൽഡെൻസസ്പോലുള്ള കൂടുതൽ ബൈബിളധിഷ്ഠിത വിപരീത ഗ്രൂപ്പുകളെ സംബന്ധിച്ച് ഇതു നിശ്ചയമായും സത്യമായിരുന്നില്ല.
[20-ാം പേജിലെ ചിത്രം]
ചോദ്യകർത്താവു നടപ്പിലാക്കിയിരുന്ന അനേക വിധങ്ങളിലുള്ള ദണ്ഡനമുറകൾ
[കടപ്പാട്]
Photo Bibliothéque Nationale, Paris
[21-ാം പേജിലെ ചിത്രം]
ദണ്ഡനത്തിന്റെ ഉപയോഗം ആധികാരികമാക്കിയ ഇന്നസൻറ് IV-ാമൻ പാപ്പാ