ഒരു ആഗോള പരിഹാരം—അതു സാധ്യമോ?
ക്ഷയരോഗം (ടിബി) ആഗോള പരിഹാരം ആവശ്യമുള്ള ഒരു ആഗോള പ്രശ്നമാണെന്നതിനോട് വിദഗ്ധർ യോജിക്കുന്നു. കോടാനുകോടി ആളുകൾ ഓരോ ആഴ്ചയും അന്തർദേശീയ അതിർത്തികൾ കടക്കുന്നതുകൊണ്ട് ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ടിബി-യെ നിയന്ത്രിക്കാനാവില്ല.
ടിബി ഏറ്റവും കൂടുതൽ വിനാശം വിതയ്ക്കുന്ന ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങൾ സഹായിക്കുന്നത് അന്തർദേശീയ സഹകരണത്തിലുൾപ്പെടുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ഡോ. ആരാറ്റാ കോച്ചി ഇങ്ങനെ പറയുന്നു: “സ്വന്തം രാജ്യങ്ങൾ പോർനിലങ്ങളാകുന്നതിനു മുമ്പ് ക്ഷയരോഗത്തോടു പൊരുതുന്നതിൽ അൽപ്പ വികസിത രാജ്യങ്ങളെ സഹായിക്കുന്നത് സമ്പന്ന രാജ്യങ്ങളുടെ ക്ഷേമത്തിനുതകുന്നു.”
എന്നാൽ, അതിലും അടിയന്തിര ശ്രദ്ധ അർഹിക്കുന്നതെന്ന് തങ്ങൾക്കു തോന്നുന്ന പ്രശ്നങ്ങളാൽ നട്ടംതിരിയുന്ന സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്രങ്ങളുടെ രക്ഷയ്ക്കായി ഓടിയെത്തിയിട്ടില്ല. യുദ്ധസാമഗ്രികൾക്കായി പണം വാരിക്കോരി ചെലവാക്കിക്കൊണ്ട് ചില ദരിദ്ര രാജ്യങ്ങളും ആരോഗ്യപരിപാലനത്തിന്റെ കാര്യം പലപ്പോഴും അവഗണിക്കുന്നു. 1996-ന്റെ പകുതിയോടെ ലോകത്തിലെ ടിബി രോഗികളുടെ 10 ശതമാനം മാത്രമേ ഡോട്ട്സ് രീതിയാൽ ചികിത്സിക്കപ്പെട്ടുള്ളൂ. പകർച്ചവ്യാധി കൂടുതൽ വഷളായിത്തീരുന്നത് തടയാൻ അതു പര്യാപ്തമായിരുന്നില്ല.
ഡബ്ലിയുഎച്ച്ഒ ഇങ്ങനെ നിരീക്ഷിക്കുന്നു: “ടിബി ഭേദമാക്കാനുള്ള അറിവും ചെലവുകുറഞ്ഞ ഔഷധങ്ങളും ദശകങ്ങളായി ലഭ്യമാണ്. എന്നാൽ, ഈ ഔഷധങ്ങൾ ലോകമെമ്പാടും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി അധികാരവും സ്വാധീനശക്തിയും അനുകമ്പയും ഉള്ള ആളുകൾ ഒരു തീക്ഷ്ണ ശ്രമം നടത്തേണ്ടതുണ്ട്. അതാണ് ഇപ്പോൾ ലോകത്തിന് ആവശ്യമായിരിക്കുന്നത്.”
ടിബി കീഴടക്കപ്പെടാൻ പോകുന്നു
അധികാരവും സ്വാധീനശക്തിയുമുള്ള മനുഷ്യരിലേക്ക് പ്രശ്ന പരിഹാരത്തിനായി നമുക്ക് ഉറപ്പോടെ നോക്കാൻ കഴിയുമോ? നിശ്വസ്ത ബൈബിൾ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” അപ്പോൾപ്പിന്നെ, നമുക്ക് ആരിലാണ് ആശ്രയിക്കാൻ കഴിയുക? തിരുവെഴുത്ത് കൂടുതലായി ഇങ്ങനെ പറയുന്നു: “യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി.”—സങ്കീർത്തനം 146:3, 5, 6.
ഭൂമിയുടെ രൂപസംവിധായകനും സ്രഷ്ടാവും എന്ന നിലയിൽ യഹോവയാം ദൈവത്തിന് രോഗത്തെ ഇല്ലായ്മ ചെയ്യാനുള്ള ശക്തിയും ജ്ഞാനവുമുണ്ട്. അവൻ അനുകമ്പയുള്ളവനാണോ? തന്റെ നിശ്വസ്ത പ്രവാചകനിലൂടെ യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനോട് അനുകമ്പ കാണിക്കുന്നതുപോലെ ഞാൻ [എന്റെ ജനത്തോട്] അനുകമ്പ കാണിക്കും.”—മലാഖി 3:17, NW.
ബൈബിളിന്റെ അവസാനത്തെ അധ്യായം അപ്പോസ്തലനായ യോഹന്നാനു ലഭിച്ച ഒരു ദർശനത്തെക്കുറിച്ചു വർണിക്കുന്നു. ‘പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്ന ജീവവൃക്ഷങ്ങൾ’ അവൻ കണ്ടു. ഈ പ്രതീകാത്മക വൃക്ഷങ്ങളും അവ ഉത്പാദിപ്പിക്കുന്ന ഫലങ്ങളും അനുസരണമുള്ള മനുഷ്യരെ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിന് പ്രാപ്തരാക്കുന്ന ദിവ്യ കരുതലുകളെ ചിത്രീകരിക്കുന്നു.—വെളിപ്പാടു 22:2.
യോഹന്നാൻ തുടർന്നിങ്ങനെ എഴുതി: “വൃക്ഷത്തിന്റെ [“വൃക്ഷങ്ങളുടെ,” NW] ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” ഈ പ്രതീകാത്മക ഇലകൾ മനുഷ്യവർഗത്തിന്റെ ആത്മീയവും ശാരീരികവുമായ രോഗശാന്തിക്കിടയാക്കുന്ന ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങളെ ചിത്രീകരിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്റെ ഭരണത്തിൻ കീഴിലെ നീതിവസിക്കുന്ന പുതിയ ലോകത്തിൽ ടിബി എക്കാലത്തേക്കും പൂർണമായി കീഴടക്കപ്പെടുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—വെളിപ്പാടു 21:3-5.
[8, 9 പേജുകളിലെ ചിത്രം]
ദൈവം മനുഷ്യവർഗത്തിന് ശാശ്വത രോഗശാന്തി വാഗ്ദാനം ചെയ്യുന്നു