റഷ്യൻ പത്രങ്ങൾ യഹോവയുടെ സാക്ഷികളെ പ്രശംസിക്കുന്നു
റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് 1997 ജൂൺ 21-നാണ് സമർപ്പിക്കപ്പെട്ടത്. താമസത്തിനുള്ള ഏഴു കെട്ടിടങ്ങൾ, ഒരു വലിയ രാജ്യഹാൾ, ഒരു ഭോജനശാല, ഓഫീസ് ഉപയോഗത്തിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള ഒരു കൂറ്റൻ കെട്ടിടം എന്നിവ അടങ്ങുന്നതാണ് ആ സമുച്ചയം. സെൻറ് പീറ്റേഴ്സ്ബർഗിന് ഏതാണ്ട് 40 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറായി, സോൾനെച്ച്നോയി ഗ്രാമത്തിലാണ് അതു സ്ഥിതി ചെയ്യുന്നത്.
പരിപാടിക്കായി ക്ഷണിക്കപ്പെട്ടിരുന്ന പത്രപ്രവർത്തകരിലൂടെ സമർപ്പണം വലിയ പ്രസിദ്ധി നേടി. മോസ്കോയിലെ രണ്ടര ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഒരു പത്രമായ ലിറ്റററ്റുർനയ ഗസ്യെറ്റയിൽ ഒരു പത്രപ്രവർത്തകൻ ഇപ്രകാരം എഴുതി: “ഒരു കെട്ടിടം പണിയുകയാണെങ്കിൽ ഇങ്ങനെ പണിയണം എന്ന് ഒറ്റ നോട്ടത്തിൽ ആരും പറഞ്ഞുപോകും!”—16-ഉം 17-ഉം പേജുകളിലെ ചിത്രങ്ങൾ കാണുക.
സ്യിർഗ്യേ സ്യിർഗ്യെങ്ക എന്ന എഴുത്തുകാരൻ വിവരിച്ചു: “ഇവിടെ കാണുന്നതെല്ലാം ഈ വിശ്വാസികൾ തന്നെത്താൻ ചെയ്തതാണ്: ഫിൻലൻഡുകാരും സ്വീഡൻകാരും ഡെൻമാർക്കുകാരും നോർവേക്കാരും ജർമൻകാരുമാണ് നിർമാണ പ്രവർത്തനങ്ങളിലധികവും ചെയ്തത്. ഇഷ്ടിക പാകിയ വൃത്തിയുള്ള റോഡുകൾ; വെട്ടിനിർത്തിയ പുൽത്തകിടി; മനോഹരമായ ഓടുകൾ പാകിയ മേൽക്കൂരകൾ, കൂറ്റൻ ജനാലകൾ, ചില്ലുവാതിലുകൾ—യഹോവയുടെ സാക്ഷികളുടെ റഷ്യൻ പ്രാദേശിക മതസംഘടനയുടെ ഭരണനിർവഹണ കേന്ദ്രമാണിത്.”
ബ്രാഞ്ചിൽനിന്ന് 650-ലധികം കിലോമീറ്റർ അകലെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മോസ്കോയിലെ പത്രപ്രവർത്തകരെ സമർപ്പണത്തിനു ക്ഷണിച്ചിരുന്നു. അവർക്കു വേണ്ട യാത്രാസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. കൂടാതെ, അവരെ ബ്രാഞ്ച് ചുറ്റിനടന്നു കാണിക്കുകയുമുണ്ടായി. അതിനുശേഷം ഒരു ചോദ്യോത്തര പരിപാടിയും നടത്തപ്പെട്ടു, കൂട്ടത്തിൽ ലഘുഭക്ഷണവും ഒരുക്കിയിരുന്നു. താൻ നിരീക്ഷിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീ. സ്യിർഗ്യെങ്കോ ഇപ്രകാരം എഴുതി:
“സാക്ഷികൾ എളിമയും വിനയവുമുള്ളവരാണെന്ന് ഇവിടങ്ങളിൽ സാധാരണ പറഞ്ഞുകേൾക്കാറുണ്ട് . . . റഷ്യയിലെ പ്രസിദ്ധമായ ഒരു ചൊല്ല് മറ്റു വാക്കുകളിൽ പറയുകയാണെങ്കിൽ ‘സാക്ഷികൾ യഹോവയുടെ മടിയിൽ എന്നപോലെയാണ് [തങ്ങളുടെ ഭവനങ്ങളിൽ] വസിക്കുന്നത്.’ . . . എല്ലാ ആളുകളോടും ഒരുപോലെ ദയാവായ്പോടെ പെരുമാറുന്ന അവർ, തങ്ങളുടെ സ്വന്തം സഹോദരങ്ങളോട് വിശേഷാൽ കരുതൽ പ്രകടമാക്കുന്നു.”
ഏതാണ്ട് 4,00,000 പ്രതികൾ വിറ്റഴിക്കപ്പെടുന്ന മോസ്കൊവ്സ്കായ പ്രാവ്ദയിൽ എസ്. ഡ്യിമ്യീട്രിയവ് എഴുതിയ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. “തന്നെത്താൻ നിങ്ങൾക്ക് നിങ്ങളുടെ ഭവനം പണിയാം,” എന്ന തന്റെ ലേഖനത്തിൽ അദ്ദേഹം വിവരിച്ചു:
“[1991-ൽ] സാക്ഷികളുടെ മതസംഘടനയ്ക്ക് നിയമാംഗീകാരം ലഭിച്ചശേഷം തങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സ് എവിടെ പണിയും എന്ന ചോദ്യം ഉയർന്നുവന്നു. അവർ മോസ്കോയ്ക്കടുത്തായി സ്ഥലം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി സെൻറ്പീറ്റേ[ഴ്സ്ബർഗിന്] അടുത്തുള്ള, മുമ്പ് ഒരു യൂത്ത് ക്യാമ്പ് സ്ഥിതിചെയ്തിരുന്ന സ്ഥലം വിൽക്കാനുണ്ടെന്ന വിവരം ലഭിച്ചത്. അവർ സ്ഥലം വാങ്ങി പണി ആരംഭിച്ചു. . .
“ഒന്നര വർഷംമുമ്പ്, 1996 ജനുവരി 1-ന് സോൾനെച്ചനോയി ഗ്രാമത്തിലെ കേന്ദ്രം ഈ മതസംഘടനയുടെ ഔദ്യോഗിക ബ്രാഞ്ചായി മാറി. ജൂൺ മധ്യത്തോടെ, സെൻറ്പീറ്റേഴ്സ്ബർഗിൽ അൽപ്പസമയം ചെലവഴിച്ചതിന്റെ ഫലമായി മോസ്കോക്കാരായ ഒരു കൂട്ടം പത്രപ്രവർത്തകർക്ക് ഒരു സംഗതി മനസ്സിലാക്കാൻ അവസരം ലഭിച്ചു: ആരാണ് യഹോവയുടെ സാക്ഷികൾ?”
ശ്രീ. ഡ്യിമ്യീട്രിയവിന്റെ ഉത്തരമെന്തായിരുന്നു? “മറ്റേവരെയുംപോലെ സാധാരണക്കാരായ ആളുകൾ.” എങ്കിലും അവർ വ്യത്യസ്തരാണ്. അദ്ദേഹം തന്റെ ലേഖനം ഉപസംഹരിച്ചത് ഇങ്ങനെയാണ്: “പരസ്പരം മാത്രമല്ല ചുറ്റുപാടുമുള്ളവരുമായും അവർ സമാധാനത്തിലാണ്. ഇതൊരു സ്വപ്നമാണോ? അതേ. എങ്കിലും അതൊരു യാഥാർഥ്യമാണ്.”
മോസ്കോക്കാരനായ മറ്റൊരു പത്രപ്രവർത്തകൻ മക്സ്യീം യിറൊഫ്യേയവ്, 3,00,000-ത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന വർത്തമാനപത്രമായ സോബസ്യെഡ്നിക്കിനുവേണ്ടി ഇങ്ങനെ എഴുതി: “ഈ കൊച്ചു സമുദായത്തിലെ ബന്ധങ്ങളെല്ലാം പിൻവരുന്ന തത്ത്വത്തിൽ അധിഷ്ഠിതമാണ്: “വേല ചെയ്യാൻ ആരെയും നിർബന്ധിക്കുന്നില്ലെങ്കിലും എല്ലാവരും വേല ചെയ്യുന്നു.”
ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ വാസിലി കല്യിൻ താമസിക്കുന്ന ക്വാർട്ടേഴ്സിനെക്കുറിച്ച് വിവരിച്ചശേഷം ശ്രീ. യിറൊഫ്യേയവ് അഭിപ്രായപ്പെട്ടു: “സംശയനിവൃത്തി വരാഞ്ഞ് ഞങ്ങളുടെ റിപ്പോർട്ടർമാരുടെ സംഘം മറ്റുചില അപ്പാർട്ടുമെൻറുകളും സ്വന്തമായി തിരഞ്ഞുപിടിച്ച് സന്ദർശിക്കാൻ പോയി. വാസിലി കല്യിന്റെ അപ്പാർട്ട്മെൻറിന്റെ അതേ വലുപ്പംതന്നെയായിരുന്നു മറ്റു ക്വാർട്ടേഴ്സുകൾക്കും, സജ്ജീകരണങ്ങളും ഒരുപോലെതന്നെ.”
മറ്റൊരു റിപ്പോർട്ടറായ അനസ്റ്റസീയ ന്യെമിറ്റ്സ്, “മനശ്ശാന്തിയോടെ ജീവിക്കൽ” എന്ന ഒരു ലേഖനമെഴുതി. വച്ചെൽന്യായെ മാസ്ക്വയിൽ പ്രത്യക്ഷപ്പെട്ട ആ ശീർഷകത്തിൻകീഴിലെ ഉപശീർഷകം ഇങ്ങനെയായിരുന്നു: “സെൻറ് പീറ്റേ[ഴ്സ്ബർഗിനു] വെളിയിലുള്ള ഒരസാധാരണ ഗ്രാമത്തിലെ ആളുകൾ പഠിക്കുന്നത് അതാണ്.”
ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന പ്രദേശത്തെയും ബ്രാഞ്ച്കെട്ടിടങ്ങളെയും കുറിച്ച് വർണിക്കവേ അവർ എഴുതി: “ചുറ്റും വനങ്ങളും പുൽമേടുകളും. ഫിൻലൻഡ് ഉൾക്കടൽ അകലെയല്ല. ഇവിടെ യൂറോപ്യൻ രീതിയിൽ പണിതീർത്ത വൃത്തിയുള്ള കോട്ടേജുകളുണ്ട്. ഇഷ്ടിക പാകിയ റോഡുകൾ തൂത്ത് വൃത്തിയാക്കിയിട്ടിരിക്കുന്നു. വർണഭംഗിയുള്ള പുൽത്തകിടികളും ഇവിടെയുണ്ട്.
“‘സമ്പന്നരായ റഷ്യക്കാർ’ക്കുവേണ്ടിയാണ് വാണിജ്യ സ്ഥാപനങ്ങൾ ഇത്തരം കൊച്ചു പട്ടണങ്ങൾ തീർക്കുന്നത്. എങ്കിലും പരിമിതമായ സമ്പത്തുള്ള ആളുകളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത് . . . അവർ സുഖമായി ജീവിക്കുന്നു. എല്ലാറ്റിലുമുപരിയായി അവർ സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. ഭൂമിയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമായി ഏതാണ്ട് 350 ആളുകൾ മാത്രം ഇവിടെ താമസിക്കുന്നു; ഇവിടെ വിവിധ ഭാഷകൾ സംസാരിക്കപ്പെടുന്നതു കേൾക്കാം—സ്പാനിഷും പോർട്ടുഗീസും തുടങ്ങി ഫിന്നിഷും സ്വീഡിഷും വരെ.
ചുരുക്കത്തിൽ ഇത് ഒറ്റപ്പെട്ട ഒരു കൊച്ചുലോകമാണ്: ഈ ഗ്രാമത്തിന് സ്വന്തമായി, ഉപകരണങ്ങൾ നിർമിക്കുകയും കേടുപോക്കുകയും ചെയ്യുന്ന കടകളുണ്ട്. ഈ വലിയ ബഹുഭാഷാ കുടുംബത്തിന് ആവശ്യമായ എന്തും ഇവിടെ തയ്യാറാക്കാൻ സാധിക്കും; അവർക്ക് സ്വന്തമായി ഒരു ക്ലിനിക്ക് പോലുമുണ്ട്.”
42 രാജ്യങ്ങളിൽനിന്ന് സോൾനെച്ച്നോയിയിൽ വന്നുകൂടിയ 1,492 പേർക്ക് സമർപ്പണം സന്തോഷത്തിന്റേതായ ഒരു അവസരമായിരുന്നു. അവിടെ സന്നിഹിതരായിരുന്നവരിൽ പലരും, പ്രസംഗവേല നിരോധിക്കപ്പെട്ടിരുന്ന കാലത്ത് അവിടെ പതിറ്റാണ്ടുകളോളം സേവിച്ച പ്രായമുള്ളവരായിരുന്നു. ഉദ്യാനതുല്യമായ ഈ 17 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബ്രാഞ്ച് ചുറ്റിനടന്നു കണ്ടപ്പോൾ ഈ പഴമക്കാർക്കുണ്ടായ അതിരറ്റ വിസ്മയവും സന്തോഷവും നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുന്നുണ്ടോ? തങ്ങൾ സ്വപ്നം കാണുകയാണെന്ന് അവർ വിചാരിച്ചിരിക്കാം.
[18-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കെട്ടിടങ്ങൾ ചുറ്റിനടന്നു കാണുന്ന പത്രപ്രവർത്തകർ
ചോദ്യോത്തര വേള