ഒരു മത മേള
ഇറ്റലിയിലെ ഉണരുക! ലേഖകൻ
ഒരു ആധുനികകാല അത്ഭുതമെന്നു കരുതപ്പെട്ടതിനെക്കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത് 1995 ഫെബ്രുവരിയിലായിരുന്നു: ചിവിറ്റാവെക്യായിൽ കന്യാമറിയത്തിന്റെ ഒരു പ്രതിമ രക്തക്കണ്ണീർ പൊഴിക്കുന്നതായി കാണാനിടയായെന്നു പറയപ്പെടുന്നു. അപ്പോൾമുതൽ, ലോകമെമ്പാടുനിന്നും കത്തോലിക്കർ ഈ പ്രതിമ നേരിട്ടു കാണാനായി തീർഥാടനം നടത്തിയിരിക്കുന്നു.
എന്നുവരികിലും, വർത്തമാനപ്പത്രമായ ലാ റേപ്പൂബ്ലിക്ക പറയുന്നതനുസരിച്ച്, ഈ വിനോദസഞ്ചാര കേന്ദ്രത്തിനു ചുറ്റുമുള്ള ‘മതമേള’ നിമിത്തം നിരവധി കത്തോലിക്കർ രോഷാകുലരാണ്. പ്രതിമയെ വണങ്ങാനായി തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തെക്കുറിച്ച് ചില ദൈവശാസ്ത്രജ്ഞന്മാർ പോലും ആശങ്കാകുലരാണ്. ഉദാഹരണത്തിന്, മിലാനിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ലൂയിജി പിറ്റ്സോളാറ്റോ “വികാരോത്തേജിത” വിശ്വാസത്തിൽ നിർവൃതിയടയുന്നതിനു സഭയെ വിമർശിക്കുന്നു. അത്ഭുതമെന്നു വിളിക്കപ്പെടുന്ന ഇത്തരം സംഗതികളുടെ ഫലങ്ങൾ “അന്ധവിശ്വാസത്താൽ ദുഷിപ്പിക്ക”പ്പെടുന്നുവെന്ന് അദ്ദേഹം കുറിക്കൊള്ളുന്നു. “പുതിയ നിയമത്തിൽ, സ്വന്തം നേട്ടങ്ങൾക്കായി, അതായത് നാമിന്നു പറയുന്നതുപോലെ പണമുണ്ടാക്കാൻ, ശിമോൻ മെഗസ് എന്ന ഒരുവൻ അസാധാരണ ശക്തിയുപയോഗിക്കുന്ന”തായി പറയുന്നുണ്ടെന്ന് മറ്റൊരു ദൈവശാസ്ത്രജ്ഞനായ കാർലോ മൊളാരി നമ്മെ ഓർമിപ്പിക്കുന്നു.—പ്രവൃത്തികൾ 8:9-24.
“വലിയ അടയാളങ്ങളും അത്ഭുതങ്ങളും” കാണിക്കുന്നവരെ സൂക്ഷിച്ചുകൊള്ളാൻ യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പുകൊടുത്തു. (മത്തായി 24:3, 24) അത്തരം അടയാളങ്ങൾ ആധികാരികമാണെന്നു തോന്നിയാൽപോലും ഒരു ക്രിസ്ത്യാനിയുടെ വിശ്വാസം അത്ഭുതങ്ങളെന്നു കരുതപ്പെടുന്നവയിൽ അധിഷ്ഠിതമായിരിക്കാവുന്നതല്ല. (എബ്രായർ 11:1, 6) മറിച്ച്, ദൈവവചനത്തിൽനിന്നുള്ള യഥാർഥ പരിജ്ഞാനം നേടുന്നതിലൂടെയും അതിലെ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിലൂടെയുമാണ് ഈടുറ്റ വിശ്വാസം സമ്പാദിക്കാനാകുന്നത്. (യോഹന്നാൻ 17:3; റോമർ 10:10, 17; 2 തിമൊഥെയൊസ് 3:16, 17) അത്തരം വിശ്വാസമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? യഹോവയുടെ സാക്ഷികൾ അടുത്ത പ്രാവശ്യം സന്ദർശിക്കുമ്പോൾ നിങ്ങളെ സഹായിക്കാൻ അവരെ അനുവദിക്കരുതോ?
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
AGF/La Verde