ലോകത്തെ വീക്ഷിക്കൽ
ഗുഹ്യ പുഴുക്കടി പെരുകുന്നു
‘എയ്ഡ്സ് തടയാനായി സുരക്ഷിത ലൈംഗികതയ്ക്ക് ഊന്നൽകൊടുക്കുന്നുണ്ടെങ്കിലും 1970-കളുടെ അവസാനം മുതൽ ഐക്യനാടുകളിൽ വെള്ളക്കാരായ യുവജനങ്ങൾക്കിടയിൽ ഗുഹ്യ പുഴുക്കടി അഞ്ചുമടങ്ങ് വർധിച്ചിരിക്കുന്നു’ എന്ന് ഒരു അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. എന്നാൽ, ഇതേ കാലയളവിൽ ഗൊണോറിയ പോലുള്ള രതിജരോഗങ്ങൾ കുറഞ്ഞതായും ശ്രദ്ധിക്കപ്പെട്ടു. പുഴുക്കടി രോഗം വർധിക്കുന്നതെന്തുകൊണ്ട്? വിവാഹപൂർവ ലൈംഗികതയിലുള്ള വർധനവും ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളതും കാരണങ്ങളിൽപ്പെടുന്നു. 4.5 കോടിയിലധികം അമേരിക്കക്കാർ പുഴുക്കടി വൈറസ് ബാധിതരാണെന്നും എന്നാൽ അവരിൽ മിക്കവർക്കും അതറിയില്ലെന്നും ഇപ്പോൾ കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ വൈറസ് ഗുഹ്യഭാഗത്തും ചിലപ്പോൾ പൃഷ്ഠത്തിലും തുടയിലുമൊക്കെ ഇടയ്ക്കിടെ വൃണങ്ങളോ ചൊറിച്ചിലോ ഉണ്ടാക്കുന്നു.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അംഗസംഖ്യ കുറയുന്നു
ഓരോ ഞായറാഴ്ചയും പത്തുലക്ഷം ആളുകൾ പള്ളിയിൽ ഹാജരാകുന്നുവെന്നാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കിലുള്ളതിലും 25 ശതമാനം കുറവ് ആളുകളേ പള്ളിയിൽ പോകുന്നുള്ളുവെന്ന് ചില മുതിർന്ന പുരോഹിതന്മാർ സ്വകാര്യമായി സമ്മതിക്കുന്നു. എന്നിരുന്നാലും, കുർബാന കൈക്കൊള്ളുന്നവരുടെ എണ്ണം അഞ്ചുലക്ഷത്തിലും കുറഞ്ഞിരിക്കുന്നെന്ന് ഒരു സർവേ പ്രകടമാക്കുന്നു. ഇത്രയും കുറയുന്നത് ആദ്യമാണ്. ഹാജരാകുന്നവരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ പുരോഹിതന്മാർ ശ്രമിക്കുന്നതെന്തുകൊണ്ടാണ്? അടിസ്ഥാനപരമായി പറഞ്ഞാൽ, തങ്ങളുടെ പള്ളികൾ അടച്ചുപൂട്ടുന്നതു തടയാൻ. അങ്ങനെ സംഭവിക്കുന്നപക്ഷം, ഇടവകകൾ ഒന്നിപ്പിക്കും. പിന്നെ കുറച്ചു പുരോഹിതന്മാരുടെ ആവശ്യമേയുള്ളൂ. പിൻവരുന്നപ്രകാരം പറയാൻമാത്രം ഒരു ഇടവക പുരോഹിതൻ സത്യസന്ധനായിരുന്നു: “ഹാജർ പെരുപ്പിച്ചു പറയാനാണ് എന്റെ ചായ്വ്. കുറച്ചാളുകൾ മാത്രം പങ്കുപറ്റുന്നതു നിരുത്സാഹജനകമാണ്. അതുകൊണ്ട് കൂടുതൽ ആളുകൾ ഹാജരായതായി രേഖപ്പെടുത്തുമ്പോൾ എനിക്കു സ്വയം പ്രോത്സാഹനം ലഭിക്കുന്നു,” ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ഭാര്യയുടെ പുകവലിക്കെതിരെ ഭർത്താവ് നീതിതേടുന്നു
പുകവലി നിർത്താൻ റിച്ചാർഡ് തോമസ് 20-ലേറെ വർഷം ഭാര്യയോട് അഭ്യർഥിക്കുകയും അവളുമായി ന്യായവാദം നടത്തുകയും ചെയ്തു. എന്നാൽ ഒരു ഫലവുമുണ്ടായില്ല. അതുകൊണ്ട് അദ്ദേഹം കേസുകൊടുത്തു. തന്റെ പ്രേമഭാജനത്തിന്റെ സ്നേഹവും പിന്തുണയും ചങ്ങാത്തവും നഷ്ടപ്പെടുന്നതിൽനിന്ന് ഗവൺമെൻറ് തന്നെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നതായി ശ്രീമാൻ തോമസ് പ്രസ്താവിച്ചു. ഹൃദ്രോഗംനിമിത്തം അദ്ദേഹത്തിനു തന്റെ അമ്മയെ നഷ്ടപ്പെട്ടു, തുടർന്ന് അദ്ദേഹത്തിന്റെ അച്ഛന് മസ്തിഷ്കാഘാതം നേരിടുകയും ഏഴുവർഷം ശയ്യാവലംബിയായി കഴിഞ്ഞുകൂടേണ്ടിവരുകയും ചെയ്തു. ഇവർ രണ്ടുപേരും അമിത പുകവലിക്കാരായിരുന്നു. തന്റെ ഭാര്യ നിക്കോട്ടിൻ ആസക്തിക്ക് അടിമയാകാൻ താനാഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, കോടതി വിലക്കു പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ ശ്രീമാൻ തോമസ് ഒരു ശുഭവാർത്തയുമായി കോടതിയിൽ മടങ്ങിയെത്തി. “ഭാര്യ പുകവലി നിർത്താമെന്നു സമ്മതിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. ആസക്തർക്കുള്ള ഒരു ചികിത്സാലയത്തിൽ പ്രവേശിച്ച ശ്രീമതി തോമസ്, സിഗരറ്റിനോടു താൻ എന്നെന്നേക്കുമായി വിടപറയുമെന്നു ദൃഢനിശ്ചയം ചെയ്തു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, പരസ്പരം കൈകോർത്തായിരുന്നു തോമസ് ദമ്പതികൾ കോടതി വിട്ടത്.
ഓസ്ട്രേലിയൻ കാട്ടൊട്ടകങ്ങൾ
പരുക്കൻ ഗ്രാമപ്രദേശങ്ങളിലൂടെ ടെലഗ്രാഫ് ലൈനും റെയിൽപ്പാതയും നിർമിക്കുന്നതിനുവേണ്ടി അനേകവർഷം മുമ്പ് ഒട്ടകങ്ങളെ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തു. കഠിനാധ്വാനികളായ ഈ മൃഗങ്ങളുടെ സ്ഥാനം ട്രക്കുകൾ കൈയടക്കിയപ്പോൾ അഫ്ഗാൻകാരായ മിക്ക യജമാനൻമാരും അവയെ കശാപ്പുചെയ്യുന്നതിനു പകരം വനത്തിലേക്കു വിടുകയാണുണ്ടായത്. മധ്യ ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥയിൽ അവ പെറ്റുപെരുകി. ഇന്നവിടെ 2,00,000-ത്തോളം ഒട്ടകങ്ങളുണ്ട്. ഈ ഒട്ടകങ്ങൾ വിലയേറിയ ഒരു ദേശീയ മുതൽക്കൂട്ടായിത്തീർന്നേക്കുമെന്ന് ഇപ്പോൾ ചിലയാളുകൾ കരുതുന്നതായി ദി ഓസ്ട്രേലിയൻ എന്ന വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. ഒട്ടകയിറച്ചി പരീക്ഷണാർഥം വിപണികളിൽ എത്തിക്കഴിഞ്ഞു. അത് കാളയിറച്ചിപോലെ കടികൊള്ളുന്നതും കൊഴുപ്പു കുറവുള്ളതുമാണെന്നു പറയപ്പെടുന്നു. ഒട്ടകത്തിൽ നിന്നുള്ള മറ്റുത്പന്നങ്ങളിൽ തൊലി, പാൽ, രോമം, സോപ്പിലും സൗന്ദര്യവർധക വസ്തുക്കളിലും ഉപയോഗിക്കുന്ന കൊഴുപ്പ് എന്നിവ ഉൾപ്പെടുന്നു. ജീവനുള്ള ഒട്ടകങ്ങൾക്കും നല്ല ഡിമാന്റാണ്. മധ്യ ഓസ്ട്രേലിയൻ ഒട്ടകവ്യവസായത്തിന്റെ ചുമതല വഹിക്കുന്ന പീറ്റർ സൈഡെൽ പറയുന്നതനുസരിച്ച്, “നിരവധി അന്തർദേശീയ മൃഗശാലകൾക്കും വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കും ഓസ്ട്രേലിയൻ ഒട്ടകങ്ങളെ ആവശ്യമുണ്ട്. കാരണം ഇവിടെയുള്ളത് രോഗാണുവിമുക്ത ഒട്ടകങ്ങളാണ്.”
ആഴ്സെനിക് വിഷബാധ
“ഏകദേശം 1.5 കോടി ബംഗ്ലാദേശുകാരും കൽക്കട്ടക്കാരുൾപ്പെടെ പശ്ചിമ ബംഗാളികളായ 3 കോടി ആളുകളും ആഴ്സെനിക് വിഷബാധയെ നേരിടു”ന്നെന്നു ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. ഹരിതവിപ്ലവത്തിന്റെ അപ്രതീക്ഷിതമായ ഒരു ഉപഫലമാണ് പ്രശ്നം. കൃഷിക്കുള്ള ജലസേചനാർഥം ആഴമുള്ള കിണറുകൾ കുഴിച്ചപ്പോൾ, ഭൂമിയിൽ പ്രകൃത്യായുള്ള ആഴ്സെനിക് വെള്ളത്തോടൊപ്പം ഭൗമോപരിതലത്തിലെത്തി. ഒടുവിലത് കുടിക്കാൻ വെള്ളംകോരുന്ന കിണറുകളിലേക്ക് അരിച്ചിറങ്ങി. യു.എസ്.എ.-യിലെ കൊളെറാഡോ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതിവിദഗ്ധനായ വില്ലാർഡ് ചാപ്പെൽ അടുത്തകാലത്ത് ദുരന്തബാധിത മേഖലകൾ സന്ദർശിച്ച്, ഈ പ്രശ്നത്തെ “ലോകത്തിലെ ഏറ്റവും വലിയ വിഷബാധാ കേസ്” എന്നു വർണിച്ചു. ആഴ്സെനിക് വിഷബാധയുടെ ലക്ഷണങ്ങളിലൊന്നായ തൊലി വിണ്ടുകീറൽ നിമിത്തം 2,00,000-ത്തിലേറെ ആളുകൾ ഇതിനോടകം ദുരിതമനുഭവിക്കുന്നു. “നാം (ഹരിതവിപ്ലവത്തിലൂടെ) പട്ടിണി മാറ്റി കുറേക്കൂടി കടുത്ത ദുരിതം വിളിച്ചുവരുത്തിയതുപോലുണ്ട്” എന്ന് ബംഗ്ലാദേശുകാരനായ ഈഷാക്ക് അലി എന്ന ഗവൺമെന്റുദ്യോഗസ്ഥൻ പ്രസ്താവിക്കുന്നു.
തൊഴിലാളികളായ അമ്മമാർ
“1990-കളുടെ പകുതിയാകുമ്പോഴേക്കും, സ്കൂൾപ്രായമാകാത്ത കുട്ടികളുള്ള [അമേരിക്കക്കാരായ] 65% സ്ത്രീകളും സ്കൂൾപ്രായമായ കുട്ടികളുള്ള 77% സ്ത്രീകളും തൊഴിലിനു യോഗ്യരായവരുടെ നിര”യിലേക്കു വരുമെന്നു വനിതാ തൊഴിലാളികളുടെ ദേശീയ സംഘടന 1991-ൽ കണക്കാക്കി. അവരുടെ പ്രവചനം എത്രകണ്ടു കൃത്യമായിരുന്നു? യു.എസ്. സെൻസസ് ബ്യൂറോ പറയുന്നതനുസരിച്ച് 1996-ൽ, അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാരിൽ 63 ശതമാനവും തൊഴിലാളികളായിരുന്നുവെന്ന് ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. സ്കൂൾപ്രായമായ കുട്ടികളുള്ള സ്ത്രീകളിൽ 78 ശതമാനവും തൊഴിലാളികളായിരുന്നു. എന്നാൽ യൂറോപ്പിലോ? യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സമാഹരിച്ച വിവരങ്ങളനുസരിച്ച് 1995-ൽ, യൂറോപ്യൻ രാജ്യങ്ങളിൽ “5 മുതൽ 16 വരെ വയസ്സ് പ്രായമുള്ള കുട്ടികളുള്ള ജോലിക്കാരായ സ്ത്രീകളുടെ അനുപാതം” പിൻവരുന്നതായിരുന്നു: പോർട്ടുഗൽ 69 ശതമാനം, ഓസ്ട്രിയ 67, ഫ്രാൻസ് 63, ഫിൻലൻഡ് 63, ബെൽജിയം 62, ബ്രിട്ടൻ 59, ജർമനി 57, നെതർലൻഡ്സ് 51, ഗ്രീസ് 47, ലക്സംബർഗ് 45, ഇറ്റലി 43, അയർലൻഡ് 39, സ്പെയിൻ 36.
പാപ്പരത്വം സർവസാധാരണമാകുന്നു
1996-ൽ “12 ലക്ഷം അമേരിക്കക്കാരെ ഔദ്യോഗികമായി പാപ്പരായി പ്രഖ്യാപിച്ചത് ഒരു റെക്കോർഡായിരുന്നു. 1994-നെക്കാൾ 44 ശതമാനം വർധനവ്,” ന്യൂസ്വീക്ക് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “പാപ്പരാകുന്നതിൽ നാണക്കേടൊന്നും തോന്നാത്തവണ്ണം അത് അത്ര സർവസാധാരണമായിരിക്കുന്നു.” പാപ്പരാകുന്നവരുടെ എണ്ണം വർധിക്കാൻ എന്താണു കാരണം? “കേവലം മറ്റൊരു ജീവിതശൈലി തിരഞ്ഞെടുക്കുന്നതുപോലെ പാപ്പരത്ത്വത്തിന്റെ സ്വീകാര്യതയിലുള്ള വർധനവ്” ആണ് ഒരു കാരണമെന്നു ന്യൂസ്വീക്ക് പറയുന്നു. “പാപ്പരത്ത്വത്തോടുള്ള വീക്ഷണത്തിലുണ്ടായ മാറ്റം അത് ദുരുപയോഗം ചെയ്യാനിടയാക്കുന്നെന്നു കടം കൊടുക്കുന്നവർ പറയുന്നു: പാപ്പരാണെന്നു പ്രഖ്യാപിച്ച 45 ശതമാനം ആളുകൾക്കും തങ്ങളുടെ കടത്തിലധികവും വീട്ടാനാകുമായിരുന്നെന്ന് ഒരു പഠനം പ്രകടമാക്കുന്നു.” കടം വാങ്ങിയതു വീട്ടാൻ ആഗ്രഹിക്കുന്നതായി പ്രകടിപ്പിക്കുന്നതിനും നാണക്കേടു തോന്നുന്നതിനും പകരം കേവലം ‘എനിക്ക് എല്ലാം ആദ്യംമുതൽ തുടങ്ങേണ്ടിയിരിക്കുന്നു’ എന്നാണ് പലരും പറയുന്നത്. അനേകം വ്യക്തികളും സംഘടനകളും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമായി പാപ്പരത്ത്വത്തെ വീക്ഷിക്കുന്നു. കൂടാതെ “നിങ്ങളുടെ കടബാധ്യത അനായാസം പൊടുന്നനേ പരിഹരിച്ചുകൊള്ളൂ!!” എന്ന അഭിഭാഷകരുടെ പരസ്യങ്ങളും അവരെ സ്വാധീനിക്കുന്നു. സമ്പദ്വ്യവസ്ഥ തഴച്ചുവളരുമ്പോൾത്തന്നെ പാപ്പരാകുന്നവരുടെ എണ്ണം വർധിക്കുകയാണെങ്കിൽ, ഓഹരിവിപണിയൊന്നു തകരുകയോ സാമ്പത്തിക മാന്ദ്യം നേരിടുകയോ ചെയ്താൽ എന്തായിരിക്കും സ്ഥിതി എന്നതു സംബന്ധിച്ച് വിദഗ്ധർ ആശങ്കാകുലരാണ്.
വിനാശകരമായ മത്സ്യബന്ധന രീതികൾ
വാണിജ്യ മത്സ്യബന്ധനക്കപ്പലുകൾ, മുമ്പെന്നത്തേക്കാളും കുറഞ്ഞുകൊണ്ടിരിക്കുന്ന മത്സ്യങ്ങളെ പിടിക്കാനായി സമുദ്രത്തിന്റെ അടിത്തട്ട് അരിച്ചുപെറുക്കാനുള്ള ഉപകരണങ്ങൾക്കായി പണം മുടക്കുകയാണ്. മുമ്പു പിടിക്കാതെ വിട്ടിരുന്ന കടൽത്തറയിലുള്ള മത്സ്യങ്ങളെ പിടിക്കാൻ സാധിക്കുന്ന മൊബൈൽ ഗിയർ എന്നറിയപ്പെടുന്ന ഉപകരണം 1,200 മീറ്റർ ആഴത്തിൽ കിടക്കുന്ന കടൽത്തറപോലും തൂത്തുവാരാൻ ഉപയോഗിക്കുന്നു. ധാരാളം “പ്രാണികൾ, സ്പഞ്ചുകൾ, കാക്കച്ചുവടികൾ, ഹൈഡ്രോസോണുകൾ, കടൽച്ചൊറികൾ, മറ്റനേകം സമുദ്രജീവികൾ” എന്നിവയെ പിടികൂടി “ഉച്ഛിഷ്ടമെന്നപോലെ എറിഞ്ഞുകളയു”ന്നതാണ് ഈ രീതിയുടെ ദൂഷ്യവശമെന്ന് സയൻസ് ന്യൂസ് റിപ്പോർട്ടുചെയ്യുന്നു. ഇവയെ നശിപ്പിക്കുന്നത് മത്സ്യമില്ലായ്മയുടെ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. ഈ ജീവികൾ ചെറിയ മീനുകൾക്കു ഭക്ഷണവും സങ്കേതവും പ്രദാനം ചെയ്യുന്നതിനാൽ ഈ രീതിയിലുള്ള മത്സ്യബന്ധനത്തിലൂടെ സമുദ്ര ആവാസവ്യവസ്ഥ തകർക്കുന്നതിനെ “ഒരു പ്രദേശത്തെ സമ്പൂർണ വനനശീകരണ”ത്തോടു താരതമ്യപ്പെടുത്താനാകുമെന്ന് യു.എസ്.എ.-യിലെ വാഷിങ്ടണിലുള്ള റെഡ്മൊണ്ട് മറൈൻ കൺസർവേഷൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ എല്യട്ട് നോഴ്സ് പ്രസ്താവിക്കുന്നു.
ബ്രിട്ടനിലെ കൗമാരപ്രായക്കാരുടെ ധാർമികത
കൗമാരപ്രായക്കാരിൽ ലൈംഗിക ധാർമികത ഉൾനടുന്നതിൽ ബ്രിട്ടനിലെ മതസ്ഥാപനങ്ങൾ അമ്പേ പരാജയപ്പെട്ടിരിക്കുന്നെന്ന് ഒരു സമീപകാല റിപ്പോർട്ടു പ്രകടമാക്കുന്നു. “ദീർഘകാല ബന്ധമുള്ള അവിവാഹിത ജോഡികൾ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ധാർമികമായി തെറ്റാണോ” എന്നു ലണ്ടൻ യൂണിവേഴ്സിറ്റി 3,000 കൗമാരപ്രായക്കാരോടു ചോദിച്ചു. പ്രതീക്ഷിച്ചതുപോലെ, തങ്ങൾ നിരീശ്വരവാദികളോ അജ്ഞേയവാദികളോ ആണെന്ന് അവകാശപ്പെട്ട എല്ലാ യുവജനങ്ങളുംതന്നെ അതു തെറ്റല്ല എന്നു പറഞ്ഞു. എന്നാൽ, റോമൻ കത്തോലിക്കരായ 85.4 ശതമാനവും ആംഗ്ലിക്കൻ സഭക്കാരായ 80 ശതമാനവും അതു തെറ്റല്ല എന്നു പറയുകയുണ്ടായി. മറ്റു മതക്കാരുടെ കാര്യത്തിലും സംഗതി ഇങ്ങനെതന്നെയായിരുന്നു. ഒറ്റ ഗ്രൂപ്പായി കണക്കാക്കിയ ഇവയിൽ മുസ്ലീങ്ങളും യഹൂദന്മാരും ഹിന്ദുക്കളും മറ്റു മതക്കാരും ഉൾപ്പെട്ടിരുന്നു. ‘ലൈംഗിക ധാർമികതയുടെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പള്ളിക്കാരെ സംബന്ധിച്ചിടത്തോളം ഈ സർവേ നിരുത്സാഹജനകമായിരിക്കു’മെന്ന് ലണ്ടനിലെ ദ ടൈംസ് അഭിപ്രായപ്പെടുന്നു.