ആൽബട്രോസിന്റെ ഭാവി എന്ത്?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ലോകത്തിലെ ഏറ്റവും വലിയ കടൽപ്പക്ഷിയായ ആൽബട്രോസിന്റെ ഭാവി എന്താണ്? “തികച്ചും ഇരുളടഞ്ഞ ഒന്ന്,” ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇവയിൽ ദശസഹസ്രക്കണക്കിനെണ്ണം—ഓസ്ട്രേലിയൻ ഗവേഷകരുടെ കണക്കനുസരിച്ച് 44,000—വർഷംതോറും കൊല്ലപ്പെടുന്നുണ്ട്. വാസ്തവത്തിൽ, മൂന്നുമീറ്റർ വിരിവുള്ള അതിമനോഹരമായ ചിറകുകളോടുകൂടിയ, ചുറ്റിസഞ്ചരിക്കുന്ന ആൽബട്രോസ് താമസിയാതെ നാമാവശേഷമാകുമെന്ന് ചില അധികൃതർ കരുതുന്നു.
പറക്കാറായിക്കഴിഞ്ഞാൽ, ആൽബട്രോസ് തുടർച്ചയായി ഏഴു വർഷം കടലിൽ ചെലവഴിക്കുന്നു. ഉയർന്നുപറന്നും ഊളിയിട്ടിറങ്ങിയും, അവ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിക്കുന്നു. ചിലപ്പോൾ അവ പറക്കുന്നതിനിടയിൽ ഉറങ്ങുകയും ചെയ്യും. പ്രജനനത്തിനായി തങ്ങളുടെ ജന്മസ്ഥലത്തു തിരിച്ചെത്തുന്നതിനുമുമ്പ് ഈ പക്ഷികൾ നിരവധി പ്രാവശ്യം ഭൂഗോളം ചുറ്റിസഞ്ചരിക്കുന്നതായി ചിലർ വിശ്വസിക്കുന്നു.
ഒന്നിടവിട്ട വർഷങ്ങളിലായി, ഓരോ കുഞ്ഞിനെ മാത്രമേ ആൽബട്രോസ് വളർത്തുകയുള്ളൂ. എന്നാൽ കഴിഞ്ഞ 20 വർഷംകൊണ്ട് തെക്കൻ അറ്റ്ലാൻറിക്കിലെ തെക്കൻ ജോർജിയയിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ക്രോസേയിലും ചുറ്റിസഞ്ചരിക്കുന്ന ആൽബട്രോസിന്റെ എണ്ണം പകുതിയായി കുറഞ്ഞിരിക്കുന്നു. ഇതിനു കാരണമായി ചിലർ കരുതുന്നതെന്താണ്? മീൻപിടിത്തത്തിനുള്ള ആയിരംചൂണ്ട.
ബ്ലൂഫിൻ ടൂണയെ പിടിക്കാൻ മീൻപിടിത്തക്കാർ ആയിരംചൂണ്ട ഉപയോഗിക്കുന്നു. ഓരോ ചൂണ്ടയ്ക്കും നൂറുകണക്കിന് കൊളുത്തുകളുണ്ട്. മത്സ്യബന്ധന ബോട്ടിന്റെ പിൻഭാഗത്തുനിന്ന് ചൂണ്ടകൾ വെള്ളത്തിലിറക്കുന്നു. ഓരോ കൊളുത്തിന്റെയും അറ്റത്ത് ഒരു കൂന്തൽമത്സ്യത്തെ തൂക്കിയിട്ടിട്ടുണ്ടാകും. ഈ മത്സ്യം ആൽബട്രോസിന്റെ മുഖ്യ ആഹാരമാണ്. മത്സ്യത്തെ റാഞ്ചിയെടുക്കുമ്പോൾ പലപ്പോഴും ആ പക്ഷി കൊളുത്തുകൂടെ വിഴുങ്ങുന്നു. ചൂണ്ടയിൽ കുടുങ്ങിയ ആൽബട്രോസ് കനമേറിയ ചൂണ്ടച്ചരടിനോടൊപ്പം വെള്ളത്തിലാഴ്ന്നുപോകുന്നു.
ആൽബട്രോസിനെ സംരക്ഷിക്കാനായി, രാത്രിയിൽ തങ്ങളുടെ ചൂണ്ടയിറക്കാൻ ടൂണ മീൻപിടിത്തക്കാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കാരണം രാത്രി ഈ പക്ഷി മീൻ പിടിക്കാറില്ല. ചിലരെങ്കിലും അതു ചെവിക്കൊണ്ടിട്ടുണ്ട്. ആൽബട്രോസ് ചൂണ്ടകൾ കാണാതിരിക്കത്തക്കവിധം ഇരകൊളുത്തിയ ചൂണ്ടകൾ ബോട്ടിനടിയിലൂടെ ഇറക്കാനുള്ള വഴികളും മീൻപിടിത്തക്കാർ തേടുന്നുണ്ട്. വേഗത്തിൽ താഴ്ന്നുപോകുന്ന കനമേറിയ ചൂണ്ടച്ചരടുകളും പക്ഷികളെ വിരട്ടിയോടിക്കാൻ ഒരുതരം കോലവും ഉപയോഗിക്കുന്നതാണ് മറ്റുചില വിദ്യകൾ.
എന്നാൽ തെക്കൻ അറ്റ്ലാൻറിക്കിന്റെ പുറങ്കടലുകളിൽ മത്സ്യബന്ധനബോട്ടുകൾ ഇത്തരം മുന്നറിയിപ്പിൻ വിദ്യകൾ ഉപയോഗിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല. ന്യൂസിലൻഡിലുള്ള മ്യൂസിയത്തിലെ കടൽപ്പക്ഷി വിദഗ്ധയായ സാൻഡി ബാർട്ടൽ പറയുന്നപ്രകാരം, അവിടെയുള്ള ബോട്ടുകൾ “ആൽബട്രോസ് കൊല്ലപ്പെടുന്നതു തടയാൻ യാതൊന്നും ചെയ്യുന്നില്ല.” പ്രൗഢിയേറിയ ആൽബട്രോസിന്റെ വംശനാശത്തിനുള്ള സാധ്യത തീർച്ചയായും മനുഷ്യന്റെ അവഗണനയുടെയും നിസ്സംഗതയുടെയും വിവർണചിത്രമാണ്.