ലോകത്തെ വീക്ഷിക്കൽ
ബ്രഹ്മചര്യം—എന്തിനു വേണ്ടി?
“കത്തോലിക്കാ സഭയിലെ ബ്രഹ്മചര്യത്തെ ചൊല്ലി നടക്കുന്ന കോലാഹങ്ങളാണ് ഇന്ന് പൗരോഹിത്യം അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിൽ ഒന്ന്” എന്നു വേഴാ മാസിക പറയുന്നു. “1970-ൽ, വിവാഹിതരാകുന്നതിനു വേണ്ടി 10,000 പുരോഹിതന്മാർ തങ്ങളുടെ പുരോഹിതപട്ടം ഉപേക്ഷിച്ചതായി രേഖകൾ കാണിക്കുന്നു. ഇന്ന് ആ സംഖ്യ 12 മടങ്ങ്, അതായത് 1,20,000 ആയി വർധിച്ചിരിക്കുന്നു. ബ്രസീലിലാണെങ്കിൽ, ഇതേ കാലയളവിൽ ബ്രഹ്മചര്യം വെടിഞ്ഞ പുരോഹിതന്മാരുടെ എണ്ണം 20 ഇരട്ടിയായി തീർന്നിരിക്കുന്നു.” ബ്രഹ്മചര്യ നിഷ്ഠ ശരിയാണെന്നു സ്ഥാപിക്കാൻ റോമൻ കത്തോലിക്കാ സഭയുടെ നേതാക്കന്മാർ നൽകുന്ന ന്യായം, “ദൈവത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കാ”നും തന്റെ ജോലിയിൽ മുഴുകാനും അതു പുരോഹിതനെ സഹായിക്കും എന്നതാണ്. എന്നാൽ, അവരുടെ വാദങ്ങൾക്കു തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ല. വേഴാ തുടരുന്നു: “ബ്രഹ്മചര്യം നിലനിന്നുപോരുന്നതിന്റെ യഥാർഥ കാരണം പക്ഷേ, ഇതൊന്നുമല്ല. ഇങ്ങനെയൊരു ആശയം പൊന്തിവന്നത് മധ്യകാലഘട്ടത്തിലാണ്. സഭയുടെ വകയായ ഭൂമിയും മറ്റു സ്വത്തുക്കളും പിൻതുടർച്ചാവകാശികൾക്ക് ആയിപ്പോകാതിരിക്കുന്നതിനും അങ്ങനെ സഭയുടെ ഭൗതിക സമ്പത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.”
ട്രോളിങ് മൂലമുള്ള കൂട്ടക്കുരുതി
“ഓരോ വർഷവും, കാനഡയെക്കാൾ വിസ്തൃതിയിൽ ലോകത്തിലെ കടൽത്തട്ട് ട്രോളിങ്ങിനു വിധേയമാകുന്നുണ്ടെന്ന്” ദ ഗ്ലോബ് ആൻഡ് മെയിലിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നു. “ട്രോളിങ്ങും ഡ്രെഡ്ജിങ്ങും നടത്തുന്നതിനിടയിൽ ഭാരിച്ച വലകൾ കടൽത്തട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നു. ഇതുമൂലം, സമുദ്ര ഭക്ഷ്യശൃംഖല നിലനിർത്തുന്നതിന് അനിവാര്യമായ മത്സ്യങ്ങളും കടൽത്തട്ടിൽ കഴിയുന്ന മറ്റു ജീവികളും ഒരുപോലെ ചത്തൊടുങ്ങുന്നു. മുക്കുവർക്ക് ആവശ്യമില്ലാത്ത അനേകം ഇനങ്ങളും വലകളിൽ കുരുങ്ങി ചത്തുപോകാറുണ്ട്.” ട്രോളിങ് നടത്തുമ്പോൾ കിട്ടുന്ന “ഓരോ ചെമ്മീനിനും ആനുപാതികമായി പത്തോ അതിലധികമോ ചെറിയ ടർബോട്ട് മത്സ്യങ്ങളോ കോഡ് മത്സ്യക്കുഞ്ഞുങ്ങളോ വലയിൽ കുരുങ്ങി ചത്തുപോകുന്നുണ്ട്” എന്ന് ഗവേഷകർ കണക്കാക്കുന്നു. കടൽത്തട്ടിൽ ട്രോളിങ് നടന്ന ഭാഗത്ത് സ്പഞ്ചുകൾ, കക്കകൾ, കവചജീവികൾ എന്നിവയെല്ലാം ഏതാണ്ട് അപ്രത്യക്ഷമായതായി റിപ്പോർട്ടു പറയുന്നു. മേൻ സർവകലാശാലയിലെ സമുദ്രവിജ്ഞാനശാസ്ത്ര പ്രൊഫസറായ ലെസ് വാറ്റ്ലിങ് ഇങ്ങനെ വിശദീകരിക്കുന്നു: “ഈ മത്സ്യബന്ധന രീതികൾ സമുദ്രജീവികൾക്ക് അങ്ങേയറ്റം ദ്രോഹകരമാണ് എന്നു മനസ്സിലാക്കാൻ ഒരാൾ സമുദ്ര ജീവശാസ്ത്രജ്ഞൻ ആകേണ്ട കാര്യമൊന്നുമില്ല. മനുഷ്യൻ സമുദ്രത്തോടു കാട്ടിയിട്ടുള്ളതിലേക്കും ഏറ്റവും ക്രൂരമായ ഒരു നടപടിയാണിത്.” കരയിൽ നടക്കുന്ന സമ്പൂർണ വനനശീകരണത്തോട് ഇതിനെ താരതമ്യപ്പെടുത്തുന്ന ജീവശാസ്ത്രജ്ഞർ ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യം, സമുദ്രത്തിന്റെ ചില ഭാഗങ്ങൾ സംവരണമേഖലകളായി വേർതിരിക്കണം എന്നാണ്.
കളിപ്പാട്ടങ്ങളിൽ രാസവസ്തുക്കൾ
“കുട്ടികളുടെ കളിപ്പാട്ടങ്ങളെ മാർദവപ്പെടുത്തുന്നതിനു സാധാരണമായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കൾ മുമ്പു കരുതിപ്പോന്നതിനെക്കാളും ഏതാണ്ട് 20 മടങ്ങ് അപകടകാരിയാണ്” എന്നു ലണ്ടനിലെ ഒരു വർത്തമാനപത്രമായ ദി ഇൻഡിപെന്റന്റ് റിപ്പോർട്ടു ചെയ്യുന്നു. നെതർലൻഡ്സിൽ നടന്ന ഗവേഷണങ്ങൾ തെളിയിക്കുന്നത്, കൊച്ചുകുട്ടികൾ കടിച്ചു ചവയ്ക്കാറുള്ള കളിപ്പാട്ടങ്ങളിൽ താലേറ്റുകളുടെ—പോളി വിനെയ്ൽ ക്ലോറൈഡ് പോലുള്ള കടുപ്പമേറിയ പ്ലാസ്റ്റിക്കുകളെ മാർദവപ്പെടുത്താൻ ഉപയോഗിക്കുന്നതാണിത്—അംശമുണ്ട് എന്നാണ്. കുട്ടികൾ ഈ കളിപ്പാട്ടങ്ങൾ കടിച്ചു ചവയ്ക്കുമ്പോൾ ഈ രാസവസ്തുക്കൾ അവരുടെ ഉമിനീരിൽ കലരുന്നു. ഇപ്പോൾ പരക്കെ ഉപയോഗത്തിലുള്ള രണ്ടു താലേറ്റുകൾ കൂടിയ അളവിൽ അകത്തുചെല്ലുന്നത് “വൃക്കയിലും കരളിലും കാൻസർ ബാധിക്കുന്നതിനും വൃഷണങ്ങൾ ചുരുങ്ങിപ്പോകുന്നതിനും ഇടയാക്കിയേക്കാം” എന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു. കൊച്ചുകുട്ടികൾക്കാണ് വിശേഷിച്ചും അപകടസാധ്യത ഉള്ളത്. “[മുതിർന്നവരെ അപേക്ഷിച്ച്] അവരുടെ തൂക്കം തീരെ കുറവായതിനാലും ശരീരം വളർച്ചയുടെ ഘട്ടത്തിൽ ആയതിനാലും കൂടുതൽ സമയം കളിപ്പാട്ടങ്ങളുമായി സമ്പർക്കത്തിൽ ആയിരിക്കുന്നതിനാലും അവർ രാസവസ്തുക്കളോടു താരതമ്യേന കൂടുതൽ സംവേദകത്വം ഉള്ളവരായി തീരുന്നു” എന്നു ലേഖനം പറയുന്നു. യൂറോപ്യൻ കമ്മീഷനു വേണ്ടി ഈ പ്രശ്നത്തെ കുറിച്ചു പഠിക്കുന്ന പ്രൊഫസർ ജയിംസ് ബ്രിഡ്ജസ്, “താണതരം ഡേ കെയർ സെന്ററുകളിലോ ആശുപത്രികളിലോ ആക്കിയിരിക്കുന്ന കുട്ടികളെ” പ്രതി പ്രത്യേകിച്ചും ആശങ്ക പ്രകടിപ്പിച്ചു. കാരണം, “മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഈ കുഞ്ഞുങ്ങൾ സാധാരണ ഗതിയിൽ കളിപ്പാട്ടങ്ങൾ കടിച്ചു ചവച്ചുകൊണ്ടിരിക്കും.” കളിപ്പാട്ടങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് ആറു രാജ്യങ്ങൾ ഇപ്പോൾ തന്നെ വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു. നാലു രാജ്യങ്ങൾ കൂടി അപ്രകാരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഇടയന്മാരില്ലാത്ത ഇടവകകൾ
ഇറ്റലിയിൽ, പല ഇടവകകളിലും—കൃത്യമായി പറഞ്ഞാൽ 3,800—വികാരിമാരെ കിട്ടാനില്ലെന്നു കത്തോലിക്കാ സഭയുടെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. ഇവ കുഗ്രാമങ്ങളിലെയോ ഏതെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലെയോ ഇടവകകൾ അല്ല. “(ആയിരത്തിനും മൂവായിരത്തിനും ഇടയ്ക്ക് ആളുകൾ താമസിക്കുന്ന) ഇടത്തരം പട്ടണങ്ങളിൽ പോലും ഒട്ടുമിക്കപ്പോഴും ‘വികാരിമാർ’ ഇല്ല” എന്നാണ് ലാ റേപ്പൂബ്ലിക്കാ എന്ന ദിനപത്രം പറയുന്നത്. ഈ കുറവു മൂടിവെക്കാൻ ഒരു കൂട്ടം ഇടവകകളുടെ ചുമതല ഏതെങ്കിലും ഒരു വ്യക്തിയെയോ അല്ലെങ്കിൽ ഒരു സംഘം പുരോഹിതന്മാരെയോ ഏൽപ്പിക്കുകയാണു പതിവ്. പത്രം തുടരുന്നു: “ഇങ്ങനെയാകുമ്പോൾ പക്ഷേ, പുരോഹിതനു തന്റെ ഇടവകക്കാരുമായി ദിവസേനയുള്ള, നേരിട്ടുള്ള സമ്പർക്കം നഷ്ടമാകുന്നു, മാത്രമല്ല . . . ഒന്നു ശ്വാസം വിടാൻ പോലും നേരമില്ലാതെ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് ഓടാൻ അവർ നിർബന്ധിതരാകുന്നു.” പ്രശ്നത്തെ നേരിടുന്നതിനു പല മാർഗങ്ങളാണ് അവലംബിക്കുന്നത്. റോം പോലുള്ള വൻ നഗരങ്ങളിൽ വിദേശത്തു നിന്നുള്ള പുരോഹിതന്മാരെ നിയമിച്ചിരിക്കുന്നു. ഇറ്റലിയിൽ, ചുരുങ്ങിയത് രണ്ട് ഇടവകകളുടെ എങ്കിലും ചുമതല ഏൽപ്പിച്ചിരിക്കുന്നത് അൽമായരെയാണ്. വിശുദ്ധബലി അർപ്പിക്കാൻ അധികാരമില്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ തിരുവോസ്തി കൊടുക്കാനും മാമ്മോദീസാ മുക്കാനും ഇവർക്ക് അനുവാദമുണ്ട്.
പാപ്പരത്വം കുതിച്ചുയരുന്നു
“അമേരിക്ക പാപ്പരത്വം എന്ന പ്രതിസന്ധിയെ നേരിടുന്ന”തായി യു.എസ്. സെനറ്റംഗം ചാൾസ് ഗ്രാസ്ലി പറയുന്നു. പാപ്പരത്വം സംബന്ധിച്ച യു.എസ്. നിയമങ്ങൾ ഒരു നൂറ്റാണ്ടു മുമ്പാണു സ്ഥാപിച്ചത്. അതിൽപ്പിന്നെ, ഏതാണ്ട് 2 കോടി അമേരിക്കക്കാരാണ് വ്യക്തികളെന്ന നിലയിൽ പാപ്പരായി തങ്ങളെ പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടു ഹർജി നൽകിയിട്ടുള്ളത്. ഇവരിൽ പകുതിയിലധികം പേരും 1985-നു ശേഷം ഹർജി നൽകിയിട്ടുള്ളവരാണ്. 1998-ന്റെ പകുതിയോടെ, 12 മാസത്തിനകം ലഭിച്ച പാപ്പരത്വ ഹർജികളുടെ എണ്ണം 14.2 ലക്ഷം ആയിരുന്നു. ഇത് ഒരു റെക്കോർഡ് സംഖ്യയാണ്. കുത്തനെയുള്ള ഈ വർധനവിന്റെ കാരണമെന്താണ്? “പാപ്പരായി തീരുമ്പോഴുള്ള നാണക്കേട്” സംബന്ധിച്ച ആളുകളുടെ മനോഭാവത്തിൽ മാറ്റം വന്നതാകാം പാപ്പരത്വ നിരക്കിലെ നാടകീയ വർധനവിന്റെ ഭാഗികമായ കാരണമെന്ന് യു.എസ്. ഫെഡറൽ റിസർവ് ചെയർമാൻ അലൻ ഗ്രീൻസ്പാൻ അഭിപ്രായപ്പെടുന്നു. മറ്റൊന്ന് “ക്രെഡിറ്റ് സംസ്കാരത്തിന്റെ ആവിർഭാവമാണ്” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നു. “കടം കുന്നുകൂടിക്കൊണ്ടിരിക്കുന്ന ജീവിതം ആളുകൾ പരിചയിച്ചിരിക്കുന്ന”തായി അതു കൂട്ടിച്ചേർക്കുന്നു.
ദുർഗന്ധ-വിമുക്ത വസ്ത്രങ്ങളോ?
“ബാക്ടീരിയ-പ്രതിരോധ . . . അല്ലെങ്കിൽ ദുർഗന്ധ-വിമുക്ത തുണിത്തരങ്ങൾ എന്ന പേരിൽ ബാക്ടീരിയയുടെ പ്രവർത്തനത്തെ തടയുന്ന തുണികൾ വിപണിയിലിറക്കേണ്ടതിന്റെ ആവശ്യം കഴിഞ്ഞ രണ്ടു വർഷമായി തുണി വ്യവസായികൾ മനസ്സിലാക്കിയിട്ടു”ള്ളതായി ഫ്രഞ്ച് ദിനപത്രമായ ല മോൺട് പ്രസ്താവിക്കുന്നു. ബാക്ടീരിയയെ പ്രതിരോധിക്കുന്ന തുണിത്തരങ്ങൾക്കു വേണ്ടിയുള്ള ആവശ്യം വർധിച്ചു കൊണ്ടേയിരിക്കുകയാണ്. കിടക്കയുണ്ടാക്കാനാണ് ഇവ മുഖ്യമായും ഉപയോഗിക്കുന്നത് എങ്കിലും, ഇപ്പോൾ സോക്സും അടിവസ്ത്രങ്ങളും ഉണ്ടാക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ബാക്ടീരിയയുടെ പ്രവർത്തനഗതിയെ മാറ്റിമറിക്കുന്ന, ഫിനോളുകളും ഘനലോഹങ്ങളുടെ സംയുക്തങ്ങളും അടങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നതിനോട് എല്ലാവർക്കും അത്ര താത്പര്യമൊന്നുമില്ല. അനേകം ബാക്ടീരിയയും മനുഷ്യനു ഗുണം ചെയ്യുന്നു എന്നതാണ് അതിന്റെ കാരണം. “ചർമത്തിന് അതിന്റെ ധർമങ്ങൾ ശരിയാംവണ്ണം നിർവഹിക്കുന്നതിന് അതിന്റെ എല്ലാ സ്വാഭാവിക അതിഥികളുടെയും സാന്നിധ്യം കൂടിയേ തീരൂ” എന്നു ല മോൺട് കൂട്ടിച്ചേർക്കുന്നു. “ബാക്ടീരിയ-പ്രതിരോധ തുണി നിർമാതാക്കൾ ശരിക്കും ആശയക്കുഴപ്പത്തിലാണ്”—അണുബാധയെ പ്രതിരോധിക്കുന്ന ബാക്ടീരിയയെ നശിപ്പിക്കാതെതന്നെ, ഹാനികരമായ ബാക്ടീരിയയുടെ വളർച്ച എങ്ങനെ നിയന്ത്രിക്കാം എന്ന് ആലോചിച്ചിട്ട് അവർക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.
വെള്ളം—കൂടുതലായ ആശങ്കകൾ
“നമ്മുടെ കുടിവെള്ളത്തിൽ നിറയെ കീടനാശിനികൾ മാത്രമല്ല, മരുന്നുകളും ഉണ്ടെന്നു തോന്നുന്നു,” ന്യൂ സയന്റിസ്റ്റ് പ്രസ്താവിക്കുന്നു. ഇവ വെള്ളത്തിൽ കലരുന്നതു പല രീതിയിലാണ്. ആവശ്യമില്ലാത്ത മരുന്നുകൾ ചിലപ്പോൾ കക്കൂസിലിട്ടു വെള്ളമൊഴിച്ചു കളയുകയാണു ചെയ്യുക. ഇതു കൂടാതെ, മരുന്നുകൾ മൂത്രത്തിലൂടെയും വിസർജിക്കപ്പെടുന്നു. “മനുഷ്യരുടെയും മൃഗങ്ങളുടെയും ഉള്ളിൽ ചെല്ലുന്ന ആന്റിബയോട്ടിക്കുകളുടെ 30 മുതൽ 90 വരെ ശതമാനവും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു” എന്നു റോയൽ ഡാനീഷ് സ്കൂൾ ഓഫ് ഫാർമസിയിലെ ബെന്റ് ഹാലിങ്-സോറെൻസൻ പറയുന്നു. കൃഷിക്കാർ വയലുകളിൽ വളത്തിനൊപ്പം മൃഗമൂത്രവും സ്ഥിരമായി ഉപയോഗിക്കാറുണ്ട്. വിസർജ്യത്തോടൊപ്പം വെളിയിലെത്തുന്ന മരുന്നുകൾക്ക് ചിലപ്പോഴൊക്കെ രാസപരമായി യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടാകില്ല. ഇനി, മനുഷ്യ ശരീരത്തിനുള്ളിൽ വെച്ചു മാറ്റം ഭവിച്ച അവസ്ഥയിലാണെങ്കിൽ, അവ കൂടുതൽ പ്രതിപ്രവർത്തനക്ഷമവും വിഷമയവും ആയിരുന്നേക്കാം. മാത്രമല്ല, മിക്കപ്പോഴും അവ വെള്ളത്തിൽ കൂടുതൽ എളുപ്പത്തിൽ അലിഞ്ഞു ചേരുകയും ചെയ്യും. “സാധാരണഗതിയിൽ വെള്ളത്തിലുണ്ടോ എന്നു ഞങ്ങൾ പരിശോധിക്കാറില്ലാത്ത ചില രാസവസ്തുക്കളിൽ ഒന്നാണ് മരുന്നുകൾ” എന്നു ബ്രിട്ടനിലെ പാരിസ്ഥിതിക ഏജൻസിയിലെ സ്റ്റീവ് കിലീൻ പറയുന്നു.
അമേരിക്കയിൽ തടവുപുള്ളികൾ പെരുകുന്നു
“മറ്റേതൊരു ജനാധിപത്യ രാജ്യത്തും ഉള്ളതിനെക്കാൾ അധികം തടവുകാർ ഇപ്പോൾ അമേരിക്കയിലുണ്ട്. ഇക്കാര്യത്തിൽ അമേരിക്ക, ഏറ്റവും പ്രബലരായിരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ പോലും കടത്തിവെട്ടിയിരിക്കുന്ന”തായി ദി ഇക്കോണമിസ്റ്റ് പ്രസ്താവിക്കുന്നു. “കഴിഞ്ഞ വർഷം, അമേരിക്കയിൽ 150 പേരിൽ ഒരാൾക്കു (കുട്ടികൾ ഉൾപ്പെടെ) വീതം അഴിയെണ്ണേണ്ടതായി വന്നു.” ഈ നിരക്ക് ജപ്പാനിലേതിനെക്കാൾ 20 ഇരട്ടിയും കാനഡയിലേതിനെക്കാൾ 6 ഇരട്ടിയും പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിലേതിനെക്കാൾ 5 മുതൽ 10 വരെ ഇരട്ടിയുമാണ്. ഐക്യനാടുകളിലെ തടവുപുള്ളികളുടെ എണ്ണം 1980-നു ശേഷം നാലിരട്ടിയായിരിക്കുന്നു. ഇപ്പോൾ തടവിൽ കഴിയുന്നവരിൽ 4,00,000-ത്തിലധികം പേരും മയക്കുമരുന്നു സംബന്ധമായ കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. എന്നിട്ടും, 1988-നു ശേഷം മയക്കുമരുന്നു ദുരുപയോഗം ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ഒരു മാറ്റവും ഇല്ല. ദി ഇക്കോണമിസ്റ്റ് ഈ ചോദ്യം ഉയർത്തുന്നു: “കുറ്റകൃത്യത്തിനു തടയിടുന്നതിന് ജയിലുകൾ ഫലപ്രദമായ ഒരു ആയുധം ആണെങ്കിലും അല്ലെങ്കിലും, അമേരിക്ക ഇനിയും എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും?”
അർമഗെദോന്റെ പേരിൽ വാതുവെപ്പ്
ബ്രിട്ടനിൽ ആഴ്ചതോറും “അർമഗെദോനെ ചൊല്ലി വാതുവെക്കുന്ന”വരുടെ എണ്ണത്തിന് ഒരു കയ്യും കണക്കുമില്ല എന്നു ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. 1,001 പേരുടെ ഇടയിൽ നടത്തിയ ഒരു സർവേയിൽ 33 ശതമാനം, ലോകാവസാനം ഒരു ലോകയുദ്ധത്തിന്റെ ഫലമായി വരുമെന്നു വിശ്വസിച്ചു. 26 ശതമാനം പേർ വിശ്വസിച്ചത് ആഗോള തപനത്തിന്റെ ഫലമായാണ് അതു സംഭവിക്കുക എന്നാണ്. ഒരു ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയിൽ എല്ലാം അവസാനിക്കുമെന്നു മറ്റുള്ളവർ കരുതുന്നു. വാസ്തവത്തിൽ, സർവേയിൽ പങ്കെടുത്തവരിൽ 59 ശതമാനവും “ഒരു ദേശീയ ലോട്ടറി അടിക്കുന്നതിനെക്കാൾ തങ്ങൾ ലോകാവസാനം കാണാനാണു കൂടുതൽ സാധ്യത എന്നു വിശ്വസിക്കുന്ന”തായി ദ ഗാർഡിയൻ പറയുന്നു. അർമഗെദോനെ കുറിച്ചുള്ള ഈ ഊഹാപോഹങ്ങൾക്കു കാരണമെന്താണ്? “2,000-ാം ആണ്ടിനെയും അതുമായി ബന്ധപ്പെട്ട വിനാശത്തെയും കുറിച്ചുള്ള ആശയങ്ങൾ” ആളുകളെ “സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്ന”തായി ദിനപത്രം അഭിപ്രായപ്പെടുന്നു.