റഷ്യയിലെ യഹോവയുടെ സാക്ഷികൾ
ഒരു ദൈവശാസ്ത്രജ്ഞന്റെ വീക്ഷണം
ഒന്നാം നൂറ്റാണ്ടിൽ റോമിലെ യഹൂദ സമുദായ നേതാക്കൻമാർ ക്രിസ്ത്യാനിത്വത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറി”യുന്നു. ആ നേതാക്കന്മാർ എന്തു ചെയ്തു? പ്രശംസാർഹമായി, അവർ അന്ന് വീട്ടുതടങ്കലിലായിരുന്ന അപ്പോസ്തലനായ പൗലൊസിന്റെ അടുക്കലേക്കുചെന്ന് ഇങ്ങനെ പറഞ്ഞു: “നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 28:22) ക്രിസ്ത്യാനിത്വത്തിനു വിരുദ്ധമായി സംസാരിച്ചവരുടെ വാക്കു ശ്രദ്ധിക്കുന്നതിനു പകരം അവർ കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു ക്രിസ്ത്യാനിയുടെ മൊഴികൾക്കു ചെവികൊടുത്തു.
ഒരു ബഹുമാന്യ റഷ്യൻ ദൈവശാസ്ത്രജ്ഞനായ സ്യിർഗ്യേ ഇവ്വാന്യെൻകൊ അതുതന്നെയാണു ചെയ്തത്. യഹോവയുടെ സാക്ഷികൾക്കെതിരെ റഷ്യയിൽ പ്രചരിച്ചുകൊണ്ടിരുന്ന പല റിപ്പോർട്ടുകളും അദ്ദേഹം വിശ്വസിച്ചിരുന്നെങ്കിലും വിവരങ്ങൾ അറിയുന്നതിനായി സെൻറ് പീറ്റേഴ്സ്ബെർഗിനു തൊട്ടു വെളിയിൽ സ്ഥിതിചെയ്തിരുന്ന സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്കു ഫോൺചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അവിടം സന്ദർശിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാക്ഷികളെ നേരിൽ നിരീക്ഷിക്കാനും ഉള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു.
1996 ഒക്ടോബറിൽ ശ്രീ. ഇവ്വാന്യെൻകൊ സന്ദർശിക്കുമ്പോൾ റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ഏതാണ്ട് 200 ബ്രാഞ്ചംഗങ്ങൾക്കുള്ള താമസസൗകര്യങ്ങളുടെ പണി പൂർത്തിയായിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. നിർമാണസ്ഥലം നിരീക്ഷിക്കുന്നതിനും ഭക്ഷണമുറിയിൽ ആഹാരം കഴിക്കുന്നതിനും തനിക്കിഷ്ടമുള്ള ആരെയും അഭിമുഖം നടത്തുന്നതിനുമുള്ള അവസരം തുടർന്നുള്ള മൂന്നു ദിവസത്തേക്ക് അദ്ദേഹത്തിനു നൽകി.
സാക്ഷികളെക്കുറിച്ച് ശ്രീ. ഇവ്വാന്യെൻകൊ എഴുതിയ ഒരു ലേഖനം പ്രശസ്ത റഷ്യൻ വാരികയായ മോസ്കോ ന്യൂസിന്റെ 1997 ഫെബ്രുവരി 16-23 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. “നാം യഹോവയുടെ സാക്ഷികളെ ഭയപ്പെടേണ്ടതുണ്ടോ?” എന്ന തലക്കെട്ടിലുള്ള ലേഖനം ഫെബ്രുവരി 20-26 ലക്കത്തിലെ മോസ്കോ ന്യൂസിന്റെ ഇംഗ്ലീഷ് പതിപ്പിലും പ്രത്യക്ഷപ്പെട്ടു. പല ഉണരുക! വായനക്കാരും റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ അതീവ താത്പര്യമുള്ളവരായതുകൊണ്ട് ഈ ലേഖനത്തിന്റെ ഭൂരിഭാഗവും ഞങ്ങൾ അനുമതിയോടുകൂടി ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. തടിച്ച അക്ഷരത്തിൽ പ്രത്യക്ഷപ്പെട്ട പിൻവരുന്ന അനുഭവത്തോടുകൂടിയാണ് ശ്രീ. ഇവ്വാന്യെൻകൊ തന്റെ വിവരണം ആരംഭിച്ചത്:
“‘വിഭാഗീയ ചിന്താഗതിക്കാരേ, റഷ്യ വിട്ടു പോകൂ!’ യഹോവയുടെ സാക്ഷികളുടെ യോഗം പിക്കറ്റുചെയ്യവേ ഷിറിനൊഫ്സ്കിയുടെ എൽഡിപിആർ പാർട്ടിയംഗങ്ങൾ വീശിക്കൊണ്ടിരുന്ന പോസ്റ്ററിൽ അങ്ങനെ എഴുതിയിരുന്നു. ‘നിങ്ങൾക്ക് ഈ സംഘടനയുടെ ഏതു കാര്യമാണ് ഇഷ്ടമില്ലാത്തത്?’ പിക്കറ്റുചെയ്യുന്ന ഒരാളോട് ഞാൻ ചോദിച്ചു. ‘കാംചാറ്റ്കയിൽ മതപരമായ സിഫിലിസ് പടർന്നുപിടിക്കുന്നു’ എന്ന മുഖ്യതലക്കെട്ടോടുകൂടിയ മെഗാപോലിസ് എക്സ്പ്രസ്സിന്റെ ഒരു പ്രതി അയാൾ എനിക്കു തന്നു. സംഘടനയുടെ പണപ്പെട്ടികൾ നിറയ്ക്കുന്നതിനായി യഹോവയുടെ സാക്ഷികൾ വേശ്യകൾക്ക് ആളെ കൂട്ടിക്കൊടുക്കുകയും സംഘടിത വേശ്യാവൃത്തി നടത്തുകയും ചെയ്യുന്നതായും ഇത് നാവികർക്കിടയിൽ ഗുഹ്യരോഗം വ്യാപിക്കുന്നതിനിടയാക്കുന്നതായും പത്രം പറഞ്ഞു. ‘നിങ്ങളും അവരുടെ ആക്രമണത്തിന് ഇരയായവരിൽ ഒരാളാണോ? നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?’ ഞാൻ അനുകമ്പയോടെ ചോദിച്ചു. ‘അതിവിടെ പ്രശ്നമല്ല. ഈ അമേരിക്കൻ മതവിഭാഗം റഷ്യയുടെ ആത്മീയതയെയും സംസ്കാരത്തെയും നശിപ്പിക്കുന്നുവെന്നതാണ് പ്രധാന സംഗതി. അത് അവസാനിപ്പിച്ചേ പറ്റൂ,’” അയാൾ പ്രതിവചിച്ചു.
പിൻവരുന്ന ലേഖകനാമവരിക്കുശേഷം ശ്രീ. ഇവ്വാന്യെൻകൊ തന്റെ ലേഖനം ആരംഭിച്ചു: “ദൈവശാസ്ത്രജ്ഞനും തത്ത്വശാസ്ത്ര വിദ്യാർഥിയുമായ സ്യിർഗ്യേ ഇവ്വാന്യെൻകൊയാലുള്ളത്.”
“റഷ്യക്കാരിൽ പലരും യഹോവയുടെ സാക്ഷികളെക്കുറിച്ചു വളരെ ദയാപുരസ്സരം ചിന്തിക്കാറില്ലെന്നുള്ളതു സത്യമാണെങ്കിലും വാസ്തവത്തിൽ ഇതുപോലുള്ള സത്യസന്ധത വിരളമാണ്. ആ സംഘടനയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലുമൊന്നു പറഞ്ഞാൽ മതി, അതിന്റെ ഘോരമായ മതഭ്രാന്തിനെക്കുറിച്ചും അമേരിക്കൻ ഉത്ഭവത്തെക്കുറിച്ചും സംഘടനയുടെ നേതാക്കളിൽ സാധാരണ അംഗങ്ങൾക്കുള്ള അന്ധമായ വിശ്വാസത്തെക്കുറിച്ചും ലോകാവസാനം സമീപമാണെന്നുള്ള വിശ്വാസത്തെക്കുറിച്ചും മറ്റുമുള്ള അഭിപ്രായങ്ങൾ ഒന്നിനുപുറകെ ഒന്നായി എത്തുകയായി. പലരിലും യഹോവയുടെ സാക്ഷികൾ ഭയവും ജിജ്ഞാസയും ജനിപ്പിക്കുന്നു.
“ഈ മതം എന്താണ്, നാം അതിനെ ഭയപ്പെടേണ്ടതുണ്ടോ?
“അതു സ്വയം കണ്ടുപിടിക്കുന്നതിനായി ഞാൻ സെൻറ് പീറ്റേഴ്സ്ബെർഗിലെ കുരുർട്ട്നോയി ഡിസ്ട്രിക്റ്റിലുള്ള സോൾനെച്ച്നോയി ഗ്രാമം സന്ദർശിച്ചു. റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ഭരണനിർവഹണകേന്ദ്രം സ്ഥിതിചെയ്യുന്നത് അവിടെയാണ്.
◆◊◆
“മുമ്പ് ഒരു വേനൽക്കാല ക്യാംപ് സ്ഥിതിചെയ്തിരുന്നിടത്താണ് [അതിന്റെ സ്ഥാനം]. 1992 ആയപ്പോഴേക്കും [ആദ്യത്തെ] കെട്ടിടം അങ്ങേയറ്റം ജീർണിച്ച അവസ്ഥയിലായിരുന്നു. കുട്ടികൾക്കു പകരം ഭിക്ഷക്കാരും എലിക്കൂട്ടങ്ങളും അവിടെ സ്ഥാനംപിടിച്ചിരുന്നു. ആ പ്രദേശം നശിച്ചുകിടന്നിരുന്നതുകൊണ്ടാണ് അനിശ്ചിതകാല ഉപയോഗത്തിനായി യഹോവയുടെ സാക്ഷികൾക്ക് 17 ഏക്കർ ഭൂമി ലഭിച്ചതെന്നു വ്യക്തം. അവർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയുകയും പുതിയവ പണിതുതുടങ്ങുകയും ചെയ്തു. ഭരണനിർവഹണത്തിനുള്ള ഒരു നാലു നില കെട്ടിടവും 500 പേർക്കിരിക്കാവുന്ന ഒരു [രാജ്യഹാളും] ഭക്ഷണ ശാലയും അതിൽ ഉൾപ്പെടുന്നു. യഹോവയുടെ സാക്ഷികൾ പുതിയ പുല്ലും (ഫിൻലൻഡിൽനിന്നു പ്രത്യേകം വരുത്തിയത്) വ്യത്യസ്തയിനം അപൂർവ വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നുണ്ട്. അടുത്ത വേനലോടെ പണി പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭരണനിർവഹണകേന്ദ്രത്തിന്റെ മുഖ്യ ജോലി പ്രസംഗ പ്രവർത്തനം സംഘടിപ്പിക്കുന്നതും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിൽ സാഹിത്യങ്ങൾ എത്തിക്കുന്നതുമാണ്. സോൾനെച്ച്നോയിയിൽ അച്ചടി സൗകര്യങ്ങളില്ല, അതുകൊണ്ട് റഷ്യൻ സാഹിത്യങ്ങൾ ജർമനിയിൽ അച്ചടിച്ചശേഷം സെൻറ് പീറ്റേഴ്സ്ബെർഗിലേക്ക് അയയ്ക്കുന്നു. അവിടെനിന്ന് അത് റഷ്യയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നു. ഏകദേശം 190 പേർ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവർ സ്വമേധയാ പ്രവർത്തകരാണ്. അവർക്ക് ശമ്പളം ലഭിക്കുന്നില്ലെങ്കിലും താമസസ്ഥലം, ആഹാരം, വസ്ത്രം തുടങ്ങിയ അവരുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുണ്ട്.
“കേന്ദ്രത്തിന്റെ പ്രവർത്തനത്തെ 18 മൂപ്പൻമാരടങ്ങുന്ന ഒരു കമ്മിറ്റിയാണു നയിക്കുന്നത്. 1992 മുതൽ ഭരണനിർവഹണകേന്ദ്രത്തിന്റെ കോ-ഓർഡിനേറ്റർ വസ്യിൽയെയി കൽയിൻ ആണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇവാനൊ-ഫ്രാൻകൊഫ്സ്കാണ്. 1951-ൽ, അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോൾ അദ്ദേഹവും മാതാപിതാക്കളും സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടതാണ് (യഹോവയുടെ സാക്ഷികളായതിന്റെ പേരിൽ 1949-ലും 1951-ലും 5,000-ത്തോളം കുടുംബങ്ങൾക്ക് അധികാരികളാൽ പീഡനമനുഭവിക്കേണ്ടിവന്നു). അദ്ദേഹം 1965-ൽ സ്നാപനമേറ്റു. ഇർകൂട്സ്ക് പ്രദേശത്ത് താമസമാക്കിയ അദ്ദേഹം ഒരു തടിമില്ലിൽ ഫോർമാനായി ജോലിനോക്കി.
“ഭരണനിർവഹണകേന്ദ്രത്തിലെ സ്വമേധയാസേവകരെ കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കായി റഷ്യ, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നിവിടങ്ങളിൽനിന്ന് സോൾനെച്ച്നോയിയിൽ വന്നു താമസിക്കുന്ന 200 വേറേ സ്വമേധയാ പ്രവർത്തകരുമുണ്ട്: അവരിൽ മിക്കവരും തങ്ങളുടെ പതിവു തൊഴിലിൽനിന്ന് അവധിയെടുത്തു വന്നവരാണ്. യൂക്രെയിൻ, മൊൾഡോവ, ജർമനി, ഐക്യനാടുകൾ, ഫിൻലൻഡ്, പോളണ്ട് എന്നിവിടങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും ഉള്ള ധാരാളം യഹോവയുടെ സാക്ഷികളും അവിടെയുണ്ട്. (യഹോവയുടെ സാക്ഷികൾക്ക് യാതൊരു വർഗീയ മുൻവിധിയുമില്ല. ജോർജിയക്കാരും അബ്കാസുകാരും അസെർബൈജാൻകാരും അർമേനിയക്കാരും കേന്ദ്രത്തിൽ ഒരുമിച്ചു കഴിയുന്നെങ്കിലും നാലു വർഷമായി ഒരു ഏറ്റുമുട്ടൽ പോലും ഉണ്ടായിട്ടില്ല.)
“പണിസാധനങ്ങളിലും ഉപകരണങ്ങളിലും അധികപങ്കും പ്രദാനം ചെയ്തത് സ്കാൻഡിനേവിയൻ രാജ്യങ്ങളാണ്. സഹവിശ്വാസികൾ വളരെയധികം സാധനങ്ങൾ സൗജന്യമായി കൊടുക്കുകയും ചെയ്തു. സ്വീഡൻകാരനായ ഒരു യഹോവയുടെ സാക്ഷി 1993-ൽ സോൾനെച്ച്നോയിയിലേക്കു കൊണ്ടുവന്ന ഒരു ബുൾഡോസർ എന്നെ കാണിച്ചു. അദ്ദേഹം അവിടെയുണ്ടായിരുന്ന കാലമത്രയും പണിക്കായി അതുപയോഗിച്ചിരുന്നു. എന്നാൽ വീട്ടിലേക്കു പോകുന്നതിനുമുമ്പ് അദ്ദേഹം അത് വിശ്വാസത്തിലുള്ള തന്റെ സഹോദരങ്ങൾക്കു കൊടുത്തു. നിർമാണപ്രവർത്തകരെ സുഖസൗകര്യങ്ങളോടുകൂടിയ ലോഡ്ജുകളിലും കൊച്ചുവീടുകളിലും പാർപ്പിച്ചിരിക്കുന്നു. അവരുടെ ദിനചര്യ ഏതാണ്ട് ഇതുപോലെയാണ്: രാവിലെ 7 മണിക്ക് പ്രഭാതഭക്ഷണവും പ്രാർഥനയും; 8 മണിമുതൽ വൈകിട്ട് 5 മണിവരെ ജോലി; ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ ഇടവേള. ശനിയാഴ്ചകളിൽ അവർ ഉച്ചവരെ ജോലിചെയ്യുന്നു. ഞായറാഴ്ച വിശ്രമ ദിവസമാണ്.
“അവർ നന്നായി ഭക്ഷണം കഴിക്കുന്നു. ഭക്ഷണത്തിൽ എല്ലായ്പോഴും പഴങ്ങളുൾപ്പെടുത്തിയിരിക്കും. ഈ മതം ഉപവാസം അനുഷ്ഠിക്കുകയോ ഭക്ഷണത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ പാലിക്കുകയോ ചെയ്യുന്നില്ല. ജോലികഴിഞ്ഞ് പലരും ആവികൊള്ളുകയും പിന്നെ അൽപ്പം ബിയർ കുടിക്കുകയും സംഗീതം കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികളുടെയിടയിൽ മദ്യപാനികളില്ല, എന്നാൽ മദ്യം അവർക്ക് നിഷിദ്ധവുമല്ല. വീഞ്ഞും കോൺയാകും വോഡ്കായും മറ്റും മിതമായ അളവിൽ കുടിക്കാൻ വിശ്വാസികൾക്ക് അനുവാദമുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികൾ പുകവലിക്കുന്നില്ല.
◆◊◆
“ആഴ്ചയിൽ മൂന്നു തവണ ബൈബിൾ പഠന ക്ലാസ്സുകളുണ്ട്. അവയിൽ പങ്കെടുക്കുന്നവരിൽ കൂടുതലും യുവജനങ്ങളാണ്. എങ്കിലും, യഹോവയുടെ സാക്ഷികളായിട്ട് 30-ഓ 40-ഓ വർഷമായിട്ടുള്ളവരും അവരിലുണ്ട്. പ്രായമേറിയവരിൽ മിക്കവരും തടവറകളിലും ലേബർ ക്യാംപുകളിലും കഴിഞ്ഞിട്ടുള്ളവരും നാടുകടത്തപ്പെട്ടിട്ടുള്ളവരുമാണ്. അടിച്ചമർത്തൽ കാലഘട്ടം അവസാനിച്ചപ്പോൾ അനേകം ഡോക്ടർമാരും അഭിഭാഷകരും എഞ്ചിനീയർമാരും അധ്യാപകരും ബിസിനസ്സുകാരും വിദ്യാർഥികളും യഹോവയുടെ സാക്ഷികളുടെ അണികളോടു ചേർന്നു.
“സഭകൾ അംഗങ്ങളുടെയിടയിൽ സമത്വത്തിന്റെ ഒരു അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ഭരണനിർവഹണകേന്ദ്രത്തിലെ കോ-ഓർഡിനേറ്റർ പോലും അദ്ദേഹത്തിന്റെ ഊഴം വരുമ്പോൾ വൈകുന്നേരം പാത്രങ്ങൾ കഴുകുന്നു. യഹോവയുടെ സാക്ഷികൾ അന്യോന്യം സംബോധന ചെയ്യുന്നത് അനൗപചാരികമായ വിധത്തിലാണ്. ആരെയെങ്കിലും പേരു വിളിക്കുമ്പോൾ കൂട്ടത്തിൽ ‘സഹോദരൻ’ എന്നോ ‘സഹോദരി’ എന്നോ ചേർക്കുകയും ചെയ്യുന്നു.
“യഹോവയുടെ സാക്ഷികളിലൊരാൾ ബൈബിളിന്റെ പഠിപ്പിക്കലുകൾ ലംഘിക്കുകയും അനുതപിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ അയാൾ ഏറ്റവും ഗുരുതരമായ ശിക്ഷയ്ക്കു വിധേയനാകുന്നു—അയാൾ പുറത്താക്കപ്പെടുന്നു. ആ വ്യക്തിക്ക് അപ്പോഴും യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ അയാളുടെ സഹവിശ്വാസികൾ അയാളെ മേലാൽ അഭിവാദ്യം ചെയ്യുന്നില്ല. ഗൗരവം കുറഞ്ഞ നടപടി ശാസനയാണ്.
◆◊◆
“വ്യത്യസ്തരായ വളരെയധികം പേരെ ഈ മതസംഘടനയിലേക്കു വരുത്തിയിരിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുന്നതിനായി ഞാൻ യഹോവയുടെ സാക്ഷികളെ വളരെനേരം നിരീക്ഷിച്ചു. വ്യത്യസ്തമായ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ നിലവാരങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഉള്ള [യഹോവയുടെ സാക്ഷികൾ] പാപപൂർണമായ ലോകത്തോട് അനുരഞ്ജനപ്പെടുന്ന മതങ്ങളുടെ [കൂടെ ആരാധനയിൽ പങ്കെടുക്കുന്നില്ല]. [ജനങ്ങൾ] അധികാരികളിൽ അന്ധമായി വിശ്വാസമർപ്പിക്കുകയും രഹസ്യാത്മകതയ്ക്ക് ഇടമുണ്ടായിരിക്കുകയും പുരോഹിതശ്രേണികളും അവരെ അനുസരിക്കുന്ന പൊതുജനങ്ങളുമായി ആളുകൾ വിഭജിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നിടങ്ങളിൽ അവർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു.
“ബൈബിളിനനുസൃതമായി ജീവിക്കുന്നതിലുള്ള അവരുടെ ദൃഢവിശ്വാസം യഹോവയുടെ സാക്ഷികളെ വ്യതിരിക്തരാക്കുന്നു. അവർ തങ്ങളുടെ ഓരോ നീക്കത്തിനും ഏതെങ്കിലും ബൈബിൾ തത്ത്വമുപയോഗിച്ചുകൊണ്ടോ പഴയനിയമത്തിലെയോ പുതിയനിയമത്തിലെയോ ഏതെങ്കിലും ഭാഗം പരാമർശിച്ചുകൊണ്ടോ തെളിവു നൽകുന്നു. ബൈബിളിൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമുണ്ടെന്നും ബൈബിളിൽ മാത്രമേ അതുള്ളുവെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ഭരണഘടനയും പൗരനിയമസംഹിതയും സത്യത്തിന്റെ ഏറ്റവും ഉയർന്ന വെളിപാടും ബൈബിളാണ്.
“ഇക്കാരണത്താൽ കുറ്റമറ്റ വിധത്തിൽ നിയമം അനുസരിക്കുന്ന ആളുകളെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും അറിയപ്പെടുന്നു. പ്രത്യേകിച്ചും നികുതി അടയ്ക്കുന്നതിലുള്ള അവരുടെ നിഷ്കർഷ ലോകപ്രസിദ്ധമാണ്. നികുതി പരിശോധനാ ഉദ്യോഗസ്ഥർ പതിവായി പരിശോധിക്കുകയും യാതൊരു തരത്തിലുള്ള ലംഘനങ്ങളും കാണാത്തതിൽ ഓരോ തവണയും അതിശയിക്കുകയും ചെയ്യുന്നു. തീർച്ചയായും, മറ്റനേകരെയുംപോലെ യഹോവയുടെ സാക്ഷികൾക്കും നികുതി അടയ്ക്കാതിരിക്കുന്നതിനുള്ള എന്തെങ്കിലും കാരണം കണ്ടുപിടിക്കാൻ കഴിയും. എന്നാൽ ഒരുവൻ നികുതി അടയ്ക്കുന്നതിൽ സത്യസന്ധനായിരിക്കണമെന്നു ബൈബിൾ പറയുന്നു. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ഇതാണ് അവസാന വാക്ക്.
“എങ്കിലും, ബൈബിളിന്റെ കാര്യത്തിലെ അവരുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം പലപ്പോഴും യഹോവയുടെ സാക്ഷികളും ഗവൺമെൻറും തമ്മിലുള്ള ചില ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങളിലെ അവരുടെ തികഞ്ഞ നിഷ്പക്ഷത ഒരു മുഖ്യ വിവാദവിഷയമാണ്. അവർ സൈനികസേവനത്തിനു വിസമ്മതിക്കുന്നതിനുള്ള കാരണവും അതുതന്നെയാണ്.
“തന്റെ ശിഷ്യന്മാരും രാജ്യവും ഈ ലോകത്തിന്റെ ഭാഗമല്ലെന്നുള്ള യേശുവിന്റെ വാക്കുകളെ യഹോവയുടെ സാക്ഷികൾ അക്ഷരാർഥത്തിൽ എടുക്കുന്നു. ഇക്കാരണത്താൽ അവർ രാഷ്ട്രീയത്തിലും യുദ്ധത്തിലും—പടപൊരുതുന്നത് എവിടെയാണെങ്കിലും എന്തിനു വേണ്ടിയാണെങ്കിലും ശരി—പങ്കെടുക്കാൻ വിസമ്മതിക്കുന്നു. യഹോവയുടെ സാക്ഷികൾ ‘ഹെയ്ൽ ഹിറ്റ്ലർ’ എന്ന് ആർത്തുവിളിക്കാനും ഹിറ്റ്ലറുടെ സൈന്യത്തിൽ സേവിക്കാനും വിസമ്മതിച്ചതുകൊണ്ട് അവരിൽ ആയിരക്കണക്കിനു പേരെ നാസി തടങ്കൽപ്പാളയങ്ങളിലേക്കയച്ചു, ആയിരങ്ങൾ മരണമടയുകയും ചെയ്തു. സോവിയറ്റ് യൂണിയനെതിരെയുള്ള ആക്രമണത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതു നിമിത്തം ജീവനൊടുക്കേണ്ടിവന്ന ജർമനിയിലെ ഓരോ യഹോവയുടെ സാക്ഷിയെയും ഉയർന്ന സാൻമാർഗിക പ്രവർത്തനം കാഴ്ചവെച്ച ഒരു വ്യക്തിയായിട്ടാണ് റഷ്യക്കാർ കാണുന്നത്. എന്നാൽ അതേസമയം, ആയുധങ്ങളെടുക്കുന്നതിനും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്നതിനും വിസമ്മതിച്ചതു നിമിത്തം വധിക്കപ്പെടുകയോ സമാധാനകാലത്ത് സൈന്യത്തിൽ സേവിക്കാഞ്ഞതിന് കുറ്റംവിധിക്കപ്പെടുകയോ ചെയ്ത [റഷ്യയിലെ] യഹോവയുടെ സാക്ഷികളോട് അനേകം റഷ്യക്കാർക്കും അനുകമ്പ തോന്നുന്നില്ല. എന്നാൽ ഈ രണ്ടു സന്ദർഭങ്ങളിലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ മതവിശ്വാസങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയായിരുന്നു, രാഷ്ട്രീയ ബോധ്യങ്ങൾക്കനുസൃതമായല്ല.
“സമാനമായ ഒരു പ്രശ്നം കുറച്ചുനാൾ മുമ്പ് ജപ്പാനിലും ഉണ്ടായി. അവിടെ യഹോവയുടെ സാക്ഷികളായ ചില വിദ്യാർഥികൾ ആയോധന കല അഭ്യസിക്കാൻ വിസമ്മതിച്ചതിന്റെ ഫലമായി സർവകലാശാലയിൽനിന്നു ബഹിഷ്കരിക്കപ്പെട്ടു. 1996-ൽ ജപ്പാനിലെ സുപ്രീം കോടതി ആ വിദ്യാർഥികളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു വിധി പുറപ്പെടുവിക്കുകയും പകര ക്ലാസ്സുകളിൽ പങ്കെടുക്കാൻ അവർക്ക് അനുമതി നൽകുകയും ചെയ്തു.
◆◊◆
“യഹോവയുടെ സാക്ഷികളെ സംബന്ധിച്ച എന്താണ് ആധുനിക ചിന്തകരെ അത്ഭുതപ്പെടുത്തുന്നത്? എല്ലാറ്റിലുമുപരിയായി അവരെ അത്ഭുതപ്പെടുത്തുന്നത് ലോകാവസാനം സമീപമാണെന്നുള്ള അവരുടെ തുടർച്ചയായ പ്രസംഗമാണ് (അവർ തെരുവുകളിലും വീടുവീടാന്തരവും മിഷനറി വേല ചെയ്യുന്നു). ‘ലോകാവസാനത്തി’നും പാപികൾക്കു വരാൻപോകുന്ന അനർഥത്തിനും വളരെയധികം ഊന്നൽ കൊടുത്തു സംസാരിക്കുന്നതിനുപകരം ‘ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ’ ആസ്വദിക്കുന്നതിനുള്ള അവസരം യഹോവ വാഗ്ദാനം ചെയ്യുന്നുവെന്ന് ശ്രോതാക്കളോട് വിശദീകരിക്കാൻ മൂപ്പൻമാർ അടുത്തകാലത്ത് പ്രസംഗകരെ ഉപദേശിക്കുകയുണ്ടായി.
“നീരസത്തിന്റെ മറ്റൊരു കാരണം മിശ്രവിശ്വാസം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിഷേധാത്മക മനോഭാവവും സഭൈക്യപ്രസ്ഥാനത്തോടുള്ള വിസമ്മതവുമാണ്. ക്രൈസ്തവ ലോകം ദൈവത്തെയും ബൈബിളിനെയും വിട്ടകന്നിരിക്കുന്നുവെന്നും മറ്റെല്ലാ മതങ്ങളും പാടേ തെറ്റാണെന്നും അവർ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ ഈ മതങ്ങളെ ‘വേശ്യയായ ബാബിലോനോ’ട് ഉപമിക്കുന്നു, അതേ അനർഥംതന്നെ അവയ്ക്കും വന്നു പെടുമെന്ന് അവർ വിശ്വസിക്കുന്നു. വ്യത്യസ്ത മതങ്ങളുടെ അന്ത്യം അടുത്തിരിക്കുന്നുവെന്നും നിലനിൽക്കുന്ന ഒരേ ഒരു മതം യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന മതമാണെന്നും അടുത്തകാലത്തെ ഒരു ‘ഉണരുക!’ പ്രസ്താവിക്കുന്നു.
“എങ്കിലും, മനസ്സാക്ഷി സ്വാതന്ത്ര്യത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശത്തെ യഹോവയുടെ സാക്ഷികൾ അംഗീകരിക്കുന്നു.
◆◊◆
“യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ സമൂഹത്തിന് ഒരു ഭീഷണിയാണോ അല്ലയോ എന്നതു സംബന്ധിച്ച് അനേകം രാജ്യങ്ങൾ ഇപ്പോൾത്തന്നെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ സമൂഹത്തിനോ ആളുകളുടെ ആരോഗ്യത്തിനോ വൈകാരികാവസ്ഥയ്ക്കോ ഭീഷണിയാണെന്നുള്ളതിനു യാതൊരു തെളിവുമില്ലെന്ന് ഐക്യനാടുകളിലെ കണെക്റ്റിക്കട്ട് സ്റ്റേറ്റിലെയും (1979) ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെയും (1972) സുപ്രീം കോടതികളും കാനഡയിലെ പ്രോവിൻഷ്യൽ കോർട്ട് ഓഫ് ബ്രിട്ടീഷ് കൊളംബിയയും (1986) മറ്റു കോടതികളും പ്രഖ്യാപിച്ചിരിക്കുന്നു. യൂറോപ്യൻ മനുഷ്യാവകാശ കോടതി (1993) മതസ്വാതന്ത്ര്യത്തിനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശത്തെ അനുകൂലിച്ചു—ഗ്രീസിലും ഓസ്ട്രിയയിലും അവരുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിരുന്നു. യഹോവയുടെ സാക്ഷികൾ ഇന്ന് 25 രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്നുണ്ട് . . .
“ബൈബിൾ സത്യത്തോടുള്ള അർപ്പണ മനോഭാവം നിമിത്തവും തങ്ങളുടെ വിശ്വാസങ്ങൾക്കുവേണ്ടി വളരെ നിസ്വാർഥപൂർവം നിലകൊള്ളാനുള്ള മനസ്സൊരുക്കം നിമിത്തവും യഹോവയുടെ സാക്ഷികളെ മറ്റു പൗരൻമാർക്കു മാതൃകയായി കണക്കാക്കാൻ കഴിയും. എന്നാൽ ചോദ്യമിതാണ്: ജീവിതത്തിന്റെ എല്ലാ തുറകളിലും ഇത്ര കർശനവും വിട്ടുവീഴ്ചവരുത്താത്തതുമായ രീതിയിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്ന സംഘടനകൾക്ക് മനസ്സാക്ഷി സ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പുനൽകാൻ നമ്മുടെ സമൂഹം തയ്യാറാണോ?”
ഈ അവസാന വാചകത്തിൽ ശ്രീ. ഇവ്വാന്യെൻകൊ ഒരു പ്രധാനപ്പെട്ട ചോദ്യമാണ് ഉന്നയിച്ചത്. ഒന്നാം നൂറ്റാണ്ടിൽ, ക്രിസ്തുവിന്റെ പ്രതിനിധിയായി സേവിക്കാൻ ക്രിസ്തുവിനാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ട അപ്പോസ്തലനായ പൗലൊസ് അന്യായമായ ‘ബന്ധനങ്ങൾ’ അനുഭവിച്ചു. അങ്ങനെ, പൗലൊസ് ‘സുവിശേഷത്തെ പ്രതിവാദിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനു’മുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് സഹവിശ്വാസികൾക്കെഴുതി.—ഫിലിപ്പിയർ 1:7; പ്രവൃത്തികൾ 9:3-16.
ശ്രീ. ഇവ്വാന്യെൻകൊ ചെയ്തതുപോലെ തങ്ങളുടെ പ്രവർത്തനങ്ങളെ അടുത്തു പരിശോധിക്കാൻ യഹോവയുടെ സാക്ഷികൾ ഇന്ന് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ആളുകൾ അതു ചെയ്യുന്നപക്ഷം ആദിമ ക്രിസ്ത്യാനികളെക്കുറിച്ചുള്ള പ്രതികൂലമായ റിപ്പോർട്ടുകൾ വാസ്തവമല്ലായിരുന്നതുപോലെതന്നെ സാക്ഷികളെപ്പറ്റിയുള്ള അത്തരം റിപ്പോർട്ടുകളും സത്യമല്ലെന്ന് അവർ കണ്ടെത്തുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം” എന്ന ‘പുതിയ കല്പന’ സാക്ഷികൾ അനുസരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ സംഗതി.—യോഹന്നാൻ 13:34, 35.
[23-ാം പേജിലെ ചതുരം]
എംഎൻ ഫയൽ
(മോസ്കോ ന്യൂസിന്റെ ഫയലുകളിൽനിന്നുള്ള പിൻവരുന്ന വിവരങ്ങൾ സ്യിർഗ്യേ ഇവ്വാന്യെൻകൊയുടെ ലേഖനത്തിന്റെകൂടെ അച്ചടിച്ചു വന്നിരുന്നു.) “റഷ്യയിലെ യഹോവയുടെ സാക്ഷികൾ 233 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതും 54 ലക്ഷം അംഗങ്ങളുള്ളതുമായ ഒരു ലോകവ്യാപക ക്രിസ്തീയ സംഘടനയുടെ ഭാഗമാണ്. യഹോവയുടെ സാക്ഷികൾ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഭരണസംഘത്തിന്റെ ആത്മീയ മാർഗനിർദേശം പിൻപറ്റുന്നു. യഹോവയുടെ സാക്ഷികളുടെ ആധുനിക സംഘടന 1870-ൽ ചാൾസ് റ്റെയ്സ് റസ്സൽ പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ രൂപീകരിച്ച ഒരു ബൈബിൾ പഠന ക്ലാസ്സിൽനിന്നു വികാസംപ്രാപിച്ചു വന്നതാണ്. സംഘടനയുടെ പ്രവർത്തനം റഷ്യയിലേക്കു വ്യാപിച്ചത് 1887-ലാണ്. റഷ്യയിലെ ആദ്യത്തെ യഹോവയുടെ സാക്ഷികളിലൊരാളായ സ്യിമ്യോൻ കസ്ലിറ്റ്സ്കി 1891-ൽ മോസ്കോയിൽനിന്നു സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു. സംഘടന പീഡനത്തിനിരയായിട്ടും 1956-ൽ സോവിയറ്റ് യൂണിയനിൽ 17,000 യഹോവയുടെ സാക്ഷികളുണ്ടായിരുന്നു. ‘മതസ്വാതന്ത്ര്യം സംബന്ധിച്ച’ നിയമം പാസാക്കപ്പെട്ടതിനുശേഷം, 1991 മാർച്ചിലാണ് യഹോവയുടെ സാക്ഷികൾക്ക് റഷ്യയിൽ അംഗീകാരം ലഭിച്ചത്. റഷ്യയിൽ ഇന്ന് 500-ലധികം കൂട്ടങ്ങളിലായി 70,000-ത്തോളം സജീവ അംഗങ്ങളുണ്ട്. സംഘടന ‘വീക്ഷാഗോപുര’ത്തിന്റെയും (125 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു, മുദ്രണം 2 കോടി) ‘ഉണരുക!’യുടെയും (81 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു, മുദ്രണം 1.8 കോടി) പ്രതികൾ വിതരണം ചെയ്യുന്നു.”
[23-ാം പേജിലെ ചിത്രം]
റഷ്യയിലെ ബ്രാഞ്ച് ഓഫീസ് സമുച്ചയത്തിന്റെ ഭാഗം
[24-ാം പേജിലെ ചിത്രം]
റഷ്യയിലെ ബ്രാഞ്ച് കുടുംബം ബൈബിൾ പഠനത്തിനായി കൂടിവരുന്ന രാജ്യഹാൾ
[25-ാം പേജിലെ ചിത്രങ്ങൾ]
സാക്ഷികൾ കുടുംബമൊത്തൊരുമിച്ചിരുന്ന് പഠിക്കുകയും വിനോദം ആസ്വദിക്കുകയും ചെയ്യുന്നു
[26-ാം പേജിലെ ചിത്രങ്ങൾ]
അവർ മറ്റുള്ളവരുമായി ബൈബിൾ പരിജ്ഞാനം പങ്കുവെക്കുന്നു