വലിയ വെള്ളപ്പക്ഷിയുടെ തിരിച്ചുവരവ്
ജപ്പാനിലെ ഉണരുക! ലേഖകൻ
അഴകാർന്ന ആ വെള്ളപ്പക്ഷികളെ തല്ലിക്കൊല്ലാനായി കുറെ ആളുകൾ വടിയുമായി ഇറങ്ങി. ആ പക്ഷികൾ ആൽബട്രോസുകൾ ആയിരുന്നു. ആളുകൾ: ഹാനെമോൻ റ്റാമാഓക്കിയും കൂട്ടരും. സ്ഥലം: ടോക്കിയോയിൽനിന്ന് ഏതാണ്ട് 600 കിലോമീറ്റർ തെക്കോട്ടു മാറി സ്ഥിതിചെയ്യുന്ന റ്റോറിഷിമാ ദ്വീപ്. വർഷം: 1887.
റ്റാമാഓക്കി ഇതിനുവേണ്ടി പദ്ധതിയിടാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. കിടക്കകൾ ഉണ്ടാക്കുന്നതിനുള്ള മാർദവമാർന്ന തൂവലുകൾക്ക് അന്ന് അദ്ദേഹത്തിന്റെ നാട്ടിലും വിദേശത്തും വലിയ കമ്പമായിരുന്നു. റ്റോറിഷിമാ ഒരു വിദൂര ദ്വീപായിരുന്നു. അതിലെ നിവാസികളാകട്ടെ പ്രജനനത്തിനായി പതിവായി അവിടെ എത്തിയിരുന്ന ആയിരക്കണക്കിന് ആൽബട്രോസുകളും. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന കുറിയവാലൻ ആൽബട്രോസ്, പ്രത്യേകിച്ചും റ്റാമാഓക്കിയുടെ ശ്രദ്ധ ആകർഷിച്ചു. ഉത്തരാർധഗോളത്തിലെ ഏറ്റവും വലിയ കടൽപ്പക്ഷി ആയിരുന്നു അത്. ഏതാണ്ട് എട്ടു കിലോഗ്രാം തൂക്കവും രണ്ടര മീറ്ററിലധികം ചിറകുവിരിവുമുള്ള അതിന്റെ കൊഴുത്തുരുണ്ട ശരീരത്തെ പൊതിഞ്ഞ് എത്രയധികം തൂവലുകൾ ഉണ്ടായിരുന്നിരിക്കും എന്ന് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! മാത്രമല്ല, ഇണക്കമുള്ള ആ പക്ഷി അപകടത്തിൽപ്പെട്ടാലും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല.
പക്ഷികളെ കൊല്ലാനും അവയുടെ തൂവൽ പറിക്കാനുമായി റ്റാമാഓക്കി 300 ജോലിക്കാരെ ആ ദ്വീപിലേക്കു കൊണ്ടുവന്നു. അവർ അവിടെ ഒരു ഗ്രാമവും പക്ഷികളെ കൊന്നു കൊണ്ടുപോകുന്നതിനായി ഒരു ചെറിയ റെയിൽവേയും സ്ഥാപിച്ചു. വളരെ ഫലപ്രദമായിരുന്നു അവരുടെ പ്രവർത്തനം. റ്റാമാഓക്കി പെട്ടെന്നുതന്നെ വലിയ പണക്കാരൻ ആയിത്തീർന്നു—50 ലക്ഷത്തോളം പക്ഷികളെ കൊന്നിട്ടാണെന്നു മാത്രം. 1902-ൽ ആ ദ്വീപിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ ആ ഗ്രാമവും അതിലെ മുഴു നിവാസികളും ഒടുങ്ങിയപ്പോൾ ചിലർ അതിനെ “ആൽബട്രോസുകളെ കൊന്നതിനുള്ള ശാപമായി” വീക്ഷിക്കത്തക്കവണ്ണം അത്രമാത്രം വലുതായിരുന്നു അവർ വിതച്ച വിനാശം. എങ്കിലും, പിറ്റേവർഷം പിന്നെയും ആളുകൾ അവിടെയെത്തി, ശേഷിച്ച പക്ഷികളെ തേടി.
ഏതാണ്ട് 1,500 കിലോമീറ്റർ അകലെ കിഴക്കൻ ചൈനാ കടലിൽ തായ്വാനും ഓക്കിനാവയ്ക്കും ഇടയിലുള്ള പാറകൾ നിറഞ്ഞ വിജനമായ ഒരു ദ്വീപസമൂഹത്തിൽ റ്റാറ്റ്സുഷിറോ കോഗാ എന്നയാൾ ആദായകരമായ അതേ ബിസിനസിൽതന്നെ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്നുതന്നെ പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നു റ്റാമാഓക്കിയെപ്പോലെതന്നെ കോഗായും കണ്ടെത്തി. ഒടുവിൽ, 1900-ൽ അയാൾ ദ്വീപു വിട്ടു. എന്നാൽ അപ്പോഴേക്കും അയാൾ പത്തു ലക്ഷത്തോളം ആൽബട്രോസുകളെ വകവരുത്തിയിരുന്നു.
ദുരയുടെ ദാരുണ ഫലം
ആ പക്ഷികളെ തൂത്തടച്ചു കൊന്നത് ദാരുണ ഭവിഷ്യത്തുകളോടു കൂടിയ ഒരു ദുരന്തമായിരുന്നു. ആൽബട്രോസുകളുടെ വിവിധ സ്പീഷീസുകളിൽ മൂന്നെണ്ണം ഉത്തര പസഫിക്കിലാണ്. അവ മുഖ്യമായും കൂടുകൂട്ടുന്നത് റ്റാമാഓക്കിയും കോഗായും കൊള്ളയടിച്ച ദ്വീപുകളിലാണ്. അവയിലൊന്നായ കുറിയവാലൻ ആൽബട്രോസ് (ഡയോമെഡിയ ആൽബട്രസ്) ലോകത്തിൽ മറ്റെവിടെയെങ്കിലും പ്രജനനം നടത്തുന്നതായി ആർക്കും അറിയില്ലായിരുന്നു.
പുറങ്കടലിലെ നാവികർ ആൽബട്രോസുകളെ ഭയാദരവോടെ വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സമുദ്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും പരമ്പരാഗത വിശ്വാസങ്ങളും അതിനെ കാറ്റിന്റെയും മൂടൽമഞ്ഞിന്റെയും മുന്നോടിയായി ചിത്രീകരിക്കുന്നു. എങ്കിലും, ഈ വലിയ വെള്ളപ്പക്ഷിയുടെ അസാധാരണ നീളമുള്ള ചിറകുകൾ, ഏതാനും ദിവസങ്ങൾകൊണ്ട് സമുദ്രം കുറുകെ കടക്കാൻ അതിനെ പ്രാപ്തമാക്കുന്നു എന്നത് ഒരു ഐതിഹ്യമല്ല. അധികസമയത്തും ഇവ ചിറകടിക്കാതെ കാറ്റിനെ വാഹനമാക്കി സഞ്ചരിക്കുകയാണു ചെയ്യുന്നത്. തെന്നിപ്പറക്കാനും ദീർഘകാലം സമുദ്രത്തിൽ കഴിച്ചുകൂട്ടാനുമുള്ള അതിന്റെ പ്രാപ്തി അതുല്യമാണ്.
ആൽബട്രോസ് വായുവിൽ ഉയർന്നു പറക്കുന്നതു കാണാൻ ചന്തമാണെങ്കിലും നിലത്തുകൂടെയുള്ള അതിന്റെ ചലനം മന്ദവും വികൃതവുമാണ്. നീളമുള്ള ചിറകുകളും കൊഴുത്തുരുണ്ട ശരീരവും കാരണം അതിന് നിലത്തുനിന്ന് വേഗത്തിൽ പറന്നുയരാൻ കഴിയില്ല. അതു മനുഷ്യരോട് പേടിയും വളർത്തിയെടുത്തിട്ടില്ലായിരുന്നു. ഇതെല്ലാം നിമിത്തം അതിനെ പിടികൂടാൻ എളുപ്പമായിരുന്നു. അതുകൊണ്ട് ആളുകൾ അതിന് ഗൂണി പക്ഷി, മോളിമോക്ക് എന്നിങ്ങനെയുള്ള ചീത്തപ്പേരുകൾ നൽകി.a
ആൽബട്രോസിനെ കൊന്നാൽ പണം ഉണ്ടാകുമെന്ന ചിന്തയാൽ പ്രേരിതരായ നിരുത്തരവാദികളായ ആളുകൾ അവയെ സന്തോഷത്തോടെ കൊന്നൊടുക്കിക്കൊണ്ടേയിരുന്നു. 1933 ആയപ്പോഴേക്കും റ്റോറിഷിമായിൽ 600 പക്ഷികൾ പോലും ഇല്ലാത്ത സ്ഥിതിയായി എന്ന് ഒരു സർവേ വെളിപ്പെടുത്തി. ഗത്യന്തരമില്ലാതെ, ജാപ്പനീസ് ഗവൺമെൻറ് ആ ദ്വീപിൽ മനുഷ്യർക്ക് പ്രവേശനം നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, നിരോധനം നടപ്പിൽ വരുന്നതിനു മുമ്പ് കഴിയുന്നിടത്തോളം പക്ഷികളെ കൊന്നൊടുക്കുന്നതിനായി തത്ത്വദീക്ഷയില്ലാത്ത മനുഷ്യർ ആ ദ്വീപിലേക്കു പാഞ്ഞു. ഒരു വിദഗ്ധന്റെ അഭിപ്രായപ്രകാരം, 1935 ആയപ്പോഴേക്കും 50 പക്ഷികൾ മാത്രമേ അവിടെ അവശേഷിച്ചുള്ളൂ. ഒടുവിൽ, കുറിയവാലൻ ആൽബട്രോസിന് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കേണ്ടിവന്നു. മനുഷ്യ ദുരയുടെ എന്തൊരു ദാരുണമായ ഫലം! എന്നാൽ വലിയൊരു വിസ്മയം കാത്തിരിപ്പുണ്ടായിരുന്നു.
ആ പക്ഷി തിരിച്ചുവരാൻ തുടങ്ങുന്നു
1951 ജനുവരിയിലെ ഒരു സായാഹ്നം. റ്റോറിഷിമായിലെ പാറകളിലൂടെ കയറിപ്പോകുകയായിരുന്ന ഒരു മനുഷ്യൻ പെട്ടെന്നൊരു ചിലപ്പു കേട്ട് അമ്പരന്നു. നോക്കിയപ്പോൾ കൺമുമ്പിൽ ഒരു ആൽബട്രോസ്! കുറിയവാലൻ ആൽബട്രോസ് എങ്ങനെയോ അതിജീവിച്ച് റ്റോറിഷിമായിൽ വീണ്ടും പ്രജനനം നടത്തുകയായിരുന്നു. എങ്കിലും, ഇത്തവണ ആ പക്ഷികൾ കൂടുകൂട്ടിയത് മനുഷ്യർക്ക് എത്തിപ്പെടുക ഏതാണ്ട് അസാധ്യമായ ചെരിവുകളിലായിരുന്നു. മനുഷ്യരോട് അവയ്ക്ക് മുമ്പില്ലാതിരുന്ന തരം ഭയമുള്ളതായി കാണപ്പെട്ടു. പ്രകൃതി സ്നേഹികൾക്ക് എത്ര സന്തോഷം തോന്നിയിരിക്കണം!
ജാപ്പനീസ് ഗവൺമെൻറ് ദ്രുതഗതിയിൽ പ്രവർത്തനമാരംഭിച്ചു. പക്ഷികൾക്ക് കൂടുകെട്ടാൻ തക്കവണ്ണം മണ്ണിനെ ബലവത്താക്കുന്നതിന് അവർ പാംപസ് പുല്ല് നട്ടുപിടിപ്പിക്കുകയും ആളുകൾ റ്റോറിഷിമായിലേക്കു പോകുന്നത് വിലക്കുകയും ചെയ്തു. ആൽബട്രോസിനെ ഒരു ദേശീയ നിധിയായി പ്രഖ്യാപിച്ചു. ആ പക്ഷി അന്തർദേശീയമായി സംരക്ഷിക്കപ്പെട്ടു.
ജപ്പാനിലെ റ്റോഹോ യൂണിവേഴ്സിറ്റിയിലെ ഹിറോഷി ഹാസെഗാവാ 1976 മുതൽ ആ പക്ഷികളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവയെ നിരീക്ഷിക്കുന്നതിനായി അദ്ദേഹമിപ്പോൾ വർഷത്തിൽ മൂന്നു തവണ ആ ദ്വീപ് സന്ദർശിക്കുന്നുണ്ട്. കുറിയവാലൻ ആൽബട്രോസുകളുടെ കാലുകളിൽ ഓരോ വർഷവും വ്യത്യസ്ത നിറത്തിലുള്ള വളയമിടുകവഴി, മൂന്നോ നാലോ വർഷത്തിൽ ഒരിക്കൽ മാത്രമേ അവ പ്രജനനത്തിനായി ജന്മസ്ഥലത്തേക്കു മടങ്ങിവരുന്നുള്ളൂ എന്നു താൻ കണ്ടെത്തിയതായി അദ്ദേഹം ഉണരുക!യോടു പറഞ്ഞു. ആറാം വയസ്സിലാണ് അവ ആദ്യമായി പ്രജനനം നടത്തുന്നത്. ഓരോ തവണയും ഒരു മുട്ട മാത്രം ഇടുന്നു. അതുകൊണ്ട്, ശരാശരി 20 വർഷത്തെ ആയുർദൈർഘ്യം ഉണ്ടെങ്കിലും അവയുടെ എണ്ണം വർധിക്കാൻ ദീർഘനാളെടുക്കുന്നു. ആ പക്ഷികൾ 1996/97-ലെ ശിശിരത്തിൽ റ്റോറിഷിമായിൽ 176 മുട്ടകളിട്ടതിൽ 90 എണ്ണം മാത്രമേ വിരിഞ്ഞുള്ളൂ.
ആൽബട്രോസുകൾ ബാക്കി സമയത്ത് എന്തു ചെയ്യുകയാണ്? അതു സംബന്ധിച്ച് കാര്യമായി ഒന്നും അറിയില്ലെന്ന് ഹാസെഗാവാ പറയുന്നു. അവ തീർച്ചയായും കരയെയും മനുഷ്യരെയും ഒഴിവാക്കുന്നു. ആൽബട്രോസുകൾ കപ്പലുകളെ പിന്തുടരുകയും അവയുടെ മുകളിൽ വന്നിരിക്കുകയും ചെയ്യാറുണ്ടോ? ഹാസെഗാവായുടെ അഭിപ്രായത്തിൽ അതിനു യാതൊരു തെളിവുമില്ല, വെറും ഐതിഹ്യം മാത്രം. “ജാപ്പനീസ് ആൽബട്രോസുകൾ കപ്പലുകളുടെ മുകളിൽ വന്നിരിക്കാറില്ല” എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. എന്നാൽ, ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള “ചില ആൽബട്രോസുകൾ തീറ്റി കൊടുക്കുന്നപക്ഷം അൽപ്പനേരത്തേക്ക് കപ്പലിൽ പറ്റിക്കൂടിയേക്കാം,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മിക്കസമയത്തും അവ തങ്ങളുടെ ഏറ്റവും മികച്ച പ്രവർത്തനത്തിൽ ഏർപ്പെടുന്നു.—അതായത് അനുകൂലമായ വായു പ്രവാഹത്തെ വാഹനമാക്കി വിശാലമായ ആഴിക്കു മീതെ ചുറ്റിയടിക്കുന്നു. പറന്നു ക്ഷീണിക്കുമ്പോൾ അവ ആഴിപ്പരപ്പിൽ പൊന്തിക്കിടന്ന് ഉറങ്ങുന്നു. കൂന്തൽ, പറവമീൻ, ഞണ്ട്, ചെമ്മീൻ എന്നിവയാണ് അവയുടെ ഭക്ഷണം. ഹാസെഗാവാ വളയമിട്ട പക്ഷികളെ ബെറിങ് കടലിലും അലാസ്കൻ ഉൾക്കടലിലും പതിവായി കാണാറുണ്ട്. 1985-ൽ കുറിയവാലൻ ആൽബട്രോസിനെ കാലിഫോർണിയ തീരത്തിന് തെല്ലകലെയായി കണ്ടത്—ഏതാണ്ട് ഒരു നൂറ്റാണ്ടുകൂടിയായിരുന്നു അതിനെ കാണുന്നത്—അവിടുത്തെ പക്ഷി നിരീക്ഷകരിൽ ആവേശത്തിന്റെ അലകളുയർത്തി.
അതിന്റെ ഭാവി സംബന്ധിച്ചെന്ത്?
എന്നാൽ കുറിയവാലൻ ആൽബട്രോസിന്റെ എണ്ണം ക്രമാനുഗതമായി കൂടിവരുന്നു എന്നത് ആശാവഹമായ ഒരു സംഗതിയാണ്. കഴിഞ്ഞ മേയ് മാസത്തിൽ “കുഞ്ഞുങ്ങളടക്കം 900-ത്തിലധികം എണ്ണം” ഉണ്ടായിരുന്നതായി ഹാസെഗാവാ കണക്കാക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഓരോ വർഷവും 100-ലധികം കുഞ്ഞുങ്ങൾ ഉണ്ടാകുകയാണെങ്കിൽ 2000-ാമാണ്ട് ആകുമ്പോഴേക്കും റ്റോറിഷിമായിൽ തന്നെ 1,000-ത്തിലധികം പക്ഷികൾ ഉണ്ടായിരിക്കും.” 88 വർഷത്തിനു ശേഷം 1988-ൽ അവ കിഴക്കൻ ചൈനാ കടലിൽ വീണ്ടും പ്രജനനം നടത്തുന്നതായി കാണപ്പെട്ടതും പുളകമണിയിക്കുന്ന ഒരു വസ്തുതയാണ്. തർക്ക പ്രദേശത്തെ പാറകൾ നിറഞ്ഞ, സൈനിക നിരീക്ഷണത്തിലുള്ള ഒരു പ്രദേശമാണ് പക്ഷികൾ തിരഞ്ഞെടുത്തിരിക്കുന്നത്. തന്മൂലം കുറച്ചു നാളത്തേക്കെങ്കിലും അവയ്ക്കു മനുഷ്യരുടെ ഉപദ്രവമുണ്ടാകാൻ വഴിയില്ല.
ഒരു നൂറ്റാണ്ടു മുമ്പത്തെ പിഴവുകൾ സാവധാനം തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോ അങ്ങനെ അല്ലെന്നുണ്ടോ? വളയമിടുന്നതിനായി പക്ഷികളെ പിടിക്കുമ്പോൾ അവ പരിഭ്രമിച്ച് കക്കുന്നതായി ഗവേഷകർ പലപ്പോഴും കണ്ടെത്തുന്നു. അവയുടെ വയറ്റിൽനിന്ന് പ്ലാസ്റ്റിക്കിന്റെയും ഉപയോഗിച്ചിട്ട് കളയുന്ന സിഗരറ്റ് ലൈറ്ററുകളുടെയും കഷണങ്ങളും മറ്റു ചപ്പുചവറുകളും പുറത്തുവരുന്നു. അവയുടെ ഭക്ഷണ സ്രോതസ്സായ സമുദ്രത്തിലേക്ക് ആളുകൾ അത്തരം പാഴ്വസ്തുക്കൾ കൊണ്ടുവന്ന് അശ്രദ്ധമായി തള്ളുന്നതിന്റെ ഫലമാണത്.
മനുഷ്യന്റെ അവിവേകം ആ വലിയ വെള്ളപ്പക്ഷിയെ ഒരിക്കൽകൂടി അപകടത്തിന്റെ വക്കിലെത്തിക്കുമോ?
[അടിക്കുറിപ്പ്]
a “ഗൂണി’ ആദ്യം ‘ഗോണി’ ആയിരുന്നു. മടയൻ എന്നതിന്റെ പഴയ ഇംഗ്ലീഷ് പദമാണത് . . . ‘മോളിമോക്ക്,’ ‘മോളിഹോക്ക്,’ അഥവാ ‘മോളി’ മടയൻ കടൽപ്പക്ഷി എന്നർഥമുള്ള ഡച്ചു പദമായ ‘മോളെമോക്കി’ൽനിന്ന് ഉണ്ടായതാണ്.” (ഒലിവർ എൽ. ഓസ്റ്റിൻ ജൂണിയറിന്റെ ലോകത്തിലെ പക്ഷികൾ, ഇംഗ്ലീഷ്) ജാപ്പനീസ് ഭാഷയിൽ “വലിയ വെള്ളപ്പക്ഷി” എന്നർഥമുള്ള പഴയ പേരിനു പകരം “വിഡ്ഢിപ്പക്ഷി” എന്നർഥമുള്ള ആഹൊഡൊറി എന്ന പദമാണിപ്പോൾ ഉപയോഗത്തിലുള്ളത്.
[16-ാം പേജിലെ ചിത്രം]
ആൽബട്രോസിന്റെ നീണ്ടു മെലിഞ്ഞ ചിറകുകൾ അതിനെ ലോകത്തിലെ തെന്നിപ്പറക്കൽ വിദഗ്ധനാക്കിത്തീർക്കുന്നു
[16, 17 പേജുകളിലെ ചിത്രം]
റ്റോറിഷിമാ, കുറിയവാലൻ ആൽബട്രോസിന്റെ നാട്
[17-ാം പേജിലെ ചിത്രം]
കുറിയവാലൻ ആൽബട്രോസ് റ്റോറിഷിമായിൽ തിരിച്ചെത്തിയിരിക്കുന്നു