കൊടും ക്രൂരതകൾ—ദൈവത്തിന്റെ പരിഹാരം എന്താണ്?
കൊടും ക്രൂരതകൾ എങ്ങനെ തടയാം? പരിഹാരം എന്താണ്? ചരിത്രം പഠിക്കുമ്പോൾ, മാനുഷിക പരിഹാരങ്ങൾ പരാജയപ്പെട്ടിരിക്കുന്നതായി വെളിപ്പെടുന്നു. വാസ്തവത്തിൽ, മാനവ നേതാക്കൾ ഈ വിഷയത്തെ സമീപിച്ചിരിക്കുന്ന വിധത്തിൽ വലിയ വൈരുദ്ധ്യം അല്ലെങ്കിൽ കാപട്യം ദൃശ്യമാണ്.
ഉദാഹരണത്തിന് 1995 എന്ന വർഷത്തിന്റെ കാര്യമെടുക്കാം. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെയും അണുബോംബ് വർഷിച്ചതിന്റെയും 50-ാം വാർഷികം ആ വർഷം കൊണ്ടാടുകയുണ്ടായി. ലോകത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ ലോക നേതാക്കൾ സംബന്ധിച്ചു. എന്തിന്? ഈ കൊടും ക്രൂരതകൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ തക്കവണ്ണം അവയോടുള്ള വെറുപ്പ് ഉളവാക്കാൻ. എങ്കിലും അത്തരം ചടങ്ങുകളിൽ കടുത്ത വൈരുദ്ധ്യം നിരീക്ഷകർ ശ്രദ്ധിക്കാനിടയായി.
കാപട്യം
പരക്കെ കൊട്ടിഘോഷിക്കപ്പെട്ട ഈ ചടങ്ങുകളിൽവെച്ച്, സഹായകരായി വീക്ഷിക്കപ്പെടാൻ—ചുരുങ്ങിയപക്ഷം ഉപദ്രവകാരികളായി വീക്ഷിക്കപ്പെടാതിരിക്കാൻ—മത, ഗവൺമെന്റ് പ്രതിനിധികളെല്ലാം ആഗ്രഹിച്ചു. എങ്കിലും കഴിഞ്ഞ കാലങ്ങളിൽ നടന്ന കൊടും ക്രൂരതകളെ കുറ്റം വിധിക്കുന്ന രാഷ്ട്രങ്ങൾതന്നെ വൻ തുകകൾ മുടക്കി ആയുധ ശാലകൾ പടുത്തുയർത്തിയിരിക്കുന്നു. അതേസമയം ദാരിദ്ര്യം, ധാർമികച്യുതി, മലിനീകരണം എന്നിവ പോലുള്ള മർമപ്രധാനമായ പ്രശ്നങ്ങൾ അവ പരിഹരിച്ചിട്ടുമില്ല. അതിനു പറയുന്ന കാരണമാകട്ടെ, ആവശ്യത്തിനു പണമില്ല എന്നതും.
സ്വേച്ഛാധിപതികൾ കാട്ടിക്കൂട്ടിയിട്ടുള്ള കൊടും ക്രൂരതകൾക്കു നേരെ കണ്ണടച്ചതും അവരുമായി കൂട്ടുകൂടിയതും പൊതുജനങ്ങളിൽനിന്നു മറച്ചു പിടിക്കാനായി ലോകമതങ്ങൾ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നു. പരസ്പരം കൊന്നൊടുക്കുന്നതിൽനിന്ന് ആളുകളെ തടയാൻ ഈ മതങ്ങൾ യാതൊന്നും ചെയ്തിട്ടില്ല. ഉദാഹരണത്തിന് രണ്ടാം ലോക മഹായുദ്ധത്തിൽ കത്തോലിക്കർ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാർ പ്രൊട്ടസ്റ്റന്റുകാരെയും കൊന്നു. അവർ വ്യത്യസ്ത ദേശക്കാരായതുകൊണ്ടും എതിർ ചേരിയിൽ ആയിരുന്നതുകൊണ്ടും ആണത്. ഇരു കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെട്ടെങ്കിലും യേശുവിന്റെ പഠിപ്പിക്കലുകൾക്ക് കടകവിരുദ്ധമായ പ്രവൃത്തികളാണ് അവർ ചെയ്തത്. (മത്തായി 26:52; യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:10-12; 4:20, 21) മറ്റു മതങ്ങളും അതു തന്നെ ചെയ്തിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നും ഈ മതങ്ങളിലെ അംഗങ്ങൾ കൊടും ക്രൂരതകൾ പ്രവർത്തിക്കുന്നു.
യേശുവിന്റെ നാളുകളിൽ മതനേതാക്കൾ കാപട്യം കാണിച്ചിരുന്നു. ഇപ്രകാരം പറഞ്ഞുകൊണ്ട് യേശു അവരെ കുറ്റം വിധിച്ചു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശൻമാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകൻമാരുടെ കല്ലറകളെ പണിതും നീതിമാൻമാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പിതാക്കൻമാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകൻമാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.” (മത്തായി 23:29-31) ദൈവഭക്തിയുള്ളവരെന്ന് അവകാശപ്പെട്ടെങ്കിലും യേശുവിനെയും അവന്റെ ശിഷ്യന്മാരെയും പീഡിപ്പിച്ച ആ മതനേതാക്കൾ കപടഭക്തരായിരുന്നു.
ബൈബിൾ പഠിപ്പിക്കുന്ന പാഠങ്ങൾ
ലൗകിക ചരിത്രത്തിൽനിന്ന് പാഠങ്ങൾ പഠിക്കാൻ കഴിയും. എന്നാൽ ഏറ്റവും പ്രയോജനപ്രദങ്ങളായ പാഠങ്ങളുടെ ഉറവിടം ബൈബിളാണ്. ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ചുമതല അതു മാനുഷിക വിലയിരുത്തലിനോ മുൻവിധിക്കോ ഏൽപ്പിച്ചു കൊടുത്തിട്ടില്ല. ചരിത്രവും ഭാവിയും ദൈവത്തിന്റെ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് ബൈബിൾ വിവരിക്കുന്നത്.—യെശയ്യാവ് 55:8, 9.
നല്ലതും മോശവുമായ സംഭവങ്ങളെക്കുറിച്ചും നല്ലവരും കൊള്ളരുതാത്തവരുമായ ആളുകളെക്കുറിച്ചും തിരുവെഴുത്തുകൾ പരാമർശിക്കുന്നു. മിക്കപ്പോഴും ഈ വിവരണങ്ങളിൽനിന്ന് ശരിയായ പാഠം, ദൈവേഷ്ടത്തിനു യോജിപ്പിലുള്ള ഒന്ന്, പഠിക്കാൻ സാധിക്കും. പുരാതന ഇസ്രായേല്യരുടെ ചരിത്രത്തിൽ നടന്ന ഒട്ടേറെ സംഭവങ്ങളെക്കുറിച്ചു പരാമർശിച്ച ശേഷം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ഉപസംഹരിച്ചു: ‘ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയിരിക്കുന്നു.’ (1 കൊരിന്ത്യർ 10:11) “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്നു പറഞ്ഞപ്പോൾ യേശുതന്നെ ചരിത്രത്തിൽനിന്ന് ഒരു പാഠം സ്വീകരിച്ചു.—ലൂക്കൊസ് 17:32.
ദൈവം ഓർമിക്കുന്നതും മറക്കുന്നതുമായ കാര്യങ്ങൾ
ദൈവം വ്യക്തികളെ ഓർമിക്കുകയോ മറക്കുകയോ ചെയ്യുന്നത് അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെന്ന് നാം ബൈബിളിൽനിന്നു മനസ്സിലാക്കുന്നു. പാപം ചെയ്തവരെങ്കിലും അനുതാപം പ്രകടിപ്പിക്കുന്നവരോട് ദൈവം “ധാരാളം” ക്ഷമിക്കും. (യെശയ്യാവു 55:7) ദുഷ്ടനായ ഒരുവൻ ‘തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിച്ചാൽ അവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല.’—യെഹെസ്കേൽ 33:14-16.
‘ദൈവം നിങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല’ എന്ന് പൗലൊസ് എഴുതി. (എബ്രായർ 6:10) അതുകൊണ്ട് താൻ പ്രീതിയോടെ ഓർക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകും. വിശ്വസ്തനായ ഇയ്യോബ് പ്രാർഥിച്ചു: “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും . . . എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തൂവെങ്കിൽ കൊള്ളായിരുന്നു.”—ഇയ്യോബ് 14:13.
ഇതിനു വിപരീതമായി ദൈവം അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരോട് താൻ മോശയോടു പറഞ്ഞ വാക്കുകൾക്കു ചേർച്ചയിൽ പെരുമാറും: ‘അവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നും മായിച്ചു കളയും.’ (പുറപ്പാടു 32:33) അതേ, ദുഷ്ടന്മാരെ ദൈവം എന്നേക്കുമായി മറന്നുകളയും.
അന്തിമ വിധികർത്താവ്
ചരിത്രത്തിന്റെ അന്തിമ വിധികർത്താവ് ദൈവമാണ്. (ഉല്പത്തി 18:25; യെശയ്യാവു 14:24, 27; 46:9-11; 55:11) അവന്റെ വിധി നിർവഹണം അധിഷ്ഠിതമായിരിക്കുന്ന ഉന്നത നിലവാരങ്ങളോടുള്ള ചേർച്ചയിൽ മനുഷ്യവർഗത്തിനെതിരെ ചെയ്യപ്പെട്ടിട്ടുള്ള അസംഖ്യം കൊടും ക്രൂരതകൾ അവൻ മറന്നു കളയുകയില്ല. കൊടും ക്രൂരതകൾക്ക് ഉത്തരവാദികളായ എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും അവന്റെ നീതിനിഷ്ഠമായ ക്രോധദിവസത്തിൽ അവൻ വിധിക്കും.—വെളിപ്പാടു 18-ഉം 19-ഉം അധ്യായങ്ങൾ.
തിരുവെഴുത്തുകളിൽ “മഹതിയാം ബാബിലോൻ” എന്ന പ്രതീകാത്മക പേരു നൽകിയിരിക്കുന്ന മുഴു വ്യാജ മത സംഘടനയും ഇതിൽ ഉൾപ്പെടും. അവളെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്.”—വെളിപ്പാടു 18:2, 5.
ഈ മതങ്ങൾ തങ്ങളുടെ അംഗങ്ങളെ ശരിയായ സംഗതി ചെയ്യാൻ പഠിപ്പിക്കേണ്ടതായിരുന്നു, എന്നാൽ അവ അതിൽ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവവചനം എല്ലാ ലോക മതങ്ങളെയും കുറിച്ച് ഇപ്രകാരം പറയുന്നു: “പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (വെളിപ്പാടു 18:24) സഹമനുഷ്യരെയും സഹമതക്കാരെയും സ്നേഹിക്കാൻ തങ്ങളുടെ അംഗങ്ങളെ പഠിപ്പിക്കാൻ പരാജയപ്പെട്ടതു കാരണം ഈ മതങ്ങളുടെമേൽ രക്തപാതകക്കുറ്റം ചുമത്തിയിരിക്കുന്നു.
പുതിയ ലോകം സമീപസ്ഥം!
ദുഷ്പ്രവൃത്തിക്കാർ നീക്കം ചെയ്യപ്പെടാൻ പോകുന്ന ദിവസം ഒടുവിൽ അടുത്തിരിക്കുന്നു. (സെഫന്യാവു 2:1-3; മത്തായി 24:3, 7-14) ആ ദിവസത്തെ തുടർന്ന്, ഭൂമിയിലെ സന്തുഷ്ട നിവാസികൾക്ക് “ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയി”ല്ലാത്ത കാലം വരും. (വെളിപ്പാടു 21:3-5) കൊടും ക്രൂരതകളും കൂട്ടക്കുരുതികളും വീണ്ടും ഉണ്ടാകുകയില്ല. കാരണം ഭൂമിയുടെ ഭരണാധികാരം മനുഷ്യരിൽ നിന്നെടുത്ത് “സമാധാന പ്രഭു” ആയ യേശു ക്രിസ്തുവിന്റെ കരങ്ങളിലെ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന് ഏൽപ്പിക്കപ്പെടും.—യെശയ്യാവു 9:6, 7; ദാനീയേൽ 2:44; മത്തായി 6:9, 10.
അപ്പോൾ സങ്കീർത്തനം 46:9-ലെ പ്രവചനം പൂർണമായും നിവൃത്തിയേറും: “[ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു.” ആ സമാധാനം എന്നേക്കും നിലനിൽക്കും. കാരണം യെശയ്യാവു 2:4-ൽ മുൻകൂട്ടി പറയപ്പെട്ടതുപോലെ മേലാൽ, “ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” അങ്ങനെ സങ്കീർത്തനം 37:11 ഇപ്രകാരം മുൻകൂട്ടി പറയുന്നു: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” അതേ, “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു” എന്നു പറയപ്പെടും.—യെശയ്യാവു 14:7.
ഇതെല്ലാം അർഥമാക്കുന്നത് നീതി വസിക്കുന്ന ഒരു പുതിയ ഭൂമി സമീപസ്ഥമാണെന്നാണ്. ആ പുതിയ ലോകത്തിൽ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻ കീഴിൽ അത്ഭുതകരമായ മറ്റൊരു സംഭവവും നടക്കും—മരിച്ചവരുടെ പുനരുത്ഥാനം! ദൈവവചനം ഉറപ്പു തരുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
ഭൂമിയിലായിരുന്നപ്പോൾ ആളുകളെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുകൊണ്ട് യേശു ഇതു പ്രകടമാക്കി. ഉദാഹരണത്തിന് അവൻ ഒരു ബാലികയെ ഉയിർപ്പിച്ച വിവരണത്തിൽ ഇങ്ങനെ പറയുന്നു: “ബാല ഉടനെ എഴുന്നേററു നടന്നു . . . [കണ്ടുനിന്നവർ] അത്യന്തം വിസ്മയിച്ചു.” (മർക്കൊസ് 5:42) കൊടും ക്രൂരതകളാൽ കൊല്ലപ്പെട്ടവരും അതുപോലെതന്നെ ദീർഘനാളുകൾക്കു മുമ്പു മരിച്ചവരും പുനരുത്ഥാനത്തിൽ ഉയിർപ്പിക്കപ്പെടും. ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം അവർക്കു നൽകപ്പെടും. (ലൂക്കൊസ് 23:43) കാലാന്തരത്തിൽ “മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”—യെശയ്യാവു 65:17.
ദൈവവചനമായ ബൈബിളിനെക്കുറിച്ച് സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കുന്നതും ദൈവേഷ്ടം ചെയ്യുന്നതും ജ്ഞാനപൂർവകമായ സംഗതികളാണ്. അങ്ങനെയെങ്കിൽ കൊടും ക്രൂരതകൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുകയും അതിന് ഇരകളായവരെ ജീവനിലേക്കു പുനഃസ്ഥിതീകരിക്കുകയും ചെയ്യുമ്പോൾ ദൈവം നിങ്ങളെ ഓർമിക്കും. യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ദൈവം ഭൂമിയെ സമാധാനം കളിയാടുന്ന ഒരു പറുദീസയാക്കി മാറ്റും
[10-ാം പേജിലെ ചിത്രങ്ങൾ]
മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ട് കഴിഞ്ഞ കാലത്തു നടന്ന കൊടും ക്രൂരതകളുടെ ഫലങ്ങളെ ദൈവം തുടച്ചു നീക്കും