ലോകത്തിന്റെ പൂട്ടുതുറന്ന മനുഷ്യൻ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
മനുഷ്യർ ആദ്യമായി ചന്ദ്രനിലേക്കു പോയപ്പോൾ തങ്ങൾ എവിടേക്കാണ് പോകുന്നത്, അവിടെ എങ്ങനെ എത്തിപ്പെടാൻ സാധിക്കും എന്നീ കാര്യങ്ങളെല്ലാം ഗണിതശാസ്ത്രപരമായ കൃത്യതയോടെ അവർ ആസൂത്രണം ചെയ്തു. തന്നെയുമല്ല, അവർക്ക് ഭൂമിയിലുള്ളവരുമായി ആശയവിനിയമം നടത്താനും കഴിയുമായിരുന്നു. എന്നാൽ ഫെർഡിനാൻഡ് മഗല്ലന്റെa അഞ്ച് കൊച്ചു തടിക്കപ്പലുകൾ—അവയിൽ മിക്കതിന്റെയും നീളം ആധുനിക സെമിട്രെയിലറിന്റേതിനോളം, അതായത് 21 മീറ്ററോളം, വരും—1519-ൽ സ്പെയിൻ വിട്ടപ്പോൾ അവയിലുണ്ടായിരുന്നവർ അജ്ഞാതമായ ഒരിടത്തേക്കായിരുന്നു യാത്ര ചെയ്തത്. മാത്രമല്ല, അവർ തീർത്തും തനിച്ചായിരുന്നു.
നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും സാഹസികവും ധീരവുമായ നാവികപര്യടനങ്ങളിൽപ്പെട്ടവയാണ് മഗല്ലന്റെ സമുദ്രയാത്രകൾ. അവ പര്യവേക്ഷണ മഹായുഗത്തിലെ—ധീരതയുടെയും ഭയത്തിന്റെയും, ആവേശത്തിന്റെയും ദുരന്തത്തിന്റെയും, ദൈവത്തിന്റെയും മാമോന്റെയും ഒരു യുഗത്തിലെ—സ്മാരകമായി നിലകൊള്ളുന്നു. നമുക്ക് 1480-ലേക്ക്, വടക്കേ പോർച്ചുഗലിൽ ഫെർഡിനാൻഡ് മഗല്ലൻ ജനിച്ച കാലത്തേക്കു പോകാം. എന്നിട്ട്, ലോകത്തിന്റെ പൂട്ടുതുറന്ന ആ ശ്രദ്ധേയ പുരുഷനെയും അദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ യാത്രകളെയും കുറിച്ച് പരിചിന്തിക്കാം.
കൊട്ടാരപരിചാരകൻ നിർഭയനായ നാവികനാകുന്നു
മഗല്ലൻ കുടുംബക്കാർ ഉന്നതകുലജാതരാണ്. അതുകൊണ്ട് അന്നത്തെ സമ്പ്രദായമനുസരിച്ച്, ബാലനായിരിക്കെതന്നെ രാജകൊട്ടാരത്തിൽ പരിചാരകനായി സേവിക്കാൻ ഫെർഡിനാൻഡ് വിളിക്കപ്പെടുന്നു. ഇവിടെ, വിദ്യാഭ്യാസത്തിനുപുറമേ ക്രിസ്റ്റഫർ കൊളംബസിനെപ്പോലുള്ളവരിൽനിന്ന് അവരുടെ ധീരമായ പര്യവേക്ഷണങ്ങളെക്കുറിച്ചു നേരിട്ടു പഠിക്കാനും അദ്ദേഹത്തിനു സാധിക്കുന്നു. കൊളംബസ്, പ്രശസ്തമായ സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപിലേക്ക് (ഇന്തോനേഷ്യ) ഒരു പടിഞ്ഞാറൻ സമുദ്രമാർഗം കണ്ടെത്തിയശേഷം അമേരിക്കകളിൽനിന്നു മടങ്ങിയെത്തിയതേയുള്ളു. കപ്പൽപ്പായ്കൾ ഉലയുന്ന ശബ്ദം കേൾക്കാൻ കഴിയുന്ന, മനുഷ്യരെത്താത്ത സമുദ്രങ്ങളിലെ ജലസ്പർശം മുഖത്തേൽക്കാൻ കഴിയുന്ന, ഒരു ദിവസത്തെക്കുറിച്ച് കൊച്ചു ഫെർഡിനാൻഡ് താമസിയാതെ സ്വപ്നം കാണാൻ തുടങ്ങുന്നു.
സങ്കടകരമെന്നു പറയട്ടെ, 1495-ൽ, അദ്ദേഹത്തെ പിന്തുണച്ചിരുന്ന ജോൺ രാജാവ് വധിക്കപ്പെടുന്നു. പകരം, മാനുവൽ പ്രഭു സിംഹാസനത്തിലേറുന്നു. മാനുവലിന് സമ്പത്തുണ്ടാക്കുന്നതിലാണ് താത്പര്യം, പര്യവേക്ഷണത്തിലല്ല. ചില കാരണങ്ങൾക്കൊണ്ട് മാനുവലിന്, 15 വയസ്സുകാരനായ ഫെർഡിനാൻഡിനോടു നീരസം തോന്നുകയും കടലിൽ പോകാനുള്ള അവന്റെ അഭ്യർഥനകൾ അദ്ദേഹം അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ വാസ്കൊ ഡി ഗാമ സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച കപ്പലുകളുമായി ഇന്ത്യയിൽനിന്നു മടങ്ങിവന്നപ്പോൾ, ധാരാളം പണം സമ്പാദിക്കാമെന്ന് മാനുവൽ മനസ്സിലാക്കുന്നു. ഒടുവിൽ, 1505-ൽ അദ്ദേഹം മഗല്ലനു കടലിലേക്കു പോകാനുള്ള അനുമതി നൽകുന്നു. മഗല്ലൻ ഒരു പോർച്ചുഗീസ് പടക്കപ്പൽ വ്യൂഹവുമായി കിഴക്കൻ ആഫ്രിക്കയെയും ഇന്ത്യയെയും ലക്ഷ്യമാക്കി പുറപ്പെടുന്നു, അറബി വ്യാപാരികളുടെ കയ്യിൽനിന്ന് സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. അതിനുശേഷം മറ്റൊരു സൈനിക പര്യടനത്തിനായി അദ്ദേഹം പിന്നെയും കിഴക്കോട്ട്, മലാക്കായിലേക്ക്, യാത്ര ചെയ്യുന്നു.
1513-ൽ മൊറോക്കോയിലെ ഒരു ഏറ്റുമുട്ടലിൽ മഗല്ലന്റെ കാൽമുട്ടിന് സാരമായ പരിക്കേൽക്കുന്നു. തത്ഫലമായി, അദ്ദേഹത്തിന് ശേഷിച്ച ജീവിതകാലം ഒരു മുടന്തനായി കഴിയേണ്ടിവരുന്നു. അദ്ദേഹം മാനുവലിനോട് പെൻഷൻ കൂട്ടിത്തരാൻ ആവശ്യപ്പെടുന്നു. എന്നാൽ മഗല്ലന്റെ പര്യവേക്ഷണങ്ങളും അദ്ദേഹം കാണിച്ച ത്യാഗമനോഭാവവും ധീരതയുമൊന്നും മാനുവലിന്റെ ശത്രുതയ്ക്ക് തെല്ലും അയവു വരുത്തുന്നില്ല. കഷ്ടിച്ച് ജീവിക്കാനുള്ള പണം മാത്രം നൽകി അദ്ദേഹം മഗല്ലനെ ഒരു ദരിദ്ര കുലീനനായി ജീവിക്കാൻ വിടുന്നു.
മഗല്ലന്റെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ ഈ കാലത്താണ് ഒരു പഴയ സുഹൃത്ത്, പ്രശസ്ത സമുദ്രപര്യവേക്ഷകനായ ജോയോ ദെ ലിസ്ബോവ, അദ്ദേഹത്തെ സന്ദർശിക്കുന്നത്. എൽ പേസോയിലൂടെ—തെക്കേ അമേരിക്കയുടെ കുറുകെ കിടക്കുന്നതായി പറയപ്പെടുന്ന ഒരു കടലിടുക്കിലൂടെ—തെക്കുപടിഞ്ഞാറൻ ഭാഗത്തേക്കു യാത്ര ചെയ്ത്, ബൽബോണ ആയിടയ്ക്ക് പനാമാ കരയിടുക്ക് മുറിച്ചുകടന്നപ്പോൾ കണ്ടെത്തിയ സമുദ്രവും പിന്നിട്ട്, സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപിൽ എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ചചെയ്യുന്നു. ഈ സമുദ്രത്തിന്റെ അങ്ങേയറ്റത്താണ് സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപെന്ന് അവർ വിശ്വസിക്കുന്നു.
മഗല്ലൻ ഇപ്പോൾ കൊളംബസ് ചെയ്യാൻ പരാജയപ്പെട്ട ഒരു കാര്യം ചെയ്യാൻ അതിയായി വാഞ്ഛിക്കുന്നു. പൗരസ്ത്യദേശത്തേക്കുള്ള ഒരു പടിഞ്ഞാറൻ മാർഗം കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കിഴക്കൻ മാർഗത്തെക്കാൾ ദൂരം കുറവാണ് അതിനെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണ്. മാനുവലിന്റെ ക്രോധത്തിന്റെ ചൂടിനാൽ അപ്പോഴും വലഞ്ഞിരുന്നതുകൊണ്ട് അൽപ്പകാലംമുമ്പ് കൊളംബസ് ചെയ്ത അതേ കാര്യംതന്നെ അദ്ദേഹവും ചെയ്യുന്നു, സ്പെയിനിലെ രാജാവിൽനിന്ന് പിന്തുണ തേടുന്നു.
സ്പെയിനിലെ രാജാവ് ചെവികൊടുക്കുമോ?
ഭൂപടങ്ങൾ തുറന്നുവെച്ച് സ്പെയിനിലെ യുവരാജാവായ ചാൾസ് ഒന്നാമന്റെ മുമ്പാകെ മഗല്ലൻ തന്റെ വാദമുഖങ്ങൾ നിരത്തുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിലേക്കുള്ള മഗല്ലന്റെ പടിഞ്ഞാറൻ കടൽമാർഗത്തോട് അദ്ദേഹത്തിനു താത്പര്യമുണ്ട്. കാരണം പോർച്ചുഗീസ് കപ്പൽപ്പാതകളിലേക്കുള്ള കടന്നുകയറ്റം ഒഴിവാക്കാൻ ഇതു സഹായിക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് വാസ്തവത്തിൽ സ്പാനിഷ് പ്രദേശത്തായിരിക്കാമെന്നും അല്ലാതെ പോർച്ചുഗീസ് പ്രദേശത്തായിരിക്കില്ലെന്നും മഗല്ലൻ പറയുന്നു!—“ടോർഡെസില്ലാസ് ഉടമ്പടി” എന്ന ചതുരം കാണുക.
ചാൾസിനു കാര്യങ്ങൾ ബോധ്യമാകുന്നു. അറ്റകുറ്റപ്പണികൾ തീർത്ത് പര്യടനത്തിന് ഉപയോഗിക്കാൻ അഞ്ച് പഴയ കപ്പലുകൾ അദ്ദേഹം മഗല്ലനു നൽകുകയും മഗല്ലനെ കപ്പൽവ്യൂഹത്തിന്റെ മേധാവിയാക്കുകയും ചെയ്യുന്നു. കൂടാതെ, സ്വദേശത്തേക്കു കൊണ്ടുവരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതവും വാഗ്ദാനം ചെയ്യുന്നു. മഗല്ലൻ ഉടനടി തന്റെ ജോലിയാരംഭിക്കുന്നു. എന്നാൽ മാനുവൽ രാജാവ് തന്ത്രപൂർവം ഈ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതുകൊണ്ട് ഒരു വർഷത്തിലേറെ സമയം കഴിഞ്ഞാണ് കപ്പൽവ്യൂഹത്തിന് ചരിത്രപ്രധാനമായ ആ യാത്ര ആരംഭിക്കാൻ സാധിക്കുന്നത്.
“ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര പര്യവേക്ഷണം”
1519 സെപ്റ്റംബർ 20-ന് സാൻ അന്റോണിയോ, കോൺസെപ്സ്യോൻ, വിക്ടോറിയ, സാൻറ്യാഗോ എന്നിവ—വലിപ്പമനുസരിച്ച് അവരോഹണക്രമത്തിൽ—മഗല്ലന്റെ, രണ്ടാമത്തെ വലിയ കപ്പലായ ട്രിനിഡാഡ് എന്ന നായകക്കപ്പലിനു പിന്നാലെ തെക്കേ അമേരിക്കയെ ലക്ഷ്യമാക്കി യാത്രയാകുന്നു. ഡിസംബർ 13-ന് അവർ ബ്രസീലിൽ എത്തിച്ചേരുന്നു. അറ്റകുറ്റപ്പണികൾ നടത്താനും ആഹാരസാധനങ്ങൾ ശേഖരിക്കാനുമായി, തലയെടുപ്പോടെ നിൽക്കുന്ന പൗൻ ഡി അസൂകർ അല്ലെങ്കിൽ ഷുഗർലോഫ് പർവതത്തിന് അഭിമുഖമായുള്ള മനോഹരമായ റിയോ ദെ ജനിറോ ഉൾക്കടലിലേക്ക് അവർ പ്രവേശിക്കുന്നു. പിന്നെ അവർ തെക്കോട്ട്, ഇപ്പോൾ അർജൻറീന എന്നു വിളിക്കുന്നിടത്തേക്ക്, യാത്ര തുടരുന്നു. യാത്രയിലുടനീളം അവരുടെ കണ്ണുകൾ എൽ പാസോയ്ക്കുവേണ്ടി, മറ്റൊരു സമുദ്രത്തിലേക്കുള്ള ദുർഗ്രഹമായ മാർഗത്തിനുവേണ്ടി, തിരയുകയാണ്. ദിവസം ചെല്ലുന്തോറും തണുപ്പ് കൂടിക്കൂടി വരുന്നു, ഹിമാനികൾ പ്രത്യക്ഷപ്പെടുന്നു. ഒടുവിൽ 1520 മാർച്ച് 31-ന്, സാൻ ഹൂല്യാനിലെ തണുപ്പുള്ള തുറമുഖത്ത് ശിശിരം കഴിച്ചുകൂട്ടാൻ മഗല്ലൻ തീരുമാനിക്കുന്നു.
കൊളംബസ് ആദ്യമായി അറ്റ്ലാൻറിക് മുറിച്ചുകടന്ന സമയത്തിന്റെ ആറിരട്ടി സമുദ്രയാത്രയ്ക്കായി ഇപ്പോൾത്തന്നെ എടുത്തുകഴിഞ്ഞിരിക്കുന്നു—എന്നിട്ടും കടലിടുക്ക് ഇപ്പോഴും കണ്ടെത്തിയിട്ടില്ല! ആത്മധൈര്യം സാൻ ഹൂല്യാനിലെ കാലാവസ്ഥപോലെ തണുത്തുറയുന്നു. ചില കപ്പിത്താൻമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏതാനും പേർക്ക് വീട്ടിലേക്കു പോകാതെ നിവൃത്തിയില്ലെന്നായി. അപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടതിൽ അത്ഭുതപ്പെടാനില്ലല്ലോ. എങ്കിലും മഗല്ലൻ ഒട്ടും വൈകാതെതന്നെ നിർണായകനടപടി കൈക്കൊണ്ടതിനാൽ അതു കെട്ടടങ്ങുന്നു, രണ്ട് ലഹളത്തലവന്മാർ കൊല്ലപ്പെടുന്നു.
തുറമുഖത്ത് വിദേശ കപ്പലുകൾ കിടക്കുന്ന കാഴ്ച ബലിഷ്ഠരും ദൃഢഗാത്രരുമായ തദ്ദേശവാസികളിൽ സ്വാഭാവികമായും ജിജ്ഞാസ ഉളവാക്കുന്നു. ഈ ഭീമാകാരന്മാർക്കരികിൽ തങ്ങൾ വെറും കുള്ളന്മാരാണെന്നു തോന്നിയ സന്ദർശകർ ആ ദേശത്തെ പേറ്റഗോണിയ—“വലിയ പാദങ്ങൾ” എന്നർഥമുള്ള ഒരു സ്പാനിഷ് വാക്കിൽനിന്നു വന്നത്—എന്നു വിളിക്കുന്നു. ഇന്നോളം ആ സ്ഥലത്തിന്റെ പേര് അങ്ങനെതന്നെയാണ്. കൂടാതെ, ‘പശുക്കിടാങ്ങളുടെ വലുപ്പമുള്ള കടൽ ചെന്നായ്ക്കളെയും വെള്ളത്തിനടിയിലൂടെ നീന്തുന്ന, കാക്കകളുടേതിനോടു സമാനമായ കൊക്കുകളുള്ള, മത്സ്യത്തെ പിടിച്ചുതിന്നുന്ന, കറുപ്പും വെളുപ്പും നിറമുള്ള വാത്തകളെയും അവർ കാണുന്നു.’ അതേ, നിങ്ങളുടെ ഊഹം ശരിയാണ്—അവ നീർനായ്ക്കളും പെൻഗ്വിനുകളുംതന്നെയാണ്!
ധ്രുവപ്രദേശങ്ങളിൽ ഓർക്കാപ്പുറത്ത് ഉഗ്രമായ കൊടുങ്കാറ്റ് വീശിയടിക്കാനുള്ള സാധ്യതയുണ്ട്. ശൈത്യകാലം കഴിയുന്നതിനുമുമ്പുതന്നെ കപ്പൽവ്യൂഹം ആദ്യത്തെ അപകടം നേരിടുന്നു—കൊച്ചു സാൻറ്യാഗോ തകർന്നുപോകുന്നു. എങ്കിലും അനുഗ്രഹകരമെന്നു പറയട്ടെ, കപ്പൽച്ചേതത്തിലകപ്പെട്ടവരെ രക്ഷിക്കാൻ സാധിക്കുന്നു. അതിനുശേഷം, അവശേഷിക്കുന്ന നാലു കപ്പലുകളും, നിലയ്ക്കാത്ത ശൈത്യക്കൊടുങ്കാറ്റിൽപ്പെട്ട് ചിറകൊടിഞ്ഞ കൊച്ചു ശലഭങ്ങളെപ്പോലെ തെക്കോട്ട്, തണുത്തുറഞ്ഞ വെള്ളത്തിലേക്ക്, ആടിയുലഞ്ഞ് യാത്ര തുടരുന്നു—ഒക്ടോബർ 21 വരെ. തിരമാലകൾക്കും ആലിപ്പഴ വർഷത്തിനുമിടയിലൂടെ എല്ലാ കണ്ണുകളും പടിഞ്ഞാറോട്ടുള്ള ഒരു പ്രവേശനദ്വാരത്തിൽ ഉടക്കി നിൽക്കുന്നു. അത് എൽ പാസോ ആണോ? അതേ! അങ്ങനെ ഒടുവിൽ അവർ തങ്ങളുടെ കപ്പലുകൾ തിരിച്ച് കടലിടുക്കിലേക്ക് പ്രവേശിക്കുന്നു. പിന്നീടിത് മഗല്ലൻ കടലിടുക്ക് എന്നാണ് അറിയപ്പെടുന്നത്! എങ്കിലും ഈ വിജയ മുഹൂർത്തത്തിനും മങ്ങലേൽക്കുന്നു. ദുർഘടമായ ആ കടലിടുക്കിൽവെച്ച് സാൻ അൻറോണിയോ യാത്ര ഉപേക്ഷിച്ച് സ്പെയിനിലേക്കു തിരിച്ചുപോകുന്നു.
അവശേഷിക്കുന്ന മൂന്നു കപ്പലുകൾ ഇരുവശത്തും തരിശായ സമുദ്രവങ്കങ്ങളും മഞ്ഞണിഞ്ഞ കൊടുമുടികളുമുള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആ കടലിടുക്കിലൂടെ, നിശ്ചയദാർഢ്യത്തോടെ യാത്ര തുടരുന്നു. തെക്കു ഭാഗത്ത് പലയിടങ്ങളിലായി തീ കത്തുന്നത് അവരുടെ ശ്രദ്ധയിൽപ്പെടുന്നു. അത് ഇന്ത്യൻ പാളയങ്ങളിൽനിന്നായിരിക്കണം. അതുകൊണ്ട് അവർ ആ ദേശത്തെ ടീയെര ദെൽ ഫ്യൂവെഗോ, അതായത് “അഗ്നിദേശം,” എന്നു വിളിക്കുന്നു.
ശാന്തസമുദ്രത്തിലെ അഗ്നിപരീക്ഷ
പ്രയാസം നിറഞ്ഞ അഞ്ചാഴ്ചയ്ക്കുശേഷം അവർ വളരെ ശാന്തമായ ഒരു സമുദ്രത്തിലേക്കു യാത്രയാകുന്നു. അതുകൊണ്ട് മഗല്ലൻ അതിന് ശാന്തസമുദ്രം എന്നു പേരിടുന്നു. ആളുകൾ പ്രാർഥിക്കുകയും കീർത്തനങ്ങൾ ആലപിക്കുകയും തങ്ങളുടെ പീരങ്കികളിൽനിന്നു വെടിയുതിർത്ത് വിജയം കൊണ്ടാടുകയും ചെയ്യുന്നു. എങ്കിലും അവരുടെ സന്തോഷം അധികസമയം നീണ്ടുനിൽക്കുന്നില്ല. അവർ അതുവരെ അനുഭവിച്ചതിനെക്കാൾ വലിയ കഷ്ടം സംഭവിക്കാൻ പോകുകയാണ്. കാരണം അത് അവർ വിചാരിച്ചതുപോലെ ചെറിയൊരു കടലല്ല—അതങ്ങനെ നീണ്ടുപരന്നു കിടക്കുകയാണ്. ആളുകൾക്ക് വിശപ്പ് സഹിക്കാൻ വയ്യെന്നാകുന്നു, അവർ കൂടുതൽ ക്ഷീണിതരാകുന്നു, രോഗങ്ങൾ കലശലാകുന്നു.
അക്കൂട്ടത്തിലുള്ള, അൻറോണിയോ പിഗാഫേറ്റാ എന്ന ധീരനായ ഒരു ഇറ്റലിക്കാരൻ അനുദിന സംഭവങ്ങൾ എഴുതി സൂക്ഷിക്കുന്നു. അദ്ദേഹം എഴുതുന്നു: “1520 നവംബർ 28, ബുധനാഴ്ച. ഞങ്ങൾ . . . ശാന്തസമുദ്രത്തിലേക്കു പ്രവേശിച്ചു. ആഹാരമില്ലാതെ മൂന്നു മാസവും ഇരുപതു ദിവസവും ഞങ്ങൾ അവിടെ കഴിച്ചുകൂട്ടി . . . പൊടിഞ്ഞ, പുഴുവരിക്കുന്ന, പഴകിയ ബിസ്ക്കറ്റ് മാത്രമായിരുന്നു ഞങ്ങളുടെ ഭക്ഷണം. മാത്രമല്ല, എലികൾ അതിന്മേൽ കാഷ്ഠിച്ചിരുന്നതുകൊണ്ട് വല്ലാത്ത നാറ്റവും . . . മഞ്ഞ നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന വെള്ളമാണ് ഞങ്ങൾ കുടിച്ചത്. കാളയുടെ തുകൽ . . . അറുക്കപ്പൊടി, അര ക്രൗൺനാണയം മാത്രം വിലവരുന്ന എലികൾ എന്നിവയും ഞങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്നു. തന്നെയുമല്ല, ആവശ്യത്തിന് എലികളെ കിട്ടാനുമുണ്ടായിരുന്നില്ല.” അങ്ങനെ, കപ്പൽപ്പായ്കളിൽ വീശിയടിക്കുന്ന ശുദ്ധമായ വാണിജ്യക്കാറ്റിന്റെ ഗതിക്കനുസരിച്ച് കപ്പൽ നീങ്ങവേ, കപ്പലിനടിയിലൂടെ തെളിനീർ ഒഴുകവേ, സ്കർവി എന്ന രോഗം പിടിപെട്ട് അഴുകിയ മോണയുമായി കപ്പലിനകത്ത് ആളുകൾ കിടക്കുന്നു. 1521 മാർച്ച് 6-ന് മറിയാന ദ്വീപുകളിൽ എത്തുമ്പോഴേക്കും പത്തൊമ്പതുപേർ മരിച്ചിരിക്കുന്നു.
എന്നാൽ ഇപ്പോൾ ദ്വീപനിവാസികളുമായുള്ള ശത്രുത നിമിത്തം യാത്ര തിരിക്കുന്നതിനുമുമ്പായി അവർക്ക് പഴകാത്ത അൽപ്പം ഭക്ഷണം മാത്രമേ ലഭിക്കുന്നുള്ളൂ. ഒടുവിൽ മാർച്ച് 16-ന് ഫിലിപ്പീൻസ് അവരുടെ ദൃഷ്ടിയിൽ പെടുന്നു. എല്ലാവരും നന്നായി ഭക്ഷണം കഴിക്കുന്നു, വിശ്രമം എടുക്കുന്നു, ആരോഗ്യവും ശക്തിയും വീണ്ടെടുക്കുന്നു.
ദുരന്തം—ഒരു സ്വപ്നം പൊലിയുന്നു
ഉറച്ച മതവിശ്വാസിയായ മഗല്ലൻ അവിടുത്തെ പല നിവാസികളെയും അവരുടെ ഭരണാധിപന്മാരെയും കത്തോലിക്കാ സഭയിലേക്കു മതം മാറ്റുന്നു. എന്നാൽ അദ്ദേഹത്തിന്റെ തീക്ഷ്ണതതന്നെ അദ്ദേഹത്തിനു വിനയായിത്തീരുന്നു. അദ്ദേഹം ഒരു വർഗാന്തര ലഹളയിൽ ഉൾപ്പെടുന്നു. വെറും 60 പുരുഷന്മാരോടൊപ്പം അവിടെയുള്ള ഏതാണ്ട് 1,500 നിവാസികളെ അദ്ദേഹം ആക്രമിക്കുന്നു, ചൂണ്ടുവില്ലുകളും തോക്കുകളും ദൈവവും തനിക്ക് വിജയം നേടിത്തരുമെന്ന വിശ്വാസത്തോടെ. പകരം അദ്ദേഹവും അദ്ദേഹത്തിന്റെ ഒട്ടേറെ കൂട്ടാളികളും കൊല്ലപ്പെടുന്നു. മഗല്ലന് 41 വയസ്സു കാണും. വിശ്വസ്തനായ പിഗാഫേറ്റ വിലപിക്കുന്നു: ‘ഞങ്ങളുടെ മാതൃകാപുരുഷനും ഞങ്ങൾക്ക് വെളിച്ചം കാട്ടിത്തന്നവനും സാന്ത്വനം പകർന്നുതന്നവനുമായ വിശ്വസ്ത വഴികാട്ടിയെയാണ് അവർ കൊന്നത്.’ ഏതാനും ദിവസങ്ങൾക്കുശേഷം, തങ്ങളുടെ കപ്പലിൽ ഇരുന്നുകൊണ്ട് സുരക്ഷിതമായി ഇതെല്ലാം നോക്കിക്കാണുകമാത്രം ചെയ്ത ഏതാണ്ട് 27 ഉദ്യോഗസ്ഥന്മാർ മുമ്പ് സൗഹൃദം കാണിച്ചിരുന്ന ഗോത്രത്തലവന്മാരാൽ കൊല്ലപ്പെടുന്നു.
പരിചിതമായ ചുറ്റുപാടുകളിൽവെച്ചാണ് മഗല്ലൻ മരിക്കുന്നത്. അൽപ്പം തെക്കോട്ടുമാറി സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപും, പടിഞ്ഞാറായി മലാക്കയും—1511-ൽ അവിടെവെച്ചാണ് അദ്ദേഹം പടയോട്ടം നടത്തിയത്—സ്ഥിതി ചെയ്യുന്നു. ചില ചരിത്രകാരൻമാർ കരുതുന്നതുപോലെ, മലാക്കയിലെ പോരാട്ടത്തിനുശേഷം അദ്ദേഹം ഫിലിപ്പീൻസിലേക്കു കപ്പലിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ഒറ്റ യാത്രകൊണ്ടല്ലെങ്കിലും അദ്ദേഹം ഭൂഗോളം മുഴുവൻ ചുറ്റിയിട്ടുണ്ടെന്നർഥം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അദ്ദേഹം ഫിലിപ്പീൻസിൽ എത്തിയിരുന്നു.
മടക്കയാത്രയിൽ ദുരന്തം ആഞ്ഞടിക്കുന്നു
ചുരുക്കം പേരേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ മൂന്നു കപ്പലുകൾ ഓടിക്കുന്നത് അസാധ്യമായിത്തീരുന്നു. അതുകൊണ്ട് അവർ കോൺസെപ്സ്യോൻ മുക്കിക്കളഞ്ഞിട്ട് രണ്ടു കപ്പലുകളിലായി ലക്ഷ്യസ്ഥാനത്തേക്ക്, സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപിലേക്ക്, യാത്ര ചെയ്യുന്നു. എന്നിട്ട്, സുഗന്ധവ്യഞ്ജനങ്ങൾ നിറച്ചശേഷം രണ്ടു കപ്പലുകളും വേർപിരിയുന്നു. ട്രിനിഡാഡിലുള്ളവരെ പോർച്ചുഗീസുകാർ പിടികൂടി തടവിലാക്കുന്നു.
എന്നാൽ മുൻനാവിക മേധാവിയായ ച്വാൻ സെബാസ്റ്റ്യൻ ദെ എൽക്കാനോവിന്റെ നേതൃത്വത്തിൽ വിക്ടോറിയ രക്ഷപ്പെട്ടുപോകുന്നു. ഒരു തുറമുഖമൊഴികെ മറ്റെല്ലാറ്റിനെയും ഒഴിവാക്കി, ഗുഡ്ഹോപ്പ് മുനമ്പിനെ ചുറ്റിയുള്ള അപകടം നിറഞ്ഞ പോർച്ചുഗീസ് കപ്പൽമാർഗത്തിലൂടെ അവർ യാത്ര ചെയ്യുന്നു. എങ്കിലും അവശ്യസാധനങ്ങൾ ശേഖരിക്കാതെ യാത്ര തുടരുന്നത് വലിയ വില ഒടുക്കേണ്ടിവരുന്ന ഒരു സംഗതിയാണ്. ഒടുവിൽ 1522 സെപ്റ്റംബർ 6-ന് സ്പെയിനിൽ എത്തിയപ്പോൾ—അവർ യാത്ര പുറപ്പെട്ടിട്ട് മൂന്നു വർഷം പിന്നിട്ടിരിക്കുന്നു—ജീവനോടെയുള്ളത് രോഗികളും ദുർബലരുമായ വെറും 18 പേർ. എങ്കിലും ലോകത്തിലെ ആദ്യത്തെ കപ്പൽഭൂപ്രദക്ഷിണക്കാർ അവരാണ്, ദെ എൽക്കാനോ വീരനായകനും. അവിശ്വസനീയമെന്നു പറയട്ടെ, പര്യടനത്തിന്റെ മുഴുവൻ ചെലവും വഹിക്കാൻ വിക്ടോറിയയിൽ ഉള്ള 26 ടൺ സുഗന്ധവ്യഞ്ജനങ്ങൾ ധാരാളം മതി!
മഗല്ലന്റെ പേര് നിലനിൽക്കുന്നു
ചരിത്രത്തിൽ മഗല്ലനു ലഭിക്കേണ്ട സ്ഥാനം വർഷങ്ങളോളം നിഷേധിക്കപ്പെടുന്നു. മത്സരികളായ കപ്പിത്താൻമാരുടെ റിപ്പോർട്ടുകളാൽ വഴിതെറ്റിക്കപ്പെട്ട സ്പെയിൻകാർ പരുക്കൻ സ്വഭാവക്കാരനും പ്രാപ്തിയില്ലാത്തവനുമെന്നു മുദ്രകുത്തി അദ്ദേഹത്തിന്റെ സത്കീർത്തിക്കു മങ്ങലേൽപ്പിക്കുന്നു. പോർച്ചുഗീസുകാരാകട്ടെ അദ്ദേഹത്തെ വഞ്ചകനായി മുദ്രകുത്തുന്നു. സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ കപ്പലിന്റെ വൃത്താന്തരേഖ അദ്ദേഹത്തിന്റെ മരണത്തോടെ അപ്രത്യക്ഷമാകുന്നു. അതിൽ ആരെക്കുറിച്ചെല്ലാം വെട്ടിത്തുറന്നു പരാമർശിച്ചിരുന്നുവോ അവരുടെ കയ്യാൽ അതു നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യത. എന്നാൽ ലോകം ചുറ്റിയ ആ 18 പേർക്കിടയിലെ അജയ്യനായ പിഗാഫേറ്റയുടെയും പര്യടനക്കാരിലെ മറ്റ് 5-ഓളം അംഗങ്ങളുടെയും സഹായത്താൽ ദുരന്തപൂർണമെങ്കിലും അസാധാരണമായ ഈ സമുദ്രയാത്രയെക്കുറിച്ചുള്ള ഏതാനും രേഖകൾ നമുക്കുണ്ട്.
കാലക്രമേണ ചരിത്രം അതിന്റെ അഭിപ്രായം മാറ്റിയെഴുതി. ഇന്ന് മഗല്ലന്റെ പേരിന് അതർഹിക്കുന്ന ബഹുമതി ലഭിച്ചിരിക്കുന്നു. ഒരു കടലിടുക്കിനും മഗല്ലനിക്ക് പടലങ്ങൾക്കും—അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവർ ആദ്യമായി വിവരിച്ച, അവ്യക്തമായ രണ്ട് ദക്ഷിണ ഗാലക്സികൾക്കും—ഒരു ബഹിരാകാശ പര്യവേക്ഷണ ഉപകരണത്തിനും അദ്ദേഹത്തിന്റെ പേരാണുള്ളത്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ സമുദ്രത്തിന്റെ—ശാന്തസമുദ്രത്തിന്റെ—പേരിനും നാം കടപ്പെട്ടിരിക്കുന്നതു മഗല്ലനോടുതന്നെ.
“ഈ സംഭവം നടന്ന് 447 വർഷത്തിനുശേഷം അപ്പോളോ II-ൽ ചന്ദ്രനിൽ ചെന്നിറങ്ങിയതായിരുന്നു പിന്നെ മനുഷ്യൻ നടത്തിയതിലേക്കും പ്രധാനപ്പെട്ട ദീർഘയാത്ര,” മഗല്ലന്റെ ദീർഘയാത്ര (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ റിച്ചാർഡ് ഹമ്പിൾ എഴുതുന്നു. ഈ യാത്ര എന്തുകൊണ്ടാണ് അത്ര പ്രധാനമായിരുന്നത്? ഒന്നാമത്തെ സംഗതി, കൊളംബസ് വിചാരിച്ചതുപോലെ അമേരിക്കൻ ഭൂഖണ്ഡങ്ങൾ ഏഷ്യയുടെ ഭാഗമോ ഏഷ്യയുടെ അടുത്തോ അല്ലെന്ന് അതു തെളിയിച്ചു. രണ്ടാമതായി, യാത്രയുടെ ഒടുവിൽ, തീയതികളിലുള്ള വ്യത്യാസം ഒരു അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ആവശ്യകതയെ ചൂണ്ടിക്കാണിച്ചു. അവസാനമായി, ശാസ്ത്ര എഴുത്തുകാരനായ ഐസക്ക് അസിമോഫ് പറഞ്ഞതുപോലെ അത് ഭൂമി ഒരു ഗോളമാണെന്നു വെളിപ്പെടുത്തി. അതേ, ഒടുവിൽ പറഞ്ഞ സംഗതിയോടുള്ള ബന്ധത്തിൽ, 2,250 വർഷം മുമ്പ് ബൈബിൾ പറഞ്ഞ ഒരു സംഗതി പ്രായോഗികമായ വിധത്തിൽ മഗല്ലൻ തെളിയിച്ചു. (യെശയ്യാവു 40:20; ഇയ്യോബ് 26:7 താരതമ്യം ചെയ്യുക.) ലോകത്തിന്റെ പൂട്ടുതുറന്ന, ഉറച്ച മതവിശ്വാസിയായ ആ മനുഷ്യനെ ഇത് സന്തോഷിപ്പിച്ചിരിക്കണമെന്നതിനു സംശയമില്ല.
[അടിക്കുറിപ്പുകൾ]
a അദ്ദേഹത്തിന്റെ പോർച്ചുഗീസ് പേര് ഫർനവുൻ ദെ മഗലൈൻഷ് എന്നായിരുന്നു.
[14-ാം പേജിലെ ചതുരം]
ടോർഡെസില്ലാസ് ഉടമ്പടി
ഒരു വിശാലമായ ലോകം തങ്ങളുടെ മുമ്പിൽ നീണ്ടുപരന്നു കിടന്നിരുന്നതുകൊണ്ട് പോർച്ചുഗലും സ്പെയിനും പുതിയ ദേശങ്ങളിന്മേലുള്ള വാണിജ്യ, അധികാര അവകാശങ്ങൾ പങ്കിടാമെന്ന് ഒരു ഉടമ്പടിവഴി സമ്മതിച്ചു. അങ്ങനെ മാർപ്പാപ്പാമാരായിരുന്ന അലക്സാണ്ടർ ആറാമന്റെയും ജൂലിയസ് രണ്ടാമന്റെയും നിർദേശത്തിൻ കീഴിൽ ഇന്ന് ബ്രസീൽ എന്നറിയപ്പെടുന്ന രാജ്യത്തിലൂടെ ഒരു രേഖാംശരേഖ വരച്ചു. ഈ രേഖയുടെ കിഴക്ക് കണ്ടെത്തപ്പെടുന്ന ദേശങ്ങൾ പോർച്ചുഗീസിന്റേതും ബാക്കി സ്പെയിനിന്റേതുമാകുമായിരുന്നു. എന്നാൽ മഗല്ലൻ ബുദ്ധിശൂന്യമായ ഒരു പ്രവൃത്തി ചെയ്തു. ഈ രേഖ ധ്രുവങ്ങൾക്കു ലംബമായി ഭൂഗോളത്തിന്റെ മറ്റേ വശത്തേക്കു കടത്തിവിട്ടാൽ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് സ്പെയിനിന്റെ അധീനതയിലാകുമെന്ന് മഗല്ലൻ പോർച്ചുഗീസ് രാജാവായ മാനുവലിനോടു പറഞ്ഞു. ശാന്തസമുദ്രം തീരെ ചെറുതാണെന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സത്യസന്ധമായ ഈ അഭിപ്രായപ്രകടനം നിമിത്തം അദ്ദേഹം കടുത്ത അനിഷ്ടത്തിനു പാത്രമായി. വിരോധാഭാസമെന്നു പറയട്ടെ, താൻ പറഞ്ഞതു തെറ്റായിരുന്നെന്നു മഗല്ലൻതന്നെ ഒടുവിൽ തെളിയിച്ചു. എന്നാൽ ഈ വിശ്വാസമായിരുന്നു അദ്ദേഹം സ്പെയിൻ രാജാവിന്റെ പിന്തുണ തേടാനുണ്ടായ കൂടുതലായ ഒരു കാരണം.
[15-ാം പേജിലെ ചതുരം/ചിത്രം]
ഒരു ആദ്യകാല നാവികന്റെ അഗ്നിപരീക്ഷ
നിസ്സാരനായ ഒരു നാവികനെ സംബന്ധിച്ചിടത്തോളം ജീവിതം സുഖകരമായിരുന്നില്ല, പ്രത്യേകിച്ചും വർഷങ്ങളോളം നീണ്ടുനിന്ന പര്യടനവേളകളിൽ. ഒരു സമുദ്രയാത്രികന്റെ ജീവിതത്തിന്റെ മാതൃകയിതാ:
• ശോചനീയമാംവിധം ഇടുങ്ങിയ മുറികൾ, സ്വകാര്യതയുടെ അഭാവം
• മിക്കപ്പോഴും ക്രൂരമായ ശിക്ഷ, അതും കപ്പിത്താന്റെ അപ്പോഴത്തെ തോന്നലനുസരിച്ച്
• വിറ്റാമിൻ സി-യുടെ അഭാവം മൂലമുണ്ടാകുന്ന സ്കർവി എന്ന രോഗവും മരണവും
• കപ്പൽച്ചേതം, പട്ടിണി, ദാഹം, കഠിനകാലാവസ്ഥയിൽ സംരക്ഷണമില്ലായ്മ എന്നിവയാലും തദ്ദേശവാസികളാലും സംഭവിക്കുന്ന മരണം
• ദുർഗന്ധം വമിക്കുന്ന മലിനജലം കുടിക്കുന്നതു നിമിത്തം ഉണ്ടാകുന്ന അതിസാരമോ ടൈഫോയിഡോ
• ചീഞ്ഞ, രോഗാണുക്കളുള്ള ആഹാരസാധനങ്ങൾ നിമിത്തമുണ്ടാകുന്ന ഭക്ഷ്യവിഷബാധ
• വിശന്നുവലഞ്ഞ എലികളുടെ കടിയേൽക്കുന്നതു മൂലമുണ്ടാകുന്ന എലിപ്പനി
• വൃത്തിയില്ലാത്ത ശരീരങ്ങളിലൂടെയും വസ്ത്രങ്ങളിലൂടെയും ഇഴഞ്ഞുനടക്കുന്ന പേൻപറ്റങ്ങൾ വരുത്തുന്ന ടൈഫസ്
• മിക്ക കേസുകളിലും ജീവനോടെ തിരിച്ചെത്താനുള്ള സാധ്യത 50 ശതമാനം മാത്രമാണ്
[കടപ്പാട്]
Century Magazine
[16, 17 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മഗല്ലന്റെ നാവികപര്യടനം, 1519-22
⇦••• മാർഗം □ ആരംഭവും അവസാനവും
മഗല്ലൻ കടലിടുക്ക്
ഫിലിപ്പീൻസിൽവെച്ചാണ് മഗല്ലൻ കൊല്ലപ്പെട്ടത്
ച്വാൻ സെബാസ്റ്റ്യൻ ദെ എൽകാനോ നടത്തിയ യാത്രയുടെ അന്ത്യപാദം
[കടപ്പാട്]
മഗല്ലൻ: Giraudon/Art Resource, NY; ഭൂപടം: Mountain High Maps® Copyright © 1995 Digital Wisdom, Inc.; ഉന്നതാംശമാപി: Courtesy of Adler Planetarium
[16-ാം പേജിലെ ചിത്രം]
ഫെർഡിനാൻഡ് മഗല്ലൻ
[16-ാം പേജിലെ ചിത്രം]
“വിക്ടോറിയ,” ഭൂഗോളത്തെ ചുറ്റിയ ആദ്യത്തെ കപ്പൽ. അദ്ദേഹത്തിന്റെ അഞ്ചു കപ്പലുകളിൽവെച്ച് നാലാമത്തെ വലിയ കപ്പൽ അതായിരുന്നു. 45 ആളുകൾ അതിലുണ്ടായിരുന്നു. ഈ കപ്പലിന് 21 മീറ്റർ നീളമുണ്ടായിരുന്നു
[17-ാം പേജിലെ ചിത്രം]
സമുദ്രയാത്രയ്ക്കുള്ള ഉപകരണങ്ങൾ: സമയം കണക്കാക്കാനുള്ള മണൽഘടികാരം, കപ്പലിന്റെ സ്ഥാനമറിയാനുള്ള ഉന്നതാംശമാപി