കഴിഞ്ഞകാലത്തെക്കുറിച്ചു നാം ഓർക്കേണ്ടതുണ്ടോ?
“യഹൂദന്മാർക്ക് ആ കൂട്ടക്കൊല മറക്കാൻ സാധിക്കുമോ?” ടെക്സാസിലെ സാൻ അന്റോണിയോയിലുള്ള മെക്സിക്കൻ-അമേരിക്കൻ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റായ വെർജിൽ എലിസൊണ്ടോയാണ് അപ്രകാരം ചോദിച്ചത്. ഈ നൂറ്റാണ്ടിലെ കൊടും ക്രൂരതകൾ പൊതുവേ ആളുകളുടെ ഓർമയിൽ മായാതെ കിടക്കുമെന്ന് അതു നമ്മെ ഓർമിപ്പിക്കുന്നു. അർമേനിയക്കാരുടെ വംശഹത്യയും (1915-23) കംബോഡിയക്കാരുടെ കൂട്ടക്കുരുതിയും (1975-79) 20-ാം നൂറ്റാണ്ടിൽ നടന്നിട്ടുള്ള മഹാ പാതകങ്ങളിൽ ഉൾപ്പെടുന്നു. ഘോര കൃത്യങ്ങളുടെ പട്ടിക ഇനിയും നീണ്ടുപോകുന്നു.
പീഡകരെയും പീഡിതരെയും അനുരഞ്ജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, സഹിക്കേണ്ടിവന്ന കൊടും ക്രൂരതകൾ മറന്നു കളയാൻ നിരവധി പ്രാവശ്യം മത, രാഷ്ട്രീയ നേതാക്കൾ ആളുകളോട് അഭ്യർഥിച്ചിട്ടുണ്ട്. ഉദാഹരണമായി പൊ.യു.മു. 403-ൽ ഗ്രീസിലെ ഏഥൻസിൽ നടന്നത് അതാണ്. ആ നഗരം മുപ്പത് സ്വേച്ഛാധിപതികളുടെ മർദക ഭരണത്തിന്റെ അന്ത്യത്തിനു സാക്ഷ്യം വഹിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഏതാണ്ട് എല്ലാ പ്രതിയോഗികളെയും ശാരീരികമായിപോലും തുടച്ചു നീക്കിയ ഒരു പ്രഭുഭരണമായിരുന്നു അത്. മുൻ സ്വേച്ഛാധിപത്യ ഭരണത്തെ പിന്താങ്ങിയവർക്ക് പൊതു മാപ്പ് (“മറന്നു കളയൽ” അഥവാ “വിസ്മരിക്കൽ” എന്ന ഗ്രീക്ക് പദത്തിൽനിന്നു വന്നത്) പ്രഖ്യാപിച്ചുകൊണ്ട് പുതിയ ഗവർണർമാർ ആഭ്യന്തര സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു.
ഒരു പ്രഖ്യാപനംവഴി മറക്കാനോ?
നിരപരാധികളുടെ നേർക്ക് അഴിച്ചുവിട്ട കൊടും ക്രൂരതകളെ കുറിച്ചുള്ള ഓർമകൾ ഒരു പ്രഖ്യാപനം വഴി മായ്ച്ചു കളയാൻ ശ്രമിക്കുന്നത് താരതമ്യേന എളുപ്പമാണ്. പുരാതന ഗ്രീസിലും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലും നടന്നതുപോലെ ഭരണാധികാരികൾ രാഷ്ട്രീയ മുതലെടുപ്പുകൾക്കുവേണ്ടി ആയിരിക്കാം അപ്രകാരം ചെയ്യാൻ തീരുമാനിക്കുന്നത്. ഉദാഹരണത്തിന് 1946-ൽ ഇറ്റലിയിൽ “ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ദുഷ്പ്രവൃത്തികളെ പിന്താങ്ങിയതായി കുറ്റം ചുമത്തപ്പെട്ട” 2,00,000-ത്തിലധികം പൗരന്മാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചതായി ലാ റേപ്പൂബ്ലിക്കാ വർത്തമാനപത്രം പറഞ്ഞു.
എന്നാൽ ഗവൺമെന്റുകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ തീരുമാനങ്ങൾ ഒന്നും സമുദായത്തിലെ അംഗങ്ങളുടെ വികാരങ്ങൾ മറ്റൊന്നുമാണ്. മൃഗീയമായ ഏറ്റുമുട്ടലുകൾക്കും മറ്റു നിഷ്ഠുര ചെയ്തികൾക്കും അതുപോലെതന്നെ കൂട്ടക്കൊലയുടെ ഭവിഷ്യത്തുകൾക്കും ഇരകളായവരോട് മുൻകാല ദുരിതങ്ങൾ മറക്കാൻ ഒരു പ്രഖ്യാപനംവഴി നിർബന്ധിക്കാനാവില്ല.
ഈ നൂറ്റാണ്ടിൽ മാത്രം പത്തു കോടിയിലധികം ആളുകൾ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്, പലരും കൊടും യാതനകൾ സഹിച്ചശേഷം തന്നെ. സമാധാനകാലത്ത് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൊത്തം എണ്ണം ഇതിനോടു കൂട്ടിയാൽ കൊടും ക്രൂരതകൾ ഗണനാതീതമായിരിക്കും. ഇവയൊന്നും മറക്കാതിരിക്കാൻ പലരും മനഃപൂർവ ശ്രമങ്ങൾ നടത്തുന്നു.
ഓർമകൾ തുടച്ചു നീക്കാൻ ആഗ്രഹിക്കുന്നവർ
കൊടും ക്രൂരതകൾക്ക് ഇരയായവരെയോ അവരുടെ സന്തതികളെയോ മറക്കാനും പൊറുക്കാനും പ്രോത്സാഹിപ്പിക്കുന്നവർ മിക്കപ്പോഴും വാദിക്കുന്നത്, കഴിഞ്ഞ കാലത്തെക്കുറിച്ചു ചിന്തിക്കുന്നത്—അതും അവ നടന്ന് പതിറ്റാണ്ടുകൾ പിന്നിട്ടതാണെങ്കിൽ—ഭിന്നതകൾക്ക് വഴിതെളിക്കുകയേ ഉള്ളൂ എന്നാണ്. മറക്കുന്നത് ആളുകളെ ഒന്നിപ്പിക്കുന്നതായി അവർ പറയുന്നു. യാതനകൾ എത്രതന്നെ വലുതായിരുന്നാലും അവ ഓർമിക്കുന്നതു മൂലം ചരിത്രത്തിന്റെ താളുകളെ പിന്നോട്ടു മറിക്കാൻ ആകില്ലത്രേ.
മറക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനിടയിൽ മനുഷ്യരാശിയോട് ചെയ്തിട്ടുള്ള ഏറ്റവും ഭീകരമായ കൊടും ക്രൂരതകളുടെ യാഥാർഥ്യത്തെ നിരാകരിക്കുന്ന ഘട്ടത്തോളം പോലും ചിലർ പോയിരിക്കുന്നു. ഉദാഹരണത്തിന്, തിരുത്തൽവാദികളായി ചമയുന്ന ചരിത്രകാരന്മാരുടെ പിൻബലത്തോടെ, ജർമനിയിലെ കൂട്ടക്കൊല ഒരിക്കലും നടന്നിട്ടില്ലെന്നു ചിലർ വാദിക്കുന്നു.a ഓഷ്വിറ്റ്സ് അല്ലെങ്കിൽ ട്രെമ്പ്ളിങ്ക പോലുള്ള മുൻ ഉന്മൂലന പാളയങ്ങളിലേക്ക് അവർ സന്ദർശനങ്ങൾ ഏർപ്പെടുത്തുകയും ആ സ്ഥലങ്ങളിൽ വാതക അറകൾ സ്ഥിതി ചെയ്തിരുന്നില്ലെന്ന് സന്ദർശിക്കുന്നവരോടു പറയുകയും ചെയ്യുന്നു—നിരവധി ദൃക്സാക്ഷികളും തെളിവുകളും രേഖകളും എല്ലാം അതിനെതിരെ ഉണ്ടായിട്ടും.
അത്തരം തിരുത്തൽവാദപരമായ വ്യാജ ആശയങ്ങൾ ചില മണ്ഡലങ്ങളിൽ വിജയിച്ചത് എങ്ങനെ? തങ്ങളുടെയും തങ്ങളുടെ സ്വന്തം ആളുകളുടെയും ഉത്തരവാദിത്വങ്ങൾ മറക്കാൻ ചിലർ ആഗ്രഹിക്കുന്നതാണ് കാരണം. എന്തുകൊണ്ടാണത്? ദേശീയതയോ സ്വന്തമായ പ്രത്യയശാസ്ത്രമോ ശേമ്യവിരോധമോ മറ്റ് വികാരങ്ങളോ ആണ് അതിനു കാരണം. കൊടും ക്രൂരതകൾ ഒരിക്കൽ മറന്നു കഴിഞ്ഞാൽ ഉത്തരവാദിത്വം അപ്രത്യക്ഷമാകുമെന്ന് തിരുത്തൽവാദികൾ ന്യായവാദം ചെയ്യുന്നു. എന്നാൽ പലരും ഉത്തരവാദിത്വബോധമില്ലാത്ത ഈ തിരുത്തൽവാദികളെ നഖശിഖാന്തം എതിർക്കുന്നു. ഫ്രഞ്ചുകാരനായ ഒരു ചരിത്രകാരൻ ഇവരെ “ഓർമശക്തിയുടെ ഘാതകർ” എന്നാണ് വിളിക്കുന്നത്.
അവർ മറക്കുന്നില്ല
യുദ്ധത്തിന്റെയോ കൊടും ക്രൂരതകളുടെയോ ഫലമായി മരണമടഞ്ഞ പ്രിയപ്പെട്ടവരെ മറക്കുന്നത് ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണെന്നതു സ്പഷ്ടം. എന്നാൽ കൂട്ടക്കൊലയും വംശഹത്യയുമെല്ലാം ഓർമിക്കാൻ ആഗ്രഹിക്കുന്നവർ അപ്രകാരം ചെയ്യുന്നത് തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുരിതങ്ങളിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ, അത്തരം മൃഗീയതകളുടെ ആവർത്തനം ഒഴിവാക്കാൻ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ്.
അതുകൊണ്ട് ഓഷ്വിറ്റ്സ് തടങ്കൽ പാളയത്തിൽ നാസികൾ കാട്ടിക്കൂട്ടിയ ഭീകരതകൾ കണ്ടെത്തിയതിന്റെ സ്മാരകം കൊണ്ടാടാൻ ജർമൻ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. ജർമൻ പ്രസിഡന്റ് പറയുന്നത് അനുസരിച്ച് “ഓർമിക്കുന്നതിന്റെ ഉദ്ദേശ്യം, വരും തലമുറകൾക്ക് ഒരു മുന്നറിയിപ്പായി അത് ഉതകും” എന്നതാണ്.
സമാനമായി, ജോൺ പോൾ രണ്ടാമൻ പാപ്പാ ലോക മഹായുദ്ധം അവസാനിച്ചതിന്റെ 50-ാം വാർഷികത്തിൽ ഈ ഉറപ്പു നൽകി: “വർഷങ്ങൾ കടന്നു പോകവേ യുദ്ധത്തെക്കുറിച്ചുള്ള സ്മരണകൾ മങ്ങിപ്പോകരുത്; മറിച്ച് അവ നമ്മുടെ തലമുറയ്ക്കും വരും തലമുറകൾക്കും ഒരു വലിയ പാഠമായി ഉതകണം.” എങ്കിലും ആ വർഷങ്ങളിൽ നടന്ന കൊടും ക്രൂരതകളെയും അതിന് ഇരയായവരെയും കത്തോലിക്കാ സഭ എല്ലായ്പോഴും സ്മരിച്ചിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു.
പുതിയ തലമുറകൾ ഈ നൂറ്റാണ്ടിലെയും മറ്റു നൂറ്റാണ്ടുകളിലെയും വംശഹത്യകളിൽനിന്ന് പാഠങ്ങൾ പഠിക്കാനും മുന്നറിയിപ്പുകൾ മനസ്സിലാക്കാനുമായി മ്യൂസിയങ്ങൾ—വാഷിങ്ടൺ, ഡി.സി.-യിലെ ഹോളോക്കാസ്റ്റ് മെമ്മോറിയൽ മ്യൂസിയവും ലോസാഞ്ചലസിലെ ബേറ്റ് ഹഷോവ മ്യൂസിയം ഓഫ് ടോളറൻസും പോലുള്ളവ—സ്ഥാപിച്ചിട്ടുണ്ട്. ഇതേ കാരണത്താൽത്തന്നെ ഈ വിഷയത്തെക്കുറിച്ചുള്ള, ആളുകളെ വികാരാധീനരാക്കുന്ന ഡോക്യുമെന്ററികളും മറ്റു സിനിമകളും നിർമിച്ചിട്ടുണ്ട്. മനുഷ്യർ മറ്റു മനുഷ്യരാൽ ദ്രോഹിക്കപ്പെട്ടതിനെ കുറിച്ചുള്ള സ്മരണകൾ മനുഷ്യരാശി മറന്നു കളയാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇവയെല്ലാം.
എന്തിന് ഓർമിക്കണം?
“കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർമിക്കാൻ കഴിയാത്തവർ വീണ്ടും അതേ തെറ്റുകൾ ആവർത്തിച്ചേക്കാം” എന്ന് സ്പാനീഷ്-അമേരിക്കൻ തത്ത്വചിന്തകനായ ജോർജ് സാന്തായന എഴുതി. സങ്കടകരമെന്നു പറയട്ടെ, സഹസ്രാബ്ദങ്ങളിൽ ഉടനീളം മനുഷ്യവർഗം അതിന്റെ കഴിഞ്ഞകാലത്തെ തത്ക്ഷണം വിസ്മരിക്കുന്നതായി കാണപ്പെടുന്നു, അങ്ങനെ ഒരേ കൊടിയ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു.
മനുഷ്യൻ ദീർഘകാലമായി ഒന്നിനു പിറകേ ഒന്നായി നടത്തിയിട്ടുള്ള കൂട്ടക്കൊലകൾ പ്രകടമാക്കുന്നത് മനുഷ്യൻ മനുഷ്യനെ അടക്കി ഭരിക്കുന്നത് തികഞ്ഞ പരാജയമാണ് എന്നുള്ളതാണ്. എന്താണ് അതിനു കാരണം? മനുഷ്യർ ഒരേ അടിസ്ഥാന തെറ്റ് നിരന്തരം ആവർത്തിച്ചിരിക്കുന്നു—അവർ ദൈവത്തെയും അവന്റെ നിയമങ്ങളെയും തള്ളിക്കളഞ്ഞിരിക്കുന്നു. (ഉല്പത്തി 3:1-6; സഭാപ്രസംഗി 8:9) നമ്മുടെ നാളുകളിലും ബൈബിളിൽ പ്രവചിച്ചിരിക്കുന്നതു പോലെ ‘കാപട്യം നിറഞ്ഞ’ ഈ തലമുറ അതുതന്നെ ആവർത്തിക്കുന്നു. എന്നിട്ട് പ്രത്യാഘാതങ്ങൾ ഏറ്റു വാങ്ങുന്നു.—ഫിലിപ്പിയർ 2:15, ഓശാന ബൈബിൾ; സങ്കീർത്തനം 92:7; 2 തിമൊഥെയൊസ് 3:1-5; 13, 14എ.
നമ്മുടെ ചർച്ചയിൽ സ്രഷ്ടാവായ യഹോവയെ നാം ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്ക് അവന്റെ കാഴ്ചപ്പാട് എന്താണ്? അവൻ മറക്കുന്നത് എന്താണ്, ഓർമിക്കുന്നത് എന്താണ്? മനുഷ്യൻ കാട്ടിക്കൂട്ടിയിട്ടുള്ള വേദനാജനകമായ കൊടും ക്രൂരതകൾ എന്നെങ്കിലും ഇല്ലാതാകുമോ? ‘ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകുമോ’?—സങ്കീർത്തനം 7:9.
[അടിക്കുറിപ്പ്]
a തിരുത്തൽവാദികളായ ചരിത്രകാരന്മാരുടെ വാദമുഖങ്ങളിലെ വഞ്ചന മനസ്സിലാക്കാൻ ദയവായി 1990 മേയ് 8 ലക്കം ഉണരുക!-യിലെ 4-8 പേജുകളിലെ “കൂട്ടക്കൊല—അതെ, അത് യഥാർഥത്തിൽ സംഭവിച്ചു” എന്ന ലേഖനം കാണുക.
[7-ാം പേജിലെ ആകർഷകവാക്യം/ചിത്രങ്ങൾ]
“കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർമിക്കാൻ കഴിയാത്തവർ വീണ്ടും അതേ തെറ്റുകൾ ആവർത്തിച്ചേക്കാം.”—ജോർജ് സാന്തായന
ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ശവദാഹ ചൂള
[കടപ്പാട്]
Oświęcim Museum