എവിടെ പോയി ആ കോഡ് മത്സ്യങ്ങളെല്ലാം?
“ഒരു ബോട്ടിനു പോകാൻ വളരെ പ്രയാസമായിരിക്കത്തക്കവിധം” ജലത്തിൽ കോഡ്മത്സ്യങ്ങൾ അത്രയധികമായിരുന്നു. പര്യവേക്ഷകനായ ജോൺ കാബട്ട്, ലോകത്തിൽവെച്ച് ഏറ്റവും സമ്പന്നമായ മത്സ്യബന്ധന മേഖലകളുള്ള ന്യൂഫൗൺഡ്ലൻഡിന്റെ ഗ്രാൻഡ് ബാങ്കുകളെക്കുറിച്ചു വർണിക്കവേ 1497-ൽ പറഞ്ഞതാണ് ഈ വാക്കുകൾ. 1600-കളുടെ അവസാനമായപ്പോഴേക്കും ന്യൂഫൗൺഡ്ലൻഡിൽ പ്രതിവർഷം പിടിക്കുന്ന മത്സ്യങ്ങളുടെ മൊത്തം തൂക്കം ഏകദേശം 1,00,000 മെട്രിക് ടണ്ണോളം വരുമായിരുന്നു. അടുത്ത നൂറ്റാണ്ടിൽ അത് ഇരട്ടിയായി.
എന്നാൽ, ഇന്ന് അവസ്ഥകൾക്കു വളരെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു. കോഡ്മത്സ്യ ശേഖരം കുറഞ്ഞുപോയതിനാൽ 1992-ൽ കനേഡിയൻ ഗവൺമെൻറ് അറ്റ്ലാൻറിക്കിലെ കോഡ്മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള അതിന്റെ നിയമം നടപ്പിലാക്കി. ഇത് ഏകദേശം 35,000 പേരെ മറ്റു മേഖലകളിൽ തൊഴിലന്വേഷിക്കാൻ നിർബന്ധിതരാക്കിത്തീർത്തു. 1997-ൽ, ഇപ്പോഴും നിരോധനം പ്രാബല്യത്തിലുണ്ട്. എങ്കിലും എവിടെ പോയി ആ കോഡ്മത്സ്യങ്ങളെല്ലാം?
1960-കളിൽ അന്താരാഷ്ട്ര മത്സ്യബന്ധന ബോട്ടുകൾ ന്യൂഫൗൺഡ്ലൻഡിന്റെ ആഴക്കടൽ പരിധികൾക്കുള്ളിൽ വൻതോതിലുള്ള കോഡ്മത്സ്യ വിളവെടുപ്പിനുവേണ്ടി കൂട്ടമായി വന്നുചേരാറുണ്ടായിരുന്നു. 1968 ആയപ്പോഴേക്കും ഒരു ഡസനിലധികം രാജ്യങ്ങളുടെ ട്രോളറുകൾ ന്യൂഫൗൺഡ്ലൻഡ് തീരങ്ങളിൽനിന്ന് പ്രതിവർഷം 8,00,000 ടൺ മത്സ്യം സംഭരിക്കുന്നുണ്ടായിരുന്നു. ഇത് മുൻ നൂറ്റാണ്ടിൽ ലഭിച്ച മത്സ്യത്തിന്റെ ശരാശരിയുടെ മൂന്നു മടങ്ങായിരുന്നു.
സമുദ്രജലത്തിന്റെ തണുപ്പേറുന്നതും നീർനായ്ക്കൾ പെറ്റുപെരുകുന്നതും കോഡ്മത്സ്യങ്ങളുടെ ദേശാന്തരഗമനവുമൊക്കെ കോഡ്മത്സ്യങ്ങളുടെ എണ്ണം കുറയുന്നതിൽ പങ്കുവഹിച്ചിരിക്കാമെങ്കിലും കോഡ്മത്സ്യങ്ങൾ വൻതോതിൽ നശിക്കുന്നതിന്റെ പഴി മുഖ്യമായും മനുഷ്യരുടെ അത്യാഗ്രഹത്തിന്മേലാണു വന്നുവീഴുന്നത്. “വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, അമിതമായ മത്സ്യബന്ധനം മാത്രമാണ് അതിനു കാരണം,” ഒരു സമുദ്ര ജീവശാസ്ത്രജ്ഞൻ പറഞ്ഞു.
അറ്റ്ലാൻറിക് കോഡ് മത്സ്യങ്ങളുടെ ഭാവിയെന്ത്? വളർന്ന്, പുനരുത്പാദനം നടത്തി ഈ പ്രത്യേക ജീവിവർഗത്തിന്റെ സംഖ്യ പണ്ടത്തെപ്പോലെ ആക്കിത്തീർക്കാൻമാത്രം മത്സ്യക്കുഞ്ഞുങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നു ചിലർ സംശയിക്കുന്നു. സെൻറ് ജോൺസിലെ ദി ഈവനിങ് ടെലഗ്രാം ഇങ്ങനെ അഭിപ്രായപ്പെട്ടു: “കാനഡയിലെ ഏറ്റവും പഴക്കംചെന്ന വ്യവസായമായ അറ്റ്ലാൻറിക് കോഡ്മത്സ്യബന്ധനത്തിന്റെ വളർച്ച ചരിത്ര പുസ്തകങ്ങളിൽ മാത്രമേ ഉണ്ടാകൂ.” എന്നിരുന്നാലും, പ്രതീക്ഷയ്ക്കു വകയുണ്ട്!
വളരെപ്പെട്ടെന്നുതന്നെ ദൈവത്തിന്റെ നീതിയുള്ള വാഗ്ദത്ത പുതിയ ലോകത്തിൽ അത്യാഗ്രഹത്തിനു സ്ഥാനമുണ്ടായിരിക്കില്ലെന്ന് ബൈബിൾ നമുക്കുറപ്പു നൽകുന്നു. (2 പത്രൊസ് 3:13) യഹോവ തന്നെ സേവിക്കാനും പ്രീതിപ്പെടുത്താനും ആഗ്രഹിക്കുന്നവരുടെ അനുഗ്രഹത്തിനായി “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുകയും കരയിലും കടലിലും ജീവൻ വഴിഞ്ഞൊഴുകാനിടവരുത്തുകയും ചെയ്യും.—വെളിപ്പാടു 11:18.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Tom McHugh, The National Audubon Society Collection/PR
Mountain High Maps® Copyright © 1995 Digital Wisdom, Inc.